കാണാൻ ചെന്നത് നടികർ തിലകം ശിവാജി ഗണേശനെ. കണ്ടുമുട്ടിയതാവട്ടെ സാക്ഷാൽ ജോൺ വെയ്നിനേയും. അപ്രതീക്ഷിതമായ ആ കാഴ്ചയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് പറയും സുമേഷ് ഗോവിന്ദ്.

To advertise here,

തൊട്ടടുത്ത തിയേറ്ററിൽ ശിവാജിയുടെ പുണ്യപുരാണ ആക്ഷൻ ചിത്രം കളിക്കുന്നുവെന്നറിഞ്ഞപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ അച്ഛനോട് കരഞ്ഞു കെഞ്ചിയതാണ് ഏഴാം ക്ലാസുകാരനായ മകൻ. എതിർപ്പൊന്നും പറഞ്ഞില്ല അച്ഛൻ. സിനിമയും സാഹിത്യവുമൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണല്ലോ അദ്ദേഹം.

പക്ഷേ മകനെ അദ്ദേഹം കൊണ്ടുപോയത് ശിവാജിപ്പടം ഓടുന്ന തിയേറ്ററിലേക്കല്ല; ഇംഗ്ലീഷ്, ഹിന്ദി പടങ്ങൾ മാത്രം കളിക്കുന്ന ക്രൗണിലേക്കാണ്.

പുതിയൊരു ലോകമാണ് ക്രൗണിൽ തന്നെ കാത്തിരുന്നതെന്ന് സുമേഷ്. അതുവരെ കാണാത്ത വിസ്മയ ലോകം. വൈൽഡ് വെസ്റ്റ് സിനിമകളിലൂടെ ഖ്യാതി നേടിയ ജോൺ വെയ്നിനെ നായകനാക്കി ഹൊവാർഡ് ഹോക്‌സ് സംവിധാനം ചെയ്ത 'ഹതാരി' എന്ന അഡ്വെഞ്ചർ റൊമാന്റിക് കോമഡി ചിത്രം ടെക്‌നികളറിൽ കണ്ട് അന്തം വിട്ടിരുന്നു അന്നത്തെ പന്ത്രണ്ടുകാരൻ. സിനിമ എന്നത് വെറും കെട്ടുകാഴ്ചയല്ല, മറ്റെന്തൊക്കെയോ ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

'അന്ന് അച്ഛൻ കൊണ്ടുപോയത് തമിഴ് പടത്തിനായിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയേ ആകുമായിരുന്നില്ല എന്നാണ് വിശ്വാസം', സുമേഷ് പറയും. 'സിനിമയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാത്രമല്ല ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും തിരുത്തിക്കുറിച്ചത് ഹതാരിയാണ്. ഉള്ളിലെ പെർഫെക്ഷനിസ്റ്റിനെ ആദ്യമായി തൃപ്തിപ്പെടുത്തിയ ചിത്രം'.

വഴിക്കുവഴിയായി ഇംഗ്ലീഷ് സിനിമകൾ കണ്ടു പിന്നെ. ഒരു തരം അഡിക്ഷൻ. എന്താണ് റിയലിസം എന്നും പ്രൊഫഷണലിസമെന്നുമൊക്കെ ആദ്യമായി മനസ്സിലാക്കിത്തന്നത് അന്ന് കണ്ട ഹോളിവുഡ് സിനിമകളാണ്. ഏകാകിയും സ്വപ്‌നജീവിയുമായ ഒരു കുട്ടിക്ക് വിലപ്പെട്ട പാഠങ്ങളായി മാറിയ സിനിമകൾ. എന്നെങ്കിലും ഒരു ഹോളിവുഡ് സംവിധായകൻ ആവണമെന്നായിരുന്നു അന്നത്തെ മോഹം. പക്ഷേ, വിധി നമുക്ക് വേണ്ടി കാത്തുവെക്കുന്ന അത്ഭുതങ്ങൾ ആർക്കും പ്രവചിക്കാനാവില്ലല്ലോ. രുചിക്കൂട്ടുകളുടെ രാജധാനി എന്ന് പ്രശസ്തമായ പാരഗൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഉടമയായാണ് സുമേഷിനെ ഇന്ന് നാം അറിയുക.

അച്ഛൻ അകാലത്തിൽ വിടപറയുമ്പോൾ സുമേഷിന് പ്രായം 13. ജീവിതം ഇരുളടഞ്ഞുപോയ ഘട്ടം. ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത നാളുകളായിരുന്നു അവ. അച്ഛൻ നടത്തിക്കൊണ്ടുപോന്നിരുന്ന ഹോട്ടലിന്റെ കഥയും അതുതന്നെ. ഒരു വീഴ്ച്ചയുടെ വക്കിലായിരുന്നു അത്. ഒരിക്കലും ഉയിർത്തെഴുന്നേൽക്കാനാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല അപ്പോഴൊന്നും. 'പാരഗണിന്റെ ഭാവി ഭദ്രമാക്കാനുള്ള അമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖം ഇപ്പോഴുമുണ്ട്. ആ പ്രായത്തിലുള്ള മറ്റ് പല കൗമാരക്കാരേയും പോലെ സൗഹൃദങ്ങളുടെ ലഹരിയിലായിരുന്നു ഞാനും. ജീവിതം ആഘോഷിക്കാൻ മാത്രമുള്ളതാണെന്നായിരുന്നു അന്നത്തെ വിശാസം. കോഴിക്കോടിന്റെ മാത്രം പ്രത്യേകതയായ സൗഹൃദക്കൂട്ടായ്മകളും അന്നത്തെ എന്നെ സ്വാധീനിച്ചിരിക്കാം.'

ആഘോഷങ്ങൾക്കൊപ്പം സംഘർഷങ്ങളും നിറഞ്ഞ ആ സ്വപ്‌നലോകത്തുനിന്ന് സുമേഷിനെ ജീവിത യാഥാർഥ്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവന്നതും ഒരു സിനിമ തന്നെ: ബ്രൂസ് ലീയുടെ എന്റർ ദി ഡ്രാഗൺ. 'എന്റെ തലമുറയിലെ ഏതൊരു യുവാവിനേയും പോലെ ഞാനും ആ സിനിമയുടെ ആകർഷണവലയത്തിൽ ചെന്നുവീഴുകയായിരുന്നു. അച്ചടക്കമുള്ള ജീവിതശൈലിയും കഠിനവും ഏകാഗ്രവുമായ പരിശീലനവുമുണ്ടെങ്കിൽ എന്തും കീഴടക്കാനാകുമെന്ന് നമ്മളെയൊക്കെ പഠിപ്പിച്ചത് ബ്രൂസ് ലീയാണ്. ആ സ്വാധീനത്തിലാണ് തൈക്വാണ്ടോ പരിശീലിച്ചു തുടങ്ങിയതും. അതോടെ ജീവിതത്തിന് ഒരു ലക്ഷ്യബോധമൊക്കെ കൈവന്നു. അതുവരെയുള്ള അച്ചടക്കരാഹിത്യം ഉപേക്ഷിച്ചു. യഥാർഥത്തിൽ പാരഗണിന്റെയും എന്റെയും വളർച്ചയിലെ ഏറ്റവും നിർണായകമായ ഘട്ടം തുടങ്ങുന്നത് അവിടെ നിന്നാണ്. ബ്രൂസ് ലീക്ക് വേണം നന്ദി പറയാൻ'.

കടുത്ത പ്രതിബന്ധങ്ങളായിരുന്നു ചുറ്റിലും. സാഹിത്യഭാഷയിൽ പറഞ്ഞാൽ ഒരു തമോലോകം. പലപ്പോഴും ജീവന്മരണ പോരാട്ടം തന്നെ വേണ്ടിവന്നു ആ ഇരുട്ടിനെ വകഞ്ഞുമാറ്റാൻ. ചില യുദ്ധങ്ങൾ കോടതി വരെ നീണ്ടു. 'ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന പാരഗണിലെ രുചിക്കൂട്ടുകൾക്ക് പിന്നിൽ കയ്പ്പുള്ള ആ അനുഭവങ്ങൾ കൂടിയുണ്ട്', സുമേഷിന്റെ വാക്കുകൾ.

ആ പ്രതിസന്ധി ഘട്ടത്തിലും അൽപ്പം സന്തോഷം പകർന്നത് സിനിമയും പുസ്തകങ്ങളുമാണ്. 'ഇംഗ്ലീഷിലെ ക്ലാസ്സിക് ചിത്രങ്ങൾ കാത്തിരുന്നു കാണുന്നതായിരുന്നു അന്നത്തെ ഹോബി. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ചിത്രങ്ങൾ, കുറസോവയുടെ ചിത്രങ്ങൾ. അക്കോപാലിപ്‌സോയും ഗോഡ്ഫാദറുമൊക്കെ അന്ന് ആവർത്തിച്ച് കണ്ട പടങ്ങളാണ്. പിന്നെ ആന്തണി ഹോപ്കിൻസും ബ്രാഡ് പിറ്റും മത്സരിച്ചഭിനയിച്ച ലെജന്റ്‌സ് ഓഫ് ദി ഫാൾ. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച സിനിമകൾ പലതുമുണ്ട്. ആദ്യം ഓർമവരുന്നത് ബെൻഹർ ആണ്. സ്പീൽബർഗിന്റെ ആദ്യചിത്രമായ ഡ്യുവൽ മറ്റൊരു വിസ്മയാനുഭവം. പിന്നെ റോബർട്ട് ഡി നീറോയും ജെറമി അയൺസും മത്സരിച്ചഭിനയിച്ച ദി മിഷൻ, സിൽവസ്റ്റർ സ്റ്റാലന്റെ റോക്കി വൺ, മെത്തേഡ് ആക്റ്റിങ്ങിന്റെ ആശാനായ ഡാനിയൽ ഡേ ലൂയിസിന്റെ ലാസ്റ്റ് ഓഫ് ദി മോഹിക്കൻസ്.'

വലിയൊരു വായനക്കാരനായിരുന്നില്ല കുട്ടിക്കാലത്ത് താനെന്ന് സുമേഷ്. 'വായന ഒരു ശീലമായി ഒപ്പം കൂടിയത് ഞാൻ പോലുമറിയാതെയാണ്. എങ്ങനെ എന്നോർത്താൽ ഇന്നും അത്ഭുതം തോന്നും. ഇഷ്ടത്തോടെ വായിച്ച പുസ്തകങ്ങൾ പലതും ജനപ്രിയഗണത്തിൽ പെടുന്നവയല്ല. അയൻ റാൻഡിന്റെ അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്, റോബർട്ട് എം. പിർസിങ്ങിന്റെ സെൻ ആൻഡ് ദി ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ്, രുദ്ര- ദി കൺസെപ്റ്റ് ഓഫ് ശിവ, ഇമ്മോർട്ടൽ ടോക്‌സ് ബൈ ശൂന്യ... മിക്കതും തത്ത്വചിന്താപരമായ രചനകൾ. പിന്നെ ദസ്തയേവ്‌സ്‌കിയുടെ രചനകൾ. ദസ്തയേവ്‌സ്‌കിയാണ് അന്നുമിന്നും പ്രിയ എഴുത്തുകാരൻ. ഒപ്പം ആൽക്കെമിസ്റ്റ്, ഓട്ടോബയോഗ്രഫി ഓഫ് എ യോഗി തുടങ്ങിയ ലളിതമായ രചനകളും ഇഷ്ടത്തോടെ വായിച്ചു.'

സമപ്രായക്കാരായ കുട്ടികളെപ്പോലെ ഡിറ്റക്ടീവ് നോവലുകൾ വായിച്ചാണ് താനും മലയാളം വായനയിൽ ഹരിശ്രീ കുറിച്ചതെന്ന് സുമേഷ്. ദുബായിലെ ഒരു പുസ്തകശാലയിൽ ചെന്ന് ഒ.വി. വിജയന്റെ ക്ലാസിക് കൃതിയായ 'ഖസാക്കിന്റെ ഇതിഹാസം' വാങ്ങിയത് ഓർമയുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു അതിന് പിന്നിൽ. എന്നാൽ, നാല് പേജ് വായിച്ചതോടെ ഇതെന്റെ വായനാശീലത്തിന് ഇണങ്ങുന്ന പുസ്തകമല്ല എന്ന് മനസിലായി. എവിടെയോ എന്തോ ഒരു ഹിപ്പോക്രസിയുടെ ലാഞ്ഛന. എന്നാൽ തുടർന്ന് വായിച്ച ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത്' അങ്ങനെയുള്ള ഒന്നായിരുന്നില്ല. വായിച്ചു തുടങ്ങിയ ശേഷം ഒരിക്കലും താഴെ വെക്കേണ്ടി വന്നില്ല അത്. എന്തായിരുന്നു ആ മാജിക് എന്നത് എനിക്കുപോലും പിടികിട്ടാത്ത കാര്യം'.

വായിക്കാനുദ്ദേശിച്ചു വാങ്ങിവെച്ച പുസ്തകങ്ങൾ വേറെയുമുണ്ട്. ഹോട്ടൽ ബിസിനസ്സിന്റേയും യാത്രകളുടേയും ശ്വാസം മുട്ടിക്കുന്ന തിരക്കുകൾക്കിടയിൽ വായനക്ക് സമയം കിട്ടുന്നില്ല എന്നതാണ് ദുഃഖം. 'എങ്കിലും എല്ലാം വായിച്ചുതീർക്കാൻ തന്നെയാണ് തീരുമാനം', സുമേഷ് ചിരിക്കുന്നു.

കാലം മാറുകയാണ്; ലോകവും; ജീവിതം തന്നെ മൊബൈൽ സ്‌ക്രീനിലും വിരൽത്തുമ്പിലും വന്നു നിൽക്കുന്ന കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ എല്ലാം സ്വപ്‌നം പോലെ തോന്നാറുണ്ടെന്ന് സുമേഷ്. ജോൺ വെയ്നും ബ്രൂസ് ലീയും സിൽവസ്റ്റർ സ്റ്റാലനും ആർനോൾഡ് ഷ്വാസ്‌നെഗ്ഗറുമൊക്കെ പുഞ്ചിരി തൂകി നിൽക്കുന്നു ആ സ്വപ്‌നലോകത്ത്: 'ഒരർഥത്തിൽ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ അത്തരം ഓർമകളല്ലേ?'', സുമേഷിനുള്ളിലെ അസ്സൽ കോഴിക്കോട്ടുകാരന്റെ ആത്മഗതം.