സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകവേ വഴിയരികിലെ പാടശേഖരങ്ങളും തേയിലക്കാടുകളും കാറ്റാടിമരങ്ങളും കടന്ന് അപ്രതീക്ഷിതമായി കാതിലൊഴുകിയെത്തുകയായിരുന്നു പി ലീല; ദൂരെയേതോ കല്യാണവീട്ടിലെ പാട്ടുകോളാമ്പിയില്‍ നിന്നാവണം. 

To advertise here,

ഒരു നിമിഷം നിശ്ചലമായി കാലുകള്‍. എത്രയോ കാലമായി കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. ലീലയുടെ പാട്ടുകള്‍ സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായിരുന്നു. മറുഭാഷാഗായികമാര്‍ അതിനകം മലയാളത്തില്‍ ആധിപത്യം പുലര്‍ത്തിക്കഴിഞ്ഞിരുന്നല്ലോ. കാറ്റിന്റെ ചിറകിലേറി തരംഗമാല പോലെ ഒഴുകിയെത്തിയ ലീലാനാദത്തിനായി റോഡിന്റെ ഓരം പറ്റി കാതോര്‍ത്തു നിന്നു അന്നത്തെ പത്താം ക്ലാസ്സുകാരന്‍. ശൈശവ സ്മൃതികളെ വാത്സല്യപൂര്‍വ്വം  വന്നു തഴുകിയുറക്കുകയും ഉണര്‍ത്തുകയും ചെയ്ത ആ ശബ്ദത്തോട് അമ്മയോടെന്നപോലുള്ള സ്‌നേഹമായിരുന്നല്ലോ അവന്.

'സുന്ദരസ്വപ്നമേ നീയെനിക്കേകിയ വര്‍ണ്ണചിറകുകള്‍ വീശി..... 'ഹൃദയം തുറന്നു പാടുകയാണ് ലീലച്ചേച്ചി. അന്തരീക്ഷത്തിലെ ശബ്ദവീചികളെയെല്ലാം നിഷ്പ്രഭമാക്കുന്ന അഗാധഗാംഭീര്യമാര്‍ന്ന ആലാപനം. പല്ലവിയും ആദ്യ ചരണവും കടന്ന് ഗാനം അവസാനഘട്ടത്തിലേക്ക് കടക്കവേ ഒരത്ഭുതം സംഭവിക്കുന്നു. അതുവരെ ഗായികയുടേത് മാത്രമായിരുന്ന പാട്ടില്‍ പൊടുന്നനെ ഒരു ഗായകശബ്ദം വന്നു നിറയുന്നു. 

'താരുണ്യസങ്കല്പ രാസവൃന്ദാവന താരാപഥങ്ങളിലൂടെ 
പൗര്‍ണമിത്തിങ്കള്‍ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ 
പൂത്താലമേന്തിയ താരകള്‍ നില്‍ക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ 
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍ 
എന്തിനോ ചുറ്റിപ്പറന്നൂ..'

പാടുന്നത് യേശുദാസ്. അലയാഴിയുടെ ശാന്തഗംഭീരമായ പ്രയാണത്തില്‍ ഒരു അരുവി ഒഴുകിച്ചേര്‍ന്ന പോലെ. കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണത്. അത്രയും ആര്‍ദ്രമധുരമായ ഒരു 'എന്‍ട്രി' അപൂര്‍വമായേ കേട്ടിട്ടുള്ളൂ മലയാളഗാനങ്ങളില്‍.  'ഗുരുവായൂര്‍ കേശവനി'ല്‍ പി ഭാസ്‌കരന്‍ - ദേവരാജന്‍ സഖ്യമൊരുക്കിയ ആ രാഗമാലിക ഇന്നും ആവര്‍ത്തിച്ച് കേള്‍ക്കുന്നത് യേശുദാസിന്റെ ഐന്ദ്രജാലികമായ രംഗപ്രവേശം ആസ്വദിക്കാന്‍ കൂടി വേണ്ടിയാണ്. 

യുഗ്മഗാനങ്ങള്‍ അധികവും തുടങ്ങുക പുരുഷശബ്ദത്തിലാണ്. അനുപല്ലവിയോ  ചരണമോ വരെ കാത്തിരിക്കേണ്ടി വരും ചിലപ്പോള്‍ സ്ത്രീശബ്ദത്തിന്റെ വരവിനായി. എന്നാല്‍ ഇവിടെ പാട്ട് തുടങ്ങുന്നത് ഗായിക. പട്ടുപോലെ നേര്‍ത്ത ശബ്ദമല്ല ലീല  ചേച്ചിയുടേത്. ശാസ്ത്രീയ സംഗീത ഗരിമ നിറഞ്ഞ, താരതമ്യേന കനം  കൂടിയ ശബ്ദം. എങ്കിലും പാട്ടിന്റെ ഭാവം ഉള്‍ക്കൊള്ളാനും ആലാപനത്തില്‍ അനായാസം ആവിഷ്‌കരിക്കാനും ആ ഭാരം  തടസ്സമല്ല ലീലയ്ക്ക്. 

പല്ലവിയും ആദ്യചരണവും പാടി ലീലച്ചേച്ചി വിടപറയുന്നതോടെ യേശുദാസിന്റെ ശബ്ദം അതിന്റെ എല്ലാ ഭാവസൗന്ദര്യത്തോടെയും ഗാനത്തില്‍ ഒഴുകിയണയുകയായി. അതും എന്തൊരു വരവ് ! മുന്‍പും ലീലയോടൊപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയായിട്ടുണ്ട് യേശുദാസ്. പലതും എക്കാലത്തേയും ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്ന പാട്ടുകള്‍: സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ (കാവ്യമേള), അഷ്ടമുടിക്കായലിലെ (മണവാട്ടി), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക), സ്വര്‍ണചാമരം (യക്ഷി).... പക്ഷേ  അവയില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നു വര്‍ണ്ണചിറകുകള്‍ വീശിയെത്തുന്ന ഈ സുന്ദരസ്വപ്നം. 

placeholder
ദക്ഷിണാമൂർത്തി, ജയചന്ദ്രൻ, യേശുദാസ്. ഫോട്ടോ: മാതൃഭൂമി

യേശുദാസിന്റെ 'അപ്രതീക്ഷിതമായ' ശബ്ദപ്രവേശം കൊണ്ട് ഇന്നും ഓര്‍മ്മയില്‍  തങ്ങിനില്‍ക്കുന്ന മറ്റൊരു പാട്ടുണ്ട്: ആരോമലുണ്ണിയിലെ 'കണ്ണാ ആരോമലുണ്ണിക്കണ്ണാ.'  പി സുശീലയുടെ ശബ്ദത്തിലാണ് പാട്ടിന്റെ തുടക്കം. പല്ലവിയും സാമാന്യം ദീര്‍ഘമായ ഹമ്മിംഗും കഴിഞ്ഞു യേശുദാസ് കടന്നുവരുമ്പോള്‍ പാട്ടിന് പ്രതീക്ഷിക്കാത്ത മാനങ്ങള്‍ കൈവരുന്നു: 'ധീരസമീരനിലൂടെ യമുനാ തീരകുടീരത്തിലൂടെ, വൃശ്ചികമാസ നിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ, ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ....' ഇന്നും ഓര്‍മ്മകളെ പുളകമണിയിക്കുന്നു ആ ആഗമനം. വയലാറിന്റെ വരികള്‍ക്കും ദേവരാജന്റെ മാന്ത്രികസംഗീതത്തിനും യേശുദാസിന്റെ ആലാപനത്തിനും നന്ദി.

'റസ്റ്റ് ഹൗസി''ലെ യമുനേ യദുകുല രതിദേവനെവിടെ (ശ്രീകുമാരന്‍ തമ്പി - അര്‍ജ്ജുനന്‍) എന്ന ഗാനം മറ്റൊരു അപൂര്‍വ്വ ശബ്ദസംഗമത്തിന്റെ ഓര്‍മ്മ. അവിടെ ജാനകീനാദത്തില്‍ ഒഴുകിച്ചേരുന്നത് ജയചന്ദ്രന്‍. ഗുണസിംഗിന്റെ പുല്ലാങ്കുഴല്‍ നാദവീചികളുടെ അകമ്പടിയോടെ ജാനകി പാടിത്തുടങ്ങുന്ന പാട്ടില്‍ പല്ലവി കഴിഞ്ഞു ചരണത്തിനിടക്കാണ് ജയചന്ദ്രന്‍ കടന്നു വരുന്നത്: 'താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍ പോരാതിരിക്കുമോ കണ്ണന്‍'' എന്ന വരി പാടിക്കൊണ്ടുള്ള ജയചന്ദ്രന്റെ `എന്‍ട്രി' ഗായികാപ്രധാനമായ ഗാനത്തെ സംഗീത സംവിധായകന്‍ പോലും ഉദ്ദേശിച്ചിട്ടില്ലാത്ത തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നില്ലേ?

placeholder
യേശുദാസ്, ദക്ഷിണാമൂർത്തി, പി.ലീല, ജയചന്ദ്രൻ. ഫോട്ടോ: ജി.ബിനുലാൽ

ഇതേ അനുഭൂതി നമ്മിലുണര്‍ത്തുന്ന  മറ്റൊരു ജയചന്ദ്രന്‍ - ജാനകി ഗാനം കൂടിയുണ്ട്: 'മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല'' - രക്തപുഷ്പം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി- അര്‍ജുനന്‍ കൂട്ടുകെട്ട് ഒരുക്കിയ ഗാനം.  ജാനകി പാടിയ പല്ലവിക്ക് പിന്നാലെ  'ഇളംകാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു' എന്ന വരിയുമായി കടന്നുവന്ന്, സാധാരണമാകുമായിരുന്ന ഒരു ഗാനത്തെ അസാധാരണവും അവിസ്മരണീയവുമായ അനുഭവമാക്കി മാറ്റുന്നു ജയചന്ദ്രന്‍.  എന്തിനിത്ര നേരം മറഞ്ഞുനിന്നു എന്ന് ഗായകനോട് ആരും ചോദിച്ചുപോകുന്ന നിമിഷം. 

ജയചന്ദ്രന്റെ ചില പില്‍ക്കാലഗാനങ്ങളിലും കേള്‍ക്കാം ഇതേ മാജിക്. 'രണ്ടാം ഭാവ'ത്തില്‍ ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ സഖ്യം ഒരുക്കിയ  'മറന്നിട്ടുമെന്തിനോ' എന്ന പ്രണയഗാനമോര്‍ക്കുക. സുജാതയുടെ പല്ലവിയില്‍ ഒഴുകിനിറയുകയാണ് 'കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്ന പുലര്‍മഞ്ഞു കാലത്തെ സ്‌നേഹതീരം' എന്ന വരി പാടിക്കൊണ്ട് ജയചന്ദ്രന്‍.  'ധ്രുവ'ത്തിലെ കറുകവയല്‍ കുരുവീ (ഷിബു ചക്രവര്‍ത്തി - എസ്പി വെങ്കിടേഷ്) ആണ് പെട്ടെന്നോര്‍മ്മ വരുന്ന മറ്റൊരു പാട്ട്.  ജി വേണുഗോപാലിന്റെ അപ്രതീക്ഷിതമായ 'ഇടപെടല്‍' കൂടിയില്ലേ ആ യുഗ്മഗാനത്തിന്റെ ആസ്വാദ്യതക്ക് പിന്നില്‍? ചിത്രയെ വേണുഗോപാല്‍ അനുഗമിച്ചു തുടങ്ങുന്നത് സാമാന്യം ദീര്‍ഘമായ പല്ലവിക്ക് പിന്നാലെയാണ്. 'നടവഴിയിടകളില്‍ നടു മുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്' എന്ന് പാടിക്കൊണ്ടുള്ള ആ രംഗപ്രവേശമാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്.

ഹിന്ദിയിലുമുണ്ട് സമാനമായ അനുഭൂതി പകര്‍ന്ന പാട്ടുകള്‍. 'പരിചയ്' എന്ന ചിത്രത്തിലെ 'ബീത്തി നാ ബിതായി രെയ്നാ' ഓര്‍മ്മ വരുന്നു. ലതാജിയുടെ ശബ്ദത്തിലാണ് പാട്ടിന്റെ തുടക്കം. പല്ലവിയും ആദ്യ ചരണവും പിന്നിട്ട ശേഷമേ ഭൂപീന്ദര്‍ രംഗത്തെത്തുന്നുള്ളൂ. പക്ഷേ അവിസ്മരണീയമാണ് ആ കടന്നുവരവ്: 'ഓ ചാന്ദ് കി ബിന്ദീവാലി ബിന്ദീവാലി രതിയാം, ജാഗി ഹുയീ അഖിയോം മേ രാത് ന ആയീ രെയ്നാ.' അല്‍പ്പം അനുനാസികത്വം കലര്‍ന്ന ഭുപീന്ദറിന്റെ ശബ്ദത്തെ ഒഴിച്ചുനിര്‍ത്തി ആ ഗാനത്തെ കുറിച്ച് സങ്കല്പിക്കാനാകുമോ? ഇതേ കൂട്ടുകെട്ടിന്റെ 'നാം ഗും ജായേഗാ' (കിനാരാ) എന്ന ക്ലാസ്സിക് പ്രണയഗാനത്തിലും പല്ലവിയും ചരണവും കഴിഞ്ഞാണ് ഭുപീന്ദറിന്റെ വരവ്. എങ്കിലെന്ത്? ഇന്നും  'മേരി ആവാസ് ഹി പെഹ്ചാന്‍ ഹേ ഗര്‍ യാദ് രഹേ' എന്ന് ഭൂപീന്ദര്‍ പാടിക്കേള്‍ക്കുമ്പോള്‍ ലതയെക്കാള്‍ ഒരു പൊടിയെങ്കിലും മുന്നിലല്ലേ ആ ആലാപനത്തിന്റെ മാധുര്യം എന്ന് തോന്നും. 

'ആന്ധി'യിലെ 'തെരേ ബിനാ സിന്ദഗി സേ'  (ഗുല്‍സാര്‍ - ആര്‍ ഡി ബര്‍മ്മന്‍) എന്ന വിശ്രുത ഗാനത്തില്‍ ലതയുടെ ആലാപനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരികയാണ് കിഷോര്‍. 'ജീ മേ ആത്താ ഹേ തെരെ ദാമന്‍ മേ  സര്‍ ചുപാ കേ ഹം രോത്തെ രഹേ, തേരി ഭി ആംഖോം മേ ആംസുവോം കി നമി തോ നഹി' എന്ന് ലതാജി പാടിനിര്‍ത്തുന്നിടത്തു നിന്ന് 'തെരേ ബിനാ സിന്ദഗി സേ കോയീ ശിഖ്വാ തോ നഹി ശിഖ്വാ നഹി' എന്ന് പാടി ഗാനത്തെ തന്റേതുകൂടിയാക്കി മാറ്റുന്നു  കിഷോര്‍.  അതേ ചിത്രത്തിലെ 'ഇസ് മോഡ് സെ ജാത്തേ ഹേ' എന്ന യുഗ്മഗാനത്തിലുമുണ്ട് സമാനമായ ഒരു മാജിക്. ലതയുടെ പല്ലവിയില്‍ 'പത്ഥര്‍ കി ഹവേലി കോ ശീശേ കെ ഘരോണ്ടോ മേ' എന്ന് ഘനഗംഭീര ശബ്ദത്തില്‍ പാടിക്കൊണ്ട് ലയിച്ചുചേരുന്നു  കിഷോര്‍. ഇന്നും ആ ഗാനം കേട്ടുതുടങ്ങുമ്പോഴേ മനസ്സ്  ആകാംക്ഷാഭരിതമായി കാത്തിരുന്നു തുടങ്ങും കിഷോറിന്റെ ശബ്ദത്തിനായി.

'ചോരി ചോരി'യിലെ 'ആജാ സനം മധുര്‍ ചാന്ദ്‌നി മേ ഹം' എന്ന യുഗ്മഗാനത്തില്‍ ലതാജിയുടെ പല്ലവിയെ പിന്തുടര്‍ന്നുകൊണ്ടുള്ള മന്നാഡേയുടെ കടന്നുവരവും ഏറെ പ്രിയങ്കരം. 'ഭീഗി ഭീഗി രാത് മേ ദില്‍ കാ ദാമന്‍ താം ലേ' എന്ന് പാടിക്കൊണ്ടാണ്  മന്നാഡേയുടെ വരവ്. 'ഷോര്‍' എന്ന ചിത്രത്തിലെ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന വിശ്രുത യുഗ്മ ഗാനത്തില്‍ പല്ലവിയും ആദ്യചരണവും കഴിഞ്ഞു 'സിന്ദഗി ഔര്‍ കുച്ഛ് ഭീ നഹി' എന്ന് പാടി മുകേഷ് കടന്നെത്തുമ്പോഴും അനുഭവപ്പെടും ഇതേ കോരിത്തരിപ്പ്.

ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നാം. ഇതിലൊക്കെ ഇത്രയൂം അര്‍മാദിക്കാനെന്ത് കാര്യം? സിനിമയിലെ ഏതോ കഥാമുഹൂര്‍ത്തത്തിന് വേണ്ടി ക്ലിപ്ത സമയത്തിനകം പടച്ചെടുക്കപ്പെടുന്ന പാട്ടുകള്‍. പലവിധ പരിമിതികള്‍ക്കുള്ളില്‍ പിറന്നുവീഴുന്ന ആ  ഗാനങ്ങളെ  ഇത്രയേറെ ഇഴകീറി പരിശോധിക്കാന്‍ സമയം പാഴാക്കുന്നത് ഉച്ചക്കിറുക്കല്ലെങ്കില്‍ പിന്നെന്ത്?

ശരിയാണ്. കിറുക്ക് തന്നെ. സുഖമുള്ള കിറുക്ക്. അത്തരം കിറുക്കുകളില്ലെങ്കില്‍ പിന്നെന്ത് ജീവിതം ?