ഇന്നോവകാർ സിറ്റി കമ്മിഷണർ കാര്യാലയത്തിലേക്ക് കയറി. പുറത്തുണ്ടായിരുന്നു പോലീസുകാർ അറ്റൻഷനായി. ദേവ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. കോണിപ്പടികൾ കയറി തന്റെ ഓഫീസിലെത്തി. പുറത്ത് ശരത്തും മോഹനനും കാത്തിരിപ്പുണ്ടായിരുന്നു. സീറ്റിലിരുന്ന ശേഷം അൻവറിനെ വിളിച്ചു. അൻവറിനൊപ്പമാണ് ശരത്തും മോഹനനും ഓഫീസ് മുറിയിലേക്ക് കയറിയത്.

To advertise here,

''ഐ.ജി പത്ത് മണിക്കാണ് കാണാൻ പറഞ്ഞിട്ടുളളത്. നമുക്ക് അരമണിക്കൂറിനുള്ളിൽ കാര്യങ്ങളൊന്ന് അടുക്കിപ്പെറുക്കിവെക്കണം.
ശരത്ത്, കിഷന്റെ കാര്യത്തിൽ എന്താണ് ഡെവലപ്പ്മെന്റ്''

സാർ, കിഷന്റെ ഫോൺ ട്രെയ്സ് ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചയായി അത് കോയമ്പത്തൂരിലെ ഭാരതിനഗർ ടവർ ലൊക്കേഷനിലാണ്. നമ്മൾ കോയമ്പത്തൂർ പോലീസിന് വിവരം അറിയിച്ചിട്ടുണ്ട്. കിഷന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. അവിടുത്തെ സി.ഐ. സുബ്രഹ്മണ്യത്തെ നേരത്തെ പരിചയമുണ്ട്. അവർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കിഷനെ വൈകാതെ തന്ന കിട്ടുമെന്നാണ് പ്രതീക്ഷ''

''മോഹനൻ എന്തായി കാര്യങ്ങൾ''

''സാർ, വീടും പരിസരവും വിശദമായി പരിശോധിച്ചു. വിരലടയാളവുമെടുത്തു. നമ്മുടെ ലിസ്റ്റിലുളളവരുടെ വിരലടയാളവുമായി മാച്ച് ചെയ്യുന്നത് കിട്ടിയിട്ടില്ല. റുവാലയുടേയും കിഷന്റേയും അതിലുണ്ടാകും. അതിന് പുറമെ ആറെണ്ണം വേറെയുമുണ്ട്. പിന്നെ പരിസരവാസികളെ ചോദ്യം ചെയ്തതിൽ പ്രത്യേകിച്ച് ലീഡൊന്നുമില്ല സാർ. കിഷൻ ഒരാഴ്ച്ചയായി അവിടെയില്ല. ഏതോ കുടുംബത്തിൽ കല്യാണത്തിനായി പോകുന്നുവെന്നാണ് അവരോട് പറഞ്ഞത്. തന്റെ ഫ്രണ്ട്സ് രണ്ട് ദിവസം റുമിലുണ്ടാകുമെന്ന് അയാൾ അയൽവീട്ടുകാരോട് ഇയാൾ പറഞ്ഞിട്ടുണ്ട്''.

ഓ.കെ.

''അൻവർ നമ്മുടെ എയർപോർട്ട് ടീം അന്വേഷണം എന്തായി''

''സാർ അവർ വിവരം കലക്ടട് ചെയ്യുകയാണ്. സംശയം തോന്നുന്ന മലയാളി യാത്രക്കാരെയാണ് പരിശോധിക്കുന്നത്. പ്രത്യേകിച്ചും നമ്മുടെ രാജ്യവുമായി എക്സ്ട്രഡീഷൻ ട്രീറ്റീസ് ഇല്ലാത്ത രാജ്യങ്ങളിലേക്ക്, പിന്നെ, ആഫ്രിക്ക, യൂറോപ്പിലെ ചില രാജ്യങ്ങൾ. അതിലെ സംശയകരമായ യാത്രക്കാരുടെ ലിസ്റ്റ് എടുക്കാം. ആദ്യഘട്ടത്തിൽ അതാണ് ചെയ്യുന്നത്. അതിൽ പുരോഗതിയില്ലെങ്കിൽ അടുത്ത ഘട്ടം ആരംഭിക്കാം''.

''ശരത്, സ്റ്റേഡിയത്തിലെ എല്ലാം ജീവനക്കാരേയും ചോദ്യം ചെയ്യണം. അതുപോലെ സ്റ്റേഡിയത്തിലെ സി.സി.ടിവി ക്യാമറകൾ പരിശോധിക്കണം. അടുത്ത ഹോട്ടലുകളിൽ താമസിച്ചവരുടെ ഡീറ്റെയ്ൽസ് എടുക്കണം''. 

''മോഹനൻ, ആ കോളനിയിൽ നിന്ന് മത്സരദിവസം പുറത്തേക്ക് വല്ല കോളുകളോ മെസേജോ പോയിട്ടുണ്ടോ എന്ന് നോക്കണം''.

''സാർ, ഈ വിവരം വല്ല പത്രങ്ങളും ബ്രേക്ക് ചെയ്താൽ കുഴങ്ങില്ലേ...''. അൻവർ ആശങ്കയോടെ ചോദിച്ചു.

''ഇനി എന്തുകുഴങ്ങാൻ, സംഭവം നമ്മൾ നീറ്റായി കൈകാര്യം ചെയ്തില്ലേ.. ഇനി പ്രതികളേയും നമ്മൾ പിടിക്കും. രണ്ട് മണിക്കൂറിനുളളിൽ തട്ടികൊണ്ടുപോയയാളെ ഇരുചെവി അറിയാതെ മോചിപ്പിക്കുന്നത് പോലീസ് ഫോഴ്സിന് മൈലേജ് ഉണ്ടാക്കുന്നതല്ലേ. വാർത്ത വരട്ടേ. അപ്പോ നോക്കാം'' ദേവ് ചിരിയോടെ പറഞ്ഞു. അൻവറും ആ ചിരിയിൽ പങ്കുചേർന്നു.

''അൻവർ നമുക്ക് ഇറങ്ങിയാലോ, വൈകിയാൽ ഐ.ജിയുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടി വരും. കേസ് തെളിയിച്ചില്ലെങ്കിലും ടൈം തെറ്റിയാൽ ഭ്രാന്താകുന്ന ആളാണ്'' ദേവ്  മെല്ലെ പറഞ്ഞു. ഇരുവരും പുറത്തിറങ്ങിയപ്പോഴേക്കും ഡ്രൈവർ ശ്രീശാന്ത് ഇന്നോവയുമായെത്തി. 

പോലീസ് ക്ലബ്ബിലാണ് ഐ.ജി. ബീരേന്ദ്ര സിങ്ങുള്ളത്. സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ നിന്ന് നാല് കിലോമീറ്റർ ദൂരമുണ്ട്. കാറിനുളളിൽ മൗനം മൂടിക്കിടന്നു. ദേവ് എന്തോ ആലോചനകളിൽ മുഴുകി. അൻവർ ഫോണിൽ വന്ന ചില ഡോക്യുമെന്റ് പരിശോധിക്കുന്ന തിരക്കിലും.
''സാർ, ട്രാഫിക്ക് ബ്ലോക്കുണ്ടല്ലോ, ശ്രീശാന്ത് മുന്നിലെ വാഹനങ്ങളുടെ നീണ്ട നിര കണ്ട് ആശങ്കയോടെ പറഞ്ഞു''.

''എന്തു ചെയ്യാനാണ്. പഴയരീതിയിൽ നിർമിക്കപ്പെട്ട നഗരമല്ലേ.. വാഹനങ്ങൾ നഗരത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമായി. അപ്പോൾ ബ്ലോക്ക് ഉണ്ടായില്ലെങ്കിൽ അല്ലേ അത്ഭുതമുളളു...'' പുറത്തേക്ക് നോക്കി കൊണ്ട് ദേവ് ഇരുവരോടുമായി പറഞ്ഞു.
ബിവറേജ് ഷോപ്പിന്റെ സമീപത്താണ് കാർ നിർത്തിയിരുന്നത്. നീണ്ട ക്യൂവിലേക്ക് ദേവ് നോക്കി, ''വെയിലായാലും മഴയായാലും ക്യൂവിന് കുറവൊന്നുമില്ലല്ലോ അൻവറേ'' ആളുകളുടെ ഓരോ എന്റർടൈയ്മെന്റ് അല്ലേ സാർ.

ദേവിന്റെ നോട്ടം ഓൾഡ് മങ്കിന്റെ ബോക്സുമായി കാറിനടുത്തേക്ക് വരുന്നയാളുടെ മേൽ തറച്ചു. ആ ഓൾഡ് മങ്ക് എന്തോ ഓർപ്പെടുത്തുന്നുണ്ടല്ലോ, അയാൾ ഓർമയിൽ പരതി. 
''ഓ ഗോഡ്, ഞാനതെങ്ങനെ മറന്നു..'' ദേവിന്റെ അത്മഗതം അൽപ്പം ഉയർന്നു പോയി.
''എന്താ സാർ..'' അൻവർ ആകാംഷയോടെ ചോദിച്ചു,

''എടോ, കേസിന്റെ പ്രധാനപ്പെട്ട ഒരു ലിങ്കാണ്. അതെങ്ങിനെ വിട്ടുപോയി... അൺ ബിലീവബിൾ''
‌
''അൻവർ, വാൻ ഡെർ ഹം എന്ന് കേട്ടിട്ടുണ്ടോ''.

''യേസ്, സാർ, ഒരു ലിക്കറല്ലേ''

''അതേ സൗത്ത് ആഫ്രിക്കയാണ് ജൻമദേശം..അവിടുത്തെ പോപ്പുലർ ബ്രാൻഡാണ്. വിപ്രോയിലുളള അങ്കിൾ കുറച്ചുകാലം മുമ്പ് നാട്ടിൽ വന്നപ്പോൾ തന്നിരുന്നു...'

''അൻവർ പറഞ്ഞുവന്നത്. എനിക്ക് ഇന്നലെ വന്ന നെറ്റ് കോൾ കട്ടാകുന്നതിന് മുമ്പ്  മദ്യത്തിന്റെ പേര് കേട്ടിരുന്നു. വിളിച്ചവർ അല്ല, ബാക്ഗ്രൗണ്ടിലാണ് കേട്ടത്. ചിലപ്പോൾ വല്ല മദ്യശാലയിൽ നിന്നാകും ആ കോൾ വന്നത്''. 

''സാർ,...'' അൻവർ ആവേശഭരിതനായി.

''യേസ്, അൻവർ, വാൻഡെർ ഹം, ആഫ്രിക്കൻ കൺട്രീസിൽ കിട്ടുമായിരിക്കും. ബട്ട്, അത് സൗത്ത് ആഫ്രിക്കയിൽ ആണ് വലിയ പ്രചാരത്തിലുള്ളത്. നമ്മുടെ കക്ഷികൾ ഓപ്പറേഷൻ പാളിയതോടെ ഏതോ മദ്യശാലയിൽ അഭയം പ്രാപിച്ചിരിക്കണം. അവിടെ നിന്നാണ് ആ കോൾ ചെയ്തത്. അവരറിയാതെയാണ്  ആ മദ്യത്തിന്റെ പേര് കടന്നുകൂടിയാണ്. ഒരു തവണയല്ല, മൂന്നോ. നാലോ തവണ ആ പേര് കോളിനിടയിൽ വന്നിരുന്നു. കൂടുതൽ ആളുകൾ അത് ഓർഡർ ചെയ്യണമെങ്കിൽ ആ സ്ഥലത്തെ പോപ്പുലർ ലിക്വർ ആയിരിക്കണമല്ലോ. സോ സൗത്ത് ആഫ്രിക്കയിലേക്ക് നമുക്ക് ഫോക്കസ് ചെയ്യാമെന്ന് തോന്നുന്നു''. 

സാർ, നമ്മൾ...

അൻവർ, നമ്മുടെ എയർപോർട്ട് ടീമിനോട് സൗത്ത് ആഫ്രിക്കയിലേക്ക് വൺ വീക്കിനുള്ളിൽ പോയവരുടെ ലിസ്റ്റ് എമിഗ്രേഷൻ ഡിപ്പാർ്ട്ട്മെന്റിൽ നിന്നും എടുക്കാൻ പറയണം. രാജ്യത്തെ എല്ലാ എയർപോർട്ടുകളിൽ നിന്നുള്ള ഡിറ്റെയ്ൽസ് എടുക്കണം. അതൊരു പോസിബിലിറ്റി മാത്രമാണ്. നമുക്കൊന്ന് ഗസ് ചെയ്ത കളിക്കാം. വേഗം പട്ടിക എടുക്കാൻ പറയണം. ടൈം ഇതിലും പ്രധാനമാണ്'' അൻവർ ഫോണെടുത്തു. പുറത്ത് ട്രാഫിക് കുരുക്ക് അഴിയാൻ തുടങ്ങിയിരുന്നു...

നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ ദേവും അൻവറും പോലീസ് ക്ലബ്ബിലെത്തി. ഐ.ജി. ബീരേന്ദ്ര സിങ് വിളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഇരുവരും ഐ.ജിയുള്ള ഗസ്റ്റ് മുറിയിലേക്ക് കയറി. വിശാലമായ മുറിയിലെ സോഫകളിൽ ഇരുന്നു. അൽപ്പ സമയത്തിന് ശേഷം ഐ.ജിയെത്തി.
സല്യൂട്ട് സ്വീകരിച്ചശേഷം ഐ.ജി അവർക്കഭിമുഖമായി ഇരുന്നു.

''ദേവ്. ഹോം മിനിസ്റ്റർ വിളിച്ചിരുന്നു. മുഖവുരയില്ലാതെ ഐ.ജി തുടങ്ങി. ഇന്നൊരു പ്രസ് മീറ്റ് നടത്താനാണ് നിർദേശം. ഏതെങ്കിലും മാധ്യമം വിവരം പുറത്തുവിടുന്നതിനേക്കാൾ നല്ലത് നമ്മൾ തന്നെ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് സർക്കാറിനുള്ളത്. പോലീസിന്റെ പ്രതിഛായ ഉയർത്തുന്ന രീതിയിലാകണം പ്രസ് മീറ്റ് കൈകാര്യം ചെയ്യേണ്ടത്. അതിനൊപ്പം ലോകകപ്പ് വേദിക്കായുള്ള ശ്രമങ്ങൾക്ക് ദോഷകരമാവുകയും ചെയ്യരുത്. രണ്ട് മണിക്കൂറിനുളളിൽ താരത്തെ കണ്ടെത്താൻ കഴിഞ്ഞത് ഹൈലൈറ്റ് ചെയ്യണം. ഇതാണ് സർക്കാർ നിർദ്ദേശം' ഐ.ജി.നിലപാട് വ്യക്തമാക്കി.

''ദേവ്, കേസിന്റെ പ്രോഗസ്....'' അദ്ദേഹം തുടർന്നു

''സാർ, ചില തുമ്പുകൾ കട്ടിയിട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളിൽ ഒരു രൂപം ആകുമെന്നാണ് പ്രതീക്ഷ. റുവാലയെ താമസിപ്പിച്ച വീട് ഒരു കിഷന്റെയാണ്. ബംഗാളിയാണ്. ആള് ഇപ്പോഴുള്ള സ്ഥലം ഏറെക്കുറെ ട്രെയ്സ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലെ ജീവനക്കാരെ നന്നായി ചോദ്യം ചെയ്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല''.

''ദേവ്, ഇതുവരെയുള്ള നിങ്ങളുടേയും ടീമിന്റെ പെർഫോമാൻസിൽ മന്ത്രിയും ഡി.ജി.പി.യും ഇപ്രംസ്ഡ് ആണ്. അത് കീപ്പ് ചെയ്യാൻ കഴിയണം. പ്രസ് മീറ്റ് കഴിഞ്ഞാൽ പിന്നെ മാധ്യമങ്ങളുടെ ഹോട്ട്മാപിനിയിൽ ഒരാഴ്ച്ച ഇത് ഉയർന്നു നിൽക്കും. അതിനുള്ളിൽ കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞാൽ അത് വലിയനേട്ടമാകും. പ്രത്യേകിച്ചും സമീപകാലത്ത് നമുക്ക് സംഭവിച്ച വീഴ്ച്ചകളെ മറക്കാനും കഴിയാം. പിന്നെ ദേവ്, നമ്മൾ ഒരുമിച്ചാണ് പത്രക്കാരെ കാണുന്നത്. 12 മണിക്ക് ഇവിടെ പ്രസ് മീറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. ബീ പ്രിപ്പേർഡ്.. ഏത് തരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഹാൻഡിൽ ചെയ്യാൻ കഴിയണം''. ഐ.ജി വിശദീകരിച്ചു.

ദേവ് അൽപ്പസമയം ആലോചനയിലാഴ്ന്നു. ക്രൈം പത്രസമ്മേളനത്തിൽ പത്രക്കാരുടെ ആവേശം കൂടുന്നതാണ് പതിവ്. ചിലർ സി.ഐ.ഡി.കളെ പോലെയാണ്, അപ്രതീക്ഷിതമായ ചോദ്യങ്ങളുണ്ടാകും. എന്തായാലും ഒന്ന് തയ്യാറാകാം. പറയാനുള്ളത് ഒന്ന് ക്രമപ്പെടുത്തണം.
''ഓ.കെ സാർ, ദേവ് ആത്മവിശ്വാസത്തോടെ പറഞ്ഞു. എന്നാൽ ഷാർപ്പ് 12 മണിക്ക് ക്ലബ്ബ് ഹാളിലേക്ക് എത്തിക്കോളു''. 
ദേവും അൻവറും പുറത്തേക്കിറങ്ങി. പ്രസ് മീറ്റിന് ഒരു മണിക്കൂർ കൂടിയുണ്ട്. ഇന്നോവയിലേക്ക് കയറുമ്പോഴാണ് സി.ഐ. ശരത്തിന്റെ കോൾ വന്നത്. 
ദേവ് ഫോൺ സ്പീക്കർ മോഡിലിട്ടു. 
''സാർ, കിഷനെ കിട്ടിയിട്ടുണ്ട്. സുബ്രഹ്മണ്യം വിളിച്ചിരുന്നു''. 

''ഗുഡ്, ശരത്, വേഗം അയാളെ കൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്യണം. നമ്മുടെ ഒരു ടീം അങ്ങോട്ടുപോകട്ടെ''.
ഓ.കെ സാർ. ദേവ് കാറിൽ നിന്ന് തിരിച്ചിറങ്ങി. ഐ.ജി.യെ വിവരം ധരിപ്പിക്കണം. അയാൾ പോലീസ് ക്ലബ്ബിലേക്ക് കയറി.