
വരികളും ഈണവും ലളിതം, സുന്ദരം. എന്നാല്‍ ആദ്യകേള്‍വിയില്‍ കൗമാരക്കാരനെ പാട്ടിലാക്കിയത് രണ്ടുമല്ല. ശബ്ദമാണ്; ഭൂപീന്ദര്‍ സിംഗിന്റെ തെല്ലൊരു അനുനാസികത്വം കലര്‍ന്ന ശബ്ദം.
'ഏക് അകേലാ ഇസ് ശഹര്‍ മേ
രാത് മേ ഔര്‍ ദോപഹര്‍ മേ
ആബോദാനാ ഡൂംഡ് താ ഹേ
ആശിയാനാ ഡൂംഡ് താ ഹേ...'
Also Read
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ഒരുവന്റെ വ്യഥകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കലര്‍ന്നിട്ടില്ലേ ആ ശബ്ദത്തില്‍? ചിലപ്പോള്‍ വെറും തോന്നലാകാം. ഏത് തിരക്കിലും ബഹളത്തിനുമിടയിലും സ്വയം സൃഷ്ടിച്ച ഏകാകിതയുടെ തുരുത്തിലേക്ക് ഉള്‍വലിയാനുള്ള പ്രവണതയുണ്ടായിരുന്ന, പൊതുവെ സ്വപ്നജീവിയായ ഒരു കൗമാരക്കാരന് അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? തിരക്കേറിയ മിഠായിത്തെരുവിലൂടെ, പാളയം റോഡിലൂടെ, കോര്‍ട്ട് റോഡിലൂടെ, മാവൂര്‍ റോഡിലൂടെ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ ബദ്ധപ്പെട്ട് തിടുക്കത്തില്‍ നടന്നുപോകുന്ന ജനതതിയെ നോക്കി അന്തംവിട്ടു നില്‍ക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞു സ്വന്തം വീട്ടിലേക്ക്, അച്ഛനനമ്മമാരുടെ സ്‌നേഹ സാമീപ്യത്തിലേക്ക് മടങ്ങിപ്പോകാന്‍ കൊതിച്ചിരുന്നു അവന്‍; തനിക്ക് വേഷമില്ലാത്തിടത്ത് അബദ്ധത്തില്‍ വന്നുപെട്ട നടനെപ്പോലെ...
വിരസമായ ആ ഏകാന്തതയിലേക്ക് ഒരുനാള്‍ ക്ഷണിക്കാതെ കടന്നുവരികയായിരുന്നു ആ പാട്ട്. മിഠായിത്തെരുവിലെ ഏതോ ഹോട്ടലില്‍ നിന്നാവണം. ഹിന്ദി ഭാഷ അത്രയെളുപ്പം പിടിതരില്ല അന്ന്. അര്‍ത്ഥം പൂര്‍ണമായി ഹൃദിസ്ഥമാക്കിയല്ല പാട്ടുകള്‍ ആസ്വദിക്കുക. എങ്കിലും അകേലാ എന്നാല്‍ ഒറ്റയ്ക്ക് എന്നറിയാം; ശഹര്‍ എന്നാല്‍ നഗരമെന്നും. നഗരത്തിരക്കില്‍ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യന്റെ മൂകവേദന എളുപ്പം വായിച്ചെടുക്കാനായി ആ പല്ലവിയില്‍ നിന്ന്.
പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം, ആ പാട്ട് ആദ്യം കേട്ട നിമിഷങ്ങളുടെ ഓര്‍മ ഒരു ടെലിഫോണിക് അഭിമുഖത്തിനിടെ പങ്കുവച്ചപ്പോള്‍, ചിരിയോടെ ഭൂപീന്ദര്‍ പറഞ്ഞു: 'നിങ്ങളുടെ അതേ മാനസികാവസ്ഥയായിരുന്നു അത് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എന്റേതും. പൊതുവെ അന്തര്‍മുഖനാണ് ഞാന്‍. ആള്‍ക്കൂട്ടങ്ങളുമായി ഒത്തുപോകാന്‍ പ്രയാസമുള്ള പ്രകൃതം. സുഹൃത്തുക്കളും കുറവ്. അതുകൊണ്ടാവാം ഗുല്‍സാര്‍ജിയുടെ വരികളുമായി എനിക്ക് എളുപ്പം പൊരുത്തപ്പെടാന്‍ കഴിഞ്ഞത്.' ഒരു നിമിഷം നിര്‍ത്തി പ്രിയഗായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. 'പിന്നെ പലരും പറയാറുണ്ട് എന്റെ ശബ്ദത്തില്‍ ജന്മനാ തന്നെ ഒരു ഏകാകിയുടെ ഭാവമുണ്ടെന്ന്. അങ്ങനെ തോന്നിയിട്ടുണ്ടോ?'

ഉണ്ടെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഭുപീന്ദറിനെ ഇഷ്ടപ്പെടാന്‍, അദ്ദേഹത്തിന്റെ ഗാനങ്ങളെ ഗാഢമായി പുണരാന്‍ പ്രേരണയായത് ആ വേറിട്ട ഭാവം കൂടിയാണല്ലോ. ഇഷ്ടപ്പെട്ട എല്ലാ ഭൂപീന്ദര്‍ ഗാനങ്ങളിലുമുണ്ട് ഏകാകിയായ ആ കാമുകന്റെ സാന്നിധ്യം: ദില്‍ ഡൂംഡ് താ ഹേ (മൗസം - മദന്‍ മോഹന്‍), ദോ ദീവാനേ ശഹര്‍ മേ (ഘരോണ്ട - ജയദേവ്), ബീത്തി നാ ബിദായി രെയ്നാ (പരിചയ് - ആര്‍ ഡി ബര്‍മ്മന്‍), നാം ഗും ജായേഗാ (കിനാരാ-ആര്‍ ഡി ബര്‍മ്മന്‍ ), കിസി നസര്‍ കോ തേരാ (ഐത് ബാര്‍- ബപ്പി ലാഹിരി), കരോഗെ യാദ് (ബാസാര്‍ - ഖയ്യാം), സിന്ദഗി സിന്ദഗി മേരെ ഘര്‍ ആനാ (ദൂരിയാ- ജയദേവ്) .....
വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് കോഴിക്കോട് നഗരത്തിന്റെ തിരക്കിലേക്കും ബഹളത്തിലേക്കും മനസ്സില്ലാമനസ്സോടെ സ്വയം പറിച്ചുനട്ട ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിക്ക് എളുപ്പം തൊട്ടറിയാനാകുമായിരുന്നു ആ ഏകാകിയുടെ മനസ്സിനെ. പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പ്രണയമില്ല. സൗഹൃദങ്ങളുടെ ലഹരി നുകരണമെന്നുണ്ട്. പക്ഷേ അത്തരം സദസ്സുകള്‍ക്ക് സ്വീകാര്യനല്ല. പിന്നീട് ഗുല്‍സാറിന്റെ രചനയുടെ അര്‍ഥതലങ്ങളിലേക്കിറങ്ങിച്ചെന്ന് പാട്ട് ആസ്വദിച്ച് തുടങ്ങിയപ്പോള്‍ ചരണത്തിലെ വരികളില്‍ ഞാന്‍ കണ്ടെത്തിയത് എന്നെത്തന്നെ: 'ദിന്‍ ഖാലി ഖാലി ബര്‍തന്‍ ഹേ ഔര്‍ രാത് കേ ജൈസാ അന്ധാ കുവാ (പകലുകള്‍ ഒഴിഞ്ഞ പാത്രങ്ങള്‍ പോലെ, രാവുകള്‍ ആഴം കാണാത്ത കിണറുകള്‍ പോലെയും)'
ഗുല്‍സാര്‍ മനസ്സില്‍ കണ്ടത് 1970 കളിലെ മുംബൈ നഗരത്തേയും അവിടത്തെ ഗതികിട്ടാത്ത തൊഴില്‍രഹിത യൗവ്വനങ്ങളെയുമാകാം. പക്ഷേ 'ഖാലി ബര്‍തന്‍' ലോകത്തെ ഏത് സാധാരണമനുഷ്യനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇമേജറിയായിരുന്നു. ഒഴിഞ്ഞ പാത്രങ്ങള്‍ പോലുള്ള ശൂന്യമായ പകലുകള്‍ ഇന്നുമുണ്ടല്ലോ ജീവിതത്തില്‍. തൊഴിലന്വേഷികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും അതെളുപ്പം മനസ്സിലാകും. ഏറെക്കുറേ ഇതേ ആശയമുള്ള ഹൃദയസ്പര്‍ശിയായ ഒരു ഗാനം അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാസ്‌കരന്‍ മാഷ് 'നഗരമേ നന്ദി' എന്ന മലയാള ചിത്രത്തിന് വേണ്ടി എഴുതിയതോര്‍ക്കുന്നു: നഗരം നഗരം മഹാസാഗരം (സംഗീതം: കെ രാഘവന്‍). 'കുതിച്ചു പായും നഗരിയിലൊരു ചെറു കൂര ചമയ്ക്കുവതെങ്ങനെ ഞാന്‍, പാരാവാര തിരകളിലെന്നുടെ പവിഴദ്വീപ് തകര്‍ന്നാലോ.... '- മറക്കാനാവില്ല ആ വരികള്‍.
ഘരോണ്ട (1977) എന്ന സിനിമയില്‍ 'ദോ ദീവാനേ ശഹര്‍ മേ' എന്ന പ്രണയഗാനത്തിന്റെ തുടര്‍ച്ച പോലെയാണ് 'ഏക് അകേലാ ഇസ് ശഹര്‍ മേ' യുടെ വരവ്. ആദ്യത്തേത് തികച്ചും പ്രതീക്ഷാനിര്‍ഭരമെങ്കില്‍ രണ്ടാമത്തേതില്‍ നിറഞ്ഞു തുളുമ്പുന്നത് നിരാശാഭാവം. ഉന്മാദികളെപ്പോലെ രാപ്പകലെന്നില്ലാതെ നഗരവീഥികളിലൂടെ അലയുന്ന കാമുകീകാമുകന്മാരുടെ ഹൃദയഗീതമാണ് അമോല്‍ പലേക്കറും സറീന വഹാബും പാടി അഭിനയിക്കുന്ന യുഗ്മഗാനം. വന്‍നഗരത്തില്‍ തണല്‍ തേടിയലയുന്ന രണ്ടുപേര്‍. ഒരുമിച്ചു ജീവിതം പടുത്തുയര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. ഇരുവരും സ്വപ്നജീവികള്‍. ഭൂമി ആകാശമായി മാറുന്നു അവരുടെ സങ്കല്‍പ്പങ്ങളില്‍. താരകള്‍ക്കും ചന്ദ്രനുമൊപ്പം ഉറങ്ങാന്‍ കൊതിക്കുന്നു അവരുടെ മനസ്സ്. മുംബൈയില്‍ ഒരു കൊച്ചുവീട് എന്ന മധ്യവര്‍ഗ്ഗക്കാരന്റെ സ്വപ്നത്തില്‍ പ്രണയം ചാലിച്ചുചേര്‍ക്കുകയാണ് ഗുല്‍സാര്‍.
