2011 സെപ്റ്റംബർ 11 മുഹമ്മദ് അസ്ഹറുദ്ദിന് ഒരിക്കലും മറക്കാനാവില്ല. തെലങ്കാന മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അസ്ഹറുദ്ദിന്റെ ജീവിതം പൊടുന്നനെ തലകീഴായി മറിഞ്ഞ ദിവസം. അന്നേ ദിവസം പുലർച്ചെ അസ്ഹറുദ്ദിന്റെ 19 വയസ്സുള്ള ഇളയ മകൻ മുഹമ്മദ് അയസുദ്ദിൻ ബന്ധുവായ പതിനാറുകാരൻ അജ്മലുർ റഹ്‌മാനുമായി തന്റെ സൂപ്പർ ബൈക്കിൽ ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലേക്കിറങ്ങി. അതിവേഗ പാതയായ ഈ എക്സ്പ്രസ് ഹൈവേയിൽ ബൈക്കുകൾക്ക് കർശന നിരോധനമുണ്ടായിരുന്നു. 13 ലക്ഷം രൂപ വില വരുന്ന ആയിരം സിസിയുടെ സുസുക്കി ജിഎസ്എക്സ് ആർ 1000 കിടിലൻ ബൈക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെരുന്നാൾ ദിനത്തിലാണ് അസ്ഹറുദ്ദിൻ മകന് സമ്മാനിച്ചത്. സാധാരണ നിരത്തുകളിൽ ഓടിക്കാനല്ല, മറിച്ച് തീപാറുന്ന റെയ്സ് ട്രാക്കുകൾ ലക്ഷ്യമിട്ടാണ് സുസുക്കി ഈ ബൈക്ക് രൂപകൽപന ചെയ്തിരുന്നത്. പക്ഷേ, യൗവ്വനത്തിന്റെ തിളപ്പിൽ കുട്ടികൾ ഇത്തരം യാഥാർത്ഥ്യങ്ങൾ എളുപ്പത്തിൽ മറന്നുപോവും.

To advertise here,

രണ്ട് യുവാക്കളുടെയും ബൈക്കിലുള്ള കുതിപ്പിന് നിമിഷങ്ങളുടെ ആയുസ്സേയുണ്ടായിരുന്നുള്ളു. 200 കിലോ മീറ്റർ വേഗത്തിലുള്ള പാച്ചിലിൽ നിയന്ത്രണം തെറ്റി റോഡിലെ ഡിവൈഡറിൽ ഇടിച്ച് രണ്ടു പേരും ബൈക്കിൽനിന്ന് തെറിച്ചു വീണു. അജ്മൽ അവിടെവെച്ചു തന്നെ മരിച്ചു. അയസുദ്ദിൻ ഹൈദരാബാദിലെ അപ്പോളൊ ആസ്പത്രിയിൽ അഞ്ചു നാൾ ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ സഞ്ചരിച്ച ശേഷം മരണത്തിന് കീഴടങ്ങി. അപകടം നടക്കുമ്പോൾ ലണ്ടനിലായിരുന്ന അസ്ഹറുദ്ദിൻ തിരിച്ചെത്തി അപ്പോളൊ ആസ്പത്രിയിലെ അതിതീവ്ര പരിചരണ മുറിക്ക് മുന്നിൽ അവസാനനിമിഷം വരെ പ്രത്യാശയോടെ കാത്തിരുന്നു. വളർന്നു വരുന്ന പ്രതിഭാശാലിയായ ക്രിക്കറ്ററായാണ് അയസുദ്ദിൻ വിലയിരുത്തപ്പെട്ടിരുന്നത്. പിതാവിന്റെ ബ്രില്ല്യൻസ് മകനിലുമുണ്ടെന്ന് ക്രിക്കറ്റ് ആസ്വാദകർ ചൂണ്ടിക്കാട്ടിയിരുന്നു.

കൊല്ലുന്ന വേഗം

ആ സമ്മാനം അവന് നൽകരുതായിരുന്നുവെന്ന് പിന്നീടൊരിക്കൽ അസ്ഹർ ഖേദിച്ചു. സ്പോർട്സ് കാറുകളും ബൈക്കുകളും തങ്ങളുടെ കുടുംബത്തിലേക്ക് പിന്നെയൊരിക്കലും പടി കടന്ന് വന്നിട്ടില്ലെന്ന് അസ്ഹറിന്റെ മൂത്ത മകൻ അസദുദ്ദിൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. 'Youth Against Speed' എന്ന പ്രസ്ഥാനത്തിന് രൂപം നൽകിക്കൊണ്ടാണ് അസ്ഹറുദ്ദിന്റെ കുടുംബം ഈ ദാരുണ സംഭവത്തെ നേരിട്ടത്. അയസുദ്ദിനൊപ്പം മരിച്ച അജ്മലിന്റെ പിതാവ് മുഹമ്മദ് കലീക്കർ റഹ്‌മാനായിരുന്നു ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. 'Speed thrills but kills' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. Speed has five letters so has death. Slow has four letters so has life എന്ന സന്ദേശവും മുഹമ്മദ് കലീക്കർ മുന്നോട്ടുവെയ്ക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് ചെറുപ്പക്കാർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് അസ്ഹറുദ്ദിനെയും അയസുദ്ദിനെയും അജ്മലിനെയും ഓർമ്മയിലേക്ക് കൊണ്ടുവന്നത്. അയസുദ്ദിനെപ്പോലെ 19 വയസ്സേയുള്ളു മിനി കൂപ്പർ മാരകമായി ഓടിച്ച സുഹൈൽ സജീവിനും. അയസുദ്ദിൻ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. വേഗം എന്ന ലഹരിയാണ് അയസുദ്ദിന് വിനയായത്. മദ്യത്തിന്റെ പിടിയിലായിരുന്നു എന്നത് സുഹൈലിന്റെ കുറ്റം കുറെക്കൂടി ഗൗരവതരമാക്കുന്നു.

മണിക്കൂറിൽ 250 കിലോ മീറ്റർ വരെ വേഗമാർജ്ജിക്കാൻ കഴിവുള്ള വാഹനമാണ് മിനി കൂപ്പർ. ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും ചെലവാക്കിയാലെ ഇത്തരമൊരു വാഹനം നിരത്തിലിറക്കാനാവൂ. പത്തൊമ്പതുകാരൻ മകന് ഇത്തരമൊരു വാഹനം സമ്മാനിക്കുംമുമ്പ് സുഹൈലിന്റെ മാതാപിതാക്കൾ ഒരു പാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ടായിരുന്നു. വന്യമൃഗങ്ങളെപ്പോലെയാണ് ഈ വാഹനങ്ങൾ എന്നാണ് ഒരു വാഹന വിദഗ്ദ്ധൻ പറഞ്ഞത്.

മെരുങ്ങിയെന്ന് തോന്നിയാലും എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോവാം. മദ്യലഹരിയിൽ ഇത്തരമൊരു വാഹനമോടിക്കുക എന്ന് പറഞ്ഞാൽ മരണവാറന്റ് നെറ്റിയിലൊട്ടിക്കുക എന്നാണർത്ഥം. മണിക്കൂറിൽ 80 കിലോ മീറ്ററാണ് അപകടം നടന്ന എക്സ്പ്രസ് വേയിൽ അനുവദനീയമായ പരമാവധി വേഗം. അപകടസമയത്ത് സുഹൈൽ 125 കിലോ മീറ്റർ വേഗത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നാണ് പോലിസ് പറയുന്നത്. മദ്യപിച്ചിരിക്കുന്ന ഒരാൾക്ക് ഈ വേഗത്തിൽ ഒരുതരത്തിലും വണ്ടി നിയന്ത്രിക്കാനാവില്ല.

വെറുതെ കൊടുക്കുന്ന സമ്മാനങ്ങൾ

സുഹൈലിനെയും മാതാപിതാക്കളെയും വിചാരണ ചെയ്യുക എളുപ്പമാണ്. പക്ഷേ, ഈ ദാരുണസംഭവം കുറെക്കൂടി ഗൗരവമാർന്ന പാഠങ്ങൾ നമ്മുടെ മുന്നിൽ വെയ്ക്കുന്നുണ്ട്. മക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകുമ്പോൾ മാതാപിതാക്കൾ മനസ്സിരുത്തേണ്ട ചില സംഗതികളുണ്ട്. എന്താണ് ഇത്തരമൊരു സമ്മാനത്തിന് അവരെ അർഹരാക്കുന്നത് എന്നതാണ് ആദ്യത്തെ ചോദ്യം. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ മികവ് പുലർത്തിയതിനാണോ സമ്മാനം നൽകുന്നത്?

പലപ്പോഴും ഇത്തരം സമ്മാനങ്ങൾ മാതാപിതാക്കളുടെ പണത്തിന്റെ പ്രദർശനം മാത്രമാവുന്നു. വെറുതെ കിട്ടുന്ന സമ്മാനങ്ങൾ കുട്ടികളെ മായാലോകത്തിലേക്കാണ് നയിക്കുക. മക്കൾക്ക് വേണ്ടി സമയം ചെലവഴിക്കാനാവുന്നില്ല എന്ന കുറ്റബോധം പലപ്പോഴും രക്ഷകർത്താക്കൾ മറികടക്കുന്നത് വിലയേറിയ സമ്മാനങ്ങളിലൂടെയാണ്. മൂല്യവിചാരങ്ങളുടെ തിരസ്‌കരണവും നിരാസവുമാണ് ഇത്തരം സമ്മാനങ്ങൾ എന്നർത്ഥം. സ്‌നേഹത്തിനും കരുതലിനും പകരമാവില്ല ഒരു മിനി കൂപ്പറും എന്ന യാഥാർത്ഥ്യമാണ് മാതാപിതാക്കൾ മറന്നുപോവുന്നത്.

ഒന്നും ചെയ്യാതെ ഇത്തരം സമ്മാനങ്ങൾ കിട്ടുമ്പോൾ തങ്ങളുടെ പ്രസക്തി എന്താണെന്ന ചോദ്യം കുട്ടികളുടെ ഉള്ളിൽ ഉടലെടുക്കും. വ്യത്യസ്തമായി എന്ത് ചെയ്താലാണ് ശ്രദ്ധിക്കപ്പെടുകയെന്ന ചോദ്യമാണത്. ഒരർത്ഥത്തിൽ വലിയൊരു അസ്തിത്വ പ്രതിസന്ധിയുടെ മുനമ്പിലാണ് ഈ കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടുന്നത്. 200 കിലോ മീറ്റർ വേഗത്തിൽ മിനി കൂപ്പർ ഓടിക്കുന്ന വീഡിയോ സുഹൈൽ സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു എന്നാണറിയുന്നത്. സ്വന്തം അസ്തിത്വ പ്രകാശനം ഇങ്ങനെയും ആവാമെന്ന് ചിന്തിക്കുന്ന യുവതലമുറയുടെ പ്രതിനിധിയാണ് സുഹൈൽ എന്ന നിരീക്ഷണം തള്ളിക്കളയേണ്ടതില്ല. ദാ ഞാൻ ഇവിടെയുണ്ട് എന്ന പ്രഖ്യാപനമാണത്. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഇത്തരം പ്രഖ്യാപനങ്ങൾ വെല്ലുവിളിയാണെന്ന ബോധത്തിലേക്ക് ഈ കുട്ടികൾ എത്തുമ്പോഴേക്കും കാര്യങ്ങൾ ചിലപ്പോൾ വല്ലാതെ വൈകിപ്പോയിട്ടുണ്ടാവും.

ചീ എന്ന് കേൾക്കാതെ വളരുന്നവർ

സുഹൈലിന്റെ മാതാപിതാക്കൾ സുഹൈലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുന്നുണ്ടോ എന്നറിയില്ല. കുട്ടികളുടെ അസ്തിത്വ പ്രകാശനങ്ങൾ അറിയേണ്ട സമയത്ത് അറിയാതെ പോകുമ്പോൾ അതിന് കൊടുക്കേണ്ടി വരുന്ന വില എത്ര വലുതാണെന്ന് ഇപ്പോൾ അവർക്ക് വ്യക്തമാകുന്നുണ്ടാവും. എന്തായാലും സുഹൈലിന്റെ സുഹൃത്തുക്കൾ അത് കണ്ടിട്ടുണ്ടാവണം. അപകടം നടക്കുമ്പോൾ മൂന്ന് ചെറുപ്പക്കാർ സുഹൈലിനൊപ്പം വണ്ടിയിലുണ്ടായിരുന്നു. അവർക്കാർക്കും തന്നെ മദ്യപിച്ച് വണ്ടിയോടിക്കുന്നത് അതിഗൗരവമാർന്ന കുറ്റകൃത്യമാണെന്ന ബോധ്യമുണ്ടായിരുന്നില്ല.

ലഹരിക്കടിപ്പെട്ടയാൾ വണ്ടിയോടിക്കുന്നതിന് കൂട്ടുനിൽക്കുന്നത് ആ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ്. അതുകൊണ്ടാണ് ഭാരതീയ ന്യായ സംഹിതയുടെ 49-ാം വകുപ്പ് പ്രകാരം ഈ കൂട്ടുകാർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പക്ഷേ, നമ്മൾ ചോദിക്കേണ്ട ചോദ്യം ഇത്തരം മനോഭാവത്തിലേക്ക് ഈ കുട്ടികൾ എങ്ങിനെ എത്തിച്ചേരുന്നുവെന്നാണ്.

കുട്ടികൾക്ക് ചോദിക്കുന്നതെന്തും നൽകുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വം. ഒരിക്കൽ പോലും 'ചീ' എന്ന് കേൾക്കാതെ വളരുന്ന കുട്ടികൾക്ക് ഒരു ചെറിയ തിരിച്ചടി പോലും താങ്ങാനാവില്ല. എല്ലാം മാതാപിതാക്കൾ നോക്കിക്കൊള്ളും എന്നായാൽ തങ്ങൾ ഒന്നിനും ഉത്തരവാദികളല്ലെന്ന വിശ്വാസത്തിലാവും കുട്ടികൾ വളരുക. എന്തിനുമേതിനും മാതാപിതാക്കളുണ്ടെന്ന ചിന്തയാണത്. മൂന്ന് ചെറുപ്പക്കാർ മരിച്ചുവീണിട്ടും അതെല്ലാം വാപ്പ നോക്കിക്കോളുമെന്ന് പ്രതിസ്ഥാനത്തുള്ള ചെറുപ്പക്കാരൻ പറയുന്നത് ഈ പരിസരത്തിലാണ്.

അക്രമം അലങ്കാരമാക്കുന്ന നായകർ

1980-കളിലാണ് ഈ ലേഖകൻ കോളേജിലുണ്ടായിരുന്നത്. അന്ന് മൊത്തം കോളേജിൽ കാറിലും ബൈക്കിലും വരുന്ന വിദ്യാർത്ഥികൾ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. സഹപാഠികളിലൊരാൾക്ക് മാരുതി 800 ഉണ്ടായിരുന്നു. ഹീറോ ഹോണ്ടയുടെ പുതുപുത്തൻ ബൈക്കും ചങ്ങാതിക്കുണ്ടായിരുന്നു. എന്നാൽ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള ഒരു പരിപാടിക്കും ചങ്ങാതിയുണ്ടാവുമായിരുന്നില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു തരത്തിലുള്ള ബഹളത്തിനും നിൽക്കാതിരുന്ന ഒരാൾ.

കവി അയ്യപ്പപണിക്കർ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോളേജിലെത്തിയപ്പോൾ അദ്ദേഹത്തിന് ചെറുതുരുത്തിയിലെ കലാമണ്ഡലംവരെ അത്യാവശ്യമായി ഒന്നു പോകേണ്ടി വന്നു. അന്ന് കാറും ഡ്രൈവറും വിട്ടുതന്ന് സഹായിച്ചത് ഈ സുഹൃത്തായിരുന്നു. ചങ്ങാതിയുടെ പിതാവിനെ ഒരിക്കൽ വീട്ടിൽ പോയി കണ്ടപ്പോഴാണ് ആ പെരുമാറ്റത്തിന്റെ പൊരുൾ മനസ്സിലായത്. സഹജീവികളോടുള്ള സഹാനുഭൂതിയാണ് മനുഷ്യരെ മനുഷ്യരാക്കുന്നതെന്നും അത് മറന്നാൽ നമ്മളാരും പിന്നെ മനുഷ്യർ എന്ന് വിളിക്കപ്പെടാൻ അർഹരല്ലെന്നും ആ പിതാവ് പറഞ്ഞത് ഇപ്പോഴും ചെവിയിലുണ്ട്.

നമ്മുടെ കുട്ടികൾക്ക് സമൂഹം നൽകുന്ന മാതൃകകൾ ആരാണെന്നും എന്താണെന്നുമുള്ള ചോദ്യം ചോദിക്കുക തന്നെ വേണം. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അതിക്രൂരമായി ആക്രമിക്കുന്ന ഭരണകൂട സംവിധാനങ്ങളാണ് ഇവിയെുള്ളത്. ഭരണാധികാരിയുടെ കൺമുന്നിൽ നടക്കുന്ന അതിക്രമങ്ങൾ 'ജീവൻ രക്ഷാപ്രവർത്തന'മായി വ്യാഖ്യാനിക്കപ്പെടുന്നു. കയ്യും വെട്ടും കാലും വെട്ടും എന്നാണ് തെരുവിൽ ഉയരുന്ന ആക്രോശം.

ജന്തർ മന്തറിൽ പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റുകൾ പ്രയോഗിച്ചുവെന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. നിരത്തിൽ പോലീസോ ക്യാമറയോ ഇല്ലെങ്കിൽ ആ നിമിഷം സിഗ്നൽ തെറ്റിക്കാൻ ഒരു മടിയുമില്ലാത്തവർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആലോചിക്കുകതന്നെ വേണം. സമസ്ത സീമകളും ലംഘിക്കുന്ന വയലൻസാണ് ഇന്നിപ്പോൾ മെഗാ ഹിറ്റുകളാവുന്ന മിക്കവാറും സിനമികളിൽ ഉള്ളത്. അക്രമമാണ് പരിഹാരം എന്ന സന്ദേശം തിരതള്ളുന്ന സിനിമകൾ. കയ്യിൽ കോടാലിയും എകെ 47-മായാണ് നമ്മുടെ നായകർ നീതി നടപ്പാക്കുന്നത്. നിയമവാഴ്ച്ച നിരാകരിക്കുന്ന ഇത്തരം സിനിമകൾ ഒരു സമൂഹത്തേയും മുന്നോട്ട് നയിക്കുന്നില്ല.

കെ.എം. ബഷീറിനെ ഓർക്കുമ്പോൾ

സുഹൈലിനും കുടുംബത്തിനുമെതിരെ മാത്രമല്ല, പോലീസിനും അധികാര കേന്ദ്രങ്ങൾക്കുമെതിരെ കുടുത്ത വിമർശമുയരുന്നുണ്ട്. മുൻകാല അനുഭവങ്ങളാണ് അതിന് വഴിയൊരുക്കുന്നത്. 2019 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് കെ.എം. ബഷീർ എന്ന യുവ പത്രപ്രവർത്തകൻ ദാരുണമായി കൊല്ലപ്പെട്ടത് ഓർക്കാതിരിക്കാനാവില്ല. ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ചാണ് മരണമുണ്ടായതെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ശ്രീറാമിനെ ആദ്യം പരിശോധിച്ച ജനറൽ ആസ്പത്രിയിലെ ഡോക്ടറുടെ റിപ്പോർട്ടിൽ ശ്രീറാമിനെ മദ്യം മണത്തിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് പിണറായി ഇങ്ങനെ പറഞ്ഞത്. പക്ഷേ, അപകടം നടന്ന് ഒമ്പത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീരാമിന്റെ രക്ത പരിശോധനയുണ്ടായത്.

ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ശ്രീറാം സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടുകയും രക്ത പരിശോധനയ്ക്ക് ഒമ്പത് മണിക്കൂറിനു ശേഷം മാത്രം സ്വയം സന്നദ്ധനാവുകയും ചെയ്തത് തെളിവ് നശിപ്പിക്കാനായിരുന്നു എന്ന ഗുരുതര ആരോപണം ഉയർന്നത് വെറുതെയല്ല. ഇതിനുള്ള സാവകാശം ശ്രീറാമിന് കിട്ടിയത് പോലീസ് അടക്കമുള്ള അധികാര കേന്ദ്രങ്ങൾ ഒത്താശ ചെയ്തതുകൊണ്ടാണ്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയ ആ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു തരത്തിലുള്ള നടപടിയുമുണ്ടായില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ചുമത്തുന്ന 185-ാം വകുപ്പിൽനിന്നു ശ്രീറാം രക്ഷപ്പെട്ടു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം.

പോലീസിന്റെ വീഴ്ച്ചകൾ

പണവും അധികാരവും നിയമവും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സുശക്തവും സുദൃഢവുമാണ്. അതുകൊണ്ടാണ് ഇത്തരം കേസുകളിൽ പൊതുജനം അധികാര കേന്ദ്രങ്ങൾക്കെതിരെ നിശിത വിമർശമുയർത്തുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)പ്രകാരം മൂന്ന് സുപ്രധാന വകുപ്പുകൾ സുഹൈലിനെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതകമല്ലാത്ത നരഹത്യയ്ക്കെതിരെയുളള 105, മദ്യപിച്ച് വണ്ടിയോടിക്കുന്നതിനുള്ള 185, അപകടകരമായി വണ്ടി ഓടിക്കുന്നതിനുള്ള 281 എന്നിവയാണവ.

മുൻകൂട്ടി തീരുമാനിച്ച് കൊല ചെയ്യാൻ ഇറങ്ങിയതല്ലെന്ന നിഗമനത്തിലാണ് കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുന്നത്. സുഹൈൽ മിനി കൂപ്പറുമായി റോഡിലിറങ്ങിയത് കൊല നടത്താൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടല്ലെന്ന് ചുരുക്കം. അതേസമയം, മദ്യപിച്ച് വണ്ടിയോടിക്കുന്നത് അപകടത്തിനിടയാക്കുമെന്നും അത് മരണകാരണമായേക്കുമെന്നുള്ള അറിവില്ലായിരുന്നുവെന്ന് സുഹൈലിന് പറയാനാവില്ല. അതുകൊണ്ടാണ് കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് 105-ാം വകുപ്പ് പ്രകാരം കേസെടുക്കുന്നത്.

2015-ൽ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന്റെ കേസ് വ്യത്യസ്തമാവുന്നത് ഇവിടെയാണ്.

നൂറ് മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാം മദ്യമുണ്ടെങ്കിൽ പ്രതിക്കെതിരെ പോലിസിന് 185-ാം വകുപ്പ് പ്രയോഗിക്കാം. സുഹൈലിന്റെ രക്തത്തിൽ 150 മില്ലി ഗ്രാമോളം മദ്യമുണ്ടായിരുന്നതായാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. ഇത്രയും മദ്യലഹരിയിൽ മിനി കൂപ്പർ പോലൊരു വണ്ടി ഓടിക്കുന്നത് സമൂഹത്തെ മൊത്തത്തിൽ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ്.

ഈ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും പ്രതികൾക്ക് അവരർഹിക്കുന്ന ശിക്ഷ കിട്ടുമെന്നും ഉറപ്പാക്കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ട്. കേസന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ചില വീഴ്ച്ചകളുണ്ടായി എന്ന ആരോപണം അങ്ങനെയങ്ങ് തള്ളിക്കളയേണ്ടതില്ല. അപകടം നടന്നത് പുലർച്ചെ ഒന്നേ മുക്കാലോടെയാണ്. നാല് മണിയോടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിരമറിയുന്നു. നാല് കിലോമീറ്റർ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനാണിത്.

ഒരു പ്രധാന പാതയിലുണ്ടായ അപകടം അറിയാൻ രണ്ട് മണിക്കൂറെടുത്തു എന്നതിൽ തീർച്ചയായും അപാകമുണ്ട്. നാല് മണിക്ക് വിവരമറിഞ്ഞ പോലീസ് എഫഐആർ രേഖപ്പെടുത്തുന്നത് ഏഴ് മണിയോടെയാണ്. ഈ മൂന്നു മണിക്കൂറും പ്രതിയായ പയ്യനും കൂട്ടുകാരും പോലീസിനൊപ്പമുണ്ടായിരുന്നു. എന്നിട്ടും പ്രതി അജ്ഞാതനാണെന്നാണ് പോലീസ് ആദ്യം രേഖപ്പെടുത്തിയത്. ഇതൊക്കെ തീർത്തും നിഷ്‌കളങ്കമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുക എളുപ്പമല്ല.

മനുഷ്യരും മനുഷ്യത്വവും

മൂന്ന് കുടുംബങ്ങളുടെ ആശയും പ്രതീക്ഷയുമായിരുന്ന മൂന്ന് ചെറുപ്പക്കാരാണ് നിരത്തിൽ ഇല്ലാതായത്. ആ കുടുംബങ്ങൾക്ക് നീതി കിട്ടുക തന്നെ വേണം. കുടുംബങ്ങളുടെ അത്താണിയായിരുന്ന ചെറുപ്പക്കാരാണിവർ. ഇവരുടെ മരണം ആ കുടുംബങ്ങളെ അനിശ്ചിതത്വത്തിന്റെ പെരുങ്കടലിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. അവരെ സഹായിക്കുന്നതിനുള്ള ബാദ്ധ്യതയിൽനിന്നു ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല.

അവരർഹിക്കുന്ന നഷ്ടപരിഹാരം എത്രയും പെട്ടെന്നുതന്നെ ലഭ്യമാക്കണം. ഹൈക്കോടതി ചോദിച്ചതുപോലെ എഐ ക്യാമറകൾ ഇത്തരം കുറ്റകൃത്യങ്ങൾ ഒപ്പിയെടുക്കുമ്പോൾ വെറുതെ പിഴയടപ്പിക്കുക മാത്രമാണോ നമ്മുടെ നിയമ സംവിധാനങ്ങൾ ചെയ്യുന്നത്. ഇങ്ങനെ വണ്ടികളോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യാൻ എന്തുകൊണ്ട് നടപടി ഉണ്ടാവുന്നില്ല.

സുഹൈലിന്റെ കുടുംബത്തിനെ വളഞ്ഞിട്ടാക്രമിക്കുകയല്ല ഈ തെറ്റിനുള്ള പരിഹാരം. അവരുടെ ചോരയ്ക്കായി ആക്രോശിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വീഴ്ചകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാൻ ആ കുടുംബത്തിനാവണം. അസ്ഹറുദ്ദിന്റെ കുടുംബം രൂപം നൽകിയ 'Youth Against Speed' പോലെ ലഹരിക്കും വേഗത്തിനുമെതിരെ യുവത എന്നൊരു സംരംഭത്തിന് മുൻകൈയ്യെടുക്കാൻ സുഹൈലിന്റെ കുടുംബത്തിനുമാവട്ടെ. ഇനിയൊരു കുടുംബത്തിനും ഗോപികയും ദേവികയും ഇജാസും നഷ്ടപ്പെടാതിരിക്കട്ടെ.

ഒരു മനുഷ്യനും ഒരു ദ്വീപല്ലെന്ന് പറഞ്ഞത് ആംഗലേയ കവി ജോൺ ഡൺ ആണ്. അതുകൊണ്ടാണ് മരണമണി മുഴങ്ങുമ്പോൾ അതാർക്ക് വേണ്ടിയാണെന്ന് അന്വേഷിക്കരുതെന്നും അത് നമുക്ക് വേണ്ടിക്കൂടിയാണെന്നും നഷ്ടപ്പെടുന്നത് നമ്മുടെതന്നെ ഭാഗമാണെന്നും ഡൺ എഴുതിയത്. ഇനിയൊരു നിരത്തിലും ചോര വീഴാതിരിക്കട്ടെ. നമ്മുടെ കുട്ടികൾ രാക്ഷസരായല്ല കൂടുതൽ കൂടുതൽ മനുഷ്യരായി വളരട്ടെ!

വഴിയിൽ കേട്ടത്: അമേരിക്കൻ വിദേശകാര്യമന്ത്രി മാർക്ക് റുബയൊ ഇന്ത്യൻ സന്ദർശനത്തിനിടെ മുകേഷ് അംബാനിയെ കാണും പ്രധാനമന്ത്രി മോദിയെ കാണില്ല. ഈ മുകേഷിനെയല്ലേ അടുത്തിടെ സാക്ഷാൽ ഇലോൺ മസ്‌ക് പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്!