36 കൊല്ലം മുമ്പ് 1990 ഡിസംബറിലാണ് ചന്ദ്രശേഖർ സർക്കാർ ടി.എൻ. ശേഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സി.ഇ.സി.) നിയമിച്ചത്. രാജീവ് ഗാന്ധി സർക്കാരിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷന് സി.ഇ.സി. പദവിയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ വലിയ പത്രാസും അധികാരവും ഒന്നുമില്ലാത്ത ഒരു വകുപ്പായിരുന്നു ആ നാളുകളിൽ. സി.ഇ.സി. പദവി ഏറ്റെടുക്കണോ എന്ന് ശേഷൻ രാജീവ് ഗാന്ധിയോടും അന്നത്തെ രാഷ്ട്രപതി വെങ്കട്ടരാമനോടും ആലോചിച്ചിരുന്നു. വേറെ നല്ല പണിയൊന്നും കിട്ടിയില്ലെങ്കിൽ മാത്രം മതി എന്നാണ് ഇരുവരും ശേഷനോട് പറഞ്ഞത്. പക്ഷേ, ശേഷൻ സി.ഇ.സി. ആകണമെന്ന് ചന്ദ്രശേഖർ സർക്കാരിൽ നിയമ മന്ത്രിയായിരുന്ന സുബ്രമണ്യൻ സ്വാമിക്ക് നിർബ്ബന്ധമായിരുന്നു. അങ്ങിനെയാണ് കാഞ്ചി പീഠാധിപതി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ ഉപദേശം ശേഷൻ തേടിയത്.

To advertise here,

നല്ല മാന്യതയുള്ള പദവിയാണെന്നും ശേഷൻ സി.ഇ.സി. ആവണമെന്നും ചന്ദ്രശേഖരേന്ദ്ര സരസ്വതി പറഞ്ഞു. മാത്രമല്ല, കാഞ്ചീപുരത്തിനടുത്തുള്ള ഉതിരമേരൂർ ക്ഷേത്രത്തിൽ പോയി അവിടെയുള്ള ശിലാലിഖിതങ്ങൾ കാണണമെന്നും കാഞ്ചി മഠാധിപതി ശേഷനോട് ആവശ്യപ്പെട്ടു. ശേഷൻ ഉതിരമേരൂരിൽ പോയി ശിലാലിഖിതങ്ങൾ കണ്ടു. പത്താം നൂറ്റാണ്ടിൽ തമിഴകം ഭരിച്ചിരുന്ന ചോള രാജാക്കന്മാർ സുതാര്യമായ തിരഞ്ഞെടുപ്പ് സംവിധാനം നിലനിർത്തിയിരുന്നതിനെ കുറിച്ചായിരുന്നു ഉതിരമേരൂരിലെ ശിലാലിഖിതങ്ങളിൽ ഉണ്ടായിരുന്നത്. അതിന്റെ പത്തിലൊന്ന് നടപ്പാക്കാൻ ശേഷനായാൽ ആധുനിക ഇന്ത്യയ്ക്കുള്ള ശേഷന്റെ ഗംഭീര സംഭാവനയായിരിക്കുമെന്ന് ചന്ദ്രശേഖരേന്ദ്ര സരസ്വതി പറഞ്ഞു. ഈ വാക്കുകളുടെ ഉത്തേജനത്തിലാണ് സി.ഇ.സി. പദവി ഏറ്റെടുത്തതെന്ന് ശേഷൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡും മാതൃകാ പെരുമാറ്റച്ചട്ടവുമായി പിന്നീട് ശേഷൻ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ കളം നിറഞ്ഞാടിയത് ചരിത്രമാണ്.

സി.ഇ.സി. ആയിരിക്കെ നൽകിയ ഒരു അഭിമുഖത്തിൽ ശേഷൻ തന്റെ പദവിയെക്കുറിച്ച് പറഞ്ഞത് ഇപ്പോൾ ഓർക്കുക തന്നെ വേണം. ''ഞാൻ കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ല, ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.'' വാക്കിൽ ചെറിയ വ്യത്യാസമേയുള്ളെങ്കിലും അർത്ഥത്തിൽ വലിയ അന്തരമാണുള്ളതെന്നും ശേഷൻ ഓർമ്മിപ്പിച്ചു. നിലവിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന ആരോപണങ്ങൾ കേട്ട് ടി.എൻ. ശേഷന്റെ ആത്മാവ് ശവകുടീരത്തിൽ ഞെരിപിരി കൊള്ളുന്നുണ്ടാവണം.

സുപ്രീം കോടതി വിധിയുടെ അട്ടിമറി

2023 മാർച്ച് രണ്ടിനാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധിയുണ്ടായത്. ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസുമുടങ്ങുന്ന മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനത്തിന് ഈ നടപടി അത്യാവശ്യമാണെന്നും വിധിയിൽ ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി സർക്കാരിന് ഈ വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളാനാവുമായിരുന്നില്ല. സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള നിയമത്തിന് അങ്ങിനെയാണ് അരങ്ങൊരുങ്ങിയത്. മുഖ്യമായും രണ്ട് കാര്യങ്ങളാണ് പുതിയ നിയമം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള പാനലിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പകരം കേന്ദ്രമന്ത്രിയെ കൊണ്ടുവന്നു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായി പുതിയ പാനൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാനലിൽ നിലവിലുള്ള കേന്ദ്രമന്ത്രി.

മോദി - ഷാ ദ്വയം തീരുമാനിക്കുന്നവരേ തിരഞ്ഞെടുപ്പ് കമ്മീഷണറാവൂ എന്ന് ചുരുക്കം. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമ നടപടികളിൽനിന്നു മുക്തമാക്കി എന്നതാണ് രണ്ടാമത്തെ സംഗതി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായിരിക്കെ എടുക്കുന്ന ഒരു നടപടിയും ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല. എന്ത് തോന്നിവാസം കാണിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നിയമത്തെ പേടിക്കേണ്ടതില്ല. പ്രതിപക്ഷ എംപിമാരിൽ ഭൂരിപക്ഷത്തേയും സസ്പെൻഡ് ചെയ്്ത ഒരു പാർലമെന്റ് സമ്മേളനത്തിലാണ് ഈ നിയമം മോദി സർക്കാർ ശബ്ദവോട്ടോടെ പാസ്സാക്കിയത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി മറികടന്നുകൊണ്ടുള്ള ഈ നീക്കം ചോദ്യം ചെയ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ഇതുവരെ ഇതിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഈ വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത 2023-ലെ സുപ്രീംകോടതി വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന നിലപാടെടുത്തു. അതോടെ കേസിൽ വിധി ഇനിയും നീളുമെന്നുറപ്പായി.

മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനായി ജസ്റ്റിസ് ശർമ്മയുടെ മകൻ പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസിൽനിന്ന് ജസ്റ്റിസ് ശർമ്മ പിന്മാറണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളും നോയിഡയിലെ ജില്ലാ മജിസ്ട്രേറ്റുമായ മേധ രൂപത്തിനെതിരെ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് ശർമ്മയാണ്.

അമിത് ഷായും ഗ്യാനേഷ് കുമാറും

നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന പുതിയ പാനൽ ആദ്യം നടത്തിയ നിയമനമായിരുന്നു ഗ്യാനേഷ് കുമാറിന്റേത്. 2024 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം നിലവിൽ വന്നു. ഒരു മാസത്തിനപ്പുറം ഫെബ്രുവരിയിൽ ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'സ്വന്തം' ആളാണെന്നതാണ് കോൺഗ്രസിനെ മുഖ്യമായും പ്രകോപിപ്പിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് നീക്കം ചെയ്യുന്നതിനും ജമ്മു കശ്മീരിനെ രണ്ടാക്കി സംസ്ഥാന പദവി എടുത്തുകളയുന്നതിനുമുള്ള നടപടിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷായ്ക്ക് കീഴിൽ ഗ്യാനേഷ് കുമാറാണ്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ട്രസ്റ്റിന്റെ രൂപീകരണത്തിലും ഗ്യാനേഷ് കുമാറിന് നിർണ്ണായക പങ്കുണ്ടായിരുന്നു. 3,500 കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് സമാഹരിച്ചത്.

കേന്ദ്രത്തിലേക്ക് വരുന്നതിന് മുമ്പ് ഗ്യാനേഷ് കുമാർ കേരളത്തിൽ ജില്ലാ കളക്ടറായും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും ജോലി നോക്കിയിരുന്നു. 2006-ൽ ഗ്യാനേഷ് കുമാർ സെക്രട്ടറിയായിരിക്കെയാണ് കേരളത്തിൽ ഒരു മലേഷ്യൻ കമ്പനിയുടെ സഹകരണത്തോടെ നടന്ന റോഡ് നിർമ്മാണം വിവാദമായത്. കൈക്കെൂലി ആരോപണങ്ങൾ ഉയർത്തി ഈ പദ്ധതിയുടെ മാനേജരായിരുന്ന മലേഷ്യൻ സ്വദേശി ലീ സി ബീൻ കൊലാലംപൂരിൽ ആത്മഹത്യ ചെയ്തത് വിജിലൻസ് അന്വേഷണത്തിന് വഴിയൊരുക്കിയിരുന്നു. ഈ വിവാദത്തിന്റെ നിഴലിൽ അന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്തു.

എന്തായാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഗ്യാനേഷ് കുമാറിന്റെ തലവര മാറിമറിഞ്ഞത്. വിരമിച്ചു കഴിഞ്ഞാൽ ബിജെപി ടിക്കറ്റിൽ ലോക്്സഭയിലേക്ക് മത്സരിക്കണമെന്നും അങ്ങിനെ കേന്ദ്ര മന്ത്രിയാവണമെന്നും ഗ്യാനേഷ് കുമാർ തന്നോട് ഒരിക്കൽ പറഞ്ഞതായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ അടുത്തിടെ പറഞ്ഞതും ഇതോട് ചേർത്ത് വായിക്കാവുന്നതാണ്.

സംഘപരിവാറും ഉദ്യോഗസ്ഥ സമൂഹവും

അധികാരം പിടിക്കുന്നതിനും നിലനിർത്തുന്നതിനും ഉദ്യോഗസ്ഥ സമൂഹത്തെ കൈയ്യിലെടുക്കേണ്ടത് എങ്ങിനെയാണെന്ന് ആർ.എസ്.എസിനും ബി.ജെ.പിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. വിനോദ് റായ് മുതൽ ഗ്യാനേഷ് കുമാർ വരെ നീളുന്ന ഉദ്യോഗസ്ഥ ശൃംഖലയുടെ സഹായം ബി.ജെ.പിക്ക് എത്രമാത്രം ഗുണകരമായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് വെറുതെയല്ല. ചോര പൊടിയാതെ ഹിന്ദു രാഷ്ട്രം സ്്ഥാപിക്കുന്നതിനുള്ള ഭരണഘടനാ അട്ടിമറിക്കാണ് എസ്.ഐ.ആറിലൂടെ ഗ്യാനേഷ് കുമാർ നേതൃത്വം നൽകിയതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. പറക്കാല പ്രഭാകർ വിമർശിക്കുന്നതും ഈ പരിസരത്തിലാണ്.

തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിൽ എല്ലാ ഭരണകൂടങ്ങളും ഉത്സാഹം കാട്ടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻതന്നെ ഭരണകൂടത്തിന്റെ തുടർച്ചയാവുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് ദിന പത്രം പുറത്തുവിട്ട വാർത്തകൾ ഈ യാഥാർത്ഥ്യത്തിന്റെ നേർക്കാണ് വിരൽ ചൂണ്ടുന്നത്. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും ഇക്കഴിഞ്ഞ പത്ത് മാസങ്ങളിൽ 14 വട്ടം സി.ഇ.സി. ഗ്യാനേഷ് കുമാറുമായി വിയോജിച്ചിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ റിതിക ചോപ്ര കണ്ടെത്തിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം സിക്സിൽ വരുത്തിയ മാറ്റം നിയമവിരുദ്ധമാണെന്ന് ഇവർ രണ്ടുപേരും വ്യക്തമാക്കിയിരുന്നുവെന്നതാണ് ഇതിൽ സുപ്രധാനമായൊരു വെളിപ്പെടുത്തൽ.

2002-ലെ വോട്ടർ പട്ടികയിൽ ബന്ധുക്കളുടെയോ അപേക്ഷകരുടെയോ പേരുണ്ടോ എന്ന് വ്യക്തമാക്കണമെന്നതാണ് ഫോം ആറിൽ കൊണ്ടുവന്ന പുതിയ മാറ്റം. ഈ ഒരൊറ്റ നിബന്ധനയിൽ ലക്ഷക്കണക്കിന് പേർക്കാണ് എസ്.ഐ.ആറിൽ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. ഇവിടെ തിരിച്ചറിയേണ്ട ഒരു കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതൊരു വിഷയത്തിലും തീരുമാനമെടുക്കുന്നത് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. സി.ഇ.സി. ഒരു ഭാഗത്തും മറ്റ് രണ്ട് കമ്മീഷണർമാർ മറുഭാഗത്തുമാണെങ്കിൽ രണ്ട് കമ്മീഷണർമാരുടെ അഭിപ്രായമാണ് നിലിൽക്കുക.

അതായത് ഫോം ആറിലെ മാറ്റം നിയമവിരുദ്ധമാണെന്ന് രണ്ട് കമ്മീഷണർമാർ അഭിപ്രായപ്പെട്ടാൽ ആ മാറ്റം തിരുത്തേണ്ടി വരും. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബഞ്ചിൽ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് ബഞ്ചിലുള്ള ഭൂരിപക്ഷം ജഡ്ജിമാർ യോജിക്കുന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസിന്റെ നിലപാടല്ല ഭൂരിപക്ഷത്തിന്റെ നിലപാടാണ് വിധിയാവുക എന്നത് പോലെയാണിത്. പക്ഷേ, ഇവിടെ അതുണ്ടായില്ല. ഫോം ആറിലെ മാറ്റം അതുപോലെ തുടർന്നു.

സബ്യസാചി ദാസിന്റെ കണ്ടെത്തൽ

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥാപനമാണ്. കേന്ദ്ര സർക്കാരിനെ എവിടെയാണ് വര വരച്ച് നിർത്തേണ്ടതെന്ന് ടി.എൻ. ശേഷനും ജെ.എം. ലിങ്ദൊയുമൊക്കെ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും കമ്മീഷണർമാരായ സന്ധുവിന്റെയും വിവേക് ജോഷിയുടെയും അഭിപ്രായങ്ങൾക്ക് ഒരു വിലയുമുണ്ടായില്ല. അത്യധികം ആപത്കരമായ സ്ഥിതിവിശേഷമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം അട്ടിമറിക്കപ്പെട്ടാൽ അതിന്റെ അർത്ഥം ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുന്നു എന്നാണ്. ഈ ഗുരുതരമായ സംഭവവികാസം സാധാരണഗതിയിൽ രാഷ്ട്രപതിയുടെ ശ്രദ്ധയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പെടുത്തേണ്ടത്. അല്ലെങ്കിൽ ജനങ്ങളുടെ മുന്നിൽ.

ടി.എൻ. ശേഷൻ വ്യക്തമാക്കിയിട്ടുള്ളതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉത്തരം പറയേണ്ടത് രാഷ്ട്രപതിയോടും ജനങ്ങളോടും കോടതിയോടും പാർലമെന്റിനോടുമാണ്. എന്നാൽ, സന്ധുവും വിവേക് ജോഷിയും ഈ വിഷയം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി.വി. സ്വാമിനാഥന്റെ ശ്രദ്ധയിലാണ് കൊണ്ടുവന്നത്. എല്ലാ അർത്ഥത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് മുകളിലാണ്. എന്നിട്ടും ക്യാബിനറ്റ് സെക്രട്ടറിയുടെ അഭിപ്രായം ആരായാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിർബ്ബന്ധിതരായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം മരീചികയായി മാറുന്നതിന് ഇതിനുമപ്പുറത്ത് ഒരു ദൃഷ്ടാന്തം ആവശ്യമുണ്ടോ?

ഹരിയാനയിലെ അശോക സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം അദ്ധ്യാപകനായിരുന്ന അസിസ്റ്റന്റ് പ്രൊഫസർ സബ്യസാചി ദാസിനെ ഇപ്പോൾ എത്രപേർ ഓർക്കുന്നുണ്ടെന്നറിയില്ല. 2023-ൽ ദാസിന് ഈ സർവ്വകലാശാലയിൽനിന്നു രാജിവെയ്ക്കേണ്ടി വന്നതിന്റെ കാരണം തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പഠനമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഇതര പ്രതിപക്ഷ പാർട്ടികളും തമ്മിൽ കടുത്ത മത്സരം നടന്ന 11 ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടർ പട്ടികകളിൽ ഇടപെടലുകളുണ്ടായിട്ടുണ്ട് എന്ന കണ്ടെത്തലാണ് ദാസിനെ കുഴപ്പത്തിലാക്കിയത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പുതുതായി ചേർക്കപ്പെട്ട വോട്ടുകളിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരുടെ എണ്ണം കുറവായിരുന്നെന്നും ഇത് ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചെന്നുമാണ് ദാസ് പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടിയത്. ദാസിന്റെ ആശങ്കകളിന്മേൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. എന്നാൽ, കേന്ദ്ര സർക്കാർ ദാസിനെക്കുറിച്ച് അന്വേഷിക്കാൻ ഐ.ബി. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവർ അശോകയിലെത്തിയതായും റിപ്പോർട്ടുകൾ വന്നു. ദിവസങ്ങൾക്കുള്ളിൽ അശോകയിൽനിന്ന് ദാസ് രാജി വെയ്ക്കുകയും ചെയ്തു.

വി ദ പീപ്പിൾ

ഇപ്പോൾ ബംഗാളിൽനിന്നും കർണ്ണാടകത്തിൽനിന്നും സമാനമായ വാർത്തകളാണ് വരുന്നത്. വോട്ടർ പട്ടികയിൽനിന്നു പേര് നീക്കണമെന്ന ആവശ്യവുമായ കർണ്ണാടകത്തിലെ ബാബലേശ്വറിൽ 1363 അപേക്ഷകൾ നൽകിയത് പത്ത് ജനപ്രതിനിധികളാണ്. പേര് നീക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നതിൽ ഭൂരിപക്ഷവും മുസ്ലിം സമുദായാംഗങ്ങളാണ്. ബംഗാളിൽ പുനഃപരിശോധനയ്ക്കായി നൽകിയ 38 ലക്ഷം അപേക്ഷകളിൽ 1,22,000 അപേക്ഷകളിലാണ് ഇതുവരെ തീർപ്പുണ്ടായത്. ഇതിൽ 1,13,943 അപേക്ഷകരും യഥാർത്ഥ വോട്ടർമാരാണെന്നാണ് പുനഃപരിശോധനയിൽ തെളിഞ്ഞത്. അതായത് തീർപ്പായ അപേക്ഷകളിൽ 93 ശതമാനം പേരും ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹതയുള്ളവരായിരുന്നു.

മമത ബാനർജിയും കൂട്ടരും തോറ്റ തിരഞ്ഞെടുപ്പിൽ ശരിക്കും ജനവിധി അപഹരിക്കപ്പെടുകയായിരുന്നു എന്നു പറഞ്ഞാൽ ഇനിയിപ്പോൾ അത് നിഷേധിക്കാനാവുമോ? വോട്ടർ പട്ടികയിൽനിന്നു നീക്കപ്പെടുകയെന്നാൽ അതിന്റെ അർത്ഥം പൗരസമൂഹത്തിൽനിന്നു നിഷ്‌കാസിതനാവുക എന്നാണ്. എൻ.ആർ.സിയുടെയും സി.എ.എയുടെയും തുടർച്ചയാണ് നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ എസ്.ഐ.ആർ. എന്ന വിമർശം കാണാതിരിക്കേണ്ട കാര്യമില്ല.

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷർ ആയിരിക്കെ തിരഞ്ഞെടുപ്പ് നീതിപൂർവ്വമാവുമോ എന്ന ചോദ്യം ചോദിക്കുക തന്നെ വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇതുപോലെ തകർന്ന ഒരു കാലം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. അടുത്തിടെ സി.എസ്.ഡി.എസും ലോക്നീതിയും ചേർന്ന് നടത്തിയ സർവ്വെയിൽ 50 ശതാമനം പേർ അഭിപ്രായപ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്നാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക എന്നത് ഇതിനുള്ള ഏറ്റവും പ്രാഥമികമായ പരിഹാരമാവുന്നു.

2023-ൽ സുപ്രീം കോടതി വിധിച്ച പോലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പാനലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തുക എന്നതാണ് സുപ്രധാന പരിഹാര മാർഗ്ഗം. 2024-ൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടാതായതോടെയാണ് വിവാദമായ എസ്.ഐ.ആറുമായി ഗ്യാനേഷ് കുമാർ രംഗപ്രവേശം ചെയ്തതെന്ന് മറക്കരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്്ചയ്ക്കും അനുരഞ്ജനത്തിനും രാജ്യത്തിനാവില്ല. ഭരണഘടനാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായാൽ ആത്യന്തികമായി അതിനുള്ള മറുമരുന്ന് ജനങ്ങൾ തന്നെയാണ് നിശ്ചയിക്കേണ്ടത്. വി ദ പീപ്പിൾ എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് വെറും വാക്കല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത ഇന്ത്യൻ ജനസമൂഹത്തിനുണ്ട്.

വഴിയിൽ കേട്ടത്: സംസ്ഥാന സർക്കാർ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് യു.ഡി.എഫ്. അറിയുന്നില്ലെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്. സുഹൃത്തുക്കളും സ്പോൺസർമാരുമുള്ളപ്പോൾ എന്തോന്ന് യു.ഡി.എഫ്.!