പോലീസ് നടപടിയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയശേഷം വീണ്ടും ഉന്നതതല യോഗത്തിന് പോകുന്നതിനിടെയാണ് ദേവിന്റെ ഫോണ്‍ ശബ്ദിച്ചത്. 
''യേസ്, ഒരു മിനിറ്റ്'',
 ഫോണ്‍ കണക്ട് ചെയ്ത ശേഷം ദേവ് സ്‌റ്റേഡിയത്തിലെ ആരവങ്ങളില്‍ നിന്നൊഴിയാനായി അടുത്തുളള ഒഴിഞ്ഞ മുറിയിലേക്ക് കയറി,
''ഒ.കെ പറഞ്ഞോളൂ..'' 
''ശരി, നിങ്ങളുടെ ഡിമാന്റ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പണത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാര്‍ കാര്യം അല്ലേ.. എന്തായാലും നിങ്ങള്‍ അല്‍പ്പം വെയ്റ്റ് ചെയ്‌തേ മതിയാകൂ. ഏഴ് മണിയാകുമ്പോള്‍ നമുക്ക് സെറ്റില്‍മെന്റില്‍ എത്താനാകുമെന്നാണ് പ്രതീക്ഷ. അതുവരെ നിങ്ങള്‍ കാത്തിരിക്കണം''-
ഓ, അക്കാര്യം ഞങ്ങള്‍ക്ക് വിട്ടേക്കു..
മത്സരം അര മണിക്കൂര്‍ കൂടി വൈകിയേ തുടങ്ങൂ. സോ, അതൊരു പ്രോബ്ലം അല്ല. വലിയ തുകയായത് കൊണ്ടുളള സാങ്കേതിക പ്രശ്‌നമാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് പണം കൈമാറേണ്ടത്... ഓകെ. ഓകെ''
ഫോണ്‍ കട്ടായി. ദേവ് വേഗത്തില്‍ മീറ്റിങ് അറേഞ്ച് ചെയ്ത ഹാളിലേക്ക് നടന്നു.

To advertise here,

placeholder
അവിടെ എല്ലാവരും അക്ഷമരായിരുന്നു,  ''കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു തീരുമാനമുണ്ടാകുമോ ?...  ദേവ് കടന്നുവന്നതും മന്ത്രിയുടെ ചോദ്യം പെട്ടെന്നായിരുന്നു. ''സാര്‍, അതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്''. എടോ സമയമില്ല, ഇപ്പോ ആറര കഴിഞ്ഞു. ഇനി നമുക്കുളളത് കഷ്ടിച്ച് ഒരു മണിക്കൂര്‍, അതിനുള്ളിൽ കളിക്കാരനെ കണ്ടെത്തി കൊണ്ടുവന്ന് കളി നടത്താന്‍ പറ്റുമോ,..'' ദൈവമേ എന്തൊരു പരീക്ഷണമാണിത്, കസേരയില്‍ കയറി ആറ് മാസമായിട്ടില്ല. എല്ലാം പോകുന്ന മട്ടാണ്''. മന്ത്രി തീര്‍ത്തും നിരാശയോടെയാണ് പറഞ്ഞത്.

''സാര്‍, വറീഡാകേണ്ട കാര്യമില്ല, ബീ പോസിറ്റീവ്, എന്നാല്‍ ഇതിനെ മറികടക്കും''. ദേവ് അത്മവിശ്വാസം പ്രകടിപ്പിച്ചു.  പിന്നെ, അയാള്‍ വിളിച്ചിരുന്നു. നമ്മുടെ തീരുമാനം അറിയാന്‍. ഏഴ് മണിയോടെ ഫൈനല്‍ തീരുമാനമുണ്ടാകുമെന്നും  മത്സരം അരമണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ടെന്നും വിവരം കൊടുത്തിട്ടുണ്ട്. സോ അരമണിക്കൂര്‍ നിര്‍ണായകമാണ് ''.

''പണം കൊടുക്കാന്‍ സര്‍ക്കാര്‍ റെഡിയാണ്. അത് പറഞ്ഞ് പെട്ടെന്ന് അയാളെ മോചിപ്പിക്കാന്‍ നോക്കണ്ടേ''- മന്ത്രിയുടെ വാക്കുകളില്‍ ആശങ്ക നിറഞ്ഞിരുന്നു.

''അതല്ല സാര്‍, പണം കൊടുത്താല്‍ മോചിപ്പിക്കും എന്ന് എറെക്കുറെ ഉറപ്പായിട്ടുണ്ട്. അത് കൊണ്ടുതന്നെ താരത്തെ അപായപ്പെടുത്താനുള്ള ശ്രമമൊന്നുമുണ്ടാകില്ല. ഏത് രീതിയിലാണ് പണം കൈമാറേണ്ടതെന്ന് അവര്‍ അടുത്ത കോളില്‍ പറയും. എന്തായാലും കളിക്കാരനേയും കൊണ്ട് അവര്‍ അധികദൂരമൊന്നും പോയിട്ടുമില്ല. ഒരു ശ്രമം നടത്താനുളള സമയമാണ് ഈ അരമണിക്കൂര്‍. സാര്‍ പേടിക്കേണ്ട മത്സരം നടക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കാം''

''ദേവിനെ അവിശ്വസിക്കേണ്ട കാര്യമില്ല, അരമണിക്കൂര്‍ കൂടി കഴിഞ്ഞിട്ട് കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാം. അക്രമികളോട് പെട്ടെന്ന് കോംപ്രമൈസ് ചെയ്യേണ്ട കാര്യമില്ലെന്നാണ് എന്റേയും അഭിപ്രായം''- കലക്ടര്‍  വിപിന മോഹന്‍ ദേവിനെ പിന്തുണച്ചു.

''നിങ്ങള്‍ കലക്ടറും കമ്മീഷണറും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അങ്ങനെ നടക്കട്ടേ,, അരമണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ റിസ്‌ക് എടുക്കണ്ട. പണം കൊടുത്ത് കാര്യങ്ങള്‍ പെട്ടെന്ന് ഡീല്‍ ചെയ്യണം. എന്ത് സംഭവിച്ചാലും മത്സരം ഏഴരക്ക് നടക്കണം''. മന്ത്രി കുറച്ചു കാര്‍ക്കശ്യത്തോടെയാണ് പറഞ്ഞത്.

''ഞങ്ങള്‍ മാക്‌സിമം ശ്രമിക്കും... ടീമുകള്‍ വാം അപ്പിന് ഇറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിക്കൊള്ളൂ. ഏഴ് മണിയാകാന്‍ ആകുമ്പോഴേക്കും ഒരു ഫ്ളഡ്​ലിറ്റ് ഓഫാക്കണം. അത് വീണ്ടും കത്താന്‍ എത്ര ടൈം എടുക്കും''- അസോസിയേഷന്‍ സെക്രട്ടറിയോടായിരുന്നു ദേവിന്റെ ചോദ്യം. 
''ഓഫാക്കിയാല്‍ അര മണിക്കൂറിനുളളില്‍ മുഴുവനായി കത്തിക്കാന്‍ പറ്റും.'' 
''ഓ.കെ. എല്ലാ ലൈറ്റുകളും അണഞ്ഞാല്‍ വീണ്ടും ഓണാക്കുക. ഏഴരയോടെ കളി ആരംഭിക്കാനുള്ള രീതിയില്‍ മുന്നോട്ടുപോകുക. അതിനുളളില്‍ നമുക്ക് പ്രശ്‌നം പരിഹരിക്കാം''-

''ദേവ്''... മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ അയാള്‍ വിളി കേട്ട് തിരിഞ്ഞു നിന്നു. വിപിനയാണ്.

''എന്തെങ്കിലും തുമ്പ് ലഭിച്ചിട്ടുണ്ടോ, മീറ്റിംഗില്‍ ഇത്ര കോണ്‍ഫിന്‍ഡന്‍സ്..''  
''ഒരു തുമ്പുമില്ല മാഡം. പ്രതീക്ഷയുണ്ടായിരുന്നത് ഡോഗ് സ്‌ക്വാഡിലായിരുന്നു. ടണലില്‍ മുളക് പൊടി വിതറിയിട്ടുണ്ടെങ്കിലും ഗേറ്റിനപ്പുറം മുതല്‍ നായ മണം പിടിച്ചുപോകേണ്ടതാണ്. ഡ്രസ്സിങ് റുമിലെ റുവാലയുടെ വസ്തുക്കളില്‍ നിന്ന് മണം പിടിച്ച ഡോഗ് സ്‌ക്വാഡിലെ ബ്ലാക്കി ഗേറ്റിനടുത്ത് നിന്ന് അല്‍പ്പം ദൂരം മാത്രമാണ് പോയത്. കളി കാണാന്‍ ടിക്കറ്റ് ലഭിക്കാതെ ആയിരകണക്കിന് പേരാണ് പുറത്ത് നില്‍ക്കുന്നത്. അതാണ് ബ്ലാക്കിയെ കുഴക്കിയത്. സാധാരണ മണം പിടിച്ച് ഒന്ന് രണ്ട് കിലോമീറ്റര്‍ വരെ പോകാന്‍ ബ്ലാക്കിക്ക് കഴിയാറുണ്ട്. ഇത്രയും ആളുകളുടെ സാന്നിധ്യവും അവരുടെ ഗന്ധങ്ങളുമാകും പ്രതിസന്ധിയായിട്ടുണ്ടാവുക. ഇനി വേറെ മാര്‍ഗങ്ങള്‍ നോക്കണം.
പിന്നെ മന്ത്രിയെ ബേജാറാക്കണ്ട എന്ന് കരുതിയാണ് ഉറപ്പ് പറഞ്ഞത്.. പണം കൊടുത്താല്‍ പ്രശ്‌നം എളുപ്പത്തില്‍ പരിഹാരമാകും. നമ്മുടെ കൈയകലത്തില്‍, അത്ര എടുത്ത് ആ താരമുണ്ട്. എന്നിട്ടും പെട്ടെന്ന് ഒന്നും ചെയ്യാന്‍ പറ്റാത്തതാണ് എന്നെ അലട്ടുന്നത്. ടൈം കിട്ടിയാല്‍ നിഷ്പ്രയാസം നമ്മള്‍ കണ്ടുപിടിക്കും. പക്ഷേ 60  മിനിറ്റിനുള്ളില്‍ തീര്‍ക്കേണ്ട ഒരു ഗെയിമാണിത്. ഓരോ സെക്കന്റിനും തീവിലയുള്ള മത്സരം. ജപ്പാന്‍ ടീമിലെ സൂപ്പര്‍ താരത്തിന് സെക്കന്റിന് രണ്ട് ലക്ഷമോ മറ്റോ അല്ലേ വില. അതിനേക്കാള്‍ വിലയുളള സമയത്തിന്റെ പുറത്താണ് നമ്മളിപ്പോള്‍..''

''എന്നാല്‍ ദേവിന്റെ ടൈം  അധികം എടുക്കുന്നില്ല, എന്താവശ്യം ഉണ്ടെങ്കിലും വിളിച്ചോളു.. നമ്മുടെ സംഘം എന്തിനും റെഡിയാണ്''. 
''ഓ.കെ മാഡം''.ദേവ് കണ്‍ട്രോള്‍ റൂമിലേക്ക് നടക്കാന്‍ തുടങ്ങി.
ഇവിടെ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എത്തുമ്പോഴേക്കും വരാന്തയിലെ ഏഴ് തൂണുകള്‍ പിന്നിട്ടിരിക്കും. തൂണുകളാണ് ഈ സ്റ്റേഡിയത്തിന്റെ ഹൈലൈറ്റ്, അയാള്‍ മനസിലോര്‍ത്തു. നാലാമത്തെ തൂണ്‍ പിന്നിട്ട ദേവ് പെട്ടെന്ന് പിന്നിലേക്ക് നടന്നു. എന്നിട്ട് ആ തൂണിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. തൂണിലെ ആണിയില്‍ തൂക്കിയിട്ട ഒരു പഴയ മാല. പലനിറത്തിലുള്ള മുത്തുകള്‍ നിറഞ്ഞ്... നിലത്തുകിടന്നത് ആരോ ആണിയിലേക്ക് കൊരുത്തിയിട്ടതാകും. ദേവ് നടത്തം വീണ്ടും തുടര്‍ന്നു. 

പെട്ടെന്ന് മനസില്‍ എന്തോ കൊളുത്തിയത് പോലെ, എന്തോ ഒന്ന് കിടന്ന് കുഴഞ്ഞുമറിയുന്നു. എന്താണത്.. തൂണിലെ മാല എന്തോ ഓര്‍മ്മിപ്പിക്കുന്ന പോലെ... മനസിലൂടെ എന്തോ ഒന്ന് പാഞ്ഞുപോയ പോലെ...

യേസ്... ആ ഫോട്ടോ, അതിലൊരു മിസ്സിങ് ലിങ്കുണ്ട്. അയാള്‍ പെട്ടെന്ന് ഫോണിലെ ഗാലറി തുറന്നു. ഫോട്ടോ സൂം ചെയ്തു. 
അതേ, അതുതന്നെ റുവാല നിൽക്കുന്നതിന്റെ പുറകിലെ ചുമരില്‍ വലതുഭാഗത്തായി ഒരു മാലയുടെ ചെറിയ ഭാഗം.. അഞ്ചാറ് ചെറിയ മുത്തുകളും ഒരു ലോക്കറ്റിന്റെ ചെറിയൊരു ഭാഗവും. തിരക്കിനിടെയില്‍ ശ്രദ്ധിക്കാത്ത വിട്ട ഭാഗം. ദേവ് ആ ഭാഗം മാക്‌സിമം സും ചെയ്തു. വലിയ പ്രത്യേകതയൊന്നും ആ മാലക്കില്ല. എന്നാ ആ ലോക്കറ്റിന് വ്യത്യസ്തയുണ്ട്. മരത്തില്‍ കൊത്തിയ ജീവിയുടെ വാലും രണ്ട് കാലുകളുമാണ് കാഴ്ച്ചയിലുള്ളത്. പുലിയോ പൂച്ചയോ, പട്ടിയോ ആകാം. അത്തരം മാല ധരിക്കുന്നവരെ ആര്‍ക്കെങ്കിലും പരിചയം കാണുമോ.

placeholder
വര: മനോജ് കുമാർ തലയമ്പലത്ത്

''അന്‍വര്‍...'' കണ്‍ട്രോണ്‍ റൂമിലേക്ക് കയറിയപാടെ ദേവ് വിളിച്ചു. മോണിറ്ററില്‍ ദൃശ്യം വിലയിരുത്തുകയായിരുന്ന അന്‍വര്‍ പൊടുന്നനെയുളള വിളിയില്‍ ജാഗരൂകനായി.

''സാര്‍...'' അന്‍വര്‍ കമ്മീഷണര്‍ മുന്നില്‍ അറ്റന്‍ഷനായി.
''വാടോ..'' ദേവും അന്‍വറും റൂം വിട്ട് പുറത്തിറങ്ങി. അയാള്‍ തന്റെ കൈയ്യിലെ ഫോട്ടോയിലെ മാലയുടെ ഭാഗം അന്‍വറിനെ കാണിച്ചു.
''ഈ ഫോട്ടോ ഐഡന്റിഫൈ ചെയ്താല്‍ നമുക്ക് കുറ്റവാളികളിലേക്കുള്ള ലീഡ് കിട്ടും. അത് വെച്ച് ചിലപ്പോള്‍ കയറിപോകാം''.
''ശരിയാണ് സാര്‍. ബട്ട്....''
''യേസ്. ഒരു മാല എങ്ങനെ എന്നല്ലേ...''
''എടോ പത്രത്തിലെ വാക്കുകളുടെ ഫോണ്ട് വച്ച് വരെ നമ്മള്‍ കുറ്റവാളിയിലേക്ക് എത്തിയിട്ടില്ലേ
ഇതൊരു പ്രധാന തെളിവാണ്.. റുവാലയെ പാര്‍പ്പിച്ച വീട്ടില്‍ ഈയൊരു മാല ധരിക്കുന്ന ആരോ ഉണ്ട്. അത് കണ്ടെത്താനായാല്‍ നമുക്ക് ആ വീട്ടിലേക്കുളള വഴി തുറക്കും''.
''യേസ് സാര്‍. നമുക്ക് മാക്‌സിമ ട്രൈ ചെയ്യാം''. 

''അന്‍വറേ, ഇനി നമ്മുടെ മുന്നിലുളളത് 25 മിനിറ്റാണ്. ഇതിനുളളില്‍ റുവാലയെ മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സമാനതകളില്ലാത്ത നേട്ടമാകും. ഇല്ലെങ്കില്‍ കുറ്റവാളികള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരും. മറ്റ് കേസുകളെ പോലെയല്ല. സമയത്തോടാണ് നമ്മുടെ കളി. എക്‌സ്ട്രാ ടൈം ഇല്ലാത്ത കളി. നിശ്ചിതസമയം കഴിഞ്ഞാല്‍ പിന്നെ പെനാല്‍ട്ടിയാണ്. കളിക്കളത്തിലെ പെനാല്‍ട്ടികിക്കല്ല. തോല്‍വിയുടെ പിഴ നമ്മള്‍ എല്ലാവരും ഏറ്റുവാങ്ങേണ്ടി വരും''.
''സാര്‍ നമുക്ക് ഇത് എല്ലാ സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും അയക്കാം. അവര്‍ അവരുടെ ഓഫീസ് ഗ്രൂപ്പില്‍ ഇടട്ടെ. ഏതെങ്കിലും പോലീസുകാര്‍ക്ക് വല്ല വിവരവും കിട്ടിയാല്‍ അവര്‍ ഷെയര്‍ ചെയ്യട്ടെ.  പിന്നെ നമ്മുടെ ഇന്‍ഫോര്‍മാര്‍ക്കും അയക്കാം. ആരെങ്കിലും എന്തെങ്കിലും ക്ലു തരാതിരിക്കില്ല..''
''ഓ.കെ അന്‍വര്‍. ഫാസ്റ്റ്...''

ദേവ് സതേണിന്റെ ഡ്രസ്സിങ് റൂമിലേക്ക് നടന്നു. കളിക്കാര്‍ ഗ്രൗണ്ടില്‍ വാം അപ്പിലാണ്. ക്ലബ്ബിലെ ഒരു ജീവനക്കാരന്‍ മാത്രമാണ് അപ്പോഴവിടെയുള്ളത്.
റുവാലയുടെ 17-ാം നമ്പര്‍ ജേഴ്‌സി മാത്രം അവിടെ ഹാങ്ങറില്‍ തൂങ്ങികിടപ്പുണ്ട്. ഇന്ന് ഫെബ്രുവരി 17 ആണെല്ലോ, ആ യാദൃച്ഛികതയില്‍ ദേവ് കുറച്ചുനേരം ഉടക്കി നിന്നു. അയാള്‍ ടോയ്‌ലറ്റിലേക്ക് നടന്നു.

പൊളിഞ്ഞു വീണ മതില്‍ അയാള്‍ വിശദമായി പരിശോധിച്ചു. ആദ്യം താരത്തെ കിട്ടട്ടെ എന്നിട്ട് വേണം ഫോറന്‍സിക്കുകാരെ കൊണ്ട് വിശദമായി പരിശോധിപ്പിക്കാന്‍. 

ഹോളോബ്രിക്‌സുകൊണ്ട് പടുത്ത ഭിത്തിയാണ് തകര്‍ത്തിട്ടുള്ളത്. അതിന് ഒരുവശം മാത്രമാണ് സിമന്റ് ഉപയോഗിച്ച് തേച്ചിട്ടുളളത്. പൊളിഞ്ഞുകിടക്കുന്ന സിമന്റ് കട്ടകള്‍ ഏതാണ്ട് ഒരേ രീതിയിലാണ് പൊട്ടിയിട്ടുളളതില്‍ ദേവിന് അസ്വാഭാവികത തോന്നി. കട്ടര്‍ ഉപയോഗിച്ച് ചതുരാകൃതിയില്‍ നേരത്തെ കട്ട് ചെയ്ത് വെച്ചതാണ് ഭിത്തിയെന്ന് അയാള്‍ക്കുറപ്പായി. ടോയ്‌ലറ്റിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ അത് മനസിലാകില്ല. എന്നാല്‍ ശക്തമായി തള്ളിയാല്‍ ഭിത്തി തകര്‍ന്നുവീഴുന്ന തരത്തിലാണ് പ്ലാനിങ്. അതാണ് ശബ്ദം കുറഞ്ഞതും തട്ടിക്കൊണ്ടുപോകല്‍ വേഗത്തിലാക്കിയതും. ഹോളോബ്രിക്‌സിന്റെ ഒപ്പം കിടക്കുന്ന മഞ്ഞകളറുളള പ്ലാസ്റ്റിക് കയര്‍ അവര്‍ ഉപയോഗിച്ചതാകും. ഭിത്തിയില്‍ കൊരുത്ത് വലിച്ചിട്ടതാകാനും സാധ്യതയുണ്ട്.

ടണല്‍ ആരും ഉപയോഗിക്കാത്തത് കുറ്റവാളികള്‍ക്ക് സൗകര്യം ആയിട്ടുണ്ടാകും. നിലത്തെ പൊടിയില്‍ ഒന്നിലധികം ഫൂട്ട് പ്രിന്റ്‌സ് കാണുന്നുണ്ട്. ക്രിമിനല്‍ സംഘം ഒന്നിലേറെ ദിവസം ഇതിനുളളില്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങളെല്ലാമുണ്ട്. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ എല്ലായിടത്തും മുളക് പൊടി വിതറിയിട്ടുണ്ട്. അയാള്‍ വേഗത്തില്‍ ടോയ്‌ലറ്റിന്റെ ഭാഗത്ത് നിന്ന് ടണലിന്റെ അറ്റത്തേക്ക് നടന്നു.

വേഗത്തില്‍ നടന്നാല്‍ മൂന്ന് മിനിറ്റ് കൊണ്ട് ടണലിന് പുറത്തെത്താം. അഞ്ച് മണിയോടെയാണ് ടീം ഡ്രസ്സിങ് മുറിയിലെത്തിയത്. റുവാല ബൂട്ട് കെട്ടി തയ്യാറായതിന് ശേഷമാണ് ടോയ്‌ലറ്റിലേക്ക് പോകുന്നത്. കെട്ടിയ ബൂട്ട് അഴിച്ച ശേഷം  5.15 ഓടെ അയാള്‍ ടോയ്‌ലറ്റില്‍ കയറുന്നു. അക്രമികള്‍ക്ക് ഭിത്തി തകര്‍ക്കാനും റുവാലയെ പുറത്തെത്തിക്കാനും ചുരുങ്ങിയത് എട്ട് മിനിറ്റെങ്കിലും വേണ്ടിവരും. 5.20 ന് ടീം മീറ്റിങ്ങിന് മുമ്പാണ്  സഹതാരം ടോയ്‌ലറ്റിലുള്ള റുവാലയെ വിളിക്കുന്നത്. പ്രതികരണമില്ലാതെ വന്നപ്പോഴാണ് അവര്‍ വാതില്‍ പൊളിച്ചു നോക്കുന്നത്. തുടര്‍ന്ന് 5.30 ഓടെയാണ് തന്നെ വിവരമറിയിക്കുന്നത്.

15 മിനിറ്റാണ് അക്രമികള്‍ക്ക് ആകെ ലഭിച്ചത്. ഇതില്‍ എട്ട് മിനിറ്റ് റുവാലയെ പുറത്തെത്തിക്കാന്‍ ആവശ്യമായിട്ടുണ്ട്. 5.25 നുള്ള ക്യാമറ ദൃശ്യങ്ങളിലാണ് സംശയിക്കപ്പെടുന്ന രണ്ട് പേര്‍ ടണലിന് പുറത്തുള്ള വഴിയിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്നത്. തനിക്ക് ആറ് മണിയോടെയാണ് ക്രിമിനല്‍ സംഘത്തിന്റെ കോള്‍ ലഭിക്കുന്നത്. അതായത്. സ്‌റ്റേഡിയത്തിന് പുറത്തേക്ക് കടത്തിയ റുവാലയെ അവരുടെ താവളത്തിലെത്തിച്ച് ഫോട്ടോ എടുത്ത് അയക്കാനടക്കം അവര്‍ക്ക് ലഭിച്ചത് 35 മിനിറ്റാണ്. ഇത്രയും സമയത്തിനുള്ളില്‍ ഈ ദിവസം നഗരം വിട്ടുപോകല്‍ എളുപ്പമല്ല. സ്റ്റേഡിയത്തിന്റെ പരിസരത്ത് എവിടെയോ അവരുണ്ട്. പക്ഷേ ഒരു ബള്‍ക്ക് പരിശോധന എളുപ്പമല്ല. 

ദേവ് തിരിച്ചുനടന്നു. സമയം 6.45 ആകുന്നു. അയാളുടെ പ്രതീക്ഷകള്‍ നശിക്കാന്‍ തുടങ്ങി. നിരാശയുടെ വേലിയേറ്റത്തിലേക്ക് മുങ്ങാന്‍ തുടങ്ങുമ്പോളാണ് അവന്‍വറിന്റെ വിളി വന്നത്.

''സാര്‍, നമ്മുടെ കസബയിലെ ഡ്രൈവര്‍ പ്രകാശിന്റെ മെസേജുണ്ട്. ഞാനത് സാറിന്റെ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്യാം''. 
''വേഗം അന്‍വര്‍...''
ദേവ് ഫോണില്‍ മെസേജിനായി കാത്തുനിന്നു.

തുടരും....