എന്നാല്‍ ആ സ്വപ്നം സഫലമാവുന്നില്ല. ദൗര്‍ഭാഗ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പിന്തുടരുകയാണവരെ. ഒരു ഘട്ടത്തില്‍ പ്രണയം വരെ കൈവിടേണ്ടി വരുന്നു അമോലിന്റെ സുദീപ് എന്ന കഥാപാത്രത്തിന്. ഏകാകിതയുടെ തുരുത്തില്‍ ചെന്നൊടുങ്ങുന്നു അയാള്‍. ഈ ഘട്ടത്തിലാണ് നിരാശാകാമുകന്റെ ആത്മഗീതം പോലെ 'ഏക് അകേലാ ഇസ് ശഹര്‍ മേ' എന്ന പാട്ടിന്റെ വരവ്. 'ജീനേ കി വജാ തോ കോയീ നഹി, മര്‍നേ കാ ബഹാനാ ഡൂംഡ് താ ഹേ' എന്ന ഒറ്റ വരിയില്‍ സുദീപിന്റെ ആത്മനിന്ദ മുഴുവന്‍ ഒതുക്കിവെച്ചിരിക്കുന്നു ഗുല്‍സാര്‍. ജീവിക്കാന്‍ ഒരു കാരണം പോലും കണ്ടെത്താനാകാതെ, മരിക്കാന്‍ അവസരം തേടി നടക്കുന്ന ഒരാള്‍. അനന്തമായി നീളുകയാണ് അയാളുടെ മുന്നിലെ പാത. അതിലൂടെ സഞ്ചരിച്ച് ആരും ലക്ഷ്യത്തിലെത്തി കണ്ടിട്ടില്ല. (ഇന്‍ ഉമ്ര സേ ലംബി സഡ്‌കോം കോ മന്‍സില്‍ പേ പഹൂംച്‌തേ ദേഖാ നഹി, ബസ് ദൗഡ്തീ ഫിര്‍ത്തീ രഹത്തീ ഹേ ഹംനെ തോ തഹര്‍തേ ദേഖ്താ നഹി...)
രവി മേനോൻ രചിച്ച പുസ്തകങ്ങൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ജയദേവിന്റെ സംഗീതമാണ് ആ വരികള്‍ക്ക് ആത്മാവ് പകരുന്നത്. വൈവിധ്യമായിരുന്നു ജയദേവഗീതങ്ങളുടെ സവിശേഷത. പൂര്‍വ മാതൃകകളില്ലാത്ത ശൈലി. ചെയ്ത പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും അവയില്‍ ഒന്നുപോലുമില്ല മാറ്റിവെക്കാന്‍. ഓരോ ഗാനവും വ്യത്യസ്തം. സ്വതന്ത്രമായ സംഗീത ശില്‍പ്പങ്ങള്‍. അഭീ നാ ജാവോ എന്ന പ്രണയഗാനവും മേ സിന്ദഗി കാ സാഥ് നിഭാതാ ചലാ ഗയാ എന്ന ദാര്‍ശനിക ഗാനവും അല്ലാ തേരോ നാം എന്ന ഭജനും കഭി ഖുദ് പേ എന്ന വിഷാദസാന്ദ്രമായ ഗസലും 'ഹം ദോനോം' എന്ന ഒരൊറ്റ പടത്തില്‍ സമ്മാനിച്ച ചരിത്രമുണ്ട് ജയദേവിന്. ഓരോ ജനുസ്സിലേയും ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്നു ആ പാട്ടുകളെല്ലാം.

വിഷാദഗാനത്തിനാണ് കൂടുതല്‍ അര്‍ത്ഥഭംഗിയെങ്കിലും മികച്ച രചനയ്ക്കുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ഗുല്‍സാറിന് നേടിക്കൊടുത്തത് 'ദോ ദീവാനേ ശഹര്‍ മേ' ആയിരുന്നു എന്നതാണ് കൗതുകം. പടമിറങ്ങിയ ഉടന്‍ ഹിറ്റായതും ആ ഗാനം തന്നെ. ബംഗ്ലാദേശി ഗായിക രൂണാലൈലയുടെ കുസൃതി നിറഞ്ഞ ശബ്ദവും ആലാപനവും ഭുപിയുടെ ശബ്ദത്തിലെ വിഷാദമാധുര്യത്തില്‍ ഒഴുകിച്ചേരുമ്പോള്‍ അതൊരു അപൂര്‍വ നാദലയമാകുന്നു. ലതാ മങ്കേഷ്‌കറുടെയും ആശാ ഭോസ്ലെയുടെയും അനുകര്‍ത്താക്കളെ കൊണ്ട് നിറഞ്ഞ സിനിമാ സംഗീതലോകത്ത് എല്ലാം കൊണ്ടും വേറിട്ട ശ്രവ്യാനുഭവമായിരുന്നു രൂണാലൈല. ചരണത്തില്‍ ഭൂപീന്ദര്‍ 'അസ്മാനി രംഗ് കി ആംഖോം മേ' എന്ന് പാടുമ്പോള്‍ 'അസ്മാനി യാ ആസ്മാനി' എന്നൊരു ചോദ്യമുണ്ട് രൂണയുടെ വകയായി. മാഞ്ഞുപോയ ഒരു കാലം മുഴുവന്‍ ഓര്‍മ്മകളിലൊഴുകിയെത്തും ആ ചോദ്യം കേള്‍ക്കുമ്പോള്‍. രണ്ടു ചരണങ്ങള്‍ക്കിടയിലുള്ള വിസിലിംഗ് മറ്റൊരു മറക്കാനാവാത്ത അനുഭവം. അതേ ചൂളംവിളി രണ്ടാമത്തെ പാട്ടിലും ഉപയോഗിച്ചിട്ടുണ്ട് ജയദേവ്. അസ്വസ്ഥതയാണ് അവിടെ അതുണര്‍ത്തുന്ന വികാരം എന്ന് മാത്രം.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സിനിമയില്‍ പ്രണയഗാനത്തിന്റെ തുടര്‍ച്ച പോലെയാണ് വിഷാദഗാനമെങ്കില്‍ എന്റെ കോഴിക്കോടന്‍ ജീവിതത്തില്‍ അത് നേരെ മറിച്ചായിരുന്നു. ആദ്യം വിഷാദം, പിന്നെ പ്രണയം. നഗരം അടിച്ചേല്‍പ്പിച്ച ഒറ്റപ്പെടലില്‍ നിന്ന് പാട്ടിന്റെ കൈപിടിച്ച് പതുക്കെ പുറത്തുകടന്ന് കോഴിക്കോടിനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു ഞാന്‍. തീവ്രമായ ഒരു ഹൃദയബന്ധത്തിന്റെ തുടക്കം. 'ജബ് താരേ സമീന്‍ പര്‍ ചല്‍ത്തേ ഹേ, ആകാശ് സമീന്‍ ഹോ ജാത്താ ഹേ, ഉസ് രാത് നഹി ഫിര്‍ ഘര്‍ ജാത്താ, വോ ചാന്ദ് യഹി സോ ജാത്താ ഹേ' എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ ഉറക്കമില്ലാത്ത കോഴിക്കോടിന്റെ ചിത്രമാണ് മനസ്സില്‍ തെളിയുക. ഈ രാത്രി ഇനി ഉറങ്ങാന്‍ വീട്ടിലേക്ക് പോകേണ്ടെന്ന് സ്‌നേഹപൂര്‍വ്വം കാതില്‍ മൊഴിഞ്ഞുകൊണ്ടിരിക്കുന്നു ഈ നഗരം.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അടുത്തിടെ മിഠായിത്തെരുവില്‍ ചെന്നപ്പോള്‍ ആകസ്മികമെന്നോണം ഏതോ കടയില്‍ നിന്ന് വീണ്ടും ഭുപീന്ദറിനെ കേട്ടു. പാട്ട് വ്യത്യസ്തമായിരുന്നു എന്ന് മാത്രം.
'നാം ഗും ജായേഗാ ചെഹരാ യേ ബദല്‍ ജായേഗാ
മേരി ആവാസ് ഹി പെഹചാന്‍ ഹേ
ഗര്‍ യാദ് രഹേ...'
ശരിയാണ്. പേരുകള്‍ മറന്നാലും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോയാലും ശബ്ദം കൂടെയുണ്ടാകും. ഭൂപീന്ദറും രൂണാലൈലയും പാടിക്കൊണ്ടേയിരിക്കുന്നു കാതുകളില്‍.
Content Highlights: Bhupinder Singh Ek Akelah Ish Shahar Mein Gulzar Jayadev Hindi song Nostalgia Loneliness Urban life
Published: 05 Apr 2025, 09:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented