കാലിഫോർണിയയിലെ സോനോമ കൗണ്ടിയിലൂടെ ഒഴുകുന്ന റഷ്യൻ നദിയുടെ തീരം. സന്ധ്യ മയങ്ങിയപ്പോൾ അസാധാരണമായൊരു നിശബ്ദത അവിടെ പടർന്നു. പകൽവെളിച്ചത്തെപ്പോലും ഭൂമി തൊടാൻ അനുവദിക്കാതെ, ആകാശത്തോളം തലയുയർത്തി നിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള റെഡ്‌വുഡ് മരങ്ങൾ. അതിനിടയിലൂടെ നഗ്നരായ നാലഞ്ചു പുരുഷന്മാർ നടന്നുവരുന്നു. ഒരു മരത്തിനു ചുവട്ടിലെത്തിയ അവർ, വട്ടംകൂടി നിന്ന് പരസ്യമായി മൂത്രമൊഴിക്കുന്നു.

To advertise here,

ഇതാണ് ‘ബൊഹീമിയൻ ഗ്രോവ്’

അവിടുത്തെ തടാകക്കരയിൽ പായൽ പിടിച്ച, 40 അടി ഉയരമുള്ള ഒരു കൂറ്റൻ കോൺക്രീറ്റ് മൂങ്ങാവിഗ്രഹമുണ്ട്. അതിനു മുന്നിൽ തീപ്പന്തങ്ങൾ എരിയുന്നു. ചുവപ്പും വെളുപ്പും കറുപ്പും അങ്കികളണിഞ്ഞ്, മുഖം മൂടിയ പുരോഹിതർ നിരനിരയായി എത്തുന്നു.

എല്ലാവരും മൂങ്ങാവിഗ്രഹത്തിനു മുന്നിൽ തടാകക്കരയിൽ അണിനിരക്കുമ്പോൾ, ഒരു വഞ്ചിക്കാരൻ ചെറിയ തോണിയിൽ വെളുത്ത തുണികൊണ്ട് പൊതിഞ്ഞ ഒരു ശവശരീരത്തിന്റെ കോലവുമായി അവിടേക്ക് വരുന്നു. പുറംലോകത്തിന്റെ പ്രാരാബ്ധങ്ങളെ പ്രതിനിധീകരിക്കുന്ന 'ഡൾ കെയർ' (Dull Care) എന്ന കോലമാണത്. തുടർന്ന് ആ കോലവും മൂങ്ങയുമായി റെക്കോർഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം നടക്കുന്നു. സ്പീക്കറുകളിൽനിന്ന് നിലവിളികളും കരച്ചിലുകളും അലർച്ചകളും മുഴങ്ങുമ്പോൾ, പുരോഹിതന്മാർ കോലത്തെ വിഗ്രഹത്തിന് മുന്നിലെ ചിതയിലേക്ക് തള്ളിയിട്ട് തീ കൊളുത്തുന്നു. പടക്കങ്ങളും തീനാളങ്ങളും ഉയരുമ്പോൾ സദസ്സ് ആരവത്തോടെ കൈയടിക്കുന്നു.

ഒറ്റനോട്ടത്തിൽ ഭയാനകമായ ഏതോ പൈശാചിക ബലിപീഠമെന്ന് തോന്നാമെങ്കിലും, ആ അങ്കികൾക്കുള്ളിൽ തലകുനിച്ചു നിൽക്കുന്നത് ലോകം വിറപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റുമാരും പെന്റഗൺ മേധാവികളും വൻകിട ബാങ്കർമാരുമാണ്! ഇതാണ് 'ക്രിമേഷൻ ഓഫ് കെയർ' (Cremation of Care) – അതീവ രഹസ്യ സംഘടനയായ ബോഹീമിയൻ ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഉദ്ഘാടന ചടങ്ങ്. ബാഹ്യലോകത്തെ സമ്മർദ്ദങ്ങൾ ദഹിപ്പിച്ച് അടുത്ത രണ്ടാഴ്ച സൗഹൃദം ആഘോഷിക്കുക എന്നതാണ് ഇതിന്റെ ഔദ്യോഗിക ഭാഷ്യമെങ്കിലും, ലോകത്തെ ഏറ്റവും വലിയ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പ്രഭവകേന്ദ്രമായാണ് ഈ ചടങ്ങ് വിലയിരുത്തപ്പെടുന്നത്.

സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ആറുനിലകളുള്ള ഒരു വലിയ കെട്ടിടമാണ് ഇവരുടെ പ്രധാന കേന്ദ്രം. വിശാലമായ വായനമുറികൾ, ഡൈനിംഗ് ഹാളുകൾ, ഗെയിമിംഗ് റൂമുകൾ, 600-ലധികം ആളുകൾക്ക് ഇരിക്കാവുന്ന തിയേറ്റർ, ആർട്ട് ഗാലറി എന്നിവ ഇവിടെയുണ്ട്. ബുദ്ധിയുടെയും വിവേകത്തിന്റെയും രഹസ്യസ്വഭാവത്തിന്റെയും പ്രതീകമായ 'മൂങ്ങ'യാണ് ക്ലബ്ബിന്റെ പ്രധാന അടയാളം.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ അനൗദ്യോഗിക പ്രസംഗങ്ങൾ നടക്കും. ‘ലേക്ക് സൈഡ് ടോക്സ്’ (Lakeside Talks) എന്നാണ് ഇതിനെ വിളിക്കുന്നത്. രാഷ്ട്രീയക്കാർ, മുൻ പ്രസിഡന്റുമാർ, ശാസ്ത്രജ്ഞർ, നയതന്ത്രജ്ഞർ എന്നിവരാണ് ഇവിടെ സംസാരിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാത്തതിനാൽ, നേതാക്കൾക്ക് തങ്ങളുടെ വ്യക്തിത്വവും ആശയങ്ങളും സമ്പന്നരായ ബിസിനസുകാർക്ക് മുന്നിൽ യാതൊരു മറയുമില്ലാതെ അവതരിപ്പിക്കാൻ ഇത് അവസരമൊരുക്കുന്നു.

1872 ഏപ്രിലിൽ സാൻ ഫ്രാൻസിസ്കോയിലാണ് ഈ ക്ലബ്ബിന്റെ തുടക്കം. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ പത്രത്തിലെ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, നടന്മാർ, കലാകാരന്മാർ എന്നിവർ ചേർന്ന് സൗഹൃദത്തിനും സാഹിത്യ ചർച്ചകൾക്കുമായി ഇത് സ്ഥാപിച്ചു. അക്കാലത്ത് ന്യൂയോർക്കിലേക്ക് മാറിയ നടൻ ഹെൻറി എഡ്വേർഡ്സിന് യാത്രയയപ്പ് നൽകാനാണ് ഇവർ ആദ്യമായി ഒന്നിച്ചത്. പണത്തിനോ ബൂർഷ്വാ മൂല്യങ്ങൾക്കോ വഴങ്ങാതെ കലയ്ക്കായി ലളിതജീവിതം നയിക്കുന്ന ഫ്രഞ്ച് കലാകാരന്മാരെ വിശേഷിപ്പിച്ചിരുന്ന 'ബോഹീമിയൻ' എന്ന വാക്കാണ് ഇവർ പേരായി തിരഞ്ഞെടുത്തത്.

എന്നാൽ, ക്ലബ്ബ് ഹൗസിന്റെ വാടകയോ മദ്യത്തിന്റെ ബില്ലോ കൊടുക്കാൻ കലാകാരന്മാരുടെ കയ്യിൽ പണമില്ലാതെ വന്നതോടെ കഥ മാറി. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സമ്പന്നരായ വ്യവസായികളെയും ബാങ്കർമാരെയും ‘പെയ്ട്രൺസ്’ എന്ന പേരിൽ അംഗങ്ങളാക്കാൻ തുടങ്ങി. 1880-കളോടെ കല പിന്തള്ളപ്പെടുകയും, വൻകിട കോർപ്പറേറ്റ്-രാഷ്ട്രീയ പ്രമുഖർ ക്ലബ്ബിന്റെ അധികാരം കൈയടക്കുകയും ചെയ്തു. 1878-ൽ ആരംഭിച്ച വേനൽക്കാല ക്യാമ്പിംഗ് പാരമ്പര്യം വളർന്ന്, 1899-ൽ ക്ലബ്ബ് സ്വന്തമാക്കിയ മോണ്ടെ റിയോയിലെ 2,700 ഏക്കറോളം വരുന്ന വനപ്രദേശമാണ് ഇന്നത്തെ ബോഹീമിയൻ ഗ്രോവ്.

ബോഹീമിയൻ ക്ലബ്ബിൽ അംഗത്വം നേടുക എന്നത് പണം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല. ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാനും കഴിയില്ല. നിലവിലെ രണ്ട് ഫുൾ മെമ്പർമാർ പുതിയ വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയും സ്പോൺസർ ചെയ്യുകയും വേണം. പേര് അംഗീകരിക്കപ്പെട്ടാലും 15 മുതൽ 20 വർഷം വരെ വെയ്റ്റിംഗ് ലിസ്റ്റിൽ കഴിയേണ്ടി വരും. അംഗത്വം ഉറപ്പായാൽ വലിയൊരു തുക (ഏകദേശം $25,000 മുതൽ $30,000 വരെ) എൻട്രൻസ് ഫീസായും തുടർന്ന് ഉയർന്ന വാർഷിക വരിസംഖ്യയായും നൽകണം. തുടക്കം മുതൽ ഇന്നുവരെ സ്ത്രീകൾക്ക് അംഗത്വം നൽകാത്ത ‘മെൻ-ഓൺലി’ നയമാണ് ക്ലബ്ബ് പിന്തുടരുന്നത്.

അമേരിക്കൻ ചരിത്രത്തെ നയിച്ച പ്രമുഖരുടെ വലിയൊരു നിര തന്നെ ഇവിടെ അംഗങ്ങളായോ അതിഥികളായോ എത്തിയിട്ടുണ്ട്. യു.എസ്. പ്രസിഡന്റുമാരായ ഹെർബർട്ട് ഹൂവർ, ഡ്വൈറ്റ് ഐസൻഹോവർ, റിച്ചാർഡ് നിക്സൺ, റൊണാൾഡ് റീഗൻ, ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർക്ക് പുറമെ, ഹെൻറി കിസിഞ്ചർ, കോളിൻ പവൽ, ഡൊണാൾഡ് റംസ്‌ഫെൽഡ് തുടങ്ങിയ നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും ഇതിൽപ്പെടുന്നു. സുപ്രീം കോടതി ജഡ്ജി ക്ലാരൻസ് തോമസ്, സാഹിത്യ-കലാ പ്രതിഭകളായ മാർക്ക് ട്വയിൻ, ജാക്ക് ലണ്ടൻ, ക്ലിന്റ് ഈസ്റ്റ്‌വുഡ്, പ്രശസ്ത ന്യൂസ് ആങ്കർ വാൾട്ടർ ക്രോങ്കൈറ്റ് എന്നിവരും ഈ പട്ടികയിലുണ്ട്. വർഷങ്ങളോളം മൂങ്ങാപ്രതിമയ്ക്ക് ശബ്ദം നൽകിയിരുന്നത് വാൾട്ടർ ക്രോങ്കൈറ്റായിരുന്നു.

ഷേക്സ്പിയറുടെ വരികളിൽനിന്ന് കടമെടുത്ത 'Weaving spiders come not here' എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. ബിസിനസ്സും രാഷ്ട്രീയവും ഇവിടെ സംസാരിക്കരുത് എന്നാണ് ഇതിനർത്ഥം. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആയുധം പിറന്നത് ഇവിടെയാണ്.

1942 സെപ്റ്റംബറിൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് അണുബോംബ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന എസ്-1 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അതീവരഹസ്യ യോഗം ബോഹീമിയൻ ഗ്രോവിലെ 'ലാൻഡ്‌സ് എൻഡ്' ക്യാമ്പിലാണ് നടന്നത്. നോബൽ ജേതാവായ ഏണസ്റ്റ് ലോറൻസിന്റെ ക്ഷണപ്രകാരം ജെ. റോബർട്ട് ഓപ്പൺഹൈമർ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇവിടെ ഒത്തുകൂടി. യുറേനിയം സമ്പുഷ്ടീകരണത്തിനും ‘മാൻഹട്ടൻ പ്രൊജക്റ്റി’ന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കും വേഗത കൂട്ടാൻ തീരുമാനിച്ചതും, ഓപ്പൺഹൈമറെ ലോസ് അലാമോസ് ലാബിന്റെ തലവനാക്കാൻ വഴിതുറന്നതും ഈ രഹസ്യ മീറ്റിംഗാണ്.

ബോഹീമിയൻ ഗ്രോവിനെക്കുറിച്ച് ഡാർക്ക് വെബ്ബിലും കോൺസ്പിറസി ഫോറങ്ങളിലും പ്രചരിക്കുന്ന ഏറ്റവും ഭീകരമായ ആരോപണങ്ങൾ സി.ഐ.എയുടെ എം.കെ-അൾട്രാ മൈൻഡ് കൺട്രോൾ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടതാണ്. 1980-കളിലെ പ്രമാദമായ 'ഫ്രാങ്ക്ലിൻ സ്കാൻഡൽ' കേസിലെ ഇരയായ പോൾ ബോണച്ചി കോടതിയിൽ നൽകിയ മൊഴികളിൽ, തന്നെ കുട്ടിക്കാലത്ത് ബോഹീമിയൻ ഗ്രോവിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും അവിടെ പീഡനങ്ങളും സ്നഫ് ഫിലിം ചിത്രീകരണങ്ങളും നടന്നുവെന്നും ആരോപിച്ചു. പിന്നീട് കോടതി ബോണച്ചിക്ക് നഷ്ടപരിഹാരം വിധിച്ചു.

കുട്ടികളെ തീയിലെറിഞ്ഞ് ബലി നൽകിയിരുന്ന പുരാതന കാനാൻ ദേവനായ ‘മൊളോക്കി’ന്റെ ആരാധനയാണ് മൂങ്ങയ്ക്ക് മുന്നിൽ നടക്കുന്നതെന്ന് 2000-ൽ ഗ്രോവിൽ ഒളിക്യാമറയുമായി നുഴഞ്ഞുകയറിയ അലക്സ് ജോൺസ് വാദിച്ചിരുന്നു. ഉന്നത രാഷ്ട്രീയക്കാരെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഹണി ട്രാപ്പുകൾ ഒരുക്കാനും മൈൻഡ് കൺട്രോൾ പരീക്ഷണങ്ങൾക്ക് ഇരയായവരെ ഉപയോഗിക്കാനും ഈ രഹസ്യകേന്ദ്രം ഉപയോഗിക്കുന്നുവെന്നത് ഡാർക്ക് വെബ്ബിലെ സ്ഥിരം ചർച്ചാവിഷയമാണ്.

പുറംലോകത്തിന്റെ നിയമങ്ങളോ മീഡിയ കവറേജോ ഇല്ലാത്തതുകൊണ്ടുതന്നെ, ക്യാമ്പിനുള്ളിലെ അതിരുകടന്ന മദ്യപാനവും പെരുമാറ്റങ്ങളും വലിയ വിവാദമായിട്ടുണ്ട്. റെഡ്‌വുഡ് മരച്ചുവടുകളിൽ അംഗങ്ങൾ പരസ്യമായി മൂത്രമൊഴിക്കുന്നത് ക്യാമ്പിലെ ഒരു സ്വാഭാവിക പാരമ്പര്യമായി ഇവർ കാണുന്നു. റിച്ചാർഡ് നിക്സൺ പോലും ഇതിനെ വിമർശിച്ചിട്ടുണ്ട്. സ്ത്രീകളില്ലാത്തതിനാൽ നാടകങ്ങളിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടി (Drag) നൃത്തം ചെയ്യുന്ന പതിവുണ്ട്. സാൻ ഫ്രാൻസിസ്കോയിൽനിന്ന് വൻതുക നൽകി എസ്കോർട്ടുകളെ ക്യാമ്പുകളിലേക്ക് എത്തിക്കാറുണ്ടെന്ന ആരോപണങ്ങളും 1980-കളിൽ പുറത്തുവന്നിരുന്നു.

ക്യാമ്പുകളിൽ ജീവനക്കാരായി പുരുഷന്മാരെ മാത്രമേ നിയമിക്കൂ എന്ന ക്ലബ്ബിന്റെ നയത്തിനെതിരെ കാലിഫോർണിയ തൊഴിൽ കമ്മീഷൻ രംഗത്തുവന്നിരുന്നു. അംഗങ്ങൾ വസ്ത്രമില്ലാതെ നടക്കാറുണ്ടെന്നും സ്ത്രീ ജീവനക്കാർ വന്നാൽ സ്വകാര്യത നഷ്ടപ്പെടുമെന്നും ക്ലബ്ബ് വാദിച്ചെങ്കിലും, 1987-ൽ സുപ്രീം കോടതി ഇത് തള്ളുകയും വനിതാ ജീവനക്കാരെ ജോലിക്ക് നിയമിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഒരു സ്വകാര്യ ക്ലബ്ബ് എന്ന നിയമപരമായ പഴുതുപയോഗിച്ച് അംഗത്വത്തിൽനിന്ന് സ്ത്രീകളെ ഇന്നും ഇവർ മാറ്റിനിർത്തുന്നു. ലോകത്തെ നയിക്കുന്ന നയങ്ങൾ രഹസ്യമായി ചർച്ച ചെയ്യപ്പെടുന്ന ഇടത്തുനിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ 1980-കളിൽ 'ബോഹീമിയൻ ഗ്രോവ് ആക്ഷൻ നെറ്റ്‌വർക്ക്' പോലുള്ള സംഘടനകളും മേരി മൂറിനെപ്പോലുള്ള ആക്ടിവിസ്റ്റുകളും ഗ്രോവിന് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

മണ്ഡാലെ, കേവ് മാൻ, ഔൾസ് നെസ്റ്റ് എന്നിങ്ങനെ ഗ്രോവിനുള്ളിൽ 120-ലധികം ചെറിയ ക്യാമ്പുകളുണ്ട്. ഒരേ താല്പര്യമുള്ള സുഹൃത്തുക്കളുടെ സംഘങ്ങളാണിവ. ചില ക്യാമ്പുകൾ സംഗീതജ്ഞർക്കായി മാറ്റിവെച്ചിരിക്കുന്നു. മറ്റു ചിലത് വലിയ വ്യവസായികൾക്കും മുൻനിര രാഷ്ട്രീയക്കാർക്കുമായി ഉള്ളതാണ്. അമേരിക്കയിലെ വൻകിട ബാങ്കുകൾ, എണ്ണക്കമ്പനികൾ, ടെക്നോളജി സ്ഥാപനങ്ങൾ എന്നിവയുടെ തലവന്മാരാണ് ഇതിൽ ഭൂരിഭാഗവും.

ചരിത്രപരമായ രഹസ്യാത്മകതയും ഒത്തുചേരലുകളും ഇന്നും തുടരുന്നുണ്ടെങ്കിലും സമീപകാലത്ത് ക്ലബ്ബ് വലിയ മാധ്യമശ്രദ്ധയും നിയമപരമായ വെല്ലുവിളികളും നേരിടുന്നുണ്ട്. കാലിഫോർണിയയിലെ മോണ്ടെ റിയോയിലുള്ള 'ബോഹീമിയൻ ഗ്രോവിൽ' എല്ലാ വർഷവും ജൂലൈ മാസത്തിൽ നടക്കുന്ന ദ്വിവാര സമ്മർ ക്യാമ്പ് ഇപ്പോഴും മാറ്റമില്ലാതെ നടക്കുന്നുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ നോബ് ഹില്ലിലുള്ള ആറുനില മെയിൻ ക്ലബ്ബ് ഹൗസും പതിവുപോലെ പ്രവർത്തിച്ചുവരുന്നു. ക്യാമ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ദിവസേന 16 മണിക്കൂറിലധികം വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്നുവെന്നും, ഓവർടൈം വേതനം കൃത്യമായി നൽകുന്നില്ലെന്നും ആരോപിച്ച് മുൻ ജീവനക്കാർ കാലിഫോർണിയ കോടതികളിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഡ്രോണുകളും ആധുനിക ക്യാമറകളും സർവ്വസാധാരണമായതോടെ ബോഹീമിയൻ ഗ്രോവിന്റെ സുരക്ഷയും മുൻപത്തേക്കാൾ ശക്തമാക്കിയിട്ടുണ്ട്. മുൻ സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷാസംഘം, രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ ക്യാമറകൾ, മോഷൻ സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് വനപ്രദേശം സംരക്ഷിക്കുന്നത്. കവാടങ്ങൾക്ക് മുന്നിൽ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ഇപ്പോഴും പതിവാണ്.

കലയുടെയും സാഹിത്യത്തിന്റെയും തണലിൽ സൗഹൃദം പങ്കിടാനായി ഒരു കൂട്ടം എഴുത്തുകാരും കലാകാരന്മാരും ചേർന്ന് തുടക്കമിട്ട ബോഹീമിയൻ ക്ലബ്ബ്, ഇന്ന് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വരേണ്യവർഗ്ഗത്തിന്റെ രഹസ്യ സാമ്രാജ്യമായി മാറിയിരിക്കുന്നു. ആകാശമുട്ടെ വളർന്നുനിൽക്കുന്ന റെഡ്‌വുഡ് മരങ്ങൾക്കിടയിലെ 'ക്രിമേഷൻ ഓഫ് കെയർ' പോലെയുള്ള വിചിത്രമായ ആചാരങ്ങൾ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുമ്പോഴും, സാമൂഹിക ശാസ്ത്രപരമായി ഇത് ഭരണ-വ്യവസായ രംഗത്തെ പ്രബലരുടെ ആഭ്യന്തര ഐക്യവും നയപരമായ ധാരണകളും അരക്കിട്ടുറപ്പിക്കുന്ന വേദിയാണ്. ബാഹ്യലോകത്തിന്റെ നിയമങ്ങളോ മാധ്യമ നിരീക്ഷണമോ ഏശാത്ത ഒരു സ്വകാര്യ വിനോദകേന്ദ്രം എന്നതിലുപരി, സാധാരണ ജനങ്ങൾ അറിയാതെ അധികാരം എങ്ങനെ പങ്കിടപ്പെടുന്നുവെന്നും, വരേണ്യവർഗ്ഗ സൗഹൃദങ്ങൾ ആഗോള നയങ്ങളെ എങ്ങനെ നിശബ്ദമായി സ്വാധീനിക്കുന്നുവെന്നുമുള്ളതിന്റെ ഏറ്റവും ഇരുണ്ടതും കൗതുകകരവുമായ സാക്ഷ്യപത്രമായി ബോഹീമിയൻ ക്ലബ്ബ് ഇന്നും നിലകൊള്ളുന്നു.

ചിത്രങ്ങൾ: ഷാരോൺ റാണി