
അരമണിക്കൂർ നേരംകൂടി ജോർജ് സാറോട് സംസാരിച്ചിരുന്നതിന് ശേഷമാണ് ദേവ് ഓഫീസിലേക്ക് തിരിച്ചത്. തിരിച്ചുതരാം എന്ന ഉറപ്പിന്മേൽ ആ പത്രകട്ടിങ്ങും വാങ്ങിയിരുന്നു. ഇന്നോവ കലൂർ സ്റ്റേഡിയത്തിനടുത്തെത്തിയപ്പോഴാണ് രഘുനന്ദന്റെ കോൾ വന്നത്.
''രഘു എന്താ വിശേഷം"
"എടാ നീ അയച്ചുതന്ന ഫോട്ടോ എന്റെ ഫ്രണ്ട്സിനും മറ്റും ഷെയർ ചെയ്തിരുന്നു. എന്നാൽ അതിൽ ഫലമൊന്നുമുണ്ടായില്ല. പക്ഷേ എന്റെ ഫോണിൽ നിന്ന് ഉപകാരപ്പെടാൻ സാധ്യതയുള്ള ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. ഫോണിലെ സ്റ്റോറേജ് തീർന്നതോടെ ഗാലറി ക്ലിയർ ചെയ്യുന്നതിനിടെ കണ്ടതാണ്. ഒരു വർഷം മുമ്പ് ദുബായിയിൽ നിന്നെടുത്തതാണ്. ഫോട്ടോ വാട്സാപ്പിലിടാം'.
'നീ അയക്ക്...ഞാൻ നോക്കാം'
'ഓ.കെ. അപ്പോ പറഞ്ഞതുപോലെ കാണാം. ബൈ'. രഘു ഫോൺ കട്ടാക്കി. പിന്നാലെ ഫോട്ടോ ദേവിന്റെ വാട്സാപ്പിലെത്തി.
'യെസ്, താങ്ക്സ് രഘു'. ദേവ് മനസിൽ പറഞ്ഞു. അയാളുടെ മനസിൽ ആഹ്ളാദം നുരഞ്ഞുപൊന്തി. ഒടുവിൽ രണ്ടാമനെ കണ്ടെത്തിയിരിക്കുന്നു.
ദേവ് ഫോണെടുത്ത് അൻവറിനെ വിളിച്ചു.
അഞ്ച് മണിക്കൂറോളം വൈകിയെത്തിയ പൂർവ എക്സ്പ്രസിൽ ബോബു ഇരിപ്പുറപ്പിച്ചു. പുലർച്ചെ ആറ് മണിയോടെ എത്തേണ്ട വണ്ടിയാണ് ഇത്രയും വൈകിയത്. തനിക്കത് അനുഗ്രഹമായെന്ന് മനസിൽ പറഞ്ഞു. നാളെ ഏതാണ്ട് ഇതേ സമയത്ത് ഹൗറയിലെത്തും. പിന്നെ പേടിക്കാനില്ല. ബാക്കി കാര്യങ്ങൾ വേഗത്തിൽ ചെയ്തില്ലെങ്കിൽ ദേവും കൂട്ടരും തന്റെ അരികിലേക്കെത്തും. നിറയുന്ന ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ അയാൾ പുറത്തേക്ക് നോക്കി.
------
Also Read
ദേവ് ഓഫീസിലെത്തുമ്പോൾ അൻവറും സതേൺ താരം റുവാലയും ഹാജരുണ്ടായിരുന്നു. രണ്ടാമനെ തിരിച്ചറിയാൽ റുവാലയെ ആവശ്യമാണെന്ന് അൻവറിനോട് വരുന്നവഴി ദേവ് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം കോളനിയിലെ കിഷന്റെ മുറിയിൽ പോയി ചില പരിശോധനകൾ നടത്തിയ ശേഷമാണ് ദേവ് ഓഫീസിലേക്ക് എത്തിയത്.
ദേവിന്റ ഫോൺ ലഭിച്ചതോടെ അൻവർ സതേൺ യുണൈറ്റഡ് മാനേജരെ വിളിച്ച് വിവരം പറഞ്ഞിരുന്നു. കമ്മിഷണറുടെ നിർദേശത്തോട് ക്ലബ്ബ് പോസിറ്റീവായാണ് പ്രതികരിച്ചത്. അവർ ക്ലബ്ബിന്റെ വാഹനത്തിൽ ഉടനെ തന്നെ റുവാലയെ കമ്മിഷണർ ഓഫീസിലെത്തിച്ചു.
'ഹായ് റുവാല, ഹൗ ആർ. യു', ദേവ് താരത്തെ വിഷ് ചെയ്തു.
'ഫൈൻ സാർ...' റുവാല ചിരിയോടെ പറഞ്ഞു. മൂവരും ദേവിന്റെ ഓഫീസിലേക്ക് കയറി.
'റുവാല ഇരിക്കൂ...'
റുവാലയും അൻവറും ഇരുന്നു..
'അൻവർ റുവാലയെ കൊണ്ടുവരണമെന്ന് പറയാൻ കാരണം. അതിലെ രണ്ടാമനെ തിരിച്ചറിയാൻ റുവാലക്ക് മാത്രമെ കഴിയു'.
'അപ്പോ സാറെ പ്രതികളെ കിട്ടിയോ'.
'രണ്ട് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. റുവാല അവരെ കൺഫേം ചെയ്താൽ നമ്മുടെ ജോലി എളുപ്പമാകും. അതിനാണ് വരാൻ പറഞ്ഞതത്'.
'ഓ.കെ സാർ'
'റുവാല നിങ്ങളുടെ കിഡ്നാപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനി കൂട്ടുകാർക്കിടയിൽ ബോബു എന്ന് വിളിക്കപ്പെടുന്ന ഒരു ആന്റണി വർഗീസാണ്. സംഭവം നടക്കുമ്പോൾ അയാൾ സൗത്ത് ആഫ്രിക്കയിലാണ്. ഇവിടെ കാര്യങ്ങൾ നടത്താൻ അയാൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. അയാളെയാണ് ഇനി അറിയാനുള്ളത്. റുവാലക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ'. ദേവ് ആമുഖമായി പറഞ്ഞു.
'ഷുവർ സാർ'.
ദേവ് ജോർജിന്റെ പക്കൽ നിന്ന് കളക്ട് ചെയ്ത പത്രകട്ടിങ് റുവാലക്ക് നേരെ നീട്ടി.
ദേവ് അൻവറിന് നേരെ തിരിഞ്ഞ ശേഷം ചോദിച്ചു. 'അൻവറിന് റുങ്കായ് മൊയ്തേയിയെ അറിയുമോ'.
'ഇല്ല സാർ, അതാരാണ്'.
'അയാളാണ് ഈ കേസിൽ ആന്റണി വർഗീസിന്റെ സഹായി'.
'ഗൂഗിളിൽ ആ പേര് സെർച്ച് ചെയ്യൂ'. ദേവ് അൻവറിന് നിർദേശം നൽകി.
അൻവർ പേര് ടൈപ്പ് ചെയ്തശേഷം സെർച്ച് കൊടുത്തു. ഫോണിൽ പേര് തെളിഞ്ഞു. അയാൾ ഞെട്ടലോടെ ദേവിനെ നോക്കി. എന്നിട്ട് അൽപ്പം ഉറക്കെ ആ പേര് വായിച്ചു.
'റുങ്കയ് സിങ് മൊയ്തേയി, കോമൺലി നോൺ ആസ് റുവാല.. ഈസ് എ ഇന്ത്യൻ ഫുട്ബോളർ'.
അൻവർ പൊടുന്നനെ റുവാലയെ നോക്കി. ദേവ് നൽകിയ പത്രകട്ടിങ്ങിലേക്ക് മുഖംതാഴ്ത്തി ഇരിക്കുകയാണ് അയാൾ. അൻവർ ആ പത്രകട്ടിങ് എടുത്ത് നോക്കി. ഒരു ഫുട്ബോൾ ടീമിന്റെ ചിത്രവും അതിന് താഴെ വാർത്തയും.
'അൻവർ ആ വാർത്തയിലെ ഗോളടിച്ചവരുടെ പേര് വായിക്ക്'- ദേവ് പറഞ്ഞു.
അൻവർ വാർത്തയിലേക്ക് നോക്കി. അവസാന ഭാഗത്ത് ഗോളിച്ചവരുടെ കൂട്ടത്തിൽ ഒരു ആന്റണി വർഗീസും റുങ്കായ് സിങ് മൊയ്തേയിയും.
'സാർ ഇതെങ്ങനെ, അൺ ബീലീവബിൾ'.
അൻവർ ചില സംഭവങ്ങൾ കുട്ടിക്കാലത്ത് കേട്ട കഥകളേക്കാൾ അവിശ്വസനീയമാകും.
അൻവർ റുവാലയെ നോക്കി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്ന അയാൾ ദേവ് നൽകിയ ഷോക്കിൽ നിന്ന് മുക്തനായിരുന്നില്ല.
'അൻവർ...എന്റെ ശ്രദ്ധ റുവാലയിലേക്ക് തിരിഞ്ഞത് ആ റൂമിലെ ഫോട്ടോയുടെ ആംഗിൾ പരിശോധിച്ചപ്പോഴാണ്. അന്ന് റുവാല പറഞ്ഞത് തട്ടിക്കൊണ്ടുവന്നയാൾ അകത്തേക്ക് കയറിയില്ലെന്നാണ്. അകത്തേക്ക് കയറിയില്ലെങ്കിൽ പിന്നെ അയാൾക്ക് ഫോട്ടോ എടുക്കാൻ രണ്ട് മാർഗങ്ങളേയുള്ളു. ഒന്നാമതായി വാതിൽക്കൽ നിന്ന് എടുക്കണം. അങ്ങനെ എടുത്താൽ മാലയുടെ മുഴുവൻ ഭാഗവും ഫോട്ടോയിൽ കാണും. രണ്ടാമതായി ജനലിന്റെ അടുത്ത് നിന്നെടുക്കണം. മരത്തിന്റെ അഴികൾ ആയതിനാൽ കൈ അകത്തേക്കിട്ട് ഫോട്ടോ എടുക്കാൻ കഴിയില്ല. പകരം പുറത്ത് നിന് എടുക്കാം. എന്നാൽ ജനലിന്റെ പുറത്ത് നിന്ന് അത്തരമൊരാംഗിളിൽ ഫോട്ടോ എടുക്കാനും പറ്റില്ല. മുറിയുടെ ഉള്ളിൽ നിന്നാണ് ജനലിന്റെ ഭാഗത്ത് നിന്ന് കൃത്യമായി ഫോട്ടോ എടുക്കാൻ പറ്റു. അഞ്ചടിയുള്ള റുവാല ഫോൺ ടൈമറിൽ സെറ്റ് ചെയതാണ് ഫോട്ടോ എടുത്തത്. അതേ ഉയരത്തിൽ ഞാൻ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. അത് നമുക്ക് അയച്ചുകിട്ടിയ ഫോട്ടോയുമായി മാച്ച് ചെയ്യുന്നതാണ്.
അന്ന് മുതൽ എന്റെ ശ്രദ്ധ റുവാലയിലുണ്ടായിരുന്നു. എന്നാൽ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ റുവാല നമുക്ക് ഒരു പിടിതരാതെ വഴുതിക്കൊണ്ടിരുന്നു..ആ ജോർജ് സാറിനെ കാണുന്നവരെ. സാറിനെ പരിചയപ്പെടുത്തിയതിൽ അൻവറിനോട് പ്രത്യേക നന്ദിയുണ്ട്'. ദേവ് പറഞ്ഞു.
ജോർജ് സാർ ആ പത്രകട്ടിങ് തന്നതോടെയാണ് റുവാലക്ക് ഇതുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്. അതിന് പിന്നാലെയാണ് രഘു ഒരുഫോട്ടോ അയച്ചുതന്നത്. ദേവ് ഫോണിലെ ചിത്രം അൻവറിനെ കാണിച്ചു. ദുബായിൽ എത്തിയ റുവാല ആന്റണിയെ മീറ്റ് ചെയ്യുന്നതിനിടെ എടുത്ത ഫോട്ടോയാണ്. റുവാലക്കൊപ്പമുള്ള സെൽഫിയാണ് രഘു അയച്ചുതന്നത്. അതിൽ യാദൃച്ഛികമായാണ് ആന്റണി പെടുന്നത്. രഘു ഒരു സെലിബ്രിറ്റിയെ കാണാനാണ് ആ ഹോട്ടലിൽ എത്തിയിരുന്നത്. അവിടെ വച്ച് റുവാലയെ തിരിച്ചറിഞ്ഞതോടെയാണ് സെൽഫി എടുക്കുന്നതും. രഘു അയച്ച ഫോട്ടോ കൂടി കിട്ടിയതോടെ റുവാലയുടെ പങ്ക് തെളിയാനുള്ള വഴിയായി.
'എന്തിനാണ് സാർ, ഇത്രയും പോപ്പുലറായ ഒരാൾ ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്'.
'അൻവർ, അത് റുവാല തന്നെ പറയണം. ഞാൻ പറഞ്ഞത് അന്റണി വർഗീസിന്റെ സഹായിലേക്ക് എത്തിയ വഴിയാണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട് അൻവർ. ടണലിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ ഒരിടത്തും റുവാലയുടേത് ഇല്ലായിരുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അതും ഇയാളെകുറിച്ചുള്ള സംശയം കൂട്ടി'.
റുവാല അവരുടെ സംസാരം കേട്ടിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല. ആരാധകർ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ടീം തോൽക്കുമ്പോഴുള്ള അവസ്ഥയിലായിരുന്നു അയാളുടെ മനസ്. വികാരങ്ങളുടെ കടൽ ഇരമ്പിയാർക്കുന്നു. അയാൾ ആന്റണിയെ ഓർത്തു. മാർട്ടിയേയും. പിന്നെ തങ്ങൾ ഒരുമിച്ചുകളിച്ചുനടന്ന കാലത്തേയും. മനസിൽ എന്തോ വിങ്ങുന്നത് പോലെ, കണ്ണുകളിൽ നിന്ന് ചൂട് നീര് ഒലിച്ചിറങ്ങുന്നു. കൈകൾ കൊണ്ട് കണ്ണീര് തുടച്ചശേഷം മുഖമുയർത്തി. ദേവും അൻവറും തന്നെ നോക്കിയിരിക്കുന്നത് അയാൾ കണ്ടു.
'സാർ, നിങ്ങളുടെ കണ്ടെത്തൽ ശരിയാണ്. അന്നെത്തെ സംഭവത്തിലെ ഒരു പ്രതിയാണ് ഞാൻ'.
'ഫുട്ബോൾ ലോകം ആദരിക്കുന്ന നിങ്ങൾ എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്തത്. എന്താണ് ഇതുകൊണ്ടുള്ള ലാഭം'. അൽപ്പം ദേഷ്യത്തോടെയാണ് ദേവ് ചോദിച്ചത്.
റുവാല ഒരിക്കൽക്കൂടി കണ്ണൂകൾതുടച്ചു. എന്നിട്ട് കസേരയിൽ നിന്നെഴുന്നേറ്റ് ഓഫീസിന്റെ ജനാലക്കരിലേക്ക് നടന്നു. ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി അൽപ്പനേരം നിന്നു. എന്നിട്ട് ദേവിന് നേരെ നോക്കിയ ശേഷം പറഞ്ഞു.
'സാറിന് ഇപ്പോൾ വിജയിച്ചെന്ന് തോന്നുന്നില്ലേ'.
'പക്ഷേ ഞങ്ങൾ ജയിക്കാൻ വേണ്ടിയല്ല സാർ, തോറ്റുപോകാതിരിക്കാൻ കളിച്ച ഒരു കളിയായിരുന്നു ഇത്. എന്റെ കരിയറിലെ ഏറ്റവും നിർണായകമായ കളി. തോറ്റുപോയി സാർ.'. അതും പറഞ്ഞ് അയാൾ പൊട്ടിക്കരയാൻ തുടങ്ങി.
(തുടരും)
Content Highlights: sports thriller novel, soccer, investigation, kerala police
Published: 17 Mar 2025, 11:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented