ജീവിതത്തിന്റെ മുപ്പതോ നാൽപ്പതോ വർഷങ്ങൾ ഒരേ ജോലിയിൽ ചെലവഴിച്ച ഒരാൾ വിരമിക്കുന്ന ദിവസം. ഓഫീസിൽ സഹപ്രവർത്തകർ ചെറിയൊരു യാത്രയയപ്പ് സംഘടിപ്പിക്കുന്നു. പൂച്ചെണ്ടും സമ്മാനങ്ങളും ആശംസകളും. ഇത്രയും കാലത്തെ സേവനത്തിന് നന്ദി പറഞ്ഞ് എല്ലാവരും കൈയടിക്കുന്നു. പതിവായി കണ്ടിരുന്ന മുഖങ്ങളോട് യാത്രപറഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നു. അടുത്ത ദിവസം രാവിലെ പതിവുപോലെ നേരത്തേ ഉണരുമ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. ഇനി എങ്ങോട്ടും പോകേണ്ടതില്ല. ഇന്നലെവരെ രാവിലെ മുതൽ തുടങ്ങാനായി ജോലിയില്ല. വിളിച്ചുകൊണ്ടിരുന്ന സഹപ്രവർത്തകരില്ല. തീരുമാനമെടുക്കാൻ ആരും അഭിപ്രായം ചോദിക്കുന്നില്ല.

To advertise here,

തിരക്കേറിയിരുന്ന ദിവസങ്ങൾക്കു പകരം നീണ്ടുകിടക്കുന്ന ഒഴിവുസമയമാണ് മുന്നിലുള്ളത്. വിരമിക്കൽ എല്ലാവർക്കും ഇങ്ങനെയാകണമെന്നില്ല. വർഷങ്ങളോളം ആഗ്രഹിച്ച വിശ്രമവും യാത്രകളും വായനയും കുടുംബത്തോടൊപ്പമുള്ള സമയവുമൊക്കെ ആസ്വദിക്കുന്നവരുണ്ട്. എന്നാൽ, മറ്റുചിലർക്ക് ജോലി അവസാനിക്കുന്നത് വരുമാനം നിലയ്ക്കുന്നതിനെക്കാൾ വലിയൊരു മാറ്റമാണ്. ഇത്രയും കാലം മറ്റുള്ളവർക്ക് ആവശ്യമുണ്ടായിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം സ്വന്തം ജീവിതത്തിലെ പ്രാധാന്യം നഷ്ടപ്പെട്ടതുപോലെ തോന്നാം. ഇനി ഞാൻ എന്തുചെയ്യും? ആർക്കെങ്കിലും എന്നെ ആവശ്യമുണ്ടോ? ജപ്പാനിൽ പ്രായമായവരുടെ ജീവിതം ശ്രദ്ധിക്കുമ്പോൾ ഈ ചോദ്യത്തിന് സമൂഹം നൽകുന്ന ചില ഉത്തരങ്ങൾ കൗതുകകരമായി തോന്നാറുണ്ട്.

വാർധക്യത്തെക്കുറിച്ചുള്ള മുൻ ലേഖനങ്ങളിൽ സ്വന്തം വീട്ടിൽ സ്വതന്ത്രമായി ജീവിക്കാനുള്ള സൗകര്യങ്ങൾ, ദീർഘകാല പരിചരണം, ഭക്ഷണം, പ്രതിരോധ ആരോഗ്യപരിചരണം എന്നിവയെക്കുറിച്ചാണ് എഴുതിയത്. എന്നാൽ, സുരക്ഷിതമായ വീടും ആവശ്യമായ ഭക്ഷണവും ചികിത്സയും ലഭിച്ചാൽ മാത്രം ഒരാളുടെ ജീവിതം പൂർണമാകുമോ?രാവിലെ എഴുന്നേൽക്കാൻ ഒരു കാരണവും പുറത്തിറങ്ങാൻ ഒരിടവും സംസാരിക്കാൻ മനുഷ്യരും സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യവും ജീവിതത്തിൽ പ്രധാനമല്ലേ?

വിരമിക്കുന്നത് ജോലിയിൽനിന്നോ സമൂഹത്തിൽനിന്നോ?

ജീവിതത്തിന്റെ വലിയൊരു ഭാഗം തൊഴിൽസ്ഥലത്ത് ചെലവഴിച്ച ചില പുരുഷന്മാർക്ക് വിരമിക്കൽ പ്രത്യേകിച്ചും ബുദ്ധിമുട്ടേറിയ മാറ്റമായേക്കാം. ജോലിയുണ്ടായിരുന്ന കാലത്ത് സഹപ്രവർത്തകരായിരുന്നു സുഹൃത്തുക്കൾ. ഓഫീസിലെ കൂടിക്കാഴ്ചകളും ഉച്ചഭക്ഷണസമയത്തെ സംഭാഷണങ്ങളും ഔദ്യോഗിക യാത്രകളുമായിരുന്നു സാമൂഹിക ജീവിതത്തിന്റെ വലിയൊരു ഭാഗം. വിരമിക്കുമ്പോൾ ജോലിക്കൊപ്പം ആ ബന്ധങ്ങളും പതിയെ കുറഞ്ഞുപോകാം. വീട്ടിൽ ജീവിതപങ്കാളിയുണ്ടെന്നതു കൊണ്ടുമാത്രം ഈ ശൂന്യത ഇല്ലാതാകണമെന്നില്ല. വർഷങ്ങളോളം വീടിനു പുറത്തു രൂപപ്പെട്ടിരുന്ന സ്വന്തം ലോകം പെട്ടെന്ന് ചെറുതാകുന്നു. ജപ്പാനിൽ വിരമിച്ച പുരുഷന്മാരുടെ സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഈ പ്രശ്‌നവും ഉയർന്നുവരാറുണ്ട്. തൊഴിൽസ്ഥലത്തിനു പുറത്തുള്ള സൗഹൃദങ്ങളും പ്രാദേശികബന്ധങ്ങളും വളർത്തേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്.

കേരളത്തിലും വിരമിക്കുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ പുതിയ താൽപര്യങ്ങളും സൗഹൃദങ്ങളും വളർത്താൻ അവസരമൊരുക്കണം. വിരമിക്കലിനുശേഷം എന്തുചെയ്യണമെന്ന ചോദ്യത്തിന് വിരമിക്കുന്ന ദിവസം മാത്രമല്ല ഉത്തരം തേടേണ്ടത്. ജപ്പാനിലെ റെയിൽവേ സ്റ്റേഷനുകളിലും സൂപ്പർ മാർക്കറ്റുകളിലും പാർക്കുകളിലും പ്രായമായവർ ജോലി ചെയ്യുന്നത് കാണാം. ചിലർ കടകളിൽ സാധനങ്ങൾ ക്രമീകരിക്കുന്നു. മറ്റു ചിലർ കെട്ടിടങ്ങളുടെ പരിപാലനത്തിലോ ശുചീകരണത്തിലോ സുരക്ഷാജോലികളിലോ ഏർപ്പെടുന്നു. എഴുപതും എൺപതും വയസ്സുള്ളവർ തൊഴിൽരംഗത്ത് തുടരുന്ന കാഴ്ചകൾ ഇവിടെ അപൂർവമല്ല. എന്നാൽ, എല്ലാവരും ജോലി ചെയ്യുന്നത് ഒരേ കാരണത്താലല്ല.

ചിലർക്ക് പെൻഷനും സമ്പാദ്യവും ജീവിതച്ചെലവുകൾക്ക് മതിയാകില്ല. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്കും സ്ഥിരമായ തൊഴിൽജീവിതമില്ലാതിരുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകാം. ഉയരുന്ന ജീവിതച്ചെലവും തൊഴിലാളിക്ഷാമവും മുതിർന്നവരുടെ തൊഴിൽപങ്കാളിത്തത്തെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, സാമ്പത്തികമായി ജോലി ചെയ്യേണ്ട ആവശ്യമില്ലാത്തവരിൽ ചിലരും തൊഴിൽ തുടരാൻ ആഗ്രഹിക്കുന്നു. ദിവസത്തിന് ഒരു ക്രമമുണ്ടാകാൻ, മറ്റുള്ളവരുമായി ഇടപഴകാൻ, സ്വന്തം കഴിവുകൾ ഉപയോഗിക്കാൻ. ഇവിടെ പ്രധാനപ്പെട്ടൊരു വ്യത്യാസമുണ്ട്. പ്രായമായ ഒരാൾക്ക് ജോലി ചെയ്യാൻ അവസരമുണ്ടാകുന്നതും ജീവിക്കാൻ വേണ്ടി ജോലി ചെയ്യേണ്ടി വരുന്നതും രണ്ടാണ്.

കേരളത്തിലും വിരമിച്ചശേഷം ജോലി തുടരാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, അറുപതോ അറുപത്തഞ്ചോ വയസ്സാകുന്നതോടെ ഒരാളുടെ തൊഴിൽജീവിതം അവസാനിച്ചുവെന്ന ധാരണ പലപ്പോഴും ശക്തമാണ്. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രായം മാത്രം തടസ്സമാകേണ്ടതുണ്ടോ? അതുപോലെ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അതിനുള്ള സാമ്പത്തികസുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കേണ്ടതല്ലേ?

ഇക്കിഗായ്- രാവിലെ ഉണരാനുള്ള കാരണം

ജപ്പാനിലെ ജീവിതവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും പ്രചാരം നേടിയ ഒരു വാക്കാണ് ഇക്കിഗായ്. ജീവിതത്തിന് അർത്ഥവും സന്തോഷവും നൽകുന്നത്, അല്ലെങ്കിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നൊക്കെ അതിനെ വിശദീകരിക്കാം. ഇക്കിഗായ് എന്നു കേൾക്കുമ്പോൾ പലരും ചിന്തിക്കുന്നത് ജീവിതത്തിലെ വലിയൊരു ലക്ഷ്യത്തെക്കുറിച്ചായിരിക്കും. സ്വന്തം കഴിവും ഇഷ്ടവും തൊഴിലും വരുമാനവും ഒത്തുചേരുന്ന ഒരു സങ്കൽപ്പമായി അതിനെ അവതരിപ്പിക്കുന്ന സമീപനവും പ്രചാരത്തിലുണ്ട്. എന്നാൽ, ജാപ്പനീസ് ജീവിതത്തിലെ ഇക്കിഗായ് അത്ര സങ്കീർണമായ ആശയമല്ല.

ഒരാൾക്ക് സ്വന്തം പൂന്തോട്ടത്തിലെ ചെടികൾ പരിപാലിക്കുന്നതായിരിക്കാം, മറ്റൊരാൾക്ക് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുന്നത്, ചിലർക്ക് ചിത്രരചനയോ സംഗീതമോ വായനയോ, മറ്റു ചിലർക്ക് സുഹൃത്തുക്കളോടൊപ്പമുള്ള പതിവ് കൂടിക്കാഴ്ചകളോ നാട്ടിലെ സന്നദ്ധപ്രവർത്തനങ്ങളോ... ഇതൊന്നും പണം സമ്പാദിക്കുന്ന പ്രവർത്തനങ്ങളാകണമെന്നില്ല. മറ്റുള്ളവർ വലിയ നേട്ടമായി അംഗീകരിക്കണമെന്നുമില്ല. സ്വന്തം ജീവിതത്തിന് അർത്ഥമുണ്ടെന്ന് ഒരാൾക്ക് തോന്നുന്നതാണ് പ്രധാനം. കേരളത്തിൽ ഇതിന് സമാനമായ അനുഭവങ്ങൾ നമുക്ക് അപരിചിതമല്ല.

രാവിലെ എഴുന്നേറ്റ് തൊടിയിലെ ചെടികൾ നോക്കുന്ന അമ്മ. ദിവസവും പത്രം വായിച്ചശേഷം കവലയിലെ ചായക്കടയിൽ പോകുന്ന അച്ഛൻ. വായനശാലയിൽ പുസ്തകങ്ങൾ ക്രമീകരിക്കുന്ന വിരമിച്ച അധ്യാപകൻ. അയൽവീട്ടിലെ കുട്ടികൾക്ക് സൗജന്യമായി പഠിപ്പിച്ചുകൊടുക്കുന്ന ഒരാൾ. അവരാരും അതിനെ ഇക്കിഗായ് എന്നു വിളിക്കുന്നുണ്ടാകില്ല. പക്ഷേ, സ്വന്തം ദിവസങ്ങൾക്ക് അർത്ഥം നൽകുന്ന ഇത്തരം ചെറിയ കാര്യങ്ങളിലാണ് പലപ്പോഴും ജീവിതത്തിന്റെ സന്തോഷം ഒളിഞ്ഞിരിക്കുന്നത്.

ഒരിക്കലും വിരമിക്കാത്ത സ്ത്രീകൾ

വിരമിക്കലിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു വിഭാഗത്തെക്കൂടി ഓർക്കണം. ജീവിതകാലം മുഴുവൻ വീട്ടിൽ ജോലി ചെയ്ത സ്ത്രീകളെ. അവർക്ക് ഔദ്യോഗിക നിയമനമുണ്ടായിരുന്നില്ല. മാസശമ്പളമോ സ്ഥാനക്കയറ്റമോ വിരമിക്കൽ ചടങ്ങോ ഉണ്ടായിരുന്നില്ല. എന്നാൽ, കുട്ടികളെ വളർത്തിയും പ്രായമായവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും വീടിന്റെ അനവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റിയും ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചു. മക്കൾ വളർന്ന് വീടുവിട്ടുപോകുമ്പോഴും ജീവിതപങ്കാളി മരിക്കുമ്പോഴും ഈ സ്ത്രീകളുടെ ജീവിതത്തിലും വലിയ ശൂന്യത ഉണ്ടാകാം. ഇത്രയും കാലം മറ്റുള്ളവർക്കുവേണ്ടി ജീവിച്ച ഒരാൾ ആദ്യമായി സ്വന്തം ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്ന കാലമായിരിക്കാം വാർധക്യം.

പഠിക്കാൻ ആഗ്രഹിച്ചിരുന്ന സംഗീതം, വായിക്കാൻ മാറ്റിവച്ച പുസ്തകങ്ങൾ, പോകാൻ കഴിയാതിരുന്ന സ്ഥലങ്ങൾ, പരിചയപ്പെടാൻ ആഗ്രഹിച്ചിരുന്ന മനുഷ്യർ. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയ സ്ത്രീകൾക്ക് സ്വന്തം ആഗ്രഹങ്ങൾ കണ്ടെത്താനും പിന്തുടരാനുമുള്ള അവസരം സമൂഹം ഒരുക്കണം. അവർക്ക് പുതിയൊരു ഉത്തരവാദിത്തം ഏൽപ്പിക്കുകയല്ല വേണ്ടത്. സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ്.

ജപ്പാനിലെ വീടുകളുടെ നിയന്ത്രണവും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും

ജപ്പാനിലെ പരമ്പരാഗത കുടുംബജീവിതത്തിൽ വീടിന്റെ നടത്തിപ്പിലും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും സ്ത്രീകൾക്ക് നിർണായകമായ പങ്കുണ്ട്. ഭർത്താവ് ജോലിചെയ്ത് വരുമാനം കൊണ്ടുവരുമ്പോൾ, ആ പണം എങ്ങനെ ചെലവഴിക്കണം, എത്ര സമ്പാദിക്കണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവിക്കും എങ്ങനെ വിനിയോഗിക്കണം എന്നതെല്ലാം പല വീടുകളിലും ഭാര്യയാണ് തീരുമാനിച്ചിരുന്നത്. ഭർത്താവിന് മാസച്ചെലവിനായി ഭാര്യ നിശ്ചിത തുക നൽകുന്ന ഒകൊസുകൈ എന്ന രീതിയും ജപ്പാനിൽ പരിചിതമാണ്.

വീടിന്റെ ദൈനംദിന നടത്തിപ്പിൽ വലിയ അധികാരമുണ്ടായിരുന്നെങ്കിലും അത് സ്ത്രീകൾക്ക് എല്ലായ്‌പ്പോഴും വ്യക്തിപരമായ സാമ്പത്തിക സ്വാതന്ത്ര്യം നൽകിയിരുന്നില്ല. കുടുംബത്തിനുവേണ്ടി ജീവിതം മുഴുവൻ അധ്വാനിച്ച പല സ്ത്രീകൾക്കും സ്വന്തമായി വരുമാനമോ തൊഴിൽപരമായ അംഗീകാരമോ ഉണ്ടായിരുന്നില്ല. മക്കൾ വളർന്ന് വീടുവിട്ടുപോകുകയും ഭർത്താവ് വിരമിക്കുകയും ചെയ്യുമ്പോൾ, ഇത്രയും കാലം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ജീവിച്ച സ്ത്രീകൾ സ്വന്തം ആഗ്രഹങ്ങൾക്കും പുതിയൊരു ഇടം കണ്ടെത്തേണ്ടിവരുന്നു.

അറുപതിനു ശേഷവും തൊഴിൽ- സിൽവർ ഹ്യൂമൻ റിസോഴ്‌സ് സെന്ററുകൾ

ജപ്പാനിലെ മുതിർന്നവരുടെ തൊഴിൽപങ്കാളിത്തത്തിന് സഹായിക്കുന്ന സംവിധാനങ്ങളിലൊന്നാണ് സിൽവർ ഹ്യൂമൻ റിസോഴ്‌സ് സെന്റർ. പ്രായമായവരുടെ കഴിവും അനുഭവവും സമയവും പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ടോക്യോയിലെ എദോഗവ സിറ്റിയിലും ഇത്തരം കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ ചെയ്യാൻ താൽപര്യവും ആരോഗ്യവുമുള്ള മുതിർന്നവർക്ക് അവരുടെ കഴിവുകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ജോലികളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്നു.

പാർക്കുകളുടെയും കെട്ടിടങ്ങളുടെയും പരിപാലനം, ശുചീകരണം, വീട്ടുജോലികളിലെ സഹായം, ചെടികളുടെ പരിപാലനം, ചെറിയ ഓഫീസ് ജോലികൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. മുപ്പതു വർഷം ഒരു കമ്പനിയിൽ മാനേജരായിരുന്ന ഒരാൾക്ക് വിരമിച്ചശേഷം ആഴ്ചയിൽ രണ്ടു ദിവസം മറ്റൊരു ജോലി ചെയ്യുന്നതിൽ അപമാനം തോന്നേണ്ടതില്ല. അതുപോലെ ജീവിതകാലം മുഴുവൻ കൃഷിപ്പണി ചെയ്ത ഒരാളുടെ അറിവും അനുഭവവും വിരമിച്ചശേഷം ഉപയോഗശൂന്യമാകുന്നില്ല.

എല്ലാവർക്കും ഒരേ ജോലിയല്ല അനുയോജ്യം. ശാരീരികമായി അധ്വാനം ആവശ്യമായ ജോലി ചെയ്യാൻ കഴിയാത്ത ഒരാൾക്ക് സ്വന്തം അറിവും പരിചയവും ഉപയോഗിക്കുന്ന ജോലി ചെയ്യാൻ കഴിഞ്ഞേക്കാം. എന്നാൽ, ഇത്തരം കേന്ദ്രങ്ങൾ സ്ഥിരതൊഴിലിനോ മതിയായ പെൻഷനോ പകരമുള്ള സംവിധാനമല്ല. ലഭിക്കുന്ന ജോലിയും പ്രതിഫലവും തൊഴിൽനിബന്ധനകളും വ്യത്യാസപ്പെടും. കേരളത്തിൽ വിരമിച്ച അധ്യാപകർ, കർഷകർ, നഴ്‌സുമാർ, എൻജിനീയർമാർ, കരകൗശല വിദഗ്ധർ, ചെറുകിട സംരംഭകർ തുടങ്ങി അനുഭവസമ്പന്നരായ വലിയൊരു വിഭാഗമുണ്ട്. അവരുടെ അറിവ് പ്രാദേശിക സമൂഹത്തിന് എത്രത്തോളം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്?

വിരമിച്ച അധ്യാപകന് ആഴ്ചയിൽ ഏതാനും മണിക്കൂർ കുട്ടികളെ പഠിപ്പിക്കാം. പരിചയസമ്പന്നനായ കർഷകന് പുതിയ തലമുറയെ കൃഷി പരിശീലിപ്പിക്കാം. ഒരു അക്കൗണ്ടന്റിന് ചെറുകിട സംരംഭങ്ങളെ സഹായിക്കാം. വർഷങ്ങളോളം ഒരു തൊഴിൽ ചെയ്ത സ്ത്രീക്ക് സ്വന്തം കഴിവുകൾ മറ്റുള്ളവരെ പഠിപ്പിക്കാം. ഇതിനായി എല്ലാവരും വീണ്ടും മുഴുവൻസമയ ജോലിയിൽ പ്രവേശിക്കണമെന്നില്ല. താൽപര്യമുള്ളവർക്ക് മാന്യമായ പ്രതിഫലത്തോടെ ചെറിയ ജോലികളിലും പരിശീലനങ്ങളിലും സാമൂഹികസംരംഭങ്ങളിലും പങ്കെടുക്കാനുള്ള അവസരങ്ങൾ ഒരുക്കിയാൽ മതി. മുതിർന്നവരുടെ തൊഴിൽപങ്കാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ കുറഞ്ഞ കൂലിയിൽ അവരുടെ അധ്വാനം ഉപയോഗപ്പെടുത്താനുള്ള അവസരമായി അത് മാറാതിരിക്കാനും ശ്രദ്ധിക്കണം.

എദോഗവയിലെ കുസുനോക്കി ക്ലബ്ബുകൾ

ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്കോ അതിന് കഴിയാത്തവർക്കോ സമൂഹത്തിൽ സജീവമായി തുടരാൻ മറ്റു വഴികളുമുണ്ട്. എദോഗവ സിറ്റിയിലെ കുസുനോക്കി ക്ലബ്ബുകൾ ഇതിനൊരു ഉദാഹരണമാണ്. മുതിർന്നവർക്ക് ഒത്തുചേരാനും വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമുള്ള പ്രാദേശിക കൂട്ടായ്മകളാണിവ. പഠനം, ആരോഗ്യസംരക്ഷണം, വിനോദം, സന്നദ്ധപ്രവർത്തനം എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവർത്തനങ്ങൾ. സംഗീതം, ലളിതമായ കായികപ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, പ്രാദേശിക ശുചീകരണം, സാമൂഹികസേവനം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം പരിപാടികളുടെ എണ്ണത്തിൽ മാത്രമല്ല. ആഴ്ചയിൽ ഒരിക്കൽ പതിവായി ഒരേ സ്ഥലത്ത് ഒത്തുചേരുന്നവർ തമ്മിൽ പരിചയവും സൗഹൃദവും വളരുന്നു. ആരെങ്കിലും പതിവായി വരാതിരുന്നാൽ അന്വേഷിക്കാൻ ഒരാളുണ്ടാകുന്നു.

ജീവിതപങ്കാളി മരിച്ചശേഷം ഒറ്റയ്ക്കു കഴിയുന്ന ഒരാൾക്ക് ഇത്തരം കൂട്ടായ്മകൾ പുതിയൊരു സാമൂഹിക ജീവിതത്തിലേക്കുള്ള വഴിയായേക്കാം. കേരളത്തിലും വയോജന ക്ലബ്ബുകളും പെൻഷനേഴ്‌സ് സംഘടനകളും വായനശാലകളും മത-സാമുദായിക കൂട്ടായ്മകളും നിലവിലുണ്ട്. ചിലയിടങ്ങളിൽ വാർഷികയോഗങ്ങളും ആഘോഷങ്ങളും മാത്രമായി പ്രവർത്തനം ചുരുങ്ങുമ്പോൾ മറ്റിടങ്ങളിൽ സജീവമായ സാമൂഹിക ഇടപെടലുകളുണ്ട്. ഇത്തരം കൂട്ടായ്മകൾ പതിവായി ഒത്തുചേരാനും പുതിയ കാര്യങ്ങൾ പഠിക്കാനും സ്വന്തം കഴിവുകൾ പങ്കുവയ്ക്കാനുമുള്ള ഇടങ്ങളായി കൂടുതൽ വികസിപ്പിക്കാനാകില്ലേ?

നഗോമി നോ ഇഎ വെറുതെ ചെന്നിരിക്കാനും ഒരിടം

ടോക്യോയിലെ എദോഗവ സിറ്റിയിൽ ശ്രദ്ധേയമായ മറ്റൊരു സംവിധാനമാണ് നഗോമി നോ ഇഎ. പേരിന്റെ അർത്ഥം ഏകദേശം ആശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും വീട് എന്നുപറയാം. പ്രായമായവർക്ക് മാത്രമുള്ള കേന്ദ്രങ്ങളല്ല ഇവ. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ കടന്നുചെല്ലാനും സംസാരിക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയുന്ന ഇടങ്ങളാണ്. സാമൂഹിക പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ആളുകൾക്ക് ഒത്തുചേരാനും ആവശ്യമായ മാർഗനിർദേശങ്ങൾ തേടാനും കഴിയുന്ന ഇടങ്ങളാണിവ. 

വെറുതെ ചെന്നിരിക്കാനും ഒരിടം.

എന്തെങ്കിലും ഔദ്യോഗിക ആവശ്യത്തിനോ ചികിത്സയ്‌ക്കോ അപേക്ഷ നൽകാനോ മാത്രമല്ല ഒരാൾക്ക് ഒരു പൊതുസ്ഥലത്ത് പോകേണ്ടിവരുന്നത്. വീട്ടിലിരുന്ന് മടുത്ത ഒരാൾക്ക് പുറത്തിറങ്ങി കുറച്ചുനേരം മറ്റുള്ളവർക്കിടയിൽ ഇരിക്കണമെന്നു തോന്നാം. പരിചിതമായ മുഖങ്ങൾ കാണാനും നാട്ടുവിശേഷങ്ങൾ അറിയാനും ആഗ്രഹമുണ്ടാകാം. ഇതിനായി വലിയൊരു പരിപാടിയോ ആഘോഷമോ ആവശ്യമില്ല. കേരളത്തിലെ വായനശാലകൾക്ക് ഈ ആശയവുമായി വലിയ സാമ്യമുണ്ട്. ഒരുകാലത്ത് നമ്മുടെ നാട്ടിലെ പല വായനശാലകളും പുസ്തകങ്ങൾ വായിക്കാനുള്ള ഇടങ്ങൾ മാത്രമായിരുന്നില്ല. പത്രം വായിക്കാനും ചർച്ച ചെയ്യാനും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കാനും തലമുറകൾ തമ്മിൽ ഇടപഴകാനുമുള്ള ഇടങ്ങളായിരുന്നു. ആ സാമൂഹികസ്വഭാവം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം. എന്നാൽ, എല്ലാവർക്കും ഇത്തരം ഇടങ്ങളിൽ ഒരുപോലെ സ്വാഗതം ലഭിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്.

സ്ത്രീകൾക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവർക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയണം. സാമൂഹികകേന്ദ്രങ്ങൾ നിലവിലുള്ള സൗഹൃദക്കൂട്ടങ്ങളുടെ മാത്രം ഇടങ്ങളായി മാറരുത്. പുതിയതായി ഒരാൾ കടന്നുവരുമ്പോൾ അവിടെ ഇടമുണ്ടാകണം.

പ്രായമായവരും വീണ്ടും വിദ്യാർഥികളാകുമ്പോൾ

ജപ്പാനിൽ പ്രായമായവരുടെ സാമൂഹികപങ്കാളിത്തം തൊഴിലും വിനോദവും മാത്രമായി ചുരുങ്ങുന്നില്ല. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങൾക്കും പ്രാധാന്യമുണ്ട്. എദോഗവയിലെ കുസുനോക്കി കൾച്ചർ ക്ലാസുകൾ മുതിർന്നവർക്ക് കലാ-സാംസ്‌കാരിക വിഷയങ്ങൾ പഠിക്കാനും സമാനതാൽപര്യമുള്ളവരെ പരിചയപ്പെടാനും അവസരമൊരുക്കുന്നു. ഇതിനൊപ്പം ശ്രദ്ധേയമാണ് എദോഗവ സോഗോ ജിൻസെയ് ദൈഗാക്കു എന്ന പ്രാദേശിക പഠനസംരംഭം.

പഠനം വ്യക്തിപരമായ അറിവുനേടലിൽ മാത്രം ഒതുക്കാതെ, പ്രാദേശിക സമൂഹത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും സഹായിക്കുന്ന ആശയമാണ് ഇതിനു പിന്നിൽ. കേരളത്തിൽ പഠനം പലപ്പോഴും ചെറുപ്പക്കാരുടെ കാര്യമായാണ് കാണുന്നത്. സ്‌കൂളും കോളേജും കഴിഞ്ഞാൽ ഔപചാരിക പഠനത്തിന്റെ ഒരു ഘട്ടം അവസാനിച്ചതുപോലെ. എന്നാൽ, എഴുപതാം വയസ്സിൽ ഒരാൾക്ക് പുതിയൊരു ഭാഷ പഠിക്കാൻ ആഗ്രഹമുണ്ടായിക്കൂടേ? എൺപതാം വയസ്സിൽ ചിത്രരചന തുടങ്ങാൻ കഴിയില്ലേ? ജീവിതകാലം മുഴുവൻ കുടുംബത്തിനുവേണ്ടി അധ്വാനിച്ച ഒരു സ്ത്രീക്ക് പ്രായമായശേഷം സംഗീതം പഠിക്കണമെന്ന് തോന്നിയാൽ അതിനുള്ള അവസരമുണ്ടാകണം. പഠനത്തിന്റെ ലക്ഷ്യം എല്ലായ്‌പ്പോഴും പരീക്ഷ ജയിക്കലോ തൊഴിൽ നേടലോ ആയിരിക്കണമെന്നില്ല. ചിലപ്പോൾ പഠനം തന്നെ സന്തോഷമാണ്. പുതിയ ആളുകളെ പരിചയപ്പെടാനുള്ള വഴിയാണ്. സ്വന്തം കഴിവുകളെക്കുറിച്ച് പുതിയൊരു ആത്മവിശ്വാസം നേടാനുള്ള അവസരമാണ്. കേരളത്തിലെ കോളേജുകൾക്കും സർവകലാശാലകൾക്കും വായനശാലകൾക്കും മുതിർന്നവർക്കായി ചെറിയ പഠനപരിപാടികൾ ആരംഭിക്കാവുന്നതാണ്. മുതിർന്നവർ പഠിതാക്കളാകുന്നതിനൊപ്പം അധ്യാപകരുമാകാം. അവരുടെ ജീവിതാനുഭവങ്ങളും തൊഴിൽപരിചയവും അറിവും പുതിയ തലമുറയുമായി പങ്കുവയ്ക്കാനുള്ള അവസരങ്ങളും ഒരുക്കണം.

ഏകാന്തതയും ഒറ്റയ്ക്ക് താമസിക്കുന്നതും ഒന്നല്ല

ജപ്പാനിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാൽ, ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാവരും ഏകാന്തത അനുഭവിക്കുന്നവരല്ല. ചിലർ സ്വന്തം സ്വകാര്യതയും സ്വാതന്ത്ര്യവും ആസ്വദിക്കുന്നു. മക്കളോടൊപ്പം താമസിക്കുന്നതിനെക്കാൾ സ്വന്തം വീട്ടിൽ കഴിയാനാണ് അവർക്ക് ഇഷ്ടം. മറുവശത്ത് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്ന ഒരാൾക്കും കടുത്ത ഏകാന്തത അനുഭവപ്പെടാം. വീട്ടിൽ ആളുകളുണ്ടെന്നതു കൊണ്ടുമാത്രം സംസാരിക്കാൻ ഒരാളുണ്ടാകണമെന്നില്ല. Loneliness അഥവാ ഏകാന്തത ഒരാളുടെ അനുഭവമാണ്. തനിക്ക് ആവശ്യമുള്ള മനുഷ്യബന്ധങ്ങൾ ഇല്ലെന്ന തോന്നൽ. Social Isolation അഥവാ സാമൂഹിക ഒറ്റപ്പെടൽ മറ്റുള്ളവരുമായുള്ള ബന്ധങ്ങളും ഇടപെടലുകളും വളരെ കുറവായ അവസ്ഥയാണ്. ഇവ രണ്ടും ഒരുമിച്ച് ഉണ്ടാകാം. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയാകണമെന്നില്ല.

ജപ്പാനിൽ കൊദോകുഷി അഥവാ ഒറ്റപ്പെട്ട മരണം എന്നറിയപ്പെടുന്ന പ്രതിഭാസവും വലിയ സാമൂഹികചർച്ചയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾ മരിക്കുകയും അത് മറ്റുള്ളവർ അറിയാൻ വൈകുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് പൊതുവെ ഈ പദവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്നത്. മരണം സംഭവിക്കുന്നതിനെക്കാൾ വേദനാജനകമായി തോന്നുന്നത്, ഒരാളുടെ അഭാവം ശ്രദ്ധിക്കാൻ അടുത്ത് ആരുമില്ലാതിരുന്നേക്കാം എന്ന യാഥാർഥ്യമാണ്.

കേരളത്തിലും ഇത്തരം ആശങ്കകൾ വർധിച്ചുവരുന്നു.

മക്കൾ വിദേശത്താണ്. ജീവിതപങ്കാളി മരിച്ചുപോയി. അയൽവാസികൾ മാറി. പഴയ സുഹൃത്തുക്കളിൽ പലരും ഇല്ലാതായി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം പുറത്തിറങ്ങുന്നതും കുറഞ്ഞു. മൊബൈൽ ഫോണിലൂടെ ദിവസവും മക്കളോട് സംസാരിക്കുന്നുണ്ടാകാം. എന്നാൽ, നേരിൽ കാണാനും കൂടെയിരിക്കാനും ഒരാളില്ലാത്ത ദിവസങ്ങൾ നീണ്ടുപോകുന്നു.

ഏകാന്തതയ്ക്ക് ഒരു ഫോൺകോൾ മാത്രം മതിയാകുമോ?

മക്കൾ ദിവസവും വിളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ഏകാന്തത എന്നൊരു ചോദ്യം ഉയരാം. ഫോണിലൂടെ സംസാരിക്കുന്നത് വലിയൊരു ആശ്വാസമാണ്. എന്നാൽ, മനുഷ്യബന്ധങ്ങളുടെ എല്ലാ ആവശ്യങ്ങളും അതിലൂടെ നിറവേറ്റാനാവണമെന്നില്ല. ഒരാളോടൊപ്പം ചായ കുടിക്കുക, വഴിയിൽ പരിചയമുള്ള മുഖം കാണുക, സ്വന്തം സന്തോഷവും സങ്കടവും നേരിട്ട് പങ്കുവയ്ക്കുക- ഇത്തരം ചെറിയ അനുഭവങ്ങൾക്കും പ്രാധാന്യമുണ്ട്. അതേസമയം, എല്ലാ ഏകാന്തതയും സൗഹൃദക്കൂട്ടായ്മകൾകൊണ്ട് പരിഹരിക്കാനാകില്ല. ചിലരിൽ പ്രിയപ്പെട്ടവരുടെ വേർപാട്, വിഷാദം, ഉത്കണ്ഠ, ദീർഘകാല രോഗങ്ങൾ എന്നിവയും ഒറ്റപ്പെടലിന് കാരണമാകാം. പതിവായി ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുകയോ ഉറക്കത്തിലും ഭക്ഷണശീലങ്ങളിലും വലിയ മാറ്റമുണ്ടാകുകയോ നിരാശ നീണ്ടുനിൽക്കുകയോ ചെയ്താൽ അതിനെ വാർധക്യത്തിന്റെ സ്വാഭാവിക ഭാഗമെന്നു കരുതി അവഗണിക്കരുത്. ആവശ്യമുള്ളവർക്ക് മാനസികാരോഗ്യ സഹായവും ലഭ്യമാകണം. വാർധക്യത്തിലെ ഏകാന്തത പരിഹരിക്കാൻ ആളുകളെ ഒരുമിച്ചുകൂട്ടുന്നത് മാത്രം പോരാ. അവരുടെ മനസ്സ് കേൾക്കാനും ശ്രമിക്കണം.

അടഞ്ഞ വാതിലുകൾക്കുള്ളിലെ ജീവിതങ്ങൾ- ഹികികൊമോരിയും 80-50 പ്രശ്‌നവും

ജപ്പാനിലെ സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാനാവാത്ത മറ്റൊരു വാക്കാണ് ഹികികൊമോരി. ദീർഘകാലം സാമൂഹിക ബന്ധങ്ങളിൽനിന്നും പൊതുജീവിതത്തിൽനിന്നും പിൻവാങ്ങി വീടിനുള്ളിൽ ജീവിതം ഒതുക്കുന്ന അവസ്ഥയെയാണ് ഈ പദം പൊതുവെ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരുടെ പ്രശ്‌നമായാണ് ഒരുകാലത്ത് ഇത് കൂടുതലായി ചർച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, മധ്യവയസ്സുകാരിലും സാമൂഹിക പിൻവാങ്ങൽ ദീർഘകാലം തുടരാമെന്ന് ജപ്പാനിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു സാമൂഹികപ്രശ്‌നമാണ് 80-50 പ്രശ്‌നം.

എൺപതുകളിലെത്തിയ മാതാപിതാക്കളും അമ്പതുകളിലുള്ള മക്കളും ഒരുമിച്ച് താമസിക്കുന്ന ചില കുടുംബങ്ങളിൽ, മക്കൾ ദീർഘകാലമായി തൊഴിൽരംഗത്തുനിന്നും സാമൂഹികജീവിതത്തിൽനിന്നും വിട്ടുനിൽക്കുകയും മാതാപിതാക്കളുടെ സാമ്പത്തിക സഹായത്തെയോ പരിചരണത്തെയോ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ജീവിതകാലം മുഴുവൻ മക്കളെ സംരക്ഷിച്ച മാതാപിതാക്കൾ എൺപതാം വയസ്സിലും അതേ ഉത്തരവാദിത്തം തുടരുന്നു. അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോഴും സമ്പാദ്യം കുറയുമ്പോഴും കുടുംബത്തിന്റെ ഭാവി കൂടുതൽ അനിശ്ചിതമാകുന്നു.

മാതാപിതാക്കൾ ഇല്ലാതായാൽ ആ മക്കൾക്ക് എന്തു സംഭവിക്കും? പ്രായമായ മാതാപിതാക്കൾക്ക് പരിചരണം ആവശ്യമായി വരുമ്പോൾ അവരെ ആരാണ് സഹായിക്കുക? എന്നാൽ ഹികികൊമോരിയെ സാധാരണ ഏകാന്തതയുമായോ ഒറ്റയ്ക്ക് താമസിക്കുന്നതുമായോ തുല്യമാക്കാനാവില്ല. ഈ അവസ്ഥയിലുള്ളവരെ മടിയന്മാരെന്നോ ഉത്തരവാദിത്തമില്ലാത്തവരെന്നോ കുറ്റപ്പെടുത്തുന്നതും പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ല. കേരളത്തിലും ദീർഘകാല തൊഴിലില്ലായ്മയും കുടുംബത്തെ ആശ്രയിച്ചുള്ള ജീവിതവും മാനസികാരോഗ്യപ്രശ്‌നങ്ങളും ചില കുടുംബങ്ങളെ സങ്കീർണമായ സാഹചര്യങ്ങളിലേക്ക് നയിക്കാം.

സാമൂഹിക ഒറ്റപ്പെടൽ ഒരാളുടെ മാത്രം പ്രശ്‌നമായി തുടങ്ങുകയും കാലക്രമേണ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതിസന്ധിയായി മാറുകയും ചെയ്യാം. അടഞ്ഞുകിടക്കുന്ന എല്ലാ വാതിലുകൾക്കു പിന്നിലും ഒരേ കഥയല്ല. അവ തുറക്കാൻ ശ്രമിക്കുമ്പോൾ ആദ്യം വേണ്ടത് കുറ്റപ്പെടുത്തലല്ല, കേൾക്കാനുള്ള മനസ്സാണ്. വീടിനു പുറത്തിറങ്ങാൻ കഴിയാത്തവരെ ആരാണ് കാണാൻ പോകുന്നത്?കൂട്ടായ്മകളും സാമൂഹികകേന്ദ്രങ്ങളും ഉണ്ടാക്കിയാൽ മാത്രം എല്ലാവരിലേക്കും എത്താനാകില്ല. നടക്കാൻ ബുദ്ധിമുട്ടുള്ളവരും രോഗം കാരണം വീടിനു പുറത്തിറങ്ങാൻ കഴിയാത്തവരും ഉണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവരുമുണ്ട്.

എദോഗവ സിറ്റിയിൽ ഫുരെഅഇ ഹോമോൻ എന്ന സന്നദ്ധ സന്ദർശന സംവിധാനമുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും പകൽസമയത്ത് തനിച്ചാകുന്നവർക്കും സാമൂഹിക ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണിത്. സന്നദ്ധപ്രവർത്തകർ വീട്ടിലെത്തി സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. വീട്ടുജോലികളോ നേരിട്ടുള്ള പരിചരണമോ നൽകുന്നതല്ല ഇതിന്റെ ലക്ഷ്യം. ഇവിടെ പ്രധാനപ്പെട്ടത് സന്ദർശനത്തിന്റെ ദൈർഘ്യമല്ല. ഒരാൾ വന്ന് കുറച്ചുനേരം സംസാരിക്കുന്നത് ചിലർക്കു വലിയ ആശ്വാസമായേക്കാം.

കേരളത്തിന് ഈ ആശയം തീർത്തും പുതിയതല്ല. ആശാ പ്രവർത്തകരും പാലിയേറ്റീവ് സന്നദ്ധപ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഇതിനകം പല വീടുകളിലേക്കും എത്തുന്നുണ്ട്. കുടുംബശ്രീയുടെ സ്‌നേഹിത കോളിങ് ബെൽ പോലുള്ള പ്രവർത്തനങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷയും സാമൂഹിക ബന്ധങ്ങളും ശ്രദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്. കേരളത്തിന്റെ സ്വന്തം അനുഭവങ്ങളിൽനിന്നുതന്നെ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കാനാകും. ഒറ്റയ്ക്ക് താമസിക്കുന്നവരെ അവരുടെ സമ്മതത്തോടെ സമീപിക്കാം. പതിവായി സംസാരിക്കാനോ സന്ദർശിക്കാനോ താൽപര്യമുള്ളവർക്ക് പ്രാദേശിക സന്നദ്ധപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാം. എന്നാൽ, ഇതിന് പരിശീലനവും ഉത്തരവാദിത്തവും ആവശ്യമാണ്. മുതിർന്നവരുടെ സ്വകാര്യത മാനിക്കണം. സാമ്പത്തിക ഇടപാടുകളിലോ വ്യക്തിപരമായ തീരുമാനങ്ങളിലോ അനാവശ്യമായി ഇടപെടാതിരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങളും വേണം. സൗഹൃദത്തിന്റെ പേരിലുള്ള സന്ദർശനം മറ്റൊരു തരത്തിലുള്ള നിയന്ത്രണമാകരുത്.

തലമുറകൾ തമ്മിലുള്ള അകലം കുറയുമ്പോൾ

മുൻകാലങ്ങളിൽ കേരളത്തിലെ പല വീടുകളിലും മൂന്നോ നാലോ തലമുറകൾ ഒരുമിച്ചാണ് ജീവിച്ചിരുന്നത്. മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും കഥകൾ കേട്ടാണ് കുട്ടികൾ വളർന്നിരുന്നത്. ഇന്ന് കുടുംബങ്ങളുടെ വലുപ്പവും ജീവിതരീതിയും മാറി. മക്കൾ പഠനത്തിനും ജോലിക്കുമായി ദൂരദേശങ്ങളിലേക്ക് പോകുന്നു. കൊച്ചുമക്കളെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കാണുന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരുമുണ്ട്. പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള ദൈനംദിന ഇടപെടലുകൾ കുറഞ്ഞുവരുന്നു. ജപ്പാനിലെ ചില പ്രാദേശിക കൂട്ടായ്മകൾ തലമുറകൾ തമ്മിലുള്ള ബന്ധം നിലനിർത്താൻ ശ്രമിക്കുന്നുണ്ട്.

എദോഗവയിലെ സ്‌കൂൾ സന്നദ്ധപ്രവർത്തനങ്ങളിൽ പ്രാദേശിക കൂട്ടായ്മകളിലെ അംഗങ്ങളും മുതിർന്നവരും പങ്കാളികളാകുന്ന അവസരങ്ങളുണ്ട്. വായന, പരമ്പരാഗത കലകൾ, കൃഷി, സ്‌കൂൾ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ അവരുടെ അനുഭവങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താം. ജപ്പാനിലെ കൊദോമോ ഷൊകുദോ എന്ന കമ്മ്യൂണിറ്റി ഭക്ഷണശാലകളും ഇവിടെ പരാമർശിക്കേണ്ടതാണ്. പ്രധാനമായും കുട്ടികൾക്ക് ഭക്ഷണവും സുരക്ഷിതമായ സാമൂഹിക ഇടവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇത്തരം സംരംഭങ്ങളിൽ ചിലത് വിവിധ തലമുറകൾക്ക് ഒരുമിച്ചുകൂടാനുള്ള ഇടങ്ങളായും പ്രവർത്തിക്കുന്നു.

കേരളത്തിൽ ഇത്തരം ഇടപെടലുകൾക്ക് വലിയ സാധ്യതയുണ്ട്

ഒരു സ്‌കൂളിലെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ മുതിർന്നവരിൽനിന്ന് പഴയകാല ചരിത്രം കേൾക്കാം. വിരമിച്ച അധ്യാപകർക്ക് വായനാപരിപാടികൾ നടത്താം. പരമ്പരാഗത തൊഴിൽവിദ്യകളും കൃഷിരീതികളും കലകളും അറിയുന്നവർക്ക് അവ പുതിയ തലമുറയെ പരിചയപ്പെടുത്താം. ചെറുപ്പക്കാർക്ക് മുതിർന്നവരെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സഹായിക്കാം. ഇവിടെ സഹായം ഒരു ദിശയിലേക്ക് മാത്രമല്ല പോകുന്നത്. മുതിർന്നവർക്ക് ചെറുപ്പക്കാരുടെ സഹായം ആവശ്യമാണ്. ചെറുപ്പക്കാർക്ക് മുതിർന്നവരുടെ അറിവും അനുഭവവും പ്രയോജനപ്പെടുന്നു. വാർധക്യത്തിൽ ഒരാൾ സമൂഹത്തിന്റെ സഹായം സ്വീകരിക്കുന്ന വ്യക്തി മാത്രമാകണമെന്നില്ല. മറ്റുള്ളവർക്ക് സഹായം നൽകുന്ന വ്യക്തിയായും തുടരാം.

ഡിജിറ്റൽ ലോകത്തും മുതിർന്നവർക്ക് ഇടമുണ്ടാകണം

സാങ്കേതികവിദ്യ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ബാങ്കിങ്, ആശുപത്രി അപ്പോയിന്റ്‌മെന്റുകൾ, സർക്കാർ സേവനങ്ങൾ, യാത്ര, കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം തുടങ്ങി പല കാര്യങ്ങളും ഇന്ന് സ്മാർട്ട്‌ഫോണുകളിലൂടെയാണ് നടക്കുന്നത്. എല്ലാവർക്കും ഈ മാറ്റത്തിനൊപ്പം ഒരേ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നില്ല. ജപ്പാനിലെ പ്രാദേശിക സമൂഹങ്ങളിൽ മുതിർന്നവർക്കായി സ്മാർട്ട്‌ഫോൺ പരിശീലനങ്ങളും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനുള്ള സഹായങ്ങളും ഒരുക്കുന്ന സംരംഭങ്ങളുണ്ട്. ഒരു മുതിർന്ന വ്യക്തിക്ക് വീഡിയോ കോളിലൂടെ വിദേശത്തുള്ള കൊച്ചുമക്കളെ കാണാൻ കഴിയുന്നത് വലിയ സന്തോഷമായിരിക്കാം. ആശുപത്രിയിലേക്ക് പോകാനുള്ള വഴി ഫോണിൽ കണ്ടെത്തുന്നതോ സർക്കാർ സേവനങ്ങൾക്ക് സ്വയം അപേക്ഷിക്കുന്നതോ അവരുടെ സ്വാതന്ത്ര്യം വർധിപ്പിക്കാം. അതേസമയം, സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയാത്തവർ സേവനങ്ങളിൽനിന്ന് പുറത്താകരുത്. എല്ലാവർക്കും സ്മാർട്ട്‌ഫോൺ വാങ്ങാനോ ഇന്റർനെറ്റ് ചെലവ് വഹിക്കാനോ കഴിയണമെന്നില്ല. ചിലർക്ക് കാഴ്ചയോ കേൾവിയോ കൈകളുടെ ചലനശേഷിയോ സംബന്ധിച്ച പരിമിതികളുണ്ടാകാം. ഓൺലൈൻ തട്ടിപ്പുകളും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും മറ്റൊരു ആശങ്കയാണ്.കേരളത്തിലെ വായനശാലകളിലും അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചും മുതിർന്നവർക്കായി ഡിജിറ്റൽ പരിശീലനങ്ങൾ വികസിപ്പിക്കാം. അതോടൊപ്പം നേരിട്ടുള്ള സേവനങ്ങളും നിലനിർത്തണം. സാങ്കേതികവിദ്യ മുതിർന്നവരുടെ സ്വാതന്ത്ര്യം വർധിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്. പുതിയൊരു ആശ്രിതത്വം സൃഷ്ടിക്കാനല്ല.

പ്രണയിക്കാനും സ്‌നേഹിക്കപ്പെടാനും പ്രായപരിധിയുണ്ടോ?

വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ചകളിൽ പലപ്പോഴും കടന്നുവരാത്തൊരു വിഷയമുണ്ട്. പ്രണയം. പ്രായമായ ഒരാൾക്ക് എന്തു ഭക്ഷണം നൽകണം, എങ്ങനെ പരിചരിക്കണം, എവിടെ താമസിക്കണം എന്നൊക്കെ നാം ആലോചിക്കാറുണ്ട്. എന്നാൽ, അയാൾക്ക് ആരെയെങ്കിലും സ്‌നേഹിക്കണമെന്നോ സ്‌നേഹിക്കപ്പെടണമെന്നോ ആഗ്രഹമുണ്ടാകുമോ എന്ന് എത്രത്തോളം ചിന്തിക്കാറുണ്ട്?ജീവിതപങ്കാളിയെ നഷ്ടപ്പെട്ട ഒരു സ്ത്രീയെ സങ്കൽപ്പിക്കൂ. നാൽപ്പതോ അമ്പതോ വർഷങ്ങൾ ഒരാളോടൊപ്പം ജീവിച്ചശേഷം പെട്ടെന്നൊരു ദിവസം അവർ തനിച്ചാകുന്നു. മക്കൾ വളർന്നു. അവരുടെ ജീവിതം മറ്റൊരിടത്താണ്. വീട്ടിൽ പഴയ ഓർമ്മകളുണ്ട്. പരിചിതമായ വസ്തുക്കളുണ്ട്. പക്ഷേ, ദിവസാവസാനം ചെറിയ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരാളില്ല. കുറച്ചു കാലത്തിനുശേഷം അവർക്ക് പുതിയൊരു സുഹൃത്തിനെ ലഭിച്ചെന്നിരിക്കട്ടെ. ഒരുമിച്ച് നടക്കാനും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനും സിനിമ കാണാനും ഇടയ്‌ക്കൊക്കെ യാത്ര പോകാനും ഇഷ്ടപ്പെടുന്ന ഒരാൾ. ആ സൗഹൃദം പ്രണയമായി മാറിയാലോ? സമൂഹം അതിനെ എങ്ങനെ കാണും?ചെറുപ്പത്തിൽ പ്രണയത്തെ ആഘോഷിക്കുന്ന അതേ സമൂഹം വാർധക്യത്തിലെ പ്രണയത്തെ പലപ്പോഴും സംശയത്തോടെയോ പരിഹാസത്തോടെയോ കാണുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ ഈ സമീപനം കൂടുതൽ കടുപ്പമുള്ളതാകാം.

ജീവിതപങ്കാളിയുടെ മരണശേഷം വീണ്ടും വിവാഹം കഴിക്കുന്നതോ പുതിയൊരു ബന്ധം തിരഞ്ഞെടുക്കുന്നതോ പഴയ സ്‌നേഹത്തെ നിഷേധിക്കുന്നതല്ല. ഒരാളെ ജീവിതകാലം മുഴുവൻ സ്‌നേഹിച്ചിരുന്നുവെന്നതുകൊണ്ട് ശേഷിക്കുന്ന ജീവിതം മുഴുവൻ ഏകാന്തതയിൽ കഴിയണമെന്നില്ല. ജപ്പാനിലും പ്രായമായവരുടെ പുതിയ സൗഹൃദങ്ങൾക്കും പങ്കാളിത്തങ്ങൾക്കും സാമൂഹികമായ തടസ്സങ്ങളും മുൻവിധികളുമുണ്ട്. വാർധക്യത്തിലെ പ്രണയത്തെ ജപ്പാൻ പൂർണമായി അംഗീകരിച്ച ഒരു സമൂഹമാണെന്ന് പറയാനാവില്ല. എല്ലാവർക്കും വീണ്ടും വിവാഹം കഴിക്കണമെന്നില്ല. ചിലർക്ക് അടുത്തൊരു സുഹൃത്തുണ്ടായാൽ മതി. മറ്റുചിലർക്ക് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടം. ഏതാണ് ശരിയായ തിരഞ്ഞെടുപ്പ് എന്ന് സമൂഹം തീരുമാനിക്കേണ്ടതില്ല. മുതിർന്നവരുടെ സ്‌നേഹത്തെയും അടുപ്പത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ സമ്മതവും സ്വകാര്യതയും സ്വാതന്ത്ര്യവും മാനിക്കണം. സാമ്പത്തിക ചൂഷണത്തിനും ദുരുപയോഗത്തിനുമെതിരായ സുരക്ഷയും ഉറപ്പാക്കണം. മനുഷ്യർക്ക് പ്രായമേറുമ്പോൾ ശരീരത്തിൽ മാറ്റങ്ങളുണ്ടാകുന്നു. ജീവിതസാഹചര്യങ്ങൾ മാറുന്നു. പക്ഷേ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തിന് ഒരു നിശ്ചിത പ്രായത്തിൽ വിരാമമിടാനാവില്ല. ജീവിതത്തിന്റെ സായാഹ്നത്തിൽ ഒരാൾ മറ്റൊരാളുടെ കൈപിടിച്ച് നടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൽ സമൂഹം കാണേണ്ടത് പ്രായമല്ല. രണ്ടു മനുഷ്യരുടെ സന്തോഷമാണ്.

ജീവിതത്തിന്റെ സന്തോഷം വീട്ടിലെത്തിക്കുമ്പോൾ

എദോഗവയിൽ ശ്രദ്ധേയമായ മറ്റൊരു ആശയമാണ് ഇക്കിഗായ് ഔഎൻദാൻ. വീടിനു പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ളവരുടെ ജീവിതത്തിലേക്ക് അവർക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളും സന്തോഷകരമായ അനുഭവങ്ങളും എത്തിക്കുകയെന്ന ചിന്തയാണ് ഇതിനു പിന്നിൽ. സംഗീതം, കല, പഴയ ഓർമ്മകൾ പങ്കുവയ്ക്കൽ, ചെറിയ ആഘോഷങ്ങൾ തുടങ്ങിയവയിലൂടെ വീടിനുള്ളിൽ കഴിയുന്നവരുടെ ജീവിതത്തിനും പുതിയ നിറങ്ങൾ നൽകാം. രോഗം കാരണം പുറത്തിറങ്ങാൻ കഴിയാത്ത ഒരാൾക്ക് മരുന്നും ഭക്ഷണവും പരിചരണവും ലഭിക്കുന്നുണ്ടാകാം. എന്നാൽ, അയാൾക്ക് സംഗീതം കേൾക്കാൻ ഇഷ്ടമുണ്ടെങ്കിൽ? പഴയ ഫോട്ടോകൾ കാണാനും ഓർമ്മകൾ പങ്കുവയ്ക്കാനും ആഗ്രഹമുണ്ടെങ്കിൽ? ജന്മദിനത്തിൽ ആരെങ്കിലും കൂടെയുണ്ടാകണമെന്ന് തോന്നിയാൽ? അത്തരം ആഗ്രഹങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഒരു മനുഷ്യന്റെ ശാരീരിക പരിമിതികൾ അയാളുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്നില്ല. കേരളത്തിലെ പാലിയേറ്റീവ് പരിചരണ ശൃംഖലകളുമായി ബന്ധപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങൾ വികസിപ്പിക്കാവുന്നതാണ്. കേരളത്തിന്റെ വയോമിത്രം പോലുള്ള പദ്ധതികളിൽ ചികിത്സയ്ക്കും മരുന്നുകൾക്കും പുറമെ വിനോദപരിപാടികൾക്കും കൗൺസലിങ്ങിനും ഇടമുണ്ട്. ഈ അനുഭവങ്ങൾ കൂടുതൽ വ്യക്തികേന്ദ്രീകൃതമായി വികസിപ്പിക്കാനാകും.

രോഗിയുടെ മരുന്നും ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം അയാൾക്ക് ഇഷ്ടമുള്ള സംഗീതം, പുസ്തകം, സംഭാഷണം, കല, ചെറിയ ആഘോഷങ്ങൾ എന്നിവയ്ക്കും ഇടമൊരുക്കാം. പരിചരണം നൽകുന്നവർ തീരുമാനിക്കുന്നതിനു പകരം കഴിയുന്നത്ര വ്യക്തിയുടെ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം. ആദ്യം ചോദിക്കേണ്ടത് എന്താണ് വേണ്ടതെന്നാണ്.

കേരളത്തിന് എന്തു ചെയ്യാനാകും?

ജപ്പാനിലെ സംവിധാനങ്ങൾ അതേപടി കേരളത്തിലേക്ക് കൊണ്ടുവരേണ്ടതില്ല. കേരളത്തിന് സ്വന്തമായി ശക്തമായ സാമൂഹികബന്ധങ്ങളും സന്നദ്ധപ്രവർത്തന പാരമ്പര്യവും വായനശാലകളും കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളുമുണ്ട്. വയോമിത്രം, വയോക്ലബ്ബുകൾ, പകൽവീടുകൾ, പാലിയേറ്റീവ് പരിചരണ ശൃംഖലകൾ, കുടുംബശ്രീയുടെ വയോജന അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ഈ രംഗത്തെ നിലവിലുള്ള പ്രവർത്തനങ്ങളാണ്. അതിനാൽ കേരളം ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങേണ്ടതില്ല.

നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഓരോ പഞ്ചായത്തിലും മുതിർന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിൽനിന്ന് തുടങ്ങാം. എല്ലാവർക്കും ഒരേ ആവശ്യങ്ങളല്ല. ചിലർക്ക് ജോലി ചെയ്യണം. മറ്റുചിലർക്ക് പഠിക്കണം. ചിലർക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കണം. ചിലർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സഹായം വേണം. വിരമിച്ചവർക്കും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രാദേശിക തൊഴിൽ-നൈപുണ്യ ശൃംഖലകൾ രൂപീകരിക്കാം. പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ചെറുകിട സംരംഭങ്ങൾക്കും ആവശ്യമായ സേവനങ്ങളുമായി താൽപര്യമുള്ള മുതിർന്നവരെ ബന്ധിപ്പിക്കാം. തൊഴിൽസുരക്ഷയും മാന്യമായ പ്രതിഫലവും ഉറപ്പാക്കണം.

വായനശാലകളെയും കമ്മ്യൂണിറ്റി ഹാളുകളെയും പതിവ് കൂടിക്കാഴ്ചകൾക്കും പഠനത്തിനും വിനോദത്തിനും ഉപയോഗിക്കാം. എല്ലാ പ്രവർത്തനങ്ങളും വയോജനങ്ങൾക്കായി മാത്രം വേർതിരിക്കണമെന്നില്ല. വിവിധ തലമുറകൾക്ക് ഒരുമിച്ച് പങ്കെടുക്കാവുന്ന പരിപാടികളും ആവശ്യമാണ്. കുടുംബശ്രീയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഒറ്റയ്ക്ക് താമസിക്കുന്നവർക്കായുള്ള സൗഹൃദ സന്ദർശന ശൃംഖലകൾ ശക്തിപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങളോ ശാരീരിക പരിമിതികളോ കാരണം പുറത്തിറങ്ങാൻ കഴിയാത്തവരുടെ അടുത്തേക്ക് സാമൂഹികപ്രവർത്തനങ്ങൾ എത്തിക്കാനും ശ്രമിക്കാം. 

ഇത്തരം അവസരങ്ങൾ എല്ലാവർക്കും പ്രാപ്യമാകണം. ഒരു സാമൂഹികകേന്ദ്രത്തിൽ പരിപാടിയുണ്ടെന്നതുകൊണ്ടുമാത്രം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാൾക്ക് അതിൽ പങ്കെടുക്കാൻ കഴിയണമെന്നില്ല. യാത്രാച്ചെലവ്, വാഹനസൗകര്യങ്ങളുടെ കുറവ്, പ്രവേശനസൗകര്യമില്ലാത്ത കെട്ടിടങ്ങൾ, ആരോഗ്യപരിമിതികൾ എന്നിവയെല്ലാം തടസ്സങ്ങളാകാം.

സൗജന്യമായോ കുറഞ്ഞ ചെലവിലോ ഗതാഗതസഹായം നൽകുക, സമീപപ്രദേശങ്ങളിൽ ചെറിയ കൂട്ടായ്മകൾ സംഘടിപ്പിക്കുക, വീടുകളിൽനിന്ന് പങ്കെടുക്കാവുന്ന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയും പരിഗണിക്കണം. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുതിർന്നവർക്കുവേണ്ടി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്ന സമിതികളിൽ മുതിർന്നവർതന്നെ ഉണ്ടാകണം.

അവരുടെ ആവശ്യങ്ങൾ മറ്റുള്ളവർ ഊഹിച്ചെടുക്കേണ്ടതില്ല. അവർക്ക് പറയാനുള്ളത് കേൾക്കണം. പരിപാടികളുടെ സമയം, സ്ഥലം, പ്രവർത്തനങ്ങൾ, ചെലവ് എന്നിവ തീരുമാനിക്കുന്നതിലും നടത്തിപ്പിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. പദ്ധതികളുടെ വിജയവും വിലയിരുത്തേണ്ടതുണ്ട്. എത്ര ക്ലബ്ബുകൾ ആരംഭിച്ചു, എത്ര പരിപാടികൾ നടത്തി, എത്രപേർ പങ്കെടുത്തു എന്ന കണക്കുകൾ മാത്രം പോരാപുതിയ സൗഹൃദങ്ങൾ രൂപപ്പെട്ടോ? ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവർക്ക് സാമൂഹികബന്ധങ്ങൾ ലഭിച്ചോ? ജോലി ചെയ്യാൻ ആഗ്രഹിച്ചവർക്ക് അവസരങ്ങൾ ലഭിച്ചോ? പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്തവരുടെ അടുത്തേക്ക് എത്താനായോ?പ്രധാനമായും, മുതിർന്നവർക്ക് സ്വന്തം ജീവിതത്തിൽ കൂടുതൽ സന്തോഷവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും അനുഭവപ്പെടുന്നുണ്ടോ?

ഇത്തരം ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം. പ്രായമായ എല്ലാവരും സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകണമെന്ന് നിർബന്ധിക്കരുത്. ജോലി ചെയ്യാനോ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത ഒരാളുടെ ജീവിതത്തിന് മൂല്യം കുറയുന്നില്ല. ഒന്നും ചെയ്യാതെ വിശ്രമിക്കാനും സ്വകാര്യമായി ജീവിക്കാനും ആഗ്രഹിക്കുന്നവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണം. ഒരു മനുഷ്യന്റെ മൂല്യം അയാൾ എത്രത്തോളം ഉപകാരപ്പെടുന്നു എന്നതുകൊണ്ടുമാത്രം അളക്കാനാവില്ല.

ഇനിയും ജീവിതം ബാക്കിയുണ്ട്

വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ചകളിൽ പലപ്പോഴും നഷ്ടപ്പെടുന്ന ഒന്നുണ്ട്. പ്രായമായ മനുഷ്യരുടെ ആഗ്രഹങ്ങൾ. അവർക്ക് എന്തു ഭക്ഷണം നൽകണം, എവിടെ താമസിപ്പിക്കണം, ആരാണ് പരിചരിക്കേണ്ടത്, ഏതെല്ലാം മരുന്നുകൾ കഴിക്കണം എന്നൊക്കെ നാം ആലോചിക്കുന്നു. എന്നാൽ, അവർക്ക് എന്താണ് ചെയ്യാൻ ഇഷ്ടമെന്ന് എത്രത്തോളം ചോദിക്കാറുണ്ട്? പ്രായം കൂടുന്നതോടെ മനുഷ്യരുടെ ആവശ്യങ്ങൾ മാറിയേക്കാം. എന്നാൽ, സ്‌നേഹിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കാനും പഠിക്കാനും സന്തോഷിക്കാനുമുള്ള ആഗ്രഹങ്ങൾ ഇല്ലാതാകുന്നില്ല.

ജപ്പാനിലെ അനുഭവങ്ങൾ കേരളത്തെ ഓർമ്മിപ്പിക്കുന്നത് വാർധക്യത്തിൽ മനുഷ്യർക്ക് പരിചരണം നൽകുന്നതുപോലെ പ്രധാനമാണ് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവസരങ്ങളും നൽകുന്നതെന്നതാണ്. അതേസമയം, സജീവമായി തുടരാൻ കഴിയാത്തവരെയും സമൂഹം മറക്കരുത്. വിരമിച്ചശേഷം സ്വന്തം ജീവിതത്തിന് ഇനി പ്രസക്തിയില്ലെന്നു തോന്നുന്ന ഒരാൾക്ക്, വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഒരു സ്ത്രീക്ക്, പുറത്തിറങ്ങാൻ കഴിയാതെ മുറിക്കുള്ളിൽ കഴിയുന്ന ഒരു വയോധികന്- അവർക്കെല്ലാം സമൂഹത്തിൽ ഇടമുണ്ടാകണം. മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ കഴിയുന്നിടത്തോളം മാത്രമല്ല, മനുഷ്യരെന്ന നിലയിൽ തന്നെ അവർ പ്രധാനപ്പെട്ടവരാണ്. ഒരു ദിവസം രാവിലെ ഉണരുമ്പോൾ, ഇന്ന് ആരെയെങ്കിലും കാണാനുണ്ട്, എവിടെയെങ്കിലും പോകാനുണ്ട്, ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാനുണ്ട് എന്ന തോന്നൽ ജീവിതത്തെ മാറ്റിമറിച്ചേക്കാം. അതിലേറെ പ്രധാനമാണ്, ഇതൊന്നും ചെയ്യാൻ കഴിയാത്ത ദിവസങ്ങളിലും തന്നെ ഓർക്കാനും അന്വേഷിക്കാനും സ്‌നേഹിക്കാനും മനുഷ്യരുണ്ടെന്ന ഉറപ്പ്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒരാൾക്ക് സ്വന്തം നിലനിൽപ്പിന്റെ പ്രസക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരരുത്. ഓരോരുത്തർക്കും സ്വന്തം ജീവിതത്തിന് അർത്ഥം കണ്ടെത്താനുള്ള സ്വാതന്ത്ര്യവും അതിന് കഴിയാത്ത ദിവസങ്ങളിൽപ്പോലും സ്‌നേഹവും കരുതലും ലഭിക്കുമെന്ന ഉറപ്പും നൽകുന്ന ഒരു കേരളമാണ് നമുക്കാവശ്യം. ജീവിതത്തിന്റെ അവസാനത്തിനായുള്ള വെറുമൊരു കാത്തിരിപ്പല്ല വാർധക്യം. സ്വന്തം ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും സ്‌നേഹത്തിനും ഇടമുള്ള ജീവിതത്തിന്റെ മറ്റൊരു കാലമാണ്. പ്രായം കൂടുമ്പോൾ ജീവിതത്തിന്റെ വേഗം കുറഞ്ഞേക്കാം. എന്നാൽ, ആഗ്രഹങ്ങൾക്കും സൗഹൃദങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും പ്രായപരിധി നിശ്ചയിക്കേണ്ടതില്ല. കാരണം, മനുഷ്യർ ജോലിയിൽനിന്ന് വിരമിച്ചേക്കാം. ജീവിതത്തിൽനിന്ന് വിരമിക്കേണ്ടവരല്ല.