ചൈനയേയും അമേരിക്കയേയും ഒരുപോലെ ഞെട്ടിച്ച കളിയാണ് ഇന്ത്യ യുപിഐ(unified payment interface)യിൽ കളിച്ചത്. പത്ത് വർഷം മുമ്പ് തുടങ്ങിയ ഈ നീക്കത്തിലൂടെ പണം കൈമാറുന്നതിൽ ഇന്ത്യ ഒരു വിപ്ലവംതന്നെ നടത്തി. അഞ്ച് പൈസയുടെ ചെലവില്ലാതെ സ്മാർട്ട് ഫോണിലൂടെ വ്യക്തിയിൽനിന്ന് വ്യക്തിയിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും പണം ഒഴുകി. യുപിഐ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് നാഷനൽ പെയ്മെന്റ്സ് കോർപറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) ആണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേർന്നാണ് എൻപിസിഐക്ക്് രൂപം നൽകിയത്. യുപിഐ ഒരു പൊതുമേഖലാ സംരംഭം ആയിരുന്നുവെന്ന് ചുരുക്കം.

To advertise here,

നന്ദൻ നിലേക്കനിയുടെ ആധാർ ടീമിൽ ഉണ്ടായിരുന്ന മലയാളി എഞ്ചിനീയർ ഡോ. പ്രമോദ് വർമ്മയായിരുന്നു യുപിഐയുടെ മുഖ്യശിൽപി. ആർക്കും കുത്തകയില്ലാത്ത സ്വതന്ത്രവും തുറന്നതുമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയിലായിരുന്നു യുപിഐ വിഭാവനം ചെയ്തതെന്ന് പ്രമോദ് വർമ്മ പറയുകയുണ്ടായി. ഒരു റെയിൽ ട്രാക്കിനോടാണ് പ്രമോദ് വർമ്മ ഈ ഡിജിറ്റൽ പബ്ലിക് ഇൻഫ്രസ്ട്രക്ചറിനെ തുലനം ചെയ്തത്. അങ്ങിനെ വരുമ്പോൾ ജിപേയും ഫോൺപേയും ഈ ട്രാക്കിലൂടെ ഓടുന്ന ട്രെയിനുകളാണ്. നമ്മുടെ പണവും പണം അയക്കാനുള്ള അപേക്ഷകളുമാണ് യാത്രക്കാർ. ഈ യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളാണ് എസ്ബിഐ, എച്ഡിഎഫ്്സി തുടങ്ങിയ ബാങ്കുകൾ. വണ്ടികൾ എത്ര വേഗത്തിൽ ഓടണം, സുരക്ഷാ സംവിധാനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്നിങ്ങനെയുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുന്ന റെയിൽവെ ബോർഡാണ് എൻപിസിഐ.

ഉൾവിളിയുടെ പൊരുൾ

തികച്ചും സുന്ദരവും സുരഭിലവുമായി യുപിഐ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് മോദി സർക്കാരിന് ഒരു ഉൾവിളിയുണ്ടായത്. യുപിഐ നടത്തിക്കൊണ്ടുപോകാൻ പ്രതിവർഷം 20,870 കോടി രൂപയുടെ ചെലവുണ്ടെന്നാണ് ഫിനാൻഷ്യൽ സർവ്വീസസ് വകുപ്പ് പറയുന്നത്. ഇതിൽ രണ്ടായിരം കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ബാക്കി വരുന്ന തുക ബാങ്കുകളും ജിപേ, ഫോൺപേ പോലുള്ള സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. ഈ ചെലവ് കച്ചവടക്കാരിൽനിന്ന് ഈടാക്കുന്നതല്ലേ ഉചിതമെന്ന ചിന്തയിലാണ് ഈ സെപ്റ്റംബർ 14-ന് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.

ഇതനുസരിച്ച് വരുന്ന ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും 0.4% ശതമാനം എംഡിആർ (merchant discount rate) അടയ്‌ക്കേണ്ടി വരും. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ചെറുകിട കച്ചവടക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 75,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 300 രൂപയാണ് എംഡിആർ. ക്യാപിറ്റൽ മാർക്കറ്റ് പെയ്മെന്റുകൾക്ക് (ഓഹരി, കടപ്പത്ര കച്ചവടങ്ങൾ തുടങ്ങിയവ) 0.02 ശതമാനമാണ് എംഡിആർ. ജിഎസ്ടി നടപ്പാക്കിയപ്പോൾ ഇങ്ങനെ വ്യത്യസ്ത സ്ലാബുകൾ കൊണ്ടുവന്നത് വിനയായി എന്ന പാഠം സർക്കാർ ചിലപ്പോൾ മറന്നുപോയിട്ടുണ്ടാവാം.

 

വ്യക്തികൾക്ക് യുപിഐ സൗജന്യമായിരിക്കുമെന്നും വൻകിട കച്ചവടക്കാരെയാണ് പുതിയ നിയമം ബാധിക്കുക എന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത് മോദി സർക്കാർ അമേരിക്കൻ ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് മുന്നിൽ അടിയറ പറഞ്ഞിരിക്കുകയാണെന്നാണ്. രണ്ട് അമേരിക്കൻ കമ്പനികളാണ് ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ 86 ശതമാനവും കൈകാര്യം ചെയ്യുന്നത്. വാൾമാർട്ടിന്റെ കീഴിലുള്ള ഫോൺപെയ്ക്ക് 49 ശതമാനവും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ജിപേയ്്ക്ക് 37 ശതമാനവും വിപണി പങ്കാളിത്തം യുപിഐയിലുണ്ട്. ഇന്ത്യൻ കമ്പനിയായ പേടിഎം കൈകാര്യം ചെയ്യുന്നത് എട്ട് ശതമാനം ഇടപാടുകളാണ്.

അമേരിക്കൻ ഭരണകൂടം അമേരിക്കൻ കമ്പനികൾക്കായി സമ്മർദ്ദം ചെലുത്തിയെന്നും അതിന്റെ പ്രതിഫലനമാണ് പുതിയ നിയമത്തിലുണ്ടായതെന്നുമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകളുടെ വിനിമയത്തിലുണ്ടായ ഇടിവ് അമേരിക്കൻ കമ്പനികൾക്ക് പ്രതികൂലമായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പാർലമെന്റി കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന കോൺഗ്രസ് എംപിമാർ ഒരു തരത്തിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയില്ലെന്ന് ബിജെപി ആക്ഷേപിക്കുന്നു. എന്നാൽ, പി. ചിദംബരം അടക്കമുള്ള എംപിമാർ പറയുന്നത് പുതിയ എംഡിആറിനെക്കുറിച്ചുള്ള ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നാണ്.

കാഷ്‌ലെസ്‌ ഇക്കോണമി

പ്രതിപക്ഷത്തിന്റെ വിമർശം അങ്ങിനെയങ്ങ് തള്ളിക്കളയേണ്ടതില്ല. നിലവിൽ നമ്മൾ പൊതുജനം എംഡിആർ അടയ്ക്കേണ്ടതില്ലെങ്കിലും ഭാവിയിൽ വേണമെങ്കിൽ കേന്ദ്ര സർക്കാരിന് അങ്ങിനെയൊരു നീക്കം നടത്താനുള്ള അധികാരം പുതിയ നിയമം നൽകുന്നുണ്ട്. അതായത് പുതിയ നിയമപ്രകാരം പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമില്ല. വ്യക്തികളും എംഡിആർ നൽകണമെന്നൊരു നയം എടുക്കാൻ കേന്ദ്ര സർക്കാരിന് ആരുമായും കൂടിയാലോചിക്കേണ്ടതില്ലെന്ന് ചുരുക്കം.

കച്ചവടക്കാരാണ് എംഡിആർ അടയ്ക്കുകയെങ്കിലും തങ്ങളുടെമേൽ വന്നുകൂടുന്ന ഭാരം ഉപഭോക്താക്കളിലേക്ക് ഇറക്കിവെയ്ക്കാൻ കച്ചവടക്കാർ ശ്രമിക്കുമെന്നതാണ് മറ്റൊരു ആശങ്ക. ഉദാഹരണത്തിന് ഒരു ബാഗ് വാങ്ങാൻ കച്ചവടക്കാരന് നമ്മൾ ജിപേയിലൂടെ 3,000 രൂപ നൽകിയാൽ അതിന്റെ 0.4 ശതമാനമായ 12 രൂപ കിഴിച്ച് 2,988 രൂപയാണ് കച്ചവടക്കാരന് കിട്ടുക. കച്ചവടം 75,000 രൂപയ്ക്ക് മുകളിലായാൽ 300 രൂപയാണ് എംഡിആർ.

കറൻസിയുടെ കൈമാറ്റം കുറച്ച് കാഷ്‌ലെസ്‌ ഇക്കോണമിയിലേക്ക് ഇന്ത്യയെ കൊണ്ടുപോകും എന്നതായിരുന്നു യുപിഐ തുടങ്ങുമ്പോൾ മോദി സർക്കാരിന്റെ പ്രഖ്യാപനം. 2016 ഏപ്രിലിൽ ആയിരുന്നു യുപിഐയുടെ വരവ്. അഞ്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ നവംബർ എട്ടിന് നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ചു. കള്ളപ്പണത്തിന്റെ അടിവേര് തകർക്കൽ, കാഷ്ലസ് ഇക്കോണമി എന്നിവയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ. കള്ളപ്പണത്തിന്റെ കാര്യത്തിൽ മോദിജിയുടെ മിന്നൽ പ്രഹരം പരാജയപ്പെട്ടെങ്കിലും ഡിജിറ്റൽ പെയ്മെന്റിൽ വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. വഴിയോരങ്ങളിലെ കരിക്ക് കച്ചവടക്കാരും ചായക്കടക്കാരും പച്ചക്കറി, പഴം കച്ചവടക്കാരുമൊക്കെ ഇന്നിപ്പോൾ ക്യുആർ കോഡുമായി ഡിജിറ്റൽ പണം സ്വീകരിക്കാൻ സർവ്വസന്നദ്ധരാണ്.

വഴിയാധാരമായി പോക്കറ്റടിക്കാർ

കഴിഞ്ഞ ദിവസം ചായ കുടിക്കാൻ കയറിയ തട്ടുകടയിൽ നൂറു രൂപ കൊടുത്തിട്ട് ബാക്കി തരാൻ പറഞ്ഞപ്പോൾ കടക്കാരൻ പറഞ്ഞത് ചില്ലറ ഇല്ലെന്നും ക്യുആർ കോഡിൽ പണമടച്ചാൽ മതിയെന്നുമാണ്. പിന്നെ മൂന്നാ നാലോ കടകളിൽ കയറിയ ശേഷമാണ് രണ്ട് 50 രൂപാ നോട്ടുകൾ കിട്ടിയത്. യുപിഐ വന്നതോടെയുണ്ടായ മറ്റൊരു മാറ്റം കടകളിൽ ചില്ലറയ്ക്ക് പകരം മിഠായി തരുന്ന ഏർപ്പാടിന് സമാപനമായി എന്നതാണ്. യുപിഐ പ്രതിസന്ധിയിലാക്കിയ മറ്റൊരു കൂട്ടർ പോക്കറ്റടിക്കാരാണ്.

പേഴ്സിൽ പണമില്ലാതായതോടെ പോക്കറ്റടിക്കാർ ഇപ്പോൾ മറ്റ് സംരംഭങ്ങളിലേക്ക് വഴി മാറി സഞ്ചരിക്കുന്നുണ്ടാവും. ഹോട്ടലുകളിൽ ടിപ് കൊടുക്കുന്നതിൽ കാര്യമായ ഇടിവുണ്ടായെന്നതും കാണാതിരിക്കേണ്ടതില്ല. 2016-ന് മുമ്പ് അ്ഞ്ച് കോടി ജനങ്ങളാണ് ഡിജിറ്റൽ പെയ്മെന്റ് നടത്തിയിരുന്നതെങ്കിൽ 55 കോടിയോളം പേരാണ് ഇപ്പോൾ പണം ഡിജിറ്റലായി കൈമാറുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 2,451 കോടി ഇടപാടുകളാണ് യുപിഐയിൽ ഉണ്ടായത്. 29.9 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ.

യുപിഐ മുന്നേറ്റത്തിൽ എടിഎം ഇടപാടുകൾ കുറഞ്ഞപ്പോൾ എടിഎമ്മുകൾ അടച്ചുപൂട്ടിയ വകയിൽ കഴിഞ്ഞ കൊല്ലം ഇന്ത്യയിലെ ബാങ്കുകൾ 720 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കറൻസികളും നാണയങ്ങളും പുറത്തിറക്കുന്നതിനും അവയുടെ സൂക്ഷിപ്പിനുമായി പത്ത് കൊല്ലം മുമ്പ് അഞ്ചര ലക്ഷം കോടിയോളം രൂപയാണ് റിസർവ് ബാങ്ക് ചെലവാക്കിയിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ ചെറിയൊരു ഭാഗമേ ചെലവാക്കേണ്ടി വരുന്നുള്ളു. ഇക്കഴിഞ്ഞ വർഷം കറൻസി അടിക്കാൻ 4,857 കോടി രൂപയാണ് റിസർവ് ബാങ്ക് ചെലവിട്ടത്. തൊട്ടു തലേവർഷം അത് 6,372 കോടി രൂപയായിരുന്നു.

യുപിഐ ഇടപാടുകൾക്ക് പ്രതിവർഷം വേണ്ടി വരുന്ന 20,870 കോടി രൂപയുടെ ചെലവിൽ കേന്ദ്ര സർക്കാർ കൊടുക്കുന്ന രണ്ടായിരം കോടി കഴിച്ചാൽ 18,870 കോടി രൂപ വഹിക്കുന്നത് ബാങ്കുകളും ജിപേ പോലുള്ള സ്ഥാപനങ്ങളുമാണ്. ഈ ചെലവിനുള്ള പരിഹാരമായി പുതിയ നിയമം കൊണ്ടുവരേണ്ട കാര്യമില്ലെന്നും ബാങ്കുകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ലാഭം നോക്കിയാൽ 18,870 കോടി രൂപ കപ്പലണ്ടി വാങ്ങുന്ന കാശ് പോലുമാവില്ലെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് തങ്ങളുടെ ലാഭത്തിൽനിന്ന് നൽകിയത് 2.9 ലക്ഷം കോടി രൂപയാണ്. 18,870 കോടി രൂപ എന്ന് പറഞ്ഞാൽ ഇതിന്റെ 6.45 ശതമാനമേ വരൂ. കഴിഞ്ഞ വർഷം മാത്രം 20,485 കോടി രൂപയാണ് ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകൾ കോർപറേറ്റുകൾക്കായി എഴുതിത്തള്ളിയത്. 2018-19 ൽ ഇത് 1,48,753 കോടി രൂപയായിരുന്നു.

വിനാശകാലേ

പൊതുജനത്തിന്റെ പണം കൊണ്ടാണ് യുപിഐ വികസിപ്പിച്ചത്. ആദായ നികുതിക്കും ജിഎസ്ടിക്കും പുറമേ എംഡിആർ എന്ന മറ്റൊരു നികുതി കൂടി പേറേണ്ടി വരുമോയെന്ന പേടിയിലേക്കാണ് മോദി സർക്കാർ ജനത്തെ കൊണ്ടുപോകുന്നത്. ജിഡിപിയിൽ 7.8% വർദ്ധനവുണ്ടായി എന്നവകാശപ്പെടുന്ന ഒരു സർക്കാരാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്നും മറക്കരുത്. 15,000 കോടി രൂപയ്ക്കും 27,000 കോടി രൂപയ്ക്കുമിടയിലുള്ള വരുമാനമാണ് പുതിയ എംഡിആറിലൂടെ പ്രതിവർഷം പ്രതീക്ഷിക്കുന്നത്. ഇതിൽ സിംഹ ഭാഗവും ബാങ്കുകളും ജിപേ പോലുള്ള സ്ഥാപനങ്ങളും കൈപ്പറ്റും. ചെറിയൊരു വിഹിതം എൻപിസിഐക്കും കിട്ടും. യുപിഐയിലൂടെ നടത്തപ്പെടുന്ന ഓരോ ഇടപാടിനും രേഖയുണ്ട്. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പിനും അവിടെ അവസരമില്ല. യുപിഐ ഇടപാടുകൾ കുറഞ്ഞാൽ അതിന്റെ പ്രത്യാഘാതം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തന്നെയായിരിക്കും അനുഭവിക്കേണ്ടി വരിക.

ചെലവ് കൊണ്ട് ഇരിക്കപ്പൊറുതിയില്ലെന്ന് പറയുമ്പോഴും 2025-ൽ ജിപേ 50 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. പരസ്യ ഇനത്തിൽ ഈ കമ്പനികൾക്കുണ്ടാവുന്ന വരുമാനവും കാണാതിരിക്കേണ്ടതില്ല. ഓരോ പെയ്മെന്റ് നടത്തുമ്പോഴും വിവിധ കമ്പനികളുമായി ചേർന്ന് ഇവർ വാഗ്ദാനം നൽകുന്ന റിവാർഡുകളിലും കച്ചവടം തന്നെയാണുള്ളത്. തുടക്കത്തിൽ കാഷ് റിവാർഡുകളായിരുന്നെങ്കിൽ ഇപ്പോൾ അത് വിവിധ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കിഴിവുകളാണ്. യുപിഐ അനുബന്ധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും ഈ കമ്പനികൾ ലാഭമുണ്ടാക്കുന്നുണ്ട്.

ഉദാഹരണത്തിന് നമ്മൾ യുപിഐയിലൂടെ പണമടച്ചാൽ പണം കിട്ടി എന്ന് വിളിച്ചുപറയുന്ന സൗണ്ട് മെഷിൻ ബോക്സുകൾ. ഫോൺപേയാണ് ഈ സംരംഭത്തിന്റെ മുന്നിൽ നിൽക്കുന്നത്. സ്റ്റോക്ക് ബ്രോക്കിങ്ങും ഇൻഷുറൻസ് ബ്രോക്കിങ്ങും ഇത്തരം കമ്പനികളുടെ പുതിയ മേച്ചിൽ പുറങ്ങളാണ്.

നോട്ട് നിരോധനത്തെക്കുറിച്ച് പ്രമുഖ സാമൂഹിക- സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസ് പറഞ്ഞത് നന്നായി ഓടിക്കൊണ്ടിരുന്ന ഒരു കാറിന്റെ നാല് ടയറുകളും വെടിവെച്ച് പഞ്ചറാക്കിയ കലാപരിപാടി എന്നാണ്. സുഗമമായി പൊയ്ക്കൊണ്ടിരിക്കുന്ന യുപിഐയുടെ നേർക്ക് ഇപ്പോൾ നിറയൊഴിക്കാൻ മോദി സർക്കാർ നിർബ്ബന്ധിതമായത് എന്തുകൊണ്ടായാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക്്് അത് നൽകുന്ന സന്ദേശം വിപത്കരമാണെന്നേ പറയനാവുകയുള്ളു. വിനാശകാലേ വിപരീത ബുദ്ധി !

വഴിയിൽ കേട്ടത്: ചാനലിലെ പോലിസ് പരിശോധന മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമോ? രണ്ട് ചാനലുകളാണ് കേരളത്തിൽ മാദ്ധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കാൻ മുന്നിൽ നിൽക്കുന്നത്. അതിൽ ഒരു ചാനൽ ഒരു പാവം വയോധികനെ സുകുമാരക്കുറുപ്പാക്കിയിട്ട് ഇതുവരെ ഒരു തരത്തിലുള്ള മാപ്പും പറഞ്ഞിട്ടില്ല. സാമ്പത്തിക കുറ്റം നേരിടുന്നവർ ചാനൽ ഉടമകൾ ആയാൽ ആ ചാനലുകളുടെ വിശ്വാസ്യത എന്ത് മാത്രമുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വാറന്റുണ്ടെങ്കിൽ എവിടെ അന്വേഷണം നടത്താനും പോലീസിനവകാശമുണ്ട്. എങ്കിലും, മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തത് കടന്ന കയ്യായിപ്പോയി എന്നുതന്നെ പറയേണ്ടി വരും. തോന്നിവാസം കാട്ടുന്ന ചാനൽ ഉടമയ്ക്ക് ഇരവാദം ഉന്നയിക്കാനുള്ള അവസരമാണ് പോലിസ് നൽകിയത്.