പതിവ് അന്വേഷണ തന്ത്രം.
ദുബായിയിലും ആദിൽഖാൻ അതേ മാർഗ്ഗമാണ് സ്വീകരിച്ചത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എ.ഇയുമായി പാലിക്കേണ്ടിയിരുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ മുന്നേറി. ദുബായ് പോലീസ് സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, അതുകൊണ്ടുമാത്രം ആദിൽഖാൻ തൃപ്തനായില്ല. ഒരു രഹസ്യനീക്കം- അതിനാണ് അയാൾ ശ്രമിച്ചത്. ലക്ഷ്യവേധിയായ സൂക്ഷ്മത അതിനുണ്ടായിരുന്നു. മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സിന്റെ പ്രവർത്തനസ്വഭാവം, അതിന്റെ നെറ്റ്വർക്കുകൾ, നിഗൂഢമായ കോർപ്പറേറ്റ് ഘടനകൾ, പണത്തിന്റെയും സ്വാധീനത്തിന്റെയും അദൃശ്യചലനങ്ങൾ- എല്ലാം അറിയേണ്ടതുണ്ടായിരുന്നു.
മെറിസോണിന്റെ മാനേജിങ് ഡയറക്ടർ കരീമിന്റെ ഓരോ ചലനവും ഓഫീസിനകത്തെ നിർണായക ചർച്ചകളും അപ്രതീക്ഷിത സന്ദർശകരുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ആദിലിന്റെ നിരീക്ഷണവലയത്തിലായി.
നിഴലുകളിൽ ജീവിക്കുന്ന മനുഷ്യരുടെ മനശ്ശാസ്ത്രം ആദിലിന് നന്നായി അറിയാം. അതുകൊണ്ടാണ് അയാൾ ഒരു ചുവടുകൂടി മുന്നോട്ടുവച്ചത്. എം.ഡി. നിരീക്ഷണത്തിലാണെന്ന് അയാളെത്തന്നെ ബോധ്യപ്പെടുത്തുന്ന നീക്കം. ഒരു ഭയാവരണം, അവബോധപൂർവ്വമായ അസ്വസ്ഥത, ഒളിച്ചോടാൻ പോലും വഴിയില്ലെന്ന സന്ദേശം... അത്തരത്തിലൊരു പരിസരം സൃഷ്ടിച്ച ശേഷമാണ് കരീമിനെ മുഖാമുഖം കാണാൻ ആദിൽഖാൻ തീരുമാനിച്ചത്.
ഔപചാരികമായ ചോദ്യംചെയ്യലോ ആകസ്മികമായ കൂടിക്കാഴ്ചയോ ആയിരുന്നില്ല അത്. ശാന്തമായി എം.ഡിയുടെ മുറിയിലെത്തി ഒരു കൊടുങ്കാറ്റ് അഴിച്ചുവിടുക- അതായിരുന്നു തന്ത്രം.
കൃത്യമായ രേഖകളും, അനുബന്ധ തെളിവുകളും, കൊരുത്തുവാരുന്ന ചൂണ്ടക്കണ്ണുകളുമായി ആദിൽ ഖാൻ മുന്നിൽ...
കോർപ്പറേറ്റ് തന്ത്രങ്ങളിൽ പരിചയസമ്പന്നനെങ്കിലും, ഇത്തരമൊരു സാഹചര്യം കരീമിന് നേരിടേണ്ടി വന്നിട്ടില്ല.
ഒരു നിമിഷം പോലും പാഴാക്കാതെ ആദിൽ സംഭാഷണത്തിലേക്കു കടന്നു.
'ജാക്കിന്റെ മരണം... വിശദാംശങ്ങൾ എന്റെ കയ്യിലുണ്ട്.'
സംഭവഗതികളെ മുറപ്രകാരം തുറന്നുകാട്ടിയശേഷം ആദിൽ ചോദിച്ചു.
'ഇതിൽ നിങ്ങൾ എങ്ങനെയാണ് ഇടപെട്ടത്? എന്തിനാണ് ഇടപെട്ടത്?'
ആദ്യത്തെ ഭാവപ്പകർച്ച ഒഴിഞ്ഞെങ്കിലും, വാക്കും ചലനവും മുടങ്ങി നിൽക്കുകയായിരുന്നു കരീം.
'പിന്നെ, നേഹ... അവൾ ജീവിച്ചിരിപ്പുണ്ട്. നിങ്ങൾ അവളെ മറച്ചുവച്ചു. കൊച്ചിയിൽനിന്നു നേരേ ദുബായിയിലേക്കു കടത്തി. അവളുടെ വ്യാജമരണം സൃഷ്ടിക്കാൻ തേവമ്മയെ കൊന്നു.'
കുറ്റസമ്മതമൊഴികളും തെളിവുകളും ആദിൽ ഒന്നൊന്നായി നിരത്തി.
നാവ് തളയ്ക്കപ്പെട്ടവനെപ്പോലെ നിന്നതല്ലാതെ കരീം പ്രതികരിക്കുന്നില്ലെന്നു കണ്ടതോടെ ആദിൽ ഒരു ഫയൽ തുറന്ന് ഓഫീസ് ടേബിളിൽവച്ചു. അതിൽനിന്ന് രേഖകൾ പുറത്തെടുത്തു.
'സമയം കളയാനില്ല. അതുകൊണ്ട് എല്ലാം കണ്ടോളൂ... ഇതാ ഡീറ്റയിൽസ്... ഫോർജ്ഡ് ഡോക്യുമെന്റ്സ്, മിസ്ലീഡ് ചെയ്തു നേടിയ സിഗ്‌നേച്ചറുകൾ, ചതിയുടെ കോൺട്രാക്ടുകൾ...'
ടേബിളിൽ കൈകുത്തി മുന്നോട്ടാഞ്ഞ് ആദിൽഖാൻ തുടർന്നു.
'ഒരൊറ്റ കയ്യൊപ്പുകൊണ്ട് ഒരു സാമ്രാജ്യം തട്ടിയെടുക്കാനുള്ള നീക്കം. നിങ്ങൾ ഇതിനെ ബിസിനസ് എന്നാണോ വിളിക്കുന്നത്? ഓർ ഈസ് ഇറ്റ് പ്ലെയിൻ ക്രൈം?'
അന്വേഷണത്തിന്റെയല്ല, അനിവാര്യതയുടെ വാക്കുകളായിരുന്നു ആദിലിന്റേത്- നിങ്ങളുടെ സമയം കഴിഞ്ഞു എന്ന സന്ദേശം കരീമിനു നൽകുന്നത്. നിഷേധിക്കണോ, കീഴടങ്ങണോ എന്നു പോലും അറിയാത്ത അവസ്ഥയിലായി കരീം. ഒടുവിൽ, അളന്നൊതുക്കിയ ശാന്തതയോടെ അയാൾ ചോദിച്ചു.
'ഇതിന്റെയെല്ലാം മാസ്റ്റർ മൈൻഡിനെ കണ്ടെത്തിയെന്നാണോ നിങ്ങൾ കരുതുന്നത്?'
ആദിലിന്റെ മനസ്സിൽ ആശയക്കുഴപ്പത്തിന്റെ ഉരുളലകൾ തീർക്കുന്നതായിരുന്നു ആ വാക്കുകൾ. നെറ്റി ചുളിച്ച്, തുടർവാക്കുകൾക്കായി അയാൾ കാതോർത്തു.
അതേ ശബ്ദതാളത്തിൽ, തളർച്ചയോ വിറയലോ ഇല്ലെന്നു വരുത്തി എം.ഡി. തുടർന്നു.
'ശരിയാണ്. നിങ്ങൾ പറഞ്ഞതെല്ലാം സംഭവിച്ചിട്ടുണ്ട്. ബട്ട്... അയാം ജസ്റ്റ് എ ബിനാമി... എ പ്രോക്സി. എ നോമിനി.'
രേഖകളും തെളിവുകളും നൽകിയ ആത്മവിശ്വാസത്തോടെ മുന്നേറിയ ആദിൽഖാന്, ഉറച്ചുനിന്ന മണ്ണ് പെട്ടെന്ന് ഇളകിപ്പോയതുപോലെ തോന്നി. ചെറുത്തുനിൽപ്പുകളും ഒഴികഴിവുകളും ഒളിച്ചോട്ടങ്ങളുമാണ് അയാൾ പ്രതീക്ഷിച്ചത്. അന്വേഷണത്തിൽ സ്വാഭാവികമാണ് അവയെല്ലാം. പക്ഷേ ഇത്- ഏതാണ്ട് സൗമ്യമായ ഒരു കീഴടങ്ങൽ. അതും വലിയൊരു വെളിപ്പെടുത്തലിനൊപ്പം.
'ഈ കമ്പനി എന്റേതല്ല.'
കരീം വീണ്ടും പറഞ്ഞു.
ആ വാക്കുകളിൽ വല്ലാത്തൊരു ഭാരം ഉണ്ടായിരുന്നു. കുറ്റസമ്മതത്തിന്റേതല്ല- വലിയൊരു രഹസ്യം കൈമാറുന്നതിന്റെ. ഒരു വാക്കും വിട്ടുപോകാതെ കേട്ടിരുന്ന ആദിലിന്റെ മനസ്സ് ആ ഉത്തരത്തിനായി ധൃതി കൂട്ടി.എം.ഡി. ബിനാമിയെങ്കിൽ- പിന്നിൽ മറഞ്ഞിരിക്കുന്നത് ആരുടെ മുഖമാണ്?
മെറിസോൺ എം.ഡി. കരീമിന്റെ മൊഴി സങ്കീർണ്ണമായ ചുറ്റുവഴികളുള്ള ഒരു രാവണൻ കോട്ടയിലേക്കാണ് നയിച്ചത്. അതു പകർന്ന തിരിച്ചറിവിൽ മുറിയിലേക്കു തിരിച്ചെത്തിയ ആദിൽഖാൻ അപ്പോൾത്തന്നെ സമർ ബനഡിക്ടിനെ വിളിച്ചു. എല്ലാം കേട്ടിരുന്ന സമറിന് സംശയമൊഴിഞ്ഞില്ല.
'റിപീറ്റ് ദാറ്റ് വൺസ് മോർ ആദിൽ...'
കരീമിന്റെ വാക്കുകൾ ആദിൽഖാൻ ആവർത്തിച്ചു. പിന്നെ മെല്ലെ പറഞ്ഞു.
'ഹിഡൻ ഡോക്യമെന്റ്സെല്ലാം ഞാൻ പരിശോധിച്ചു. അയാൾ ബിനാമി മാത്രമാണ്. മുഴുവൻ ഫണ്ടും ആ ഷേഡി ക്യാരക്ടറിലേക്കാണ് പോകുന്നത്. ഇടപാടുകളുടെ വിശദാംശങ്ങളെല്ലാം വ്യക്തമാണ്.'
സമർ ഒന്നിരുത്തി മൂളി. അന്വേഷണത്തിന്റെ വഴിത്തിരിവുകൾ അതിശയകരമായി അയാൾക്കുതോന്നി.
ആദിൽഖാൻ തുടർന്നു.
'പക്ഷേ സാർ... യഥാർത്ഥ ഉടമ, നമ്മൾ തിരയുന്ന യഥാർത്ഥ കുറ്റവാളി ആരെന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ... കരീമിനെന്തോ ആശ്വാസം കിട്ടിയതുപോലെയാ എനിക്കു തോന്നിയത്.'
കസേരയിൽ പിന്നിലേക്കു ചാരിയിരുന്ന സമർ ആ കുറ്റസമ്മതത്തിന്റെ പൊരുളിനെക്കുറിച്ചാണ് ആലോചിച്ചത്. കൃത്യമായ തെളിവുകളോടെ ആദിൽ മുന്നിലെത്തിയപ്പോൾ, കുറ്റകൃത്യം തനിക്കുമേൽ വീഴും എന്ന ഭയത്തിലാണ് കരീം സത്യം തുറന്നുപറയാൻ സന്നദ്ധനായത്. കേസ് അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്. യഥാർത്ഥ കുറ്റവാളിയും ഉദ്ദേശ്യവും ഇപ്പോൾ വ്യക്തമാണ്. അതിനാൽ ബിനാമി എം.ഡിയെ തിടുക്കപ്പെട്ട് ദുബായിൽനിന്ന് ഡീപോർട്ട് ചെയ്യേണ്ടതില്ല. നിയമവും നടപടിക്രമങ്ങളും സ്വാഭാവികഗതിയിൽത്തന്നെ നടക്കട്ടെ. ഇപ്പോൾ വേണ്ടത് യഥാർത്ഥ കുറ്റവാളിയുടെ അറസ്റ്റാണ്.
ഒട്ടും വൈകിയില്ല. രാജേന്ദ്രനെ വിളിച്ചുവരുത്തിയ സമർ സർവെയ്ലൻസിൽ വയ്ക്കേണ്ടയാളെപ്പറ്റി ഏകദേശരൂപം നൽകി. അയാളെ പിന്തുടരണം. നീക്കങ്ങൾ മനസ്സിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ റിപ്പോർട്ടു ചെയ്യണം.
രാജേന്ദ്രൻ ആ നിർദ്ദേശം കൃത്യമായി പാലിച്ചു. നിരീക്ഷണവിധേയനായ വ്യക്തി അടുത്ത ദിവസം രാവിലെ യൂറോപ്യൻ ട്രിപ്പിനു പോകുകയാണ്. രാവിലെ കൗൺസിൽ ഓഫ് ട്രേഡിന്റെ ഹാളിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുത്തശേഷം എയർപോർട്ടിലേക്കു പോകും. അയാൾ വിവരങ്ങൾ കിട്ടിയ മുറയ്ക്കുതന്നെ സമറിനു കൈമാറി.
പിറ്റേന്നു രാവിലെ സമറും സംഘവും യോഗം നടക്കുന്ന ഹാളിലെത്തി. കൗൺസിൽ ഓഫ് ട്രേഡ് ജനറൽ സെക്രട്ടറി ദേവരാജ് പൈയുടെ അധ്യക്ഷതയിൽ പതിനഞ്ചിൽത്താഴെ ആളുകളാണ് അവിടെയുള്ളത്. വ്യാപാരക്കുരുക്കുകളിലും ആഭ്യന്തര ചർച്ചകളിലും ചുറ്റിത്തിരിയുകയായിരുന്നു അവർ. സമറും രാജേന്ദ്രനും മാത്രമാണ് ഹാളിലേക്കു കടന്നത്. മറ്റുള്ളവർ ജീപ്പിനരികിൽ നിലയുറപ്പിച്ചു.
യോഗം തടസ്സപ്പെടുത്തിയതിൽ ക്ഷമാപണം നടത്തിയാണ് സമർ തുടങ്ങിയത്.
'സോറി ഫോർ ദി ഇന്ററപ്ഷൻ. ഒരു ഇംപോർട്ടന്റ് പ്രോസസിന്റെ ഭാഗമായാണ് ഞങ്ങൾ വന്നത്.'
ഒരു നിമിഷംകൊണ്ട് ഹാൾ നിശ്ചലമായി. എല്ലാ മുഖങ്ങളിലും ആകാംക്ഷ നിറഞ്ഞു.
സമറിന്റെ കണ്ണുകൾ ലക്ഷ്യത്തിലെത്തി.
മുൻനിരയിൽ, എമ്മ ഫെർണാണ്ടസിന്റെ സീറ്റിനരികിൽനിന്നു നാലുസീറ്റു വലത്തായി അയാൾ ഇരിപ്പുണ്ട്. സമർ മെല്ലെ അങ്ങോട്ടുനീങ്ങി. പതിഞ്ഞതെങ്കിലും നിശ്ശബ്ദതയെ കീറിമുറിക്കാൻ പാകത്തിലുള്ള ശബ്ദം മുഴങ്ങി.
'മിസ്റ്റർ പ്രേംശങ്കർ. താങ്കളെ അറസ്റ്റു ചെയ്യാനാണ് ഞങ്ങൾ വന്നത്.'
ഫ്യൂച്ചർ എക്സ്പോർട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടർ പ്രേംശങ്കർ കസേരയിൽ നിന്നുയർന്നത് ഒരു ഞെട്ടലോടെയായിരുന്നു. അതു ഭയമായിരുന്നില്ല- അപമാനിക്കപ്പെട്ട സ്ഥാനമാനത്തിന്റെ പ്രതിരോധപ്രവർത്തനമായിരുന്നു. അവിശ്വാസത്തിന്റെ മുഖമറയിട്ട് ഒന്നും മനസ്സിലാകാത്തതുപോലെ അയാൾ രോഷാകുലനായി.
'ഫോർ വാട്ട്?'
ഹാളിലുണ്ടായിരുന്നവർ ആശയക്കുഴപ്പത്തോടെ പരസ്പരം നോക്കി. എന്നാൽ, ആ ചോദ്യം മറുപടി തേടിയുള്ളതല്ലെന്ന് സമറിന് വ്യക്തമായിരുന്നു- തകർച്ച മുന്നിൽക്കണ്ട്, സമയം നീട്ടിക്കിട്ടാനുള്ള അടവ് മാത്രമാണ് അത്. മറുപടി പറയാനാണെങ്കിൽ സവിസ്തരം തന്നെ വേണ്ടി വരും. ദുബായിയിൽനിന്ന് ആദിൽഖാൻ കൈമാറിയ വിവരങ്ങൾക്ക് അത്രത്തോളം ആഴവും പരപ്പുമുണ്ടായിരുന്നു.
ആദിൽഖാൻ സംസാരിക്കാൻ അവസരം കൊടുത്തപ്പോൾ, താൻ ആരുടെ ബിനാമിയാണെന്ന് കരീം സംശയാതീതമായി വെളിപ്പെടുത്തിയിട്ടുണ്ട്. എമ്മ ഗ്രൂപ്പുമായി മത്സരിക്കാനുള്ള ശേഷി ഫ്യൂച്ചർ എക്സ്പോർട്ടേഴ്സിന് ഉണ്ടായിരുന്നില്ല. പ്രേംശങ്കറിന്റെ കമ്പനി ഒരിക്കലും കേവല വളർച്ചയ്ക്കപ്പുറത്തേക്ക് നീങ്ങിയിരുന്നില്ല. ചെറുപ്പകാലം മുതലുള്ള സുഹൃത്തായിരുന്നിട്ടും, ബോൺസായ് വൃക്ഷം പോലെ മുരടിച്ചതാണ് പ്രേംശങ്കറിന്റെ കമ്പനിയെന്ന് അലക്സാണ്ടർ പലപ്പോഴും പറഞ്ഞിരുന്നത് പ്രേംശങ്കറിന്റെ മനസ്സിൽ ആഴത്തിൽ തറച്ചിരുന്നു. അന്നു മുതൽ അയാളിൽ കടന്നുകൂടിയ ആഗ്രഹമാണ് എമ്മ ഗ്രൂപ്പിനെ എങ്ങനെയും തകർക്കണമെന്നത്. ആദ്യം ഫെർണാണ്ടസും പിന്നാലെ അലക്സാണ്ടർ അപകടത്തിലും മരിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു അയാൾ. വൃദ്ധയും അശക്തയുമായിരുന്നു എമ്മ. അവർക്കു കാലിടറുമെന്ന് പ്രേംശങ്കർ ധരിച്ചു. അതോടെ എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നട്ടെല്ലൊടിയുമെന്നായിരുന്നു കരുതിയത്.
എന്നാൽ, സംഭവിച്ചത് നേർവിപരീതം. എമ്മ ഫെർണാണ്ടസിന്റെ തോളിലേറി കമ്പനി കുതിച്ചുയർന്നു. അവിശ്വസനീയമായിരുന്നു അതിന്റെ വൈവിധ്യവൽക്കരണവും വളർച്ചയും. അതോടെ പ്രേംശങ്കറിന്റെ മനസ്സു മാറി- തകർക്കാനായില്ലെങ്കിൽ തന്റേതാക്കണം.
അവിടെയും അയാൾക്കു പ്രതീക്ഷ നൽകിയത് ഒരു തെറ്റായ കണക്കുകൂട്ടലായിരുന്നു. എമ്മ ഫെർണാണ്ടസിനുശേഷം ആ ബിസിനസ് ഗ്രൂപ്പിനെ നയിക്കാൻ പ്രാപ്തിയുള്ള ആരും പുതിയ തലമുറയിൽ ഇല്ലെന്നാണ് അയാൾ വിശ്വസിച്ചിരുന്നത്. എമ്മയുടെ ചെറുമകൻ ജാക്കിനെ ബിസിനസ് ലോകം ഒരിക്കലും ഗൗരവത്തോടെ കണ്ടിരുന്നില്ല. ബിസിനസിൽ താൽപ്പര്യമുള്ളവനായി, എമ്മ ഗ്രൂപ്പിനെ മുന്നോട്ടു നയിക്കാൻ കഴിയുന്നവനായി അവനെ ആരും കരുതിയില്ല. എന്നാൽ ആ ധാരണ തെറ്റിച്ചാണ്, ദൃഢനിശ്ചയമെന്നോണം ജാക്കിനെ ഉത്തരവാദിത്വമുള്ളതും ചുമതലാബോധമുള്ളതുമായ ഒരു ബിസിനസ്മാനായി രൂപപ്പെടുത്താൻ എമ്മ തീവ്രമായി ശ്രമിച്ചത്.
അതെത്തുടർന്നാണ് പ്രേംശങ്കർ കണ്ണിൽ ചോരയില്ലാത്ത നീക്കം നടത്തിയത്. സമചിത്തതയില്ലാത്ത, കരുണയില്ലാത്ത, രക്തരൂക്ഷിതമായ ഒരു കളി. അതിനു സ്വന്തം ബിനാമി കമ്പനിയായ മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സിനെ ഉപകരണമാക്കി.
പിന്നിൽ ആരെന്ന് ഒരിക്കലും കണ്ടെത്താനാവാത്ത തരത്തിൽ രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ. എമ്മ ഗ്രൂപ്പിന്റെ വേലിക്കെട്ടിനകത്തു കയറിപ്പറ്റാൻ മെറിസോണിനെ മൈനർ ഷെയർ ഗോൾഡറാക്കി. നേരിട്ടു കമ്പനിയെ കൈക്കലാക്കാൻ കഴിയാതെ വരുമ്പോൾ വളഞ്ഞിട്ടു പിടിക്കുന്ന തന്ത്രം.
ആ വലയിലായിരുന്നു-
ഫിലിപ്പു മുതൽ എല്ലാവരും-
കണ്ണികളോ, കരുക്കളോ ഇരകളോ ആയത്.
'ഫോർ വാട്ട്? വാട്ട് ഡാം റീസൺ?'
പ്രേംശങ്കർ വീണ്ടും ധാർഷ്ട്യത്തോടെ ചോദിച്ചു. കൗൺസിൽ ഹാളിലുണ്ടായിരുന്നവർ കണ്ണുചിമ്മാതെ നോക്കിനിന്നു. അവരുടെ അമ്പരപ്പ് സമർ ശ്രദ്ധിച്ചു. അയാളുടെ കണ്ണുകൾ എമ്മയിലേക്കെത്തിനിന്നു.
അൽപ്പം മുന്നോട്ടു നീങ്ങി പ്രേംശങ്കറിന്റെ അരികിലേക്കെത്തിയ സമറിന്റെ ശബ്ദം ഉയർന്നു. മിതവും മൂർച്ചയുള്ളതുമായിരുന്നു ആ വാക്കുകൾ.
'ജാക്ക് അലക്സാണ്ടറെ കൊന്നതിന്,
തേവമ്മയെ കൊന്നതിന്.
എമ്മ ഗ്രൂപ്പ് ഒആഫ് കമ്പനീസ് തട്ടിയെടുക്കാൻ ശ്രമിച്ചതിന്...'
പ്രേംശങ്കർ വിളറിവെളുത്തു. ഒരു കൊടുങ്കാറ്റടിച്ച ആഘാതത്തിലായിരുന്നു അവിടെയുണ്ടായിരുന്നവർ.
'പിന്നെ....'
സമർ ഒന്നുനിർത്തി. മെല്ലെ എമ്മ ഫെർണാണ്ടസിനെ നോക്കി. ഭയാധിക്യത്തിൽ തളർന്ന ശരീരത്തോടെ അവർ സീറ്റിൽത്തന്നെ ഉറച്ചിരിക്കുകയാണ്.
ഇത്തവണ സമറിന്റെ ശബ്ദം അൽപ്പം നേർത്തു. എങ്കിലും എല്ലാവർക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു. എമ്മയിൽനിന്നു കണ്ണെടുക്കാതെ പ്രേംശങ്കറിനോടയാൾ തുടർന്നു.
'എമ്മ ഫെർണാണ്ടസിനെയും... മകൾ അന്ന അലക്സാണ്ടറെയും കെല്ലാൻ പ്ലാനിട്ടതിന്.'
പ്രേംശങ്കർ ഇതിനകം രണ്ടുചുവട് പിന്നിലേക്കു നീങ്ങിയിരുന്നു. ഇത്രയും വലിയ വെളിപ്പെടുത്തൽ സമറിൽനിന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ഒറ്റനിമിഷംകൊണ്ട് സ്വപ്നസാമ്രാജ്യം ഇടിഞ്ഞുതകരുന്നതും ബിസിനസ് ലോകത്ത് ഒറ്റപ്പെടുന്നതുമോർത്ത് അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി.
അവിശ്വസനീയമായതെന്തോ കേട്ട മട്ടിലായിരുന്നു എമ്മ. ആ വാക്കുകൾ അവരെ പൂർണ്ണമായും മരവിപ്പിച്ചിരുന്നു.
എമ്മയുടെ അടുത്തേക്ക് അൽപ്പം കൂടി നീങ്ങിനിന്ന സമർ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി.
'അതേ... എല്ലാ രേഖകളും തയ്യാറാക്കി വച്ച ശേഷം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു മരണം. അത് ഏതു രൂപത്തിലുമാകാം... അസുഖം, അപകടം...'
ഒരു നിമിഷത്തെ നിശ്ശബ്ദത. അയാളുടെ ശബ്ദം വീണ്ടും നേർത്തു.
'അതായിരുന്നു നിങ്ങൾ രണ്ടുപേർക്കും വേണ്ടി പ്ലാനിട്ടിരുന്നത്.'
പരിതാപകരമായ അവസ്ഥയിലായിരുന്നു എമ്മ ഫെർണാണ്ടസ്. വിഭിന്ന വികാരങ്ങളുടെ സമ്മർദ്ദം അവരെ വീർപ്പുമുട്ടിച്ചു. ബാല്യകാലം മുതൽ അലക്സാണ്ടറിന്റെ സഹപാഠിയും സുഹൃത്തുമായ പ്രേംശങ്കറിന്റെ മുഖമായിരുന്നു അപ്പോൾ അവരുടെ മനസ്സിൽ. മീറ്റിങ്ങിനെത്തിയിരുന്നവർ എമ്മയുടെ അരികിലായി സമറിനെയും പ്രേംശങ്കറിനെയും വട്ടമിട്ടുനിന്നു.
മറുത്തെന്തോ പറയാൻ, സ്വയം പ്രതിരോധിക്കാൻ പ്രേംശങ്കർ ഒരു നിമിഷം ശ്രമിച്ചതാണ്. എന്നാൽ, ചുറ്റുമുള്ളവരെ മാറിമാറി നോക്കിയതോടെ, പ്രത്യേകിച്ച് എമ്മയെ കണ്ടതോടെ, അയാൾ നിശ്ശബ്ദനായി. രാജേന്ദ്രൻ മുന്നിലേക്കു നീങ്ങി അയാളെ വിലങ്ങണിയിച്ചു.
സമർ ശാന്തവും ഔപചാരികവുമായ ശബ്ദത്തിൽ അവിടെയുണ്ടായിരുന്നവരോടായി വീണ്ടും പറഞ്ഞു.
'നിങ്ങളുടെ മീറ്റിങ്ങിനിടയിൽ ഇങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ട്. ഈ സമയത്ത് അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇയാൾ വിദേശത്തേക്ക് കടന്നേനെ. യു നോ... ദി ലോ കെനോട്ട് അഫോർഡ് ഡിലേ.'
കൗൺസിൽ ഹാളിൽ സമ്പൂർണ്ണ നിശ്ശബ്ദത പടർന്നു. മരവിച്ചുനിന്ന എമ്മയുടെ നേരെ തിരിഞ്ഞ് അയാൾ വിറയ്ക്കുന്ന കരങ്ങളിൽ പിടിച്ചു. വാർദ്ധക്യത്തിന്റെ രേഖകൾ തെളിഞ്ഞ ആ കൈകളിൽ മൃദുവായി തലോടിക്കൊണ്ട് അയാൾ പറഞ്ഞു.
'ആന്റീ. ക്രൈം നമ്പർ 369/2021, ഊട്ടി ഫയൽ, ഞാൻ ക്ലോസ് ചെയ്യാൻ പോകുകയാണ്.'
എമ്മയുടെ ചുണ്ടുകൾ വികാരാധിക്യത്തിൽ വിറച്ചു. അടക്കിപ്പിടിച്ച നൊമ്പരം ഒരു നിമിഷം കൊണ്ട് കണ്ണുകളിൽ നിറഞ്ഞുതൂവി. അതിലൊരുതുള്ളി സമർ ബനഡിക്ടിന്റെ കൈത്തണ്ടയിലും പതിച്ചു. ജാക്കിന്റെ ഓർമ്മകളിലേക്ക് അശ്രുപുഷ്പങ്ങൾ ചിതറിവീണുകൊണ്ടിരുന്നു.
(അവസാനിച്ചു)
Content Highlights: Adil Khan conducted a meticulous investigation into corporate malpractices involving Merison Desert Global Traders, uncovering hidden financial manipulations and a complex network of deceit. The investigation revealed that Kareem, the managing director, was merely a proxy, leading to the identification of the true mastermind, Prem Shankar, who was arrested for orchestrating crimes including murder and corporate takeover attempts. The case concluded with the arrest of Prem Shankar, preventing his escape and ensuring justice for the crimes committed against Emma Group of Companies, bringing closure to the victims' families.
Published: 23 Sept 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented