ഓർത്താൽ വിസ്മയം മാത്രം. അനേകം പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് ക്ലിപ്‌തസമയത്തിനുള്ളിൽ എഴുതിത്തീർക്കുന്ന ഗാനങ്ങളിൽ ചിലത് സിനിമയിലെ കഥാസന്ദർഭത്തിനും സിനിമക്ക് തന്നെയും അപ്പുറത്തേക്ക് ചിറകടിച്ചു പറന്നുയരുന്നു. അകലെയെങ്ങോയുള്ള അജ്ഞാതരായ ഏതൊക്കെയോ മനുഷ്യരുടെ ഹൃദയങ്ങളെ ചെന്നുതൊടുന്നു അത്. പ്രതിസന്ധികളിൽ അവർക്ക് താങ്ങും തണലും തുണയുമാകുന്നു.
ഒരു സിനിമാഗാനത്തിന് മാത്രം സാധിക്കുന്ന മാജിക്. പാട്ടിന്റെ ആ മഹേന്ദ്രജാലം പല തവണ അനുഭവിച്ചിട്ടും ആസ്വദിച്ചിട്ടുമുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. പതിറ്റാണ്ടുകൾ നീണ്ട ഗാനരചനാജീവിതം സാർത്ഥകമായി എന്ന് ആഹ്ളാദത്തോടെ തിരിച്ചറിയുന്ന അപൂർവനിമിഷങ്ങൾ.
ഏറ്റവും വികാരഭരിതമായ മുഹൂർത്തങ്ങളിലൊന്ന് കുറച്ചു വർഷം മുൻപ് കൊച്ചിയിൽ ഒരു കലാസംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന എം.എസ്. വിശ്വനാഥൻ അനുസ്മരണച്ചടങ്ങിലായിരുന്നു.
'പരിപാടി ഉദ്‌ഘാടനം ചെയ്തത് ഹൈക്കോടതിയിലെ ആദരണീയനായ ന്യായാധിപനാണ്. വേദിയിൽ അതിഥികളിലൊരാളായി ഞാനുമുണ്ട്.' - മങ്കൊമ്പിന്റെ ഓർമ്മ.
'പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു: കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ച ജഡ്ജിമാരിൽ ഒരാളാണ് ഞാൻ. ഓരോ വിധിപ്രസ്താവം കഴിയുമ്പോഴും മനസ്സ് വല്ലാതെ അശാന്തമായിരിക്കും. എവിടെയെങ്കിലും തെറ്റുപറ്റിയിട്ടുണ്ടോ എനിക്ക്? ഏതെങ്കിലുമൊരു സൂക്ഷ്മവശം കാണാതെ പോയിട്ടുണ്ടോ? ശിക്ഷയുടെ കാഠിന്യം അൽപ്പം കൂടിപ്പോയോ? ഇതൊക്കെയാകും ചിന്ത. ആത്മസംഘർഷത്തിന്റെ ആ നിമിഷങ്ങളിൽ പലപ്പോഴും ആശ്വാസമാകുക സംഗീതമാണ്; പ്രത്യേകിച്ച് ഗസലുകളും പഴയ ചലച്ചിത്ര ഗാനങ്ങളും. അക്കൂട്ടത്തിൽ ഞാൻ പതിവായി കേൾക്കാറുള്ള ഒരു പാട്ടുണ്ട്. മലയാളത്തിലെ ഒരു സിനിമാപ്പാട്ടാണ്. വലിയൊരു സാന്ത്വനമാണ് എനിക്ക് ആ പാട്ട്. അതെഴുതിയ ആളെ ഇന്ന് പരിചയപ്പെടാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യം.''
പാട്ട് ഇതായിരുന്നു: 'ആശ്രിത വത്സലനേ കൃഷ്ണാ കൃഷ്ണാ, അഭയം നീയരുളൂ... '
വേദിയിൽ ന്യായാധിപന്റെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ തലകുനിച്ചിരുന്നു ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. പതിറ്റാണ്ടുകൾക്ക് മുൻപ് പുറത്തിറങ്ങിയ 'സുജാത'യുടെ സംവിധായകൻ ഹരിഹരനും നിർമാതാവ് പി.വി. ഗംഗാധരനും സംഗീത സംവിധായകൻ രവീന്ദ്ര ജെയിനിനും മനസ്സു കൊണ്ട് നന്ദി പറഞ്ഞു അദ്ദേഹം. അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ പാട്ടിന്റെ ജനപ്രീതി.

'വെല്ലുവിളികൾ പലതുണ്ട് ഗാനരചയിതാവിന് മുന്നിൽ. പലപ്പോഴും ചുരുങ്ങിയ സമയത്തിലാണ് പാട്ടെഴുതിക്കൊടുക്കേണ്ടി വരിക. പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ടതായിരിക്കും.' - മങ്കൊമ്പിന്റെ വാക്കുകൾ. 'കഥാമുഹൂർത്തം കൃത്യമായി ഉൾക്കൊണ്ടുവേണം പാട്ടെഴുതാൻ. മുൻകൂട്ടി തയ്യാറാക്കിയ ട്യൂണിന് അനുസരിച്ചാണ് എഴുതേണ്ടതെന്ന് വന്നാൽ നമ്മുടെ ദൗത്യം പിന്നേയും ദുഷ്കരമാകും. ധാരാളം ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടിവരും. എങ്ങനേയും സമയത്തിന് പാട്ടെഴുതിത്തീർത്ത് സ്ഥലം വിടുക എന്ന ഒരൊറ്റ ചിന്തയേ ഉണ്ടാകൂ അപ്പോൾ.'
വെല്ലുവിളികൾ അങ്ങനെ നിരവധി. അതെല്ലാം മറികടന്നുകൊണ്ട് നമ്മളെഴുതുന്ന പാട്ടുകളിൽ ചിലത് ആരുടെയൊക്കെയോ ഹൃദയത്തിൽ ഇടംനേടുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം - അതിന് പകരം വെക്കാൻ മറ്റൊന്നുമില്ല എന്ന് മങ്കൊമ്പ്. 'ആശ്രിതവത്സലനേ' എന്ന പാട്ടെഴുതിയത് മുംബൈയിലെ ഒരു മുറിയിലിരുന്ന് രവീന്ദ്ര ജെയിൻ ഹാർമോണിയത്തിൽ വായിച്ചുതന്ന ഈണത്തിനനുസരിച്ചാണ്. ഒന്നാന്തരം കവിയാണ് ജെയ്ൻ. വൃക്ഷത്തലപ്പിൽ കാറ്റുവന്നു നൃത്തം ചെയ്യുമ്പോൾ നിന്റെ പാദപതനം കേട്ടു ഞാൻ കോരിത്തരിച്ചു എന്നെഴുതിയയാൾ ജന്മനാ അന്ധനാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിയിരുന്നു. അക്ഷരസ്നേഹി കൂടിയായതുകൊണ്ടാവാം വരികളുടെ അർത്ഥം ചോദിച്ചു മനസ്സിലാക്കിയാണ് അദ്ദേഹം കംപോസ് ചെയ്യുക.' ഹേമലത ആ പാട്ട് പാടട്ടെ എന്ന് അഭിപ്രായപ്പെട്ടതും ജെയിൻ തന്നെ. പാടുന്നത് ഉത്തരേന്ത്യൻ ഗായികയായതിനാൽ ലളിതപദങ്ങൾ മതി പാട്ടിൽ എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു മങ്കൊമ്പ്. ഉച്ചാരണത്തിലെ പിഴവുകളൊന്നും പാട്ടിന്റെ ആസ്വാദ്യതയെ ബാധിച്ചില്ല എന്നതാണ് അത്ഭുതം. മറിച്ചായിരുന്നെങ്കിൽ കാലങ്ങൾക്കിപ്പുറവും അത് ജീവിക്കില്ലല്ലോ.
മറ്റൊരോർമ്മ 'ബാബുമോൻ' എന്ന പടത്തിലെ പാട്ടുമായി ബന്ധപ്പെട്ടാണ്. 'സ്വന്തം മകനുമായി ഗുരുവായൂരിൽ എന്നെ കാണാനെത്തിയതായിരുന്നു തനി നാട്ടിൻപുറത്തുകാരായ ആ അച്ഛനും അമ്മയും. ജന്മനാ മൂകനായിരുന്ന മകന് സംസാരശേഷി വീണ്ടുകിട്ടിയതിലുള്ള സന്തോഷം പങ്കുവെക്കാനാണ് അവർ വന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ഉറച്ചു വിശ്വസിച്ചു അച്ഛൻ. ഒരിക്കൽ കടുത്ത നിരീശ്വരവാദിയായിരുന്ന അയാളെ അടിയുറച്ച ഭക്തനാക്കി മാറ്റിയത് 'ബാബുമോനി'ൽ ഞാനെഴുതിയ 'ഇവിടമാണീശ്വര സന്നിധാനം എന്ന പാട്ടിലെ ഒരൊറ്റ വരിയാണത്രെ: അന്ധന് കാഴ്ച്ച നൽകും വൃന്ദാവനം, ഊമകൾക്ക് നാവ് നൽകും വൃന്ദാവനം. ഒരു പാട്ടെഴുത്തുകാരന് ആനന്ദിക്കാൻ വേറെന്തുവേണം? '
ഹരിഹരൻ സംവിധാനം ചെയ്ത 'ബാബുമോനി'ൽ സമാനമായ കഥാസന്ദർഭത്തിലാണ് ഈ പാട്ട് കടന്നുവരുന്നതും. മാസ്റ്റർ രഘു അവതരിപ്പിച്ച ബാബു എന്ന മൂക കഥാപാത്രത്തിന് സംസാരശേഷി വീണ്ടുകിട്ടുകയാണ് ഗാനത്തിനൊടുവിൽ. മങ്കൊമ്പ് എഴുതി എം.എസ്. വിശ്വനാഥൻ സ്വരപ്പെടുത്തിയ ഈ ഗാനത്തിന് ശബ്ദം പകർന്നത് യേശുദാസും ജയചന്ദ്രനുമാണെന്ന പ്രത്യേകതയുണ്ട്. 'വെറുമൊരു സിനിമാപ്പാട്ടിന് ഒരു ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് മനസ്സിലായത് അന്നാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊക്കെയല്ലേ ഉള്ളൂ നമുക്ക് ആത്മസംതൃപ്തിയടയാൻ ?'
പാട്ടുണ്ടാക്കിയ പുകിലുകളും കുറവല്ല മങ്കൊമ്പിന്റെ സിനിമാജീവിതത്തിൽ. 'സുഹൃത്തുക്കൾക്കൊപ്പം എല്ലാ വർഷവും ചെന്നൈയിൽനിന്ന് ശബരിമലക്ക് പോകുന്ന പതിവുണ്ടെനിക്ക്. ഹരിഹരൻ, പ്രൊഡക്ഷൻ മാനേജർ ആർ.എസ്. മണി തുടങ്ങിയവരൊക്കെ ഉണ്ടാകും ഞങ്ങളുടെ സംഘത്തിൽ. വഴിക്ക് പ്രധാന അമ്പലങ്ങളിൽ എല്ലാം കയറി തൊഴുതാണ് യാത്ര. ഒരു തവണ ഏറ്റുമാനൂരിൽ ദർശനത്തിനു ചെന്നപ്പോൾ ഒപ്പമുള്ള മണിയുടെ ബന്ധുവീട്ടിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. അവിടെവെച്ച് അയൽവീട്ടിലെ താമസക്കാരനായ ഒരു നമ്പൂതിരിയെ പരിചയപ്പെട്ടു. സിനിമാക്കാരോട് ആരാധനയുള്ള കൂട്ടത്തിലാണ് പാവം തിരുമേനി. കുറച്ചു നേരം സംസാരിച്ച ശേഷം അദ്ദേഹം സ്ഥലം വിടുകയും ചെയ്തു.
'കഥ തീർന്നില്ല. ഒന്നു രണ്ടു വർഷം കഴിഞ്ഞ് മറ്റൊരു ശബരിമല യാത്രക്കിടെ ഞങ്ങൾ വീണ്ടും അതേ വീട്ടിൽ ഊണു കഴിക്കാൻ ചെന്നപ്പോഴാണ് അമ്പരപ്പിച്ച അനുഭവമുണ്ടായത്. പഴയ തിരുമേനി ക്ഷുഭിതനായി കയറിവരുന്നു. എന്നെ അന്വേഷിച്ചാണ് വരവ്. വന്നതും ശകാരം തുടങ്ങിയതും ഒപ്പം. എന്നെ ഇങ്ങനെ അപമാനിക്കാൻ ഞാൻ നിങ്ങളോട് എന്ത് തെറ്റു ചെയ്തു എന്ന് രോഷത്തോടെ തിരുമേനിയുടെ ചോദ്യം. ഒന്നും പിടികിട്ടിയില്ല ആദ്യം. കാര്യമറിഞ്ഞപ്പോൾ ചിരിയാണ് വന്നത്.''
സംഭവം ഇങ്ങനെ: ഹരിഹരന്റെ 'കുടുംബം നമുക്ക് ശ്രീകോവിൽ'' എന്നൊരു പടത്തിന് വേണ്ടി ആയിടയ്ക്ക് പാട്ടെഴുതിയിരുന്നു മങ്കൊമ്പ്. ഭീംസിംഗ് സംവിധാനം ചെയ്ത 'പഠിക്കാത മേധൈ'' എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്ക്. സ്വന്തം മക്കൾ പോലും ഉപേക്ഷിക്കുന്ന മാതാപിതാക്കളെ വീട്ടിലെ വേലക്കാരൻ ആത്മാർഥമായി സ്നേഹിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് കഥ. മക്കളുടെ നന്ദികേടിനെ സൂചിപ്പിക്കുന്ന ഒരു പാട്ടുണ്ട് പടത്തിൽ. അതൊരു ഗുണപാഠകഥയുടെ രൂപത്തിലായാലോ എന്ന് മങ്കൊമ്പ് ചോദിച്ചപ്പോൾ സംവിധായകൻ ഹരിഹരന് സമ്മതം.
മങ്കൊമ്പ് എഴുതിയ പല്ലവി ഇങ്ങനെ : 'ഏറ്റുമാനൂർ അമ്പലത്തിൻ പരിസരത്ത് പണ്ട് പാർത്തിരുന്നു പാവമൊരു തിരുമേനി, തിരുമേനിക്കഞ്ചാറാണ്‍മക്കൾ അവർ പിറവിയിലേ നിർഗുണ പരബ്രഹ്മങ്ങൾ...'' ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തി ജയചന്ദ്രനും അമ്പിളിയും പാടിയ ആ പാട്ടാണ് തിരുമേനിയെ ചൊടിപ്പിച്ചത്. മങ്കൊമ്പിന്റെ വരികൾ തന്നേയും കുടുംബത്തേയും കുറിച്ചല്ലേ എന്ന് സംശയം അദ്ദേഹത്തിന്. 'പാട്ടിലെ തിരുമേനി താൻ തന്നെ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. അതിന്റെ പേരിൽ നാട്ടുകാരിൽനിന്ന് ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന കഥ അദ്ദേഹം പറഞ്ഞറിഞ്ഞപ്പോൾ അത്ഭുതം തോന്നി. സത്യത്തിൽ ആ വരികൾ എഴുതുമ്പോൾ ജീവിച്ചിരിക്കുന്ന ആരേയും കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല ഞാൻ. അപ്പോൾ മനസ്സിൽ തോന്നിയ കഥ പാട്ടാക്കി മാറ്റി എന്നുമാത്രം.'' - മങ്കൊമ്പ്.
പക്ഷേ, കവിയുടെ വാക്കുകൾ വിശ്വസിക്കാൻ ഒരുക്കമല്ലായിരുന്നു തിരുമേനി. അദ്ദേഹത്തിന്റെ മക്കൾക്കും സിനിമയിലെ കഥാപാത്രങ്ങളുടെ ചില സ്വഭാവവിശേഷങ്ങൾ ഉണ്ടായിരുന്നത്രേ. വിധിവൈചിത്ര്യം എന്നല്ലാതെ എന്തു പറയാൻ. 'നമ്മൾ ഒറ്റയിരുപ്പിൽ എഴുതിത്തീർക്കുന്ന പാട്ടിന്റെ വരികളും യഥാർത്ഥജീവിതവും തമ്മിൽ ലയിച്ചുചേരുന്ന ഏതെങ്കിലുമൊരു ബിന്ദു ഉണ്ടാകാം എന്ന് മനസ്സിലായത് അന്നാണ്.'' -മങ്കൊമ്പിന്റെ വാക്കുകൾ.
അങ്ങനെ എത്രയെത്ര വിചിത്രാനുഭവങ്ങൾ. മങ്കൊമ്പിന്റെ വേർപാടോടെ ഓർമ്മയായത് ഒരു യുഗമാണ്; ജീവിതഗന്ധിയായ സിനിമാഗാനങ്ങളുടെ യുഗം.
Content Highlights: Mankomb Gopalkrishnan Malayalam lyricist Malayalam film songs songwriting Hariharan MS Viswanathan
Published: 22 Mar 2025, 09:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented