കൊല്‍ക്കത്തയില്‍ ട്രെയിന്‍ ഇറങ്ങി ബോബു പുറത്തേക്ക് നടന്നു. ഫോണില്‍ ദാസ് ഗുപ്തയുടെ മെസേജ് ഒന്നുകൂടി നോക്കി വണ്ടിയുടെ നമ്പര്‍ ഉറപ്പുവരുത്തി. റെയില്‍വേ സ്റ്റേഷന്റെ പുറത്തുള്ള കടകളുടെ അരികിലായി നിര്‍ത്തിയിട്ട കറുത്തനിറത്തിലുളള ബൊലേറോയില്‍ ചാരി ഡ്രൈവര്‍ നില്‍പ്പുണ്ട്. ബോബു അതിലേക്ക് കയറി.

To advertise here,

റുവാലയുടെ കോള്‍ വൈകുന്നതില്‍ ബോബുവിന് അപായസൂചന തോന്നി. വിളിക്കേണ്ട ടൈം കഴിഞ്ഞിരിക്കുന്നു. അങ്ങോട്ടു വിളിക്കുന്നത് ചിലപ്പോള്‍ അപകടമാകും. മറ്റാരുടേയെങ്കിലും ഫോണില്‍ നിന്നാണ് റുവാല ആവശ്യമുള്ളപ്പോള്‍ ഈ നമ്പറിലേക്ക് വിളിക്കുന്നത്. അവിടെ എന്താണ് ലേറ്റസ്റ്റായി സംഭവിച്ചതെന്ന് അറിയുന്നുമില്ല. ദാസ്ഗുപ്തയുടെ ആള്‍ക്കാര്‍ കൊച്ചിയിലുണ്ട്. അവരില്‍ നിന്നുള്ള വിവരം തിരക്കണം. എന്തായാലും ഗുപ്തയുടെ അടുത്ത് എത്തട്ടേ, ആശങ്കകള്‍ പെരുകിക്കയറുന്ന മനസ്സോടെ ബോബു സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.

Also Read

--------------
''റുവാല നിറഞ്ഞ കണ്ണുകള്‍ തുടച്ചു. എന്നിട്ട് ദേവിന് നേരെ തിരിഞ്ഞു.
സാറെ ഇതൊരു കുറ്റകൃത്യത്തിന്റെ ത്രസിപ്പിക്കുന്ന കഥയൊന്നുമല്ല. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ ചാടിയിറങ്ങിയ സുഹൃത്തിന്റെ കഥ മാത്രമാണ്''. കമ്മീഷണര്‍ക്ക് മുന്നിലുള്ള കസേരയിലിരുന്ന് റുവാല തുടര്‍ന്നു.

''രണ്ടാം ക്ലാസ് മുതലാണ് ഞാനും ബോബുവും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. കൊച്ചി ബെയ്‌സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയാണ് മണിപ്പൂരില്‍ നിന്ന് എന്നെ ഇങ്ങോട്ടുകൊണ്ടുവന്നത്. അവിടുത്തെ ദരിദ്രമായ ചുറ്റുപാടില്‍ ജീവിക്കാന്‍ പോലും ബുദ്ധിമുട്ടായതോടെയാണ് അമ്മയും അച്ഛനും ഇവിടേക്ക് അയക്കുന്നത്. നല്ല വിഭ്യാഭ്യാസവും ഭക്ഷണവും താമസവുമാണ് സംഘടന ഓഫര്‍ ചെയ്തിരുന്നത്. അങ്ങനെയാണ് ഞാന്‍ കേരളത്തിലെത്തുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള അവരുടെ കെട്ടിടത്തിലായിരുന്നു താമസം. അമ്മയേയേയും അച്ഛനേയും സഹോദരങ്ങളേയും പിരിഞ്ഞതിന്റെ വിഷമത്തില്‍ ആകെ തകര്‍ന്ന എനിക്ക് ആശ്വാസം ബോബുവിന്റേയും മാര്‍ട്ടിയുടേയും സൗഹൃദമായിരുന്നു. അത് നല്ല രീതിയില്‍ വളര്‍ന്നു. ഹൈസ്‌കൂളിലും പിന്നീട് കോളേജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

ഹൈസ്‌കൂള്‍ മുതലാണ് ഞങ്ങള്‍ ഫുട്‌ബോള്‍ കളി തുടങ്ങുന്നത്. അന്നത്തെ സ്‌കൂള്‍ കായികാധ്യാപകന്‍ ഒരു ജോണ്‍സാറായിരുന്നു. സാറിന് ഫുട്‌ബോളിലായിരുന്നു കമ്പം. ഞാനും ബോബുവും മുന്നേറ്റത്തിലും മാര്‍ട്ടി ഡിഫന്‍സിലുമായിരുന്നു. എതിര്‍ ടീമുകളെ വിറപ്പിക്കുന്ന സ്‌ട്രൈക്കിങ് ജോഡിയായി ഞങ്ങള്‍ മാറി. ഞങ്ങളുടെ കളിമികവാണ് ഒരേ കോളേജിലേക്ക് എത്തിക്കുന്നതും.

നോവലിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോളേജ് കാലത്ത് ഞങ്ങളൊരു കാര്യം ഉറപ്പിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും ആപത്തില്‍പ്പെട്ടാല്‍ ജീവന്‍കൊടുത്തും സംരക്ഷിക്കുമെന്ന്. അന്നത്തെ ചോരത്തിളപ്പില്‍ പരസ്പരം നല്‍കിയ വാക്കായിരുന്നു അത്. രണ്ടാംവര്‍ഷ ബിരുദമായപ്പോഴാണ് ബോബുവിന് ഒരു പ്രണയമുണ്ടാകുന്നത്. നാട്ടുകാരിയായ കുട്ടിയോട്. ആ പ്രണയം അവന്റെ അസ്തിക്ക് പിടിച്ചു. അതോടെ ഫുട്‌ബോള്‍ പരിശീലനത്തിനൊക്കെ വരുന്നത് കുറഞ്ഞു. മാര്‍ട്ടിയും കളിയുടെ ട്രാക്കില്‍ നിന്ന് മാറിയിരുന്നു. എനിക്കാണേല്‍ കോളേജ് ടീമിന് പുറമെ സെവന്‍സ് കളികളും കിട്ടാന്‍ തുടങ്ങി. അത് വഴിയുളള വരുമാനമായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ചെലവിനുളള മാര്‍ഗം.
ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും ബോബുവിന്റെ പ്രണയം തകര്‍ന്നു. അതിന്റെ നിരാശയില്‍ അവര്‍ ഒരു പ്രത്യേക ലെവലിലായി. എനിക്ക് പ്രൊഫഷണല്‍ ക്ലബ്ബുകളില്‍ നിന്ന് ഓഫറുകളും വന്നുതുടങ്ങി. അതിനിടെക്കാണ് നാട്ടില്‍ പുതുതായി രൂപീകരിച്ച ക്ലബ്ബിലേക്ക് അവര്‍ വിളിക്കുന്നത്. നല്ല ഓഫര്‍ ആയതുകൊണ്ട് ഞാനാകെ കണ്‍ഫ്യൂഷനിലായി. മാര്‍ട്ടിക്കും ബോബുവിനും കൃത്യമായി ഒരു തീരുമാനമുണ്ടാക്കാനുമായില്ല. അന്ന് കോളേജ് ടീമിന്റെ പരിശീലകനായിരുന്ന രാജീവ് സാറാണ് ക്ലബ്ബില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. പുറത്തുനിന്ന് കോഴ്‌സ് കംപ്ലീറ്റ് ചെയ്യാനുളള വഴികളും സഹായവും സാറാണ് ചെയ്തു തന്നത''്.

മണിപ്പുര്‍ എഫ്.സി എന്ന ആ ക്ലബ്ബില്‍ ചേര്‍ന്നതോടെ എന്റെ തലവരമാറിയെന്ന് വേണമെങ്കില്‍ പറയാം. ആ വര്‍ഷം സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് ജയിച്ച ക്ലബ്ബ് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടി. എട്ട് ഗോളോടെ ഞാന്‍ ക്ലബ്ബിന്റെ ടോപ് സ്‌കോററായി. അടുത്ത വര്‍ഷം കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളില്‍ നിന്ന് ഓഫര്‍ വന്നു. അങ്ങനെയാണ് കൊല്‍ക്കത്തയിലേക്ക് ചേക്കേറുന്നത്. ഇതിനിടെ ദാസ് ഗുപ്തയെന്ന ചൂതാട്ടമൊക്കെ നടത്തുന്നയാളുമായി ബോബു പരിചയത്തിലായിരുന്നു. അയാള്‍ക്കായി ബോബുവാണ് കളിച്ചത്. ബോബു ഭാഗ്യമാണെന്നാണ് അയാളുടെ വിശ്വാസം. ആ വിശ്വാസത്തിനനുസരിച്ചുള്ള സാമ്പത്തിക നേട്ടങ്ങളും അയാള്‍ക്കുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ വച്ച് ഞാനും ബോബുവും വീണ്ടും ഒത്തുചേര്‍ന്നു''.
''ഒരു മിനിറ്റ''്, ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ദേവ് റുവാലയോടായി പറഞ്ഞു.
''സാര്‍, അതേ സമ്മതിച്ചു. ഡീറ്റെയ്ല്‍സ് എടുക്കുകയാണ്. അതിന് ശേഷം കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാം. എന്നിട്ട് അറസ്റ്റ് രേഖപ്പെടുത്താം.
ഒ.കെ.സാര്‍..''
''അന്‍വര്‍ ഐ.ജി വരുന്നുണ്ട്. അരമണിക്കൂറിനുള്ളില്‍ എത്തും. അതിന് ശേഷം ഇവരുടെ പ്ലാനിങ്ങിന്റെ കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും''.

''റുവാല, പറഞ്ഞോളു''... ദേവ് തുടര്‍ന്നു
റുവാല കമ്മീഷണറെ ദയനീയമായി നോക്കി. എന്നിട്ട് തുടര്‍ന്നു.
''കൊല്‍ക്കത്തയില്‍ അഞ്ച് വര്‍ഷത്തോളം കളിച്ചു. ദേശീയ ടീമിനായി കളിക്കാന്‍ അവസരം കിട്ടുന്നതൊക്ക അവിടെവെച്ചാണ്. ബോബു ദാസ് ഗുപ്തയുടെ വലംകൈയായി മാറിയിരുന്നു. ചൂതാട്ടത്തിന് പുറമെ കുഴല്‍പ്പണമടക്കമുളളവയില്‍ ഗുപ്തക്ക് ബോബു വലിയ സഹായിയായി. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ബോബു അങ്ങനെയാണ്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് നടപ്പാക്കിയശേഷമെ പിന്‍വാങ്ങു.. നല്ല ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്. പിന്നെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ മിടുക്കനുമാണ''്.

''അതാണല്ലോ ഇവിടെ കണ്ടത്''. അന്‍വര്‍ ചിരിയോടെ ഇടക്ക് കയറി സംസാരിച്ചു,
''അതിനിടെക്ക് ഈസ്റ്റ് ബംഗാള്‍ മാനേജ്‌മെന്റുമായി ചെറിയ ഇഷ്യവുണ്ടായതോടെ ഞാന്‍  അസ്സം ബെയ്‌സ്ഡ് ആയ ക്ലബ്ബിലേക്ക് മാറി. ബോബു കൊല്‍ക്കത്തയില്‍ തുടര്‍ന്നു. ഇതിനിടെക്ക് മാര്‍ട്ടിക്ക് ഗള്‍ഫില്‍ ചെറി ഇഷ്യു ഉണ്ടാകുകയും അവന്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറുകയും ചെയ്തു.
കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോകുമ്പോഴാണ് എന്റെ ലൈഫിലേക്ക് റിക്‌സന്‍ കടന്നുവരുന്നത്. അവന്‍ ഫുട്‌ബോള്‍ ഏജന്റായിരുന്നു. അങ്ങനെയാണ് പരിചയം. അവന്‍ വരവ് വലിയൊരു പ്രോജക്ടുമായിട്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ ഗ്രാസ്‌റൂട്ട് തലത്തില്‍ അക്കാദമികള്‍ സ്ഥാപിക്കാനുള്ളതായിരുന്നു. പ്രോജക്ട്. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ അക്കാദമികളും ലാഭത്തിലാകുന്ന തരത്തിലായിരുന്നു പദ്ധതി. വലിയ മുതല്‍മുടക്ക് അതിന് ആവശ്യമായിരുന്നു. 100 അക്കാദമികള്‍ ഒരുമിച്ച് തുടങ്ങുകയെന്നതായിരുന്നു അവന്റെ പ്ലാന്‍. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ തുടക്കകാലമാണത്. ഭാവിയില്‍ വലിയ സ്‌കോപ് അവന്‍ ആ പദ്ധതിയില്‍ കണ്ടിരുന്നു.

പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്​സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓരോരുത്തരും വലിയ തുക ഇന്‍വെസ്റ്റ് ചെയ്യുന്നതിന് പകരം 50 ലക്ഷം മുടക്കാന്‍ കഴിയുന്ന 100 പേരെ കണ്ടെത്താനാണ് അവന്‍ ലക്ഷ്യമിട്ടത്. അതിനാണ് എന്നെ സമീപിച്ചതും. സംഭവം ഫുട്‌ബോളും നല്ല പദ്ധതിയുമായതിനാല്‍ എനിക്കും താല്‍പ്പര്യം തോന്നി.  അന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരമായ എനിക്ക് പദ്ധതിയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു. 40 പേരെയാണ് റീക്‌സന് ഞാന്‍ പരിചയപ്പെടുത്തികൊടുത്തത്.

placeholder
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി. നിങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പത്രങ്ങളിലൊക്കെ വായിച്ചുകാണും. റുവാലയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ നോര്‍ത്ത് ഈസ്റ്റില്‍ വമ്പന്‍ ഫുട്‌ബോള്‍ പദ്ധതി വരുന്നുവെന്ന വാര്‍ത്തകള്‍. അത് ഈ പദ്ധതിയായിരുന്നു. പദ്ധതിയിലേക്ക് നിക്ഷേപം വന്നു. അക്കാദമിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. നിക്ഷേപകരുടെ തുക അതിലേക്കാണ് വന്നത്. എന്റെ പരിചയത്തിലുള്ള 30 പേര്‍ തുക എന്നെയാണ് എല്‍പ്പിച്ചത്. അത് ബാങ്കിലിടാന്‍ റീക്‌സനെ എല്‍പ്പിക്കുകയും ചെയ്തു. അവന്‍ ആ പണവുമായി എന്റെ ഒരു ഫ്രണ്ട് ജീക്‌സനുമൊത്ത് പോകുന്നതിനിടെയാണ് ഒരു ടിപ്പര്‍ ലോറി അവരുടെ വാഹനത്തിലിടിക്കുന്നത്. അപകടം ഹില്‍റോഡിലൂടെ പോകുമ്പോഴായിരുന്നു. വണ്ടിയും റീക്‌സനും ജീക്‌സനും പണവുമെല്ലാം കൊക്കയിലേക്ക് മറിഞ്ഞു. 48 മണിക്കൂറോളം നീണ്ട തിരിച്ചിലിലാണ് അവരുടെ ബോഡി കിട്ടിയത്. എന്നാല്‍ പണം സൂക്ഷിച്ചിരുന്ന ആ ബാഗുകള്‍ കണ്ടെത്താനായില്ല. അതിനായി അന്നത്തെ കായികമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക തിരച്ചിലൊക്കെ നടന്നു. എന്നിട്ടും ഫലമുണ്ടായില്ല. മുപ്പത് കോടിയാണ് അന്ന് നഷ്ടമായത്.

റീക്‌സന്റെ മരണത്തോടെ പ്രോജക്ട് പാതിവഴിയില്‍ നിലച്ചു. പിന്നെയാര്‍ക്കും അതില്‍ താല്‍പ്പര്യമുണ്ടായില്ല. ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി. എന്നാല്‍ 30 കോടിയുടെ ബാധ്യതയാണ് എന്റെ തലയില്‍ വന്നത്. അതോടെ ഞാന്‍ പ്രതിസന്ധിയിലായി. എന്റെ അവസ്ഥ കണ്ട് ചിലരൊക്കെ പണം വേണ്ടെന്ന് പറഞ്ഞു. എന്നാലും 18 കോടിയോളം രൂപ തിരികെ കൊടുക്കേണ്ടതായി വന്നു. എന്റെ സമ്പാദ്യവും വീടുമെല്ലാം വിറ്റുപെറുക്കി 13 കോടിയോളം രൂപയുടെ കടം വീട്ടി. അതിനിടെ ഒരു സീസണില്‍ ഫോം മങ്ങിയതും പരിക്കും മൂലം അസം ക്ലബ്ബില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ക്ലബ്ബ് ഇല്ലാതായതോടെ പ്രതിസന്ധി രൂക്ഷമായി. കരിയറിന്റെ അവസാനത്തിലേക്ക് അടുത്തതോടെ പ്രധാനടീമുകള്‍ കിട്ടില്ലെന്ന അവസ്ഥ വന്നു. അന്റെ കഷ്ടത കണ്ടാണ് സതേണ്‍ യുണൈറ്റഡിന്റെ അസിസ്റ്റ് കോച്ച് അരവിന്ദ് സഹായത്തിനെത്തിയത്. അവനാണ് ക്ലബ്ബിലേക്ക് എത്തിച്ചത്. വലിയ പ്രതിഫലമില്ലെങ്കിലും ജീവിക്കാനുള്ള തൂക അങ്ങനെ കിട്ടുമായിരുന്നു. എന്നാല്‍ അഞ്ച് കോടിയോളം കടം അവിടെ ബാക്കി കിടന്നു. അത് കളിയേയും ജീവിതത്തേയും ബാധിക്കാന്‍ തുടങ്ങി. ജീവിതം വലിയ അപകടത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ഇക്കാര്യം ബോബുവിനേയും മാര്‍ട്ടിയേയും അറിയിക്കുന്നത്. എന്റെ അവസ്ഥയില്‍ സഹായിക്കാമെന്ന് ഇരുവരും ഉറപ്പുനല്‍കി. എന്നാല്‍ ഇത്രയും പണം അവരുടെ കൈയ്യില്‍ ഇല്ലായിരുന്നു. കുറച്ചുതുക ദാസ് ഗുപ്ത വഴി ബോബുവിന് സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത് പോരല്ലോ...
കാര്യങ്ങള്‍ പറഞ്ഞ് രണ്ട് മാസത്തിനുശേഷം ബോബു എന്നെ കാണാന്‍ വന്നു. അന്ന് ദുബായില്‍ സൗഹൃദമത്സരത്തിന് സതേണ്‍ ക്ലബ്ബ് വന്ന സമയമായിരുന്നു അത്. ബോബുവിന്റെ തലയിലൊരു പ്ലാനുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്ന പ്ലാന്‍..''
''സാര്‍ ഐ.ജി അഞ്ച് മിനിറ്റിനകം എത്തും. മെസേജുണ്ട''്. കമ്മീഷണറുടെ അടുത്തേക്ക് വന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
''ഒ.കെ. റുവാല. ബാക്കി ഐ.ജിയുടെ സാന്നിധ്യത്തില്‍ പറയാം''. ദേവ് റുവാലയെ നോക്കി പറഞ്ഞു. അന്‍വര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ദേവും അന്‍വറും ഐ.ജിയുടെ വരവിനായി കാത്തുനിന്നു.

(തുടരും)