
ഇരുട്ടാണ് ചുറ്റിലും. കട്ട പിടിച്ച ഇരുട്ട്. പക്ഷേ ഭയക്കേണ്ട കാര്യമില്ല. ഓര്‍മകളുടെ വെളിച്ചമുണ്ടല്ലോ വഴികാട്ടാന്‍. ഒരിക്കലും മടങ്ങിവരാത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തിന്റെ വര്‍ണാഭമായ ഓര്‍മ്മകള്‍.
കാഴ്ച്ചക്കുറവിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് സ്വന്തം ജീവിതാനുഭവങ്ങള്‍ സതീഷ് സത്യന്‍ വിവരിക്കുന്നത് കേട്ടിരിക്കേ മനസ്സില്‍ വന്നുനിറഞ്ഞത് മഹാനടനായ പിതാവിന്റെ രൂപമാണ്. ജൂബയുടെ കൈ തെറുത്തുവെച്ച് നെഞ്ചുവിരിച്ച് റോഡരികിലൂടെ നടന്നുവരുന്ന സത്യന്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഭാവദീപ്തമായ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ.. '' വേദനയും നിരാശയും ആത്മനിന്ദയുമെല്ലാം നിഴലിക്കുന്ന സത്യന്റെ പൗരുഷമാര്‍ന്ന മുഖത്തിന്റെ ക്ലോസപ്പ് ഷോട്ടില്‍ നിന്ന് മെല്ലി ഇറാനിയുടെ ക്യാമറ നേരെ പ്രകൃതിയിലേക്കും പിന്നെ പഴയ കൊച്ചിയുടെ കാഴ്ചകളിലേക്കും യാത്രയാകുന്നു. 'അനുഭവങ്ങള്‍ പാളിച്ചക''ളിലെ ഇന്നും കണ്ടു മതിവരാത്ത ഹൃദയസ്പര്‍ശിയായ ഗാനരംഗം.

അങ്ങനെ എത്രയെത്ര രംഗങ്ങള്‍. 'പ്രവാചകന്മാരേ' എന്ന ഗാനരംഗത്തെ സത്യനെയല്ല `യക്ഷി'യിലെ സ്വര്‍ണചാമരത്തിന്റെ സീനില്‍ നാം കാണുക. അടിമകളിലെ താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍ എന്ന പാട്ടു പാടുന്ന കാമുകനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വാഴ്വേമായത്തിലെ 'സീതാദേവി സ്വയംവരം ചെയ്‌തൊരു'' എന്ന ഗാനം ഷീലയോടൊപ്പം പാടി അഭിനയിക്കുന്ന ഭര്‍ത്താവായ സത്യന്‍. ചെറുപ്പത്തില്‍ താന്‍ മാനഭംഗപ്പെടുത്തിയ സ്ത്രീയുടെ പ്രതികാരവാഞ്ഛക്കു മുന്നില്‍ ആകെ തകര്‍ന്നുപോയ മാധവന്‍ തമ്പിയായി 'ഒരു പെണ്ണിന്റെ കഥ'യിലെ സൂര്യഗ്രഹണം എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സത്യന്‍ എത്ര അനായാസമായാണ് ത്രിവേണിയില്‍ 'കെഴക്കു കെഴക്കൊരാന'' എന്ന പാട്ടുപാടി കുട്ടിയെ താലോലിച്ചുറക്കുന്ന വാത്സല്യനിധിയായ അച്ഛനായി വേഷപ്പകര്‍ച്ച നടത്തുന്നത്. ഏകാന്തതയില്‍ ഈ പാട്ടുകളൊക്കെയാണ് തനിക്ക് കൂട്ടെന്ന് പറയുന്നു സതീഷ് സത്യന്‍. 'ഓരോ പാട്ടും ഓരോ കാലമാണ്. പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ ആ കാലം തെളിഞ്ഞുവരും. പപ്പ അഭിനയിച്ച പാട്ടുകളെങ്കില്‍ പ്രത്യേകിച്ചും...'

അതേ അച്ഛന്റെ മകനും സിനിമയില്‍ ഒരു ഗാനരംഗത്ത്, അതും സാക്ഷാല്‍ ഗാനഗന്ധര്‍വന്റെ പാട്ടിനൊത്ത് ചുണ്ടനക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നത് വിധിനിയോഗം. 'ടാക്‌സി ഡ്രൈവറില്‍ ഒഎന്‍വി സാര്‍ എഴുതിയ ആകാശം പഴയൊരു മേല്‍ക്കൂര എന്ന പാട്ട് പാടി അഭിനയിച്ചത് ഞാനാണ്. ജോഷി എന്നൊരു പുതിയ ആളാണ് സംഗീതസംവിധായകന്‍. നല്ല ഗിറ്റാറിസ്റ്റ് ആയിരുന്നു.. പടം വിചാരിച്ച പോലെ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് പാട്ട് അധികമാരും കേട്ടില്ല എന്ന് മാത്രം....' - സതീഷ് സത്യന്‍ ചിരിക്കുന്നു.
പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത 'ടാക്‌സി ഡ്രൈവര്‍' (1977) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കോഴിക്കോട് ഡേവിസണ്‍ തിയേറ്ററില്‍ ചെന്ന് ക്യൂ നിന്ന് കണ്ടതോര്‍മ്മയുണ്ട്. സത്യന്റെ പിന്‍ഗാമിയായി ഇതാ മകന്‍ എന്നായിരുന്നല്ലോ പരസ്യവാചകം. സത്യന്റെ സിനിമകള്‍ ആസ്വദിച്ച് വളര്‍ന്ന ആര്‍ക്കും പ്രലോഭനീയമായിരുന്നു ആ ക്ഷണം. 1960 കളില്‍ സത്യന്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ഒട്ടേറെ പരുക്കന്‍ വേഷങ്ങളുടെ ഛായ കലര്‍ന്നിരുന്നു സതീഷിന് വേണ്ടി ജി വിവേകാനന്ദന്‍ രൂപപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ കഥാപാത്രത്തില്‍. ആളൊരു തന്റേടിയാണ്; നിഷേധിയും. വ്യവസ്ഥിതിയോട് കലഹിച്ചു ജീവിക്കുന്ന ഒരാള്‍. ഭാര്യ (ശാരദ) യുള്ളപ്പോള്‍ തന്നെ കാമുകി (വിധുബാല) യുമായും ബന്ധം പുലര്‍ത്തിയ ആ താന്തോന്നിയുടെ വേഷം മോശമാക്കിയില്ല സതീഷ്. 'ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കേ തന്നേ ഹോള്‍ഡ് ഓവറായി എന്നതാണ് ആ പടത്തിന്റെ ദുര്‍വിധി.'-സതീഷ് ഓര്‍ക്കുന്നു. 'ഞങ്ങളുടേത് ചെറിയൊരു പടമായിരുന്നല്ലോ. ഒരു പരീക്ഷണ ചിത്രം. പോരാത്തതിന് ബ്ലാക്ക് ആന്‍ഡ് വൈറ്റും. വര്‍ണചിത്രങ്ങള്‍ ഹിറ്റായിക്കൊണ്ടിരുന്ന കാലമാണത്.'
പക്ഷേ ചലച്ചിത്രത്തെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കിടയില്‍ ടാക്‌സി ഡ്രൈവര്‍ ചര്‍ച്ചാവിഷയമായി. നിരൂപകപ്രശംസയും ഏറ്റുവാങ്ങി, ആ വര്‍ഷം രണ്ടു സംസ്ഥാന അവാര്‍ഡാണ് ടാക്‌സി ഡ്രൈവറെ തേടിയെത്തിയത്. ഛായാഗ്രഹണത്തിനുള്ള ബഹുമതി അശോക് കുമാറിന്. മികച്ച സഹനടനുള്ളത് എസ് പി പിള്ളയ്ക്കും. സിനിമയ്ക്ക് ലഭിച്ച അംഗീകാരങ്ങളൊന്നും നായകന് കാര്യമായ ഗുണം ചെയ്തില്ല എന്ന് മാത്രം.
അതിനും രണ്ടു വര്‍ഷം മുന്‍പേ 'മക്കള്‍' (1975) എന്ന മഞ്ഞിലാസ് ചിത്രത്തിലൂടെ നടനായി അരങ്ങേറിയിരുന്നു സതീഷ് സത്യന്‍. 'അഭിനയ മോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും പപ്പ ജീവിച്ചിരുന്ന കാലത്തൊന്നും അതിനെക്കുറിച്ചു ഗൗരവത്തോടെ ചിന്തിച്ചിട്ടില്ല. മക്കളെ അഭിനയിക്കാന്‍ വിടുമോ എന്ന് ആരോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ പപ്പ പറഞ്ഞ ഉത്തരം ഇതാണ്: ഞാന്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ അവര്‍ക്കിനി അവരുടെ വഴി. എന്ത് തീരുമാനമെടുത്താലും എതിര്‍ക്കില്ല ഞാന്‍....'
സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുമ്പോഴാണ് അഭിനയിക്കാനുള്ള ക്ഷണവുമായി മഞ്ഞിലാസിന്റെ എംഒ ജോസഫിന്റെ വരവ്. സന്തോഷമേയുണ്ടായിരുന്നുള്ളൂ സതീഷിന് ആ ഓഫര്‍ സ്വീകരിക്കാന്‍. പപ്പയുടെ സിനിമാജീവിതത്തില്‍ നാഴികക്കല്ലായി മാറിയ എത്രയോ ചിത്രങ്ങള്‍ സമ്മാനിച്ച ബാനര്‍. സംവിധായകനാകട്ടെ സത്യനിലെ കരുത്തനായ നടനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെഎസ് സേതുമാധവനും. അടുത്ത ദിവസം തന്നെ മേക്കപ്പ് ടെസ്റ്റിനായി ചെന്നൈയിലേക്ക് വണ്ടി കയറുന്നു സതീഷ്. 'ജയഭാരതിയായിരുന്നു പടത്തില്‍ എന്റെ നായിക. സോമന്‍, വിന്‍സന്റ് ഒക്കെ ഉണ്ടെങ്കിലും മുഖ്യ വേഷം എനിക്ക് തന്നെ. മഞ്ഞിലാസ് പടത്തില്‍ നായകനായി അരങ്ങേറുക എന്നാല്‍ ചില്ലറ ഭാഗ്യമല്ല അന്ന്...' പടം വലിയ ഹിറ്റായില്ലെങ്കിലും 'മക്കളി'ലെ പുതുമുഖ നടന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
പിന്നീടാണ് 'ടാക്‌സി ഡ്രൈവര്‍'. അതു കഴിഞ്ഞു രണ്ടു പടത്തില്‍ കൂടിയേ അഭിനയിച്ചുള്ളൂ സതീഷ്. മധു നിര്‍മ്മിച്ച് പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'ശുദ്ധികലശ' (1979) ത്തില്‍ വില്ലന്‍ വേഷമായിരുന്നു. തൊട്ടു പിന്നാലെ ചന്ദ്രശേഖരന്‍ തമ്പി നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'യക്ഷിക്കാവ്' എന്ന ചിത്രത്തില്‍ ജലജയുടെ നായകന്‍. ചിത്രീകരിച്ചുതീര്‍ത്തിട്ടും പല കാരണങ്ങളാലും വെളിച്ചം കാണാതെ പോയി ആ പടം. കാഴ്ച്ചക്കുറവ് നിത്യജീവിതത്തെ അലട്ടിത്തുടങ്ങിയതും ഏതാണ്ടതേ കാലത്തുതന്നെ. ആര്‍ക്ക് ലൈറ്റുകളുടെ പ്രഭാപൂരം കണ്ണുകളെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചതോടെ സിനിമാഭിനയം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു സതീഷിന്. 'ഭാസ്‌കരന്‍ മാഷിന്റെ ഒരു പടത്തില്‍ നായകനായി അഭിനയിക്കാന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അഡ്വാന്‍സ് തിരിച്ചുകൊടുക്കേണ്ടി വന്നു. കാഴ്ച്ചയാണല്ലോ നമുക്ക് പ്രധാനം...'

തികച്ചും യാദൃച്ഛികമായാണ് സതീഷിന്റെ കണ്മുന്നില്‍ ഇരുട്ട് പടര്‍ന്നു തുടങ്ങിയത്. 'കുട്ടിക്കാലത്തേ കാഴ്ച്ചക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിച്ചാണ് ആ പരിമിതി അതിജീവിച്ചത്. പക്ഷേ പ്രായം ചെല്ലുന്തോറും പ്രശ്‌നം രൂക്ഷമായി. പുറത്തെ വെളിച്ചത്തില്‍ നിന്ന് മുറിക്കകത്തേക്ക് കടന്നുവരുമ്പോള്‍ പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നും. കുറച്ചു നേരം കഴിഞ്ഞാല്‍ നോര്‍മല്‍ ആകുകയും ചെയ്യും. ആദ്യമൊന്നും അത് ഗൗരവത്തില്‍ എടുത്തിരുന്നില്ല. പിന്നെപ്പിന്നെ കണ്മുന്നിലെ രൂപങ്ങള്‍ നിഴലുകളായി മാറിത്തുടങ്ങി. ഡോക്ടറെ കാണാന്‍ തീരുമാനിച്ചത് ആ ഘട്ടത്തിലാണ്. റെറ്റിനയെ ബാധിക്കുന്ന മാക്യുലര്‍ ഡീജെനറേഷന്‍ എന്നൊരു അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് എന്റെ കണ്ണുകള്‍ എന്ന് ഡോക്ടര്‍ വിധിയെഴുതുന്നു. ആ രോഗത്തിന് ഫലപ്രദമായ പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നും ക്രമേണ കാഴ്ച്ച കുറഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞുകേട്ടപ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായി എന്നത് സത്യം. തികച്ചും അപ്രതീക്ഷിതമായിരുന്നല്ലോ ആ അറിവ്.'
ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ആ ഘട്ടത്തില്‍ സതീഷിന് പിന്തുണയുമായി എത്തിയത് യേശുദാസ്. സത്യന്‍ മാഷുമായുള്ള അടുപ്പമാവണം മകന് സഹായഹസ്തമേകാന്‍ യേശുദാസിന് പ്രേരണയായത്. 1982 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ തരംഗനിസരി സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി നിയമിക്കപ്പെടുന്നു സതീഷ്. അതേവര്‍ഷം ഓഗസ്റ്റില്‍ തന്നെയാണ് തരംഗിണി സ്റ്റുഡിയോയിലെ മാനേജര്‍ പദവിയിലേക്കുള്ള മാറ്റവും. തുടര്‍ന്ന് ഒന്നരപ്പതിറ്റാണ്ടു കാലം തരംഗിണിയില്‍ യേശുദാസിനൊപ്പം. 1997 ല്‍ വിരമിക്കുമ്പോള്‍ സ്റ്റുഡിയോയുടെ ജനറല്‍ മാനേജരായിരുന്നു സതീഷ്. 'നൂറുകണക്കിന് അനശ്വര ഗാനങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഭാഗ്യം. അതിപ്രഗത്ഭരായ എത്രയോ കലാകാരന്മാരെ പരിചയപ്പെടാനായി. റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷിയായി. മറക്കാനാവില്ല ആ കാലം. അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ട പാട്ടുകള്‍ യാദൃച്ഛിമായി കാതില്‍ വന്നു വീഴുമ്പോള്‍ അറിയാതെ ആ കാലത്തേക്ക് തിരിച്ചുനടക്കും മനസ്സ്....'
ചുറ്റും പടര്‍ന്നുകൊണ്ടിരുന്ന ഇരുട്ടിനെ മനസ്സുകൊണ്ടെങ്കിലും വകഞ്ഞുമാറ്റാന്‍ സഹായിച്ചത് തരംഗിണിയിലെ സംഗീതാന്തരീക്ഷമാണ്. അന്നൊക്കെ വെളിച്ചത്തിന്റെ ഒരു വാതില്‍ എവിടെയെങ്കിലും തുറക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ പ്രതീക്ഷയും മങ്ങി. ഗാനമേളാ സംഘത്തിന്റെ മാനേജരായി 1983 ലെ യുഎസ് പര്യടനത്തില്‍ യേശുദാസിനെ അനുഗമിച്ചപ്പോള്‍ ലോകപ്രശസ്തനായ ഒരു നേത്രരോഗ വിദഗ്ധനെ ചെന്നു കണ്ടിരുന്നു സതീഷ്. ദിവസം മുഴുവന്‍ നീണ്ട ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കുംശേഷം ഡോക്ടര്‍ വിധിയെഴുതി: 'അത്ര സാധാരണമല്ലാത്ത റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമാണ് താങ്കളുടെ കണ്ണുകളെ ബാധിച്ചിരിക്കുന്നത്. ലോകത്തൊരിടത്തും ഇതിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. എന്നെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഞാന്‍ ചികില്‍സിക്കാമെന്ന് വാക്ക് തരുന്നു...' നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും കഥ പഴയതുതന്നെ. എന്നെങ്കിലും കാഴ്ച്ച വീണ്ടുകിട്ടുമെന്ന പ്രതീക്ഷയില്ല ഇപ്പോള്‍ സതീഷിന്.

'നിഴല്‍രൂപങ്ങള്‍ മാത്രമേ കാണാനാവൂ. അവ്യക്തമായ നിഴലുകള്‍. ആ നിഴലുകളുമായി സംവദിച്ചു ശീലമായിരിക്കുന്നു എനിക്ക്.'-സതീഷ് സത്യന്‍ ചിരിക്കുന്നു. 'പക്ഷേ അതൊന്നും ദിനചര്യയെ ബാധിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഞാന്‍ തന്നെ. യാത്രകളും മുടക്കാറില്ല. അവശ്യ ഘട്ടങ്ങളില്‍ ആരെങ്കിലുമൊക്കെ സഹായത്തിനെത്താറുണ്ട്.' രണ്ടു സഹോദരങ്ങളാണ് സതീഷിന്. പ്രകാശും ജീവനും. രണ്ടു പേരും കാഴ്ച്ചക്ക് ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍. പന്ത്രണ്ട് ബാലസാഹിത്യ കൃതികള്‍ എഴുതിയിട്ടുള്ള പ്രകാശ് ഇന്ന് ജീവിച്ചിരിപ്പില്ല. കുറച്ചുകാലം തരംഗിണി സ്റ്റുഡിയോയില്‍ റിസപ്ഷനിസ്റ്റ് ആയിരുന്നു അദ്ദേഹം. ഇളയ ആളായ ജീവന്‍ സത്യന്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. നല്ലൊരു ഗായികയാണ് ജീവന്റെ മകള്‍ ആശ. 'എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. കാഴ്ച്ചക്ക് ഒരു പ്രശ്‌നവും ഇല്ലാത്തവരായിരുന്നല്ലോ പപ്പയും മമ്മിയും....'
മാതൃനിര്‍വിശേഷമായ വാത്സല്യത്തോടെ തന്നെ സ്‌നേഹിക്കുന്ന ഗുരുപത്‌നിയോടൊപ്പം തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ താമസിക്കുന്നു സതീഷ് സത്യന്‍. അമ്മ ജെസ്സി സത്യന്‍ 1987 ല്‍ ഓര്‍മ്മയായ ശേഷം സ്‌നേഹനിധിയായ ഈ 'പോറ്റമ്മ''യുടെ തണലിലാണ് സതീഷിന്റെ ജീവിതം. യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ ജെ ശ്രീധരന്‍ നായരുടെ ഭാര്യ ശ്യാമളാമ്മയാണ് ആ അമ്മ.. '
കാഴ്ച്ചയുടെ പ്രശ്‌നങ്ങള്‍ കാരണം ക്ളാസിലെ ബോര്‍ഡ് നോക്കി വായിക്കാന്‍ പ്രയാസമുണ്ടായിരുന്നതു കൊണ്ട് പപ്പ എന്നെ നായര്‍ സാറിന്റെ ട്യൂഷന്‍ ക്ളാസില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു.''-- സതീഷ് ഓര്‍ക്കുന്നു. 'അന്ന് സാറിനോട് പപ്പ പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മ്മയുണ്ട്: വികൃതിയായ ഇവനെ അങ്ങയുടെ കയ്യിലങ്ങ് ഏല്‍പ്പിക്കുകയാണ് എന്ന്. തമാശയായാണ് പപ്പ പറഞ്ഞെതെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമായി. പപ്പയുടെയും മമ്മിയുടെയും മരണശേഷം എന്റെ എല്ലാമെല്ലാം ഈ അച്ഛനും അമ്മയുമായിരുന്നു. 2013 ല്‍ അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് എന്റെ എല്ലാം; എന്റെ കണ്ണുകള്‍ പോലും..'' അപൂര്‍വ്വമായെങ്കിലും ഇപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കാറുണ്ടെന്ന് സതീഷ്. ഈയ്യിടേയും ഒരു ഓഫര്‍ വന്നിരുന്നു. നടക്കുമോ എന്നറിയില്ല.
കണ്ണുകളിലേ ഇരുള്‍ നിറഞ്ഞിട്ടുള്ളൂ സതീഷിന്. അകക്കണ്ണില്‍ സുവര്‍ണ്ണശോഭയോടെ ആ പഴയ വസന്തക്കാഴ്ചകള്‍ ഇന്നുമുണ്ട്. നന്മയും സ്‌നേഹവും നിറഞ്ഞ കാഴ്ച്ചകള്‍. 'സന്തോഷത്തോടെ ജീവിക്കാന്‍ ആ കാഴ്ച്ചകളും അവയെ അനുഗമിക്കുന്ന ഓര്‍മ്മകളും മതി.' -സതീഷ് ചിരിക്കുന്നു.
ക്യാപ്ഷന്‍സ്: സതീഷ് സത്യനും ശാരദയും ടാക്‌സി ഡ്രൈവറില്‍. സത്യന്‍ കുടുംബം... ശ്യാമള അമ്മയോടൊത്ത്
Key Points:
- Satheesh Sathyan`s life and career in Malayalam cinema.
- His roles in movies like `Taxi Driver` and `Makkal`.
- His struggle with vision impairment and its impact on his life.
- His relationship with his father, the legendary Sathyan.
- His work with Yesudas at Tharangini Studio.
- His current life and family.
- His memories of his father and his legacy
Content Highlights: Satheesh Sathyan Sathyan Malayalam cinema Taxi Driver vision impairment ravi menon
Published: 22 Feb 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented