ബൊലേറോ നിര്‍ത്തി ഡ്രൈവര്‍ വിളിച്ചപ്പോഴാണ് ബോബു ഉണര്‍ന്നത്. അയാള്‍ പുറത്തേക്കിറങ്ങി. കൊല്‍ക്കത്ത നഗരത്തില്‍ തന്നെയുള്ള ദാസ് ഗുപ്തയുടെ ഇടത്താവളമാണത്. അല്‍പ്പം മുന്നോട്ടുനടന്ന ശേഷം ഇടത്തോട്ടുള്ള ചെറിയ വഴിയിലേക്ക് തിരിഞ്ഞു. മുമ്പ് രണ്ട് തവണമാത്രമാണ് ഇവിടെ വന്നിട്ടുള്ളതെന്ന് അയാളോര്‍ത്തു. പഴയ നിരവധി കെട്ടിടങ്ങളുള്ള ഏരിയയാണിത്. നൂറുകണക്കിന് പേര്‍ തിങ്ങിപാര്‍ക്കുന്നയിടം. കൊല്‍ക്കത്ത ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമെ ദൂരമുളളു. മങ്ങിയ മഞ്ഞപെയിന്റടിച്ച കെട്ടിടത്തിനുള്ളിലേക്ക് ബോബു കയറി. മരത്തിന്റെ കോണിപ്പടികളിലൂടെ മൂന്നാം നിലയിലെത്തി. 

To advertise here,

ദാസ് ഗുപ്തയുടെ നിയന്ത്രണത്തിലുളളതാണ് ആ കെട്ടിടം. അയാളുടെ ഡീലുകള്‍ നടക്കുന്നത് ആ കെട്ടിടത്തില്‍ വെച്ചാണ്. ബോബു ഇടത്തേക്ക് തിരിഞ്ഞ് നാലാമത്തെ മുറിയുടെ വാതിലില്‍ മുട്ടി. ഒരു ചെറുപ്പക്കാരനാണ് വാതില്‍ തുറന്നത്. ബോബു അകത്തേക്ക് കയറി. ബാഗ് മേശയില്‍ വെച്ചശേഷം ഷര്‍ട്ടൂരി അയയിലേക്കിട്ടു. എന്നിട്ട് കട്ടിലില്‍ ഇരുന്നു.
''സാബ് ഒരുമണിക്കൂറാകുമ്പോഴേക്കും വരും. ചെറുപ്പക്കാരന്‍ പറഞ്ഞു''. 
ബോബു ഒന്നും മിണ്ടിയില്ല. അയാള്‍ കട്ടിലിലേക്ക് ചാഞ്ഞിരുന്ന ശേഷം ഫോണെടുത്തു. റുവാലയുടെ വിളി ഇതുവരെ വന്നിട്ടില്ല. ടെന്‍ഷന്‍ കയറി മനസ് കൈവിട്ടുപോകുന്നത് പോലെ... ദാസ് ഗുപ്ത വരട്ടെ എന്നിട്ട് അടുത്ത പദ്ധതി ആലോചിക്കാം..
''സാര്‍, ഭക്ഷണം വേണോ..'' ചെറുപ്പക്കാരന്‍ ചോദിച്ചു.
''വേണ്ട..''
''ഞാന്‍ പോയി കഴിച്ചു വരാം..''
ഓ.കെ. 
മറുപടി ലഭിച്ചപ്പോള്‍ അവന്‍ പുറത്തേക്കിറങ്ങി. വാതില്‍ ചാരിയശേഷം കോണിപ്പടികളിറങ്ങി.ബോബു ഫോണ്‍ കട്ടിലില്‍ വെച്ചശേഷം നീണ്ടു നിവര്‍ന്നു കിടന്നു.

ബീരേന്ദ്രയുടെ സംസാരം നീണ്ടുപോകുന്നതില്‍ ദേവ് അസ്വസ്ഥനായി. സി.എമ്മുമായുളള കോള്‍ അരമണിക്കൂറായി.  അയാള്‍ വാച്ചില്‍ നോക്കി മനസ്സില്‍ പറഞ്ഞു.
പോലീസ് ഫോഴ്‌സില്‍ സി.എമ്മിന്റെ വിശ്വസ്തനാണ് ബീരേന്ദ്ര. അയാളുടെ നയതന്ത്രജ്ഞതയും ട്രബിള്‍ഷൂട്ടിങ് മികവും തന്നെ കാരണം. എന്നാല്‍ സി.എമ്മിനോടുള്ള അടുപ്പം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ബീരേന്ദ്ര ഉപയോഗിക്കാറില്ലെന്നും ദേവ് ഓര്‍ത്തു.

''ദേവ്...'' ബീരേന്ദ്രയുടെ വിളികേട്ട് ദേവ് പെട്ടെന്ന് ഐ.ജിയുടെ അടുത്തേക്ക് നടന്നു.

''സാര്‍..'' അയാള്‍ ഐ.ജിയുടെ അടുത്തെത്തി.
ദേവ് ചെറിയൊരു പ്രശ്‌നമുണ്ട്.
ദേവ് ആകാംഷയോടെ ഐ.ജിയെ നോക്കി. 
''വാ.. പറയാം''.
ബീരേന്ദ്രയും ദേവും കമ്മീഷണര്‍ ഓഫീസിന്റെ ഒന്നാം നിലയിലെ വടക്കുഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നു. 
''ദേവ്, റുവാലയെ പിടിച്ചതും ആന്റണി കൊല്‍ക്കത്തയിലുള്ളതുമൊക്കെ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ സി.എമ്മിനെ അറിയിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിലും കേസ് കണ്ടെത്തിയതിലും സി.എം ഹാപ്പിയാണ്. കമ്മീഷണറെ തന്റെ അഭിനന്ദനം അറിയിക്കണമെന്ന് പ്രത്യേകം പറഞ്ഞു''.
''സാറിന് എന്നോട് എന്തോ കാര്യമായി പറയാനുണ്ടല്ലോ..'' ദേവ് ചിരിയോടെ ഐ.ജി.യോട് പറഞ്ഞു.
''യേസ്. ഞാന്‍ അതിലേക്കാണ് വരുന്നത്.
ഈ കേസില്‍ സി.എമ്മിന് ചില താല്‍പ്പര്യങ്ങളുണ്ട്. അതാണിപ്പോള്‍ പറഞ്ഞത്. ദേവിനറിയാലോ സി.എമ്മിന്റ രണ്ടാമത്തെ മകന്‍ നവീനെ. അച്ഛനെ പോലെ രാഷ്ട്രീയമല്ല അയാളുടെ മേഖല. ബിസിനസ്സാണ്. ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്നുകിടക്കുന്നതാണ് അവരുടെ ബിസിനസ് സാമ്രാജ്യം''.
''സാര്‍ പറഞ്ഞു വരുന്നത''
''ദേവ് ഗ്രീന്‍ലീഫ് എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടുണ്ടോ..''
''അടുത്തിടെ എവിടെയോ വായിച്ചിട്ടുണ്ട്. ശരിക്കും ഓര്‍മ കിട്ടുന്നില്ല.''
''വായിക്കാന്‍ സാധ്യതയുണ്ട്. ബീരേന്ദ്ര ചിരിയോടെ പറഞ്ഞു. കമ്പനിയുടെ പ്രധാനമേഖല റിയല്‍ എസ്റ്റേറ്റാണ്. കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും പ്രധാന ഭൂമിയിടപാടുകളില്‍ ഇവരുടെ പങ്കാളിത്തമുണ്ട്. നവീന്‍ ഈ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. ഗ്രീന്‍ലീഫ് റിയല്‍ എസ്റ്റേറ്റിന് പുറമെ പ്രധാനമായും ശ്രദ്ധവെക്കുന്ന മറ്റൊരു മേഖല നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഏറ്റെടുക്കലാണ്. അവര്‍ക്ക് നല്ല മാനേജ്‌മെന്റ് ടീമുണ്ട്. എന്നിട്ട് അവയെ ലാഭത്തിലാക്കി വില്‍ക്കുക. അത് ലോങ് ടേം ഇന്‍വെസ്റ്റ്‌മെന്റ് പ്രോജക്ടാണ്''
''സാര്‍ അതും ഈ കേസുമായി ബന്ധം''.
''ദേവിന് ലക്ഷ്മി എന്റര്‍പ്രൈസസിനെ അറിയുമല്ലോ, അതിന്റെ ഉടമ നാഗരാജുവിനേയും''.
''യേസ് സാര്‍,നാഗരാജുവിന്റെ മകന്‍ അജിത്തല്ലേ സതേണ്‍ യുണൈറ്റഡിന്റെ ഉടമ''.
''അതേ, അവരുടെ ഫാമിലി കര്‍ണാടക ബെയ്‌സ്ഡാണ്. പരമ്പരാഗതമായി ബിസ്‌നസ് ഫാമിലിയാണ് അവരുടേത്. സതേണിനെ അഞ്ച് വര്‍ഷം മുമ്പാണ് അവര്‍ വാങ്ങുന്നത്. എന്നാല്‍ ആ കച്ചവടത്തില്‍ മറ്റൊരു ഗ്രൂപ്പ് കൂടി അവരുടെ പുറകിലുണ്ട്. അതാണ് ഗ്രീന്‍ലീഫ്. സതേണിന്റെ ഓഹരികളില്‍ 60 ശതമാനവും നാഗരാജുവിന്റേയും അജിത്തിന്റേയും കൈയ്യിലാണ്. അതുകൊണ്ടാണ് അവര്‍ ക്ലബ്ബുടമകളുടെ മുഖമായി മാറുന്നത്. ഗ്രീന്‍ലീഫിന് 30 ശതമാനം ഓഹരിയുണ്ട്. പത്ത് ശതമാനം പഴയ ഉടമകളുടെ കൈയ്യിലാണ്.

കഴിഞ്ഞ കൊല്ലം സതേണ്‍ ഇന്ത്യന്‍ ലീഗ് ചാമ്പ്യന്‍മാരായതോടെ ക്ലബ്ബിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത്തവണ എ.എഫ്.സി മത്സരം കളിച്ചതോടെ ബ്രാന്‍ഡ്മൂല്യവും ഉയര്‍ന്നു. ഇനി ഒരുവര്‍ഷം കൂടി ഇതേനിലവാരം നിലനിര്‍ത്തിയാല്‍ ക്ലബ്ബിന്റെ മൂല്യം കൂടും. നിലവില്‍ സതേണിനെ വാങ്ങാനും നിക്ഷേപം നടത്താനുമായി വമ്പന്‍ കമ്പനികള്‍ രംഗത്തുണ്ട്. ഗ്രീന്‍ലീഫിന്റെ പ്ലാന്‍ അടുത്ത സീസണോടെ അവരുടെ ഓഹരികള്‍ വില്‍ക്കാനാണ്. അവര്‍ ഇതുവരെ ക്ലബ്ബിനായി മുടക്കിയതിന്റെ ഇരട്ടിതുക അപ്പോഴേക്കും കിട്ടുമെന്നാണ് പ്രതീക്ഷയും. ദേവ് അവിടെയാണ് സി.എമ്മിന്റെ താല്‍പ്പര്യവും. മകന്റെ ബിസ്‌നസ് പ്ലാന്‍ തകര്‍ക്കാന്‍ സ്‌നേഹസമ്പന്നനായ അച്ഛന്‍ തയ്യാറാകില്ലല്ലോ. റുവാല ഈ കേസില്‍ ഉള്‍പ്പെട്ടവിവരം പുറത്തുവന്നാല്‍ അത് ക്ലബ്ബിനെ സാരമായി ബാധിക്കും. ബ്രാന്‍ഡ് മൂല്യം ഇടിയും. ഗ്രീന്‍ലീഫ് കമ്പനിയുടെ പദ്ധതി തകരാനും കാരണമാകും. കോടികളുടെ നഷ്ടമാകും നവീനും സംഘത്തിനുമുണ്ടാകുക. 
ദേവ്... റുവാല ഒരിക്കലും പ്രതിപട്ടികയില്‍ വരരുതെന്നാണ് സി.എം. നല്‍കിയ നിര്‍ദ്ദേശം''.

സാര്‍ , അതെങ്ങനെ 
ദേവ്. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരും. അതറിയാലോ. എല്ലാം ശരിയായ ട്രാക്കില്‍ നടക്കണം എന്ന് നമുക്ക് ആഗ്രഹിക്കാം. എന്നാല്‍ നടപ്പാക്കാന്‍ കഴിയണം എന്നില്ലല്ലേ''. 
''എന്നാലും സാര്‍, ഇത്ര കഷ്ടപ്പെട്ട്..'' നിരാശയുടെ ആഴത്തിലേക്ക് വീണ ദേവിന് മുഴുമിപ്പിക്കാനായില്ല

''കൂള്‍ ഡൗണ്‍ മൈ ബോയ്.. ഇത്തരം സംഭവങ്ങള്‍ സര്‍വീസില്‍ ആദ്യമല്ലല്ലോ. ഇതിപ്പോ സി.എം. തന്നെ നേരിട്ട് ഇടപ്പെട്ട സ്ഥിതിക്ക് നമുക്ക് ഒന്നും ചെയ്യാനില്ല. പിന്നെ ഈ വിവരങ്ങള്‍ നമ്മള്‍ മൂന്ന് പേരും പിന്നെ സി.എമ്മും മാത്രമെ അറിയൂ. അത് ഇനി ഒരാള്‍ കൂടി അറിയാനും പാടില്ല..'' 
''അപ്പോ സാര്‍ ഞാന്‍ എന്താ ചെയ്യേണ്ടത്''
''ദേവ്, റുവാല പഴയതുപോലെ പരാതിക്കാരനായി തുടരും. കേസില്‍ ആന്റണി വര്‍ഗീസ് മുഖ്യപ്രതി''.

''അയാള്‍ കൊല്‍ക്കത്തയില്‍ എത്തിക്കാണും. ആന്റണിയെയെങ്കിലും പിടിക്കണ്ടേ സാര്‍''.
''ദേവ് അതിന് ഇനി നമ്മള്‍ മെനക്കേടേണ്ടതില്ല''. 
''സാര്‍ പറഞ്ഞുവരുന്നത്'', 
''ദേവ്, ഈ ഗ്രീന്‍ലീഫ് കമ്പനിയുടെ എം.ഡി  രഞ്ജന്‍ അധികാരിയാണ്. ഈ രഞ്ജന്‍ ആരാണെന്ന് അറിയാമോ. ബംഗാള്‍ മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ ധനമന്ത്രി ബിദ്യാസാഗര്‍ അധികാരിയുടെ മൂത്ത മകന്‍. വിവരങ്ങള്‍ സി.എമ്മും നവീനും വഴി ബംഗാളിലേക്ക് അപ്‌ഡേറ്റ് ചെയ്തു കാണും. ആന്റണി കൊല്‍ക്കത്തയില്‍ എത്തിയതടക്കമുള്ള കാര്യങ്ങള്‍.  
പിന്നെ ഒരുകാര്യം കൂടി. ഈ രഞ്ജന്റെ പ്രധാന ശിങ്കിടിയാണ് റുവാല പറഞ്ഞ ദാസ് ഗുപ്ത. ആന്റണിയുടെ ബോസ്. രഞ്ജന്‍ പറഞ്ഞാല്‍ അയാള്‍ക്ക് ആന്റണിയെ കൈവിടുകയല്ലാതെ മാര്‍ഗ്ഗമുണ്ടാകില്ല''.
''ഈ കേസില്‍ അങ്ങനെയൊരു ബംഗാള്‍ കളി കൂടിയുണ്ടല്ലേ..'' മുഖം കറുപ്പിച്ചാണ് ദേവ് ബീരേന്ദ്രയോട് മറുപടി പറഞ്ഞത്.
''ദേവ്. അയാം ഹെല്‍പ്പ്‌ലെസ്. എന്നോട് തന്നെ സി.എം. ഇപ്പോഴാണ് ഈ വിവരങ്ങള്‍ പറയുന്നത്''
''ഒ.കെ സാര്‍. ഞാന്‍ എന്താണ് ചെയ്യേണ്ടത്'. സാര്‍ പറയുന്നത് പോലെ ചെയ്യാം. എന്നിട്ട് എനിക്ക് കുറച്ചുദിവസം ലീവ് വേണം''.
''എന്താ വല്ല വനവാസത്തിന് പോകുകയാണോ. ബീരേന്ദ്ര രംഗം തണുപ്പിക്കാല്‍ തമാശയായിട്ടാണ് മറുപടി നല്‍കിയത്. എന്നിട്ട് തുടര്‍ന്നു.
ദേവ്, കേസില്‍ പഴയതുപോലെ റുവാല പരാതിക്കാരനായി തുടരും. ഇപ്പോ അയാള്‍ സംസാരിച്ച കാര്യങ്ങള്‍ നമ്മള്‍ സ്‌കിപ്പ് ചെയ്യും. ആന്റണിയും അയാളും തമ്മിലുള്ള ബന്ധം ഒരിക്കലും പുറത്തുവരാത്ത രീതിയില്‍ കേസ് ഫ്രെയിം ചെയ്യണം. ആന്റണിയെ കിട്ടിയാല്‍ തന്നെ അയാള്‍ക്കും റുവാല കേസില്‍ പെടാതിരിക്കാനാകും താല്‍പര്യം. അങ്ങനെ വരുമ്പോള്‍ നമ്മളും സേഫാകും. കിഡ്‌നാപ്പിന് ആന്റണിയുടെ വ്യക്തിപരമായ ആവശ്യങ്ങളാകും കാരണം. കൊല്‍ക്കത്തയില്‍ നിന്ന് ആന്റണിയെ പൊക്കി ഇവിടെ എത്തിക്കാനുള്ള ഏര്‍പ്പാട് സി.എം. ചെയ്യുന്നുണ്ട്.
''ഒ.കെ.സാര്‍..'' ദേവ് അര്‍ധമനസോടെ പറഞ്ഞു. എന്നിട്ടയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. അപ്പോള്‍ ബീരേന്ദ്രയുടെ ഫോണില്‍ റിംഗ് മുഴങ്ങി.
''സാര്‍'', ബീരേന്ദ്രയുടെ ശബ്ദം ദേവ് കേട്ടു.
''സാര്‍, അത്, സാര്‍ പ്ലീസ്...''
ദേവ് നടത്തം നിര്‍ത്തി. ആരാണ് ബീരേന്ദ്രയെ വിളിക്കുന്നത് . സി.എമ്മോ അതോ ഡി.ജി.പി.യോ.. 
''ഓ.കെ, സാര്‍..''
''ദേവ്...'' ബീരേന്ദ്ര വിളിച്ചു.
ദേവ് അയാളെ നോക്കി. ഐ.ജിയുടെ മുഖം ചുവന്നിരിക്കുന്നു. അയാള്‍ പൊടുന്നനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് വീണതായി ദേവിന് തോന്നി,
''ദേവ്.... നിന്നോട് എനിക്ക് പറയാതിരിക്കാനാവില്ല. സ്ട്രിക്ടിലി കോണ്‍ഫിഡന്‍ഷ്യല്‍..''
''എന്താണ് സാര്‍..''
''മണിക്കൂറുകള്‍ക്കുളളില്‍ ആന്റണി വര്‍ഗീസിനെ കൊല്‍ക്കത്ത പോലീസ് പിടികൂടും... 
എന്നിട്ട് മുഖം താഴ്ത്തി ബീരേന്ദ്ര മെല്ലെ പറഞ്ഞു. 
ജീവനോടെയാകില്ലെന്നു മാത്രം... സോറി...''
ആ വാക്കുകള്‍ പതിയെയായിട്ടും അതിന്റെ ആഘാതത്തില്‍ ദേവ് ഞെട്ടിത്തരിച്ചു. അവിശ്വസനീയതയോടെ അയാള്‍ ഐ.ജി.യെ നോക്കി. ബീരേന്ദ്ര അയാള്‍ക്ക് മുഖം നല്‍കാതെ തിരിച്ചുനടക്കാന്‍ തുടങ്ങിയിരുന്നു.
ദേവിന് റുവാലയെ ഓര്‍മവന്നു. അയാള്‍ക്കൊപ്പം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആരവമുയര്‍ത്തിയ ആന്റണി മനസിലേക്ക് ഇരമ്പിയാര്‍ത്തുവന്നു. എന്തോ തളര്‍ച്ച തന്നെ വന്നു മൂടുന്നതായി ദേവിന് തോന്നി. അരയിലെ റിവോള്‍വറിന് കനം കൂടുന്നപോലെ..
അപ്പോള്‍ കൊല്‍ക്കത്തയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് സുധീര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദാസ് ഗുപ്തയുടെ രഹസ്യതാവളത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

(അവസാനിച്ചു)