
ഫോണിലെ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ക്കിടയിലാണ് ആ പത്രസമ്മേളനത്തിന്റെ അറിയിപ്പ് ബോബുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മധ്യമേഖല ഐ.ജിയുടെ പത്രസമ്മേളനം തുടങ്ങിയിട്ട് അല്‍പ്പസമയം കഴിഞ്ഞിരുന്നു. ബോബു ചാനലിന്റെ ഫെയ്‌സ്ബുക്ക് ലൈവിലേക്ക് പോയി.
ക്യാമറ ഐ.ജി. ബീരേന്ദ്രസിങിനെയാണ് ഫോക്കസ് ചെയ്തിരുന്നത്.
Also Read
'എന്താടാ ഒരു ആകാംക്ഷ''- മാര്‍ട്ടി ചോദിച്ചു. ബോബു, ഫോണിലെ പത്രസമ്മേളനദൃശ്യം കാണിച്ചതിനുശേഷം മേശപ്പുറത്ത് വെച്ചു. ഇരുവരും അതിലേക്ക് ശ്രദ്ധയോടെ നോക്കി. പോലീസ് ക്ലബ്ബിലെ പത്രസമ്മേളനം ആരംഭിച്ച് ആറ് മിനിറ്റായിരുന്നു. ഐ.ജിക്ക് പുറമെ സിറ്റിപോലീസ് കമ്മീഷണര്‍ ദേവ്‌രംഗനും സതേണ്‍ താരം റുവാലയുമാണ് ഒപ്പമുണ്ടായിരുന്നത്.
'ഐ.ജി. തുടര്‍ന്നു...
കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ സങ്കീര്‍ണമായ ഒരു ഓപ്പറേഷനും അതിന്റെ വിവരങ്ങളും അറിയിക്കാനാണ് ഈ പ്രസ് മീറ്റ് വിളിച്ചത്. ഇക്കാര്യം പുറംലോകത്തെ അറിയിക്കേണ്ടത് അനിവാര്യമാണ്. പോലീസിനെകുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തന്നെ ഫോഴ്‌സിന്റെ ശക്തിയും മികവും കൂടി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. മൈക്കിനടുത്തേക്ക് അല്‍പ്പം കൂടി അടുത്തിരുന്ന ശേഷം ബീരേന്ദ്രസിങ് പറഞ്ഞു.
ഇന്നലെ നടന്ന സതേണ്‍- ജെ സ്റ്റാര്‍ മത്സരത്തിനിടെ ശ്രീ റുവാലയെ ഡ്രസ്സിങ് റൂമില്‍ നിന്ന് പെട്ടെന്ന് കാണാതാകുന്നു. ആ താരത്തെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി മത്സരം മുടക്കമില്ലാതെ നടത്താന്‍ സര്‍ക്കാറിനും പോലീസിനും കഴിയുന്നു. പുറംലോകം ഇതുവരെ അറിയാത്ത ആ വിവരമാണ് നിങ്ങളോട് പറയാനുള്ളത്''.
പത്രക്കാര്‍ പൊടുന്നനെ ജാഗരൂകരായി. ചാനലുകള്‍ അപ്രതീക്ഷിതമായി കിട്ടിയ ബ്രേക്കിങ് ന്യൂസില്‍ ആവേശഭരിതരായി,
'എന്താണ് സാര്‍, താരത്തെ കാണാതാവുകയോ, അതും ഇവിടെയോ'- മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഹരിദാസിന്റെതായിരുന്നു ചോദ്യം. 'വിശദമായി പറയാം മി.ഹരിദാസ്. ഞാന്‍ ആമുഖമായി കാര്യങ്ങള്‍ പറയാം. അന്വേഷണത്തിന്റെ കാര്യങ്ങള്‍ അതിന് ചുക്കാന്‍ പിടിച്ച ശ്രീ ദേവ് വിശദമാക്കും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി തന്നതിന് ശേഷമാകും ഞങ്ങള്‍ പ്രസ്മീറ്റ് അവസാനിപ്പിക്കുന്നത്.' ഐ.ജി രംഗം ഉഷാറാക്കി.
ഏതാണ്ട് ഇന്നലെ 5.30-ഓടെയാണ് ശ്രീ റുവാലയെ ടീമിന്റെ ഡ്രസ്സിങ്‌റൂമില്‍ നിന്നും കാണാതാകുന്നത്. ഡ്രസ്സിങ് റൂമിലെ ടോയ്‌ലറ്റിന്റെ ഭിത്തി തകര്‍ത്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇതിന് പിന്നിലുളള സംഘം വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഒന്നരമണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ താരത്തെ തട്ടികൊണ്ടുപോയ വിവരം പുറത്തുവിട്ട് മത്സരം ആലങ്കോലമാക്കുമെന്നായിരുന്നു അവരുടെ വെല്ലുവിളി. എന്നാല്‍ അതിനെ മറികടന്ന് ഈ പറഞ്ഞ സമയത്തിനുളളില്‍ മോചിപ്പിക്കാന്‍ കേരള പോലീസിന് കഴിഞ്ഞുവെന്നതാണ് വലിയ കാര്യം. നമ്മുടെ നാടിന്റെ യശസ്സുയര്‍ത്താനും അത് വഴി കഴിഞ്ഞു'.
ബീരേന്ദ്രസിങിന്റെ വെളിപ്പെടുത്തലുകള്‍ ചാനലുകളില്‍ ബിഗ് ബ്രേക്കിങ്ങായി. റുവാലയെ തട്ടികൊണ്ടുപോയി, മോചിപ്പിച്ച് കയ്യടി നേടി പോലീസ് തുടങ്ങി... ഓരോ ചാനലുകളും സംഭവം പൊലിപ്പിക്കാന്‍ തുടങ്ങി. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഐ.ജിയുടെ ഓരോവാക്കും പ്രേക്ഷകരിലേക്ക് എത്തിച്ചു.
ബീരേന്ദ്ര തുടര്‍ന്നു. 'ശ്രീ റുവാലയെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ കമ്മീഷണര്‍ ദേവ് ഇനി ബാക്കിയുളള കാര്യങ്ങള്‍ വിശദീകരിക്കും'. ദേവ് മൈക്ക് ഓണാക്കി, ചാനലുകാര്‍ അവരുടെ മൈക്കുകള്‍ ഐ.ജി.യുടെ മുന്നില്‍ നിന്നും കമ്മീഷണറുടെ അടുത്തേക്ക് മാറ്റി. ദേവ് സംസാരിക്കാന്‍ തുടങ്ങി.
'കേരള പോലീസിന്റെ അന്വേഷണ മികവിനും കഴിവിനും മികച്ച ഉദാഹരണമാണ് ഈ സംഭവം വളരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ഐ.ജി. ബീരേന്ദ്ര സാര്‍, ബഹുമാനപ്പെട്ട കായികമന്ത്രി, ചീഫ് മിനിസ്റ്റര്‍, പോലീസ് ചീഫ് എന്നിവര്‍ നല്‍കി പിന്തുണയും ഞങ്ങളുടെ സംഘത്തിന്റെ കഠിനാധ്വാനവുമാണ് ഇരുചെവിയറിയാതെ റുവാലയെ മോചിപ്പിക്കാന്‍ സഹായിച്ചത്. ഞങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയ സതേണ്‍ യുണൈറ്റഡ് ക്ലബ്ബ് മാനേജ്‌മെന്റിനോടും ഇക്കാര്യത്തില്‍ അളവറ്റ നന്ദിയുണ്ട്.
സംഭവം പറയാം. ബീരേന്ദ്ര സാര്‍ പറഞ്ഞതുപോലെ വൈകൂന്നേരം 5.30-നാണ് എനിക്ക് ഇന്‍ഫര്‍മേഷന്‍ കിട്ടുന്നത്. ഉടനെ ഞാനും ഡി.വൈ.എസ്.പി അന്‍വറും കൂടി ഡ്രസ്സിങ് മുറിയിലെത്തി. അവിടുത്തെ ടോയ്‌ലറ്റ് തകര്‍ത്ത് സ്റ്റേഡിയത്തിലെ പഴയ ടണല്‍ വഴിയാണ് താരത്തെ കൊണ്ടുപോയത്. തുടര്‍ന്നാണ് പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുന്നത്. അവര്‍ നമുക്ക് അനുവദിച്ച സമയം ഏഴ് മണിയായിരുന്നു. എന്നാല്‍ അതിനുളളില്‍ താരത്തെ അടുത്തുള്ള കോളനിയിലെ ഒരുവീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്താന്‍ നമുക്കായി. റുവാല നമുക്കൊപ്പം ഉണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. ഉടനെ തന്നെ അവര്‍ പടിയിലാകും. കാര്യങ്ങള്‍ സുതാര്യമാകുന്നതിന് വേണ്ടിയാണ് ഇക്കാര്യം നിങ്ങളെ അറിയിരുന്നത്. റുവാലക്ക് പറയാനുളളത് കേട്ടതിന് ശേഷം നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാം''..
'പോലീസിനും എന്റെ ക്ലബ്ബിനും നന്ദി, ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. ടെന്‍ഷന്‍ നിറഞ്ഞ മണിക്കൂറുകള്‍. ജീവന് തന്നെ ഭീഷണിയായിരുന്നു. കമ്മീഷണര്‍ സാറിനോട് ഞാനും എന്റെ ഫാമിലിയും ഫുട്‌ബോള്‍ ലോകം തന്നെ കടപ്പെട്ടിരിക്കുന്നു'. റുവാല പെട്ടെന്ന് തന്നെ പറഞ്ഞവസാനിപ്പിച്ചു. ദേവ് തലയുയര്‍ത്തി ഇരുന്നു, എന്തൊക്കെയാണ് ഇവന്‍മാര്‍ ചോദിക്കാന്‍ പോകുന്നതാവോ - അയാള്‍ മനസില്‍ പറഞ്ഞു
'പറഞ്ഞതില്‍ കൂറെ മിസ്സിങ് ലിങ്കുകളുണ്ടല്ലോ, ഒന്നും അങ്ങോട്ട് സിങ്കാവുന്നില്ല, ചാനല്‍ റിപ്പോര്‍ട്ടര്‍ രജിത്തിന്റെതായിരുന്നു ചോദ്യം'.
'എന്താണ് സിങ്കാവാത്തത്- മറുചോദ്യവുമായാണ് ദേവ് നേരിട്ടത്'.
'അല്ലാ ഇതൊരു പ്ലാന്‍ഡ് തിരക്കഥപോലെ'
'നിങ്ങള്‍ ചോദിക്കാനുള്ളത് വ്യക്തമായി ചോദിക്കൂ... അതിനുള്ള മറുപടി നല്‍കാം'- ദേവ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
'അല്ലാ ടോയ്‌ലറ്റ് ഭിത്തി തകര്‍ക്കല്‍, ആയിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ പ്രശസ്തനായ താരത്തെ കൊണ്ടുപോകല്‍, പിന്നെ പെട്ടെന്ന് തന്നെ പോലീസിന്റെ കണ്ടുപിടിക്കല്‍'- മറ്റൊരു ചാനല്‍ റിപ്പോര്‍ട്ടറായ രതീഷ് ചോദ്യങ്ങളുമായി സഹപ്രവര്‍ത്തകനെ സഹായിക്കാനെത്തി.
ദേവ് മറുപടി പറയുന്നതിന് മുമ്പ് മുന്നിലുളള മാധ്യമപ്രവര്‍ത്തകരെ നോക്കി. എല്ലാവരുടേയും മുഖത്ത് ആകാംക്ഷ നിറഞ്ഞിട്ടുണ്ട്, അയാള്‍ പറയാന്‍ തുടങ്ങി. 'ഈ പ്രസ് മീറ്റിന്റെ മുമ്പ് ഇക്കാര്യം ബീരേന്ദ്രസാറും ഞങ്ങളും ചര്‍ച്ച ചെയ്തതാണ്. നമ്മള്‍ പറയുന്ന കാര്യം പത്രക്കാര്‍, നാട്ടുകാര്‍ വിശ്വസിക്കുമോയെന്ന്.
എന്നാല്‍ ചില കാര്യങ്ങള്‍ അവിശ്വസനീയമാണെന്ന് കരുതുമ്പോഴും വിശ്വസിക്കേണ്ടി വരും. ഇവിടെ ഞങ്ങള്‍ പറഞ്ഞതാണ് യാഥാര്‍ഥ്യം. അവിടെയാണ് പ്രതികളുടെ പ്ലാനിങ്ങും മറ്റും വിജയിച്ചത്. അതിനെയെല്ലാം മറികടന്നാണ് പോലീസ് ഈ കേസിന്റെ ആദ്യഘട്ടം വിജയിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നിങ്ങളോട് കേസിന്റെ അവസാനഘട്ടത്തില്‍ ഞങ്ങള്‍ തന്നെ പറയുന്നതായിരിക്കും'.
'കാര്യങ്ങള്‍ കുറച്ചുകൂടി വിശദമാക്കുന്നത് നല്ലതാകും. കാരണം ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പലസംശയങ്ങളുമുണ്ടാകും'.- സീനിയര്‍ ജേര്‍ണലിസ്റ്റും ക്രൈം റിപ്പോര്‍ട്ടിങ് സ്‌പെഷ്യലിസ്റ്റുമായി ആരതി കമ്മീഷണറോടായി പറഞ്ഞു.
'മാഡം, നിങ്ങള്‍ക്ക് ക്രൈം റിപ്പോര്‍ട്ടിങില്‍ ഏത്രയോ വര്‍ഷത്തെ പരിചയമുണ്ട്. സാധാരണ ഇത്തരം കേസുകളില്‍ ഞങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകാതെ പ്രസ് മീറ്റ് നടത്താറുമില്ലെന്ന് അറിയാവുന്നതാണല്ലോ, ഇത് ഒരു സെലിബ്രിറ്റി ഇന്‍വോള്‍വ്ഡ് ആയ സംഭവം, രണ്ടാമത്തേത് ഇക്കാര്യത്തില്‍ സുതാര്യത വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട് ഇതുരണ്ടുമാണ് ഇന്നത്തെ പ്രസ്മീറ്റിന് കാരണം'.
'വളരെ ബ്രില്യന്റ് ആയി നടന്ന ഒരു കിഡ്‌നാപ്പ് ആയിരുന്നു റുവാലയുടേത്. ശരിക്കും പഴുതുകളടച്ചുളള. എന്നാല്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് സംഭവിച്ച പിഴവുകളില്‍ നിന്ന് പിടിച്ചുകയറിയാണ് ഞങ്ങള്‍ താരത്തെ കണ്ടെത്തുന്നത്. ഒരാഴ്ച്ചക്കകം പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍. പ്രതികളുമായുള്ള പ്രസ്മീറ്റില്‍ അന്വേഷണത്തിന്റെ വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയാമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു'.
'അല്ല സാര്‍, റുവാലയെ അവരെങ്ങനെ ഈ ആള്‍ക്കൂട്ടത്തിലൂടെ കൊണ്ടുപോയി'- ചോദ്യം യുവപത്രപ്രവര്‍ത്തകന്‍ ആഷിക്കിന്റേതായിരുന്നു.
'മിസ്റ്റര്‍ ആഷിക്ക്, ഈ ഇരിക്കുന്ന റുവാല, ഇതുപോലെ സിവില്‍ ഡ്രസ്സിങ് ടൗണിലേക്ക് ഇറങ്ങിയാല്‍ എത്രപേര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതിന് കഴിയുന്നവര്‍ വിരളമാകും. റുവാലയെ പെട്ടെന്ന് തിരിച്ചറിയുന്നത് അയാള്‍ കളിക്കുന്ന ക്ലബ്ബുകളുടെ ജേഴ്‌സിയിലാണ്. അല്ലാത്ത വേഷത്തില്‍ കാണുന്നത് കുറവാണ്, നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വേഷത്തില്‍ താരവുമായി റോഡിലൂടെ യാത്ര ചെയ്താല്‍ പെട്ടെന്ന് ആരും പെട്ടെന്ന് തിരിച്ചറിയില്ല. അതും ആ തിരക്കിനുള്ളില്‍'.
'അപ്പോ സാര്‍, റുവാലെ വേഷം മാറ്റിയാണോ കൊണ്ടുപോയത്'- സുദേവിന്റെതായിരുന്നു ചോദ്യം.
'സോറി.. മിസ്റ്റര്‍ സുദേവ്'.. ഇത്ര പറഞ്ഞത് തന്നെ കൂടുതലാണ്. ഞങ്ങള്‍ പറഞ്ഞതൊന്നുമാകില്ല നിങ്ങള്‍ കൊടുക്കാന്‍ പോകുന്നത്. നിങ്ങളുടെ ഭാവനയും പിന്നെ ചില സോഴ്‌സുകളില്‍ നിന്ന് കിട്ടുന്ന അല്‍പ്പം കാര്യങ്ങളും ചേര്‍ത്തുള്ള മിക്‌സായിരിക്കും. അതിലൊന്നും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കേസിലെ പ്രതികളുമായി ഞങ്ങള്‍ വരുന്നത് വരെയെങ്കിലും നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കു'.. ദേവ് പ്രസ്മീറ്റിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു.
'സാര്‍, ഒരു ചോദ്യം കൂടി...' നഗരത്തില്‍ നിന്നിറങ്ങുന്ന ക്രൈം വാരികയുടെ റിപ്പോര്‍ട്ടര്‍ മുകുന്ദന്‍ എഴുന്നേറ്റു. ദേവും ബീരേന്ദ്രയും ആകാംക്ഷയോടെ നോക്കി. 'സാര്‍, ഈ സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദസംഘടനയുമായി ബന്ധമുണ്ടോ,, പ്രത്യേകിച്ചും കളി അട്ടിമറിക്കാനുളള ശ്രമമല്ലേ ഇത്. കാരണം ഇന്നലെ കളി അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പുതുതായി സ്ഥാപിച്ച ഫ്‌ളഡ്‌ലിറ്റിന് പെട്ടെന്ന് തകരാര്‍ വന്നതും കൂട്ടിവായിക്കുമ്പോള്‍. അതിനൊപ്പം ഒന്ന് കൂടിയുണ്ട് സാര്‍. നഗരത്തില്‍ ചില കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് കഴിഞ്ഞയാഴ്ച്ച നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പിയാണിത് സാര്‍''
മുകുന്ദന്‍ ബാഗില്‍ നിന്നെടുത്ത ഫയല്‍ ഉയര്‍ത്തിക്കാട്ടി. മറ്റു മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം നോക്കി, ഹാളില്‍ നല്ല തണുപ്പുണ്ടായിരുന്നിട്ടും വിയര്‍ക്കുന്നത് പോലെ ദേവിന് തോന്നി. കാര്യങ്ങളുടെ ഡൈമെന്‍ഷന്‍ മാറുകയാണോ, അയാള്‍ മറുപടിക്കായി ബീരേന്ദ്രയെ നോക്കി.
(തുടരും....)
Content Highlights: sports thriller novel 90 minutes chapter 10
Published: 20 Feb 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented