
എവിടെയോ കണ്ടുമറന്ന മുഖം, അന്‍വര്‍ അയച്ച ആന്റണി വര്‍ഗീസിന്റെ ഫോട്ടോ കണ്ടപ്പോള്‍ ദേവിന് തോന്നി. അയാള്‍ കുറച്ചുനേരം ആ ചിത്രത്തിലേക്ക് നോക്കിയിരുന്നു. എവിടെ വച്ചാണ് ഇയാളെ കണ്ടത്. ഓര്‍മ പമ്പരം പോലെ കറങ്ങിയിട്ടും പിടികിട്ടുന്നില്ല.
ഒരുവശത്തേക്ക് ചീന്തിവെച്ച മുടി, ചെറിയ ബുള്‍ഗാന്‍ താടി. പാസ്‌പോര്‍ട്ടിലെ ഫോട്ടോയാണ് അന്‍വര്‍ അയച്ചത്. ഇയാളുടെ ലേറ്റസ്റ്റ് ഫോട്ടോ സംഘടിപ്പിക്കണം. നാട്ടില്‍ അന്വേഷിച്ചാല്‍ കിട്ടാതിരിക്കില്ല.
ദേവ് മേശവലിപ്പുതുറന്ന് രേഖാചിത്രമെടുത്തു. റുവാല പറഞ്ഞ ഫീച്ചേഴ്‌സ് വെച്ച് തയ്യാറാക്കിയ ചിത്രത്തിന് ആന്റണിയുമായി വലിയ സാമ്യവുമില്ല. കേസിലെ ആ രണ്ടാമനെ കുറിച്ച് വിവരമൊന്നും കിട്ടാത്തതില്‍ ദേവ് അസ്വസ്ഥനായി.
സി.ഐ.ശരത്തിന്റെ മൊബൈലിലേക്ക് ആന്റണിയുടെ ഫോട്ടോ അയച്ചശേഷം ദേവ് വോയ്‌സ് മെസേജിട്ടു. കിഷനോട് ആന്റണിയെപ്പറ്റിയുള്ള വിവരം തിരക്കാനായിരുന്നു അത്.
ശരത്തിന്റെ മറുപടിക്ക് കാത്തുനില്‍ക്കുമ്പോളാണ് അന്‍വറിന്റെ കോള്‍ വന്നത്. ആന്റണിയുടെ വീട് കണ്ടെത്തിയെന്ന വിവരം അറിയിക്കാന്‍. പാലാരിവട്ടം ജംഗ്ഷനില്‍ നിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു കടയും മരമില്ലും കാണാം. അതിനടുത്തുളള ഇടറോഡിലൂടെ പോയാല്‍ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ട്. സമീപത്തുള്ള ഓടിട്ട ചെറിയ വീട്. പക്ഷേ ആള്‍ത്താമസമുള്ള ലക്ഷണമില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അയല്‍വാസികളില്‍ നിന്ന് മാക്‌സിമം ഡീറ്റെയ്ല്‍സ് എടുക്കാന്‍ ദേവ് നിര്‍ദ്ദേശം നല്‍കി.
അടുത്ത സ്റ്റെപ്പ് എന്താകുമെന്ന് ആലോചിച്ചിരിക്കെയാണ് ദേവിന്റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തത്. ഐ.ജി. ബീരേന്ദ്രയാണ്.
'സാര്‍', ദേവ് കോള്‍ അറ്റന്‍ഡു ചെയ്ത ശേഷം സംസാരം തുടങ്ങി
'ദേവ്, ഡി.ജി.പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉന്നതലതലയോഗം ഉണ്ടായിരുന്നു. ഈ കേസും അതില്‍ ചര്‍ച്ചയായി. കേസ് പുരോഗതിയുണ്ടെന്ന കാര്യം അറിയിച്ചിട്ടുണ്ട്. തത്കാലം അവര്‍ തൃപ്തരുമാണ്. എന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പ്രശ്‌നമാകും. നിന്റെ പഴയ ബോസ് കലിപ്പിലാണ്. യോഗത്തില്‍ ഒന്നും പറഞ്ഞില്ലെങ്കിലും റിസള്‍ട്ടില്ലാതെ കേസ് നീണ്ടാല്‍ അയാള്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. സോ എന്തെങ്കിലും ലീഡ് വെച്ച് പെട്ടെന്ന് നടപടിയുണ്ടാക്ക്'.
'സാര്‍, അന്വേഷണം അവസാന ഘട്ടത്തിലാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെപ്പറ്റി വിവരവും ലഭിച്ചിട്ടുണ്ട്. അയാളുടെ ഫോട്ടോ ഇപ്പോ സാറിന് അയക്കാം. 48 മണിക്കൂറിനുള്ളില്‍ കേസിന്റെ അതിപ്രധാനമായഘട്ടത്തിലേക്ക് കടക്കാന്‍ കഴിയും'
'ഗുഡ്, കാര്യങ്ങള്‍ ഫാസ്റ്റ് ആയിക്കോട്ടെ. വേറെ എന്തെങ്കിലുമുണ്ടോ'
'ഇല്ല സാര്‍...' ഓ.കെ ദേവ്. ഐ.ജി ഫോണ്‍ വെച്ചു.
ബീരേന്ദ്രസാറിന്റെ ഗുണം ഇതാണ്. അനാവശ്യമായി പ്രഷര്‍ ചെയ്യില്ല. കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണെങ്കില്‍ സാര്‍ കട്ടക്ക് കൂടെ നിൽക്കും. ഉഴപ്പന്‍മാരാണെങ്കില്‍ പൊരിക്കുകയും ചെയ്യും. സൗത്ത് സോണ്‍ ഐ.ജി.യാദവ് സാറിനെപ്പറ്റിയാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ദേവ് ഓര്‍ത്തു.
ദേവിന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ സി.ഐ.ശരത്താണ്.
'കിഷന്‍ എന്തുപറഞ്ഞു'.
'സാര്‍, ഇയാളെ കിഷന്‍ കണ്ടിട്ടുണ്ട്. എപ്പോഴാണോ, എവിടെവച്ചാണോ എന്നറിയില്ല. കൂടുതല്‍ വിവരം കിട്ടുമോയെന്ന് നോക്കാം'.
'ഓ.കെ. ശരത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം'.
ദേവ്, ഫോണിലെ ഫോട്ടോ മോഹനന് അയച്ചശേഷം കോളനിയില്‍ ആര്‍ക്കെങ്കിലും ഇയാളെ അറിയുമോയെന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കി.
കോളനിയിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് ദേവ് മനസില്‍ കണക്കുകൂട്ടി.
-----------
ഡല്‍ഹിയില്‍ ഇറങ്ങി എയര്‍പോര്‍ട്ടിന് പുറത്തെത്തിയപ്പോഴാണ് ബോബുവിന് ശ്വാസം നേരെ വീണത്. ഡല്‍ഹിയിലെ തണുപ്പ് തനിക്ക് അനുകൂലമാണെന്ന് അയാളോര്‍ത്തു. സെറ്ററും മങ്കി ക്യാപുമൊക്കെ ധരിച്ചതോടെ തന്നെ സി.സി.ടിവി ക്യാമറകളില്‍പ്പെട്ടാലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. തന്റെ അതേപോലെയുള്ള നിരവധിപേരാണുളളത്. അതില്‍ നിന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും. ട്രെയിന്‍ മാര്‍ഗ്ഗം കൊല്‍ക്കത്തയിലേക്ക് പോകാം. അതാണ് സേഫ്. ബസ്സില്‍ സമയം കൂടുതലെടുക്കും. റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാനായി അയാള്‍ മെട്രോ റെയില്‍വേയിലേക്ക് നടന്നു.
----------
ആന്റണി വര്‍ഗീസിന്റെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന അന്‍വറിന്റെ മെസേജ് കിട്ടിയതോടെ, പുറത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്ന ദേവ് ഓഫീസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. 20 മിനിറ്റിനുള്ളില്‍ അന്‍വറെത്തി.
'സാര്‍, ഈ അന്റണിയെപ്പറ്റി നാട്ടുകാര്‍ക്ക് അധികം വിവരമൊന്നും അറിയില്ല. എന്നാല്‍ അയാളുടെ പിതാവ് വര്‍ഗീസ് തോമസ് നാട്ടുകാര്‍ക്ക് സുപരിചിതനാണ്. വര്‍ഗീസിന്റേയും അന്നമ്മയുടേയും ഏക മകനാണ് ആന്റണി. ഇവര്‍ കോട്ടയംകാരാണ്. വര്‍ഗീസ് ബിസിനസ് സംബന്ധമായി കൊച്ചിയിലെത്തിയതാണ്. വര്‍ഗീസിന് പണ്ട് പാലാരിവട്ടത്ത് ഒരു ചെറിയ ടെക്‌സ്റ്റല്‍സ് ഷോപ്പുണ്ടായിരുന്നു. ആന്റണി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അന്നമ്മ മരിക്കുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ വര്‍ഗീസും മരിച്ചു. പിന്നെ അന്നമ്മയുടെ ചേട്ടന്‍ ഒരു കുര്യനുണ്ട്. അയാളാണ് ആന്റണിയുടെ കാര്യങ്ങള്‍ നോക്കിയത്.
ആന്റണി ചെറിയ ക്ലാസില്‍ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ഏഴാം ക്ലാസിലെത്തിയപ്പോള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലേക്ക് മാറ്റി. പത്താം ക്ലാസ് വരെ അവിടെ. അതിനുശേഷം സെന്റ് ആല്‍ബര്‍ട്ട്‌സിലായിരുന്നു. കോളേജ് വിട്ടശേഷം കുറച്ചുനാള്‍ ക്രിയേറ്റീവ് ഫാക്ടറി എന്ന പേരില്‍ ഈവന്റ് മാനേജ്‌മെന്റ് ബന്ധപ്പെട്ട സ്ഥാപനം നടത്തിയിരുന്നു. ഇതാണ് സാര്‍ നാട്ടില്‍ നിന്നുള്ള വിവരം. പിന്നെ നമ്മുടെ ചില രഹസ്യമാര്‍ഗങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ആന്റണിയുടെ ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ചില ചൂതാട്ട ടീമുകളുമായി ബന്ധമുണ്ടെന്ന ചില സൂചനകളുണ്ട്. ഇയാള്‍ ഗോവയിലും വിദേശത്തുമൊക്കെ ചൂതാട്ടസംഘങ്ങള്‍ക്കൊപ്പം പോകാറുണ്ട്. ഒരു കൊല്‍ക്കത്തക്കാരന് വേണ്ടിയാണ് കളിക്കാറുള്ളത്. ആന്റണിയുണ്ടെങ്കില്‍ നഷ്ടം വരില്ലെന്ന് അയാളുടെ വിശ്വാസമാണത്രെ...'
'അന്‍വര്‍, നല്ല വിവരങ്ങളാണല്ലോ... ആ ചൂതാട്ടസംഘത്തിന്റെ വിവരങ്ങള്‍ കളക്ട് ചെയ്യണം. ഇനിയും രഹസ്യമാര്‍ഗങ്ങള്‍ ഉപയോഗിക്കാം'-ദേവ് ചിരിയോടെ പറഞ്ഞു.
അന്‍വറും ചിരിയില്‍ പങ്കുചേര്‍ന്നു. 'സാര്‍, ആന്റണി പഠിച്ചിരുന്ന കാലത്തെ സ്‌കൂളിന്റെ ചുമതല നമ്മുടെ ജോര്‍ജ്ജ് സാറിനായിരുന്നു. സാര്‍ കൂറേകാലം സ്‌കൂളിലുണ്ടായിരുന്നു'.
'ഏത്, ഫിലിം സൊസൈറ്റിയുടെ...'
'അതേ, ഫിലിം സൊസൈറ്റി മാത്രമല്ല, ജോര്‍ജ് സാര്‍. സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നയാളല്ലേ..'
'ജോര്‍ജ് സാറെ ഒന്ന് മീറ്റ് ചെയ്യണമല്ലോ'
'ഞാന്‍ വിളിച്ചുനോക്കാം'. അന്‍വര്‍ ഫോണെടുത്തു.
------------
കലൂരിലുള്ള ട്രീസ് വില്ലയില്‍ ദേവ് എത്തുമ്പോള്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടരയായിരുന്നു. കോളിങ് ബെല്ലടിച്ചപ്പോള്‍ ജോര്‍ജ്ജ് വാതില്‍ തുറന്നു. ദേവിനെ അകത്തേക്ക് ക്ഷണിച്ചു. പത്രത്തില്‍ വരാറുളള സാംസ്‌കാരിക വാര്‍ത്തകള്‍ക്കൊപ്പമുള്ള ചിത്രങ്ങളിലാണ് മുമ്പ് ദേവ് ജോര്‍ജിനെ കണ്ടിട്ടുളളത്. ദേവ് സോഫയില്‍ ഇരുന്നു.
'ഉച്ചയുറക്കം പതിവുണ്ടോ',
'ഇല്ല, ഉച്ചസമയത്താണ് വായന കൂടുതല്‍. രാവിലേയും വൈകിട്ടും എന്തെങ്കിലും പ്രോഗ്രാം കാണും. റിട്ടയര്‍ ചെയ്തതോടെ പൊതുപരിപാടികളില്‍ സജീവമായി. വീട്ടില്‍ അടങ്ങിയിരിക്കാന്‍പറ്റില്ല. അതാ ശീലം', ജോര്‍ജ് ചിരിയോടെ പറഞ്ഞു.
'അത് നല്ലതാണ്. ആക്ടീവായി ഇരുന്നാല്‍ പ്രായം ബാധിക്കില്ല'.
'ദേവ്, അടുത്തിടെയാണ് ഇവിടെ ചാര്‍ജ്ജെടുത്തതല്ലേ, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. അന്‍വറിനെ നല്ല പരിചയമുണ്ട്. ഞങ്ങള്‍ ഒന്ന് രണ്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്'.
'അതേ, പിന്നെ സാറിന്റെ ചെറിയൊരു സഹായത്തിനാണ് വന്നത്'.
'അന്‍വര്‍ പറഞ്ഞിരുന്നു, സ്‌കൂളിലേ ഏതോ വിദ്യാര്‍ഥിയുടെ കാര്യം അല്ലേ'
'ദേവ് ഫോണെടുത്ത് ഫോട്ടോ ജോര്‍ജിനെ കാണിച്ചു'
'ഇത് ആന്‍ണിയല്ലേ, ഞങ്ങളുടെ ബോബു,
ആന്റണിയെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കാറ്. ആരാണ് ആദ്യം അങ്ങനെ വിളിച്ചതെന്നൊന്നും അറിയില്ല. ബോബു എട്ടില്‍ പഠിക്കുമ്പോള്‍ എനിക്കായിരുന്നു ക്ലാസിന്റെ ചാര്‍ജ്ജ്. മിടുക്കന്‍ കുട്ടിയായിരുന്നു. നന്നായി പഠിക്കും എല്ലാമേഖലയിലും ശോഭിച്ചിരുന്നു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. ശരിക്കും ആന്റണിയേക്കാള്‍ പരിചയം അവന്റെ അപ്പന്‍ വര്‍ഗീസുമായിട്ടാണ്. വര്‍ഗീസിന് അന്ന് അങ്ങാടിയില്‍ ഒരു ഷോപ്പുണ്ട്. തുണിത്തരങ്ങളുടെ.
പ്രീഡിഗ്രി സമയത്താണ് വര്‍ഗീസ് മരിക്കുന്നത്. ഞാനാണ് അവനെ സെന്റ് ആല്‍ബര്‍ട്ട്‌സില്‍ ചേര്‍ക്കുന്നത്'.
'അന്ന് അവന്റെയൊപ്പം പഠിച്ചവരെ ഓര്‍മയുണ്ടോ'.
'ഒരുമാര്‍ട്ടിന്‍ ഉണ്ടായിരുന്നു. ഇവരൊക്കെ മാര്‍ട്ടി എന്നാണ് വിളിച്ചിരുന്നത്. കോളേജിലും അവര്‍ ഒരുമിച്ചായിരുന്നു. ആന്റണിയെ ഞാന്‍ അവസാനമായി കണ്ടിട്ട് ഒരു വര്‍ഷത്തിലധികമായി'.
'ഈ മാര്‍ട്ടി ഇപ്പോ എവിടെയുണ്ട്'.
'മാര്‍ട്ടി കുറച്ചുകാലം ഗള്‍ഫിലായിരുന്നു എന്ന് കേട്ടിരുന്നു. പിന്നെ എങ്ങോട്ടുപോയെന്ന് അറിയില്ല.
വേറെയും കുറച്ച് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. പലരുടേയും പേര് അറിയില്ല'.
'സാറെ അവരുടെ ആരേയെങ്കിലും ഫോട്ടോ കയ്യിലുണ്ടോ'.
'എന്താ ദേവ് പ്രശ്‌നം. എന്തെങ്കിലും കുഴപ്പമുണ്ടാക്കോയെ പിള്ളേര്‍'.
'കുഴപ്പമൊന്നുമില്ല ജോര്‍ജ് സാര്‍... ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണം. അവര്‍ക്ക് കാര്യമായ റോളൊന്നുമില്ല'.
'അന്നത്തെ കാലത്ത് ഫോട്ടോ ഒക്കെ കുറവല്ലേ'. ജോര്‍ജ് ഒരു നിമിഷം ആലോചനയിലാണ്ടു...
'ഓ.. ഒരു പത്രകട്ടിങുണ്ട്. കുറച്ചുമുമ്പ് ഉള്ളതാ. ആന്റണിയും മാര്‍ട്ടിയുമൊക്കെയുണ്ട് അതില്‍. അവരുടെ കോളേജ് കാലത്തെ. പ്രൈസ് കിട്ടിയപ്പോ വന്നതാ. മാര്‍ട്ടിയും ഉണ്ട്. ഞാനൊന്ന് നോക്കട്ടെ'.
ജോര്‍ജ്ജ് അകത്തേക്ക് പോയി,
ദേവ് സ്വീകരണമുറിയില്‍ കണ്ണോടിച്ചു. അലങ്കാരങ്ങള്‍ അധികമില്ല, എന്നാല്‍ അടുക്കും ചിട്ടയുമുണ്ട്.
ജോര്‍ജ് ഒരു ഫയലുമായി തിരികെ വന്നു. പത്രകട്ടിങ്ങുകള്‍ വ്യത്തിയായി ക്രമീകരിച്ചിട്ടുണ്ട്. അയാള്‍ അത് വാങ്ങി. മെല്ലെ മറിച്ചു.
ഇത് തന്നെ, ജോര്‍ജ് ചൂണ്ടികാണിച്ച ഫോട്ടോയിലേക്ക് ദേവ് സൂക്ഷിച്ചുനോക്കി.. സംശയം തീര്‍ക്കാന്‍ താഴെയുള്ള വാര്‍ത്ത വായിച്ചു.
യേസ് അതുതന്നെ.
അയാള്‍ അവിശ്വസനീയതയോടെ ജോര്‍ജിനെ നോക്കി.
(തുടരും)
Content Highlights: sports thriller novel, soccer, investigation, kerala police
Published: 13 Mar 2025, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented