അസി. കമ്മീഷണര്‍ അന്‍വര്‍ ഫോര്‍വേഡ് ചെയ്തത് വോയ്‌സ് മെസേജായിരുന്നു. ദേവ് ബ്ലൂടൂത്ത് കണക്ട് ചെയ്തു. കസബ സ്‌റ്റേഷനിലെ ഡ്രൈവര്‍ പ്രകാശിന്റെ മുഴക്കമുള്ള ശബ്ദം കാതില്‍ മുഴങ്ങി.

To advertise here,

'' സാറെ മൂന്ന് മാസം മുമ്പ് രാഷ്ട്രപതി വന്നപ്പോ നമ്മള്‍ തലേന്ന് വാഹനപരിശോധന നടത്തിയിരുന്നില്ലേ, അന്ന് ആ ചീറ്റ ബിജുവിനേയും സംഘത്തേയും നമ്മള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ രണ്ട് പേരുടെ കഴുത്തിലാണ് ഈ മാല കണ്ടതെന്ന് സംശയമുണ്ട്. ഉറപ്പില്ല, എന്നാലും അതാകാനാണ് സാധ്യത'.

പ്രകാശിന്റെ വോയ്‌സ് കേട്ടുകഴിഞ്ഞപ്പോഴേക്കും അടുത്തത് അന്‍വര്‍ അയച്ചുകഴിഞ്ഞിരുന്നു. കടവന്ത്ര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പ്രഭാകരന്റെ മെസേജായിരുന്നു അത്.
ദേവ് കേള്‍ക്കാന്‍ തുടങി.

''സാര്‍, മൂന്നാഴ്ച്ച മുമ്പ് നമ്മള്‍ നൈറ്റ് പെട്രോളിങിനിടെ രെു ടീമിനെ പിടിച്ചിരുന്നു. രണ്ട് പിള്ളേരാണ്. സംശയം തോന്നിയപ്പോള്‍ ചെക്ക് ചെയ്തതാണ്. പ്രത്യേകിച്ചൊന്നും കിട്ടിയില്ല. അവരുടെ കഴുത്തില്‍ ഇതേപോലെയൊരു മാല കണ്ടെന്നൊരു സംശയം.  പുലി ലോക്കറ്റാണ് ഓര്‍മയില്‍ വന്നത്. അന്ന് രാവിലെ മകന്‍ പുലിനഖത്തിന്റെ ഒരു ലോക്കറ്റ് രാവിലെ ആവശ്യപ്പെട്ടിരുന്നു. അതാ ഓര്‍മയില്‍ നില്‍ക്കാന്‍ കാരണം''.

ദേവ് വോയ്‌സ് കേട്ടുകഴിഞ്ഞപ്പോഴേക്കും അന്‍വര്‍ അരികിലെത്തി.

''അന്‍വറെ ഈ ചീറ്റ ബിജുവിന്റെ ഗ്യാങ്ങിനെക്കുറിച്ച് അറിയുമോ..''

''പണ്ടത്തെ ക്വട്ടേഷന്‍ ടീമാണ്. ഇപ്പോ അധികം ആക്ടീവല്ല. ഗ്യാങിലെ പ്രധാനികളൊക്കെ അകത്താണ്. ബിജുവിനെ നമ്മള്‍ കാപ്പ ചുമത്തിയിരുന്നല്ലോ, പിന്നെയുള്ളത് കുറച്ചുപിള്ളേരാണ്. അവരില്‍ രണ്ട് പേരാണ് ഇതുപോലെയുള്ള മാല ധരിക്കുന്നത്''.

''യേസ്, പക്ഷേ അതുമാത്രം വെച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. കാരണം ഇതുപോലെയുള്ള മാല വേറെ പലര്‍ക്കും കാണില്ലേ..''

''സാര്‍ ഒരുമിനിറ്റ്'', വൈബ്രേറ്റ് ചെയ്യുന്ന ഫോണെടുക്കാന്‍ അന്‍വര്‍ അനുമതി തേടി. എടുക്കാന്‍ ദേവ് ആംഗ്യം കാണിച്ചു.
'
'പറ,ആണോ, ഉറപ്പാണോ, ഓകെ, ഓകെ''

''സാര്‍,  ഒരു പ്രധാന ലീഡുണ്ട്'', ഫോണ്‍ കട്ടാക്കി അന്‍വര്‍ പറഞ്ഞു.

''എന്താ'',

''വിളിച്ചത് കല്ലടി ഗ്യാങിലെ  നാസറാണ്. ഞാനാ ഫോട്ടോ അവന് അയച്ചിരുന്നു. ഏതാണ്ട് പത്ത് ദിവസം മുമ്പ് പാലത്തിന് പിന്നിലുള്ള ഷാപ്പില്‍ വച്ച് അവനൊരാളെ കണ്ടിരുന്നു. അയാള്‍ കുടിക്കുന്ന സമയത്ത് ഇതുപോലെയൊരു മാല മേശപ്പുറത്ത് വെച്ചിരുന്നു. ഒരു കൗതുകത്തിന്  നാസര്‍ ആ മാല എടുത്തുനോക്കുകയും ചെയ്തതാണ്. ആളാരാണെന്ന് അവനറിയില്ല. രണ്ട് കാര്യം നാസര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അയാള്‍ മലയാളിയല്ല. രണ്ടാമത്തേത് റെയില്‍വേ ട്രാക്ക് കഴിഞ്ഞാലുളള കോളനിയിലാണ് അയാളുടെ താമസം. ആ`ഭാഗത്ത് അവനയാളെ കണ്ടിട്ടുണ്ട്''.

ഒരിക്കല്‍ കൂടി അന്‍വറിന്റെ ഫോണ്‍ മുരണ്ടു. നാസറാണ്. അന്‍വര്‍ ധൃതിയില്‍ കോള്‍ അറ്റന്‍ഡു ചെയ്തു. 

''അതുതന്നെയാണോ, ഓകെ''

''സാര്‍, അയാളുടെ കയ്യില്‍ ഒരു ഐ.ഡി.കാര്‍ഡുണ്ടായിരുന്നെന്നാണ് നാസര്‍ പറഞ്ഞത്. അതിലെ ലോഗോ സ്‌റ്റേഡിയത്തിന്റെ മുന്നിലെ ലോഗോ പോലെ തോന്നിയെന്നാണ് പറയുന്നത്''. ദേവിന്റെ മനസിലൂടെ മിന്നല്‍ പാഞ്ഞുപോയി, 

''അന്‍വര്‍ വേഗം സ്‌റ്റേഡിയത്തിന്റെ ചുമതലയുളളയാളെ വിളിക്ക്'',

ദേവും അന്‍വറും സ്റ്റേഡിയത്തിന്റെ ഓഫീസിലെത്തുമ്പോള്‍ ഓഫീസ് സെക്രട്ടറി ജോര്‍ജ് മാത്യു രജിസ്റ്ററുമായി തയ്യാറായിരുന്നു.

''ജോര്‍ജ്, അവിടെയുള്ള ജീവനക്കാരില്‍ ആരെങ്കിലും റെയില്‍വേ ട്രാക്കിന് പുറകിലെ കോളനിയില്‍ നിന്നുളളവരുണ്ടോ..''

''ആരുമില്ല സാര്‍.''

''ഉറപ്പാണോ''

''താല്‍ക്കാലിക ജീവനക്കാര്‍ ആരെങ്കിലും,...''

''ഇപ്പോള്‍ ഇല്ല സാര്‍. മൂന്ന് മാസം മുമ്പ് രണ്ട് പേര്‍ ഉണ്ടായിരുന്നു. മലയാളികളല്ല'',
യേസ്, മേശയില്‍ ഇടിച്ച് ദേവ് അവേശത്തോടെ ചോദിച്ചു., ''അവരാരാണ്''

''കിഷനും സലീം മുഹമ്മദും. നമ്മുടെ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ബംഗാളികളാണ്. അതില്‍ സലീം നാട്ടിലേക്ക് പോയി. കിഷനെ ഇടക്ക് ഇവിടെ കാണാറുണ്ട''്.

''അവന്‍ ഇപ്പോഴും ആ കോളനിയിലാണോ. ജോലി വിടാന്‍ കാരണം''.

''വേറെ എന്തോ ജോലി കിട്ടിയപ്പോഴാണ് കിഷന്‍ ഇവിടെ വിട്ടത്. അവന്‍ കുറേക്കാലമായി കേരളത്തിലുളളതാണ്. അവന്റെ പോക്കത്ര ശരിയല്ലെന്ന് ഇവിടെയുളള ജോലിക്കാര്‍ പറയുന്നത് ഇടക്ക് കേട്ടിരുന്നു, ഞാന്‍ അന്വേഷിക്കാന്‍ പോയില്ല''.

''ഇവിടെയുളളവര്‍ക്കെല്ലാം ഐ.ഡി.കാര്‍ഡ് കൊടുക്കാറുണ്ടോ'',

''ഉണ്ട് സാര്‍'',

''തിരിച്ചുപോകുമ്പോള്‍ വാങ്ങാറുണ്ടോ..''

''താല്‍ക്കാലിക ജീവനക്കാരുടെ തിരികെ വാങ്ങാറുണ്ട്'',

''കിഷന്റെ വാങ്ങിയോ''

'വാങ്ങാന്‍ ഏല്‍പ്പിച്ചതാണ്, സെക്ഷനില്‍ അന്വേഷിക്കണം''.

''അയാളുടെ ഫോട്ടോ ഉണ്ടോ''.

''ഉണ്ടാകും, അന്നത്തെ രജിസ്റ്ററില്‍. സാര്‍ വെയ്റ്റ് ചെയ്താല്‍ എടുത്തുതരാം''. 

ജോര്‍ജ് കമ്പ്യൂട്ടറില്‍ താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഫയല്‍ തുറന്നു. എളുപ്പത്തില്‍ തന്നെ കിഷന്റെ വിവരങ്ങളും ചിത്രവും കണ്ടെത്തി. 

''ഇതാണ് സാര്‍''

ദേവ് ആ ഫോട്ടോ തന്റെ മൊബൈലില്‍ പകര്‍ത്തി. ''അന്‍വര്‍ വണ്ടി എടുക്കൂ.. പോലീസ് ജീപ്പ് വേണ്ട, ഇന്നോവ മതി. ശരത്തിനേയും കൂട്ടാം. മൂന്ന് പേര്‍ മതി. ടൗണ്‍ സി.ഐയോട് കുറച്ചുപോലീസുകാരേയും കൂട്ടി കോളനിക്ക് പുറത്ത് നില്‍ക്കാന്‍ പറ. ആവശ്യമെങ്കില്‍ വരാന്‍ പറയാം''.

ദേവ് വാച്ചില്‍ നോക്കി. ഏഴ് മണിക്ക് പത്ത് മിനിറ്റുകൂടി. കോളനിയിലേക്ക് മൂന്ന് മിനിറ്റ് മതി. നൂറോളം ചെറിയ മുറികളുള്ള അവിടെ കിഷന്‍ താമസിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ കണ്ടെത്തും.

''സാര്‍ വണ്ടി റെഡി'',

''അന്‍വര്‍ റെഡിയാണല്ലോ'',

''എല്ലാം ഓകെയാണ് സാര്‍''. മൂവരും ഇന്നോവയില്‍ കയറി. വണ്ടി കോളനിയിലേക്ക് കുതിച്ചു.

placeholder
കോളനിയുടെ പുറത്ത് വണ്ടി നിര്‍ത്തി അകത്തേക്ക് നടന്നു. കോളനിയില്‍ പതിവു ബഹളമില്ല.''ഭുരിഭാഗം പേരും കളികാണാന്‍ പോയിട്ടുണ്ടാകും.''- ശരത് പറഞ്ഞു. കുറച്ചുപിള്ളേര്‍ കളിക്കുന്നിടത്തേക്ക് ദേവ് നടന്നു. ഫോണില്‍ നിന്ന് കിഷന്റെ ഫോട്ടോയെടുത്ത് അവരെ കാണിച്ചു, അവര്‍ പരസ്പ്പരം നോക്കി. അപ്പോഴേക്കും മുതിര്‍ന്നൊരാള്‍ അവിടേക്ക് വന്നു. ശരത്തിനെ കണ്ടതോടെ അയാള്‍ ഭവ്യതയോടെ നിന്നു.

''നീ ഇവിടെയാണോടാ താമസം''. അയാള്‍ തലചൊറിഞ്ഞ് മിണ്ടാതെ നിന്നു. ദേവ് അയാള്‍ക്ക് നേരെ ഫോട്ടോ കാണിച്ചു.
''ഇയാള്‍ ഇവിടെ ഏത് മുറിയിലാ'' ശരത്ത് ഉച്ചത്തിലാണ് ചോദിച്ചത്. അയാളൊന്ന് പരുങ്ങി, പിന്നെ മൂന്നാമത്തെ നിരയിലെ അറ്റത്തുള്ള മുറിയിലേക്ക് വിരല്‍ ചൂണ്ടി. ദേവും സംഘവും അങ്ങോട്ടേക്ക് കുതിച്ചു.
മുറി പുറത്തുനിന്ന് പുട്ടിയിട്ടുണ്ട്, അന്‍വര്‍ പുറകുവശത്തേക്ക് പോയി.

'സാറെ ഇവിടേയും പൂട്ടിയിട്ടുണ്ട്.'
'അപ്പോ അതിനകത്ത് ഉണ്ടാകും അല്ലേ ശരത്', ദേവിന്റെ ചോദ്യത്തിന് ശരത് തലകുലുക്കി.

'പൊട്ടിക്ക്', ബലം കുറഞ്ഞ ആ പൂട്ട് തകര്‍ക്കാന്‍ ദേവ് ശരത്തിന് നിര്‍ദ്ദേശം നല്‍കി. അപ്പോഴേക്കും അടുത്ത വീട്ടില്‍ നിന്നെടുത്ത കമ്പിkdkഷ്ണവുമായി അന്‍വറെത്തി. പൂട്ടില്‍ കമ്പി കൊരുത്ത് ശരത്ത് താഴോട്ടമര്‍ത്തി. പൂട്ട് തകര്‍ന്നു വീണു. തോക്ക് കൈയ്യിലെടുത്ത് അന്‍വറും ശരത്തും അകത്തേക്ക് കയറി. പിന്നാലെ ദേവും.

മുറിയിലെ കട്ടിലില്‍ പരിഭാന്ത്രിയോടെ, റുവാല. മുഷിഞ്ഞ ടീഷര്‍ട്ടും ത്രിഫോര്‍ത്തുമാണ് വേഷം. ഒറ്റനോട്ടത്തില്‍ ഫുട്‌ബോള്‍ താരമാണെന്ന് അര്‍ക്കും മനസിലാകില്ല. കുറഞ്ഞ സമയം കൊണ്ട് തന്നെ അയാളാകെ തകര്‍ന്നതുപോലെ കാണപ്പെട്ടു, ദേവ് അയാള്‍ക്കരികെയെത്തി. ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ ശേഷം പറഞ്ഞു. 

''ദേവ് രംഗന്‍, സിറ്റി പോലീസ് കമ്മീഷണറാണ്''. റുവാല എഴുന്നേറ്റ് ദേവിന്റെ നീട്ടിയ കൈകളില്‍ പിടിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു

''ആര്‍ യു ഓള്‍റൈറ്റ്'.

''സാര്‍ കളി മുടങ്ങിയിട്ടില്ലല്ലോ''-റുവാലയുടെ മറുപടി മറ്റൊരു ചോദ്യമായിരുന്നു.

''കൂള്‍ ഡൗണ്‍ ഡിയര്‍... കളി ഇനി നിശ്ചയിച്ചപോലെ തന്നെ നടക്കും''- ദേവ് ആത്മവിശ്വാസത്തോടെ പറഞ്ഞു. എന്നിട്ട് ഫോണെടുത്ത് മന്ത്രിയെ ഡയല്‍ ചെയ്തു.

''സാര്‍, റുവാലയെ കണ്ടെത്തി,കുഴപ്പമില്ല സാര്‍, ഓകെ സാര്‍, ഓകെ''

പിന്നിടയാള്‍ ഐ.ജി യെ വിളിച്ച് വിവരം ധരിപ്പിച്ചു. എന്നിട്ട് അന്‍വറിനോടായി പറഞ്ഞു. ''കളി ഇനി നടക്കും. അവര്‍ അതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോടുപോകുകയാണ്. ഇനി പ്രശ്‌നമില്ല''.

''സാര്‍ ഇനി അയാള്‍ ഫോട്ടോ പുറത്തുവിടുമോ'

'അയാള്‍ അത്ര പൊട്ടനാകുമോ അന്‍വര്‍. കേരളാ പോലീസിന്റെ വീരഗാഥ പുറംലോകം അറിയാന്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. നമുക്ക് റുവാലയെ ഉടനെ സ്റ്റേഡിയത്തിലെത്തിക്കണം. ഇന്നത്തെ ടീം സ്‌ക്വാഡില്‍ റുവാലയില്ല. എന്നാലും കളിക്ക് മുമ്പ് അയാളെ അവിടെയെത്തിച്ചാല്‍ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിയും. പിന്നെ ടൗണ്‍ സി.ഐയോട് വീട് പരിശോധിക്കാന്‍ പറയണം. രണ്ട് പേരെ ഇവിടെ ഡ്യൂട്ടിക്കിടണം. നമുക്ക് വിശദമായി പിന്നെ പരിശോധിക്കാം''. 

മുറി മൊത്തത്തില്‍ നോക്കിയ ശേഷം ദേവ് പറഞ്ഞു. 'ശരത്, ആ കിഷനെ ട്രെയ്‌സ് ചെയ്യണം. അയാള്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് പിടിക്കാന്‍ പറ്റണം''.

നിര്‍ദ്ദേശം നല്‍കിയ ശേഷം റുവാലയേയും കൊണ്ട് ദേവും അന്‍വറും ഇന്നോവയിലേക്ക് കയറി. വണ്ടി സ്റ്റാര്‍ട്ടായപ്പോള്‍ ദേവ് ഫോണില്‍ നോക്കി. സമയം ഏഴ് മണി കഴിഞ്ഞ് ഏഴ് മിനിറ്റ്. ആ കോളെന്താണ് വൈകുന്നത്. ഏത് നിമിഷത്തിലും അത് വരാം. എന്താണ് പറയേണ്ട മറുപടിയെന്ന് അയാള്‍ മനസ്സില്‍ ട്രയല്‍ നടത്തി. എന്നിട്ട് ഫോണിലേക്ക് നോക്കിയിരുന്നു. (തുടരും)