രൂപമല്ല, ശബ്ദമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത്. ബുക്ക് സ്റ്റാളില്‍ ഭംഗിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളെടുത്തു വെറുതെ മറിച്ചു നോക്കി നടക്കവേ, കാതില്‍ ഒരു മൃദുമന്ത്രണം: 'മദ്രാസില്‍ പോയാല്‍ ജോയി സാറിനെ കാണാന്‍ പറ്റുമോ ചേട്ടാ? '

To advertise here,

ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ തൊട്ടരികെ തെല്ലു ജാള്യം കലര്‍ന്ന ചിരിയുമായി ഒരു ചെറുപ്പക്കാരന്‍. കയ്യില്‍ 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ അപ്പോള്‍ വാങ്ങിയ കോപ്പി. കാഴ്ച്ചയില്‍ ക്ഷീണിതന്‍. മുണ്ടും ഷര്‍ട്ടുമാണ് വേഷം. എങ്കിലും കണ്ണുകളില്‍ നിഷ്‌കളങ്കമായ ഒരു ചിരിയുടെ തിളക്കമുണ്ട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് സുല്‍ഫി എന്ന വായനക്കാരന്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നിമിഷം.

സംഗീതസംവിധായകന്‍ കെജെ ജോയിയുടെ വലിയൊരു ആരാധകനാണ് സുല്‍ഫി. ജോയിയുടെ സൃഷ്ടികളെല്ലാം മനഃപാഠം. യാദൃച്ഛികമായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച്ച. 'മൊഴികളില്‍ സംഗീതമായി'യിലെ ജോയിയെക്കുറിച്ചുള്ള  ലഖനം വായിച്ചു കണ്ണെടുത്തതും ഗ്രന്ഥകാരനെ തൊട്ടരികെ കണ്ടതും ഒപ്പം. 'ചേട്ടന്‍ തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ബുക്ക് സ്റ്റാളിലെ മാനേജരോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പരിചയപ്പെടാന്‍ വന്നത്. എന്നാലും ചെറിയൊരു പേടി തോന്നി. എഴുത്തുകാരാകുമ്പോള്‍ ബുദ്ധിജീവികളാകുമല്ലോ. എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആരാധകനാണെന്ന് പറഞ്ഞു അടുത്ത് ചെന്നതിന്റെ പേരില്‍ വലിയ ഒരു കഥാകൃത്ത് എന്നെ തെറി പറഞ്ഞു ഓടിച്ചിട്ടുണ്ട്...'

സുല്‍ഫിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയാണ് ആദ്യം മനസ്സിനെ തൊട്ടത്. അന്ധനായ ആരാധകനല്ല. പ്രശംസയോടൊപ്പം വിമര്‍ശനങ്ങളും പങ്കുവെക്കാന്‍ മടിക്കാത്തയാള്‍. 'തുറന്നു പറയുന്നതില്‍ വിരോധമില്ലല്ലോ' എന്ന് ഭവ്യതയോടെ ചോദിക്കും ആദ്യം. എന്നിട്ടാണ് കാഴ്ചപ്പാട് വ്യക്തമാക്കുക. ഇഷ്ടപ്പെട്ടു അയാളെ. 

നെടുമങ്ങാടിന് സമീപത്തുള്ള ഏതോ പ്രദേശത്താണ് സുല്‍ഫിയുടെ വാടക വീട്. ജോലി ബാര്‍ബര്‍ ഷാപ്പില്‍. പഠിച്ചത് പത്തു വരെ. പക്ഷേ നല്ല വായനക്കാരനാണ്. മുടി വെട്ടിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കുക പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാന്‍. ഇഷ്ടപുസ്തകങ്ങളില്‍ ഞാനെഴുതിയ 'പാട്ടുപുസ്തകങ്ങ'ളും ഉണ്ടെന്നത് ആഹ്ളാദം പകര്‍ന്ന അറിവായിരുന്നു. 

ഏറ്റവും പുതിയ പുസ്തകമായ 'മൊഴികളില്‍ സംഗീതമായി' സ്വന്തമാക്കാന്‍ തിരുവനന്തപുരം പുളിമൂട്ടിലെ കേസരി ബില്‍ഡിങ്ങില്‍ അന്നുണ്ടായിരുന്ന മാതൃഭൂമി ബുക്ക് സ്റ്റാളില്‍ എത്തിയതായിരുന്നു സുല്‍ഫി. അതുവരെയിറങ്ങിയ പുസ്തകങ്ങളെല്ലാം കയ്യിലുണ്ട്. 1970-80 കാലഘട്ടത്തിലെ മലയാളം സിനിമാപ്പാട്ടുകളോടാണ് സുല്‍ഫിക്ക് കമ്പം. ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ എന്നിവര്‍ പ്രിയപ്പെട്ട എഴുത്തുകാര്‍. സംഗീത സംവിധായകരില്‍ ജോയിയോടുള്ള സ്‌നേഹം മറ്റാരോടുമില്ല. ഇഷ്ടഗായകന്‍ എം ജി ശ്രീകുമാര്‍. 'ജോയി സാറിന്റെയും ശ്രീക്കുട്ടന്‍ ചേട്ടന്റേയും പാട്ടുകള്‍ മാത്രമുള്ള സിഡി ആണ് ഷാപ്പില്‍ വെക്കുക. മൊതലാളിക്ക് പാട്ട് അത്ര വലിയ ഇഷ്ടമൊന്നുമല്ല. എന്നാണ് എന്നെ ചവിട്ടിപ്പുറത്താക്കുക എന്നറിയില്ല.' -സുല്‍ഫി ചിരിച്ചു.

ബുക്ക് സ്റ്റാളില്‍ നിന്ന് പുറത്തിറങ്ങും മുന്‍പ്, സുല്‍ഫിക്കുള്ള എന്റെ സമ്മാനമാകട്ടെ ഈ പുസ്തകം എന്ന് പറഞ്ഞു കീശയില്‍ നിന്ന് അതിന്റെ വിലയെടുത്തു കൊടുക്കാനാഞ്ഞപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ  പ്രതികരണം: 'ഏയ് വേണ്ട ചേട്ടാ, പുസ്തകം നമ്മള് പൈസ കൊടുത്തേ വാങ്ങൂ. അതൊരു ശീലമായി. ഫ്രീ ആയി കിട്ടിയാല്‍ വായിക്കാന്‍ ഒരു രസം തോന്നില്ല. വില കൊടുത്തു വാങ്ങിയാലേ ശ്രദ്ധിച്ചു വായിക്കൂ.' ചിരിച്ചുകൊണ്ട് ഇത്ര കൂടി പറഞ്ഞു സുല്‍ഫി: 'ഒക്കെ നമ്മുടെ ഓരോ തോന്നല്‍.' 

വില കൊടുത്തുതന്നെ 'മൊഴികളില്‍ സംഗീതമായി' സ്വന്തമാക്കി സുല്‍ഫി. സ്റ്റാച്യൂവിലേക്കുള്ള വഴിയിലെ ഒരു തട്ടുകടയില്‍ നിന്ന് ചായ കുടിച്ചാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. നടക്കുന്നതിനിടെ സ്വന്തം ജീവിതകഥ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവെച്ചു അയാള്‍. കേരള അതിര്‍ത്തിയിലെ തക്കലയ്ക്ക്  അടുത്തെവിടെയോ ആണ് ജന്മവീട്. ഓല മേഞ്ഞ ആ വീടിന്റെ നേരിയ ഓര്‍മ്മയേ ഉള്ളൂ. ബാപ്പ പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഒപ്പം നല്ല വായനക്കാരനും. തമിഴും മലയാളവും വായിക്കും. പുസ്തകങ്ങളോടുള്ള താല്‍പ്പര്യം ബാപ്പ വഴി കിട്ടിയതാണ്. പാട്ടുകമ്പം ഉമ്മയില്‍ നിന്നും. സുല്‍ഫി ഏഴില്‍ പഠിക്കുമ്പോള്‍ ബാപ്പ ഹൃദയസ്തംഭനത്തിന് കീഴടങ്ങി. അതോടെ ജീവിതം വഴിമുട്ടി. പഠനവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകേണ്ട ഗതികേടിലെത്തി സുല്‍ഫി. പട്ടിണിയും പരിവട്ടവും നിറഞ്ഞ ദിനങ്ങള്‍. അപ്പോഴും ബാപ്പ വാങ്ങി പൊന്നുപോലെ സൂക്ഷിച്ചു വെച്ചിരുന്ന പുസ്തകങ്ങളായിരുന്നു കൂട്ട്. അന്നൊക്കെ വിശപ്പടക്കിയത് '

'ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ ഏതൊക്കെ? കേട്ടു മതിവരാത്ത പാട്ടുകള്‍?' -ജിജ്ഞാസയില്‍ നിന്ന് ഒരു ചോദ്യം. നിമിഷനേരത്തെ മൗനത്തിന് ശേഷം സുല്‍ഫി പറഞ്ഞു: 'ചേട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ജോയ് സാറിന്റെ എവിടെയോ കളഞ്ഞുപോയ കൗമാരം, പിന്നെ എംജിയുടെ മായാമയൂരം പീലിനീര്‍ത്തിയോ. രണ്ടും നമ്മുടെ കഷ്ടപ്പാടിന്റെ കാലത്ത് സന്തോഷം തന്ന പാട്ടുകളാണ്.' ചെറിയൊരു അത്ഭുതം തോന്നി. സുല്‍ഫി ജനിക്കുന്നതിനും എത്രയോ മുന്‍പുള്ള പാട്ടാണ് 'ശക്തി'യിലെ എവിടെയോ കളഞ്ഞു പോയ കൗമാരം. എന്റെ മനസ്സ് വായിച്ചെടുത്ത പോലെ സുല്‍ഫി പറഞ്ഞു: 'എനിക്ക് ഗസല്‍ വലിയ ഇഷ്ടമാണ്. ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഗസലാണ് ഓര്‍മ്മവരിക. ഇഷ്ടമുള്ള വേറൊരു പാട്ട് ജയചന്ദ്രന്‍ പാടിയ മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..'

ഉമ്മയും അകാലത്തില്‍ മരിച്ചതോടെ സുല്‍ഫിയും പുസ്തകങ്ങളും മാത്രമായി വീട്ടില്‍. കിട്ടിയ വിലയ്ക്ക് വീട് വിറ്റ് ഉപജീവനാര്‍ത്ഥം തിരുവനന്തപുരം ജില്ലയില്‍ എത്തുന്നത് അങ്ങനെയാണ്. വാര്‍ക്കപ്പണിയായിരുന്നു ആദ്യം. പിന്നെ മീന്‍ കച്ചവടം. പത്രവിതരണക്കാരന്റെയും റേഷന്‍ ഷാപ്പിലെ  എടുത്തുകൊടുപ്പുകാരന്റെയുമൊക്കെ വേഷം അണിഞ്ഞ ശേഷമാണ്  ബാര്‍ബര്‍ ഷോപ്പിലേക്കുള്ള കുടിയേറ്റം. 'മുടി വെട്ടി ശീലമൊന്നുമില്ല. ഇവിടെ വന്നാണ് പഠിച്ചത്. എങ്കിലും എത്ര കാലം ഈ പണിയുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നറിയില്ല.'

യാത്ര പറഞ്ഞു പിരിയും മുന്‍പ്  ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ കൈകളില്‍ സ്‌നേഹപൂര്‍വ്വം അമര്‍ത്തിക്കൊണ്ട് സുല്‍ഫി പറഞ്ഞു: 'മ്മക്ക് മൊബൈല്‍ ഒന്നും ഇല്ല. ഷാപ്പില്‍ ഫോണുണ്ട്. എന്നാല്‍ അതില്‍ വിളിക്കേണ്ട. മുതലാളിക്ക് ഇഷ്ടപ്പെടൂല. ആവശ്യം വന്നാല്‍ ഞാന്‍ ങ്ങളെ വിളിച്ചോളാം. നമ്പര്‍ തന്നാല്‍ മതി...'

നെടുമങ്ങാട്ടേക്കുള്ള ബസ്സിന് പിറകെ ഓടിപ്പോകുന്ന സുല്‍ഫിയെ അത്ഭുതത്തോടെ നോക്കി നിന്നത് ഓര്‍മ്മയുണ്ട്. യാത്രകളില്‍ എത്രയോ വായനക്കാരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പട്ടിണി കിടന്നും പുസ്തകം വായിക്കുന്ന ഒരാളെ കണ്ടുമുട്ടിയത് ആദ്യം.  

മൂന്നോ നാലോ തവണ കൂടി വിളിച്ചിരിക്കും സുല്‍ഫി. സംശയനിവാരണത്തിനാണ്  വിളിക്കുക; ലാന്‍ഡ് ഫോണില്‍ നിന്ന്. അതിനിടെ സിനിമാഗാനങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും പങ്കുവെക്കും. സുചിന്തിതമായ നിരീക്ഷണങ്ങള്‍. കെജെ ജോയിയെ എന്നെങ്കിലും നേരില്‍ കാണണമെന്നായിരുന്നു അയാളുടെ മോഹം. പക്ഷേ അതിനകം ജോയിയേട്ടന്‍ പക്ഷാഘാതം വന്ന് പൂര്‍ണമായും കിടപ്പിലായിരുന്നു. ഫോണില്‍  ബന്ധപ്പെട്ടു നോക്കിയെങ്കിലും സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചില്ല. 'സാരമില്ല. ജോയിയേട്ടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ വളരെ ഹാപ്പി ആയ, എപ്പോഴും ചിരിക്കുന്ന ഒരു മുഖമാണ് ഓര്‍മ്മ വരിക. ആ മുഖം മനസ്സില്‍ അങ്ങനെ തന്നെ ഇരിക്കട്ടെ.' -സുല്‍ഫി സ്വയം ആശ്വസിച്ചു. 

അവസാനം വിളിച്ചപ്പോള്‍, തലേന്ന് പെയ്ത പേമാരിയില്‍ ഒലിച്ചുപോയ പുസ്തകങ്ങളെയോര്‍ത്ത്  വിലപിക്കുന്ന സുല്‍ഫിയായിരുന്നു ഫോണിന്റെ മറുതലക്കല്‍. അപ്പോഴേക്കും ബാര്‍ബര്‍ ഷാപ്പിലെ ജോലി ഉപേക്ഷിച്ചിരുന്നു അയാള്‍. 'ഒരു പണിയുമില്ല ഇനി ചെയ്യാന്‍ ബാക്കി.'-അന്ന് സുല്‍ഫി പറഞ്ഞു. 'തക്കലയിലേക്ക് തിരിച്ചുപോയാലോ എന്ന് ആലോചിക്കുകയാണ്. അവിടെ ബാപ്പയുടെ ഒരു പെങ്ങളുടെ ഫാമിലി ഉണ്ട്.  അവര്‍ ഒരു കോഴി ഫാം നടത്തുന്നുണ്ട് എന്നാണ് അറിവ്. എന്തെങ്കിലും ജോലി നോക്കണം.... ജീവിക്കണ്ടേ?'

ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിനിടെ ഒരു കാര്യം ചോദിച്ചറിയാന്‍ മറന്നില്ല സുല്‍ഫി: 'സാറിന്റെ ഏതെങ്കിലും പുതിയ പുസ്തകം ഇറങ്ങിയിട്ടുണ്ടോ? ഞാന്‍ ഫെയ്​സ്ബുക്കിലൊന്നും ഇല്ലാത്തതുകൊണ്ട് ഒന്നും അറിയുന്നില്ല.' വരുമാനമില്ലാതെ നീ എങ്ങനെ പുസ്തകം വാങ്ങും എന്ന മറുചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം നിശ്ശബ്ദനായി അയാള്‍. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു: 'പട്ടിണി കിടന്നാലും വായന മൊടക്കില്ല ചേട്ടാ. ആ സമയത്ത് പുസ്തകം വാങ്ങാനുള്ള പണം  പടച്ചോന്‍ എവിടുന്നെങ്കിലും കൊണ്ടു തരും.'

അതായിരുന്നു യാത്രാമൊഴി. പിന്നീടൊരിക്കലും സുല്‍ഫിയുടെ കോള്‍ വന്നില്ല. കോവിഡ് അതിനകം നിത്യജീവിതത്തില്‍ പിടിമുറുക്കിയിരുന്നു. പുതിയൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തി ജീവിതം വീണ്ടും കെട്ടിപ്പടുത്തിരിക്കുമോ അയാള്‍? അതോ ജോലികളില്‍ നിന്ന് ജോലികളിലേക്കുള്ള നെട്ടോട്ടം തുടരുകയാകുമോ?

ഓരോ പുതിയ പുസ്തകവും ഇറങ്ങുമ്പോഴും സുല്‍ഫിയെ ഓര്‍ക്കും. പുസ്തകം തിന്നും പാട്ട് കുടിച്ചും വിശപ്പടക്കുന്ന ഒരാള്‍. എത്ര തിന്നാലും  എത്ര കുടിച്ചാലും  അടങ്ങില്ലല്ലോ ആ വിശപ്പ്. അത്തരം വിശപ്പുകളില്ലെങ്കില്‍ ജീവിതത്തിന് എന്തര്‍ത്ഥം?