
''കണ്‍ഗ്രാജുലേഷന്‍സ്....''
ദേവിന്റെ തോളില്‍തട്ടി ഐ.ജി. ബീരേന്ദ്ര അഭിനന്ദിച്ചു.
''കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ മികച്ച നേട്ടമായി ഇത് വാഴ്ത്തപ്പെടും. അന്വേഷണവഴികളൊക്കെ നമുക്ക് വിശദമായി മാധ്യമങ്ങളില്‍ നല്‍കണം- ബീരേന്ദ്ര തുടര്‍ന്നു.
സോറി മിസ്റ്റര്‍ റുവാല, നിങ്ങളെ ഈ രീതിയില്‍ കാണേണ്ടി വന്നതില്‍ എനിക്ക് ദുഃഖമുണ്ട്. കാരണം നിങ്ങളുടെ കളിയെ ഞാനും ഇഷ്ടപ്പെട്ടിരുന്നു''. ഐ.ജി. റുവാലയോടായി പറഞ്ഞു.
''എങ്ങനെയായിരുന്നു ഇവരുടെ പ്ലാനിങ്...'
''അത് റുവാല പറയും സാര്‍.. ഇതുവരെ ലൈഫ് സ്റ്റോറിയായിരുന്നു'. ചിരിയോടെയാണ് ദേവ് മറുപടി പറഞ്ഞത്.
''എന്നാ തുടങ്ങിക്കോട്ടെ'', കസേര റുവാലക്കരികിലേക്ക് വലിച്ചിട്ട് ബീരേന്ദ്ര ഇരുന്നു. ദേവിനോടും അന്‍വറിനോടും ഇരിക്കാന്‍ ആംഗ്യം കാട്ടി.
''കാര്യങ്ങള്‍ വിശദമായി പറയണം''- ദേവ് റുവാലക്ക് നിര്‍ദ്ദേശം നല്‍കി.
''എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം''. എന്നിട്ട് റുവാല പറയാന്‍ തുടങ്ങി.
''ബോബുവിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ പണം തിരിച്ചുനല്‍കാനുളളവരോട് രണ്ട് വര്‍ഷത്തെ സാവകാശം ചോദിച്ചിരുന്നു. അതവര്‍ സമ്മതിക്കുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ദുബായില്‍ വച്ചാണ് ബോബുവിന് കാണുന്നത്. അപ്പോഴേക്കും അവന്റെ മനസില്‍ കൃത്യമായ പദ്ധതി രൂപപ്പെട്ടിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിനടുത്തുളള റെസ്‌റ്റോറന്റില്‍ വച്ചാണ് ആ കൂടികാഴ്ച നടന്നത്.
Also Read
ആ സമയത്താണ് ജപ്പാന്‍ ടീമിലേക്ക് ഇംഗ്ലീഷ് സൂപ്പര്‍ താരം ക്രിസ് വെല്ലിങ്ടണ്‍ ചേക്കേറുന്നത്. സതേണ്‍ നിലവിലെ ഇന്ത്യന്‍ ലീഗ് ചാമ്പ്യന്‍മാരായതിനാല്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉറപ്പായിരുന്നു. ജപ്പാന്‍ ടീമും സതേണും ഒരേ ഗ്രൂപ്പില്‍ വന്നാല്‍ വലിയ കളിക്ക് സ്‌കോപ്പുണ്ടെന്ന് അവന്‍ പറഞ്ഞിരുന്നു. ജപ്പാന്‍ ക്ലബ്ബ് കൊച്ചിയില്‍ കളിക്കാന്‍ വരികയാണെങ്കില്‍ മോചനദ്രവ്യം വലിയതുകയാക്കാമെന്നും അവന്‍ കണക്കുകൂട്ടി. അവിടെ വച്ച് പ്ലാനിന്റെ ഒരു വണ്‍ലൈന്‍ മാത്രമാണ് പറഞ്ഞത്. എന്നെ കിഡ്‌നാപ്പ് ചെയ്തശേഷം സര്‍ക്കാറില്‍ നിന്ന് പണം വാങ്ങിക്കാനുളള പ്ലാന്‍ അവന്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം ഞാനതിനെ എതിര്‍ത്തു''.
''എന്തായിരുന്നു കാരണം''- ബീരേന്ദ്രയാണ് ചോദിച്ചത്.
''ഫുട്‌ബോളിനെ ഇതിലേക്ക് വലിച്ചിഴക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വലിയ മത്സരത്തിനിടക്ക് ഇത്തരം കാര്യം സംഭവിച്ചാല്‍ പണം വേഗത്തില്‍ കിട്ടാനുളള സാധ്യതയും സംഭവം പുറത്തറിയാതെ പോകുമെന്ന കണക്കുകൂട്ടലും അവനുണ്ടായിരുന്നു. അത് അവനെന്ന വിശ്വസിപ്പിച്ചു. പിഴവില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തതിന് ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത്. ഇനി മുതല്‍ നിലവിലെ ഫോണ്‍ നമ്പറില്‍ എന്നെ കിട്ടില്ലെന്നും അവന്‍ പറഞ്ഞിരുന്നു''.
''പിന്നെ എന്നാണ് നിങ്ങള്‍ കാണുന്നത്. കോണ്‍ടാക്ട് ഏത്‌രീതിയിലായിരുന്നു''.
''ജപ്പാന്‍ ക്ലബ്ബുമായുള്ള മത്സരത്തിന്റെ ഫിക്‌സ്ചര്‍ പുറത്തുവന്ന അന്ന് അവനെന്നെ വിളിച്ചു. അത് പരിചയമില്ലാത്ത നമ്പറില്‍ നിന്നായിരുന്നു. അധികമാരുടേയും കൈയ്യില്ലില്ലാത്ത എന്റെ പേഴ്‌സനല്‍ നമ്പറിലേക്കായിരുന്നു വിളിച്ചത്. മത്സരത്തിന്റെ തീയ്യതി ആയതിനാല്‍ അവന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും വിശദമായ വിവരങ്ങള്‍ മത്സരത്തിന് പത്ത് ദിവസം മുമ്പ് തരാമെന്നും അവന്‍ അറിയിച്ചു''.
''നിങ്ങളതിന് സമ്മതിച്ചോ.. ഇത്രയും റിസ്‌ക് പിടിച്ച കാര്യത്തില്‍ ഒരുധാരണയുമില്ലാതെ''- ദേവ് സംശയത്തോടെയാണ് ചോദിച്ചത്
''യേസ് സാര്‍.. ബോബുവിനെ എനിക്ക് വിശ്വാസമായിരുന്നു. കാരണം ഞാന്‍ മുമ്പ് പറഞ്ഞല്ലോ, ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് പൂര്‍ത്തീകരിക്കാതെ അവന്‍ മടങ്ങില്ല. അതാണ് അവന്റെ ശീലം. പിന്നെ അവന്റെ കൂർമബുദ്ധി. ഇത് രണ്ടും എനിക്ക് അറിയാവുന്ന കാര്യമാണ്.
പ്ലാനിങ് അവനെ ഏല്‍പ്പിച്ചതോടെ ഞാന്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മത്സരഒരുക്കങ്ങള്‍ക്കായി ടീം ക്യാമ്പ് രണ്ടാഴ്ച്ച മുമ്പ് കൊച്ചിയില്‍ തുടങ്ങി. ഒരുദിവസം പരിശീലനം കഴിഞ്ഞ് തിരിച്ചുപോകുന്നതിന് മുമ്പാണ് അവന്‍ പെട്ടെന്ന് വന്നത്. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ ഒരു പെന്‍ഡ്രൈവ് എന്നെ എല്‍പ്പിച്ചശേഷം അവന്‍ സംസാരിക്കാതെ തിരിച്ചുപോയി''.
''എന്തായിരുന്നു അതില്‍''. ബീരേന്ദ്ര ആകാംഷയോടെ ചോദിച്ചു.
''പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍. എന്നോട് സംസാരിക്കുന്നതുപോലെയുള്ള വീഡിയോ വഴിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതിലവന്‍ ഓരോ കാര്യങ്ങളും സൂക്ഷ്മവും കൃത്യവുമായി വിശദീകരിച്ചിരുന്നു. പത്ത് കോടിയാണ് ചോദിക്കാന്‍ പോകുന്നത് എന്ന കാര്യമൊക്കെ അതില്‍ പറഞ്ഞിരുന്നു''.
''നിങ്ങളെങ്ങനെ അന്ന് പുറത്തുകടന്നു.-ദേവിന്റെയായിരുന്നു ചോദ്യം
''ഡ്രസ്സിങ് റൂമിലെ ടോയ്‌ലറ്റിന്റെ ഒരുഭാഗത്തെ ചുമര്‍ കട്ട് ചെയ്തുവെക്കുമെന്ന് അവന്‍ വ്യക്തമാക്കിയിരുന്നു. സ്‌റ്റേഡിയത്തില്‍ മുമ്പ് ഉണ്ടായിരുന്ന, മരിച്ചുപോയ സെക്യൂരിറ്റി ജീവനക്കാരന്‍ അയ്യപ്പന്‍ ചേട്ടന്‍ എന്റേയും അവന്റേയും സുഹൃത്തായിരുന്നു. പണ്ട് പഴയ സ്റ്റേഡിയം ആയിരുന്നപ്പോള്‍ ഞങ്ങള്‍ അവിടെ കളിച്ചിട്ടുണ്ടായിരുന്നു. സ്‌റ്റേഡിയത്തിലെ ആ ടണല്‍ വഴിയാണ് ഞങ്ങള്‍ പുറത്തേക്ക് പോയിരുന്നത്. സ്‌റ്റേഡിയം നവീകരിച്ചപ്പോള്‍ ആ ടണല്‍ ഉപയോഗശൂന്യമായിരുന്നു. അതിന്റെ ഗേറ്റ് അധികമാരും ശ്രദ്ധിക്കാത്ത ഭാഗത്തേക്കായി മാറുകയും ചെയ്തു. അത് ഉപയോഗിക്കാനായിരുന്നു അവന്റെ പ്ലാന്‍. അയ്യപ്പന്‍ ചേട്ടനില്‍ നിന്ന് താക്കോല്‍ സംഘടിപ്പിച്ചതിന് ശേഷം അതിന്റെ ഡ്യൂപ്ലിക്കേറ്റ് അവന്‍ ആറ് മാസം മുമ്പ് തന്നെ ഉണ്ടാക്കിയിരുന്നു. അതിന് ശേഷം അവന്‍ പലവട്ടം രാത്രിയില്‍ ടണല്‍ വഴി അകത്തേക്ക് കയറി പരിശോധന നടത്തുകയും ചെയ്തിരുന്നു. മത്സരത്തിന് ഒരു മാസം മുമ്പാണ് ജീവനക്കാര്‍ ടണല്‍ വ്യത്തിയാക്കിയത്. അതിന് ശേഷമാണ് അവന്‍ അതിന്റെ അകത്ത് കയറി ചുമര്‍ കട്ട്‌ചെയ്തുവെച്ചത്. ചുമര്‍ കട്ട് ചെയ്യുന്നതിന് മുമ്പ് ഇതില്‍ ഇരുമ്പുകൊളുത്ത് തറച്ചിരുന്നു. അതില്‍ കയര്‍ ഇട്ട് ചുമരിന് നേരെ എതിര്‍വശമുള്ള ഇരുമ്പ് പൈപ്പിന് മുകളിലൂടെ ടോയ്‌ലറ്റിന്റെ ജനാലയില്‍ വെക്കുമെന്ന് അവന്‍ പറഞ്ഞിരുന്നു. അത് അധികം ആയാസപ്പെടാതെ കയര്‍ വലിക്കുന്നതിന് വേണ്ടിയായിരുന്നു.
90 മിനിറ്റ്സ് നോവലിന്റെ മുൻ ലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞാന്‍ ടോയ്‌ലറ്റില്‍ കടന്നപ്പോള്‍ ജനാലയില്‍ കയറിന്റെ ചെറിയഭാഗം കണ്ടു. അവന്റെ പറഞ്ഞിന്‍പ്രകാരം ആ കയറില്‍ ആഞ്ഞുവലിച്ചപ്പോള്‍ ചുമരിന്റെ ഒരുഭാഗം അപ്പുറത്തേക്ക് പൊളിഞ്ഞുവീണു''.
''നിങ്ങള്‍ ഗ്ലൗസ് ഉപയോഗിച്ചിരുന്നോ..
''യേസ്, അവന്‍ അക്കാര്യം പ്രത്യേകം പറഞ്ഞിരുന്നു. സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ ഗ്ലൗസ് പോക്കറ്റിലിട്ടിരുന്നു. ടോയ്‌ലറ്റില്‍ കയറിയതിന് ശേഷം അത് ധരിച്ചാണ് കയറെടുത്തത്''
''എന്നിട്ട്..''
''പൊളിഞ്ഞ ഭാഗത്ത് കൂടി പുറത്തിറങ്ങിയ ശേഷം ടണലിലൂടെ നടന്നു. അവിടെ ഒരുഭാഗത്ത് ഒരു കവറില്‍ എനിക്ക് ധരിക്കാനുള്ള മുഷിഞ്ഞ ഡ്രസ്സ് ഉണ്ടായിരുന്നു. എന്റെ ഡ്രസ്സ് അതിലേക്ക് ഇട്ട് ആ മുഷിഞ്ഞ വേഷം ധരിച്ചു. അതോടെ എന്നെ നന്നായി അറിയുന്നവര്‍ക്ക് മാത്രമെ തിരിച്ചറിയാന്‍ കഴിയൂ എന്നായി. ഞാന്‍ വേഗത്തില്‍ ടണലിലൂടെ നടന്നു.
ടണലിന്റെ ഗേറ്റുള്ള ഭാഗത്ത് ചെറിയ നടവഴിയുണ്ട്. അതിനപ്പുറം ഒരുബാറുണ്ട്. അവിടെ നിന്ന് ആരെങ്കിലും വരുന്നതിനായി ഞാന്‍ കാത്തുനിന്നു. ഭാഗ്യത്തിന് അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. മദ്യപിച്ച് വരുന്ന ഒരാളെ കണ്ടു. ഗേറ്റ് തുറന്ന് അയാള്‍ക്കൊപ്പമാണ് ആ നടവഴിയിലൂടെ സ്റ്റേഡിയം കടന്ന് കോളനിയിലേക്കുള്ള വഴിയിലെത്തിയത''്.
''ഗേറ്റില്‍ നിന്ന് വരുന്നത് ആരും കണ്ടില്ലേ...''
''കണ്ടുകാണും. എന്നാല്‍ സ്റ്റേഡിയത്തില്‍ എന്തെങ്കിലും ജോലിക്ക് വന്ന ആരെങ്കിലും ആകുമെന്നേ കരുതൂ.. എന്റെ വേഷം അങ്ങനെയല്ലേ..''
''അതാണ് വീഡിയോ ഫൂട്ടേജില്‍ ആ സമയത്ത് രണ്ട് പേര്‍ പോകുന്നത് കാണുന്നതല്ലേ..'' അന്‍വര്‍ സ്വയം പറഞ്ഞു.
''വീഡിയോയില്‍ പോകാനുളള വഴി കൃത്യമായി അവന്‍ പറഞ്ഞിരുന്നു. മുമ്പ് കൊച്ചിയിലുണ്ടായിരുന്നതിനാല്‍ ആ വഴി എനിക്കും പരിചിതമായിരുന്നു. കോളനിയിലെത്തുമ്പോള്‍ കയറേണ്ട വീടിന്റെ ദൃശ്യം വീഡിയോയിലുണ്ടായിരുന്നു. നേര്‍വഴിയല്ലാതെ. അധികം പേര്‍ കാണാത്ത മറ്റൊരുവഴി അതിലേക്കുണ്ടായിരുന്നു. അത് വഴിയാണ് ഞാന്‍ അകത്തേക്ക് കയറിയത്. വരുന്ന അവിടെയുള്ള വലിയ കുളത്തില്‍ എന്റെ ജേഴ്‌സി ഇട്ടകവര്‍ ഉപേക്ഷിക്കുകയും ചെയ്തു''.
പ്രീമിയം ലേഖനങ്ങൾ തത്സയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
''മുറിയുടെ വാതില്‍ ലോക്ക് ചെയ്യാന്‍ ആരെങ്കിലും സഹായമുണ്ടായിരുന്നോ''
''ഇല്ല..അതിന്റെ താക്കോല്‍ എവിടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവിടെയെത്തി ഗ്ലൗസ് വീണ്ടും ധരിച്ചശേഷം താക്കോലെടുത്ത് മുറിതുറന്നു. എന്നിട്ട് അകത്തേക്ക് കയറി. ആ മുറിയുടെ ജനലിന്റെ ഒരു അഴി ഊരിയെടുക്കാന്‍ കഴിയും. അത് ഊരിയാല്‍ കൈയെത്തിച്ച് വാതില്‍ അകത്ത് നിന്ന് പൂട്ടിട്ട് പൂട്ടാന്‍ കഴിയും. അങ്ങനെയാണ് ലോക്ക് ചെയ്യുന്നത്''.
''അപ്പോ ഫോട്ടോ എടുത്തതോ..''
''വീടിനുള്ളില്‍ ഫോണ്‍ ഉണ്ടാകുമെന്ന് ബോബു പറഞ്ഞിരുന്നു. ഞാന്‍ ആ സ്ഥലം ഞാന്‍ പരിശോധിച്ചു. അവിടെ നിന്ന് കിട്ടിയ ഫോണില്‍ സെറ്റ് ചെയ്ത് വെച്ചാണ് ഫോട്ടോ എടുത്തത്. അത് അയക്കാന്‍ വേണ്ടിയാണ് ആദ്യം ഫോണ്‍ ഓണാക്കിയത്. ബോബുവിന്റെ കൊല്‍ക്കത്ത നമ്പറിലുള്ള വാട്‌സ് ആപ്പിലേക്ക് ആ ഫോട്ടോ അയച്ചതിന് ശേഷം ഓഫാക്കി''.
''ഒരുവട്ടം കൂടി ഫോണ്‍ ഓണായല്ലോ..''
''അതെ, നിങ്ങള്‍ വരുന്നത് കണ്ട് ബോബുവിന് മെസേജ് നല്‍കാന്‍''.
''ആ ഫോണും താക്കോലും എവിടെയുണ്ട്''.
''അത് ഇനി നിങ്ങള്‍ക്ക് കിട്ടില്ല. ചിരിയോടെ റുവാല പറഞ്ഞു. അന്ന് നിങ്ങള്‍ എന്നെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുമ്പോള്‍ എന്റെ ഷോര്‍ട്‌സിന്റെ പോക്കറ്റില്‍ ആ ഫോണും താക്കോലും ഉണ്ടായിരുന്നു. അപ്പോഴത്തെ തിരക്കിനിടയില്‍ നിങ്ങളത് ശ്രദ്ധിച്ചില്ല. തിരിച്ച് സ്‌റ്റേഡിയത്തിലെത്തി നിങ്ങളെന്നെ വിശ്രമിക്കാന്‍ വിട്ടപ്പോള്‍ ഞാനാദ്യം ചെയ്തത് ആ ഫോണ്‍ ഒളിപ്പിക്കലായിരുന്നു. താക്കോല്‍ മറ്റൊരു ഡ്രസ്സിങ് മുറിയിലെ ക്ലോസ്റ്റില്‍ ഇട്ടു ഫ്‌ളഷ് ചെയ്തു.
തിരിച്ച് ഹോട്ടലിലേക്ക് വരുമ്പോള്‍ ഫോണെടുത്തു. പിറ്റേന്ന് ഹോട്ടലിലെ വേസ്റ്റുകള്‍ കത്തിച്ചുകളയുന്ന ഒരു സ്ഥലത്തെത്തി. അവിടെ ആ സമയത്ത് വേസ്റ്റുകള്‍ കത്തിക്കുന്നുണ്ടായിരുന്നു. ക്ലീനിങ് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ ഫോണ്‍ അതിലേക്കിട്ടു''.
''അപ്പോ അതിനി കിട്ടാന്‍ സാധ്യതയില്ല അല്ലേ..'' ദേവ് നിരാശയോടെ ചോദിച്ചു.
''ഇല്ല. അത് ചാരമായതിന് ശേഷമാണ് ഞാന്‍ തിരിച്ചുവന്നത്.''
''ഇനി എന്താണ് സാര്‍ നമ്മുടെ അടുത്ത പ്ലാന്‍. ബോബു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയാകും ലക്ഷ്യം. ഫോട്ടോ അടക്കമുളള വിവരങ്ങള്‍ കൊല്‍ക്കത്ത പോലീസിന് കൈമാറിയിട്ടുണ്ട്''- ദേവ് ബീരേന്ദ്രയോടായി പറഞ്ഞു.
''ഗുഡ് ദേവ്..''
''ഞാന്‍ വിവരങ്ങള്‍ സി.എമ്മിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം മറ്റൊരു മീറ്റിങ്ങിലാണ് അതിന് ശേഷം തിരിച്ചുവിളിക്കും. അതുവരെ ഒരുവിവരവും പുറത്തുപോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.
ഇപ്പോ ഈ വിവരം നമുക്ക് മൂന്ന് പേര്‍ക്ക് മാത്രമല്ലേ അറിയുന്നത്''- ഐ.ജി ദേവിനോടായി ചോദിച്ചു.
''അതേ സാര്‍''
''തല്‍ക്കാലം അത്രയും അറിഞ്ഞാല്‍ മതി''.
ഐ.ജിയുടെ ഫോണ്‍ ശബ്ദിച്ചു. സി.എം ആണല്ലോ.. എന്താ പേഴ്‌സനല്‍ നമ്പറില്‍ നിന്ന്....ബീരേന്ദ്ര സ്വയം പറഞ്ഞു. എന്നിട്ട് ദേവിന്റേയും അന്‍വറിന്റേയും അടുത്ത് നിന്ന് അല്‍പ്പം ദൂരേക്ക് മാറി കോള്‍ അറ്റന്‍ഡ് ചെയ്തു.
(തുടരും)
Content Highlights: sports-thriller-novel-90minutes aneesh p nair
Published: 24 Mar 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented