പത്രസമ്മേളനം കഴിഞ്ഞതോടെ ചാനലുകള്‍ ചൂടന്‍ സംഭവത്തിന്റെ അണിയറകഥകളിലേക്കും ചര്‍ച്ചകളിലേക്കും പോകാന്‍ തുടങ്ങി. ബോബു കസേരയില്‍ നിന്നെഴുന്നേറ്റ് മുറിയില്‍ നടക്കാന്‍ തുടങ്ങി. മാര്‍ട്ടി തന്റെ ജോലിയില്‍ വ്യാപൃതനായതോടെ മുറിയില്‍ മൗനം നിറഞ്ഞു. 
അയാള്‍ ജനലിനടുത്തേക്ക് ചെന്നു. ദൂരെ കേപ് ടൗണ്‍ സ്റ്റേഡിയത്തിന് ചുറ്റും നിറയെ വാഹനങ്ങള്‍ പൊട്ടുപോലെ കാണാം. അവിടെ ക്രിക്കറ്റ് മാച്ച് ഉണ്ടെന്ന് തോന്നുന്നു. മനസില്‍ ആശങ്കകള്‍ നിറയുന്നു. പോലീസ് സംഭവത്തെ പ്രസ്റ്റീജ് ഇഷ്യുവായാണ് കാണുന്നത്. താന്‍ വിചാരിച്ചതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോവുകയാണ്. പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇത്രയും പുകിലുണ്ടാകുമായിരുന്നില്ല. പണവും കിട്ടും പോലീസിന് പബ്ലിക്കായി അന്വേഷണം നടത്താനും കഴിയില്ല. ഇപ്പോഴതല്ല സ്ഥിതി. ഭാവി പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കില്‍ അകത്താകാനും സാധ്യതയുണ്ട്. ആ ദേവും സംഘവും ചില്ലറക്കാരല്ല. പലവട്ടം നേരിയ വ്യത്യാസത്തിനാണ് അവരില്‍ നിന്ന് രക്ഷപ്പെട്ടത്. അയാള്‍ മനസില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. എന്നിട്ട് മാര്‍ട്ടിക്കടുത്തേക്കെത്തി
ലാപ്‌ടോപ്പില്‍ നിന്ന് മുഖമുയര്‍ത്തി മാര്‍ട്ടി ബോബുവിനെ നോക്കി.
'നിനക്കെന്തോ പറയാനുണ്ടല്ലോ'
'ഞാന്‍ തിരിച്ചുപോയാലോ എന്ന് ആലോചിക്കുകയാ'
'നിന്റെ ഒരുമാസത്തെ വിസാകാലാവധിയുണ്ടല്ലോ.ഇപ്പോ കേസന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അവിടെ പോയി തലവെക്കണോ''.
'പോകണം മാര്‍ട്ടി. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകും. എന്നെ തിരിച്ചറിഞ്ഞാല്‍ പിന്നെ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകും. അവര്‍ എല്ലാ വിമാനത്താവളത്തിലേക്കും അറിയിപ്പ് നല്‍കും. കേന്ദ്രസര്‍ക്കാറിന് കൂടി താല്‍പ്പര്യമുള്ള കേസായതിനാല്‍ ഇവിടെ അടക്കം സേഫല്ല. അല്ലെങ്കില്‍ പിന്നെ പിടികൂടാന്‍ പറ്റാത്ത ഏതെങ്കിലും ചെറിയ രാജ്യങ്ങളിലേക്ക് പോകണം. പണം കിട്ടിയിരുന്നെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല. ഇപ്പോ എല്ലാം പ്രശ്‌നമാണ്'.
'പണം നീ പ്രശ്‌നമാക്കണ്ട, ബട്ട് സേഫ്റ്റി നോക്കണം.
എന്താണ് നിന്റെ പ്ലാന്‍'.
'കൊല്‍ക്കത്തയിലേക്ക് പോകണം. അതാണല്ലോ ഇടത്താവളം. ദാസ് ഗുപ്തയുടെ ഗല്ലി സേഫാണ്. അവിടേക്ക് അത്രപെട്ടെന്ന് പോലീസിനൊപ്പം കയറാന്‍ പറ്റില്ല. കേസ് പ്ലേ ഡൗണ്‍ അയാല്‍ പുറത്തിറങ്ങാം. ഗുപ്തയെ വിളിക്കണം. നമ്മള്‍ ഈ ഓപ്പേേറഷന് ഉപയോഗിച്ച നമ്പറുകളും ഫോണുകളുമെല്ലാം അയാള്‍ സംഘടിപ്പിച്ചു തന്നതാണ്. ഓപ്പറേഷന്‍ പാളിയ വിവരം അറിഞ്ഞു കാണും. വിളിച്ചതിന് ശേഷം ബാക്കി പ്ലാന്‍ ചെയ്യാം. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഇവിടം വിടണം'.
'എന്നാ നീ പ്ലാന്‍ ചെയ്യ്. ഓകെ ആയാല്‍ നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം'.

To advertise here,

ബോബു  ഫോണുമായി ബാല്‍ക്കണിയിലേക്ക് നടന്നു.

----------------

ഇന്നോവ കലൂര്‍ സ്‌റ്റേഡിയം ജംഗ്ഷന്‍ പിന്നിട്ടപ്പോഴും ദേവ് ബീരേന്ദ്ര സിങിന്റെ ട്രബിള്‍ഷൂട്ടിങ് മികവിനെപ്പറ്റി ആലോചിക്കുകയായിരുന്നു. പത്രസമ്മേളനത്തില്‍ എത്ര അനായാസമായാണ് ആ മുകുന്ദനെ കൈകാര്യം ചെയ്തത്. താന്‍ വിയര്‍ത്തുപോയ സമയത്താണ് രക്ഷകനായി ഐ.ജി. ഇടപെട്ടത്.
'അന്‍വര്‍ നീ ബീരേന്ദ്രസാറിന്റെ  ഇടപെടല്‍ ശ്രദ്ധിച്ചോ.'.
'ഇല്ല സാര്‍, പത്രസമ്മേളനം കണ്ടിരുന്നു. എന്നാല്‍  അവസാനഭാഗമായപ്പോള്‍ ഒരു കോള്‍ വന്നു. അത് അറ്റന്‍ഡു ചെയ്യാന്‍ പുറത്തു പോയി'.
'ആ മുകുന്ദന്‍ ഇല്ലേ, അയാള്‍ ഈ കേസിനെ തീവ്രവാദവുമായി കണക്ട് ചെയ്ത്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പൊക്കി പിടിച്ചു വന്നു'.

'എന്നിട്ട്...'
മാസികയുടെ കോപ്പി കൂട്ടാനാണെങ്കില്‍ അങ്ങനെ വേണേല്‍ എഴുതിക്കോളൂ, അടുത്ത ലക്കം ഇറങ്ങുന്നതിന് മുമ്പ് പോലീസ് പ്രതികളെ പൊക്കിയിരിക്കുമെന്ന് ബീരേന്ദ്രസാര്‍.. അതില്‍ നമുക്കൊരു പണി ഇരിപ്പുണ്ടെങ്കിലും അതോടെ മുകുന്ദന്‍ ഫ്‌ളാറ്റ്. അല്ലെങ്കില്‍ അയാള്‍ പറഞ്ഞതിന്റെ പിന്നാലെ മറ്റ് പത്രക്കാരും പോകും. നമ്മള്‍ പ്രഷറിലുമാകും.
'ആ മാസികയുടെ അടുത്തലക്കം ഇറങ്ങാന്‍ കഷ്ടി രണ്ടാഴ്ച്ച കാണും. അതിനുള്ളില്‍ പിടിക്കാന്‍ പറ്റുമോ'.

'പറ്റും അന്‍വറെ.. നമ്മള്‍ റൈറ്റ് ട്രാക്കിലാണ്''.

പെട്ടെന്ന് അന്‍വറിന്റെ ഫോണ്‍ ശബ്ദിച്ചു
'യേസ്' 
ആണോ, ഗുഡ്, എന്റെ ഓഫീസിലേക്ക് പോരു... കമ്മീഷണര്‍ സാര്‍ എന്റെ കൂടെയുണ്ട്. ഓ.കെ'. 
അന്‍വര്‍ ഫോണ്‍ കട്ടാക്കി.

'ആരാ അന്‍വറെ'

എയര്‍പോര്‍ട്ടില്‍ നിന്ന്  എസ്.ഐ സത്യനാണ് വിളിച്ചത്. അവര്‍ ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതുമായി ഓഫീസിലേക്ക് വരുന്നുണ്ട'്.
'അന്‍വര്‍ നമ്മുടെ കിഷന്‍ എപ്പോഴെത്തും'
'രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ, സാര്‍'
'ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരുടെ പട്ടികയില്‍ സംശയിക്കത്തവര്‍ ഉണ്ടെങ്കില്‍ അവരുടെ ഒരു മുന്‍ഗണനാ പട്ടികയുണ്ടാക്കൂ. വണ്‍ വീക്കിലെ പാസഞ്ചേഴ്‌സിന്റെ കാര്യമായതിനാല്‍ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. എല്ലാവരുടേയും വിവരം ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സംഘടിപ്പിക്കല്‍ എളുപ്പമാകില്ല. നമ്മുടെ സംഭവത്തിന്റെ ഏകദേശം നാല് ദിവസം മുമ്പ് വരെയുളള യാത്രകളെ കൂടുതല്‍ ഫോക്കസ് ചെയ്യണം. സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ ഒഴിവാക്കാം. പിന്നെ ഒരു 20 വയസിന് താഴെയുള്ളവരും ആദ്യ റൗണ്ടില്‍ വേണ്ട. അയാളുടെ സംസാരഭാഷ നമ്മുടേതൊക്കെ പോലെയാണ്. പുതിയ പിള്ളേരുടെ ഭാഷയിലെ പദങ്ങളൊന്നും അതില്‍ വരുന്നില്ല. അതിനൊപ്പം സംസാരത്തിന് നല്ല തെളിച്ചമുണ്ട്. സോ ആത്യാവശ്യം വിദ്യാഭ്യാസം ഉളളതുമാകാം. ഒരു പക്കാ ക്രിമിനലിന്റെ ഇടപെടല്‍ അല്ല ഉണ്ടായിട്ടുള്ളത്, ഇത്രയും ഡീറ്റെയ്ല്‍സ് വെച്ചാകണം പട്ടിക തയ്യാറാക്കേണ്ടത്. എന്നിട്ട് അവരുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിക്കണം. അതില്‍ സംശയിക്കാന്‍ എന്തെങ്കിലും ഉള്ളവരെ കണ്ടെത്തിയിട്ട് വേണം എന്നെ കാണാന്‍'. ദേവ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി.
ഇന്നോവ കമ്മീഷണര്‍ ഓഫീസിലേക്ക് തിരിഞ്ഞു. ദേവ് ഓഫീസിലേക്ക് കയറുമ്പോളാണ് സി.ഐ. മോഹനന്റെ വിളി വന്നത്. കോളനി വരുന്ന ഭാഗത്തെ മൊബൈല്‍ ടവറിലെ കോളുകള്‍ പരിശോധിച്ചതിന്റെ വിവരം ധരിപ്പിക്കാനായിരുന്നു വിളി. മോഹനനോട് ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടതിന് ശേഷം ദേവ് അകത്തേക്ക് കയറി.

ഇതുവരെയുള്ള സംഭവങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ടട്. അയാള്‍ വീതിയേറിയ റൈറ്റിങ് പാഡെടുത്ത് അന്നത്തെ സംഭവങ്ങള്‍ ഓരോന്നായി എഴുതി. ഇനി വരാനുള്ള വിവരങ്ങള്‍ മാര്‍ക്ക് ചെയ്തുവെച്ചു. വിമാനയാത്രക്കാരുടേയും കിഷന്റേയും ഫോണ്‍ കോളിന്റേയും വിവരം വരുന്നതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിപ്പിക്കാം. പിന്നെ ക്വിക്ക് ആക്ഷനായിരിക്കും വേണ്ടി വരിക. അതിനുള്ള ഒരുക്കം നടത്തണം. പ്രത്യേക സംഘത്തെ ആക്ഷന്‍ കാര്യങ്ങള്‍ക്കായി നിയോഗിക്കേണ്ടി വരും. അന്‍വര്‍ വന്നിട്ട് അക്കാര്യം പ്ലാന്‍ ചെയ്യാം. അയാള്‍ മനസില്‍ കാര്യങ്ങള്‍ രൂപ്പെടുത്തി.
'സാര്‍', മോഹനന്‍ വാതിലില്‍ മുട്ടിയശേഷം അകത്തേക്ക് കയറി സെല്യൂട്ട് ചെയ്തു.
'ഇരിക്ക'്, ദേവ് പറഞ്ഞു.
മോഹനന്‍ ഫയലില്‍ നിന്ന് കോള്‍ലിസ്റ്റ് എടുത്തശേഷം ദേവിന് കൈമാറി.
അതില്‍ ചുവപ്പുമഷി കൊണ്ട് അടയാളപ്പെടുത്തിയ നമ്പറുകള്‍ ദേവ് പരിശോധിച്ചു. 
സാര്‍, അടയാളപ്പെടുത്തിയത് പല കാര്യങ്ങളാല്‍ സംശയിക്കത്തവിധമുള്ള നമ്പറുകളാണ്. അതെല്ലാം ട്രെയ്‌സ് ചെയ്യുന്നുണ്ട്.
അതിലൊരു നമ്പര്‍ ഇന്ററസ്റ്റിങാണ് സാര്‍.
എന്താ,,
അതില്‍ നിന്ന് രണ്ട് മെസേജുകളാണ് പോയിട്ടുള്ളത്. അതും വാട്‌സാപ്പില്‍. നമ്മുടെ സംഭവം നടന്ന മണിക്കൂറുകളിലാണ് അതെല്ലാം. ആദ്യത്തെ മേസേജ് 6.03 നാണ്, രണ്ടാമത്തെ മെസേജ് 6.50നും. 
ഗുഡ് മോഹനന്‍. ഇത് നല്ലൊരു ലീഡാണ്. ഈ നമ്പര്‍ ട്രെയ്‌സ് ചെയ്യണം. മാക്‌സിമം ഡീറ്റെല്‍സ് എടുക്കണം. കാരണം. എനിക്ക് ആ ഫോട്ടോ മെയിലില്‍ കിട്ടുന്നത് 6.10 ന്റെയുള്ളിലാണ്, സോ ഇതു രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം കാണും. മോഹനന്‍ എത്രയും വേഗം ആ നമ്പറിന്റെ ഉടമയെ കണ്ടുപിടിക്കൂ. സൈബര്‍ സെല്ലിലെ രാജീവിന്റെ സഹായം തേടാം. ഞാന്‍ വിളിച്ചുപറഞ്ഞോളാം'.
'ഓ.കെ സാര്‍, മോഹനന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.
കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. ദേവ് ആശ്വാസത്തില്‍ കേസരയിലേക്ക് ചാഞ്ഞിരുന്നു.

'ഏതാണ്ട് അയ്യായിരത്തിലധികം യാത്രക്കാര്‍ ഒരാഴ്ച്ചക്കുള്ളില്‍ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നായി ദക്ഷിണാഫ്രിക്കയിലേക്ക് പോയിട്ടുമുണ്ട്. ഏഅതില്‍ തന്നെ മലയാളികള്‍ 366 പേരുണ്ട്. കൊച്ചിയില്‍ നിന്ന് തന്നെ 88 പേര്‍ പോയിട്ടുണ്ട്. എല്ലാവരുടേയും മുഴുവന്‍ വിവരം അത്രപെട്ടെന്ന് കിട്ടില്ല. കമ്മീഷണര്‍ സാര്‍ പറഞ്ഞ പോയന്റുകള്‍ വെച്ച് 25 പേരുടെ ഒരുപട്ടിക പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട് സാര്‍'. എയര്‍പോര്‍ട്ട് സി.ഐ. ജസീം അന്‍വറിന് പട്ടിക കൈമാറിയ ശേഷം പറഞ്ഞു.
'എടോ, വേണ്ടിവന്നാല്‍ ആ ആയിരമെണ്ണവും നമ്മള്‍ പരിശോധിക്കും. ഫയല്‍ തുറന്ന് അന്‍വര്‍ പറഞ്ഞു.
ഇത് ആ ബ്രോക്കറല്ലേടോ' 
'അതേ സാര്‍ ബോബന്‍ ബാബു'. പട്ടികയിലെ ആദ്യപേരില്‍ തന്നെ അന്‍വര്‍ ഉടക്കിനിന്നു.
'സാറെ ടൗണിലെ ക്രിമിനല്‍ സംഘങ്ങളുമായെല്ലാം ഇയാള്‍ക്ക് ബന്ധമുണ്ട്. പല കളികളുടേയും പിന്നില്‍ ഇയാളാണ്. എന്നാല്‍ ഒറ്റ കേസും അയാളുടെ പേരിലില്ല. പണ്ട് ടൗണ്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമുളള ജസീം കാര്യങ്ങള്‍ വിശദീകരിച്ചു'.

More Stories: നോവലിന്റെ മുൻലക്കങ്ങൾ വായിക്കാം

'ഇയാളെന്തിനാ സൗത്ത് ആഫ്രിക്കയിലേക്ക് കെട്ടിയെടുത്തത'്. 
'അത് അന്വേഷിക്കാന്‍ ആളെ വിട്ടിട്ടുണ്ട'്. 
അന്‍വര്‍ പട്ടിക ഓടിച്ചുനോക്കിയ ശേഷം തിരികെ നല്‍കി. 
'ഇതിലെ ആളുകളെപ്പറ്റി അന്വേഷിക്ക്. കമ്മീഷണറുടെ നിര്‍ദ്ദേശമുണ്ട്. എത്രയും പെട്ടെന്ന് വിവരം ലഭിക്കണം. എന്തെങ്കിലും അസ്വഭാവികമായി കണ്ടാല്‍ പെട്ടെന്ന് വിവരമറിയിക്കണം. ആളുകളുടെ ഡീറ്റെയ്ല്‍സ് കിട്ടിയാല്‍ കമ്മീഷണറെ കാണാം. പറ്റിയാല്‍ ഇന്ന് തന്നെ വിവരങ്ങളെടുത്ത് റിപ്പോര്‍ട്ടുണ്ടാക്ക്'. അന്‍വര്‍ ജസീമിനോടായി പറഞ്ഞു.
എന്നിട്ട് കമ്മീഷണറെ വിളിക്കാന്‍ ഫോണെടുത്തു.

(തുടരും...)