
90 മിനിറ്റ്‌സ്- സ്പോർട്സ് ത്രില്ലർ: അധ്യായം 3
ഫ്രിറ്റ്‌സ് സോനെൻബർഗ് റോഡിൽ നിന്ന് കഷ്ടി നൂറ് മീറ്റർമാറിയാണ് ക്രൂസ് അപ്പാർട്ട്‌മെന്റ്. രണ്ടാംനിലയിലെ ബി ഫോറിന്റെ വിൻഡോ തുറന്നാൽ കേപ് ടൗൺ സ്റ്റേഡിയത്തിന്റെ വിദൂരദൃശ്യം കാണാം. അപ്പുറത്ത് റോഡിലൂടെ വാഹനങ്ങൾ ഒരു നൂലിൽകെട്ടിയതുപോലെ നീങ്ങുന്നു. കാഴ്ച്ചകളെ വിട്ട് അയാൾ സോഫയിലേക്ക് വന്നിരുന്നു. തൊട്ടപ്പുറത്ത് കമ്പ്യൂട്ടറിലും ഫോണിലുമായി മാർട്ടിൻ തിരക്കിലാണ്.
Also Read
''ബോബു നീ പെടക്കാതിരിക്കടാ.. നമ്മളിതൊക്കെ എത്ര ചെയ്തിരിക്കുന്നു,സിംപിൾ''- ഫോണിൽ നിന്ന് കണ്ണെടുക്കാതെ മാർട്ടിൻ പറഞ്ഞു.
''അതല്ലടാ ഒന്ന് പിഴച്ചാൽ എല്ലാം പൊളിയും. കേരള പോലീസിനെ നീ നിസാരമായി കാണണ്ട, അതല്ലേ ഞാനിത്ര റിസ്‌ക് എടുത്ത്, ഇത്രദൂരം സഞ്ചരിച്ച് നിന്റെ അടുത്തേക്ക് വന്നത്''.
മാർട്ടിൻ ഫോൺ താഴെ വച്ചു, എന്നിട്ട് സോഫയിലേക്ക് വന്നിരുന്നു.
''എടാ, സൈബർ ലോകം ഒരേസമയം കടലും ആകാശവുമാണ്. ആകാശംപോലെ അതിരില്ലാതെ, കടൽ പോലെ ആഴമുള്ളത്. എല്ലാം ചേർന്ന് മറ്റൊരു ലോകം. ഇതിൽ നമ്മൾ ചെയ്യുന്നത് വളരെ ചെറിയ കാര്യം. നമ്മളൊന്നും ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങൾ സൈബർ ലോകത്ത് നടക്കുന്നുണ്ട്. സോ ഡോണ്ട് വറി''.
''അതല്ല,, ചെറുതായി പാളിയാൽ നമ്മുടെ ഒപ്പമുളളവർ അകത്താകും. അതാ പ്രശ്‌നം. ഞാൻ സേഫ് സോണിലാണ്. എന്നാൽ ഒപ്പം നിൽക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടല്ലോ. അല്ലറ ചില്ലറ തട്ടിപ്പും തരികിടയുമുണ്ടെങ്കിലും ഇത്ര വലിയ തുകക്കുള്ള പരിപാടി ആദ്യം അല്ലേ അതിന്റെ ടെൻഷൻ''.
''എടാ, ഏത് ക്രൈമാണെങ്കിലും അത് കണ്ട് പിടിക്കാനുളള നിരവധി വഴികൾ തുറന്നുകിടക്കും. മിടുക്കനായ ഒരു ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർക്ക് അത് തുറന്നെടുക്കൽ എളുപ്പവുമാണ്. എത്ര പ്ലാൻ ചെയ്താലും അടക്കാൻ കഴിയാത്ത പഴുതുകൾ ആധുനിക ലോകത്തുണ്ട്. സാങ്കേതികവിദ്യ അത്രമാത്രം വളർന്നുകഴിഞ്ഞു. ക്രൈം ചെയ്ത ശേഷം സേഫ് സോണിലേക്ക് മാറുകയെന്നത് മാത്രമാണ് ഒരു പോംവഴിയുളളത്''- സോഫയിലേക്ക് ചാരിയിരുന്ന് മാർട്ടിൻ പറഞ്ഞു.
''ഇതുവരെയുളള പ്ലാൻ കൃത്യമാണ്. ഇനിയുളളതാണ് നിർണായകം. പണം തരാനാണ് സാധ്യത കൂടുതൽ. കാരണം ടൈം വെച്ചാണ് നമ്മുടെ കളി. അവർക്ക് 24 മണിക്കൂർ കിട്ടിയാൽ റുവാലയെ കണ്ടെത്താൻപറ്റും. എന്നാൽ ഒരു മണിക്കൂറിനുളളിൽ അത് അസാധ്യമാണ്. എന്നാൽ അനിവാര്യവും. അതാണ് നമ്മുടെ തുറുപ്പുചീട്ട്. പണം നൽകി അവനെ മോചിപ്പിക്കൽ മാത്രമെ അവർക്ക് മുന്നിലുളളു''- സംസാരിക്കുമ്പോൾ ബോബുവിന്റെ മുഖത്ത് ചെറിയൊരു അത്മവിശ്വാസം വന്നു.
''നമ്മൾ ബോധപൂർവം അവർക്ക് മുന്നിൽ നമ്മളിലേക്കുളള വഴിയിട്ടുകൊടുക്കരുത്. വ്യാജ മെയിൽ വഴി ഫോട്ടോ അയക്കാൻ കാരണം അതാണ്. നന്നായി പണിയറിയുന്ന ഒരാൾക്ക് വ്യാജ മെയിൽ സംവിധാനം സൃഷ്ടിക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. മഷിയിട്ട് നോക്കിയാൽ പോലും ആരാണെന്ന് കണ്ടുപിടിക്കാനുമാകില്ല''.
''അതൊക്കെ ശരി മാർട്ടി, പണം തരാമെന്ന് സമ്മതിച്ചാൽ നമ്മുടെ നൈജീരിയക്കാരനും അവന്റെ ടീമും റെഡിയെല്ലേ. അവൻ മുങ്ങില്ലല്ലോ.
''എടാ എത്രയോ ഡീലുകൾ അവനുമായി നടത്തിയിട്ടുണ്ട്. ഇതിലും വലുത്. അവന്റെ കമ്മീഷൻ കൃത്യമായി പിടിച്ച് ബാക്കി തുക മണിക്കൂറുകൾക്കുള്ളിൽ കാഷായി ഇവിടെയെത്തും. അതാണ് അവന്റെ ബി കമ്പനിയുടെ പ്രത്യേകത. ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അവർക്ക് നെറ്റ്‌വർക്കുണ്ട്. നമ്മുടെ നാട്ടിലെ കുഴൽപണമാഫിയയുടെ ചേട്ടൻമാരായിട്ട് വരും ഇവർ. നൈജീരിയയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറാനുളള കരാറുമില്ല. സോ ഏത് നൈജീരിയൻ പൗരന്റെ അക്കൗണ്ടിലേക്ക് പണം പോയാലും അതിന് പിന്നാലെ പോകാൻ നമ്മുടെ പോലീസിന് പറ്റില്ല. പിന്നെ ബോബു നീ നോക്കിക്കോ പണം തരികയാണെങ്കിൽ അത് സർക്കാറിന്റെയൊന്നുമാകില്ല, ഗൾഫിലെ ഏതെങ്കിലും വ്യവസായിയാകും ഇതിലെ ഇടനിലക്കാരൻ. അപ്പോ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാകും''.
''യേസ്, ഇനിയും 20 മിനിറ്റുണ്ട്. കാര്യങ്ങൾ ശുഭകരമാകട്ടെ. കിട്ടിയിൽ നമ്മൾ പൊളിക്കും മാർട്ടി''.
''അധികം പൊളിക്കലൊന്നും വേണ്ട, എന്റെ വിഹിതം കൃത്യമായി കിട്ടിയാൽ മതി. എന്താ നിന്റെ പ്ലാൻ''
''കേസിന്റെ പോക്ക് എങ്ങനാകുമെന്നു നോക്കണം. കേരള പോലീസായതുകൊണ്ട് അവർ ഇക്കാര്യം വിടാൻ സാധ്യതയില്ല. പ്രത്യേകിച്ചും കായികരംഗത്തെ ക്രൈം ആയതുകൊണ്ട് .കേന്ദ്രസർക്കാറിനും പ്രത്യേക താൽപ്പര്യമുണ്ടാകും. അതുകൊണ്ട് സേഫായാൽ മാത്രമെ നാട്ടിലേക്ക് പോകൂ. ദുബായിക്ക് പോകാൻ പ്ലാനുണ്ട്. അവിടെ നമുക്ക് പറ്റിയ ഒരുപാർട്ടിയുണ്ട്. എന്തെങ്കിലും ബിസ്‌നസ് സ്റ്റാർട്ടാക്കണം. നാട്ടിലേക്ക് പോയിട്ട് പ്രത്യേകിച്ചൊന്നുമില്ലല്ലോ, അവിടെ ആരെ കാണാൻ''.
''എടാ മാർട്ടി,നീ എങ്ങനാടാ ഇവിടെ,ദക്ഷിണാഫ്രിക്കയിൽ എത്തിപ്പെട്ടത്...
''അതൊക്കെ നീണ്ടകഥയാ,, ത്രില്ലർ പോലെ. എം.എസ്.സി കഴിയുന്നത് വരെയുള്ള നാട്ടിലെ കഥ നിനക്കറിയാലോ. അതിന് ശേഷം മമ്മിയുടെ വകയിലെ ഒരു അമ്മാവൻ വഴി റിയാദിലക്ക് അവസരം ലഭിച്ചത്. സ്‌കൈവാക്ക് എന്ന ഒരു ഐ.ടി കമ്പനിയിൽ, മിച്ചൽ റുഥർഫോർഡ് എന്നൊരു സായിപ്പിന്റേതാണ് കമ്പനി. മുടിഞ്ഞ പണിയായിരുന്നു അവിടെ. ജോൺ ബെന്നിയെ അവിടെനിന്നാണ് പരിചയപ്പെടുന്നത്.. മൂപ്പരുടെ അച്ഛൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ കേപ്ടൗണിലെ വലിയ നേതാവും വ്യവസായിയുമൊക്കെയാണ്. ഞങ്ങൾ നല്ല സൗഹൃദമായി. ഒരുദിവസം ബെന്നിയും അവിടുത്തെ ഐ.ടി.വിഭാഗം മേധാവി ഒരു അറബിപയ്യനുമായി ഒന്നും രണ്ടും പറഞ്ഞ് ഒടുവിൽ അടിയായി. ഞാൻ സംഭവത്തിൽ കാഴ്ച്ചകാരൻ മാത്രമായിരുന്നു. നാട്ടുകാരനെ അടിച്ചാലുള്ള സംഭവം അറിയാലോ. സംഭവം കേസായി. ഞാനും പെട്ടു. ഇതോടെ തൽക്കാലം ബെന്നിയുടെ പരിചയത്തിലുള്ള ഒരാളുടെ ഒരു ഫാം ഹൗസിലേക്ക് മാറേണ്ടി വന്നു. പിന്നെ ബെന്നിയുടെ അച്ഛൻ ജോൺ മക്കാർത്തി ഇടപെട്ടാണ് പ്രശ്‌നം ഒതുക്കിതീർത്തത്. ജോണിന് സൗദി രാജകുടുംബത്തിലെ ഒരു ഷെയ്ഖുമായി നല്ല ബന്ധമുണ്ട്. അവർ തമ്മിൽ ബിസ്‌നസ് കണക്ഷനുമുണ്ട്. എന്തായാലും കേസ് ഒതുങ്ങിയെങ്കിലും അവിടെനിക്കാൻ പറ്റാതെ വന്നു. നാട്ടിലേക്ക് പോകാൻ തോന്നിയില്ല. ബെന്നി വിളിച്ചപ്പോൾ ഇങ്ങോട്ടുപോന്നു. അവന്റെ പരിചയത്തിലാണ് ഇവിടെയൊരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി കിട്ടിയത്. ഈ വീടൊക്കെ അവൻ എടുത്തുതന്നതാണ്. പിന്നെ അഡീഷണൽ ജോലി വേറെ ഒന്നുകൂടിയുണ്ട്. പോലീസിനെ സഹായിക്കൽ. ഇവിടുത്തെ പോലീസ് ചീഫ് ഗ്രഹാം സ്മിത്ത് ജോൺ മക്കാർത്തിയുടെ അടുപ്പക്കാരനാണ്. അങ്ങനെയാണ് പരിചയം. അത്യാവശ്യം ഹാക്കിങ് ഒക്കെ അറിയുന്നതിനാൽ പോലീസിന്റെ ചില ആവശ്യങ്ങൾക്കായി സ്മിത്തിനെ സഹായിക്കും. ഇടക്ക് പണവും കിട്ടും. ഓഫീഷ്യൽ കാര്യങ്ങളാണെങ്കിലും പലതും ഗ്രഹാമിന് അവിടുത്തെ ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റാത്തതാകും. എനിക്കാണേൽ ഇവിടുത്തെ കാര്യങ്ങളിൽ താൽപ്പര്യവുമില്ലല്ലോ. പിന്നെ പോലീസിൽ ഹോൾഡുണ്ടാകുമല്ലോ, അല്ലറ ചില്ലറ സൈബർ തട്ടിപ്പുകൾ ചെയ്താലും അവർ കണ്ണടച്ചോളും''- മാർട്ടിന്റെ തന്റെ ദക്ഷിണാഫ്രിക്ക അധ്യായം ചുരുക്കി പറഞ്ഞു.
''കഴിഞ്ഞ വർഷം നമ്മുടെ കോളേജ് ഗെറ്റുഗദറിന് ബിനോയിയെ കണ്ടപ്പോഴാണ് നീ ഇവിടെയുള്ളകാര്യം അറിഞ്ഞത്. അവനാണ് കോൺടാക്ട് നമ്പർ തന്നത്. നിന്റെ ഗൾഫ് നമ്പറായിരുന്നു കയ്യിലുണ്ടായിരുന്നത്. ഇടക്കാലത്ത് നമ്മളുടെ കോൺടാക്ട് നിന്നുപോയിരുന്നല്ലോ. എന്തായാലും അതുകൊണ്ട് ഉപകാരമുണ്ടായി''- ചെറിയൊരു ചിരിയോടെയാണ് ബോബു പറഞ്ഞത്.
''നീ ചുതാട്ടത്തിലൂടെ ഇഷ്ടം പോലെ കാശുണ്ടാക്കിയെന്നാണല്ലോ ഞാൻ കേട്ടത്. പിന്നെ എന്തിനാ ഈയൊരു സാഹസം''
''എടാ കുറച്ചുപൈസയുണ്ടാക്കി. പിന്നെ ചുതാട്ടത്തിന്റെ സ്വഭാവം നിനക്കറിയാലോ, പണം വരും പോകും. അതൊരു ലഹരിയാണ്. അതിൽ കുടുങ്ങിയാൽ മോചനമില്ല. കുറച്ചുപൈസ പോയി കിടക്കുന്നുണ്ട്. അത് തിരിച്ചുപിടിക്കാൻ പറ്റുമോയെന്ന് നോക്കണം. ഇതിൽ പണം കിട്ടിയാൽ പിന്നെ എന്തെങ്കിലും സ്ഥിര വരുമാനമുള്ള ഏർപ്പാടുണ്ടാക്കിയിട്ടേ ഇനി ചൂതാട്ടത്തിലേക്കുള്ളു. പിന്നെ വേറൊന്ന് പലരും കളിക്കാൻ കൊണ്ടുപോകാറുണ്ട്. നല്ല രാശിയാണെന്നാണ് വെപ്പ്. അങ്ങനെപോയാലും പണം കിട്ടും''.
'' മാർട്ടി, വിശേഷങ്ങൾ കുറെയുണ്ട്. അത് മെല്ലെ പറയാാം. നീയാ നെറ്റ് കോൾ കണക്ട് ചെയ്യ്. എന്താണ് അവൻമാരുടെ പദ്ധതിയെന്ന് അറിയണമല്ലോ.
മാർട്ടിൻ കമ്മീഷണർ ദേവിന്റെ നമ്പർ കണക്ട് ചെയ്തു. റിംഗ് വന്നപ്പോൾ ഫോൺ ബോബുവിന് കൈമാറി.
തുടരും....
Content Highlights: Cybercrime in Cape Town: A Thrilling Escape- 90 minutes novel 3rd part
Published: 27 Jan 2025, 09:28 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented