ഹരിത സാവിത്രിയുടെ ഏറ്റവും പുതിയ നോവൽ 'മറീലിയ' മാതൃഭൂമി ബുക്‌സിലൂടെ പുറത്തിറങ്ങുന്നു. മറീലിയ എന്ന ഫാന്റസി ലോകത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയെയും സ്‌നേഹത്തെയും കുറ്റബോധത്തെയും ഭ്രമാത്മകമായി അവതരിപ്പിക്കുന്ന നോവലിൽനിന്ന് ഒരു ഭാഗം വായിക്കാം.

To advertise here,

 

മഴ!

അവസാനമില്ലാത്തതെന്നപോലെ ഒരേ താളത്തിൽ അത് പെയ്തുകൊണ്ടേയിരുന്നു.

തുരുമ്പിച്ച ഇരുമ്പുഗേറ്റുകളിൽ വെള്ളത്തുള്ളികൾ മന്ത്രിക്കുന്ന സ്വരത്തിൽ താളംപിടിച്ചു. കല്ലുകൾ പാകിയ നീണ്ട പാതയും നീണ്ട കാട്ടുപുല്ലുകളും അവസാനിക്കുന്നയിടത്ത് സൂര്യരശ്മിക്കായി കൈനീട്ടുന്ന ഒരു മരം കണക്കെ ചെരിഞ്ഞ് വുഡ്സ് മാളിക ഒറ്റപ്പെട്ടു നിന്നു. കണ്ണുചിമ്മാതെ നോക്കിനിൽക്കുന്ന നക്ഷത്രങ്ങൾ പ്രതിഫലിക്കുന്നതാണോ എന്നു തോന്നുംവിധത്തിൽ അതിന്റെ ചെറിയ ജനലുകൾ മങ്ങിയ മഞ്ഞനിറത്തിൽ പ്രകാശിച്ചു. മതിലുകളിൽ പടർന്നുതൂങ്ങിക്കിടന്ന ഐവി വള്ളികൾ കാറ്റിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. നനവേറ്റിരുണ്ട ഇലകൾക്കിടയിൽ പച്ചനിറമുള്ള ഒരു ചെറിയ പല്ലി ഇരയെ പ്രതീക്ഷിച്ച് നിശ്ചലനായി ഇരുന്നു. അതിന്റെ ഉറക്കം പടർന്ന കണ്ണുകൾ ഇടയ്ക്കിടെ ചിമ്മി. പെട്ടെന്ന് കാറ്റിന്റെ ശക്തി വർദ്ധിച്ചു. കത്തിമുനയുടെ വീതിയിൽ തുറന്നുകിടക്കുന്ന വാതിൽ എന്തോ പറയുംപോലെ ഞരങ്ങി. ആ ശബ്ദംകേട്ടു ഭയന്ന പല്ലി ചാടിയോടി മച്ചിൽ ഒളിച്ചു.

വീട് അതിഥിയെ ഇതിനകം കണ്ടിരിക്കുന്നു.

അടുത്തെവിടെയോ ഒരു മൂങ്ങ ചിലച്ചു. അതിന്റെ ശബ്ദം നനഞ്ഞ രാത്രിയിൽ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ പ്രതിദ്ധ്വനിച്ചു.

എന്തോ അനക്കം കേട്ട് സിലാസ് നിന്നു. അവന്റെ കണ്ണുകൾ മരങ്ങളിൽനിന്ന് മരങ്ങളിലേക്കു പാഞ്ഞു. തണുത്ത പുതപ്പുപോലെ കാറ്റ് അവനെ ചുറ്റിപ്പിണഞ്ഞു. സിലാസ് ജാഗരൂകനായി. അവൻ സാവധാനം ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. നനഞ്ഞ മരത്തിന്റെയും പഴയ ചില്ലകളുടെയും തൂവലുകളുടെയും ഉപേക്ഷിക്കപ്പെട്ട പക്ഷിക്കൂടുകളുടെയും ചീഞ്ഞ ഗന്ധം കനത്ത മൂടൽമഞ്ഞുപോലെ അവിടമാകെ ചൂഴ്ന്നുനിന്നു.

 

സ്ഥിതിഗതികൾ നിരീക്ഷിക്കാനായി സിലാസ് മരങ്ങൾക്കിടയിൽ കുത്തിയിരുന്നു. കനത്തു തൂങ്ങിനിൽക്കുന്ന മേഘങ്ങൾക്കിടയിൽനിന്ന് എങ്ങനെയോ കുതറി പുറത്തുവന്ന ചന്ദ്രന്റെ മാസ്മരികമായ നീലവെളിച്ചത്തിൽ ബംഗ്ലാവിന്റെ ദൃശ്യം ഒരു ജലച്ചായചിത്രംപോലെ അവനെ മയക്കി. ഹൈഡ്രാഞ്ചിയകളുടെ നീലയും പിങ്കും പൂക്കളുടെ സ്ഫോടനങ്ങൾക്കുപിന്നിൽ കഷ്ടിച്ചുമാത്രമേ വിശദാംശങ്ങൾ കാണാൻ കഴിഞ്ഞുള്ളു.

അപകടമില്ല എന്ന് ബോദ്ധ്യമായതിനുശേഷം അവൻ സാവധാനം മുന്നോട്ടുനീങ്ങി. തടിച്ച മിന്നാമിനുങ്ങുകൾ അലസമായി പൂമുഖത്തിനു ചുറ്റും പറന്നു. മുകളിലത്തെ ജനലിൽനിന്ന് പ്രസരിക്കുന്ന വെളിച്ചത്തിനു സമാനമായി അവ ചെറിയ റാന്തൽ വിളക്കുകൾപോലെ ഇരുണ്ട മഞ്ഞനിറത്തിൽ പ്രകാശിച്ചു.

പന്നൽച്ചെടിയുടെ ഇലകൾക്കു താഴെ സെനറ്റർ തവള ഒരു ചെറിയ പാറ പോലെ പതിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവന്റെ സ്വർണ്ണനാണയങ്ങൾപോലെ തിളങ്ങുന്ന കണ്ണുകൾ സിലാസിനെ പിന്തുടർന്നു. തീക്കുണ്ഡത്തിൽ നിന്നുയരുന്ന തീപ്പൊരികളുടെ ചലനത്തോടെ അവനുചുറ്റും മിന്നാമിനുങ്ങുകൾ നൃത്തംചെയ്തു. മഴയിൽ കുതിർന്നതു കാരണമാവാം അവയുടെ വെളിച്ചത്തിനു മങ്ങലുണ്ടായിരുന്നു. അദൃശ്യമായ കാറ്റിൽ അവ അസ്വാഭാവികമായ മന്ദതയോടെ ചലിച്ചു. ആ പ്രകാശത്തിൽ തവളയുടെ പുറത്തെ നനഞ്ഞ തടിപ്പുകൾ മിന്നി.

പെട്ടെന്ന് ഒരു ശബ്ദംകേട്ടു. അത് ചൂളംവിളിക്കുന്ന കാറ്റോ പാഞ്ഞുപോകുന്ന മൃഗങ്ങളുടെ ശബ്ദമോ ആയിരുന്നില്ല. അസാധാരണമായതും ഭയപ്പെടുത്തുന്നതുമായ ഒന്ന്. സിലാസിന്റെ രക്തം തണുത്തുറഞ്ഞു. അവൻ ചലനമറ്റു നിന്നു. ഭയന്ന ഹൃദയം വാരിയെല്ലുകളിൽ ഇടിക്കുന്നതുപോലെ തുടിച്ചു.

വീണ്ടും അതുകേട്ടു. ദയനീയമായ ഒരു മോങ്ങൽപോലെ ആ ഞരക്കം ഇത്തവണ കുറച്ചുകൂടി നേരം നീണ്ടുനിന്നു. ഇത്തവണ സിലാസ് ആ ശബ്ദം തിരിച്ചറിഞ്ഞു. അത് അവന്റെ മുത്തച്ഛന്റെ കാൽമുട്ടുകൾപോലെ മുറുമുറുക്കുന്ന, പഴക്കംചെന്ന ആ കെട്ടിടത്തിന്റെ മേൽക്കൂരയായിരുന്നു.

ആ വീട് സംസാരിക്കുകയായിരുന്നു. ഇവിടെ ഒരു തറപ്പലക, അവിടെ ഒരു ജനൽ പാളി. എണ്ണയിടാത്ത വിജാഗിരികൾ... അവയുടെ ഞരക്കങ്ങൾക്കൊപ്പം രഹസ്യങ്ങൾ കൈമാറുന്നതുപോലെ മഴ മേൽക്കൂരയിൽ താളം ചവിട്ടി ചറുപിറാ പിറുപിറുത്തു.

'ഹഷ്-ഹഷ്-ഹഷ്.'

അതൊരു മുന്നറിയിപ്പാണെന്നാണ് സിലാസിന് അനുഭവപ്പെട്ടത്. അവൻ ജനലിനടുത്തേക്കു പതുങ്ങിച്ചെന്നിട്ട് ഉള്ളിലേക്കുനോക്കി. അരണ്ട വെളിച്ചത്തിൽ ഹാളിലെ നിഴലുകൾ കട്ടപിടിച്ചുനിൽക്കുന്നതൊഴിച്ചാൽ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

പെട്ടെന്ന് ഒരു മങ്ങിയ ചലനമുണ്ടായി. ഒരു കുട്ടിയുടെ ചെറിയ രൂപരേഖ ഗ്ലാസിൽ തെളിഞ്ഞു. ഒരു നിമിഷമേ ആ കാഴ്ച നീണ്ടുനിന്നുള്ളൂ. ശരീരം അമർത്തിയതുപോലെ ആ ആകൃതി ചില്ലിൽ പടർന്നുനിന്നു. എന്നിട്ട് മാഞ്ഞുപോയി. സിലാസ് ശ്വാസമടക്കിപ്പിടിച്ചു.

ആ കുട്ടി പുറത്തേക്കു നോക്കുകയായിരുന്നോ? നിഴലിൽ നിൽക്കുന്ന തന്നെ അവൻ കണ്ടുകാണുമോ?

ബംഗ്ലാവിനെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് മുറികളിലെ വിളക്കുകൾ അണഞ്ഞു. നനഞ്ഞ പുല്ലിനിടയിലെ തന്റെ സുഖകരമായ ഇരിപ്പിനിടയിൽ സെനറ്റർ തവള ആഴത്തിൽ ശബ്ദമുണ്ടാക്കി. അവന്റെ ഏകാന്തമായ പരുക്കൻ സ്വരം നിശ്ശബ്ദമായ അന്തരീക്ഷത്തിൽ പ്രകമ്പനംകൊണ്ടു.

മുന്നിൽ കണ്ട വിശാലമായ മുറിയിൽ തീയെരിയുന്ന തിളക്കം ജനൽപ്പാളികൾക്ക് ഇടയിലൂടെ കാണാമായിരുന്നു. സിലാസ് മെല്ലെ മുന്നോട്ടുനീങ്ങി. ചീറ്റലും പൊട്ടലുമായി നെരിപ്പോട് ശക്തിയോടെ ജ്വലിക്കുന്നു. ആ മുറി ഒരു പഴയ ലൈബ്രറി പോലെ തോന്നി. തടി മിനുക്കുവാൻ ഉപയോഗിക്കുന്ന പോളിഷിന്റെയും ചൂടുള്ള തുകലിന്റെയും എരിയുന്ന ആപ്പിൾമരത്തിന്റെയും ഗന്ധങ്ങൾ പുറത്തേക്കു വമിച്ചു.

പഴക്കം കാരണം പുറംചട്ടകൾ പൊട്ടിയ പുസ്തകങ്ങൾ നിരത്തിയ ഭിത്തികളിൽ തീയുടെ വെളിച്ചം നൃത്തംചെയ്തു. ഒരു സ്റ്റഫ് ചെയ്ത കുറുക്കൻ അടുപ്പിനു സമീപം നിന്നിരുന്നു. അതിന്റെ പാറ്റ തിന്ന രോമം, പഴയ ടൂത്ത്ബ്രഷുപോലെ എഴുന്നുനിന്നു. പുസ്തകഷെൽഫിനും കസേരയ്ക്കും ഇടയിലുള്ള മുത്തച്ഛൻ ക്ലോക്കിൽ സിലാസിന്റെ കണ്ണുകൾ ഉടക്കി. അത് അസാധാരണമാം വിധം മന്ദഗതിയിയിലാണ് ചലിക്കുന്നതെന്ന് അവനു തോന്നി.

കട്ടിയുള്ള പെൻഡുലത്തിന്റെ കരുതലോടെയുള്ള 'ടിക് ടോക്' ശബ്ദം ഇരുമ്പിന്മേൽ ചുറ്റിക പതിക്കുന്നതുപോലെ നിശബ്ദതയെ കൂടുതൽ ഭാരമുള്ള ഒന്നായി രൂപാന്തരപ്പെടുത്തി. സിലാസ് ആകാംക്ഷയോടെ കതക് തള്ളിത്തുറന്നു. അനിഷ്ടത്തോടെ മരം ഞരങ്ങി. കടുംചുവപ്പുനിറമുള്ള കനത്ത പേർഷ്യൻ പരവതാനിയിലേക്ക് അവന്റെ ബൂട്ടുകൾ ശബ്ദമില്ലാതെ താണു. മഴവെള്ളം വെള്ളിനാടകൾപോലെ കോട്ടിൽനിന്ന് ഒഴുകിവീണുകൊണ്ടേയിരുന്നു. പിന്നിൽനിന്നു പതിക്കുന്ന നിലാവെളിച്ചത്തിൽ അവന്റെ നിഴൽ ഹാളിലേക്ക് വിചിത്രമായ രൂപത്തിൽ നീണ്ടു.

പ്രതിമ പോലെ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. മിന്നുന്ന വെങ്കലനിറത്തിൽ തീവെളിച്ചം ആ രൂപത്തിൽ ചായംപൂശി. മാഡം മരിയ നൽകിയ വിവരങ്ങൾ അനുസരിച്ച് മിസ്റ്റർ വുഡ്സ് ആയിരിക്കും അതെന്ന് സിലാസ് ഊഹിച്ചു. ഒരു വലിയ, അദൃശ്യമായ പാറ ചുമക്കുന്നതുപോലെയാണ് ആ മനുഷ്യൻ നിന്നിരുന്നത്. അയാളുടെ താടിയെല്ല് ഇരുമ്പുപോലെ ഉറച്ചതും തോളുകൾ ഭാരംതാങ്ങി ശീലിച്ചതുമാണെന്ന് അവൻ കണ്ടു.

സിലാസ് അടുത്തേക്കുചെന്നപ്പോൾ ഇവാൻ വുഡ്സ് തല ഉയർത്തി. സാന്നിദ്ധ്യം അംഗീകരിക്കാൻ മാത്രമായുള്ള ചലനം. അതിൽ കൂടുതലില്ല. പുസ്തകങ്ങളുമായി ജീവിക്കുന്ന ഒരാളുടെ കൈകളായിരുന്നു അയാൾക്ക്. നീണ്ട വിരലുകളും വൃത്തിയുള്ള നഖങ്ങളും പേനയ്ക്കും കടലാസിനും വേണ്ടി ഉണ്ടാക്കിയതുപോലെയുള്ളവ.

പെട്ടെന്ന് അയാളുടെ വിവാഹമോതിരം അസാധാരണമായ മൂർച്ചയോടെ ഒന്നു മിന്നി. 'ഞാൻ നിന്നെ കാണുന്നു' എന്ന് പറയുന്നതുപോലെ പെട്ടെന്നുള്ള സ്വർണ്ണത്തിളക്കം. സിലാസിന് ആ വിരലിൽനിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. മൂലയിലിരുന്ന മുത്തച്ഛൻക്ലോക്കുപോലും നടക്കാൻ പോകുന്ന കാര്യത്തിൽ ഉൾപ്പെടാൻ താത്പര്യമില്ലാത്തതുപോലെ ശ്വാസം അടക്കിപ്പിടിച്ചു.

''നിങ്ങൾ വൈകി,'' ഇവാൻ പറഞ്ഞു. ആ ശബ്ദം തണുത്തതും വികാരങ്ങളില്ലാത്തതുമായിരുന്നു.

സിലാസ് ഒന്നും പറഞ്ഞില്ല.

അവന് ഇവാന്റെ ചുമലോളം മാത്രമേ ഉയരമുണ്ടായിരുന്നുള്ളൂ. പരിശീലനം ഒഴിവാക്കാത്ത ഒരു ബേസ്ബോൾ കളിക്കാരനെപ്പോലെയോ ഒറ്റക്കൈകൊണ്ട് ശരീരം മുഴുവൻ ഉയർത്താൻ കഴിയുന്ന ജിംനാസ്റ്റുകളെപ്പോലെയോ ആ മനുഷ്യന്റെ ശരീരം മെലിഞ്ഞതും ശക്തിയുള്ളതുമായിരുന്നു. മടക്കുകൾ വീഴാത്ത ഷർട്ടിനടിയിൽ മുറുകിയതും സജ്ജമായതുമായ പേശികൾ തുടിക്കുന്നത് സിലാസ് കൗതുകത്തോടെ ശ്രദ്ധിച്ചു.

ഇവാൻ ഷെൽഫുകൾക്കരികിലേക്കു നടന്നു. അയാൾ പോക്കറ്റിൽനിന്ന് നിറംമങ്ങിയ ഒരു താക്കോലെടുത്ത് കറുത്ത തടിയലമാരയിൽ തിരുകുന്നത് അവൻ ജാഗ്രതയോടെ നോക്കിനിന്നു. പെട്ടെന്ന് ആ അലമാരയിൽനിന്ന് പുറത്തുവന്ന സുഗന്ധംമൂലം സിലാസിന്റെ കണ്ണുകൾ അടഞ്ഞുപോയി. പാരീസിലെ ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളുടെ സത്തയാകെ നിറച്ച ഒരു കുപ്പി മൂക്കിനു മുന്നിൽ പൊടുന്നനെ തുറന്നതുപോലെയായിരുന്നു അത്.

ഷെൽഫിന്റെ നിഴലിൽ ഒളിച്ചിരുന്ന, ചില്ലുചിറകുകളുള്ള ഒരു നിശാശലഭം വെളിച്ചത്തിലേക്കു പാറിവന്നു. നെരിപ്പോടിലെ കനലുകളുടെ വെളിച്ചത്തിൽ ചുവപ്പുകലർന്ന വിചിത്രമായ പ്രകാശം ആ ചില്ലുകളിൽനിന്ന് മുറിയിലാകെ ചിതറി.

അലമാരയ്ക്കുള്ളിൽ ഒരു പഴയ വെൽവെറ്റുപെട്ടി ഇരിപ്പുണ്ടായിരുന്നു. വർഷങ്ങളായുള്ള തുറക്കലും അടയ്ക്കലും കാരണം തിളക്കമേറിയ മൂലകളുള്ള ഒന്ന്. ചിലയിടങ്ങളിൽ ഉള്ളിലെ കാർഡ്ബോർഡ് പുറത്തുകാണുംവിധത്തിൽ വെൽവെറ്റ് തേഞ്ഞുപോയിരുന്നു. ഇവാൻ തള്ളവിരൽകൊണ്ട് അത് തുറന്ന് ഒരു ചെറിയ പെൻഡന്റ് പുറത്തെടുത്തു. തന്നെ നോക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ട് അത് തീക്ഷ്ണമായി തിളങ്ങി.

'നിനക്കെന്നെ കീഴടക്കാൻ കഴിയില്ല' എന്ന് പറയുന്നതുപോലെയാണ് അതിൽ പതിച്ചിരുന്ന വജ്രങ്ങൾ തനിക്കുനേരെ മിന്നുന്നതെന്ന് സിലാസിനു തോന്നി.

''നിങ്ങൾ വിശ്വസ്തനാണെന്ന് മാഡം മരിയ പറഞ്ഞു,'' പെൻഡന്റ് തുറന്നുകൊണ്ട് ഇവാൻ പറഞ്ഞു. തീയുടെ വെളിച്ചത്തിൽ ഒരു ഛായാചിത്രം സിലാസ് കണ്ടു. ഒരു സ്ത്രീയുടെ മുഖം ആ പെൻഡന്റിന്റെ ഉള്ളിൽനിന്ന് പുറത്തേക്കു നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവരുടെ പുഞ്ചിരി ലോലമായ ബ്രഷിന്റെ വരകളാൽ പൂർണ്ണമായിരുന്നു. സിലാസിന്റെ രോമകൂപങ്ങൾ എഴുന്നുനിന്നു. ആ ചിത്രത്തിലെ കണ്ണുകൾ അവനെ നോക്കുക മാത്രമല്ല, പിടിയിലായ ഒരു നിസ്സഹായനായ പൂമ്പാറ്റയെപ്പോലെ അവിടെ കുത്തിനിർത്തുക കൂടി ചെയ്തു.

''അവന് ആറ് വയസ്സുള്ളപ്പോൾ അവൾ പോയതാണ്,'' ഇവാൻ പറഞ്ഞു. ''പക്ഷേ, ഓർമ്മകൾ ശരീരങ്ങളെപ്പോലെ അങ്ങനെ എളുപ്പത്തിൽ അടക്കം ചെയ്യാൻ കഴിയില്ലല്ലോ.''

സിലാസിന് അസ്വസ്ഥത തോന്നി. അവൻ പണിപ്പെട്ട് ആ പെൻഡന്റിൽനിന്ന് മുഖംതിരിച്ചു. അപ്പോഴാണ് ഭിത്തിയിലുണ്ടായിരുന്ന ഒരു ലളിതമായ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. വിലകൂടിയ എണ്ണച്ചായാചിത്രങ്ങൾക്കരികിൽ അശ്രദ്ധമായി തിരുകിവെച്ച ഒന്ന്. ഇടറിയ ക്രയോൺ വരകളാൽ ഒരു കുട്ടി വരച്ച കുടുംബചിത്രമായിരുന്നു അത്. അതിലെ അമ്മയുടെ രൂപം മങ്ങിയിരുന്നു. സിലാസ് ഒന്നുകൂടി നോക്കി. അത് വെറുതെ മങ്ങിയതായിരുന്നില്ല, ആരോ മായ്ച്ചുകളയാൻ ശ്രമിച്ചതാണെന്ന് അവനു മനസ്സിലായി.

ഇവാൻ കരാറും ഒരു കെട്ട് നോട്ടുകളും മേശയുടെ മുകളിലൂടെ അവന്റെ നേർക്ക് നീക്കിവച്ചു. അയാൾ അസ്വസ്ഥതയോടെ കൈകൾ തിരുമ്മി. ''എന്താണ് ചെയ്യേണ്ടതെന്ന് മാഡം മരിയ പറഞ്ഞിട്ടുണ്ടാവാം. അത് എന്തിനുവേണ്ടിയാണെന്ന് ഞാൻ പറയാം.'' അയാളുടെ നോട്ടം സിലാസിൽ ഉറച്ചു. എരിഞ്ഞുകൊണ്ടിരുന്ന മരക്കഷണം പെട്ടെന്നു പൊട്ടിത്തെറിച്ചു. അദൃശ്യമായ ആരോ ഊതിയതുപോലെ തീജ്ജ്വാലകൾ വശങ്ങളിലേക്കു ചാഞ്ഞു.

''രാത്രി മുഴുവൻ...'' ഇവാന്റെ ശബ്ദം പരുപരുത്തു. ''രാതി മുഴുവൻ മന്ത്രംപോലെ അവളുടെ പേര് ആവർത്തിച്ചുകൊണ്ട് അവൻ തേങ്ങിക്കരയുകയാണ്.'' സംസാരിക്കാനാവാതെ അയാൾ നിറുത്തി. അയാളുടെ തള്ളവിരൽ പെൻഡന്റിന്റെ അരികിലൂടെ സൗമ്യമായി ചലിച്ചു.

മുത്തച്ഛൻ ക്ലോക്കിലെ പെൻഡുലം ഭാരത്തോടെ ആടി. മുറിയിൽ പാറി നടന്ന ശലഭം മേശമേൽ വന്നിരുന്നു. അതിന്റെ കറുത്ത മുത്തുപോലുള്ള കണ്ണുകൾ സിലാസിൽ തറഞ്ഞുനിന്നു.

ഇവാൻ ഒടുവിൽ തലയുയർത്തി. അയാളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നില്ല. പക്ഷേ, ആ വിരലുകൾ വിറയ്ക്കുന്നത് സിലാസ് ശ്രദ്ധിച്ചു. മിനുസപ്പെടുത്തിയ തടിക്കു മുകളിലൂടെ അയാൾ പണം മുന്നോട്ടു തള്ളി. ചെറുക്കാൻ ശ്രമിച്ചിട്ടും സിലാസിന്റെ കണ്ണുകൾ പെൻഡന്റിലേക്കു തന്നെ തിരിഞ്ഞു. ഫോട്ടോയിലെ സ്ത്രീ ചിരിക്കുകയായിരുന്നു. ജീവസ്സുറ്റ പുഞ്ചിരി.

''അത് മുഴുവൻ എടുത്തോളൂ,'' പണത്തിനു നേർക്ക് ആംഗ്യം കാട്ടിയിട്ട് അയാൾ മന്ത്രിച്ചു. ''അവൾ പാചകം ചെയ്യുമ്പോൾ താളമില്ലാതെ പാടിയിരുന്നത്, ഒരിക്കലും ഒതുക്കി കെട്ടിവെക്കാൻ കഴിയാത്ത മുടി ചിതറിക്കിടക്കുന്നത്, എന്തിനേറെ...'' അടക്കിപ്പിടിച്ച ഒരു വിതുമ്പലിൽ അയാൾക്ക് ശ്വാസം മുട്ടി. ''അവൾ ഗുഡ്നൈറ്റ് പറഞ്ഞ് കെട്ടിപ്പിടിക്കുമ്പോൾ അനുഭവപ്പെട്ടിരുന്ന പെർഫ്യൂമിന്റെ ഗന്ധംപോലും അവന്റെ മനസ്സിൽനിന്ന് മായ്ച്ചുകളയണം.''

ആ അവസാനവാചകം മഞ്ഞുപോലെ അവർക്കിടയിൽ തങ്ങിനിന്നു.

സിലാസ് പണമെടുത്തു. അവളുടെ നോട്ടത്തിന്റെ ഭാരം അവന് അനുഭവപ്പെട്ടു. പെട്ടെന്ന്, റൊട്ടി ചുട്ടെടുക്കുന്ന ഗന്ധം മുറിയിൽ നിറഞ്ഞു. ദൂരെ നിന്ന് ഒരു സ്ത്രീയുടെ ചിരി സിലാസ് കേട്ടു. കത്തിപോലെ മൂർച്ചയുള്ള ഒരു നടുക്കം അവന്റെയുള്ളിലൂടെ ഇഴഞ്ഞിറങ്ങി.

കരാറിലും പണത്തിന്റെ കെട്ടിലും അവൻ നോട്ടം ഉറപ്പിക്കാൻ ശ്രമിച്ചു. പൊടുന്നനെ തീജ്ജ്വാലകൾ അസാധാരണമാം വിധം ചലിച്ചുതുടങ്ങി. ഒരു സ്ത്രീരൂപത്തിൽ അവ ഉയർന്നുപൊങ്ങി. ചൂട് വ്യാപിക്കുന്നതിനുപകരം വായു തണുത്തുറഞ്ഞു. സിലാസ് നിർന്നിമേഷം നോക്കിനിൽക്കവേ ഊതിയണച്ചുകളഞ്ഞ ഒരു മെഴുകുതിരിപോലെ ആ കാഴ്ച അപ്രത്യക്ഷമായി.

''നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ?'' അവസാനം അവൻ ശബ്ദിച്ചു.

അദൃശ്യമായ ഒരു കാറ്റിൽ ശരത്കാല ഇലകൾപോലെ നോട്ടുകൾ ചലിച്ചു.

''നിങ്ങളുടെ വില പറയുക.'' ഇവാൻ നിർവ്വികാരനായി പറഞ്ഞു.

ആ മരവിച്ച വാക്കുകൾ കേട്ട് സിലാസ് കണ്ണുകളടച്ചു.

''കൂടുതൽ പണം ആവശ്യപ്പെടുകയല്ല ഞാൻ. മുന്നറിയിപ്പ് തരികയാണ്. കുട്ടിക്ക് വല്ലാത്ത വിഷമമുണ്ടാകും,'' പതിഞ്ഞതെങ്കിലും സ്വന്തം ശബ്ദം അവനെ പേടിപ്പെടുത്തി.

ഇവാന്റെ മറുപടി ഉരുക്കുപോലെ ഉറച്ചതായിരുന്നു. ''ഇപ്പോഴുള്ളതിനെക്കാൾ കൂടുതലുണ്ടാവില്ല.''

സിലാസ് നിസ്സഹായതയോടെ തോളുകൾ കുലുക്കി. അവൻ കരാറിലേക്ക് മുഖംകുനിച്ചു.

''അവൻ... എന്തെങ്കിലും ഓർമ്മിക്കുമോ?'' പണിപ്പെട്ട് നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും ഇവാന്റെ വാക്കുകൾ ദുർബ്ബലമായി.

ഒപ്പിട്ട കരാറും പണവും സിലാസ് കോട്ടിൽ ഒതുക്കിവെച്ചു.

''അവന്റെ അമ്മ അവനെ ഒരുപാടു സ്നേഹിച്ചിരുന്നു. തീർച്ചയായും ആ ശൂന്യത അവൻ തിരിച്ചറിയും.''

അവൻ പോകാനായി തിരിഞ്ഞു.

അവനു മുമ്പേ ശലഭം പുറത്തേക്കു പറന്നിറങ്ങി. അതിന്റെ ചില്ലുചിറകുകളിൽ പ്രതിഫലിച്ച നിലാവെളിച്ചം മിന്നൽപോലെ സിലാസിന്റെ കണ്ണുകളെ ഒരു നിമിഷത്തേക്ക് അന്ധമാക്കി.

ജനലുകളിൽ മഴ അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു. സെനറ്റർ തവള എവിടെയോ മറഞ്ഞിരുന്ന് വീണ്ടും പരുപരുത്ത ശബ്ദത്തിൽ കരഞ്ഞു. സിലാസിന് വഴികാട്ടിയ മിന്നാമിനുങ്ങുകളുടെ വെളിച്ചം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ചില ഓർമ്മകളെ സ്പർശിക്കാൻ പാടില്ലെന്ന് അവർക്കുപോലും അറിയാമായിരുന്നു.