ചിരിച്ചു മാത്രം കണ്ടിട്ടുള്ള മുഖത്ത് ഒരു കൊച്ചു മിഴിനീര്‍ മുത്തിന്റെ തിളക്കം. കരയാതെ കരയുകയാണോ ആച്ചി?
'ഏത് ചിരിക്കു പിന്നിലുമുണ്ടാകും ഒരു കണ്ണുനീര്‍ത്തുള്ളി.' - ഹോട്ടല്‍ മുറിയിലെ ചില്ലു ജനാലയ്ക്കപ്പുറത്തെ കൂരിരുട്ടിലേക്ക് നോക്കി മനോരമ മന്ത്രിക്കുന്നു. 'ചിരിക്കുമ്പോഴും ചിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും എന്റെ മനസ്സില്‍ തെളിയുക മകള്‍ക്ക് വേണ്ടി ജീവിച്ചു മരിച്ച ഒരു പാവം സ്ത്രീയുടെ മുഖമാണ്. എന്റെ അമ്മയുടെ കരയുന്ന മുഖം......'

To advertise here,

മുപ്പതു വര്‍ഷം മുന്‍പായിരുന്നു ആ കൂടിക്കാഴ്ച. മാധ്യമജീവിതത്തിലെ മറക്കാനാവാത്ത അഭിമുഖങ്ങളിലൊന്ന്. മങ്ങിയ നിറമുള്ള നൈറ്റിയും ഹവായ് ചെരുപ്പുമണിഞ്ഞ് യാതൊരു മേക്കപ്പുമില്ലാതെ  സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു വീട്ടമ്മയെപ്പോലെ മുന്നിലിരുന്നു നിഷ്‌കളങ്കമായി സംസാരിക്കുന്ന മധ്യവയസ്‌കയില്‍ നിന്ന് സിനിമാഭിനയത്തില്‍ ലോകറെക്കാഡോളം എത്തിച്ചേര്‍ന്ന  സംഭവബഹുലമായ ഒരു ജീവിതത്തെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു മനസ്സ്. 

സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് രാപ്പകലെന്നില്ലാതെ ഓടിനടന്ന് ആയിരത്തോളം സിനിമയിലഭിനയിച്ചു ചരിത്രം തിരുത്തിയ തമിഴിലെ ആ മഹാനടിയെവിടെ? ജീവിതം തനിക്കുവേണ്ടി കരുതിവെച്ച അപ്രതീക്ഷിതമായ അനുഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത് കണ്ണുനിറയ്ക്കുന്ന ഈ പാവം സ്ത്രീയെവിടെ? ഒരേ ജീവിതത്തിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍, ഭാവങ്ങള്‍. 'ഒന്നും എന്റെ കഴിവല്ല. എനിക്ക് വേണ്ടി ദുരിതങ്ങള്‍ ഏറ്റുവാങ്ങി ജീവിച്ച എന്റെ അമ്മയുടെ അനുഗ്രഹമാണ്...' - ആരാധകരുടെ 'ആച്ചി'യായ മനോരമ പറഞ്ഞു.

തഞ്ചാവൂരിലെ രാജമന്നാര്‍കുടിയില്‍ സമ്പന്ന കുടുംബത്തിലായിരുന്നു മനോരമയുടെ ജനനം. യഥാര്‍ത്ഥ പേര് ഗോപിശാന്ത. 'അച്ഛന്‍ റോഡ് കോണ്‍ട്രാക്ടറായിരുന്നു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് വിധിയുടെ അപ്രതീക്ഷിതമായ ഇടപെടല്‍. ഭാര്യ ജീവിച്ചിരിക്കുമ്പോഴേ ഭാര്യാസഹോദരിയെ വിവാഹം കഴിക്കുന്ന വിചിത്രമായ ഒരു സമ്പ്രദായമുണ്ട് അന്ന് ഞങ്ങളുടെ സമുദായത്തില്‍. രണ്ടു ഭാര്യമാരുമൊത്ത് ഒരേ വീട്ടില്‍ കഴിയാം. എന്നാല്‍ അച്ഛന്‍ ആ വഴി തിരഞ്ഞെടുത്തപ്പോള്‍ സ്വതവേ അഭിമാനിയായ അമ്മയ്ക്ക് പൊറുക്കാനായില്ല. പത്തു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞായ എന്നെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിപ്പോന്നു അവര്‍.' ലക്ഷ്യമേതുമില്ലാത്ത ആ യാത്ര ചെന്നവസാനിച്ചത് ചെട്ടിനാടില്‍.

മകളെ എങ്ങനേയും വളര്‍ത്തി വലുതാക്കുക എന്നതായിരുന്നു നിരാലംബയായ ആ അമ്മയുടെ മുന്നിലെ വെല്ലുവിളി. അതിനു വേണ്ടി എന്ത് ജോലി ചെയ്യാനും തയ്യാറായിരുന്നു അവര്‍. 'അടുക്കള ജോലിയിലാണ് തുടങ്ങിയത്. പിന്നെ പച്ചക്കറി വില്പനക്കാരിയായി. മുറ്റം അടിച്ചുവാരുന്ന ജോലി വരെ ചെയ്തു. വലിയ അഭിമാനിയായിരുന്നു അമ്മ. ജീവിക്കാന്‍ വേണ്ടി എത്ര ചെറിയ തൊഴിലും ചെയ്യാന്‍ മടിയില്ലാത്ത ആള്‍.' അതിനിടയിലും മകള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മറന്നില്ല അവര്‍. 'രാത്രി ഒരുമിച്ചു കിടക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, നിന്നെ ഞാനൊരു ഡോക്ടര്‍ ആക്കുമെന്ന്. അവരുടെ വലിയൊരു സ്വപ്നമായിരുന്നു അത്; വാശിയും... സിനിമയിലെങ്കിലും അതാകാന്‍ കഴിഞ്ഞല്ലോ എനിക്ക്...' - മനോരമ ചിരിക്കുന്നു.

തുടര്‍ച്ചയായ അദ്ധ്വാനം അമ്മയെ നിത്യരോഗിയാക്കി മാറ്റുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു ഗോപിശാന്തക്ക്. രക്തം ഛര്‍ദ്ദിക്കുന്ന അമ്മയെയാണ് ഒരു നാള്‍ സ്‌കൂളില്‍ നിന്ന് വന്ന മകള്‍ കണ്ടത്. 'അസുഖം പതിവായതോടെ അമ്മയെ ജോലിയില്‍ നിലനിര്‍ത്താന്‍ ആളുകള്‍ മടിച്ചു. പതിനൊന്നാം വയസ്സില്‍ അങ്ങനെ ഞാന്‍ അമ്മയുടെ പകരക്കാരിയായി വീട്ടുജോലികള്‍ക്ക് പോയിത്തുടങ്ങുന്നു. ആ കാലമൊന്നും ജീവനുള്ളിടത്തോളം മറക്കില്ല. എന്തും സഹിക്കാന്‍ പ്രാപ്തയാക്കിയത് അന്നത്തെ അനുഭവങ്ങളാണല്ലോ.'

എല്ലാ പ്രതിസന്ധികളേയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ ഒരു 'ഔഷധ'മുണ്ടായിരുന്നു കൊച്ചു ശാന്തയുടെ കൈവശം: സംഗീതം. 'പാട്ടായിരുന്നു എനിക്കെല്ലാം. ഞങ്ങളുടെ ഗ്രാമത്തില്‍ വിശേഷദിവസങ്ങളില്‍ അരങ്ങേറുന്ന നാടകങ്ങളിലെല്ലാം പാടുന്ന കഥാപാത്രമായി ഞാനുണ്ടാകും. പന്ത്രണ്ടാം വയസ്സില്‍ 'അന്തമാന്‍ കാതലി' എന്ന നാടകത്തില്‍ മറ്റൊരു അറിയപ്പെടുന്ന നടിയുടെ പകരക്കാരിയായി അഭിനയിച്ചുപാടിക്കൊണ്ടാണ് തുടക്കം. നാടകത്തിലെ ഹാര്‍മോണിസ്റ്റ് ത്യാഗരാജന്റെ ആശയമായിരുന്നു പുതുമുഖ നടിയുടെ പേരുമാറ്റം. ഗോപിശാന്ത എന്ന പേരിന് ഭംഗി പോരാ എന്നൊരു തോന്നല്‍ ത്യാഗരാജന്. പകരം മനോരമ എന്ന പേര് നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. എന്തായാലും ആ പേരെനിക്ക് ഭാഗ്യം കൊണ്ടുവന്നു.'

നാടകം ലഹരിയായി വളരുകയായിരുന്നു ഉള്ളില്‍. ചെട്ടിനാടിന് പുറത്തേക്കും വ്യാപിച്ചു കൗമാരക്കാരിയായ നടിയുടെ ഖ്യാതി. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നാടകങ്ങളില്‍ വരെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി മനോരമക്ക്; അതുവഴി കവിഞ്ജര്‍ കണ്ണദാസനെപ്പോലുള്ള മഹാരഥന്മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും. കണ്ണദാസന്‍ നിര്‍മ്മിച്ച 'മാലയിട്ട മങ്കൈ' (1958) എന്ന ചിത്രത്തിലൂടെയാണ് മനോരമയുടെ സിനിമാ അരങ്ങേറ്റം. ടിആര്‍ മഹാലിംഗവും പണ്ഡരീബായിയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ആ പടത്തില്‍ ഹാസ്യനടിയുടെ റോളായിരുന്നു മനോരമക്ക്. കൂടെ അഭിനയിച്ചത് കാക്കാ രാധാകൃഷ്ണന്‍. 'തമാശ റോളില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് എനിക്ക് വിശ്വാസമേ ഉണ്ടായിരുന്നില്ല.' - മനോരമയുടെ ഓര്‍മ്മ. 'ആദ്യത്തെ ഷോട്ടില്‍ ഒരു കപ്പ് കാപ്പിയുമായി ഫ്രെയിമില്‍ കടന്നുവരണം ഞാന്‍. പേടിച്ചു വിറച്ച് കയ്യില്‍ നിന്ന് കപ്പ് വീണുപോയി. കരച്ചിലും വന്നു. അന്നെന്നെ ആശ്വസിപ്പിച്ചത് സംവിധായകന്‍ ജിആര്‍ നാഥനാണ്.' പടം സൂപ്പര്‍ ഹിറ്റായി; മനോരമയുടെ വേഷവും. ചരിത്രം സൃഷ്ടിച്ച ഒരു ജൈത്രയാത്രയുടെ തുടക്കം. നൂറുകണക്കിന് സിനിമകള്‍ പിന്നാലെ വന്നു; ഹിന്ദിയും മലയാളവും തെലുങ്കുമുള്‍പ്പെടെ. 

'അധികവും ഹാസ്യവേഷങ്ങളായിരുന്നു. ചന്ദ്രബാബു, തങ്കവേലു, നാഗേഷ്, തേങ്കായ് ശ്രീനിവാസന്‍, ചോ രാമസ്വാമി എന്നിവരുടെയൊക്കെ ജോഡിയായി. അക്കൂട്ടത്തിലും ചില അമ്മറോളുകള്‍ വേറിട്ടുനിന്നു. കിഴക്കു വാസല്‍, കുപ്പത്ത് രാജ, ഉന്നാല്‍, മുടിയും തമ്പി, പാട്ടി സൊല്ലൈ തട്ടാതെ, ചിന്നത്തമ്പി ഒക്കെ സംതൃപ്തി തന്ന വേഷങ്ങളായിരുന്നു.' ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥാപാത്രമായി മനോരമ എടുത്തു പറഞ്ഞത് 'തില്ലാനാ മോഹനാംബാ'ളിലെ ജില്‍ജില്‍ രമാമണി. ആദ്യത്തെ തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് (1968) നേടിത്തന്ന റോളാണത്. പില്‍ക്കാലത്ത് പുതിയ പാതൈ (1989) എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും മനോരമയെ തേടിയെത്തി. 'കൊഞ്ചും കുമരി'യിലെ അല്ലി ആണ് മറ്റൊരു ഇഷ്ടകഥാപാത്രം. ആ പടത്തില്‍ മനോഹറിന്റെ നായികയായിരുന്നു മനോരമ. 

'വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ' (1972)  എന്ന ചിത്രത്തിലെ കോമഡി ഗാനരംഗത്താണ് മനോരമയെ ഞാന്‍ ആദ്യം കണ്ടത്. വയലാര്‍ എഴുതി എംബി ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ 'ചിഞ്ചിലം  ചിലുചിലം ചിങ്കാര പൂങ്കുറത്തി' എന്ന പാട്ട് പാടിയതും രംഗത്തഭിനയിച്ചതും അടൂര്‍ ഭാസിയും മനോരമയും ചേര്‍ന്ന്. അതിനും ഒരു ദശകം മുന്‍പ് 'രത്തതിലകം' എന്ന സിനിമയില്‍ വിശ്വനാഥന്‍ - രാമമൂര്‍ത്തി കൂട്ടുകെട്ടിന് വേണ്ടി ഒരു പാരഡി പാടിക്കൊണ്ട് ഗായികയായി അരങ്ങേറിയിരുന്നു മനോരമ. തുടര്‍ന്ന് തമിഴിലെ മിക്ക സംഗീത സംവിധായകര്‍ക്കും വേണ്ടി പാടി അവര്‍: എസ്എം സുബ്ബയ്യാ നായിഡു, കെവി മഹാദേവന്‍, ശങ്കര്‍ ഗണേഷ്, വി കുമാര്‍, ഇളയരാജ, ദേവ, എആര്‍ റഹ്‌മാന്‍, വിദ്യാസാഗര്‍.... 'രണ്ടാം വയസ്സില്‍ നീലകണ്ഠര്‍ എന്ന സിനിമയിലെ ഒരു പാട്ട് ഞാന്‍ നിലത്തുകിടന്ന് അവ്യക്തമായി പാടിക്കേട്ടിട്ടുണ്ടത്രേ അമ്മ. പാട്ടിനോടുള്ള എന്റെ സ്‌നേഹം തിരിച്ചറിയാന്‍ ആ കേള്‍വി ധാരാളമായിരുന്നു അമ്മക്ക്.' - മനോരമയുടെ ഓര്‍മ്മ. 

സംഭാഷണത്തിനിടെ മനോരമ അഭിനയിച്ച ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഗാനരംഗം മുറിയിലെ ടെലിവിഷനില്‍ തെളിഞ്ഞത് ഓര്‍മ്മയുണ്ട്. ഏതോ തമിഴ് ചാനലിലാവണം. എന്തൊരു ആകസ്മികതയെന്നോര്‍ത്തു അപ്പോള്‍. മനോരമയുടെ സാന്നിധ്യമില്ലാത്ത തമിഴ് സിനിമകള്‍ അപൂര്‍വമായിരുന്നല്ലോ ഒരു കാലത്ത്. സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കലാകാരി. സ്വന്തം അഭിനയം ടി വി സ്‌ക്രീനില്‍ കൗതുകത്തോടെ കണ്ടിരിക്കേ മനോരമ പറഞ്ഞു: 'പണ്ടൊക്കെ നാടകീയമായാണ് അഭിനയിക്കുക. ഇന്ന് കാണുമ്പോള്‍ ഓവറായി തോന്നും. അക്കാലത്തെ മിക്ക സംവിധായകരും നമ്മളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത് അത്തരം അഭിനയമാണല്ലോ...'

ആ പതിവ് തെറ്റിച്ചത് മലയാളിയായ സംവിധായകന്‍ ഭരതനാണ്. 'പ്രയാണത്തിന്റെ തമിഴ് റീമേക്കായ സാവിത്രിയില്‍ ഞാന്‍ അഭിനയിച്ചു തുടങ്ങിയത് സ്ഥിരം ശൈലിയിലാണ്. കുറച്ചൊരു അതിഭാവുകത്വം കലര്‍ത്തിക്കൊണ്ട്. ക്ഷമയോടെ അത് മുഴുവന്‍ കണ്ടുനിന്ന ശേഷം ഭരതന്‍ എന്റെ അടുത്തുവന്ന് പതുക്കെ പറഞ്ഞു: അമ്മാ, ഇതല്ല എനിക്ക് വേണ്ട അഭിനയം. ഇത്ര വൈകാരികത വേണ്ട. ശബ്ദഘോഷവും.  സ്വാഭാവികമായി പറഞ്ഞാല്‍ മതി. സാധാരണ നമ്മളൊക്കെ സംസാരിക്കുംപോലെ.' തന്നിലെ അഭിനേത്രിയുടെ കണ്ണ് തുറപ്പിച്ച നിര്‍ദ്ദേശമായിരുന്നു അതെന്ന് മനോരമ. പിന്നീടുള്ള സിനിമകളില്‍ തികച്ചും സ്വാഭാവികമായാണ് അഭിനയിക്കാന്‍ ശ്രമിച്ചത്.

പത്തു വര്‍ഷമാകുന്നു മനോരമ ഓര്‍മ്മയായിട്ട്. കോഴിക്കോട്ടെ ഹൈസണ്‍ ഹോട്ടലിലെ മുറിയില്‍ അവര്‍ക്കൊപ്പം ചെലവഴിച്ച മൂന്ന് മണിക്കൂര്‍ വിലമതിക്കാനാവാത്ത ഓര്‍മ്മയായി ഇപ്പോഴും മനസ്സിലുണ്ട്. അന്ന് വിട വാങ്ങും മുന്‍പ് അവര്‍ ചൊല്ലിക്കേള്‍പ്പിച്ച അവ്വയാറിന്റെ  വരികളും: 'കൊടിത് കൊടിത് വരുമൈ കൊടിത് അതനിലും കൊടിത് ഇളമൈയില്‍ വരുമൈ... ദാരിദ്ര്യമാണ് ഏറ്റവും വലിയ ദുരിതം, പ്രത്യേകിച്ച് ചെറുപ്പത്തിലെ ദാരിദ്ര്യം. ഭൂതകാലം മറക്കാതിരിക്കാന്‍ ഈ വരികള്‍ ഇടയ്ക്കിടെ മനസ്സില്‍ മൂളും ഞാന്‍.... '