നിറകണ്ണുകളോടെ  പ്രിയസുഹൃത്തിന്റെ നിശ്ചലദേഹത്തിന് മുന്നിൽ  കൈകൂപ്പി നിന്നു മദൻമോഹൻ. പിന്നെ  കുനിഞ്ഞിരുന്ന് ആരോടോ പകതീർക്കാനെന്ന വണ്ണം തുടരെത്തുടരെ സ്വന്തം  നെറ്റി നിലത്ത് മുട്ടിച്ചു.  കൂടിനിന്നവരിൽ ചിലർ  പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു അദ്ദേഹത്തെ. 

To advertise here,

"എന്തിനിത്ര നേരത്തെ പോയി രോഷൻജി?" -  നെഞ്ചിൽ കൈകൾ ചേർത്തുവെച്ച്  കണ്ണുകൾ പൂട്ടി  കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങിക്കിടന്ന കൂട്ടുകാരനോട് കേണുചോദിക്കുന്നു മദൻമോഹൻ. " പറയൂ, ഇനി ആരോടാണ് ഞാൻ മത്സരിക്കുക?"

അത്ഭുതം തോന്നിയിരിക്കണം കാഴ്ച്ചക്കാരിൽ ചിലർക്കെങ്കിലും. രോഷനേയും മദൻമോഹനെയും പ്രതിയോഗികളായി കണ്ടവരാണല്ലോ അവർ. ഹിന്ദിസിനിമയിൽ വർഷങ്ങളോളം തിളങ്ങിനിന്ന സംഗീതശില്പികൾ. മിക്കവാറും ഒരേ ശൈലിയുടെ വക്താക്കൾ. സ്വാഭാവികമായും പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവർ. അവരിലൊരാൾ അകാലത്തിൽ കടന്നുപോകുമ്പോൾ മറ്റെയാൾ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന അനുഭവിക്കുകയാണ്. താൽക്കാലിക നീക്കുപോക്കുകൾക്കപ്പുറത്ത്  ശാശ്വതമായ സൗഹൃദങ്ങൾ അത്യപൂർവമായ സിനിമാലോകത്ത് ഇത്രയും ഗാഢമായ ഒരു ബന്ധമോ?

placeholder
റോഷൻ, മദൻമോഹൻ, രവിശങ്കർ എന്നിവർ. Photo Courtesy: X

വികാരനിർഭരമായ ആ രംഗം അരങ്ങേറിയത് മുംബൈയിലെ രോഷന്റെ വീട്ടിലാണ്; ആറു പതിറ്റാണ്ടോളം മുൻപ് അദ്ദേഹം കഥാവശേഷനായ ദിവസം. കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ച ആ കാഴ്ച്ചയുടെ  ഓർമ്മകൾ അടുത്തകാലത്ത്  ഒരു ഡോക്യൂമെന്ററിയിൽ പങ്കുവെക്കവേ രോഷന്റെ മക്കളായ രാജേഷും രാകേഷും പറഞ്ഞു: "പലർക്കും അവിശ്വസനീയമായി തോന്നിയിരിക്കണം അച്ഛനും മദൻജിയും തമ്മിലുള്ള സ്നേഹബന്ധം. പ്രകടനാത്മകതയുടെ അംശം പോലും കലർന്നിരുന്നില്ല അതിൽ.  മദൻജി ചെയ്ത ഏതെങ്കിലും പാട്ട് ഇഷ്ടപ്പെട്ടാൽ അക്കാര്യം ഉടനടി ഫോണിൽ വിളിച്ച്‌  അദ്ദേഹത്തെ നേരിട്ടറിയിക്കാൻ മടിക്കില്ല അച്ഛൻ. തിരിച്ചും അതുപോലെ തന്നെ."

പരസ്പരമുള്ള  ആദരവിൽ അധിഷ്ഠിതമായ ഇത്തരം സ്നേഹബന്ധങ്ങൾ നമ്മുടെ ഭാഷയിലും അപൂർവമായിരുന്നില്ല എന്നറിയുക. ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയുടെ ചിത്രം  ഓർമ്മയിലുണ്ട്. തൃശൂരിലെ ഒരു വിവാഹച്ചടങ്ങിൽ വെച്ച്, ദീർഘകാലത്തിന്‌ ശേഷം കണ്ടുമുട്ടിയതായിരുന്നു സംഗീത സംവിധാനരംഗത്തെ ഇതിഹാസങ്ങളായ ദേവരാജനും എംഎസ് വിശ്വനാഥനും. തലകുനിച്ചു തൊഴുതു നിന്ന എംഎസ്​വിക്ക് മുന്നിൽ, അദ്ദേഹത്തിന്റെ  ആരാധകനായി മാറി ദേവരാജൻ മാസ്റ്റർ പറയുന്നു: "ഇന്നലെ രാത്രിയും കേട്ടു എങ്ക വീട്ടു പിള്ളൈയിലെ "മലർക്ക് തെൻട്രൽ'' എന്ന പാട്ട്. കണ്ണു നിറഞ്ഞു പോയി. ഞാൻ ഈശ്വരവിശ്വാസിയൊന്നുമല്ല. പക്ഷേ നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ ഈശ്വരൻ ഉണ്ടെന്നു തോന്നും..'' 

എന്തു മറുപടി പറയണമെന്ന് അറിയാതെ വികാരാധീനനായി നിന്നു മെല്ലിശൈ മന്നൻ . പിന്നെ, ഇടറിയ സ്വരത്തിൽ ചുറ്റും നിന്നവരെ നോക്കി പറഞ്ഞു: "എന്തിനാ പത്മശ്രീയും പത്മവിഭൂഷണും ഒക്കെ? ഇതിലും വലിയ ഒരു അവാർഡ് ഉണ്ടോ?'' അപൂർവമായി മാത്രം മുഖത്ത് വിരിയുന്ന പുഞ്ചിരിയുതിർത്തു കൊണ്ട് ദേവരാജൻ മാസ്റ്റർ അതിന് നൽകിയ മറുപടി ഓർമ്മയുണ്ട്: "എനിക്ക് തരാമെന്ന് പറഞ്ഞതാ പത്മശ്രീ. വേണ്ടെന്ന് ഞാനും പറഞ്ഞു. നിങ്ങൾക്കൊന്നും  കിട്ടാത്ത പത്മശ്രീ എനിക്കെന്തിനാ..'' മാഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ സ്നേഹോഷ്മളത മുഴുവൻ ഉണ്ടായിരുന്നു ആ വാക്കുകളിൽ. ആയുസ്സ്  മുഴുവൻ സിനിമയ്ക്കും സംഗീതത്തിനും സമർപ്പിച്ച രണ്ടു മഹാപ്രതിഭകളുടെ  സംഗമത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ അസുലഭ സൗഭാഗ്യങ്ങളിൽ ഒന്ന്. 

placeholder
 എം.എസ്.വിശ്വനാഥൻ. ഫോട്ടോ: വി.രമേഷ്

നിനച്ചിരിക്കാതെ  വന്ന ഒരു ഫോൺ കോളിന്റെ ഓർമ്മ സംഗീതസംവിധായകൻ കെ രാഘവൻ  പങ്കുവെച്ചതോർക്കുന്നു. സാക്ഷാൽ ദേവരാജൻ മാസ്റ്ററാണ് ഫോണിന്റെ മറുതലയ്ക്കൽ. തെല്ലു വികാരാധീനനായിട്ടാണ് മാസ്റ്ററുടെ വിളി: "ഇതാ ഇപ്പോൾ ഞാൻ ടെലിവിഷനിൽ ഒരു പാട്ടു കേട്ടു. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്. ഉടൻ മാസ്റ്ററെ വിളിക്കണമെന്ന് തോന്നി. അമ്പതു കൊല്ലം മുൻപ് ചെയ്ത പാട്ടാണെന്നു തോന്നില്ല. എത്ര മനോഹരമായിട്ടാണ് നിങ്ങൾ  അത് ട്യൂൺ ചെയ്തു വെച്ചിരിക്കുന്നത്. ഭാസ്കരൻ മാസ്റ്ററുടെ വരികൾ, നിങ്ങളുടെ ഈണം, ഓർക്കസ്‌ട്രേഷൻ, ജാനമ്മ ഡേവിഡ് എന്ന പാട്ടുകാരിയുടെ ശബ്ദം  ഇതെല്ലാം ഒരൊറ്റ നൂലിൽ കോർത്തെടുത്ത പോലെ. തിരുവനന്തപുരത്തെ ഏതോ കടയിലെ ഗ്രാമഫോണിൽ നിന്ന് ആദ്യമായി ആ പാട്ട് കേട്ട നിമിഷങ്ങളാണ് ഓർമ്മവന്നത്. അന്ന് തോന്നിയ കൗതുകവും ഉത്സാഹവും ഇന്നും  അതേ അളവിൽ അനുഭവിപ്പിക്കാൻ നിങ്ങളുടെ  പാട്ടിനു കഴിഞ്ഞു. ആ സന്തോഷം  നേരിട്ട് അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടു വിളിച്ചതാണ്...'' കൂടുതലൊന്നും പറയാതെ ഫോൺ വെച്ചു ദേവരാജൻ. 

എന്തു മറുപടി പറയണമെന്നറിയില്ലായിരുന്നു രാഘവൻ മാഷിന്. ഒരു പാട് ഓർമ്മകൾ മനസ്സിലേക്ക് തിക്കിത്തിരക്കി കയറിവന്നു അപ്പോൾ. "എത്രയോ പേർ നീലക്കുയിലിലെ പാട്ടുകളെ കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ട്. പക്ഷേ ദേവരാജനെ പോലൊരാളിൽ നിന്ന് ഇത്രയും ആത്മാർത്ഥമായ ഒരു അഭിപ്രായപ്രകടനം ഉണ്ടായി എന്നത് എനിക്ക് വിലമതിക്കാനാവാത്ത ഒരു അംഗീകാരം തന്നെയാണ്. കാരണം ഉള്ളത് ഉള്ളത് പോലെ പറയുന്ന ആളാണ് അയാൾ. നമുക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അത് വേറെ കാര്യം. മുൻപൊരിക്കൽ എന്റെ ഒരു പാട്ട് കേട്ട് ഇത് സ്വന്തം സംഗീത സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്നതല്ല എന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് ദേവരാജൻ. അതാണ് അന്തസ്സിന്റെ  ലക്ഷണം എന്ന് ഞാൻ വിശ്വസിക്കുന്നു..'' - രാഘവൻ മാസ്റ്റർ പറഞ്ഞു.

placeholder
കെ.രാഘവൻ. ഫോട്ടോ: മധുരാജ്

വർഷങ്ങൾക്കു മുൻപ് തന്റെ സപ്തതി ഒരു കൂട്ടം സംഗീതപ്രേമികൾ ചേർന്ന് തലശേരിയിൽ ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആ പരിപാടിയുടെ മുഖ്യ ആകർഷണം ദേവരാജന്റെ കച്ചേരി ആയിരിക്കണം എന്ന് രാഘവൻ മാസ്റ്റർ നിർബന്ധം പിടിച്ചതും  ഈ `നിരുപാധിക' സ്നേഹത്തിന്റെ പേരിൽ തന്നെ. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് രാഘവന്റെ പിറന്നാളിൽ പങ്കെടുക്കാൻ തലശ്ശേരിയിൽ ഓടിയെത്തി ദേവരാജൻ. ഒഎൻവിയും ഉണ്ടായിരുന്നു കൂടെ. അന്നത്തെ ആ അപൂർവ സംഗമം ഒഎൻവി ഓർത്തെടുത്തതിങ്ങനെ: "അനസൂയവിശുദ്ധമായ സൗഹൃദവും സഹോദര്യവുമാണ് എനിക്കും ദേവരാജനും രാഘവൻ മാസ്റ്റർക്കും ഇടയിലുണ്ടായിരുന്നത്. മാസ്റ്ററുടെ എഴുപതാം പിറന്നാളിനെന്നാണ് ഓർമ്മ (വർഷം കൃത്യമായി ഓർക്കുന്നില്ല), തലശേരിയിൽ വലിയ ആഘോഷങ്ങളൊക്കെ ഉണ്ടായി. ഞാനും ദേവരാജനും അതിൽ പങ്കെടുക്കണമെന്നും ദേവരാജന്റെ പാട്ടുകച്ചേരിയിൽ ആഘോഷങ്ങൾ സമാപിക്കണമെന്നുമാണ് രാഘവൻ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും ആഗ്രഹം. ഞങ്ങൾ പോയി. ഉച്ച തിരിഞ്ഞ് ഒരു തുറന്ന ജീപ്പിൽ മാസ്റ്ററുടെ  പട്ടണ പ്രദക്ഷിണമാണ് പ്ലാൻ ചെയ്തിരുന്നത്. എംടിയും ശോഭനാ പരമേശ്വരൻ നായരും തിക്കോടിയനും ഒക്കെ വാഹനത്തെ അനുഗമിക്കുണ്ടായിരുന്നു. പക്ഷേ മാസ്റ്റർ പ്രതീക്ഷിച്ചപോലെ അവരാരും ആ ജീപ്പിൽ  കയറിയില്ല. ഏതാണ്ടൊരു മുഗ്ധലജ്ജയോടെ മാസ്റ്റർ ജീപ്പിൽ നിന്നെല്ലാവരെയും നോക്കി. ഒടുവിൽ ഞാനും ദേവരാജനും ജീപ്പിൽ കയറി  മാസ്റ്ററുടെ ഇരുവശത്തുമായി നിലയുറപ്പിച്ചു. മാസ്റ്റർക്കാശ്വാസമായി, സന്തോഷമായി. തലശേരി പട്ടണത്തിന്റെ പ്രധാന നിരത്തിലൊന്ന് കറങ്ങിത്തിരിഞ്ഞു ജീപ്പ് യോഗസ്ഥലത്തെത്തി. അവിടെ വലിയൊരു ആൾക്കൂട്ടം ആ വരവ് കാത്തുനിന്നിരുന്നു. "നിങ്ങളും കൂടിയില്ലായിരുന്നെങ്കിൽ ഞാനാ ജീപ്പിൽ മോഹാലസ്യപ്പെട്ട് വീണേനെ.''- മാസ്റ്റർ ചിരിച്ചുകൊണ്ട് ദേവരാജനോടും എന്നോടുമായി പറഞ്ഞു.''

placeholder
രവി മേനോൻ ദേവരാജൻ മാസ്റ്റർക്കും പത്നിക്കുമൊപ്പം

സമകാലീനരെങ്കിലും പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത സംഗീതസംവിധായകരായിരുന്നു ദേവരാജനും രാഘവനും. "രാഘവൻ മാസ്റ്റർക്ക് അർഹിക്കുന്ന അംഗീകാരം നമ്മൾ കൊടുത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. വെറുമൊരു പദ്മശ്രീ കൊണ്ടൊന്നും അളക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ സംഭാവനകളെ.'' ദേവരാജൻ ഒരിക്കൽ പറഞ്ഞു. രാഘവൻ മാസ്റ്ററെ ആദരിക്കാനായി അദ്ദേഹത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടി കോഴിക്കോട്ട് സംഘടിപ്പിക്കണം എന്നത് ദേവരാജന്റെ നിറവേറപ്പെടാത്ത ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. "ഒരിക്കൽ ദേവരാജൻ മാസ്റ്ററോടൊപ്പം രാഘവൻ മാഷെ തിരുവന്തപുരത്തെ ആര്യനിവാസിൽ അദ്ദേഹം താമസിക്കുന്ന മുറിയിൽ ചെന്ന് കണ്ടത് മറക്കാനാവില്ല.''- ദേവരാജന്റെ സന്തത സഹചാരിയായിരുന്ന മധുവിന്റെ ഓർമ്മ. ``ഏതോ അവാർഡ് സ്വീകരിക്കാനായി രാഘവൻ മാഷ് തിരുവനന്തപുരത്തുണ്ടെന്ന് ടെലിവിഷനിൽ നിന്ന് അറിഞ്ഞയുടൻ മാസ്റ്റർ പറയുകയായിരുന്നു, അദ്ദേഹത്തെ ഉടൻ ചെന്ന് കാണണം എന്ന്. രണ്ടു മഹാന്മാരും കണ്ടയുടൻ വികാരാധീനനായി. ആ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കാനായത് എന്റെ പൂർവ്വജന്മ സുകൃതമാവണം. പിന്നിട്ട കാലത്തെ കുറിച്ച്, ചെയ്ത പാട്ടുകളെ കുറിച്ച്, സിനിമയുടെ മാറ്റങ്ങളെ കുറിച്ച്, മരിച്ചു പോയ വലിയ മനുഷ്യരെ കുറിച്ച്.. അങ്ങനെ പല പല വിഷയങ്ങളെ കുറിച്ചും ഉള്ളു തുറന്ന് സംസാരിച്ചു അവർ. യാത്ര പറഞ്ഞു പിരിയുമ്പോൾ രണ്ടു പേരും വികാരാധീനരായിരുന്നു.'' അതായിരുന്നു അവസാന കൂടിക്കാഴ്ച.

രണ്ടു മാസ്റ്റർമാരും ഇന്ന് നമുക്കൊപ്പമില്ല. ദേവരാജൻ മാസ്റ്ററാണ് ആദ്യം യാത്രയായത്; 2006 മാർച്ച് 14 ന്. ഏഴു വർഷം കഴിഞ്ഞു രാഘവൻ മാസ്റ്ററും വിടവാങ്ങി. അന്തരീക്ഷത്തിൽ അലയടിക്കുന്ന അവരുടെ ഗാനങ്ങൾക്ക് മാത്രം മരണമില്ല. പി ഭാസ്കരൻ എഴുതിയ പോലെ, "കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും കവിളത്തെ താമര വാടിയാലും" എന്നും കുന്നും പതിനാറ് തിരുവയസ്സാണ് ആ പാട്ടുകൾക്ക്.