വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരുന്ന് ബോബു പുറത്തേക്ക് നോക്കി. പണ്ട് കുട്ടിക്കാലത്ത് കണ്ട പുരാണ സീരിയലുകളിലെ നായകന്‍മാര്‍ വെള്ളപ്പുകയുടെ ഉള്ളിലൂടെ നടക്കുന്നത് അയാള്‍ക്കോര്‍മ വന്നു. അതുപോലെ വിമാനം മേഘങ്ങള്‍ക്കിടയിലുടെ പോകുന്നതോര്‍ത്തപ്പോള്‍ മനസിലെ ആശങ്കകള്‍ക്കിടയിലും ചിരി വന്നു.
പിന്നെ പിന്നെ മനസ് കലുഷിതമാകാന്‍ തുടങ്ങി. ചിന്തിച്ചത് മുഴുവന്‍ ആ രണ്ട് പിഴവുകള്‍പ്പറ്റി. രണ്ടും ഓവര്‍ കോണ്‍ഫിഡന്‍സ് മൂലം സംഭവിച്ചത്. ആ ചിത്രമാണ് ആദ്യം ചതിച്ചത്. രണ്ടാമത്തേത് ഒരേ അഡ്രസ്സിലുള്ള ഫോണ്‍ നമ്പറുകളും. പിഴവുകളെപ്പറ്റി വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. ഇനിയുളള നീക്കങ്ങള്‍ പിഴക്കരുത്. പോലീസ് തന്റെ മാത്രം പുറകെയല്ല. അവനേയും രക്ഷപ്പെടുത്തണം. കൊല്‍ക്കത്തയിലെത്തിയതിനുശേഷം അതിനുളള പദ്ധതി തയ്യാറാകണം. തന്നെ കണ്ടുപിടിക്കാതെ അവനിലേക്ക് എത്താനാകില്ല എന്നതാണ് ആകെയുളള ആശ്വാസം. കോളനിയില്‍ ഉപയോഗിച്ച ഫോണ്‍ അവര്‍ കണ്ടുപിടിക്കാതിരിക്കട്ടെ..
'നിങ്ങളെങ്ങോട്ടാ.. അടുത്ത സീറ്റിലിരുന്നയാള്‍ മലയാളത്തിലാണ് സംസാരിച്ചത്. ബോബു ഒരു നിമിഷം ജാഗരൂകനായി'.
'അയാള്‍ക്ക് പിടികൊടുക്കണോ, വേണ്ടയോ.. മലയാളത്തില്‍ സംസാരിക്കണമെങ്കില്‍ താന്‍ എവിടെ വെച്ചെങ്കിലും അറിയാതെ മലയാളം പറഞ്ഞത് അയാള്‍ കേട്ടിരിക്കണം. അയാള്‍ക്ക് മുന്നില്‍ നാടകം കളിച്ചാല്‍ കാര്യങ്ങള്‍ വഷളാകും'.
'ഡല്‍ഹി...' ബോബു പാതി മനസോടെ മറുപടി പറഞ്ഞു. 
'എന്റെ പേര് ഗോവിന്ദ്, ഇവിടെ ഒരു കള്‍ച്ചറര്‍ പ്രോഗ്രാമുവുമായി വന്നതാണ്. നമ്മുടെ ടീം ഇതിലുണ്ട്. വണ്‍ വീക്ക് പ്രോഗ്രാമായിരുന്നു. ഇവിടെ മലയാളി സമാജമുണ്ട്. അവര്‍ അറേഞ്ച് ചെയ്തതാണ്. അവര്‍ വമ്പന്‍ ടീമാണ്. ഇനി അടുത്തത് ഡല്‍ഹിയിലാണ്'.
ഗോവിന്ദ് വാചാലനായി. ബോബു അപകടം മണത്തു. 
'നിങ്ങള്‍ എന്ത് ചെയ്യുന്നു', ഗോവിന്ദ് വിടാന്‍ ഭാവമില്ലാതെ തുടര്‍ന്നു.
'ബിസ്‌നസ് ട്രിപ്പാണ്'.
'എന്ത് ബിസ്‌നസ്'
'പ്ലീസ്.. ഞാനൊന്ന് മയങ്ങട്ടെ.. പിന്നെ സംസാരിക്കാം.' ബോബു സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.
ഓ.കെ സാര്‍ ഗോവിന്ദ്, മറുവശത്തുള്ള യാത്രക്കാരന് നേരെ തിരിഞ്ഞു.

To advertise here,

---------------

നോവൽ മുൻ ലക്കങ്ങൾ വായിക്കാം

ഓഫീസിലേക്ക് നടന്നുവരുന്ന ദേവിനെ കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റു.. എന്നിട്ട് അടുത്തേക്ക് നടന്നു.
എത്ര കാലമായടാ കണ്ടിട്ട്... ദേവ് അയാളുടെ രണ്ടുചുമലിലുമായി പിടിച്ചശേഷം ചോദിച്ചു. എന്നിട്ട് തിരിഞ്ഞ് അന്‍വറിനോടായി പറഞ്ഞു:
'അന്‍വര്‍, ഇത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുനന്ദന്‍. ഞങ്ങള്‍ ഫ്രണ്ട്‌സിന്റെ സര്‍ക്കിളില്‍ സെലിബ്രിറ്റി രഘു എന്നാണ് അറിയപ്പെടുന്നത്. ഫ്രീലാന്‍സ് വര്‍ക്കാണ്. വമ്പന്‍മാരുടെ സ്വന്തം ആളാ. വല്യ പുള്ളിയാ..'
അന്‍വര്‍ രഘുവിന് നേരെ കൈനീട്ടി.
'രഘു. ഇത് അന്‍വര്‍, അസി.കമ്മീഷണര്‍, ഞങ്ങള്‍ ഒരു കേസിന്റെ പിന്നാലെയാണ് അതാണ് എത്താന്‍ വൈകിയത്. നീ ഇരുന്ന് ബോറിടിച്ചോ..'
'സാര്‍, ഞാന്‍ എയര്‍പോര്‍ട്ട് സംഘവുമായി കോണ്‍ടാക്ട് ചെയ്യട്ടേ'. അന്‍വര്‍ ഇടയ്ക്ക് കയറി ചോദിച്ചു.

'ശരി അന്‍വര്‍' 
'രഘു കാണാം..' അന്‍വര്‍ തന്റെ ഓഫീസിലേക്ക് നടന്നു
'വാടാ, നമുക്ക് ഇരുന്ന് സംസാരിക്കാം'. ഇരുവരും ഓഫീസിനകത്തേക്ക് കയറി
'നീ കുറെകാലമായല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട്'
'മൊത്തം തിരക്കാണ്. ദുബായില്‍ ഒരു വമ്പന്‍ പ്രോജക്ട് വന്നുചാടി. അത്യാവശ്യം കാശ് കിട്ടുന്ന കാര്യമായത് കൊണ്ട് അവിടെ കൂടി. ഒന്നര വര്‍ഷമായി അവിടെയാണ്'
'ആണോ, അടിപൊളി. പിന്നെ നിന്റെയാ പഴയ ഗേള്‍ഫ്രണ്ടിനെ കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്നു'.
'ആര് മീനാക്ഷിയെയോ' രഘു ചിരിയോടെ ചോദിച്ചു.
'അതെന്നെ, അവര്‍ ഇവിടെ ടൗണിലുളള സ്‌കൂളില്‍ അധ്യാപികയാണ്. രണ്ട് പിള്ളേരൊക്കെയായി. ഹസ്ബന്‍ഡ് ആര്‍.ടി ഓഫീസിലാണ'്.
'നീ സംസാരിച്ചിരുന്നോ'.
'യേസ്, അവരുടെ സ്‌കൂളില്‍ ഒരു ലഹരിവിരുദ്ധ പ്രോഗ്രാം. അതിന്റെ ഭാഗമായി അവിടെ പോയപ്പോളാണ് കണ്ടത്. യൂണിഫോമില്‍ ആയതിനാല്‍ പെട്ടെന്ന് എന്നെ മനസിലായില്ല. പിന്നെ ഓര്‍മ പുതുക്കിയപ്പോള്‍ കുറച്ചുനേരം സംസാരിച്ചു. നിന്നെ അന്വേഷിച്ചിരുന്നു'.
'ആണോ, ഇപ്പോഴും ഓര്‍മയുണ്ടോ'
'നഷ്ടപ്രണയം ആകുമ്പോള്‍ ഓര്‍മ കൂടുമല്ലോ..' ദേവ് മേശയില്‍ മെല്ലെ അടിച്ച ശേഷം പറഞ്ഞു.
'ഞാനും ഇടക്ക് ഓര്‍ക്കാറുണ്ട്. തീപിടിച്ച കാലത്തിന് ശേഷമുളള ഒരു തണുപ്പിന്റെ കവചത്തിലാണ് ആ പ്രണയവും അതിന്റെ ഓര്‍മകളും. ഫ്രീസ് ചെയ്ത് വെച്ച പോലെ. അത് ഒരിക്കലും കേടാകില്ല.. അതുപോലെയുണ്ടാകില്ല. വേണമെങ്കില്‍ ചൂടാക്കി എടുക്കാം'. 
'നല്ല ഉപമ, പഴയ കാല്‍പ്പനികന്‍ മാറിയിട്ടില്ല'.
'ഓരോരുത്തരുടേയും ഉള്ളില്‍ ഒരിക്കലും മാറാന്‍ കൂട്ടാക്കാത്ത ചില കാര്യങ്ങള്‍ ഉണ്ടാകും. രഘുനന്ദന്‍ എന്ന ഫോട്ടോഗ്രാഫര്‍ കാലത്തിനനുസരിച്ച് മാറുന്നതാകും. എന്ന രഘുനന്ദന്‍ എന്ന മനുഷ്യന്റെ ചില വൈകാരികതലങ്ങളുണ്ട് എതൊന്നും മാറാന്‍ പോകുന്നില്ല. ഇത്തവണ പോകുന്നതിന് മുമ്പ് അവളെയൊന്ന് കാണണം. ക്യാമറയില്‍ ഒന്നുകൂടി പകര്‍ത്തണം. പണ്ടത്തെ കുറേ ഫോട്ടോസ് ഇപ്പോഴുമുണ്ട്. നമുക്ക് ഒരുമിച്ച് പോകാം..'
'അത് വേണ്ട മോനേ, നിങ്ങള്‍ക്കിടയിലേക്ക് ഞാന്‍ വരുന്നില്ല, കാണാനുള്ള അന്തരീക്ഷം ഞാനുണ്ടാക്കിത്തരാം. നിങ്ങള്‍ ഇരുന്ന് കുറച്ച് സംസാരിച്ച്, ഓരോ കോഫിയൊക്കെ കഴിക്ക്'.  നീ എത്ര നാള്‍ ഇവിടെയുണ്ട്'
'ആക്ച്വലി വണ്‍ വീക്കിനാണ് വന്നത്. അത് ഒരാഴ്ച്ച കൂടി നീട്ടാം'.
'എവിടെയാണ് താമസം'. 
'നമ്മുടെ സ്ഥിരം ഹോട്ടല്‍. ഡാര്‍ക്ക് ബ്ലൂവില്‍, 101-ാം നമ്പര്‍ മുറി'.
'ഞാന്‍ മൊത്തം തിരക്കിലാണ്. ഒരു വലിയ കേസ് വന്ന് കൂടിയിട്ടുണ്ട്. അതിന്റെ പിന്നാലെയാണ്. അല്ലെങ്കില്‍ നിന്റെ ഈ വരവ് തകര്‍ക്കാമായിരുന്നു'.
'ആ ഫുട്‌ബോള്‍ താരത്തിന്റെ കേസ് അല്ലേ.. ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു'.
'അത് ലാസ്റ്റ് ഘട്ടമാണ്. അതിന്റെ ഓരോ കാര്യങ്ങള്‍. നീ എന്നാ ഫ്രീ ആകുന്നത്. നമുക്ക് രാത്രി ഇരിക്കാം'.
'രണ്ട് ദിവസം നല്ല തിരക്കാണ്. അതിന് ശേഷം ഞാന്‍ വിളിക്കാം. എന്നാ നിന്റെ വര്‍ക്ക് നടക്കട്ടെ'
'ഓ.കെ. നമുക്ക് കാണാം. പഴയ കോളേജ് ഓര്‍മകള്‍ അയവിറക്കാം. നീ എങ്ങനെയാണ് വന്നത്'.  
'എടാ. നമ്മുടെ സെബാസ്റ്റിയന്‍ ഇല്ലേ, അവന് ഇവിടെ പഴയ സെക്കന്‍ഡ്‌സ് കാറുകളുടെ ബിസിനസാണ്. അവന്റെ കയ്യില്‍ ഇഷ്ടം പോലെ വണ്ടിയുണ്ട്. അവന്റെയൊരു ഐ ടെന്‍ എടുത്തിട്ടുണ്ട്. പോകുന്നത് വരെ അതാണ് നമ്മുടെ പേടകം'.
'ഏത് നമ്മുടെ എരുമേലിയോ'
'അതെന്നെ കക്ഷി. അവന്‍ ഇപ്പോ കൊച്ചിയില്‍ സെറ്റില്‍ഡാണ്.. നിന്നാല്‍ ഇനിയും സംസാരിക്കും ഞാന്‍ ഇറങ്ങട്ടെ'.
ദേവ് രഘുവിനൊപ്പം മുകള്‍നിലയില്‍ നിന്ന് താഴേയ്ക്ക് നടന്നു. പുറത്തെത്തിയപ്പോള്‍ രഘു റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു.
ദേവ്തിരികെ തന്റെ ഓഫീസിലെത്തി. കസേരയിലിരുന്നു. ഇനി അടുത്തതായി എന്താണ് ചെയ്യാനുളളതെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. രഘുവിന്റെ വരവ് പഴയ ഓര്‍മകള്‍ ഇളക്കിയിട്ടുണ്ട്. കേസിന്റെ ചൂട് പെട്ടെന്ന് തലയില്‍ നിന്നിറങ്ങിയ പോലെ. വീണ്ടും എല്ലാം ഒന്ന് ക്രമപ്പെടുത്തണം. അയാള്‍ വാച്ചിലേക്ക് നോക്കി. സമയം രാത്രി എട്ട് മണി കഴിഞ്ഞിരിക്കുന്നു. അന്‍വര്‍ ഇറങ്ങിക്കാണും. നേരത്തെ വീട്ടിലേക്ക് പോകണോ, അതോ ക്ലബ്ബില്‍ കയറണോ. ഡാന്‍ ബ്രൗണിന്റെ ലോസ്റ്റ് സിംബല്‍ പാതിയില്‍ നില്‍ക്കുകയാണ്. നേരത്തെ വീട്ടിലെത്തിയാല്‍ ബാക്കി ഫിനിഷ് ചെയ്യാം. അതില്‍ രസം പിടിച്ചിട്ടുണ്ട്. ക്ലബ്ബില്‍ കയറിയാല്‍ കുറച്ചു പരദൂഷണവും ചര്‍ച്ചകളുമായി കൂടാം.. തീരുമാനമായില്ലെങ്കിലും ദേവ് ഓഫീസില്‍ നിന്നിറങ്ങി. താഴെ ശ്രീശാന്ത് കാറിനരികില്‍ ഫോണില്‍ നോക്കി ഇരിപ്പുണ്ട്.
'സാറെ ഇതുകണ്ടോ..' ദേവ് അടുത്തെത്തിയപ്പോള്‍ ശ്രീശാന്ത് പറഞ്ഞു.
എന്താ..
'നമ്മുടെ കേസുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈനില്‍ സ്‌റ്റോറി വന്നിരുന്നു. അതിന്റെ താഴെ വന്ന കമന്റാണിത'-് ശ്രീശാന്ത് ഫോണ്‍ ദേവിന് നേരെ നീട്ടി.
'കൊച്ചിയില്‍ ഫുട്‌ബോള്‍ നടക്കുന്നത് തടയാന്‍ ശ്രമിക്കുന്നവരാകും ഇതിന് പിന്നില്‍. ആ ക്രിക്കറ്റ് അസോസിയേഷന്‍കാരെ കുടഞ്ഞാല്‍ സംഭവം മണിമണിയായി പുറത്ത് വരും. ഗ്രൗണ്ടിന്റെ പ്രശ്‌നത്തില്‍ അവരാണല്ലോ ഫുട്‌ബോളിന് ഉടക്ക് വെക്കാന്‍ ഇറങ്ങിയത്. അവര്‍ക്ക് സ്‌റ്റേഡിയത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യാം. പോലീസും അവരും തമ്മിലുള്ള ഒത്തുകളിയാകാനും സാധ്യതയുണ്ട്....' സെവന്‍സ് ബാബു എന്ന പേരിലുള്ളയാളുടെ കമന്റ് വായിച്ച ശേഷം ഫോണ്‍ ശ്രീശാന്തിന് തിരികെ നല്‍കി ദേവ് കാറിലേക്ക് കയറി.
'എങ്ങോട്ടാ സാര്‍', 
'വീട്ടിലേക്ക്..' ദേവ് മറുപടി നല്‍കി. ശ്രീശാന്ത് ഓഫീസ് കോബൗണ്ടില്‍ നിന്ന് ഇന്നോവ മെയ്ന്‍ റോഡിലേക്ക് കയറ്റി.
ആ കമന്റില്‍ ചെറിയൊരു പോയന്റുണ്ടെന്ന് ദേവിന് തോന്നി. ഫുട്‌ബോള്‍ മാച്ച് നടക്കാതിരിക്കാന്‍ പല പ്രശ്‌നങ്ങളും ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരുന്നു. അതിന്റെ സെക്രട്ടറി വിക്രം അത് പ്രസ്റ്റീജ് ഇഷ്യുആയി എടുക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ കടകളുടെ കാര്യങ്ങള്‍ മുതല്‍ ഓരോ പ്രശ്‌നങ്ങള്‍ രഹസ്യമായി ഉണ്ടാക്കുകയും ചെയ്തു. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭരിക്കുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ രാംകുമാര്‍ ആയതുകൊണ്ടാണ് വേദി പോകാതിരുന്നത്. ഇനി വിക്രം ഒപ്പിച്ച വേലയാണോ ഇത്. പണ്ട് ക്രിക്കറ്റിലെ അഴിമതി വിഷയവുമായി ബന്ധപ്പെട്ട കേസില്‍ വിക്രമുമായി കോര്‍ത്ത കാര്യം ദേവിന്റെ ഓര്‍മയിലേക്കെത്തി.
വേദി ഇഷ്യു ഇത് അസോസിയേഷനുകള്‍ തമ്മിലുള്ള ചേരിപ്പോരിന്റെ മാത്രം കാര്യമാണ്. ഇതില്‍ ഇങ്ങനെയൊരു ക്രൈം വിക്രം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമോ. ക്വാറി ബിസിനസ് നടത്തുന്ന അയാള്‍ക്ക് നഗരത്തിലെ ഗുണ്ടാ ടീമുകളുമായി ചില ബന്ധങ്ങളൊക്കെയുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ആരെങ്കിലും വഴി അയാള്‍ ഓപ്പറേറ്റ് ചെയ്തതാകുമോ ഇത്. മനസിലെ ചോദ്യങ്ങള്‍ ക്ലിയര്‍ ചെയ്യണമെങ്കില്‍ വിക്രമിനെ കണ്ടേ തീരു. മനസില്‍ ഉറപ്പിച്ചശേഷം ദേവ് കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു.

(തുടരും)