90 മിനിറ്റ്‌സ്- സ്പോർട്സ് ത്രില്ലർ: അധ്യായം 2

To advertise here,

ഡ്രസ്സിങ് മുറിയിലേക്ക് ദേവും അന്‍വറുമെത്തുമ്പോള്‍ കളിക്കാരും പരിശീലകരും റുവാലയുടെ തിരോധാനത്തിന്റെ ഷോക്കിലായിരുന്നു. കളിക്കാര്‍ അവിടവിടെയായി കൂട്ടം കൂടിനിന്ന് സംസാരിക്കുന്നു. അന്‍വര്‍ ചൂണ്ടികാണിച്ച ഭാഗത്തേക്ക് ദേവ് നടന്നു.
'സാര്‍ ഇതിനകത്താണ്'.
ദേവ് ഡ്രസ്സിങ് മുറിയിലെ ടോയ്ലറ്റിലേക്ക് കടന്നു. അവിടെ ഒരുവശത്തെ ഭിത്തി പൊളിഞ്ഞുകിടപ്പുണ്ട്. അതിനപ്പുറം ടണല്‍ പോലെ ഒരു വഴി കാണുന്നുണ്ട്. കൃത്യമായ പ്ലാനിങ് തട്ടികൊണ്ടുപോകലിന് പിന്നിലുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ദേവിന് മനസിലായി. ഭിത്തി പൊളിച്ചതിന്റെ സൂചനകളും അതാണ് നല്‍കുന്നത്.
'ഈ വിവരം ഒരു കാരണവശാലും പുറത്തുപോകരുത്. ഇനി ആരും ഫോണ്‍ ഉപയോഗിക്കരുത്''- ദേവ് മുറിയിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്‍വര്‍, ' ഇന്‍സ്പെക്ടര്‍ അഭിലാഷിനോട് വരാന്‍ പറയൂ. വിശ്വസ്തരായ രണ്ട്പേര്‍ ഇവിടെ വേണം''- നിര്‍ദ്ദേശം നല്‍കിയ ശേഷം ദേവ് പൊളിഞ്ഞുകിടക്കുന്ന ഭിത്തിക്കപ്പുറത്തേയ്ക്ക് കടന്ന് ടണലിന്റെ ഉള്ളിലേക്ക് നടന്നു.
അഭിലാഷും സംഘവും എത്തിയപ്പോള്‍ അന്‍വര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഡ്രസ്സിങ് മുറിയിലേക്ക് ഇനി ആരേയും പ്രവേശിപ്പിക്കേണ്ടെന്നും ഇവിടെ നിന്ന ആരേയും പുറത്തേക്ക് വിടരുതെന്നും പ്രത്യേകം ഓര്‍മിപ്പിച്ചു.
20 മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേവ് തിരികെ ഡ്രസ്സിങ് മുറിയിലെത്തി.
'അന്‍വറേ, പെട്ടെന്ന് സ്റ്റേഡിയത്തിന്റെ രൂപരേഖ എടുക്കണം. കോര്‍പ്പറേഷനില്‍ കാണും. സെക്രട്ടറിയെ വിളിച്ച് ഏര്‍പ്പാടുണ്ടാക്ക്. ഞാന്‍ ഐ.ജി.യോട് വിവരം പറഞ്ഞിട്ടുണ്ട്'. പിന്നെ ഡോഗ് സ്‌ക്വാഡിനേയും ഏര്‍പ്പാടാക്കൂ.
ദേവ് സഹപരിശീലകന്‍ അരവിന്ദിന്റെ അടുത്തേക്ക് ചെന്നു.
'' അരവിന്ദ്, എന്താണ് ഇവിടെ സംഭവിച്ചത്''
സാര്‍, റുവാല തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയാക്കിയതാണ്. വയറിനെന്തോ പ്രശ്നം പോലെയെന്ന് പറഞ്ഞാണ് ടോയ്ലറ്റിലേക്ക് പോകുന്നത്

''അപ്പോ അയാള്‍ എന്താണ് ധരിച്ചിരുന്നത്''

' ജേഴ്സി ധരിച്ചിരുന്നു. ബൂട്ട് കെട്ടിയിരുന്നെങ്കിലും ടോയ്ലറ്റിലേക്ക്  പോകുമ്പോള്‍ അഴിച്ചുവെച്ചിരുന്നു. സാദാ ചെരിപ്പിട്ടാണ് പോയത്. ജേഴ്സി വാം അപ്പിനുളളതാണ്. ഫോണും ഇവിടെയിരിപ്പുണ്ട്- അരവിന്ദ് പതര്‍ച്ചയോടെ പറഞ്ഞു നിര്‍ത്തി
''അതാണ്ട് എത്ര സമയമായിക്കാണും..''
അഞ്ച് മണിയായി കാണും''- അരവിന്ദ് വാച്ചിലേക്ക് നോക്കി പറഞ്ഞു

''ദേവ് എന്താ സംഭവിച്ചത്... ഐ.ജി വിളിച്ചിരുന്നു. നിങ്ങളെ കാണാനാണ് പറഞ്ഞത്''.
ചോദ്യത്തോടെ ഡ്രസ്സിങ് മുറിയിലേക്ക് കയറി വന്ന കായികമന്ത്രിയെ കണ്ട് ദേവ് ഒന്ന് പകച്ചു.
സാര്‍.. ഒരുമിനിറ്റ്, ദേവ് ദ്രുതഗതിയില്‍ മന്ത്രിയേയും ഒപ്പമുള്ളവരേയും ഒരു മൂലയിലേക്ക് കൂട്ടികൊണ്ടുപോയി.
''ഇത് അഖിലേന്ത്യ ഫെഡറേഷന്‍ സെക്രട്ടറി ബസുദേവ് ചാറ്റര്‍ജി''. മന്ത്രി ഒപ്പമുള്ളയാളെ കമ്മീഷണര്‍ക്ക് പരിചയപ്പെടുത്തി. ഇരുവരും ഹസ്തദാനം ചെയ്തു.
'സാര്‍, സംഭവം കുറച്ചു സീരിയസാണ്. കൃത്യമായി ആസൂത്രണം ചെയ്തുള്ള കിഡ്നാപ്പ് ആണ് നടന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ടോയ്ലറ്റിന്റെ ഒരു ഭാഗത്തേക്കുള്ള ഭിത്തി തകര്‍ത്താണ്  അകത്തേക്ക് കടന്നിട്ടുള്ളത്. ഹോളോബ്രിക്സ് കൊണ്ടുപടുത്ത ഭിത്തിയാണ്. ഒരു വശം സിമന്റ് ഉപയോഗിച്ച് തേച്ചിട്ടുമില്ല. തകര്‍ക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് തോന്നുന്നത്. പിന്നെ അവിടെ മല്‍പിടിത്തം നടന്ന ലക്ഷണമൊന്നുമില്ല. ടോയ്ലറ്റിന് അപ്പുറം ഉപയോഗിക്കാതെ കിടക്കുന്ന ഒരു ടണലുണ്ട്. അത് അവസാനിക്കുന്നത് സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്താണ്. അവിടെ ഒരു ചെറിയ ഗേറ്റുണ്ട്. അത് കഴിഞ്ഞാല്‍ മതിലാണ്. അവിടുത്തെ മതിലിന് ചെറിയൊരു ഗ്യാപ്പുണ്ട്. അതുവഴി അപ്പുറത്തുളള വഴിയിലേക്ക് കടക്കാം. സ്റ്റേഡിയത്തിന് തെക്കുഭാഗത്ത് ചെറിയ സിനിമാ തിയേറ്ററുണ്ട്. അതിലേക്കും ഈ വഴി ഉപയോഗിക്കുന്നുണ്ട്. അതുവഴിയാകും താരത്തേയും കൊണ്ടുപോയിട്ടുണ്ടാകുക.''
''അപ്പോ ആരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ലേ..''

''സാര്‍. അതാണ് ഞാനും ആലോചിക്കുന്നത്. ഗാലറിയില്‍ കാണികള്‍ നിറഞ്ഞതിന്റേയും പിന്നെ അനൗണ്‍സ്മെന്റിന്റേയും ശബ്ദം ഉള്ളതിനാല്‍ ഭിത്തി വീഴുന്നതിന്റെ ശബ്ദം പുറത്തേക്ക് കേള്‍ക്കാന്‍ വഴിയില്ല.  അക്രമികള്‍ ആയുധം കാണിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍  താരം ശബ്ദിക്കാനും വഴിയില്ല. എന്നാല്‍ ടണലിന് പുറത്തുള്ള വഴിയില്‍ കളികാണാന്‍ വന്നവര്‍ ഉണ്ട്. റുവാലയേയും കൊണ്ട് പോകുന്നത് എളുപ്പമല്ല. ഒന്നുകില്‍, ഈ സ്റ്റേഡിയത്തിന്റെ ഏതെങ്കിലും ഭാഗത്ത് അവരുണ്ടാകും. അല്ലെങ്കില്‍ സ്റ്റേഡിയത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. എല്ലാവരുടേയും കണ്ണുവെട്ടിക്കുന്ന എന്തെങ്കിലും തന്ത്രം അവര്‍ പയറ്റിക്കാണും. എന്തായാലും കൂടുതല്‍ ദൂരം അവര്‍ പോയിട്ടില്ല. സിറ്റി ചുറ്റും പോലീസിന്റെ വലയമുണ്ട്. സോ അവര്‍ അത്തരമൊരു റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല''-ദേവ് പറഞ്ഞു നിര്‍ത്തി.

''എന്താകും അവരുടെ ലക്ഷ്യം''-മന്ത്രി ആശങ്കയോടെ ചോദിച്ചു

''ഒന്നുകില്‍ മത്സരം അട്ടിമറിക്കുക, അല്ലെങ്കില്‍ പണത്തിന് വേണ്ടിയുമാകും. പ്രഷര്‍ സൃഷ്ടിച്ച് എളുപ്പത്തില്‍ ലക്ഷ്യം നേടുന്നതിനുളള പദ്ധതിയാകും നടപ്പാക്കുന്നത്'''. ദേവ് റിങ് ചെയ്യുന്ന ഫോണ്‍ കൈയ്യിലെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കുന്നതിനിടെ പറഞ്ഞു.

placeholder
വര: മനോജ് കുമാർ തലയമ്പലത്ത്

''സാര്‍, ചെയ്യാം. സര്‍... നമുക്ക് സമയമാണില്ലാത്തത്. ഇല്ല സാര്‍, ഓകെ''

''ഐ.ജി ബീരേന്ദ്ര സാറാണ്''- മന്ത്രിയോടായി ദേവ് പറഞ്ഞു.
''സാര്‍ നമുക്ക് പെട്ടെന്നൊരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. മത്സരമടക്കമുളള കാര്യങ്ങളും പിന്നെ പോലീസ് ഓപ്പറേഷനും. അന്‍വറെ, പെട്ടെന്നൊരു മീറ്റിങിനുള്ള അറേഞ്ച് ചെയ്യ്'. ദേവ് നിര്‍ദ്ദേശം നല്‍കി.

''സീ. മിസ്റ്റര്‍ കമ്മീഷണര്‍, കളി നിര്‍ത്തിവെക്കാന്‍ നമുക്കൊരിക്കലും കഴിയില്ല. റുവാലയില്ലെങ്കിലും കളി നടക്കണം. നമ്മള്‍ 2034 ലോകകപ്പ് ആതിഥ്യത്തിന് ശ്രമം നടത്തുന്ന കാര്യം അറിയാലോ. മത്സരം മാറ്റിവെച്ചാല്‍ അത് വലിയ തിരിച്ചടിയാകും. ഇരുചെവിയറിയാതെ പ്രശ്നം പരിഹരിക്കുകയാണ് പ്രധാനം. അതിന് എന്ത് ചെയ്യാനും ഫെഡറേഷന്‍ തയ്യാറാണ്''- ബസുദേവ് നിലപാട് വ്യക്തമാക്കി.
''അതുന്നെയാണ് സര്‍ക്കാറിന്റേയും നിലപാട്. കാര്യങ്ങള്‍ ആരും അറിയാതെ ഒതുക്കണം''- മന്ത്രി പറഞ്ഞു.
''സാര്‍, ഇതൊക്കെ എനിക്ക് മനസിലാകും, ബട്ട്, എന്തെങ്കിലും തുടങ്ങാന്‍ ഒരു തുമ്പ് കിട്ടണ്ടേ''.
അന്‍വര്‍, സ്റ്റേഡിയത്തിന് ചുറ്റുമുള്ള ക്യാമറകള്‍ ചെക്ക് ചെയ്യണം. കണ്‍ട്രോള്‍ മൂറിയിലെ വിഷ്വല്‍സ് പരിശോധിക്കു. എന്തെങ്കിലും കിട്ടിയാല്‍ അവിടെ മുതല്‍ തുടങ്ങാം. മീറ്റിങ് തീരും മുമ്പേ കിട്ടണം''-ദേവിന്റെ സ്വരം കനത്തിരുന്നു.
ഒ.കെ സാര്‍, അന്‍വര്‍ കണ്‍ട്രോള്‍ മുറിയിലേക്ക് നീങ്ങി.

തെല്ലിട നിശബ്ദമായ ഡ്രസ്സിങ് മുറിയില്‍ പൊടുന്നനെ ദേവിന്റെ മൊബൈല്‍ ശബ്ദിച്ചു. നെറ്റ് കോളാണ്. എന്ത് മാരണമായിരിക്കുമോ,
''യേസ്, കമ്മീഷണര്‍'', ദേവ് കോള്‍ അറ്റന്‍ഡു ചെയ്തു.
അല്‍പ്പ സമയത്തിനുളളില്‍ തന്നെ ദേവിന്റെ മുഖം വിവര്‍ണമാകുന്നത് മന്ത്രിയും ബസുദേവും ആശങ്കയോട് നോക്കി നിന്നു.

ഫോണ്‍ കോള്‍ അവസാനിച്ചപ്പോഴേക്കും അന്‍വര്‍ എത്തി.
സാര്‍ മീറ്റിങ് തുടങ്ങാം. കലക്ടറും മാച്ച് കമ്മീഷണറും ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും എത്തിയിട്ടുണ്ട്.
ശരി അന്‍വര്‍.
സാര്‍... നമുക്ക് അങ്ങോട്ടുപോകം-. മന്ത്രിയോടായി ദേവ് പറഞ്ഞു.
-----

''സതേണ്‍ ക്ലബിലെ പ്രധാന താരമാണ് കാണാതായ റുവാല. അതിനാല്‍ നമ്മുടെ നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരിക്കണം. അവരുടെ ലക്ഷ്യം എന്താനെന്ന് വ്യക്തമായിട്ടുണ്ട്''-യോഗത്തില്‍ മുഖവുരയൊന്നുമില്ലാതെ ദേവ് യോഗത്തെ അറിയിച്ചു.

''എന്താണ് അവരുടെ ഡിമാന്റ്''- ആകാംക്ഷയോടെ മന്ത്രി ചോദിച്ചു.

''പണം, അതും പത്ത് കോടി. അതാണവരുടെ ഡിമാന്റ്. അല്‍പ്പം മുമ്പ് എനിക്ക് വന്ന കോള്‍ അവരുടേതാണ്. നെറ്റ് കോളിലായിരുന്നു സംസാരം. കൂടുതല്‍ വിവരങ്ങള്‍ കുറച്ചുകഴിഞ്ഞ് പറയാമെന്ന് പറഞ്ഞിട്ടുണ്ട്''-
പണം മാത്രമല്ല ഈ വിഷയം ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്''- ദേവ് ഒരു നിമിഷം നിര്‍ത്തിയ ശേഷം തുടര്‍ന്നു. ഇപ്പോള്‍ സമയം ആറ് മണിയായി. മത്സരം തുടങ്ങാന്‍ ഒരു മണിക്കുറാണ് മുന്നിലുളളത്. അരമണിക്കൂര്‍ മുമ്പ് ടീമിന് വാം അപ്പിനായി ഇറങ്ങേണ്ടതുണ്ട്. എന്തായാലും നമുക്ക് കുറച്ചുകൂടി സമയം അനിവാര്യമാണ്-അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
പണം നല്‍കിയാല്‍ അവര്‍ താരത്തെ റിലീസ് ചെയ്യുമോ, അസോസിയേഷന്‍ സെക്രട്ടറി ബാബുരാജിന്റേതായിരുന്നു ചോദ്യം.

''ഉറപ്പൊന്നുമില്ല, വിളിച്ചവരുടെ അടുത്ത് താരം ഉണ്ടോയെയെന്നുപോലും നമുക്ക് ഉറപ്പില്ല. അവരുടെ അടുത്ത കോളിന് വെയ്റ്റ് ചെയ്യുക മാത്രമാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം''- ദേവ് നിരാശയോടെ പറഞ്ഞു

സാര്‍,  
അന്‍വര്‍ യോഗം നടക്കുന്ന മൂറിയിലേക്ക് കയറി.'' ആ ഭാഗത്തെ സി.സി.ടിവി ക്യാമറ ഫൂട്ടേജ് കിട്ടിയിട്ടുണ്ട്.ഏതാണ്ട് ആ സമയത്ത് രണ്ട് പേര്‍ അതുവഴി നടന്നുപോകുന്നുണ്ട്. എന്നാല്‍ താരമാണെന്ന് ഉറപ്പില്ല' അന്‍വര്‍ വിവരം യോഗത്തെ അറിയിച്ചു.
ദേവ് അന്‍വര്‍ കൊണ്ടുവന്ന ഫുട്ടേജ് മൊബൈലില്‍ പരിശോധിച്ചു. ''രണ്ട് പേര്‍ നടന്നുപോകുന്ന ദൃശ്യം സംശയിക്കത്തതാണ്. എന്നാല്‍ ഉറപ്പില്ല''.
ഫൂട്ടേജ് കോപ്പി ചെയ്ത ഫോണ്‍ അന്‍വറിനെ തിരികെ ഏല്‍പ്പിച്ച് ദേവ് തുടര്‍ന്നു...
''ഭിത്തി തകര്‍ത്താണ് താരത്തെ കൊണ്ടുപോയത്. പഴയ ഒരു ടണലാണ് അവര്‍ ഉപയോഗിച്ചത്. അത് പണ്ട് ഉണ്ടായിരുന്നതാണ്. സ്റ്റേഡിയം പുതുക്കിപണിതപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. അതുവഴി പുറത്തേക്ക് കടക്കാം. അധികം ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാത്ത വഴിയാണത്. ടണലില്‍ നിറയെ മുളക്പൊടി വിതറിയിട്ടുണ്ട്. പോലീസ് നായയെ തടയുന്നതിന് വേണ്ടിയാണ്. അധികം ഫൂട്ട്പ്രിന്റസുമില്ല. പിന്നെ വലിയതോതില്‍ അന്വേഷണം നടത്താന്‍ ഇപ്പോള്‍ നമുക്കാകില്ല. കാരണം താരത്തെ കാണാതായത് പുറംലോകം അറിയാതിരിക്കുകയെന്നതാണ് പ്രധാനം.'' ദേവ് വിഷയത്തിന്റെ ഗൗരവം യോഗത്തെ അറിയിച്ചു. എന്നിട്ട് മാച്ച് കമ്മീഷണറുടെ നേര്‍ക്ക് തിരിഞ്ഞു
കളി തുടങ്ങുന്നത് അല്‍പ്പം വൈകിച്ചൂടെ...

''അതിന് പറ്റിയ വിഷയങ്ങളുണ്ടാതെ വൈകിക്കാന്‍ പറ്റില്ല. പിന്നെ  പവര്‍ ഫെയ്ലിയറാക്കി അരമണിക്കൂര്‍ നീട്ടാന്‍ പറ്റും. ലൈറ്റ് അല്‍പ്പസമയം ഓഫാക്കി ഇടുക. തകരാറാമെന്ന് കാണിച്ച് അല്‍പ്പം വൈകിക്കാന്‍ പറ്റും''- മാച്ച് കമ്മീഷണര്‍ ഒരാശയം മുന്നോട്ടുവെച്ചു.
''എന്നാല്‍ അങ്ങനെ ചെയ്യണം. അര മണിക്കൂര്‍ കിട്ടിയാല്‍ അതാകുമല്ലോ'' ദേവ് മാച്ച് കമ്മീഷണറോടായി പറഞ്ഞു.
ദേവിന്റെ ഫോണില്‍ ഈമെയില്‍ സന്ദേശം എത്തിയതിന്റെ നോട്ടിഫിക്കേഷന്‍ ടോണ്‍ ഹാളില്‍ മുഴങ്ങി,. തൊട്ടുപിന്നാലെ കോളും. ചുരുങ്ങിയ വാക്കുകളില്‍ മാത്രമായിരുന്നു സംസാരം.
ഫോണ്‍ കട്ട് ചെയ്ത് ദേവ് യോഗത്തിലിരിക്കുന്നവരെ നോക്കി. എല്ലാവരും ടെന്‍ഷനിലും ആകാംക്ഷയിലുമാണ്.
തന്റെ ഫോണില്‍ വന്ന ചിത്രം അവരെ കാണിച്ചു. ഒരു മുറിക്കുള്ളില്‍ പരിഭ്രാന്തനായി നില്‍ക്കുന്ന റുവാല.
''എന്താ അവര്‍ പറഞ്ഞത്'' ;ചോദ്യം കലക്ടറുടെതായിരുന്നു.
''10 കോടിയാണ് സാറെ അവര്‍ ചോദിക്കുന്നത്. ദേവ് മന്ത്രിയോടും കലക്ടറോടുമായി പറഞ്ഞു. പണമായാല്‍ അക്കൗണ്ട് ഡീറ്റെയ്ല്‍സ് നല്‍കിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.തീരുമാനം അനുകൂലമല്ലെങ്കില്‍ അവര്‍ ആ ഫോട്ടോ സഹിതം സംഭവം പുറത്തുവിടും. അതാണ് ഭീഷണി''
അരമണിക്കൂറിനുള്ളില്‍ വിവരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതായത് 6.40 നുള്ളില്‍ വിവരം നല്‍കിയില്ലെങ്കില്‍  അവര്‍ ചിത്രം പുറത്തുവിടും

''പണം നമുക്ക് അറേഞ്ച് ചെയ്യാം. വിവരം ഒരിക്കലും പുറത്തറിയരുത്. കേന്ദ്രം വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പ് വേദിക്കായി ശ്രമിക്കുന്നത്. അതിന് ഈ സംഭവം തിരിച്ചടിയാകരുത്''.-മന്ത്രി എല്ലാവരോടുമായി പറഞ്ഞു. ''സി.എമ്മിനോട് ഞാന്‍ സംസാരിച്ചോളാം''. അതും പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയി.
എന്നാല്‍ ടീമുകള്‍ ഗ്രൗണ്ടില്‍ ഇറങ്ങി വാംഅപ്പ് തുടങ്ങട്ടേ, റുവാലയും മറ്റൊരു പ്രധാന താരവും സതേണ്‍ ടീമിനൊപ്പം ഇറങ്ങേണ്ട. ഒരാള്‍ മാത്രം ഇറങ്ങാതെയായാള്‍ സംശയം തോന്നു. 6.30 ആകുമ്പോള്‍ ഒരു ഭാഗത്തെ കുറച്ച് ലൈറ്റുകള്‍ ഓഫാക്കണം''-.വിശ്വസ്തരെ മാത്രമെ ഉപയോഗിക്കാവൂ-ദേവ് അസോസിയേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

''ഞാന്‍ പോലീസ് ഓപ്പറേഷനുളള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യട്ടെ.. പണം കൊടുത്താലും താരത്തെ കൊണ്ടുവരാനുളള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. 15 മിനിറ്റിന് ശേഷം വീണ്ടും കൂടാം''. ഇതും പറഞ്ഞ് ദേവും അന്‍വറും പുറത്തേക്ക് നടന്നു.