'മാര്‍ട്ടി..'
ബാല്‍ക്കണിയിലേക്ക് പോയ ബോബു വേഗത്തില്‍ തിരിച്ചെത്തി. 
'എന്താടാ..''
''ഒരു അപകടം പതിയിരിപ്പുണ്ട്. നമ്മള്‍ കോളനിയില്‍ ഉപയോഗിച്ച നമ്പര്‍ അവര്‍ ട്രെയ്‌സ് ചെയാല്‍ അവര്‍ക്ക് ഞാന്‍ ഇവിടെ ഉപയോഗിച്ച നമ്പറും കിട്ടും'. 
'അതെങ്ങനെ'
'എടാ, ദാസ് ഗുപ്തയാണ് രണ്ട് സിമ്മുകളും ഏര്‍പ്പാടാക്കുന്നത്. ഒരേ വിലാസത്തിലാണ് രണ്ട് നമ്പറുകളും. ഈ നമ്പറിന്റെ ലാസ്റ്റ് ലോക്കേഷന്‍ അവര്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണ്. അതോടെ സൗത്താഫ്രിക്ക കണക്ഷന്‍ തെളിയും. അടുത്തിടെ സൗത്താഫ്രിക്കയിലേക്ക് വന്ന എന്നാ മലയാളി പാസഞ്ചേഴ്‌സും അവരുടെ നിരീക്ഷണത്തിലാകും. അതിന് മുമ്പ് ഇവിടെ നിന്ന് നാട്ടിലേക്കെത്തണം'.
'യേസ് അപ്പോള്‍ സംഗതി പാളും,  ഇനി എന്താ നീന്റെ പ്ലാന്‍'
'മുംബൈയും കൊല്‍ക്കത്തയും വേണ്ട. ഭുവനേശ്വര്‍ അല്ലെങ്കില്‍ ഡല്‍ഹി'.
മാര്‍ട്ടി നീ ഫ്‌ളൈറ്റ് സെര്‍ച്ച് ചെയ്യ്'
മാര്‍ട്ടി ലാപ്പില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സൈറ്റിലേക്ക് പോയി.
'ബോബു, ഭുവനേശ്വറിലേക്ക് ടൈം കൂടുതലാണ്. പെട്ടെന്ന് എത്താനാണെങ്കില്‍ ഡല്‍ഹി ചൂസ് ചെയ്യാം. എത്യോപ്യന്‍ എയര്‍വേയ്‌സ് 14 മണിക്കൂറാണ് യാത്ര ടൈം കാണിക്കുന്നത്. അതാണ് ഏററവും വേഗത്തില്‍ എത്തുന്നതും'.
'അത് എപ്പോഴാ'
'ഇന്ന് വൈകിട്ട് ആറരക്ക്, നാളെ ഉച്ചയോടെ അവിടെയെത്താം. ആ ഫ്‌ളൈറ്റിന് അഡിസ് അബാബയില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. അവിടെ ഒരു മണിക്കൂര്‍ ലേ ഓവറുണ്ട്. എന്നാലും കുഴപ്പമുണ്ടാകില്ല'.
'യേസ് മാര്‍ട്ടി. നീ അത് ബുക്ക് ചെയ്യ്. എന്നാ ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഇവിടെ നിന്ന് ഇറങ്ങാം. ഡല്‍ഹിയില്‍ സേഫായി ഇറങ്ങാന്‍ പറ്റിയാല്‍ നേരെ കൊല്‍ക്കത്ത പിടിക്കാം. ദാസ്ഗുപ്തയുടെ അടുത്തെത്തിയാല്‍ രക്ഷപ്പെട്ടു'.
'കുഴപ്പമുണ്ടാകില്ലെടാ. അത്ര പെട്ടെന്ന് അവര്‍ നിന്നെ കണ്ടുപിടിക്കുമോ'
'കേരള പോലീസ് ചിലപ്പോള്‍ അങ്ങനെയാണ് എല്ലാം വേഗത്തിലാകും. ചിലപ്പോള്‍ നൂറ്റാണ്ട് കഴിഞ്ഞാലും പിടിക്കില്ല. ഇതിപ്പോ അവരുടെ പ്രസ്റ്റീജ് അന്വേഷണമാണ്. ബാഹ്യമായ ഇടപെടലുകളും ഇല്ല. വളരെ ഫ്രീയായി അന്വേഷിക്കാന്‍ കഴിയും'. 
'ഓ.കെ. നിന്റെ പാസ്‌പോര്‍ട്ട് താ. ടിക്കറ്റ് ബുക്ക് ചെയ്യാം. നീ റെഡിയായിക്കോ'

To advertise here,

----------------------------

വൈകീട്ട് അഞ്ചരയോടെയാണ് കിഷനെ കസബപോലീസ് സ്‌റ്റേഷനിലെത്തിച്ചത്. അരമണിക്കൂറിനകം ദേവും അന്‍വറും അടക്കമുളളവര്‍ സ്‌റ്റേഷനിലെത്തി. അകത്തേ നമ്പര്‍ വണ്‍ എന്ന് പോലീസുകാര്‍ വിളിക്കുന്ന മുറിയില്‍ കിഷന്‍ ഇരുത്തിയിട്ടുണ്ട്.
ദേവും അന്‍വറും ശരത്തും അങ്ങോട്ടെത്തിയതോടെ കാവലിനുണ്ടായിരുന്ന പോലീസുകാര്‍ പുറത്തേക്ക് പോയി.
കിഷന് അഭിമുഖമായി കസേരയിട്ട് ദേവ് ഇരുന്നു.
'കിഷാ, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തന്നാല്‍ നമുക്കിത് മാന്യമായി അവസാനിപ്പിക്കാം. അല്ലെങ്കില്‍  ഞങ്ങളെന്തും ചെയ്യും.' 
'സാര്‍, എനിക്കറിയാവുന്നതെല്ലാം പറയാം ഉപദ്രവിക്കരുത്'-കിഷന്‍ കൈകൂപ്പി പറഞ്ഞു.
'ഗുഡ്, നീ ആര്‍ക്കാണ് നിന്റെ വീട് കൊടുത്തത്.
സാര്‍, അതെനിക്കറിയില്ല'.
'അറിയാതെയാണോടാ മുറി കൊടുത്തത്. അവിടെ എന്താ നടന്നതെന്നറിയുമോ'
'ഇല്ല സാര്‍ നടുക്കത്തോടെ കിഷന്‍ മറുപടി നല്‍കി'
'അത് പിന്നെ അറിയിക്കാം. ഇപ്പോ നീ കാര്യം പറയ്
സാറെ, ഉള്ളത് ഞാന്‍ പറയാം,  നമ്മളെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാര്‍ണിവല്‍ തുടങ്ങിയ ദിവസം ഞാനവിടെ നില്‍ക്കുമ്പോഴാണ് ഒരു കോള്‍ വന്നത്. നെറ്റ് കോളാണെന്ന് തോന്നുന്നു. മലയാളത്തിലാണ് സംസാരിച്ചത്. അവര്‍ എന്നോട് ആവശ്യപ്പെട്ടത് ഒരാഴ്ച്ച എന്റെ ആ മുറി വിട്ടുകൊടുക്കാനായിരുന്നു. 5000 രൂപയാണ് ഓഫര്‍ ചെയ്തത്. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു'.
എന്നിട്ട്,
'അവര്‍ 10 പറഞ്ഞു. എന്തിനാണെന്ന് ഞാന്‍ അങ്ങോട്ടു ചോദിച്ചു. നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും, ഒരാള്‍ക്ക് രണ്ട് ദിവസം താമസിക്കാനാണെന്നും അയാള്‍ എന്നോട് പറഞ്ഞു'.
'എന്നിട്ട് നീ സമ്മതിച്ചോ'
'എന്തോ തിരികട പരിപാടിയാണെന്ന് എനിക്ക് മനസിലായി. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ അയാള്‍ വേറൊരു കാര്യം പറഞ്ഞു'
'അതെന്താണ്'
'ഈ പൈസ കൊടുത്താല്‍ ആ കോളനിയില്‍ തന്നെ വേറെ മുറി കിട്ടും. കിഷന്‍ പണിയില്ലാതെ നടക്കുമ്പോള്‍ ഒരു സഹായമായിക്കോട്ടെ എന്ന് കരുതി. നിന്റെ സുഹൃത്ത് തപനാണ് വിളിക്കാന്‍ പറഞ്ഞ്'
'ആരാണ് തപന്‍'-ദേവ് ഇടക്ക് കയറി ചോദിച്ചു
'നാട്ടിലെ ഫ്രണ്ടാണ്. എന്റെ ക്ലോസ് കമ്പനിയാണ്. തപന്റെ പേര് കേട്ടപ്പോള്‍ എനിക്കെന്തോ ഒരു കോണ്‍ഫിഡന്‍സ് വന്നു. അവന്‍ അങ്ങനെ അലമ്പ് കാര്യങ്ങളില്‍ ഇടപെടാത്ത ആളാണ്. അവരോട് കാര്യങ്ങള്‍ കൃതൃമായി പറയാന്‍ പറഞ്ഞു'
'എന്നിട്ട് അവര്‍ പറഞ്ഞോ'
'കുറച്ചുകാര്യങ്ങള്‍. അവര്‍ക്ക് ഒരാഴ്ച്ചക്ക് മുറിവേണം. അവര്‍ പറയുന്ന ദിവസം ഞാന്‍ കേരളം വിട്ടുപോകണം. ഒരാഴ്ച്ച കഴിഞ്ഞ് മടങ്ങിവരാം. പോകുന്ന കാര്യം കോളനിക്കാരെ അറിയിക്കണം. തന്റെ ഒരു ഫ്രണ്ട് രണ്ട് ദിവസം നില്‍ക്കാന്‍ വരുമെന്ന് അവിടെയുളളവരോട് പറയണം. മുറിയുടെ താക്കോല്‍ അവിടെയെവിടെയെങ്കിലും ഒളിപ്പിച്ച് വെച്ചിട്ട് വേണം പോകാന്‍'.
'അത്രയുമാണോ പറഞ്ഞത്'
'അല്ല, സംഭവം കുഴപ്പമാകുമോയെന്ന് ഞാന്‍ ചോദിച്ചു. എന്ത് പ്രശ്‌നം ഉണ്ടായാലും അവര്‍ മാനേജ് ചെയ്യുമെന്ന് പറഞ്ഞു. പിന്നെ നാട്ടില്‍ ഇല്ലാത്തതിനാല്‍ ഒരു കുഴപ്പമുണ്ടാകില്ലെന്നും അയാള്‍ പറഞ്ഞു. ഇപ്പോ വിളിക്കുന്ന നമ്പര്‍ അവര്‍ക്ക് കിട്ടില്ലെന്നും അതിനാല്‍ കാര്യങ്ങള്‍ സേഫാകുമെന്നും ഉറപ്പും നല്‍കി'. 
'അപ്പോ നീ സമ്മതിച്ചോ'
'ഇല്ല, 10 പോര, 25 വേണമെന്ന് ഞാന്‍ പറഞ്ഞു. അത് അവര്‍ സമ്മതിച്ചു. തുക എങ്ങനെ കിട്ടുമെന്ന് ഞാന്‍ ചോദിച്ചു. അത് അവിടെയെത്തുമെന്നും പണം വാങ്ങി വഞ്ചിക്കാനാണ് ശ്രമമെങ്കില്‍ നീ വിവരമറിയുമെന്ന ഭീഷണിയും വന്നു'.
'എന്നിട്ട്'
'ഞാന്‍ ഒ.കെ പറഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ പണം കിട്ടി. കുഴല്‍പ്പണക്കാരാണ് കൊണ്ടുവന്നത്'.
'ഓഹോ. പിന്നെ ഇപ്പോഴാ കോള്‍ വന്നത്'.
'രണ്ട് ദിവസം കഴിഞ്ഞ്. അതും നെറ്റ് കോളായിരുന്നു. നമ്മുടെ സ്‌റ്റേഡിയത്തിലെ കളിക്ക് ഒരാഴ്ച്ച മുമ്പ്. അന്ന് തന്നെ എന്നോട് അവിടം വിടാന്‍ പറഞ്ഞു. താക്കോല്‍ മുറിയുടെ മുന്നിലെ ചെടിച്ചട്ടിയുടെ താഴെ വെക്കാനും പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞാല്‍ തിരിച്ചുവന്നോളാനും പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തശേഷം ടൗണിലെ ബാറിലേക്ക് പോയി. രണ്ട് പെഗ് അടിച്ച ശേഷം കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ കയറി അങ്ങോട്ടുപോയി. അവിടെ എന്റെയൊരു ബന്ധുവുണ്ട്. അവിടെ നിന്നാണ് സാര്‍ എന്നെ തമിഴ്‌നാട് പോലീസ് പൊക്കിയത്'.
'നീ പോയ ശേഷം വല്ല കോളും വന്നോ'. 
'ഇല്ല സാര്‍'.
'പറഞ്ഞതോക്കെ ശരിയാണല്ലോ അല്ലേ, എന്തെങ്കിലും തെറ്റാണെങ്കില്‍ പിന്നെ ഇതുപോലെയാകില്ല ചോദ്യം ചെയ്യല്‍'.
'സാര്‍.. എല്ലാം സത്യമാണ്'. 
'ബാക്കി പണം എവിടെ'
'കുറച്ചുപണമാണ് കൊണ്ടുപോയത്. ബാക്കി ഫ്രണ്ടിന്റെ കൈയ്യിലുണ്ട്'.
'ഏതു ഫ്രണ്ട്', 
'ആ കോളനിയില്‍ തന്നെയുളള അവിനാഷിന്റെ കയ്യില്‍'.
'എത്രയുണ്ട്'.
'20 കാണും സാര്‍'
'അവന് പണമായിട്ടാണോ കൊടുത്തത്'.
'അതേ സാര്‍. അവന് ചില്ലറ ബ്ലേഡിന്റെ ഏര്‍പ്പാടുണ്ട്. അതിന് കൊടുത്തതാണ്. അവന്‍ അഞ്ച് ശതമാനം പലിശ തരും'
'ഓ, അപ്പോഴേക്കും നീ മുതലാളിയായി അല്ലേടാ..'
'ശരത്.. വേറെ എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍  ചോദിച്ചോ, എന്നിട്ട് മറ്റേ റൂമിലേക്ക് മാറ്റിയേക്ക്. ഇവനെ കിട്ടിയ കാര്യം പുറത്ത് വിടണ്ട. ആ അവിനാഷ് നമ്മുടെ നിരീക്ഷണത്തിലായിരിക്കണം.'
'അന്‍വര്‍..'
സ്റ്റേഷന് പുറത്തേക്ക് നടക്കുമ്പോള്‍ ദേവ് വിളിച്ചു. അന്‍വര്‍ പെട്ടെന്ന് ദേവിനടുത്തെത്തി. ഇരുവരും ഇന്നോവകാറിലേക്ക് കയറി

'സാര്‍, ആ കിഷന്‍ പറഞ്ഞത് മുഴുവന്‍ വിശ്വസിച്ചോ'
'യേസ്, അതില്‍ കള്ളമൊന്നുമില്ല. അയാള്‍ അയാള്‍ക്കറിയാവുന്ന കാര്യം പറഞ്ഞിട്ടുണ്ട്'. 
'എന്നാലും മുറിയൊക്കെ വിട്ടുകൊടുക്കുമോ.'.
'എടോ ,തട്ടിപ്പും തിരികിടയുമായി നടക്കുന്ന ഒരാള്‍ക്ക് തുക കിട്ടുമെന്ന് പറയുമ്പോള്‍ വരാനിരിക്കുന്ന അപകടമൊന്നും ആലോചിക്കില്ല. പിന്നെ അത് അയാള്‍ വാടകക്ക് താമസിക്കുന്ന സ്ഥലം അല്ലേ. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ മുങ്ങാമെന്നും കരുതിക്കാണും'
'പ്രതികള്‍ എന്തിനാണ് ഇങ്ങനെ നീക്കം നടത്തിയത്'

'അന്‍വര്‍, റുവാലയെ വളരെ പെട്ടെന്ന്,സേഫായി ഒളിപ്പിക്കാന്‍ സ്റ്റേഡിയത്തിനടുത്ത് വേറെ സ്ഥലമില്ല. നമ്മള്‍ അന്ന് കഷ്ടിച്ചല്ലേ കണ്ടെത്തിയത്. നമ്മള്‍ കോളനിയിലേക്ക് എത്തിയപ്പോള്‍ വളരെ പെട്ടെന്ന് കിഷന്റെ മുറി മനസിലായോടെയല്ലേ കാര്യങ്ങള്‍ അനുകൂലമായത്. നമുക്ക് ആക്ട് ചെയ്യാന്‍ സാധിക്കാതെ പോയിരുന്നെങ്കില്‍ അവര്‍ പണം വാങ്ങി ഈ സ്ഥലം കാണിച്ചു തരും. സ്വാഭാവികമായും അന്വേഷണം കിഷനില്‍ വഴിമുട്ടി നില്‍ക്കും. ആ കോളുകള്‍ ട്രെയ്‌സ് ചെയ്യാനും പറ്റില്ല. പിന്നെ കോളുകള്‍ ട്രെയ്‌സ് ചെയ്ത് സൗത്ത് ആഫ്രിക്കയിലേക്ക് നീണ്ടാലും പണം കിട്ടിയ അവരെ കണ്ടെത്തല്‍ എളുപ്പമാകില്ല'.
'അത് ശരിയാണ് സാര്‍, പണം ബ്ലോക്കായതാണ് അവര്‍ക്ക് തിരിച്ചടിയായത്'.
'കിഷനില്‍ നിന്ന് നമുക്ക് ഇനി കാര്യമായൊന്നും കിട്ടാനില്ല. സോ അവന്‍ അവിടെ നില്‍ക്കട്ടെ'
നമുക്ക് സൗത്ത് ആഫ്രിക്കന്‍ പാസഞ്ചേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. നാളെ രാവിലെയോടെ അതിലൊരു തീരുമാനമുണ്ടാകണം. എയര്‍പോര്‍ട്ട് ടീമിനോട് വിവരം പറ'.
'അവര്‍ കാര്യമായി നോക്കുന്നുണ്ട് സാര്‍..' 
കാര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് കയറി, ദേവും അന്‍വറും ഇറങ്ങി നടക്കാന്‍ തുടങ്ങി. ദേവിന്റെ ഓഫീസ് മുറിയുടെ പുറത്ത് ഒരാള്‍ അവരേയും കാത്തിരിപ്പുണ്ടായിരുന്നു.

(തുടരും)