
കറുപ്പിന് അഴകുണ്ടോ ഇല്ലയോ എന്ന് സംശയം തോന്നിയത് അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. സംശയത്തിന് വിത്ത് പാകിയത് ഒരു സിനിമാപ്പാട്ടും: 'കറുത്ത പെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തന്‍ കിഴക്കുദിച്ചു..'
അച്ഛന്‍ മാനേജരായി ജോലി ചെയ്തിരുന്ന കാപ്പിത്തോട്ടത്തിലെ ഒരു തൊഴിലാളി സ്ത്രീ (ലീല എന്നാണ് പേരെന്ന് ഓര്‍മ്മ) വിചിത്രമായ പരാതിയുമായി ഒരു നാള്‍ വീട്ടുമുറ്റത്ത് ഹാജരാകുന്നു. അച്ഛനില്ല സ്ഥലത്ത്. അമ്മയും അച്ഛന്റെ എടത്തിയുമേ ഉള്ളൂ. അച്ഛനില്ലാത്ത ഘട്ടങ്ങളില്‍ കുടുംബപ്രശ്‌നങ്ങളില്‍ പരാതി കേട്ട് പരിഹാരം നിര്‍ദ്ദേശിക്കേണ്ട ചുമതല വല്യമ്മയ്ക്കാണ്. നീതിയുക്തമായി വല്യമ്മ നിര്‍വഹിച്ചു പോന്ന ദൗത്യം.
ലീല ആവലാതി ബോധിപ്പിക്കുമ്പോള്‍ ഏതോ പുസ്തകം വായിച്ചുകൊണ്ട് ഞാനുമുണ്ട് തൊട്ടരികെ, വല്യമ്മയുടെ കാല്‍ക്കീഴില്‍. എസ്റ്റേറ്റ് 'പാടി'യില്‍ തൊട്ടപ്പുറത്ത് താമസിക്കുന്ന കാരിക്കുട്ടി എന്ന യുവാവ് സ്ഥിരമായി തന്നെ കറുത്ത പെണ്ണേ എന്ന് വിളിച്ചു കളിയാക്കുന്നു -- അതാണ് ലീലയുടെ പ്രശ്നം. ഇരുനിറമാണ് ഓര്‍മ്മയിലെ ലീലക്ക്; സുന്ദരിയും. വിവാഹിതയാണെങ്കിലും ഭര്‍ത്താവ് വല്ലപ്പോഴുമേ വീട്ടില്‍ വരൂ, കടുത്ത മദ്യപാനിയാണ്. ലീലയുടെ പരാതി ഗൗരവത്തോടെ തന്നെ എടുത്തു വല്യമ്മ. അന്ന് വൈകീട്ട് തന്നെ പ്രതിയോട് ഹാജരാകാന്‍ കല്‍പ്പിക്കുകയും ചെയ്തു.
കരുത്തുറ്റ, വടിവൊത്ത 'സിക്‌സ് പേക്ക്' ശരീരമാണ് കാരിക്കുട്ടിയുടേത്. ഷര്‍ട്ട് ധരിക്കുന്ന ശീലം കുറവ്. പറഞ്ഞ സമയത്തു തന്നെ അര്‍ദ്ധനഗ്‌നനായി കാരിക്കുട്ടി ഹാജര്‍. പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തന്നെ ഒട്ടും മയമില്ലാത്ത ഭാഷയില്‍ ഒന്ന് ശകാരിച്ച ശേഷം വല്യമ്മ വിശദീകരണം ചോദിച്ചപ്പോള്‍ കാരിക്കുട്ടി വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'അയ്യയ്യേ, ഇതാപ്പോ പ്രശ്‌നം? വെറുതെ ഇരിക്കുമ്പോ ഞാന്‍ ഒരു പാട്ട് പാടിപ്പോയതല്ലേ ബെല്യമ്മേ ? ഓളെ പറ്റിയൊന്നും അല്ല. ഏശുദാസിന്റെ പാട്ടാ. ങ്ങള് കേട്ടിട്ടുണ്ടാവും...' തുടര്‍ന്ന് 'അന്ന' എന്ന സിനിമയില്‍ വയലാര്‍ - ദേവരാജന്‍ സഖ്യത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം തനത് ശൈലിയില്‍, തന്റേതായ ശ്രുതിയില്‍ ഞങ്ങളെ പാടിക്കേള്‍പ്പിക്കുന്നു അയാള്‍. 'കറുത്ത പെണ്ണേ കരിങ്കൊഴലീ നെനക്കൊരുത്തന്‍ കെയക്കുദിച്ചു..'
പാട്ട് പാടി നിഷ്‌കളങ്ക ഭാവത്തോടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നിന്ന കാരിക്കുട്ടിയെ കോപത്തോടെ നോക്കി ലീല പറയുന്നു: 'ങ്ങക്കെന്താ പെണ്ണുങ്ങളെ നോക്കിയേ പാടാന്‍ പറ്റൂ. അത് തല്ല് കിട്ടാത്തേന്റെ സൂക്കടാ...'
വയലാര്‍ എഴുതിയത് ഏതെങ്കിലും സ്ത്രീയെക്കുറിച്ചല്ല, പ്രകൃതിയുടെ ഭാവപ്പകര്‍ച്ചകളെക്കുറിച്ചാണ് എന്നൊന്നും ചിന്തിച്ചിരിക്കില്ല കാരിക്കുട്ടിയും ലീലയും വല്യമ്മയും. ലീലക്കനുകൂലമായിരുന്നു അന്ന് വല്യമ്മയുടെ വിധി. പരാതിക്കാരിയോട് മനസ്സില്ലാമനസ്സോടെ മാപ്പ് പറയേണ്ടി വന്നു കാരിക്കുട്ടിക്ക്. വല്യമ്മയുടെ അനുമതിയോടെ അവിടെ വെച്ചുതന്നെ വില്ലനെ വാക്കുകള്‍ കൊണ്ട് നിര്‍ത്തിപ്പൊരിക്കുകയും ചെയ്തു ലീല. പിന്നീടയാള്‍ ലീല കേള്‍ക്കേ ആ പാട്ട് പാടിയോ എന്നറിയില്ല. എന്നാല്‍ കഷ്ടിച്ച് ഒരു വര്‍ഷത്തിനകം കാരിക്കുട്ടിയുടെ പാട്ടുകഥക്കൊരു വിചിത്രമായ ക്ലൈമാക്സ് ഉണ്ടായി. വീട്ടിലെ സംസാരത്തില്‍ നിന്നറിഞ്ഞ കാര്യമാണ്: ഭര്‍തൃമതിയായ ലീലയും രണ്ടു കുട്ടികളുടെ പിതാവായ കാരിക്കുട്ടിയും ഒളിച്ചോടിയിരിക്കുന്നു. ദീര്‍ഘകാല പ്രണയത്തിന്റെ പരിണാമഗുപ്തി. 'നെനക്കൊരുത്തന്‍ കെയക്കുദിച്ചു' എന്ന് നേരത്തെ മുന്നറിയിപ്പ് കൊടുത്തിരുന്നല്ലോ കാരിക്കുട്ടി. പിന്നീടവരെ കണ്ടിട്ടില്ല.
'കറുത്ത പെണ്ണ്' എന്ന പ്രയോഗത്തിന്റെ രാഷ്ട്രീയ ശരിയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പ്രായമായിരുന്നില്ല. അത്തരം ചര്‍ച്ചകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല താനും. എങ്കിലും ആ 'കറുത്ത' പ്രയോഗത്തില്‍ എന്തോ ഒരു വശപ്പിശക് അന്നേ തോന്നിയിരുന്നു. ചുണ്ടേല്‍ രോഷന്‍ ടോക്കീസില്‍ നിന്ന് 'കളക്ടര്‍ മാലതി' എന്ന പടം കണ്ട ശേഷം സംശയം കടുത്തു. നല്ല വെളുപ്പ് നിറമുള്ള ഷീലയെ കറുത്ത പെണ്ണായിട്ടാണ് സിനിമയില്‍ കണ്ടത്. മേലാസകലം കറുത്ത ചായം തേച്ചുപിടിപ്പിച്ചിരിക്കുകയാണ്. 'കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍ വരച്ചതാരാണെന്റെ വര്‍ണചിത്രം' എന്നൊരു പാട്ടുമുണ്ട് പടത്തില്‍. ദലിത് പശ്ചാത്തലമുള്ള മാലതിയാണ് സിനിമയില്‍ ഷീല. കാമുകനായ നസീറാകട്ടെ കോവിലകത്തെ കൊച്ചുതമ്പുരാനും. കറുത്ത നിറമുള്ള മാലതിയെ ഇഷ്ടമായിരുന്നെങ്കിലും സിനിമയില്‍ നസീര്‍ കല്യാണം കഴിക്കുന്നത് വെളുത്ത അംബികയെ. മാലതി പഠിച്ചു വലുതായി കളക്ടര്‍ ആയി വരുന്നുണ്ട് കഥാന്ത്യത്തില്‍; ജീവിതത്തില്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ നിറം ഒരു പ്രശ്‌നമല്ല എന്ന് തെളിയിച്ചുകൊണ്ട്.
എന്നാല്‍, പടം കണ്ടു കഴിഞ്ഞപ്പോള്‍ അപകര്‍ഷ ബോധം ബാക്കി. കറുപ്പിനോടാണല്ലോ നമ്മുടെ ശരീരത്തിനും ചായ്‌വ്. കസിന്‍സിലും കളിക്കൂട്ടുകാരിലും വെളുത്തവരായിരുന്നു അധികമെന്നതിനാല്‍ താരതമ്യങ്ങള്‍ സ്വാഭാവികമായിരുന്നു താനും. വെക്കേഷന് ബന്ധുവീടുകളില്‍ കാലുകുത്തുമ്പോള്‍ തന്നെ കേള്‍ക്കാറുള്ള പല്ലവികളിലൊന്ന് അന്നത്തെ കുഞ്ഞുമനസ്സിനെ നോവിച്ചിട്ടുണ്ട്: 'ചെക്കന്‍ നല്ലോണം കറുത്തു കരുവാളിച്ചു. നട്ടപ്പൊളി വെയിലല്ലേ ?' വെളുപ്പിലേയുള്ളൂ സൗന്ദര്യം എന്ന ബോധം ചെറുപ്രായത്തിലേ ഉള്ളില്‍ ഊട്ടിയുറപ്പിക്കാന്‍ അത്തരം കമന്റുകള്‍ ധാരാളമായിരുന്നു; പിന്നീടവയുമായി പൊരുത്തപ്പെട്ടെങ്കിലും.
'കളക്ടര്‍ മാലതി' കണ്ട് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ വല്യമ്മയോട് ചോദിച്ചു: 'ന്താ വല്യമ്മേ കറുത്തോര്‍ക്ക് ഭംഗി കൊറവാ?'
വല്യമ്മ ചിരിച്ചു. 'അയ്യേ, ആരാ പറഞ്ഞത്. വല്യമ്മ കര്‍ത്തിട്ടല്ലേ ? നെന്റെ അച്ഛന്‍ കര്‍ത്തിട്ടല്ലേ ? പിന്നെ സത്യന്‍ കര്‍ത്തിട്ടല്ലേ ? ശാരദ കര്‍ത്തിട്ടല്ലേ.. വെളുപ്പുണ്ട് ന്ന് വെച്ചിട്ട് ഭംഗിണ്ടാവണം ന്നില്ല്യ.'
തല്‍ക്കാല ശാന്തിക്ക് ധാരാളമായിരുന്നു ആ ആശ്വാസവചനം. എങ്കിലും സിനിമയില്‍ -- സിനിമാപ്പാട്ടിലും -- കറുത്ത പെണ്ണും വെളുത്ത പെണ്ണും മാറി മാറി വന്നുകൊണ്ടിരുന്നു. ഈയടുത്ത കാലം വരെ അതിലൊരു അസ്വാഭാവികതയും കണ്ടിരുന്നില്ല ആരും എന്നതാണ് കൗതുകകരം. ആലോചിച്ചു നോക്കുമ്പോള്‍ 'വര്‍ണവിവേചനം' കാര്യമായി ഉണ്ടായിരുന്നു അന്നത്തെ പല പാട്ടുകളിലും.
'ഭാഗ്യജാതക' (1962) ത്തിന് വേണ്ടി പി ഭാസ്‌കരന്‍ രചിച്ച 'ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം' എന്ന പാട്ട് ഓര്‍മ്മവരുന്നു. 'അച്ഛനെപ്പോലെ തടിക്കണം എന്റെ മോന്‍ ആയില്യം നാളില്‍ ജനിക്കണം' എന്ന അമ്മയുടെ മോഹം ന്യായം. അടുത്ത വരിയിലെ അച്ഛന്റെ പ്രതീക്ഷയാണ് പ്രശ്നം: 'അമ്മയെപ്പോലെ വെളുക്കണം, എന്റെ മോള്‍ ആട്ടവും പാട്ടും പഠിക്കണം.' പുതിയ കാലം ആ വരിയുടെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചോദ്യം ചെയ്യുമെന്നുറപ്പ്. വെളുപ്പാണ് ഭംഗി എന്ന് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ടല്ലോ കവി.
വിധുബാല അവതരിപ്പിച്ച 'ഞാവല്‍പ്പഴങ്ങ'ളിലെ വനസുന്ദരിയെ വിശേഷിപ്പിക്കാന്‍ മുല്ലനേഴി എഴുതിയ ഗാനത്തില്‍ കറുപ്പിന്റെ അഴകാണ് പ്രമേയം: 'കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്, കാടിന്റെ ഓമനമോളാണ് ഞാവല്‍പ്പഴത്തിന്റെ ചേലാണ്, എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് ചുവപ്പാണ്....' സമാനമായ മറ്റൊരു രചന മൂന്ന് പതിറ്റാണ്ടിനിപ്പുറം 'ബാലേട്ടനി'ലും കേട്ടു. എഴുതിയത് ഗിരീഷ് പുത്തഞ്ചേരി. 'കറുകറെ കറുത്തൊരു പെണ്ണാണ്, കണ്ണാണ് കരളാണ് കാട്ടുപൂവിന്‍ കന്നിത്തേനാണ് ഇവള്‍ പാട്ടു മൂളും മൈനപ്പെണ്ണാണ്, ഇളമാന്തളിരിന്‍ ചുണ്ടാണ്, ഇമകള്‍ രണ്ടും വണ്ടാണ്, കുറുമ്പ് കാട്ടും വമ്പാണ് പറക്കുമമ്പാണ്..'
വെളുത്ത പെണ്ണിനെ അഭിസംബോധന ചെയ്യുന്ന അധികം രചനകള്‍ വന്നിട്ടില്ല സിനിമയില്‍. ഓര്‍മ്മയിലോടിയെത്തുന്നത് 'നായര് പിടിച്ച പുലിവാ'ലില്‍ ഉദയഭാനുവും പി ലീലയും പാടിയ ഭാസ്‌കര ഗീതമാണ്: വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ് വെളുക്കുവോളം കണ്ട കിനാക്കള്‍ മനസ്സിലുണ്ടല്ലോ...'
വേറെയുമുണ്ട് 'കറുപ്പും വെളുപ്പും' ജനുസ്സില്‍ പെട്ട പാട്ടുകള്‍. ചിലതൊക്കെ നേരിട്ട് പങ്കാളിയുടെ നിറത്തെ അഭിസംബോധന ചെയ്യുന്നവ. മറ്റു ചിലവ പ്രതീകാത്മകം. ഇതൊന്നുമല്ലാതെ പ്രകൃതിയുമായി കറുപ്പിനേയും വെളുപ്പിനേയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന പാട്ടുകള്‍ വേറെ: കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല കണ്ടാല്‍ കാമദേവന്‍ (യൂസഫലി -- വനദേവത), കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ (തേന്മാവിന്‍ കൊമ്പത്ത്), വെളുത്ത വാവിനെക്കാള്‍ വെളുത്ത നിറം (വയലാര്‍ -- വിവാഹസമ്മാനം), വെളുവെളെ വെളുവെളെ വെളുത്ത പെണ്ണേ (ഇവിടം സ്വര്‍ഗമാണ്), വെളുത്ത പെണ്ണിന്റെ (യൂസഫലി -- സ്‌നേഹിതന്‍), കറുപ്പിനഴക് ഓ വെളുപ്പിനഴക് ( കൈതപ്രം -- സ്വപ്നക്കൂട്)....
വിഷയം സിനിമാപ്പാട്ടായതുകൊണ്ട് കാലം മാറുന്നതിനനുസരിച്ചു രാഷ്ട്രീയ ശരി കൂടി കണക്കിലെടുത്ത് വരികള്‍ മാറ്റിയെഴുതുക അസാധ്യം. കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു എന്നതിന് പകരം കുളിക്കുമ്പോള്‍ യാദൃച്ഛികമായി കണ്ടു എന്നെഴുതാന്‍ പറ്റില്ലല്ലോ...
ഒറ്റ പോംവഴിയേ ഉള്ളു. പഴയ പാട്ടുകള്‍ പഴയ കാലത്ത് നിലയുറപ്പിച്ചു നിന്നുകൊണ്ട് മാത്രം കേള്‍ക്കുക. പുതിയവ പുതിയ കാലത്തും....
Content Highlights: Exploring colorism in classic Malayalam film songs
Published: 27 Mar 2025, 09:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented