
'ചുരിദാറാണ് താങ്കളുടെ എഴുത്തിലേക്ക് എന്നെ നയിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചുരിദാര്‍ എന്ന് പറഞ്ഞാല്‍ പോരാ. ചുരിദാറിന്റെ ഷാള്‍ എന്നുതന്നെ പറയണം...'
കൗതുകം തോന്നി; ജിജ്ഞാസയും. ആരും പറഞ്ഞുകേട്ടിട്ടില്ല അതുപോലൊരു വിചിത്ര ബന്ധത്തെപ്പറ്റി. പാട്ടിനെക്കുറിച്ചുള്ള എഴുത്തില്‍ ചുരിദാര്‍ ഷാളിനെന്തുകാര്യം?
'പറയാം. ഇയ്യിടെ മാതൃഭൂമി ബുക് സ്റ്റാളില്‍ പോയിരുന്നു. ഇംഗ്ലീഷിലുള്ള കുറച്ച് അക്കാഡമിക് പുസ്തകങ്ങള്‍ വാങ്ങാനാണ്. ഫിക്ഷനൊന്നും വായിക്കാറില്ല. സയന്‍സാണ് എനിക്ക് ആകെ താല്പര്യമുള്ള വിഷയം. മലയാളം വായനയും കുറവ്. എങ്കിലും ആവശ്യമുള്ള ബുക്‌സ് വാങ്ങിക്കഴിഞ്ഞപ്പോള്‍ മലയാള പുസ്തകങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന ഷെല്‍ഫുകള്‍ക്കരികിലൂടെ വെറുതെ ഒന്ന് കറങ്ങാന്‍ തോന്നി; മുഖചിത്രങ്ങളൊക്കെ നോക്കിക്കൊണ്ട്. ആ നടത്തത്തിനിടയില്‍, അടുക്കിവെച്ച പുസ്തകങ്ങളിലൊന്ന് അബദ്ധത്തില്‍ എന്റെ ചുരിദാറിന്റെ ഷാളില്‍ കുരുങ്ങി താഴെ വീഴുമെന്ന് ആരോര്‍ത്തു?'
ജാള്യത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള ഏതോ സ്ത്രീയുടെ മുഖചിത്രമുള്ള ഒരു പുസ്തകം നിലത്തു വീണു കിടക്കുന്നു. വല്ലാത്തൊരു നൊസ്റ്റാള്‍ജിക് ഫീല്‍ ഉള്ള ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. 'ഓര്‍മ്മ വന്നത് മരിച്ചുപോയ എന്റെ അമ്മൂമ്മയുടെ വെഡ്ഡിംഗ് ഫോട്ടോ ആണ്. പുസ്തകമെടുത്ത് താളുകള്‍ മറിച്ചുനോക്കാന്‍ തോന്നിയതും അതുകൊണ്ടു തന്നെ. പേര് പൂര്‍ണേന്ദുമുഖി. പാട്ടിനെക്കുറിച്ചാണെന്ന് മനസ്സിലായി. ഞാനൊക്കെ ജനിക്കുന്നതിന് മുന്‍പുള്ള പാട്ടുകളാവണം. പക്ഷേ എനിക്ക് ആകര്‍ഷകമായി തോന്നിയത് അതിലെ കൊച്ചുകൊച്ചു അനുഭവങ്ങളാണ്. ഓടിച്ചു നോക്കിയപ്പോള്‍ തന്നെ ആ അനുഭവങ്ങള്‍ പലതും രസകരമായി തോന്നി. വാങ്ങിയാലോ എന്നൊരു തോന്നല്‍. ചെറിയ പുസ്തകമാണ്. വിലയും അധികമില്ല. അമ്മക്ക് ഗിഫ്റ്റ് ആയി കൊടുക്കാം....'
ഫോണിനപ്പുറത്ത് കഥ ക്ലൈമാക്‌സിലേക്ക് കുതിക്കുന്നു. ഇപ്പുറത്ത് എഴുത്തുകാരന്റെ ആകാംക്ഷയും.
അമ്മയ്ക്ക് അത്ഭുതമായിരുന്നു. അവര്‍ വായിക്കാന്‍ ആഗ്രഹിച്ചിരുന്ന പുസ്തകമായിരുന്നത്രേ അത്. 'സത്യം പറഞ്ഞാല്‍ അമ്മക്ക് സമ്മാനിച്ച ശേഷം പൂര്‍ണേന്ദുമുഖിയുടെ കാര്യം മറന്നുപോയിരുന്നു ഞാന്‍. ഒരാഴ്ച്ച മുന്‍പാണ് യാദൃച്ഛികമായി വീണ്ടും കണ്ണില്‍പ്പെട്ടതും വായിച്ചു തീര്‍ത്തതും. അത്ര എളുപ്പമായിരുന്നില്ല വായന. മലയാളം ഇപ്പോഴും പൂര്‍ണമായി വഴങ്ങാറില്ലല്ലോ.'
ഫോണിന്റെ മറുപുറത്ത് നിമിഷങ്ങളുടെ നിശ്ശബ്ദത. സസ്‌പെന്‍സാണ്. സ്വന്തം രചനയെ കുറിച്ചുള്ള അഭിപ്രായം വായനക്കാരിയില്‍ നിന്ന് നേരിട്ടറിയാന്‍ പോകുന്നു എഴുത്തുകാരന്‍. എന്തുമാകാം അത്. ഈ മാതിരി പുസ്തകങ്ങളെ പേടിച്ച് ഇനി ഞാന്‍ ചുരിദാറേ അണിയില്ല എന്നെങ്ങാനും പറഞ്ഞുപോയാലോ ?
'എല്ലാ കുറിപ്പുകളും ആസ്വദിച്ചു എന്ന് പറയാനാവില്ല. എനിക്ക് അത്ര പരിചിതമല്ലാത്ത മേഖലയാണല്ലോ മലയാളത്തിലെ ഈ പഴയ പാട്ടുകള്‍. വെസ്റ്റേണ്‍ മ്യൂസിക് ആണ് കേള്‍ക്കാറ്. എന്നാല്‍ പുസ്തകത്തിലെ ആത്മാംശമുള്ള ചില ലേഖനങ്ങള്‍ വല്ലാതെ മനസിനെ സ്പര്‍ശിച്ചു. പ്രത്യേകിച്ച് അമ്മയെക്കുറിച്ച് എഴുതിയത്. അതുകൊണ്ട് മാത്രമാണ് താങ്കളുടെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ഈ കോള്‍...'
'ജീവിതത്തില്‍ എനിക്കേറ്റവും അടുപ്പമുള്ള ആള്‍ എന്റെ അമ്മൂമ്മയായിരുന്നു. എന്റെ റോള്‍ മോഡല്‍. അമ്മയെ കുറിച്ചുള്ള താങ്കളുടെ എഴുത്ത് എന്നെ കൊണ്ടുപോയത് അമ്മൂമ്മയുടെ ഓര്‍മ്മകളിലേക്കാണ്. അടുക്കളയില്‍ സദാസമയവും റേഡിയോ ഓണ്‍ ചെയ്തുവെക്കുന്ന അമ്മൂമ്മ. ദോശ ചുടുമ്പോഴും പപ്പടം കാച്ചുമ്പോഴും മൂളിപ്പാട്ട് പാടുന്ന അമ്മൂമ്മ. എഴുപതാം വയസ്സിലും കണ്ണാടിക്ക് മുന്നില്‍ മണിക്കൂറോളം നിന്ന് അണിഞ്ഞൊരുങ്ങുന്ന അമ്മൂമ്മ... ഞാന്‍ നിന്റെ ഗ്രാന്‍ഡ് മദറല്ല, ചേച്ചിയാണെടീ എന്ന് ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന കുസൃതിക്കാരി...
'സുഭദ്രേ എന്ന് എന്നെക്കൊണ്ട് വിളിപ്പിക്കും അമ്മൂമ്മ. അങ്ങനെ വിളിച്ചുകേള്‍ക്കുമ്പോള്‍ ആ മുഖത്ത് വിരിയാറുള്ള പുഞ്ചിരിയുടെ സൗന്ദര്യം ഈ ജന്മം മറക്കില്ല. ഒരു പ്രേമത്തിലെങ്കിലും ചെന്ന് വീഴാതെ എന്ത് ജീവിതം എന്ന് അമ്മ കേള്‍ക്കാതെ എന്റെ കാതില്‍ മന്ത്രിക്കുമായിരുന്ന ആ അമ്മൂമ്മ ഓര്‍മ്മയായിട്ട് വര്‍ഷം ഒന്നാകുന്നു. 'നിങ്ങളുടെ പൂര്‍ണേന്ദുമുഖി വീണ്ടും അമ്മൂമ്മയെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ശരിക്കും കരഞ്ഞുപോയി ഞാന്‍...'
അമ്മയോര്‍മ്മകളെ അമ്മൂമ്മയുമായി ചേര്‍ത്തുനിര്‍ത്തിയ മറ്റൊരനുഭവം കൂടി പങ്കുവെച്ചു ഫോണ്‍ വിളിച്ച യുവതി. ഗ്യാസ് അടുപ്പിനു തൊട്ടടുത്ത് റേഡിയോ വെച്ച് പാട്ട് കേള്‍ക്കുമ്പോള്‍ അബദ്ധത്തില്‍ തീയൊന്നാളി. റേഡിയോ എടുത്തുമാറ്റാനുള്ള യത്‌നത്തില്‍ സ്വന്തം കൈ പൊള്ളിയത് പോലും അറിഞ്ഞില്ല അവര്‍. 'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ എന്ന് കൈവിരലിലെ പൊള്ളലിന്റെ പാട് ഉയര്‍ത്തിക്കാണിച്ച് അഭിമാനത്തോടെ പറയുമായിരുന്നു അമ്മൂമ്മ....'
അമ്മൂമ്മ ഇല്ലാതെ പോയത് കഷ്ടമായല്ലോ എന്നാണ് പെട്ടെന്നോര്‍ത്തത്. 'പൂര്‍ണേന്ദുമുഖി' ചിലപ്പോള്‍ ആസ്വദിച്ചു വായിച്ചേനെ അവര്‍.
കഥ പറഞ്ഞുനിര്‍ത്തിയ ശേഷം തെല്ലൊരു സങ്കോചത്തോടെ വായനക്കാരിയുടെ ചോദ്യം: 'ഒരു ദിവസം വന്നാല്‍ പുസ്തകത്തില്‍ ഓട്ടോഗ്രാഫ് ചെയ്തു തരുമോ? അമ്മയുടെ കൂടി ആഗ്രഹമാണ്. വിരോധമില്ലെമെങ്കില്‍.....'
എന്ത് വിരോധം? സന്തോഷം മാത്രം. 'ഓഫീസില്‍ വരൂ. വിളിച്ചിട്ട് വന്നാല്‍ മതി. ഒപ്പിട്ടു തരാം...'
വീണ്ടും മറുപുറത്ത് നീണ്ട മൗനം. 'അല്ലെങ്കില്‍ വേണ്ട.' വിളിച്ചയാള്‍ പറഞ്ഞു. 'ശരിയാവില്ല. ഇഷ്ടപ്പെട്ട എഴുത്തുകാരേയും സിനിമക്കാരെയും ശാസ്ത്രജ്ഞരേയും ഒക്കെ നേരില്‍ ചെന്ന് കണ്ട് നിരാശയായിട്ടുണ്ട്. ചിലരൊക്കെ അഹങ്കാരികള്‍. പുച്ഛത്തോടെ നമ്മളോട് പെരുമാറുന്നവര്‍. ചിലര്‍ വ്യക്തിത്വ വൈകല്യങ്ങള്‍ ഉള്ളവര്‍. എല്ലാവരും അങ്ങനെയാവണം എന്നില്ല. എന്നാലും ഭയമുണ്ട്. നേരില്‍ കണ്ടു സംസാരിച്ച് ഇഷ്ടം പോയാലോ.... അപ്പോള്‍ കാണാതിരിക്കുന്നതല്ലേ ഭംഗി?'
കഥയ്ക്ക് ഇങ്ങനെയൊരു ആന്റി ക്ലൈമാക്‌സ് പ്രതീക്ഷിച്ചതല്ല. എങ്കിലും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നു ആ ചോദ്യത്തിലടങ്ങിയ ആശങ്ക. ഉള്ളില്‍ ഒരു വായനക്കാരന്‍ കൂടിയുള്ളതുകൊണ്ടാവാം.
'നോ കംപ്ലെയിന്റ്‌സ്' -- ഞാന്‍ പറഞ്ഞു. 'ഇഷ്ടം പോലെ.'
പറഞ്ഞത് കുറച്ചധികമായിപ്പോയോ എന്ന് തോന്നിയിരിക്കണം വിളിച്ചയാള്‍ക്ക്. കുറച്ചു നേരം മിണ്ടാതെ നിന്ന ശേഷം അവര്‍ പറഞ്ഞു: 'ക്ഷമിക്കണം. ഒന്നും വിചാരിക്കരുത്. അവിടെയിരുന്ന് മനസ്സുകൊണ്ട് പുസ്തകത്തില്‍ ഒരു ഒപ്പിട്ടു തന്നാല്‍ മതി; സ്‌നേഹത്തോടെ. അത് തന്നെ വലിയ കാര്യം.'
ചിരിയടക്കിക്കൊണ്ട് പറഞ്ഞു: 'എപ്പോഴേ തന്നുകഴിഞ്ഞു.'
Content Highlights: ravimenon-poornendu mukhi-kathoram-malayalam-film-music
Published: 15 Feb 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented