ചോദ്യം ചെയ്യൽ അവസാനിപ്പിച്ച ശേഷം ആദിൽഖാൻ നേരെ പോയത് സമർ ബനഡിക്ടിന്റെ അടുത്തേക്കായിരുന്നു. അരവിന്ദിന്റെ കുറ്റസമ്മതം ഇരുവരും ചേർന്ന് സസൂക്ഷ്മം പരിശോധിച്ചു. ഒരു പരിധിവരെ അത് വിശ്വസനീയമാണ്. അരവിന്ദിന്റെയും മുത്തുവിന്റെയും പങ്ക് എന്തെന്ന് വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തിൽ, നിയമനടപടികൾ ഇനി വൈകിക്കൂടാ. എന്നാൽ, അതിലും പ്രധാനം ഫിലിപ്പിന്റെ കാര്യമായിരുന്നു. അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ, വരുംവരായ്കകളെക്കുറിച്ചുള്ള കൃത്യമായ ബോധ്യത്തോടെ നടത്തിയ നിഗൂഢനീക്കങ്ങളുടെ കേന്ദ്രബിന്ദു അയാളായിരുന്നു- ഈ കേസിലെ ഇരുണ്ട വഴിത്തിരിവുകളിലെല്ലാം മറഞ്ഞുനിൽക്കുന്ന വലിയ സാന്നിധ്യം. അയാളുടെ എല്ലാ ബന്ധങ്ങളും, സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി ട്രാക്ക് ചെയ്യേണ്ടതുണ്ട്. അതിനായി എത്രയും വേഗം ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കണം.
സമർ സമയം പാഴാക്കിയില്ല. അപ്പോൾത്തന്നെ എമ്മ ഫെർണാണ്ടസിനു ഫോൺ ചെയ്തു:
'ഫിലിപ്പ് ഓഫീസിലുണ്ടോ?'
അപ്രതീക്ഷിതമായിരുന്നു എമ്മയുടെ മറുപടി. ഫിലിപ്പ് അവധിയിലാണ്. മകളെ കാണാൻ അത്യാവശ്യമായി ദുബായിയിലേക്കു പോയിരിക്കുന്നു. രണ്ടാഴ്ചയായി അവിടെയാണ്. മൂന്നുദിവസത്തിനുള്ളിൽ തിരിച്ചെത്തും.
'ഓ കെ ആന്റീ. ഐ വിൽ കോൾ യൂ ലേറ്റർ.'
സമർ കോൾ അവസാനിപ്പിച്ചതോടെ എമ്മയുടെ ഉള്ളിൽ അസ്വസ്ഥത പടർന്നു. നേഹയുടെ ആധാർ കാർഡിലെ വിചിത്രമായ അപ്ഡേഷനിൽനിന്ന് ആരംഭിച്ച അന്വേഷണം ഇപ്പോൾ അപകടകരമായ രീതിയിൽ ജാക്കിന്റെ മരണത്തിലേക്കാണ് ചെന്നെത്തുന്നത്. അതിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന വിശ്വാസങ്ങളിൽ പലതും പൊളിഞ്ഞുവീഴുന്നതിൽ എമ്മ വ്യാകുലപ്പെട്ടു.
അതേസമയം, സമറിന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങിയിരുന്നു. ഇപ്പോൾത്തന്നെ അരവിന്ദനെയും മുത്തുവിനെയും അറസ്റ്റു ചെയ്താൽ, മാധ്യമങ്ങൾ അത് സെൻസേഷണലാക്കും.
ബിസിനസ് ടൈക്കൂൺ എമ്മ ഫെർണാണ്ടസിന്റെ ചെറുമകൻ ജാക്ക് അലക്സാണ്ടറുടേത് അപകടമരണമല്ല- കൊലപാതകമാണ്.
കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.
അത്തരത്തിലായിരിക്കും വാർത്ത. അത് അന്വേഷണത്തെ തിരിഞ്ഞുകൊത്തും. കാതങ്ങൾക്കപ്പുറത്തുള്ള ഫിലിപ്പ് മാത്യുവിന് അപകടം മണത്തറിയാൻ അതു ധാരാളമാണ്. തൊടാനാവും മുമ്പേ അയാൾ മുങ്ങും.
സമർ മുൻവിധിയോടെ ഇക്കാര്യങ്ങൾ ആദിലിനോടു പങ്കുവച്ചു.
'അവരുടെ അറസ്റ്റ് ഹോൾഡ് ചെയ്യണമെന്നാണോ..?'
ആദിൽഖാൻ സംശയത്തോടെ ചോദിച്ചു.
'ഹോൾഡ് ചെയ്യണമെന്നല്ല.'
തെല്ലൊരു ആലോചനയ്ക്കു ശേഷം സമർ തുടർന്നു.
'വെയ്റ്റ് ചെയ്യണം. മുത്തുവിന്റെ കാര്യത്തിൽ കസ്റ്റഡി കാലാവധി ഇനിയും മൂന്നു ദിവസമുണ്ട്. ഫിലിപ്പ് വരുന്നതുവരെ അയാൾ കസ്റ്റഡിയിൽ തുടരട്ടെ. എയർ പോർട്ടിൽ കാലുകുത്തുന്ന നിമിഷം ഫിലിപ്പിനെ പിടികൂടും. നെക്സ്റ്റ് സ്റ്റെപ്പിൽ മതി... അരവിന്ദനെയും മുത്തുവിനെയും അറസ്റ്റ് ചെയ്യുന്നതും കോടതിയിൽ ഹാജരാക്കുന്നതും.'
കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്.
മൂന്നാംദിനം ഉച്ചയോടെ, എയർപോർട്ടിൽ അന്വേഷണസംഘം തയ്യാറായി നിന്നു. യാതൊരു മുന്നറിവുമില്ലാതെയാണ് ഫിലിപ്പ് ഫ്ളൈറ്റിറങ്ങിയത്. ടെർമിനലിൽനിന്ന് പുറത്തേക്കു വരുന്നതിനിടയിൽ ആദിൽഖാനും സംഘവും സിവിൽവേഷത്തിൽ അരികിലെത്തി.
'യൂ ആർ അണ്ടർ പോലീസ് കസ്റ്റഡി.'
ആദിൽഖാന്റെ ഉറച്ച കൈ തോളിൽ പതിഞ്ഞതും മന്ത്രണംപോലെ വാക്കുകൾ കാതിൽ വീണതും ഒരുമിച്ചായിരുന്നു. എതിർക്കാൻ പോലും പ്രാപ്തിയില്ലാത്തവിധം ഫിലിപ്പ് മാത്യു സ്തബ്ധനായി.
കണക്കുകൂട്ടലുകളിലൊന്നും ഇല്ലാത്ത കാര്യമാണ് സംഭവിച്ചത്. അത്തരത്തിലൊരു അന്വേഷണം, അതും തന്നെ ചുറ്റിവരിയാൻ പാകത്തിൽ, അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സമറിന്റെയും ആദിലിന്റെയും നീക്കങ്ങൾ അതീവരഹസ്യമായിരുന്നു. ടീമിനു പുറത്ത് ഒരേയൊരാളെ മാത്രമാണ് സമർ ഇക്കാര്യം അറിയിച്ചത്- എമ്മ ഫെർണാണ്ടസിനെ. ഒപ്പം ഒരു മുന്നറിയിപ്പും അവർക്കു നൽകി.
'ആന്റീ... ഇക്കാര്യം നമുക്കിടയിൽ മാത്രം സൂക്ഷിക്കണം. മറ്റാരും അറിയരുത്.'
ആ വിവരം എമ്മയെ പൂർണ്ണമായും തളർത്തി. എന്തു ചെയ്യണമെന്നുപോലും അറിയാതെയാണ് അന്നവർ ഫോൺ വച്ചത്. ചുറ്റുമുള്ള ലോകം ചുരുങ്ങുന്നതായി തോന്നിയതോടെ, അവർ മെല്ലെ മുറിയുടെ വാതിൽ അടച്ചുകുറ്റിയിട്ടു.
ജാലകത്തിലെ പകുതി തുറന്ന ബ്ലൈൻഡുകളിലൂടെ ഒഴുകിയെത്തിയ മൂവന്തിവെളിച്ചത്തിൽ, എമ്മ ചലിക്കുന്ന കസേരയിൽ ഇരുന്നു. മുന്നോട്ടും പിന്നോട്ടുമുള്ള കസേരയുടെ മൃദുചലനത്തിന് വിരുദ്ധമായി, അവരുടെ കൈയിലുണ്ടായിരുന്ന ജപമാലയിലെ മുത്തുമണികൾ അസ്ഥിരമായ വേഗത്തിൽ നീങ്ങി.
എമ്മ കണ്ണുകളടച്ചു. ആ നിമിഷംതന്നെ ജാക്ക് ഉൾക്കണ്ണിലേക്കോടിയെത്തി. അവന്റെ ഒതുക്കമുള്ള കളികളും ബാലിശമായ ചിരിയും ഓർമ്മകളായി ആവർത്തിച്ചു. വേദന അസഹ്യമായതോടെ അവർ കണ്ണുകൾ തുറന്നു. ആ നോട്ടം ചെന്നെത്തിയത്, ടേബിളിനരികിലുള്ള സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ നിർമ്മിതമായ ചെറിയ ആൽമരത്തിലേക്കാണ്. കരുത്തിന്റെയും അഭയത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ വടവൃക്ഷം- വിവാഹത്തിന് നിർബന്ധിക്കാതിരിക്കാൻ ജാക്ക് മുമ്പൊരിക്കൽ കൈക്കൂലി പോലെ എമ്മയ്ക്ക് നൽകിയ ഗിഫ്റ്റ്.
'മുത്തശ്ശീ ... മുത്തശ്ശി ഈ ആൽമരമാണ്. അതിനു ചുവടെ... അതിനുചുവടെ മാത്രം ഞാനങ്ങു ജീവിച്ചുപൊയ്ക്കോട്ടെ. ഇതുപോലെ പാറിപ്പറന്ന്. '
എമ്മ എഴുനേറ്റ് ചുമരിൽ ഏറ്റവും ഒടുവിലായി തൂക്കിയ ചിത്രത്തിനരികിലേക്ക് നീങ്ങി. ജാക്കിന്റെ അവസാനത്തെ ജന്മദിനാഘോഷം മാര്യേജ് ചലഞ്ചിനിടയിൽ വച്ചായതുകൊണ്ട്, മടങ്ങിയെത്തുമ്പോൾ മുത്തശ്ശിക്കു സമ്മാനിക്കാൻ അവൻ തയ്യാറാക്കി വച്ചിരുന്നതാണ് അത്. അവന്റെ മരണശേഷം ഊട്ടിയിലെ ഗസ്റ്റ് ഹൗസിൽനിന്നു ലഭിച്ചതാണ്.
ആ ചിത്രത്തിലേക്കു നോക്കിനിൽക്കെ എമ്മയുടെ കണ്ണുകൾ നിറഞ്ഞു. മൂന്നോ നാലോ വയസ്സുള്ള ജാക്ക്, അവരുടെ കയ്യിൽ തൂങ്ങി നിൽക്കുന്ന പഴയൊരു ചിത്രം ലാമിനേറ്റു ചെയ്തതായിരുന്നു അത്.
ജാക്ക് സമ്മാനിച്ച ഗിഫ്റ്റുകൾ സൂക്ഷിച്ചിരുന്ന മേശയിലേക്കും അലമാരയിലേക്കും അവർ മാറിമാറിനോക്കി. ലണ്ടനിൽ നിന്നു കൊണ്ടുവന്ന വിന്റേജ് ഫൗണ്ടൻ പെൻ, കരകൗശലഭംഗിയുള്ള സ്പൈസ് ജാറുകൾ, എമ്മ ഫെർണാണ്ടസിന്റെ ചുരുക്കപ്പേര് 'ഇ എഫ്' രേഖപ്പെടുത്തിയ പഷ്മിന ഷാൾ... മെഴുകുതിരിപോലെ എമ്മ ഉരുകിയൊലിച്ചു. അവരുടെ കൈയിലെ ജപമാല അനുസ്യൂതം തിരിഞ്ഞുകൊണ്ടിരുന്നു. അപകടമല്ല ജാക്കിന്റെ മരണം- പുകമറയ്ക്കപ്പുറം അതു യാഥാർത്ഥ്യമാകുകയാണ്.
എമ്മയുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായൊഴുകി.
മുറി അടച്ചിരുന്നതിനാൽ, കണ്ണുനീർ തുടയ്ക്കാൻ പോലും അവർ മുതിർന്നില്ല.
എയർപോർട്ടിൽനിന്നു ഫിലിപ്പിനെ കൊണ്ടുവന്നത്, അരവിന്ദിനെ പാർപ്പിച്ചിരുന്ന സ്ഥലത്തേക്കു തന്നെയായിരുന്നു. ഇരുവരും പരസ്പരം കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നാൽപ്പത് മിനുട്ട്.
പ്രതിരോധത്തിന്റെ കെട്ടുറപ്പ് തകരാൻ നാൽപ്പതു മിനുട്ടു മാത്രമേ വേണ്ടിവന്നുള്ളൂ.
തുടക്കത്തിൽ, ആദിൽഖാന്റെ വിസ്താരത്തെ മറികടക്കാനാവുമെന്ന ആത്മവിശ്വാസം ഫിലിപ്പിനുണ്ടായിരുന്നു. അർദ്ധസത്യങ്ങൾക്കു പിന്നിൽ ഒളിച്ചും ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചും നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവിടേക്ക് അരവിന്ദിനെയും നേഹയെയും എത്തിച്ചത്. സമ്മർദ്ദം പൂർണ്ണമാക്കിക്കൊണ്ട് മുത്തുവിന്റെ മൊഴിയുടെ വീഡിയോയും പല തവണ പ്ലേ ചെയ്തു.
ഇങ്ങനെയൊരു വിധി തന്നെ കാത്തിരിക്കുന്നെന്നോ ഗൂഢാലോചനയുടെ ആദിമധ്യാന്തങ്ങളിൽ അവശ്യാനുസരണം ഉൾപ്പെടുത്തിയ മൂവരും ഇവിടെ തന്റെ വിധി നിശ്ചയിക്കാനുണ്ടാവുമെന്നോ ഉള്ള ഒരു സൂചനയും ഫിലിപ്പിന് ലഭിച്ചിരുന്നില്ല. അത്രമാത്രം സമർത്ഥമായിരുന്നു ആദിൽഖാന്റെ നീക്കം. അരവിന്ദും മുത്തുവും നേഹയും കസ്റ്റഡിയിലുള്ളതായി ഒരു വരി വാർത്ത പോലും പുറത്തുചോരാതെ സൂക്ഷിച്ചിരുന്നു.
നേഹയുടെയും അരവിന്ദന്റെയും മുത്തുവിന്റെയും മൊഴികൾ, ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ- എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ആദിൽഖാന്റെ അന്വേഷണരീതി. അതു ഫിലിപ്പിനെ രക്ഷപ്പെടാനാവാത്ത കുരുക്കിലേക്കാണ് വീഴ്ത്തിയത്.
തല കുമ്പിട്ട് മുന്നോട്ടാഞ്ഞിരുന്ന ഫിലിപ്പിന്റെ ലിനൻ ഷർട്ട് വിയർപ്പു കുടിച്ച് കറുത്തിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന കുടുസ്സുമുറി വീണ്ടും ചെറുതാകുന്നതായും, ശ്വസം മുട്ടുന്നതായും അയാൾക്കുതോന്നി. വളച്ചൊടിക്കാൻ ബുദ്ധിപരമായ വാക്കുകൾ ഒന്നും ബാക്കിയില്ല. മറ്റു നിർവ്വാഹമില്ലെന്ന് ഉറപ്പായതോടെ, അയാൾ എല്ലാം ഏറ്റുപറഞ്ഞു.
സമർ വാച്ചിലേക്കു നോക്കി.
നാൽപ്പത് മിനുട്ട്.
അത്രമാത്രമേ വേണ്ടിവന്നുള്ളൂ- ഫിലിപ്പിൽനിന്ന് കൃത്യമായ സൂചനകളിലേക്കെത്താൻ.
കാര്യങ്ങൾ അയാൾ അപ്പോൾത്തന്നെ സമറിനെ ഫോണിലൂടെ അറിയിച്ചു.
'ഗുഡ്. ഫൈനലി, യൂ ഹാവ് ഗോട്ട് ദി മോട്ടീവ്.'
ആവേശപൂർവ്വം സമർ അഭിനന്ദിച്ചു.
സമസ്യ അനാവൃതമാകുന്തോറും ലക്ഷ്യം കൂടുതൽ വ്യക്തമാകുന്നു- ജാക്ക്. തേവമ്മയുടെ കൊലപാതകം ഒന്നുകിൽ യഥാർത്ഥലക്ഷ്യം മറയ്ക്കാനുള്ള നീക്കമായിരുന്നു. അല്ലെങ്കിൽ ചോദ്യങ്ങൾ ഉയരാതിരിക്കാനുള്ള വഴിതിരിച്ചുവിടൽ ശ്രമം.
വാക്കുകളല്ല, രേഖകൾ പറയട്ടെ സത്യം. ഫിലിപ്പിന്റ മൊഴിയിൽ ഒളിഞ്ഞിരിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ, അത് രേഖകളിലൂടെ പുറത്തുവരും. അതിനായി എമ്മയുടെ ഓഫീസിലേക്കുതന്നെ പോകണമെന്ന് സമർ തീരുമാനിച്ചു.
ഇത്തവണ സമർ ഒറ്റയ്ക്കായിരുന്നില്ല; ആദിലും ഒപ്പമുണ്ടായിരുന്നു. എമ്മയോട് ചില പ്രധാനപ്പെട്ട രേഖകൾ കാണണമെന്ന് സമർ ആവശ്യപ്പെട്ടു. ഫിലിപ്പിന്റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അപൂർവ്വമായി മാത്രം ഉപയോഗം വരുന്ന സുപ്രധാനരേഖകൾ. സമറിന്റെ വരവിലുള്ള ഗൗരവസ്വഭാവവും ഇതിനകം പുറത്തുവന്ന സത്യത്തിന്റെ ഭാരവും എത്രത്തോളമെന്ന് എമ്മയ്ക്കു വ്യക്തമായിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന രേഖകളുടെ കൂട്ടത്തിൽനിന്ന് അവരതു പുറത്തെടുത്തു- സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച, പല കാലഘട്ടങ്ങളിലായി തയ്യാറാക്കിയ രേഖകൾ.
സമർ ഓരോന്നായി പരിശോധിച്ചു. പക്ഷേ, അസാധാരണമായി ഒന്നും കണ്ണിൽപ്പെട്ടില്ല. എല്ലാം യഥാവിധിയുള്ള, പഴയ രേഖകൾ തന്നെയായിരുന്നു. അതിന്റെ അർത്ഥം വ്യക്തമായിരുന്നു. ഫിലിപ്പിന്റെ വെളിപ്പെടുത്തൽ കെട്ടുകഥയല്ല- കൂടുതൽ ആഴത്തിലേക്കുള്ള സത്യത്തിന്റെ സൂചനയാണ്.
സമർ രേഖകൾ ഒരിക്കൽക്കൂടി മറിച്ചുനോക്കുന്നതിനിടയിലാണ് ഓഫീസിലെ ജീവനക്കാർക്കിടയിൽനിന്ന് ഒരു മർമ്മരം ഉയർന്നത്. ഉബൈദും വർഗ്ഗീസും ചേർന്ന് ഫിലിപ്പിനെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്.
ഫിലിപ്പിന് അരികിലേക്ക് ആദിൽഖാൻ അൽപ്പമൊന്നു ചരിഞ്ഞു. അയാളുടെ ശബ്ദം താഴ്ന്നതെങ്കിലും തറയ്ക്കുന്നതായിരുന്നു.
'നാടകം വേണ്ട. ആ രേഖകൾ എവിടെ? വേഗം.'
അയാളെ മുന്നോട്ടു തള്ളിനീക്കി സീറ്റിലേക്ക് ഇരുത്തുന്നതിനിടയിൽ ആദിൽഖാൻ തുടർന്നു.
'വൈകിയാൽ, നീ ഇവരുടെ മുന്നിൽ കിടന്നു നാറും.'
വിളറിയ മുഖത്തോടെ വികാരങ്ങൾ വിഴുങ്ങി ഫിലിപ്പ് ഇരുന്നു. വഴങ്ങാതെ തരമില്ലെന്ന ബോധ്യം അയാളുടെ ശരീരഭാഷയെ നിയന്ത്രിച്ചു തുടങ്ങിയിരുന്നു. എമ്മയുടെ കണ്ണുകളെ നേരിടാൻ അയാൾക്ക് കഴിഞ്ഞില്ല. അവരുടെ നോട്ടത്തിന് കുറ്റാരോപണത്തെക്കാൾ കാഠിന്യമുണ്ടായിരുന്നു.
വിറയാർന്ന കൈകളോടെ അയാൾ ടേബിളിന്റെ ചുവട്ടിലുള്ള ഡ്രോയർ തുറന്നു. കട്ടിയുള്ളതും സുരക്ഷിതവുമായ ഒരു ഫയൽ അതിൽനിന്നു പുറത്തെടുത്തു. കടുത്ത ആത്മസംഘർഷത്തോടെയാണ് അയാൾ അത് ആദിലിന്റെ നേർക്കു നീട്ടിയത്.
ഫിലിപ്പ് മൊഴി നൽകിയതുപോലെ, പുത്തൻമണം മാറാത്ത രേഖകൾ- എല്ലാം എമ്മ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തിയവ. ഫയൽ സമറിനു കൈമാറുന്നതിനിടയിൽ, നിമിഷനേരം കൊണ്ട് ആദിലിന്റെ കണ്ണുകൾ അതിന്റെ ഉള്ളടക്കത്തിലൂടെ കടന്നുപോയി.
ആദ്യത്തേത്- മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സും എമ്മ ഗ്രൂപ്പും തമ്മിലുള്ള ഷെയർഹോൾഡർ കരാർ.
അതിലൊരു വ്യവസ്ഥയിൽ സമറിന്റെ കണ്ണുകൾ തങ്ങി നിന്നു.
'പ്രത്യേക സാഹചര്യങ്ങളിൽ ഓഹരികൾ മറ്റൊരാളിലേക്കു കൈമാറാനുള്ള അവകാശം മെറിസോണിന് ഉണ്ടായിരിക്കും.'
ഒരു വരി മാത്രം. പക്ഷേ, അതൊരു നിരുപദ്രവവാക്യമല്ല. സൂക്ഷ്മമായി നട്ടുപിടിപ്പിച്ച ഒരു വിഷവിത്താണ്. ആവശ്യാനുസരണം എമ്മ ഗ്രൂപ്പിന്റെ ഓഹരികൾ തട്ടിയെടുക്കാൻ മെറിസോണിനു തുറന്നിട്ട നിയമപരമായ വാതിൽ.
അടുത്ത പേജിലുണ്ടായിരുന്നത് ഓഹരി കൈമാറ്റത്തിനുള്ള പ്രൈവറ്റ് ഷെയർ ട്രാൻസ്ഫർ ഡീലായിരുന്നു. അതിലും എമ്മ ഒപ്പുവച്ചിട്ടുണ്ട്- എന്നാൽ, തീയതി ഇല്ല. ഏതുനിമിഷവും ഗൂഢാലോചനക്കാർക്ക് തീയതി രേഖപ്പെടുത്തി കമ്പനി രജിസ്ട്രാറുടെ മുന്നിൽ രജിസ്റ്റർ ചെയ്യാനാവും.
അടുത്ത രേഖയായിരുന്നു അതിലും പ്രധാനം. മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവക്കുന്നതായുള്ള എമ്മ ഫെർണാണ്ടസിന്റെ കത്തായിരുന്നു അത്. താൻ എടുത്തിട്ടില്ലാത്ത ഒരു തീരുമാനത്തിൽ, തന്റെ അധികാരം കവർന്നെടുക്കാനുള്ള നീക്കത്തിൽപോലും, എമ്മ കൈയൊപ്പ് ചാർത്തിയിരുന്നു. അതിലും തീയതി ഇല്ല.
പവർ ഓഫ് അറ്റോണിയായിരുന്നു അടുത്തത്. ഗൾഫ് കമ്പനിക്ക് എമ്മ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും സ്വതന്ത്രാധികാരം നൽകുന്ന രേഖ. അതു കണ്ടപ്പോഴാണ് ചതിയുടെ യഥാർത്ഥ വ്യാപ്തി സമറിനു ബോധ്യമായത്. ബാങ്ക് അക്കൗണ്ടുകൾ, സ്ഥാവര-ജംഗമവസ്തുക്കൾ, കോൺട്രാക്ടുകൾ- എമ്മ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാം കൈകാര്യം ചെയ്യാനുള്ള അധികാരം, സൂക്ഷ്മമായി അതിനുള്ളിൽ ഒളിപ്പിച്ചിരുന്നു.
സമർ സമചിത്തതയോടെ ഫയൽ മെല്ലെ മടക്കി, എമ്മയുടെ നേർക്കു നീട്ടി.
'ആന്റിയുടെ കൈവശമുള്ള ഡോക്യുമെന്റ്സല്ല ഇതൊന്നും. പക്ഷേ... ഇതെല്ലാം ആന്റി ഒപ്പിട്ടതുമാണ്.'
ആ രേഖകളിലൂടെ കണ്ണോടിക്കുമ്പോൾ എമ്മ ഫെർണാണ്ടസിന്റെ ഉള്ളം കിടുങ്ങി. എല്ലാത്തിലും താൻ തന്നെ കയ്യൊപ്പിട്ടു നിയമബലം നൽകിയിരിക്കുന്നു. ഫെർണാണ്ടസിന്റെ പൈതൃകത്തിൽ അലക്സാണ്ടർ കെട്ടിപ്പൊക്കിയ സ്വപ്നം. ഒടുവിൽ, എമ്മ പോരാടി നേടിയ വലിപ്പം. ജാക്കിന് കൈമാറാൻ ലക്ഷ്യമിട്ട സാമ്രാജ്യം. അതു തട്ടിയെടുക്കാനുള്ള മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സിന്റെ രേഖകളിലാണ് ഒപ്പിട്ടുകൂട്ടിയിരിക്കുന്നത്.
ഒരു നിമിഷം. നെഞ്ചിലൊരു നീറ്റൽ. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. അവർ ചെയറിലേക്കിരുന്നു. സ്വന്തം കയ്യൊപ്പുകൾ തന്നെയായിരുന്നു ഇപ്പോൾ എമ്മയുടെ കഴുത്തു ഞെരിക്കുന്നത്.
അവരുടെ മനസ്സ് ആശുപത്രി ദിവസങ്ങളിലേക്ക് കുതിച്ചു. ദുർബ്ബലയായി അർദ്ധമയക്കത്തിൽ മുങ്ങിക്കിടന്ന നാളുകൾ. സൗമ്യനും വിശ്വസ്തനുമായി ബെഡ്ഡിന്റെ അരികിലേക്കെത്തുകയായിരുന്നു ഫിലിപ്പ്. അടിയന്തിരസ്വഭാവമുള്ളതും അസ്വാഭാവികതയില്ലാത്തതുമെന്ന് അയാൾ ധരിപ്പിച്ച കടലാസുകളിലൊക്കെ വായിച്ചുപോലും നോക്കാതെ പലപ്പോഴായി ഒപ്പിട്ടുകൊടുത്തു. തന്റെ വിശ്വാസത്തെയാണ് ഫിലിപ്പ് വഞ്ചിച്ചത്. പതിറ്റാണ്ടുകളായി നേടിയതും സംരക്ഷിച്ചതും ചതിച്ചു കൈക്കലാക്കാനുള്ള നീക്കമാണ് നടന്നത്. എമ്മ മെല്ലെയെഴുനേറ്റ് ഫിലിപ്പിനടുത്തെത്തി. ഒരു നിമിഷം നിശ്ചലയായി നിന്ന അവർ സർവ്വശക്തിയുമെടുത്ത് അയാളുടെ കരണത്ത് ആഞ്ഞടിച്ചു.
'ബാസ്റ്റാഡ്.'
പെട്ടെന്ന് സമർ ഇടപെട്ട് എമ്മയെ ശാന്തയാക്കി. വളരെ നേരം അവരോടൊപ്പം ഇരുന്ന് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് അയാൾ മടങ്ങിയത്. ആദിലും അയാളോടൊപ്പം ഓഫീസിലേക്കുതന്നെ പോയി.
ഫിലിപ്പിന്റെ കുറ്റസമ്മതത്തിലെ ഓരോ വരിയും അയാൾ മന്ത്രിച്ച പേരുവിവരങ്ങളും, ഒളിഞ്ഞിരിക്കുന്ന ഓരോ ബന്ധവും ഫയലിനുള്ളിലെ കടലാസുകളിൽ മഷിയടയാളങ്ങളായി പതിഞ്ഞിരുന്നു. അതിനെപ്പറ്റിയായിരുന്നു ഇരുവരുടെയും ചിന്ത.
'ഫിലിപ്പ് വരച്ച പാത നേരേ ദുബായിയിലേക്കാണ്.'
'അതെ സാർ.'
'ആന്റ് ദി മോട്ടീവ്... ഇറ്റ് ഈസ് ക്ലിയർ. പകൽ പോലെ വ്യക്തം.'
ആദിൽ ഖാന്റെ സിഗർട്ട് പാക്കിൽനിന്ന് ഒന്നെടുത്തു വലിക്കുന്നതിനിടയിൽ സമർ തുടർന്നു.
'അത്യാഗ്രഹം .. അല്ലാതെന്താ. മെറിസോൺ ചെറിയ ഓഹരി വാങ്ങി. ആ ഡോറിലൂടെ എമ്മ ഗ്രൂപ്പിലേക്ക് പ്രവേശിച്ചു. അവിടെ നിന്നാണ് രഹസ്യമായി എമ്മ ഗ്രൂപ്പിനെ വിഴുങ്ങാനുള്ള കളി തുടങ്ങിയത്. തട്ടിപ്പ്, കൃത്രിമം, ഭീഷണി.... വഴിയിൽ ജാക്കൊരു തടസ്സമാവുമെന്ന് തോന്നിയതുകൊണ്ട് അവനെ തീർത്തു.'
സമർ പുകയൂതി വിട്ടുകൊണ്ട് ജാലകത്തിനരികെ ചെന്നുനിന്നു.മനസ്സിൽ വട്ടംചുറ്റിയ കയ്പേറിയ ചിന്തകൾ ദുബായിലേക്കു പറന്നു. ദുബായ് കമ്പനിയുടെ എം.ഡിയാണ് ഈ തീ കൊളുത്തിയത്. അയാളെ വലയിലാക്കിയാലേ ഇനി കാര്യങ്ങൾ മുന്നോട്ടു നീങ്ങൂ.
'അരവിന്ദനെയും ഫിലിപ്പിനെയും കസ്റ്റഡിയിലെടുത്തതു പോലെ ഈസിയല്ല അയാളുടെ കാര്യം. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്, ലീഗൽ ചാനൽസ്... നടപടിക്രമങ്ങൾക്കു കാത്തിരുന്നാൽ നന്നായി വൈകും. നമ്മുടെ നീക്കം ലീക്കായാൽ ഡിഫൻസിനുള്ള സമയം അവനു കിട്ടും.'
'ഹൗ ഡൂ വി ഹാൻഡിൽ ദാറ്റ് സാർ?
'ഇവിടെ ഇപ്പോൾ വേണ്ടത് അരവിന്ദന്റെയും മുത്തുവിന്റെയും ഫിലിപ്പിന്റെയും നേഹയുടെയും അറസ്റ്റാണ്. അതിന് ഇനി വൈകണ്ട. അറ്റ് ദി സെയിം ടൈം, വി പ്രിപ്പയർ എ ടീം ഫോർ ദുബായ്. യു.എ.ഇ. ഗവൺമെന്റ് സഹകരിച്ചാൽ ഡീപോർട്ടേഷൻ നടക്കും. അയാളെ പെട്ടെന്നു കിട്ടും. അല്ലെങ്കിൽ ഇന്റർപോൾ വഴി പതിവു രീതിയിലേ നീങ്ങൂ.'
ആദിൽ അതു ശരിവച്ചു. അതേസമയം, യൂണിയൻ നേതാവിന്റെ കാര്യത്തിൽ തെല്ലൊരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടായിരുന്നു. അതു മനസ്സിലാക്കിയെന്നോണം സമർ പറഞ്ഞു.
'അയാൾക്ക് ഓർമ്മയും മാനസികസ്ഥിരതയും നഷ്ടപ്പെട്ടിരിക്കാം. ബട്ട് ദി എവിഡൻസ് ഈസ് ദെയർ. നിയമം അതിന്റെ വഴിക്കു തന്നെ നീങ്ങട്ടെ.'
ശരിയായ സമയത്ത് യൂണിയൻ നേതാവിനെ അറസ്റ്റു ചെയ്യണമെന്നായിരുന്നു സമറിന്റെ നിലപാട്. മെഡിക്കൽ പരിശോധനയിൽ സ്വയം വാദിക്കാനോ പ്രതിരോധിക്കാനോ അയാൾക്ക് ശേഷിയില്ലെന്നു കോടതിക്കു ബോധ്യപ്പെട്ടാൽ, അയാളെ വിട്ടയച്ചേക്കാം.
ഇതിനകംതന്നെ ആദിൽഖാന്റെ മനസ്സിൽ ദുബായ് ഓപ്പറേഷന്റെ റൂട്ടുമാപ്പ് രൂപമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അയാൾ പറഞ്ഞു:
'രാജേന്ദ്രനും സത്യപ്രകാശും ഇവിടെ കാര്യങ്ങൾ കോ ഓർഡിനേറ്റു ചെയ്യട്ടെ . ഞാനും ഉബൈദും വർഗ്ഗീസും ദുബായിക്ക് പോകാം '
സമർ സമ്മതം അറിയിക്കുന്നതിനൊപ്പം മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ കരീമിനെക്കുറിച്ച് മുന്നറിയിപ്പു നൽകാനും മറന്നില്ല.
'ഡോൺ്ട് അണ്ടറെസ്റ്റിമേറ്റ് ഹിം. നിഴലിൽ പതുങ്ങിനിന്ന് ഇതെല്ലാം ചെയ്തവനാണ്. എളുപ്പത്തിൽ വഴങ്ങിവരില്ല. നിയമത്തെയും സിസ്റ്റത്തെയും വളച്ചൊടിക്കാൻ പതിനെട്ടടവും പയറ്റും. ഡോൺട് ഗിവ് ഹിം ചാൻസ്.'
ആദിൽ യാത്ര പറഞ്ഞിറങ്ങി.
(അടുത്ത ലക്കത്തിൽ അവസാനിക്കും)
Content Highlights: The investigation into Jack Alexander's death reveals it was a murder, not an accident, with Philip Matthew as a central figure in the conspiracy, necessitating his immediate arrest. Emma Fernandez is devastated to learn that documents she signed during her hospital stay were used to orchestrate a takeover of her company, implicating Philip in the betrayal. The investigation team plans to arrest key suspects and prepare for an operation in Dubai to apprehend the mastermind behind the conspiracy, with legal and strategic measures in place to prevent any leaks or delays.
Published: 14 Sept 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented