
അവന്‍മാര്‍ സമയം നീട്ടുകയാണ്, എന്തോ കളി നടക്കുന്നുണ്ട്. കോള്‍ കട്ട് ചെയ്തുകൊണ്ട് ബോബു മാര്‍ട്ടിയോടായി പറഞ്ഞു. എന്നിട്ട് എഴുന്നേറ്റ് ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു. ഒരു സിഗരറ്റിന് തീ കൊടുത്ത്, സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച കൈവരിയില്‍ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു.അപ്പോള്‍ കൊച്ചിയിലെ സ്റ്റേഡിയം മനസിലേക്ക് വന്നു.
അവിടെയിപ്പോ അകത്തും പുറത്തും ജനസമുദ്രമായിരിക്കും.
ഒരു ക്ലീഷേ ഡയലോഗ് അയാളുടെ ഉള്ളില്‍ ഉരുവിട്ടുകൊണ്ട് കടന്നുപോയി.
കാര്യങ്ങള്‍ കൈവിട്ടുപോകുമോ. മനസ് നിറയെ അശുഭ ചിന്തകളാണ്.. അരമണിക്കൂര്‍ കൂടി സമയം നീട്ടാന്‍ തീരുമാനിച്ചെങ്കില്‍ അവര്‍ക്ക് മുന്നില്‍ വെറെ എന്തോ പ്ലാന്‍ കൂടിയുണ്ട്. തനിക്ക് മുന്നില്‍ ഇനിയുളളത് അരമണിക്കൂറിന്റെ ദൈര്‍ഘ്യം. വിധി നിര്‍ണായകമായ ടൈം.
കളിക്കളത്തിലാണെങ്കില്‍ അരമണിക്കൂര്‍ എക്‌സ്ട്രാ ടൈമാണ്. നോക്കൗട്ട് മത്സരങ്ങളിലാണ് 90 മിനിറ്റ് ഇരുകളിക്കൂട്ടങ്ങളും തുല്യതപാലിച്ചാല്‍ പിന്നെയൊരു അരമണിക്കൂര്‍ ലഭിക്കുന്നത്. സമനില എന്നൊന്ന് അവിടെയില്ല. എക്‌സ്ട്രാ ടൈം കഴിഞ്ഞാല്‍പിന്നെ പെനാല്‍ട്ടി ഷൂട്ടൗട്ടാണ്. ഇവിടെ അതുണ്ടാകുമോ, അതോ അരമണിക്കൂറിനുള്ളില്‍ കളി ശുഭപര്യവസായിയായി അവസാനിക്കുമോ, എന്തായാലും എന്തെങ്കിലുമൊരു ഫലം കാണും. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ അവര്‍ ജയിക്കും. സമനില എന്നൊന്നില്ല. തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, അവര്‍ക്ക് ഏറെയുണ്ട് താനും. അതാണ് തന്റെ ട്രംപ്കാര്‍ഡ്.
സിറ്റി പോലീസ് കമ്മീഷണര്‍ ദേവ് മിടുക്കനാണ്. ഒരു നൂലിട്ടുകൊടുത്താല്‍ അതിലൂടെ കയറി ലക്ഷ്യത്തിലെത്താനും അതുകൊണ്ട് വലനെയ്തു കുടുക്കാനും മിടുക്കന്‍. നഗരത്തിലെ ക്രൈം കുറച്ചുകൊണ്ടുവരാനും ആയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ കൊണ്ട് ഈ നാടകം പൊളിക്കാന്‍ ദേവിനാകുമോ... അയാളുടെ ചിന്ത കാടുകയറാന്‍ തുടങ്ങി
Also Read

''ഇല്ലടാ, കോളേജ് കഴിഞ്ഞതോടെ വായന വിട്ടു. അന്നൊക്കെ വായിച്ചുകൂട്ടിയത് ഓര്‍ക്കുമ്പോള്‍ കൊതിയാകും. ഇപ്പോ കമ്പ്യൂട്ടറും ഫോണും സൈബര്‍ ലോകവും. അവിടെ വായനക്കും മറ്റ് വികാരങ്ങള്‍ക്കൊന്നും സ്ഥാനമില്ലെടാ''
''ഡാന്‍ ബ്രൗണിന്റെ നോവലുകളില്‍ നായകന്റെ അന്വേഷണം ചിഹ്നങ്ങളിലൂടെയാണ്...''
''വായിച്ചില്ലെങ്കിലും ഡാവിഞ്ചി കോഡ് മൂവി ഞാന്‍ കണ്ടിട്ടുണ്ടടാ''
''ഇവിടേയും അതാണ് സ്ഥിതി. നമുക്കൊരു അബദ്ധം പറ്റിയിട്ടുണ്ട്. അതാണ് അന്നെ ആശങ്കപ്പെടുത്തുന്നത്. അതിന് മുമ്പ് വരെയുള്ള പ്ലാനിങ് പെര്‍ഫെക്ടാണ്. അതില്‍ ലൂപ്പ് ഹോളുണ്ടാകുമെങ്കിലും കണ്ടെത്താന്‍ പാടാണ്. ഞാനത്ര ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനനിമിഷത്തില്‍ ചെറിയൊരു പാളിച്ച. അതിലൂടെ പിടിച്ച് കടന്നുവരാനും അവര്‍ക്ക് ടൈം വേണം. ദേവ് ആയതുകൊണ്ട് അതിനുള്ള സാധ്യത തള്ളികളയാനാകില്ല''.
''മാര്‍ട്ടി, കഴിഞ്ഞ വായനാദിനത്തില്‍ ടൗണില്‍ ഒരു പ്രോഗ്രാമുണ്ടായിരുന്നു. ത്രില്ലറും പുതിയകാലത്തെ വായനയുമെന്നായിരുന്നു വിഷയം. ആ വിഷയത്തിലെ കൗതുകവും ആ സമയത്ത് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതും കൊണ്ട് ഞാനാ പരിപാടിക്ക് പോയിരുന്നു. ദേവായിരുന്നു മുഖ്യപ്രഭാഷണം. അതില്‍ അയാളൊരു കാര്യം പറഞ്ഞു. അയാളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ ആണെന്ന്...ഇപ്പോഴത്തെ എന്റെ പിഴവും അയാളുടെ ഡാന്‍ബ്രൗണ്‍ പ്രേമവും ...''
''
നീ അത് വിട്ടുകള, എന്നിട്ട് ഇതു കുടിക്ക്. ഏലക്കയിട്ട കട്ടന്‍കാപ്പി നീട്ടി മാര്‍ട്ടി പറഞ്ഞു,
ബോബു സിഗരറ്റ് കെടുത്തി പുറത്തേക്കിട്ടു. എന്നിട്ട് ചായക്കപ്പ് വാങ്ങി.
താഴെ റോഡിലൂടെ പോകുന്ന കുട്ടികള്‍ അയാള്‍ക്ക് നേരെ കൈവീശി. ബോബു അവരെ തിരിച്ചും വിഷ് ചെയ്തു.
''എന്താണാ പിഴവ് എന്ന് നീ പറഞ്ഞില്ലല്ലോ. കമ്പ്യൂട്ടറില്‍ റുവാലയുടെ ചിത്രം തുറന്ന് മാര്‍ട്ടി ചോദിച്ചു.
''നീ അതിലേക്ക് ശരിക്കുമൊന്ന് നോക്ക്, റുവാലയുടെ മുകളില്‍ വലതുഭാഗത്തായി എന്തെങ്കിലും കാണുന്നുണ്ടോ..''
''യേസ്, അത് മാലയാണോ''.
''അതേ അതൊരു മാലയാണ്. അധികമാരും ധരിക്കാത്ത മാല, അതിന്റെ അവകാശിയെ തേടാന്‍ ദേവിന് തോന്നിയാല്‍, അരമണിക്കൂറിനുള്ളില്‍ കിട്ടിയാല്‍ നമ്മുടെ കളി അപ്പോ തീരും.''
''ഫോട്ടോ എടുത്തയാള്‍ക്കും, അയച്ച നമുക്കും ആ സമയത്ത് അത് കണ്ണില്‍പ്പെട്ടില്ല''
''നീ അത് വിട്ടുകള, ഇനിയിപ്പോ, അത് കണ്ടാലും അവര്‍ക്ക് ആക്ട് ചെയ്യാനുള്ള സമയം വേണ്ടേ...''
''മോനേ മാര്‍ട്ടി, നിന്റെ സൗത്താഫ്രിക്കന്‍ പോലീസല്ല അവിടെ, അവര്‍ വേണമെങ്കില്‍ എന്തിനും തുമ്പുണ്ടാക്കാന്‍ കഴിയുന്ന മിടുക്കര്‍ അവര്‍ക്കിടയിലുണ്ട്''.
''എടാ, ഇനി 15 മിനിറ്റാണ് ബാക്കിയുള്ളത്. ഒന്നും നടന്നുകാണില്ല''.
''അത് പറഞ്ഞപ്പോഴാ, മറന്നു
ബോബു ഫോണെടുത്ത് കളി സംപ്രേക്ഷണം ചെയ്യുന്ന ആപ്പ് തുറന്നു. മത്സരത്തിന് മുമ്പുള്ള ചര്‍ച്ച കൊഴുക്കുകയാണ്. താഴെ സ്‌ക്രോള്‍ ചെയ്തു പോകുന്ന അറിയിപ്പ് കണ്ട് അയാള്‍ ഞെട്ടി. ഫ്‌ളഡ്‌ലിറ്റ് തകരാര്‍ മൂലം മത്സരം അരമണിക്കൂറോളം വൈകുമെന്ന അറിയിപ്പ് പിടിച്ചുലച്ചു. ഇനിയും അരമണിക്കൂര്‍ കൂടി അവര്‍ നീട്ടുന്നു. ഈ കളി ഷൂട്ടൗട്ടിലേക്കാണ് അയാള്‍ പിറുപിറുത്തു
''എന്താ, മാര്‍ട്ടി ആകാംഷയോടെ ചോദിച്ചു''
''അവിടെ ഫ്‌ളഡിലിറ്റ് തകരാര്‍. മത്സരം തുടങ്ങാന്‍ അരമണിക്കൂര്‍ വൈകും. മാര്‍ട്ടി, നമ്മള്‍ ഈ കളിയില്‍ നിന്ന് പുറത്തേക്കാണ്''.
''എടാ ഇതില്‍ നമ്മള്‍ വിജയിക്കും. ഷുവര്‍''.
മാര്‍ട്ടിയുടെ കോണ്‍ഫിഡന്‍സ് കണ്ടപ്പോള്‍ അത്തരമൊരു സാഹചര്യത്തിലും ബോബുവിന് ചിരിയാണ് വന്നത്.
''എടാ മാര്‍ട്ടി, നിന്റെ സൈബര്‍ ലോകമല്ലിത്, ഫീല്‍ഡില്‍ ഇറങ്ങിയുള്ള കളിയാണ്. ഇതിന് മുമ്പ് ഞാന്‍ പലകളികളും കളിച്ചിട്ടുണ്ട്. അപകടം ഒരു കിലോ മീറ്റര്‍ അകലെയാണെങ്കിലും എനിക്കതിന്റെ സ്‌മെല്‍ കിട്ടും. ഇവിടെയൊരു അപകടം മണക്കുന്നുണ്ട്''.
അയാള്‍ ഫോണ്‍ കയ്യിലെടുത്തു. ഏഴാവാന്‍ അഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട്. 300 സെക്കന്റുകള്‍. പണ്ട് സമയം എളുപ്പത്തില്‍ പോകാന്‍ അത്രയും മനസില്‍ എണ്ണിയിരുന്നത് ഓര്‍മ വന്നു. അയാള്‍ 300 വരെ എണ്ണാന്‍ തുടങ്ങി.
Content Highlights: 90 Minutes: Chapter 5 - Sports Thriller
Published: 03 Feb 2025, 09:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented