ഒക്ടോബർ 2- മഹാത്മാ ഗാന്ധിയുടെ 157-ാം ജന്മദിനം.
മഹാത്മഗാന്ധിയെക്കുറിച്ചും ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചും വള്ളത്തോൾ, എൻ.വി.കൃഷ്ണവാരിയർ, സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, വി.മധുസൂദനൻ നായർ എന്നിവർ എഴുതിയ കവിതകളിൽ നിന്ന് ചില വരികൾ.
''ക്രിസ്തുദേവന്റെ പരി-
ത്യാഗശീലവും സാക്ഷാൽ-
കൃഷ്ണനാം ഭഗവാന്റെ
ധർമരക്ഷോപായവും
ബുദ്ധന്റെയഹിംസയും
ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തി-
ദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള
സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽ-
ച്ചേർന്നൊത്തുകാണണമെങ്കിൽ
ഗുരുവിൻ നികടത്തി-
ലല്ലായ്കിലവിടുത്തെ-
ച്ചരിത്രം വായിക്കുവിൻ...''
എന്റെ ഗുരുനാഥൻ/ വള്ളത്തോൾ നാരായണമേനോൻ
''അരി വാങ്ങുവാൻ ക്യൂവിൽ –
ത്തിക്കിനിൽക്കുന്നൂ ഗാന്ധി
അരികേ കൂറ്റൻ കാറി –
ലേറി നീങ്ങുന്നൂ ഗോഡ്‌സേ''
ഗാന്ധിയും ഗോഡ്‌സേയും/ എൻ.വി.കൃഷ്ണവാരിയർ
''ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെക്കാണാൻ ആശ്രമത്തിലെത്തി.
കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള
നൂൽ നൂൽക്കുകയായിരുന്നു ഗാന്ധി.
താൻ ഒരു ഭജനയാകാത്തതിൽ ലജ്ജിച്ച്
വാതിലിൽത്തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല.
കവിത മുരടനക്കിയപ്പോൾ
ഗാന്ധി നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടംകണ്ണിട്ടു നോക്കി ചോദ്യമാരംഭിച്ചു:
''എപ്പോഴെങ്കിലും നൂൽ നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പിനെണീറ്റ് അടുക്കളയിലെ
പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?''
കവിത പറഞ്ഞു:
ജനിച്ചതു കാട്ടിലായിരുന്നു,
കൊട്ടാരങ്ങളിൽ കഴിഞ്ഞു
അന്നു വെളുത്തുകൊഴുത്തിരുന്നു.
ഇപ്പോൾ തെരുവിലാണ്, അരവയറിൽ.
ഗാന്ധി പുഞ്ചിരിച്ചു പറഞ്ഞു:
''ഈ ഒടുവിൽ പറഞ്ഞ കാര്യം
നല്ലതുതന്നെ; പക്ഷേ
സംസ്‌കൃതം പറയുന്ന ശീലം
മുഴുവനുപേക്ഷിക്കണം.
വയലിലേക്കു ചെല്ലു,
കർഷകർ സംസാരിക്കുന്നതു ശ്രദ്ധിക്കൂ.'
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി പുതുമഴപെയ്ത്
നിലമുഴുതു മറിക്കാൻ
കൃഷിക്കാരനെത്തുന്ന ദിവസവും കാത്തുകിടന്നു.''
ഗാന്ധിയും കവിതയും/സച്ചിദാനന്ദൻ
''ഗാന്ധിയെ വരയ്ക്കാനെളുപ്പമാണ്,
രണ്ടോ നാലോ രേഖകൾ മതി.
ഗാന്ധിയായി വേഷം കെട്ടാനെളുപ്പമാണ്,
കെട്ടിയ വേഷങ്ങൾ അഴിച്ചുകളഞ്ഞാൽ മതി.''
കൽപ്പറ്റ നാരായണൻ
''ആരാണ് ഗാന്ധി ?
നിഴൽച്ചുള്ളിയൂന്നി
ചരിത്രത്തിലെങ്ങോ നടന്നവൻ !
താൻ തീർത്ത വറചട്ടിയിൽ വീണു
താനേ പുകഞ്ഞവൻ !
വെറുതെ കിനാവിന്റെ കഥകൾ
പുലമ്പിയോൻ!
കനവായിരുന്നുവോ ഗാന്ധി ?
കഥയായിരുന്നുവോ ഗാന്ധി ?
നാൾ വഴിയിൽ ഇവനിന്നു നാമമില്ല !
നാട്ടു നടവഴിയിൽ ഈ ഉരുവമോ ഓർമയില്ല !
എന്നാലുമെൻ നിലവിളിക്കിടയിലുള്ളിലെ
കണ്ണീരിലൂറുന്നു ഗാന്ധി !
പാപി നാറ്റുന്നോരുറക്കപ്പിരാന്തിന്റെ
വക്കിൽ ചിരിക്കുന്നു ഗാന്ധി !
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത
നോവിൽ തിളക്കുന്നു ഗാന്ധി !
കലി വിരുത്തങ്ങളിലഗാധജീവ ധ്യാന –
മലരായ് വിരിയുന്നു ഗാന്ധി !
നിശ്ചലം നിൽക്കുന്ന ദീപം !
കയർക്കുന്ന കാറ്റിനും ശാന്തി പകരുന്നു
മിത്രമില്ലാതെ ഒരു ശത്രുവുമില്ലാതെ !
സുഖ ദുഃഖ ശീതോഷ്ണ സംഘങ്ങളെയില്ലാതെ
തന്നെ നിന്ദിക്കാതെ വാഴ്ത്താതെ
എപ്പോഴും താനെ തപിച്ചു ശുദ്ധി ചെയ്‌തോൻ
ഏതു കല്ലിലും പൊന്നിലും ഒരേ മുഖം കണ്ടവൻ
ഇവനൊരാൾ രൂപം സഹസ്രാബ്ദ ജീവിത –
ജ്വാലകൾ വിലയിച്ച രൂപം !
ഇവനൊരേ ഹൃദയം ഈ ഊഴി തൻ പ്രാർത്ഥനകൾ
ഒരുമിച്ചു കൂപ്പുന്ന ഹൃദയം !
ഇവനൊറ്റ മന്ത്രം ഈ ഹിംസ്ര ജന്തുക്കളെ
ഒരിഴയിൽ കോരുത്തോരുമന്ത്രം !''
ഗാന്ധി/ വി.മധുസൂദനൻ നായർ
Published: 02 Oct 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented