
വാക്കേറ്റത്തിലാണ് തുടക്കം. പതുക്കെ അത് കയ്യാങ്കളിയിലെത്തുന്നു. കാഴ്ചക്കാരായി ചുറ്റും ഒരു ചെറു ജനക്കൂട്ടം രൂപം കൊള്ളുന്നു.
തര്‍ക്ക വിഷയം ലളിതം: ലോകത്തെ ഏറ്റവും വലിയ പാട്ടുകാരന്‍ മുഹമ്മദ് റഫിയാണെന്ന് ഒരാള്‍. കിഷോര്‍ കുമാറിനോളം വരില്ല റഫിയെന്ന് അപരന്‍. ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ ഉന്തും തള്ളും ആസ്വദിച്ചു കണ്ടുനില്‍ക്കുന്നു ജനം. 'ആരും ഇടപെടണ്ട. ഓല് തന്നെ തീരുമാനാക്കട്ടെ.' - ചുറ്റും നിന്നവരിലൊരു രസികന്‍ ഉറക്കെ പറഞ്ഞു. തൊട്ടപ്പുറത്തെ വേദിയില്‍ നിന്ന് ഒഴുകിയെത്തിയ ഒരു ക്ലാസിക് ഗാനത്തിന്റെ ശീലുകളുണ്ടായിരുന്നു അപ്പോള്‍ അന്തരീക്ഷത്തില്‍: 'ഓ ദുനിയാ കേ രഖ് വാലേ സുന്‍ ദര്‍ദ് ഭരേ മേരെ നാലേ....'
നാല് പതിറ്റാണ്ടിനിപ്പുറവും മനസ്സില്‍ നിന്ന് മാഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ഒരു കോഴിക്കോടന്‍ ഓര്‍മ്മ.
പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയിട്ട് അധികമായിരുന്നില്ല. ഒരു ജൂലായ് 31ന് റഫി സാഹിബിന്റെ ഓര്‍മ്മദിനത്തില്‍ സംഘടിപ്പിക്കപ്പെട്ട ടാഗോര്‍ ദാസിന്റെ ഗാനമേള കാണാന്‍ സുഹൃത്തിനൊപ്പം ടൗണ്‍ഹാളില്‍ ചെന്നതായിരുന്നു. ഉത്സവത്തിനുള്ള ആളുണ്ടവിടെ. അകത്ത് ഇരിപ്പിടം തരപ്പെടുത്താനാവാത്തതിനാല്‍ പുറത്ത് വരാന്തയില്‍ ഏന്തിവലിഞ്ഞു നിന്നുകൊണ്ട് പരിപാടി കാണുകയാണ് വൈകിയെത്തിയ ഞങ്ങള്‍.
നഗരത്തിലെ റഫി ഗാനമേളകളുടെ അവിഭാജ്യ ഘടകമാണ് അന്ന് മംഗലാപുരത്തുകാരന്‍ ടാഗോര്‍ ദാസ്. ഗന്ധര്‍വ ഗായകന്റെ ആലാപനത്തിലെ ഭാവം ഒപ്പിയെടുത്താണ് പാടുക. ചടുലഗാനങ്ങളും മെലഡികളും വിഷാദഗാനങ്ങളും ഒരു പോലെ വഴങ്ങും അദ്ദേഹത്തിന്. 'പ്രിന്‍സി'ലെ ബദന്‍ പേ സിതാരേയും 'ദുലാരി'യിലെ സുഹാനി രാത്തും കടന്ന് ടാഗോര്‍ 'ബൈജുബാവര'യിലെ 'ഭഗവാനി'ല്‍ എത്തിയപ്പോഴാണ് ടൗണ്‍ ഹാളിന്റെ മുറ്റത്തെ കോലാഹലം തുടങ്ങിയത്. ഇത്തരം 'സര്‍ഗ്ഗാത്മക' കലഹങ്ങള്‍ നഗരത്തിലെ സാംസ്‌കാരികവേദികളുടെ ചുറ്റുവട്ടത്ത് അപൂര്‍വമല്ല. ഉള്ളിലൊരല്പം ലഹരി കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട.
എന്നാല്‍ ഇതങ്ങനെയല്ല. ഇരുവരും മദ്യപിച്ചിട്ടില്ല. കാഴ്ച്ചയില്‍ ബുദ്ധിജീവികളുമല്ല. സാധാരണ മനുഷ്യര്‍. തികച്ചും ആശയപരമാണ് പോരാട്ടം. ഏതോ ഒരു ഘട്ടത്തില്‍ അത് മൂത്ത് കയ്യാങ്കളിയില്‍ എത്തി എന്ന് മാത്രം.
സ്പീക്കറിലൂടെ 'ഭഗവാന്‍' കൃത്യസമയത്ത് അവതരിച്ചത് റഫി ആരാധകന്റെ ഭാഗ്യം. നൂറു ജന്മം ജനിച്ചാലും ഇതുപോലൊരു പാട്ട് പാടാന്‍ കിഷോറിന് കഴിയില്ലെന്നായി അയാള്‍. വെറും 'കൂക്കും വിളിയും' അല്ല പാട്ടെന്ന് കിഷോര്‍ ഫാന്റെ തിരിച്ചടി. റഫിയുടെ അത്ര ഹൈ പിച്ചില്‍ പാടാന്‍ ശ്രമിച്ചാല്‍ കിഷോര്‍ ശ്വാസം മുട്ടിച്ചാകുമെന്ന് റഫിപ്രേമി. ഹൈ പിച്ചില്‍ പാടുന്നതല്ല പാട്ടുകാരന്റെ കഴിവിന്റെ മാനദണ്ഡമെന്ന് അപരന്‍. 'ബാവം കൊടുക്കണം. ബാവം ഉണ്ടെങ്കിലേ പാട്ടുള്ളൂ. കിഷോറാണ് ബാവത്തിന്റെ ഉസ്താദ്...' സ്വന്തം നിലപാട് നിസ്സംശയം വ്യക്തമാക്കുന്നു അയാള്‍.
ബഹളത്തിനിടയിലും ഇരുവരുടേയും വാദമുഖങ്ങള്‍ ശ്രദ്ധിക്കുകയിരുന്നു ഞാനും സംഗീതപ്രേമിയായ സുഹൃത്തും. ഹിന്ദി പാട്ടുകളെ കുറിച്ച് നല്ല ബോധമുള്ളവരാണ് ഇരുവരും. കോഴിക്കോട്ടുകാരന്റെ രക്തത്തിലുണ്ടല്ലോ സംഗീതബോധം. എന്നാല്‍ ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നത് അന്ധരായ ആരാധകരാണ്. വികാരജീവികള്‍. പ്രതിപക്ഷ ബഹുമാനം തെല്ലുമില്ല ഇരുവര്‍ക്കും. പ്രിയഗായകനെ 'ഓന്‍' എന്ന് കൂടെക്കൂടെ വിശേഷിപ്പിച്ചതാണ് കിഷോര്‍ ഫാനിനെ ചൊടിപ്പിച്ചത്. 'ഓന്‍ ന്ന് വിളിക്കാന്‍ അയാള്‍ ആരാ നിന്റെ അളിയനാ?' എന്ന് ക്രുദ്ധനായി ചോദിക്കുന്നു ആരാധകന്‍. ചുറ്റുമുള്ളവര്‍ അറിയാതെ ചിരിച്ചുപോയ നിമിഷം.
വാഗ്വാദത്തിന്റെ ഫ്രീക്വന്‍സി കൂടിയപ്പോള്‍ എങ്ങുനിന്നോ ഒരാള്‍ ഇടയ്ക്ക് ചാടിവീഴുന്നു. മധ്യവയസ്‌കനായ, കാഴ്ച്ചയില്‍ പക്വത തോന്നിക്കുന്ന ഒരാള്‍. 'എന്താ പ്പോ ങ്ങടെ പ്രശ്നം?' അയാള്‍ ചോദിച്ചു. ഇരുവര്‍ക്കും പരിചിതനായതുകൊണ്ടാവണം താര്‍ക്കികര്‍ അവരവരുടെ വാദമുഖങ്ങള്‍ നവാഗതന് മുന്നില്‍ നിരത്തുന്നു. താടിക്ക് കൈകൊടുത്ത് എല്ലാം ക്ഷമയോടെ കേട്ടശേഷം അയാളുടെ ചോദ്യം: 'അല്ല ചങ്ങായിമാരേ, ങ്ങക്കെന്താ പ്രാന്ത് ണ്ടോ ഇമ്മാതിരി പൊട്ടത്തരം പറഞ്ഞു കുട്ട്യോളെപ്പോലെ തല്ലൂടാന്‍? ഇതിപ്പ ഇത്ര വല്യേ പ്രശ്‌നാ? ങ്ങക്കെന്താ രണ്ടാളേം ഇഷ്ട്ടപ്പെട്ടൂടെ? റഫിം മുന്ത്യ പാട്ടുകാരന്‍. കിഷോറും മുന്ത്യ പാട്ടുകാരന്‍. മ്മക്ക് രണ്ടാളേം ഇഷ്ടാ...'.
ഒത്തുതീര്‍പ്പ് ഫോര്‍മുല തമ്മിലടിക്കാര്‍ക്ക് അത്ര രുചിച്ചില്ല എന്ന് വ്യക്തം. എങ്കിലും ചുറ്റും കൂടിനിന്നവര്‍ മധ്യവയസ്‌കനെ പിന്തുണച്ചതോടെ റഫി-കിഷോര്‍ ആരാധകര്‍ തര്‍ക്കം അവസാനിപ്പിക്കുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മനസ്സില്ലാമനസ്സോടെ രണ്ടു വഴിക്ക് സ്ഥലം വിടുന്നു അവര്‍. അടുത്ത പാട്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു അതിനകം ടാഗോര്‍ ദാസ്. രസച്ചരട് മുറിഞ്ഞതിന്റെ നിരാശയില്‍ ഞങ്ങള്‍ ഇരുവരും തിരികെ വരാന്തയിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്.
മൂന്നുനാല് പാട്ട് കൂടി കേട്ടശേഷം ടൗണ്‍ ഹാളിനോട് വിടവാങ്ങുമ്പോഴാണ് അനുരഞ്ജനക്കാരനെ യാദൃച്ഛികമായി വീണ്ടും കണ്ടുമുട്ടിയത്. 'തല്ലുകാര്‍ രണ്ടും അടുത്ത ബന്ധുക്കളാന്ന് അറിയുമോ?'-അയാള്‍ ചോദിച്ചു. 'ഏട്ടന്റെയും അനിയന്റെയും മക്കള്‍. വല്യ ലോഹ്യക്കാര്‍ തന്നെ. എന്നാല്‍ റാഫീന്റേം കിഷോറിന്റേം കാര്യം വന്നാല്‍ രണ്ടും തമ്മില്‍ തല്ലും. അതിന് സമയവും കാലവും ഒന്നുമില്ല. എത്ര പറഞ്ഞാലും മനസ്സിലാവില്ല ഹമുക്കുകള്‍ക്ക്..' സുഹൃത്തിന്റെ ചുമല്‍ പിടിച്ചുകുലുക്കി സംസാരം തുടരുന്നു അയാള്‍: 'ഇതൊക്കെ ഇത്ര വലിയ പ്രശ്‌നാണോ? മ്മക്ക് ഇഷ്ടല്ല്യെങ്കില്‍ പാട്ട് കേക്കണ്ട, അത്രയല്ലേ ഉള്ളൂ. അതല്ലാതെ ഇഷ്ടമില്ലാത്തോനെ കൊണ്ട് നിര്‍ബന്ധിച്ച് ഏതെങ്കിലും പാട്ട് ഇഷ്ടപ്പെടുത്താന്‍ പറ്റുമോ?'
പതിറ്റാണ്ടുകള്‍ക്കിപ്പുറവും കാതിലുണ്ട് ആ ചോദ്യം. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടേയും, യുട്യൂബ് വീഡിയോകളുടെയുമൊക്കെ ചുവടെ വന്ന് പരസ്പരം പോരടിക്കുന്ന ആരാധകരെ കാണുമ്പോള്‍ വീണ്ടും ഓര്‍മ്മവരുമത്. നമുക്ക് ഇഷ്ടമുള്ള ഒരു ഗായകനെ അല്ലങ്കില്‍ ഗായികയെ മറ്റുള്ളവരും ഇഷ്ടപ്പെട്ടേ പറ്റൂ എന്ന് വാശി പിടിക്കുന്നത് എത്ര ബാലിശം. ഓരോ ശബ്ദവും കാതുകള്‍ വ്യത്യസ്തമായാണ് ഉള്‍ക്കൊള്ളുക. ഒരാള്‍ക്ക് ഇമ്പം തോന്നുന്ന ശബ്ദം മറ്റൊരാള്‍ക്ക് അസഹ്യമായി തോന്നാം. റഫിയെ ഇഷ്ടപ്പെടുന്നവര്‍ കിഷോറിനെയോ യേശുദാസിനെ ആരാധിക്കുന്നവര്‍ ജയചന്ദ്രനെയോ ഇഷ്ടപ്പെട്ടേ പറ്റൂ എന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ പറ്റും നമുക്ക്?
റഫിയും കിഷോറും എനിക്ക് ഒരുപോലെ പ്രിയങ്കരര്‍. റഫിയുടെ പ്രണയഗാനങ്ങളോടാണ് മമത കൂടുതല്‍ എന്ന് മാത്രം. 'അഭീ ന ജാവോ ചോഡ്കര്‍ കെ ദില്‍ അഭീ ഭരാ നഹി' എന്നോ 'ഐസേ തോ ന ദേഖോ' എന്നോ 'തും സെ അച്ഛാ കോന്‍ ഹേ' എന്നോ റഫി പാടുമ്പോള്‍ നായികയുടെ മുഖത്ത് വിരിയാനിടയുള്ള ലജ്ജ കലര്‍ന്ന മന്ദസ്മിതം നമുക്ക് സങ്കല്പിക്കാനാകും. ആലാപനത്തില്‍ സ്വാഭാവികമായി വന്നു നിറയുകയാണ് പ്രണയം. തേരി പ്യാരി പ്യാരി സൂരത്ത് കോ കിസി കി നസര്‍ നാ ലഗേ എന്ന് റഫി പാടുമ്പോള്‍ ആ പ്രശംസാവചനം തന്നെക്കുറിച്ചാണെന്ന് വിശ്വസിച്ചു പോകാത്ത ഏത് പെണ്‍കിടാവുണ്ടാകും? യുഗ്മഗാനങ്ങളില്‍ -ആശ ഭോസ്ലെയോടൊപ്പമെങ്കില്‍ വിശേഷിച്ചും -ഈ പ്രണയഭാവം ഉത്തുംഗ ശ്രുംഗങ്ങളിലെത്തുന്നു.
പാടുന്ന പാട്ടിലെല്ലാം സ്വന്തം ആലാപനമുദ്ര പതിപ്പിക്കാന്‍ ശ്രദ്ധിക്കുന്നു റഫി. സംഗീതസംവിധായകന്റെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് പറന്നുയര്‍ന്ന് ഗാനത്തെ ഉദാത്തമായ തലങ്ങളിലെത്തിക്കുന്നതാണ് റഫിയുടെ രീതി. ദീവാന ഹുവാ ബാദല്‍, മുജേ തുംസേ മൊഹബ്ബത് ഹേ, ആപ് കി ഹസീന്‍ രുഖ് പേ, പുകാര്‍ത്താ ചലാ ഹു മേ.. ഉദാഹരണങ്ങള്‍ നിരവധി.
കിഷോറിന്റെ വിഷാദഗാനങ്ങളോടാണ് തീവ്ര പ്രണയം. ദുഃഖഗാനങ്ങളെ ഒരിക്കലും നിലവിളിയാക്കാറില്ല കിഷോര്‍. നിശ്ശബ്ദ ഗദ്ഗദമേ ഉണ്ടാകൂ അവയില്‍. ഏത് നിമിഷവും പുറത്തേക്ക് ഒഴുകിയേക്കാവുന്ന ഒരു തേങ്ങല്‍. ശ്രോതാവിന്റെ ഹൃദയത്തെ ആര്‍ദ്രമാക്കാന്‍ ആ മൃദുവിഷാദഭാവം ധാരാളം. ജീവന്‍ സെ ഭരീ തേരി ആംഖേം, ചിങ്കാരി കോയീ ഭഡ്‌കേ, മേരെ നൈനാ സാവന്‍ ഭാദോം, കോയി ഹംദം ന രഹാ, ദില്‍ ഐസെ കിസീ നേ മേരാ തോഡാ, മേരി ഭീഗി ഭീഗി സി, സിന്ദഗീ കാ സഫര്‍... എല്ലാം സ്വതഃസിദ്ധമായ ശൈലിയില്‍ കിഷോര്‍ ആത്മാവ് പകര്‍ന്നു പാടിയ പാട്ടുകള്‍. പാട്ടില്‍ അല്‍പ്പം തത്വചിന്ത കൂടി കലര്‍ന്നാലോ? കിഷോറിനെ പിടിച്ചാല്‍ കിട്ടില്ല പിന്നെ. കുച്ഛ് തോ ലോഗ് കഹേംഗേ, സിന്ദഗി കേ സഫര്‍ മേ ഗുസര്‍ ജാത്തി ഹേ.. ഏത് പാട്ടാണ് മറക്കാനാകുക?
ശാസ്ത്രീയ സ്പര്‍ശമുള്ള ഗാനങ്ങളില്‍ റഫി അദ്വിതീയന്‍. മധുബന്‍ മേ രാധിക, മന്‍ തഡ്പത്, മന്‍ രേ തോ കാഹി ന ധീര്‍ ഡലേ, അജുന്‍ ന ആയേ ബാല്‍മാ, നാച്ചേ മന്‍ മോരാ, ആയേ ബഹാര്‍ ബന്‍കെ ലുഭാ, മന്‍ കി ബീന്‍ മത് വാരി ബാജേ... റഫിക്ക് മാത്രം പാടി ഫലിപ്പിക്കാന്‍ കഴിയുന്ന ഗാനങ്ങള്‍. രാഗങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് ആയാസരഹിതമായി കടന്നുചെല്ലുന്നതാണ് റഫിയുടെ ശൈലി. രാഗിണിയിലെ മന്‍ മോരെ ബാവരാ എന്ന അര്‍ദ്ധശാസ്ത്രീയ ഗാനം കിഷോര്‍ അഭിനയിച്ചു പാടിയത് റഫിയുടെ ശബ്ദത്തിലായിരുന്നു എന്നോര്‍ക്കുക. എല്ലാ പ്രൊഫഷണല്‍ മത്സരങ്ങള്‍ക്കും അപ്പുറത്ത് പരസ്പരമുള്ള ആദരവ് നിലനിര്‍ത്തിയിരുന്നു റഫിയും കിഷോറും എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അമീന്‍ സയാനിയെ പോലുള്ളവര്‍. അടിയന്തരാവസ്ഥക്കാലത്ത് ഇരുപതിന പരിപാടിയുടെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുപരിപാടികളുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കിഷോറിന്റെ പാട്ടുകള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാതായപ്പോള്‍ ആ വിലക്കിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നവരില്‍ റഫി സാഹിബും ഉണ്ടായിരുന്നു.
കിഷോറും റഫിയും മാത്രമല്ല തലത്ത് മഹ്‌മൂദ്, ഹേമന്ത് കുമാര്‍, മന്നാഡേ, മുകേഷ്, മഹേന്ദ്ര കപൂര്‍, ഭൂപീന്ദര്‍ സിംഗ് ഒക്കെ അവരവരുടെ ആലാപനശൈലി കൊണ്ട് മനംകവര്‍ന്നവര്‍. 'യേ നയന്‍ ഡരേ ഡരേ' എന്ന് ഹേമന്ത്ദാ പാടിക്കേള്‍ക്കുമ്പോള്‍ ലോകത്ത് മറ്റൊരു ഗായകനും ആ ഫീല്‍ ശബ്ദത്തില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് തോന്നും നമുക്ക്. 'ദില്‍ ഡൂംഡ് താ ഹേ' എന്ന ഒരൊറ്റ പാട്ട് പോരെ ഭുപീന്ദറിനെ എന്നന്നേക്കുമായി മനസ്സില്‍ പ്രതിഷ്ഠിക്കാന്‍?
ഗായകരുടെയും സംഗീത സംവിധായകരുടേയുമൊക്കെ പേരു പറഞ്ഞു സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ചളി വാരിയെറിയുന്നവരെയും അടികൂടുന്നവരേയും ഓര്‍ത്ത് സഹതപിക്കാനല്ലാതെ മറ്റെന്ത് കഴിയും നമുക്ക്? അവര്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന് അവരറിയുന്നില്ലല്ലോ...
Content Highlights: Kishore Kumar Mohammed Rafi Hindi songs Kozhikode music debate nostalgia fan fight Tagore Das
Published: 25 Jan 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented