
ദേവ് എത്തുമ്പോഴേക്കും അന്‍വര്‍ മൊഴിയെടുക്കാനുളള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മുറിയിലേക്ക് കടന്ന ദേവ് റുവാലെ വിഷ് ചെയ്ത ശേഷം കസേരയിലിരുന്നു. റുവാല ശാന്തനായി കാണപ്പെട്ടു. വലിയൊരാശ്വാസം അയാളുടെ മുഖത്തുണ്ടായിരുന്നു.
'സാര്‍, എന്താണറിയേണ്ടത്, റുവാലയാണ് തുടക്കമിട്ടത്'. 'അവിടെ സംഭവിച്ചത് എന്തൊക്കെ,ഒന്നും വിട്ടുപോകരുത്'- കുറച്ചു ഗൗരവത്തോടെയാണ് ദേവ് മറുപടി നല്‍കിയത്.
റുവാല ഒരു നിമിഷം കണ്ണടച്ചിരുന്നു, എന്നിട്ട് പറയാന്‍ തുടങ്ങി. 'സാര്‍, ഞാന്‍ ഡ്രസ്സിങ് മുറിയിലെത്തി ബൂട്ടൊക്കെ കെട്ടി കഴിഞ്ഞപ്പോഴാണ് വയറിന് എന്തോ അസ്വസ്ഥത തോന്നിയത്. ബൂട്ട് അഴിച്ചുവെച്ച്, ഫോണ്‍ കസേരയില്‍ വച്ചാണ് ടോയ്‌ലറ്റിലേക്ക് പോയത്. കയറി ഒരു മിനിറ്റായിക്കാണും. പെട്ടെന്ന് ഒരുവശത്തെ ഭിത്തി ഇളകുന്നതായി തോന്നി. പിന്നെ അത് പൊളിഞ്ഞുവീണു. അതിലൂടെയാണ് ഒരാള്‍ കയറിവന്നത്. അയാളുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നു. അതെന്റെ നേര്‍ക്ക് നീട്ടി.
Also Read
നിങ്ങളെ ആക്രമിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഞങ്ങളുമായി സഹകരിക്കണമെന്നുമാണ് അയാള്‍ ആവശ്യപ്പെട്ടത്. ശബ്ദമുണ്ടാക്കുകയോ, ഞങ്ങള്‍ പറയുന്നത് അനുസരിക്കുകയോ ചെയ്തില്ലെങ്കില്‍ മുട്ടിന് വെടിവെക്കുമെന്നും പറഞ്ഞു. അയാളുടെ ഭാവവും പിന്നെ നീട്ടിപിടിച്ച തോക്കും എന്നെ ഭയപ്പെടുത്തിക്കളഞ്ഞു. എന്നോട് അയാളുടെ പുറകെ വരാന്‍ ആവശ്യപ്പെട്ടു.
ആ ടണലിലൂടെ കുറച്ച് നടന്നപ്പോള്‍ അയാള്‍ അവിടെ തൂക്കിയിട്ട ഒരു സഞ്ചി എടുത്ത് എന്നെ ഏല്‍പ്പിച്ചു. അതിലെ മുഷിഞ്ഞ ഷോര്‍ട്‌സും ജേഴ്‌സിയും ധരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇട്ടത് ഊരി അതിലിട്ടു. വേഷം മാറിയശേഷമാണ് ടണിലിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് കടന്നത്'.
'അപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ലേ, മാത്രമല്ല, ആരും നിങ്ങളെ തിരിച്ചറിഞ്ഞില്ലേ'.. ചോദ്യം അന്‍വറില്‍ നിന്നായിരുന്നു. 'വേഷം മാറിയതോടെ എന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗേറ്റ് കടക്കുമ്പോള്‍ അതിന് മുമ്പ് മൂന്നാലുപേര്‍ നടന്നുപോകുന്നുണ്ട്. എന്നെയും കൊണ്ട് സ്റ്റേഡിയത്തിന് മുന്നിലെ റോഡ് ക്രോസ് ചെയ്തു. എന്നിട്ട് നേരെ കാണുന്ന റോഡിലൂടെ കുറച്ചുനടന്നു. അതുകഴിഞ്ഞപ്പോള്‍ റെയില്‍വേ ട്രാക്കായി. അത് മുറിച്ചുകടന്നപ്പോള്‍ ആ കോളനിയിലെത്തി. ഞങ്ങള്‍ മുറിയിലേക്ക് പോകുമ്പോള്‍ ആ ഭാഗത്ത് ആരുമുണ്ടായിരുന്നില്ല. എന്നോട് മുറിയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. എന്നിട്ടാണയാള്‍ ഫോട്ടോ എടുത്തത്. രാത്രി 7.30 നുള്ളില്‍ എന്നെ മോചിപ്പിക്കുമെന്നും അതുവരെ സഹകരിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. മുറിക്കുളളില്‍ നിന്ന ബഹളം വെക്കരുതെന്നും,അങ്ങനെ ചെയ്താല്‍ സ്ഥിതി മോശമാകുമെന്നും ഭീഷണിപ്പെടുത്തി. എന്നിട്ട് മുറി പൂട്ടി.പിന്നെ കുറെ കഴിഞ്ഞാണ് നിങ്ങള്‍ വന്ന് രക്ഷപ്പെടുത്തിയത്'.
'മുറിക്കുള്ളില്‍ നിങ്ങള്‍ എന്താണ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമം നടത്തിയില്ലേ?
ഇല്ല, ആ പരിസരത്ത് ആരേയും കണ്ടിരുന്നില്ല. പിന്നെ മുറിക്കുള്ളില്‍ നിന്ന് രക്ഷപ്പെടല്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ അയാള്‍ പറഞ്ഞ സമയം വരെ കാക്കാമെന്ന് വിചാരിച്ചു. കൂടുതവല്‍ സമയം അവിടെ എന്നെ നിര്‍ത്താന്‍ കഴിയില്ലെന്നും തോന്നി.
'നിങ്ങള്‍ അടുക്കള വാതില്‍ തുറക്കാന്‍ കഴിയുമോയെന്ന് നോക്കിയിരുന്നോ..'
'യേസ്, ആ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതായി മനസിലായിരുന്നു'.
'കൊണ്ടുപോയ ആളുടെ മുഖം ഇനി കണ്ടാല്‍ ഓര്‍മ വരുമോ'
'തീര്‍ച്ചയായും'
'അന്‍വര്‍ നമ്മുടെ കൈയിലുളള ലിസ്റ്റിലുള്ളവരുടെ ചിത്രം ഒന്ന് കാണിക്കണം. പിന്നെ റുവാലയുടെ മനസിലുള്ള ഡീറ്റെയ്ല്‍സ് വച്ച് ഒരു രേഖാചിത്രമുണ്ടാക്കണം. മോഹനനോട് അതിനുളള ഏര്‍പ്പാട് ചെയ്യാന്‍ മെസേജ് കൊടുത്തേക്ക'്.
'ആ സമയങ്ങളില്‍ നിങ്ങള്‍ക്ക് എന്താണ് തോന്നിയത'്.
'സാര്‍, ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന് മുമ്പ് ഇത്തരം അനുഭവമൊന്നും ഇല്ലല്ലോ, പലചിന്തകളും മനസില്‍ നിറഞ്ഞു. നാട്ടിലുള്ള കുടുംബവും കുട്ടികളേയുമൊക്കെ ഓര്‍ത്തു. നിര്‍ഭാഗ്യവശാല്‍ എന്റെ കയ്യില്‍ ഫോണും ഉണ്ടായിരുന്നില്ല'.
'തട്ടികൊണ്ടുപോയ ആളുടെ ഒരു ബോഡി ലാംഗ്വേജ് എങ്ങനെയായിരുന്നു'.
'അയാള്‍ കൂളായിരുന്നു സാര്‍, ഒരു സുഹൃത്തിനൊപ്പം പോകുന്നപോലെയാണ് എനിക്ക് തോന്നിയത്. അതേസമയം തന്റെ തീരുമാനം നടപ്പാക്കാനുള്ള ഒരു കഴിവ് അയാള്‍ക്കുണ്ട്. പിന്നെ ഒരു കാര്യം അയാള്‍ കൈയുറ ഉപയോഗിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ അത് ഊരി പോക്കറ്റിലിട്ടു. അതിന് ശേഷം ആ വീടിനടുത്ത് എത്തിയപ്പോള്‍ വീണ്ടും ഇട്ടു. കൈയുറയില്ലാത്ത സമയങ്ങളില്‍ അയാളെന്നെ ടച്ച് ചെയ്തിട്ടില്ല'.
'ഗുഡ് ഇന്‍ഫര്‍മേഷന്‍..'
'ഏഴരക്ക് ശേഷവും ആരുമെത്തിയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യുമായിരുന്നു', ദേവ് ചോദ്യം തുടര്‍ന്നു.
'അതിന് ശേഷം എന്തുചെയ്യുമെന്ന പ്ലാനൊന്നും എനിക്കുണ്ടായിരുന്നില്ല. കോളനിയില്‍ ആളുകള്‍ വന്നാല്‍ ജനല്‍ തുറന്ന് ബഹളം വെക്കാന്‍ കഴിയും. അതുവഴി രക്ഷപെടാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു'
'എന്നാ എന്തുകൊണ്ട് ആദ്യം ശ്രമിച്ചില്ല'
സാര്‍, അവര്‍ വാണിങ് തന്നിരുന്നല്ലോ, എന്റെ തട്ടികൊണ്ടുപോകല്‍ കൃത്യമായി ആസൂത്രണം ചെയ്തവര്‍ക്ക് അവിടെ എന്നെ വാച്ച് ചെയ്യാനും ആളുകാണുമല്ലോ. സോ, റിസ്‌ക് എടുക്കേണ്ടന്നു കരുതി. പിന്നെ നേരത്തെ പറഞ്ഞല്ലോ, ആ ഭാഗത്ത് ആരേയും കാണാനുണ്ടായിരുന്നില്ല.
'ഓ.കെ റുവാല. നമുക്ക് ഇനിയും ഇരിക്കേണ്ടി വരും'. 'ഈ മൊഴിയും ബാക്കി സംഭവങ്ങളും ഞങ്ങളൊന്ന് അനലൈസ് ചെയ്യട്ടേ, അതിന് ശേഷം എന്തെങ്കിലും ആവശ്യമുണ്ടായാല്‍ വിളിപ്പിക്കാം'.
'ഒ.കെ സാര്‍, എന്റെ എല്ലാ സഹകരണവുമുണ്ടാകും'.
റുവാല പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്റ്റേഡിയത്തിലേക്ക് പോയി.
'അന്‍വര്‍,,, മൊഴിയും നമ്മുടെ ഫൈന്‍ഡിങ്‌സും ഏറെക്കുറെ ഒത്തുപോകുന്നുണ്ട്. ശരത്തിനോടും മോഹനനോടും നാളെ രാവിലെ വരാന്‍ പറയണം. റുവാലക്ക് അടുത്ത ദിവസങ്ങളില്‍ വന്ന കോളുകള്‍ പരിശോധിക്കുന്നുണ്ടല്ലോ. ഐ.ജി.യെ കാണുന്നതിന് മുമ്പ് നമുക്കൊന്നിരിക്കാം...
അന്‍വര്‍, പിന്നെ നമുക്കൊന്ന് ആ കോളനി വരെ നടന്നാലോ'.
'ആ ഭാഗങ്ങളില്‍ വെളിച്ചം കുറവാണ് സാര്‍'.
'മൊബൈലില്‍ ടോര്‍ച്ച് ഇല്ലേ, ചുമ്മാ നടന്നുവരാം. കളി തീരാന്‍ ഇനിയും ടൈം ഉണ്ടല്ലോ'
'ഓ.കെ സാര്‍'.
ദേവും അന്‍വറും കൂടി പുറത്തേക്കിറങ്ങി. ട്രാഫിക് എ.സി.നന്ദകുമാറിനോട് സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ഇരുവരും കോളനിയിലേക്ക് നടന്നു.
അഞ്ച് മിനിറ്റ് നടന്നപ്പോള്‍ അവര്‍ ഒരു കലുങ്കിനടുത്തെത്തി.
'സാര്‍, പകല്‍ സമയത്ത് എപ്പോഴും ഈ കലുങ്കില്‍ ആരെങ്കിലും കാണും. കോളനിയിലേക്ക് ആര് പോയാലും അവരുടെ ശ്രദ്ധയില്‍പ്പെടും. ഞാന്‍ ഒന്ന് രണ്ട് തവണ ഈ വഴി വന്നപ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചതാണ്. ഇവിടെ സ്ഥിരം ഇരിക്കുന്ന ടീമിനോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പറയാം'.
'മോഹനനോട് പറഞ്ഞേക്കു.. റുവാല വേഷപ്രച്ഛന്നനായ സ്ഥിതിക്ക് അവര്‍ക്ക് ആളെ പിടികിട്ടികാണില്ല. എന്നാലും ഒപ്പം ഉള്ളയാളുടെ വിവരം ലഭിച്ചാലോ..'
കോളനിയിലെത്തിയപ്പോള്‍ ദേവ് സമയം നോക്കി. അവിടേക്ക് നടക്കാനെടുത്തത് കൃത്യം 12 മിനിറ്റ്.ദേവിനേയും അന്‍വറിനേയും കണ്ടപ്പോള്‍ അവിടെ കാവലിനുണ്ടായിരുന്ന പോലീസുകാര്‍ സെല്യൂട്ട് ചെയ്ത് മാറി നിന്നു. ഇരുവരും വീടിനകത്തേക്ക് ് കയറി.
പുറത്തുനിന്ന് നേരെ കയറുന്ന മുറിയിലേക്കാണ്. പിന്നെ ഒരു അടുക്കളയും. മുറിയോട് ചേര്‍ന്ന് ബാത്ത്‌റൂമുണ്ട്. ദേവ് മാലതൂക്കിയിട്ട ഭാഗത്തേക്ക് നോക്കി. എതിര്‍ വശത്താണ് ജനല്‍. അതിനടുത്ത് ചെന്ന ശേഷം ദേവ് ക്യാമറ ഓണാക്കി സെല്‍ഫിയെടുത്തു. പുറകുവശത്തെ ചുമര്‍ കിട്ടുന്ന രീതിയിലായിരുന്നു അത്. തുടര്‍ന്ന് വീടിന് പുറത്തുകടന്ന ശേഷം ദേവ് ജനലിന് അടുത്തേക്ക് ചെന്നു. മരത്തിന്റെ അഴികളിട്ട ജനലിന്റെ അടുത്തുനിന്ന് പല ആംഗിളുകളില്‍ ദേവ് അകത്തെ ഫോട്ടോ എടുത്തു. റുവാല നിന്ന ആംഗിളില്‍ അന്‍വറിനെ നിര്‍ത്തിയും ഫോട്ടോ എടുത്തു.
അന്‍വര്‍ നമ്മുടെ വിമാനയാത്രക്കാരുടെ പട്ടിക പെട്ടെന്ന് എടുക്കണം.
സാര്‍, നമ്മുടെ ടീം അങ്ങോട്ട് പോയിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗം മേധാവിയോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞിട്ടുണ്ട'്. അന്‍വര്‍ മറുപടി നല്‍കി.
'എന്നാ നമുക്ക് മടങ്ങിയാലോ, ഇനി ഇവിടെ നിന്നാല്‍ കളി തീരുമ്പോഴേക്കും അവിടേക്ക് എത്താന്‍ കഴിയില്ല'.. അതു പറഞ്ഞ് ദേവ് തിരികെ നടക്കാന്‍ തുടങ്ങി. ആലോചനയോടെ അന്‍വര്‍ അയാളെ പിന്തുടര്‍ന്നു.
(തുടരും....)
Content Highlights: sports thriller, crime investigation soccer novel, fiction
Published: 13 Feb 2025, 09:01 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented