സതേണ്‍ യുണൈറ്റഡിന്റെ ടീം ബസ് വരുന്നത് കണ്ട് സ്റ്റേഡിയത്തിന് മുന്നിലെ ആള്‍കൂട്ടം ഒന്നിരമ്പി. നീല പെയ്ന്റടിച്ച ആഡംബര ബസ് പതിയെ നിര്‍ത്തി. ചെവിയില്‍ തിരുകിയ ഇയര്‍ഫോണിലൂടെ സംഗീതം ആസ്വദിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും കളിക്കാര്‍ ഓരോരുത്തരായി സ്‌റ്റേഡിയത്തിനകത്തെ ഡ്രസ്സിങ് മൂറി ലക്ഷ്യമിട്ടു നടന്നു. പരിശീലകന്‍ ഗ്രിഗോര്‍ ആന്റണിയും സഹപരിശീലകരായ പീറ്റര്‍ ക്ലിന്റണും അരവിന്ദ് വിജയനും അവസാനമാണ് ബസ്സില്‍ നിന്നിറങ്ങിയത്. ഗ്രിഗോറിനെ കണ്ടതോടെ ആരാധകരില്‍ നിന്ന് ആശാന്‍ വിളികളുയര്‍ന്നു.
മൊട്ടത്തലയും താഴേക്ക് വെട്ടിയിറക്കിയ മീശയും നീല കണ്ണുകളുമുള്ള ഗ്രിഗോര്‍ ടീമിലെ താരങ്ങളേക്കാള്‍ ആരാധകരുടെ പ്രിയപ്പെട്ടവനാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സതേണ്‍ യുണൈറ്റഡ് വിജയസംഘമായി മാറിയത് ഇംഗ്ലീഷുകാരനായ ഗ്രിഗോര്‍ വന്നതിനുശേഷമാണ്. ടീമിന്റെ ഭംഗിയുളള കളിയും ഗോളടിച്ചുകൂട്ടിയുളള വിജയങ്ങളും ആരാധകരുടെ ഹീറോയായി ഗ്രിഗോറിനെ മാറ്റി, അവര്‍ സ്‌നേഹത്തോടെ ആശാനെന്ന് വിളിക്കാനും തുടങ്ങി.
കേരളത്തില്‍ ആദ്യമായി നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആതിഥേയരായ സതേണ്‍ കരുത്തരായ ജപ്പാന്‍ ക്ലബ്ബ് ജെ സ്റ്റാറിനെതിരേ ഏത് രീതിയിലാകും കളിക്കുകയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. പ്രത്യേകിച്ചും ഒരു കാലത്ത് യൂറോപ്യന്‍ ഫുട്‌ബോളിനെ അടക്കി ഭരിച്ച ഇംഗ്ലീഷ് താരം ക്രിസ് വെല്ലിങ്ടന്റെ വരവോടെ ജെ സ്റ്റാര്‍ അടിമുടി മാറിയിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണ് വെല്ലിങ്ടണ്‍ ജപ്പാന്‍ ലീഗിലേക്ക് മാറുന്നത്. ജെ സ്റ്റാറിലേക്ക് ഖത്തര്‍ വ്യവസായ ഗ്രൂപ്പിന്റെ നിക്ഷേപം വന്നതോടെയാണ് കളിമാറുന്നത്. അധികം പാരമ്പര്യമൊന്നുമില്ലാത്ത ക്ലബ്ബിന് പെട്ടെന്ന് വിജയങ്ങള്‍ വേണ്ടിവരുന്നു. ഇതോടെ വന്‍കിട താരങ്ങളെ പണം വാരിയെറിഞ്ഞ് എത്തിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്നു. ഇതില്‍ ആദ്യം കൊത്തിയ വമ്പന്‍സ്രാവായിരുന്നു വെല്ലിങ്ടണ്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് രണ്ട് വര്‍ഷം മുന്ന് ജെ സ്റ്റാര്‍ ഇംഗ്ലീഷ് സ്‌ട്രൈക്കറെ ടീമിലെത്തിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ക്ലബ്ബിന്റെ ഗ്രാഫുയര്‍ത്താന്‍ താരത്തിനായി. ഗോളടിച്ചുകൂട്ടി ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ജപ്പാന്‍ ലീഗിലേക്ക് സൂപ്പര്‍താരം എത്തിയതുമുതല്‍ ഏതെങ്കിലും ഇന്ത്യന്‍ ക്ലബ്ബ് ജെ സ്റ്റാറുമായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടുന്നതിന് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായ പ്രീമിയര്‍ ലീഗ് ക്ലബ്ബ് സതേണ്‍ യുണൈറ്റഡിനാണ് അതിന്് അവസരം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ലീഗ് കിരീടം നേടിയതുവഴി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് അവര്‍ യോഗ്യത നേടി. നറുക്കെടുപ്പില്‍ സതേണും ജെ സ്റ്റാറും ഒരേ ഗ്രൂപ്പില്‍ വന്നതോടെ ഇരുടീമുകളും നേര്‍ക്കുനേര്‍ വരാനുള്ള അവസരമൊരുങ്ങി...
പ്രത്യേക ആക്ഷനില്‍ കാണികളെ അഭിവാദ്യം ചെയത് ഗ്രിഗറി സ്റ്റേഡിയത്തിനുളളിലേക്ക് കയറിപ്പോയി. ഗ്രിഗറിയുടെ സംഘത്തിലെ രണ്ട് പരിശീലകരില്‍ പീറ്റര്‍ അയര്‍ലന്‍ഡുകാരനാണ്. അരവിന്ദ് കേരളത്തില്‍ വേരുകളുളള മഹാരാഷ്ട്രക്കാരനും. ടീം റിക്രുട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങളില്‍ അരവിന്ദിന് നിര്‍ണായക പങ്കുണ്ട്.
ടീം അംഗങ്ങള്‍ ഡ്രസ്സിങ് റൂമിലിരുന്ന് മത്സരത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. നായകനും ഇംഗ്ലീഷ് താരവുമായ മാര്‍ക് വില്‍ഫോര്‍ഡും സ്പാനിഷ് സ്‌ട്രൈക്കര്‍ ഡേവിഡ് മാറ്റും മിഡ്ഫീല്‍ഡര്‍ ഡാനി ഡിഫോയും അല്‍പ്പം മാറിയിരുന്ന് തമാശകള്‍ പറയുന്നുണ്ട്. യുവതാരങ്ങളായ പ്രകാശ് മുകുന്ദും അനില്‍ ജാദവും സബീര്‍ മുഹമ്മദും അടുത്തടുത്തിരുന്ന് ബൂട്ടുകെട്ടാന്‍ തുടങ്ങി. ഒരു വലിയ മത്സരത്തിന്റെ സമ്മര്‍ദം മെല്ലെ ഡ്രസിങ് മുറിയെ ബാധിച്ചു തുടങ്ങി...

പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ മുറിയിലെ 14 മോണിറ്ററുകളിലൂടെ സിറ്റി പോലീസ് കമ്മീഷണര്‍ ദേവ് രംഗന്‍ സ്റ്റേഡിയത്തിനകത്തേയും പുറത്തേയും കാഴ്ച്ചകളെ വിലയിരുത്തി.
നീല സാഗരമാണല്ലോടോ, അന്‍വറേ... നീലജേഴ്‌സിയിട്ട് ഗാലറിയില്‍ നിറഞ്ഞ ആരാധകരെ കണ്ട് ദേവ് അസി. കമ്മീഷണര്‍ അന്‍വര്‍ ഇബ്രാഹിമിനോട് പറഞ്ഞു.
കളി തീരാതെ ഇനി തലവേദനയൊഴിയില്ല സാര്‍. ഇവന്‍മാര്‍, അല്‍പ്പം പിശക് ടീംസാ.
സതേണിന്റെ ആരാധകകൂട്ടത്തെ പരാമര്‍ശിച്ച് അന്‍വര്‍ പറഞ്ഞതിന് ദേവ് പ്രത്യേകിച്ചൊരു മറുപടി നല്‍കിയില്ല. രാവിലെ മുതല്‍ ആരാധകര്‍ നഗരം കീഴടക്കിയിട്ടുണ്ട്. സ്റ്റേഡിയം കപ്പാസിറ്റി 64,000 ആണ്. അത്രയും ടിക്കറ്റ് വില്‍പ്പന നടന്നിട്ടുണ്ടാകും. ഇതിന് പുറമെ പതിനായിരത്തോളം പേര്‍ കൂടി കളി കാണാന്‍ കയറിയിട്ടുണ്ട്. അതില്‍ വി.വി.ഐ.പി.കള്‍ മുതല്‍ സ്റ്റേഡിയം നടത്തിപ്പുക്കാരായ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ജീവനക്കാര്‍ വരെ വരും. അത് കണക്കില്‍പ്പെടാത്തവരാണ്. ഒരു ലക്ഷത്തോളം ആരാധകര്‍ നഗരത്തിലെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേവ് മനസിലോര്‍ത്തു.
ഒരു ചെറിയ സ്പാര്‍ക്കിന് പോലും വലിയ പൊട്ടിത്തെറിയുണ്ടാക്കാന്‍ കഴിയുന്ന മിനിറ്റുകളിലൂടെയാണ് താനടക്കം കടന്നുപോകുന്നത്. ഫുട്‌ബോളില്‍ 90 മിനിറ്റിന് തീവിലയാണെങ്കില്‍ ഓരോ മിനിറ്റിനും പൊന്നും വിലയുള്ള മിനിറ്റുകളുടെ നടുവിലാണ് താനും സംഘവും എന്നോര്‍ത്തപ്പോള്‍ ദേവിന്റെ ശരീരത്തിലൂടെ ഒരു പൊള്ളല്‍ പാഞ്ഞുപോയി. സ്‌റ്റേഡിയത്തിലെ കണ്‍ട്രോള്‍ റൂമിന് പുറത്തുകടന്ന ദേവ് കയ്യുയര്‍ത്തി സമയം നോക്കി. 5.30 ആയിരിക്കുന്നു. മകള്‍ സംഗീതക്ലാസ് കഴിഞ്ഞ് വിട്ടിലെത്തിക്കാണുമോ? നഗരം മുഴുവന്‍ ട്രാഫിക്ക് ബ്ലോക്കാണ്. അയാള്‍ മൊബൈല്‍ ഫോണെടുത്ത് ഭാര്യയുടെ നമ്പറമര്‍ത്തി.
''മോളെത്തിയോ, അവളെന്താ ചെയ്യുന്നത്.
ഞാനെത്താന്‍ അല്‍പ്പം വൈകുമെന്ന് അവളോട് പറഞ്ഞേക്ക്...''
സംസാരം അധികം നീട്ടാതെ ഫോണ്‍ പോക്കറ്റിലിട്ട് കണ്‍ട്രോള്‍ റൂമിന്റെ ഭാഗത്തേക്ക് തിരിഞ്ഞപ്പോഴാണ് പരിഭ്രാന്തിയോടെ അന്‍വര്‍ അതിവേഗം തന്റെയടുത്തേക്ക് വരുന്നത് ദേവ് കണ്ടത്്.
പെനാല്‍ട്ടി ബോക്‌സിലേക്ക് പന്തുമായി കുതിച്ചെത്തുന്ന എതിര്‍താരത്തെ കാണുന്ന ഗോള്‍കീപ്പറെന്നപ്പോലെ അയാള്‍ ജാഗരൂഗനായി. ഒരപകടം അയാള്‍ മണത്തു....
'സാര്‍, സതേണ്‍ താരം ലാല്‍ റുവാലയെ കാണുന്നില്ല. സ്റ്റേഡിയത്തിനകത്തു നിന്നാണ് മിസ്സായിരിക്കുന്നത്...'' ഒറ്റശ്വാസത്തില്‍ അന്‍വര്‍ കാര്യം പറഞ്ഞു.
ഗോളിയേയും കടന്ന് വലയിലേക്ക് പോകുന്ന പന്തിനേയും അതിനെ പിന്തുടര്‍ന്ന് അവസാനരക്ഷാശ്രമത്തിനൊരുങ്ങുന്ന പ്രതിരോധനിരക്കാരനേയുമാണ് ദേവിന് അപ്പോളോര്‍മ വന്നത്.
(തുടരും)
Content Highlights: Witness the electrifying clash between Southern United and J Star in the Asian Champions League
Published: 20 Jan 2025, 09:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented