
റുവാലയേയും കൊണ്ട് സ്‌റ്റേഡിയത്തിലെ ഡ്രസ്സിങ് മുറിയിലേക്ക് കടന്നപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ടീമംഗങ്ങളും മന്ത്രിയും ദേവിനേയും സംഘത്തേയും സ്വീകരിച്ചത്. ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കളിക്കാരില്‍ ചിലര്‍ റുവാലയെ കെട്ടിപിടിച്ചു. മറ്റുചിലര്‍ ഹസ്തദാനം നടത്തി. റുവാലയാകട്ടെ വല്ലാത്തൊരു മാനസികാവസ്ഥയിലുമായിരുന്നു. റുവാലയെ കളികാണാന്‍ വി.ഐ.പി. ലോഞ്ചിലേക്ക് വിട്ടതിന് ശേഷം അവിടെ പ്രത്യേക സുരക്ഷ ഏര്‍പ്പാടക്കാന്‍ ദേവ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിയും സംഘവും കളികാണാന്‍ പോയതോടെ ഡ്രസ്സിങ് മുറി ഒഴിഞ്ഞു. ദേവ് ചുറ്റും നോക്കി. കളിക്കാരുടെ ബാഗുകളും ഒരു വലനിറയെ പന്തും, പിന്നെ പരിശീലനത്തിനുള്ള ചില ഉപകരണങ്ങളും. അയാള്‍ ഒരു കസേരയിലിരുന്നു. ഇനിയാണ് വെല്ലുവിളി. ശൂന്യതയില്‍ നിന്നാണ് ഇത്രവരെ എത്തിയത്. ഇനി എവിടെ തുടങ്ങണം. അയാളുടെ മനസ് പുകഞ്ഞു.
'അന്‍വര്‍, റുവാലയെ കളിക്ക് ശേഷം ചോദ്യം ചെയ്യാം. അയാളൊന്ന് റിലാക്‌സ് ചെയ്യട്ടെ. ക്രൈം സ്‌പോട്ടിലെ വിരലടയാളങ്ങള്‍ എടുക്കണം. ഫോറന്‍സിക് ടീമും വരട്ടെ. പിന്നെ അയാളുടെ കോള്‍ ഡിറ്റെയ്ല്‍സ് ചെക്ക് ചെയ്യണം. നമുക്ക് ചോദ്യം ചെയ്യാനുളള ആളുകളുടെ പട്ടിക തയ്യാറാക്കണം. നാളെ ഐ ജി കൊച്ചിയിലുണ്ട്്, രാവിലെ കാണാന്‍ മെസേജുണ്ട'്. എന്നിട്ട് അയാള്‍ ഫോണിലേക്ക് നോക്കി.
'അന്‍വര്‍,ഡെഡ്‌ലൈന്‍ കഴിഞിട്ട് അരമണിക്കൂര്‍ ആയല്ലോ. എന്നിട്ടും അവരുടെ കോളൊന്നും വന്നില്ലല്ലോ, അപ്പോ റുവാലയെ നമ്മള്‍ പൊക്കിയകാര്യം അവര്‍ അറിഞ്ഞുകാണും''.
'അതിന് സാധ്യതയുണ്ട് സാര്‍'
'അങ്ങനെയാണെങ്കില്‍ കോളനി വരുന്ന ടവറിന് കീഴിലുളള കോളുകളും മെസേജുകളും പരിശോധിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം. വൈകിട്ട് 5.30 മുതല്‍ നമ്മള്‍ അവിടെ എത്തിയത്് വരെയുള്ള ടൈമിലുളളത് പരിശോധിച്ചാല്‍ മതി. പിന്നെ ആ വീടിനുള്ളിലുള്ള പരിശോധന എന്തായി. എന്തെങ്കിലും ലീഡ് കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്ക്'
'ഓ.കെ സാര്‍'
Also Read
അന്‍വര്‍ ടൗണ്‍ സി.ഐ. മോഹനനെ വിളിക്കാനായി പുറത്തേക്കിറങ്ങി. ദേവ് അന്നെത്തെ സംഭവങ്ങള്‍ മനസില്‍ ക്രമീകരിക്കാന്‍ തുടങ്ങി. പെട്ടെന്നെപ്പഴോ അയാളുടെ മനസിലേക്ക് റോബര്‍ട്ട് ലാങ്ടണ്‍ കയറി വന്നു,- ഡാന്‍ ബ്രൗണ്‍ സൃഷ്ടിച്ച കഥാപാത്രം. ചിഹ്നങ്ങളുടെ സമസ്യകളുടെ കുരുക്കഴിക്കുന്ന, ത്രില്ലര്‍ പ്രേമികളുടെ ഹീറോ. ആ ഫോട്ടോയിലെ ഒരു ചിഹ്നത്തിലൂടെയാണ് താനും റുവാലയിലേക്കെത്തിയതെന്ന അയാളോര്‍ത്തു.
'സാര്‍, കാര്യമായൊന്നും കിട്ടിയില്ലെന്നാണ് മോഹനന്‍ പറയുന്നത്. ഒരാഴ്ച്ചയായി ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് അടുത്ത വീട്ടിലുളളവര്‍ പറയുന്നത്. അവരാരും കളിക്കാരനെ അവിടേക്ക് കൊണ്ടുവന്നത് അറിഞ്ഞിട്ടില്ല. ആ ഭാഗത്തൊന്നും സിസി ടിവി ക്യാമറകളില്ലെന്നാണ് നമ്മുടെ ടീം പറയുന്നത്. കിഷന്റെ ഫോണ്‍ ട്രെയ്‌സ് ചെയ്യുന്നുണ്ട്'- അന്‍വര്‍ കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു.
'ഗുഡ്, കോളനിയില്‍ കിഷനെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ പറയണം. പറ്റുമെങ്കില്‍ അയാള്‍ അവിടെ വന്നത് മുതലുള്ള കാര്യങ്ങള്‍, അയാളുമായി ബന്ധമുളള ആളുകള്‍ അങ്ങനെയെല്ലാം.. അന്‍വര്‍, മെയിലും നെറ്റ്കാളും അന്വേഷിച്ചിട്ട് കാര്യമായ വിവരം കിട്ടാന്‍ സാധ്യതയില്ല. മെയില്‍ ഐഡി ഫെയ്ക്ക് ആകും. പിന്നെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുളളില്‍ കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് പോയവരുടെ പട്ടിക എടുക്കണം. സംശയം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അന്വേഷണം നടത്തണം. അതിന് ഒരുടീമിനെ നിയോഗിക്കാം. പിന്നെ നമുക്ക് ആ ടണല്‍ ഒന്നുകൂടി പരിശോധിക്കാം'. ദേവും അന്‍വറും ടോയ്‌ലറ്റിലേക്ക് നടന്നു.
'അന്‍വര്‍ ആ കയര്‍ കണ്ടോ, ഭിത്തിയില്‍ ഉറപ്പിച്ച ഇരുമ്പിന്റെ കൊളുത്തില്‍ കുരുക്കിയ കയര്‍ ആ കാണുന്ന ഹുക്കിലൂടെ കടത്തിയ ശേഷമാണ് വലിച്ചത്. നേരിട്ട് വലിച്ചാണ് ദേഹത്തേക്ക് വീഴുമെന്നതിനാലാണ് ആ മാര്‍ഗ്ഗം സ്വീകരിച്ചത്. അതുകൊണ്ട് അവര്‍ തൊട്ടടുത്തുള്ള തൂണിന്റെ അടുത്ത് നില്‍ക്കാം''.
'സാര്‍, ഇത് വീഴുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് അത്ഭുതമാണ്''.
'ഗാലറിയിലും പുറത്തും അത്ര ശബ്ദത്തോടെ ആവേശപ്രകടനങ്ങള്‍ നടക്കുമ്പോള്‍ ഇതിന്റെ ശബ്ദം പുറത്തുവരില്ല. ഡ്രസ്സിങ് മുറിയിലുണ്ടായിരുന്ന ചില കളിക്കാര്‍ ശബ്ദം കേട്ടിട്ടുണ്ട്. അവര്‍ അതത്ര കാര്യമാക്കിയിട്ടില്ല'.
'അന്‍വര്‍ ഇവിടെ നിന്ന് മൂന്ന് മിനിറ്റ് കൊണ്ടു പുറത്തെത്താം. അവരുടെ പ്ലാന്‍ പ്രകാരം എല്ലാം കൃത്യമായി നടന്നി്ട്ടുണ്ട'്.
'അന്‍വര്‍, അവര്‍ കഴിഞ്ഞ ആറ് മാസമായി ഈ ടണല്‍ ഉപയോഗിക്കുന്നുണ്ട്. അതിനര്‍ത്ഥം പുറത്തേക്കുള്ള ഗേറ്റിന്റെ അടക്കമുള്ള താക്കോല്‍ അവരുടെ കൈയ്യിലുണ്ട്. അത് എങ്ങനെ കിട്ടിയതെന്ന് അന്വേഷിക്കണം. മത്സരത്തിന് ഒരാഴ്ച്ച മുമ്പ് സ്റ്റേഡിയം ജീവനക്കാര്‍ ഈ ടണല്‍ ക്ലീന്‍ ചെയ്തിട്ടുണ്ട്. അതിന് ശേഷമാകും ഭിത്തി ചതുരത്തില്‍ കട്ട് ചെയ്ത് വെച്ചത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും പിടികിട്ടാത്ത തരത്തിലാണ് കട്ട് ചെയ്തിരിക്കുന്നത്. ടോയ്‌ലറ്റിന്റെ ചുമരില്‍ ടെയ്ല്‍സ് പതിക്കാത്തതും അവര്‍ക്ക് ഗുണം ചെയ്തു'.
'സാര്‍ ഒരു സംശയം'
'ആ ടോയ്‌ലറ്റ് തന്നെ എങ്ങനെ അവര്‍ തിരഞ്ഞെടുത്തു. ഇവിടെ നാല് ഡ്രസ്സിങ് മുറികളുണ്ട്. നാല് ടോയ്‌ലറ്റുകളും.
'അന്‍വര്‍, പലമേഖലയിലും പല വിശ്വാസങ്ങളുണ്ട്. സതേണിന്റെ ഹോം ഗ്രൗണ്ടാണിത്. അവര്‍ക്ക് ഇഷ്ടമുളള ഡ്രസ്സിങ് മുറി തിരഞ്ഞെടുക്കാം. അവിടെ മത്സരം ഉണ്ടെങ്കില്‍ അവര്‍ ഈ ഡ്രസിങ് മുറിയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ വിശ്വാസമോ, ഇഷ്ടമോ ആയിരിക്കാം. ഇക്കാര്യം അക്രമിസംഘത്തിന് കൃത്യമായി അറിയാമെന്നാണ് എന്റെയൊരു നിഗമനം. അവര്‍ക്ക് ക്ലബ്ബ് മാനേജ്‌മെന്റിനകത്ത് ആരോ ഉണ്ട്. അതിനൊപ്പം സ്റ്റേഡിയം ജീവനക്കാരില്‍ ചിലരുടെ സഹായം കിട്ടിയിട്ടുണ്ട്. അതെല്ലാം നമുക്ക് പരിശോധിക്കണം. ഇവിടെയുള്ള എല്ലാ ജീവനക്കാരുടേയും മൊഴി എടുക്കണം'.
'സാര്‍', ദേവ് തിരിഞ്ഞു നോക്കി. സി.ഐ അഖിലേന്ദ്രനാണ്, ഒപ്പം ഫോറന്‍സിക്, വിരലടയാള സംഘവുമുണ്ട്.
'അന്‍വര്‍ കാര്യങ്ങളൊന്ന് ബ്രീഫ് ചെയ്‌തേക്കൂ'.
ദേവ് പുറത്തേക്ക് നടന്നു, അയാള്‍ക്ക് തല പെരുക്കുന്നത് പോലെ തോന്നി. സ്‌റ്റേഡിയത്തില്‍ നിന്നുളള ആരവങ്ങള്‍ ഉച്ചത്തിലാണ്. സതേണിന്റെ മുന്നേറ്റമാണെന്നു തോന്നുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് കടന്ന ശേഷം അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറി. തീരെ തിരക്കില്ല, അവിടെയുള്ള ജീവനക്കാര്‍ ടി.വിയില്‍ ആവേശത്തോടെ മത്സരം കാണുകയാണ്. ദേവ് കോഫിക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം കോര്‍ണര്‍ സ്‌പേസിലെ ടേബിളിലിരുന്നു. അവിടെയിരുന്നാല്‍ ജനല്‍ വഴി സ്റ്റേഡിയം കാണാം. എന്നിട്ട് ഫോണെടുത്തു.
സ്‌റ്റേഡിയത്തിലപ്പോള്‍ മത്സരം തകര്‍ക്കുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ് വെല്ലിങ്ടണിന്റെ മിന്നലാട്ടങ്ങള്‍ കാണികളെ ആവേശഭരിതരാക്കി. സതേണിന്റെ ആരാധകര്‍പോലും ജപ്പാന്‍ സൂപ്പര്‍ താരത്തിന്റെ കളിയെ ആവേശത്തോടെയാണ് കണ്ടത്. മുമ്പ് ടീവിയില്‍ മാത്രം കണ്ടിരുന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ കളി അവരെ വിസ്മയലോകത്താണ് എത്തിച്ചത്. കളി 25 മിനിറ്റ് ആകുമ്പോഴേക്കും ജെ.സ്റ്റാര്‍ മൂന്ന് ഗോളിന് ലീഡെടുത്തുക്കഴിഞ്ഞു. ഗോളടിച്ചില്ലെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കാന്‍ ക്രിസിന് കഴിഞ്ഞു. ഗാലറിയിലെ റുവാലയുടെ ഫോട്ടോ നോക്കികൊണ്ടിരിക്കുന്നതിനിടെയാണ് ആ കോള്‍ വന്നത്. അണ്‍നോണ്‍ നമ്പര്‍.. ദേവിന്റെ മനസില്‍ കാറുംകോളും നിറഞ്ഞു.
'യേസ'്,
'വെല്‍ഡല്‍ കമ്മീഷണര്‍, മിടുക്കരെ അഭിനന്ദിക്കാന്‍ എനിക്ക് മടിയില്ല. ഈ കളിയില്‍ താങ്കള്‍ ജയിച്ചു. ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍''
'സമനിലയില്ലാത്ത കളിയില്‍ ആരെങ്കിലും ജയിക്കണ്ടേ'-ദേവ് തിരിച്ചടിച്ചു
'യേസ്,ആ ഫോട്ടോയിലെ സൂചന വെച്ചാകും നിങ്ങള്‍ അവിടേക്ക് എത്തിയെന്നാണ് എന്റെ മനസ് പറയുന്നത്. അപ്പോ വീണ്ടും മറ്റൊരു കളിയുമായി നമുക്ക് കാണാം. ബൈ'
ദേവിന് മറുപടി പറയാന്‍ അവസരം ലഭിക്കുന്നതിന് മുമ്പ് ഫോണ്‍ കട്ടായി. സൈക്കോളജിക്കല്‍ കോള്‍..
ദേവ് കോഫി ഷോപ്പിലെ ടിവിയിലേക്ക് നോക്കി. കളിയുടെ ആദ്യപകുതി കഴിഞ്ഞിരിക്കുന്നു. തനിക്ക് വന്ന കോള്‍ കൃത്യം ആദ്യപകുതി കഴിഞ്ഞപ്പോളാണ്. ജെ സ്റ്റാര്‍ മൂന്ന് ഗോളിന് ലീഡിലാണ്. ഇവിടെത്തെ കളിയും ഹാഫ് ടൈമിലാമെന്നാണ് അയാള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ജയിച്ചുനില്‍ക്കുന്നത് പോലീസും.
ഇനിയൊരു ഹാഫുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അയാള്‍ ഫോണ്‍ കട്ടാക്കിയതെന്ന് ദേവ് മനസിലോര്‍ത്തു. അയാള്‍ കോഫി കുടിച്ചുകൊണ്ട് ആ കോളിനെ ഇഴകീറി പരിശോധിച്ചു. രണ്ടാംഘട്ട അന്വേഷണം കളി കഴിയുന്നതോടെ തുടങ്ങും. അതിന് മുമ്പാണ് കോള്‍. വീണ്ടും കാണാമെന്ന മുന്നറിയിപ്പ് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് വേണ്ടിയാണോ, അതോ അത്തരമൊരു നീക്കം അവര്‍ നടത്തുമോ, പണമാണ് അവരുടെ ലക്ഷ്യമെങ്കില്‍ അതിന് സാധ്യത കുറവാണ്. അല്ലെങ്കില്‍ പണത്തിനൊപ്പം മറ്റെന്തെങ്കിലും ലക്ഷ്യം കൂടി കാണും. അതെന്താകും. റുവാലയുടെ മൊഴിയെടുത്താല്‍ മാത്രമെ ഇനി അന്വേഷണത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ. അയാള്‍ പൂര്‍വസ്ഥിതിയിലായിട്ടുണ്ടെങ്കില്‍ മൊഴിയെടുക്കല്‍ കളിക്ക് ശേഷമെന്ന ആദ്യ പ്ലാന്‍ ഉപേക്ഷിക്കാം. സെക്കന്റ് ഹാഫ് കഴിയാന്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല. ഇപ്പോള്‍ തന്നെയാകാം.
ദേവ് ഫോണ്‍ ഡയല്‍ ചെയ്തു.
'അന്‍വര്‍... റുവാലയില്‍ നിന്ന് ഉടനെ മൊഴിയെടുക്കണം. കണ്‍ട്രോള്‍ മുറിയോട് ചേര്‍ന്നുളള ചെറിയ മുറിയില്‍ ഇരിക്കാം. അതിനുളള ഏര്‍പ്പാട് ചെയ്‌തോളു. ഞാന്‍ ഈസ്‌റ്റേണ്‍ കോഫിഷോപ്പിലുണ്ട്. പത്ത് മിനിറ്റിനകം അവിടെയെത്തും. ദേവ് ഫോണ്‍ കട്ടാക്കി. കൗണ്ടറില്‍ പണം നല്‍കിയശേഷം അയാള്‍ സ്റ്റേഡിയത്തിലേക്ക് നടന്നു.
Content Highlights: 90 Minutes: Chapter 7 - Sports Thriller
Published: 10 Feb 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented