താൻ ഒരു നെഹ്രുവിയൻ സോഷ്യലിസ്റ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടയ്ക്കിടക്ക് പറയാറുണ്ട്. നല്ലൊരു വായനക്കാരനാണ് താനെന്നും വി.ഡി.എസ്. അഭിമാനപൂർവ്വം പറയാറുണ്ട്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന ജെ.ആർ.ഡി. ടാറ്റയുമായി ഇന്ത്യ ടുഡെയ്ക്ക് വേണ്ടി 1986-ൽ പത്രപ്രവർത്തകൻ ടി.എൻ. നൈനാൻ നടത്തിയ അഭിമുഖം വായിച്ചിട്ടില്ലെങ്കിൽ വി.ഡി.എസ്. ഒന്ന് വായിക്കുന്നത് നന്നായിരിക്കും. പ്രധാനമന്ത്രിയായിരിക്കെ ജവഹർലാൽ നെഹ്രുവുമായി സാമ്പത്തിക നയങ്ങൾ ചർച്ച ചെയ്യാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ നെഹ്രുവിന് അതിലൊട്ടും താൽപര്യമുണ്ടായിരുന്നില്ലെന്നും നൈനാനോട് ജെ.ആർ.ഡി. ടാറ്റ പറയുന്നുണ്ട്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ നെഹ്രു ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമെന്നാണ് ടാറ്റ വെളിപ്പെടുത്തിയത്. കോൺസ്ര് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് നെഹ്രുവിന് സുവ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അത് പക്ഷേ, ടാറ്റയുമായോ ബിർളയുമായോ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയങ്ങളല്ല എന്നായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്.

To advertise here,

ടാറ്റയുമായി മാത്രമല്ല, ബിർളയുമായും നെഹ്രുവിന് വലിയ ബന്ധമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകൂടം സ്വത്തുക്കൾ കണ്ടുകെട്ടിയപ്പോൾ നെഹ്രു കുറച്ച് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇത് ഗാന്ധിജിയിലൂടെ അറിഞ്ഞ ജി.ഡി. ബിർള അലഹബാദിലെ ആനന്ദഭവനിൽ നെഹ്രുവിനെ കാണാനെത്തി. എന്നാൽ, ബിർളയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിക്കുകയാണ് നെഹ്രു ചെയ്തത്. നെഹ്രുവിന് നിരാകരിക്കാൻ പറ്റാത്ത ഒരോഫറും ഇന്ത്യൻ വ്യവസായികളുടെ കയ്യിലുണ്ടായിരുന്നില്ല. ടാറ്റയുടെയും ബിർളയുടെയും നേതൃത്വത്തിൽ രൂപം നൽകിയ ബോംബെ പ്ലാനിന് അടിസ്ഥാനപരമായി നെഹ്രുവിയൻ സാമ്പത്തിക ദർശനത്തോട് അടുപ്പമുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പഞ്ചവത്സര പദ്ധതിയുടെ ആവിഷ്‌കാരത്തിൽ നെഹ്രു ഈ പദ്ധതിയെക്കുറിച്ച് പരാമർശിക്കുക പോലുമുണ്ടായില്ല. അതുകൊണ്ടു തന്നെ സ്വതന്ത്ര വിപണി എന്ന ആശയമുയർത്തിപ്പിടിച്ച് രാജാജി സ്വതന്ത്ര പാർട്ടി തുടങ്ങിയപ്പോൾ ആ സംരംഭവുമായി സഹകരിക്കാൻ ടാറ്റയ്ക്കും ബിർളയ്ക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളു. ടാറ്റ ബിർള ഡാൽമിയ പാർട്ടി എന്നാണ് കോൺഗ്രസുകാർ രാജാജിയുടെ പാർട്ടിയെ പരിഹസിച്ചിരുന്നത്.

എല്ലാത്തിലുമെന്നതുപോലെ ഗാന്ധിജി ഇവിടെയും വ്യത്യസ്തനായിരുന്നു. ടാറ്റ, ബിർള, സാരാഭായ് കുടുംബങ്ങളുമായുള്ള ബന്ധം ഗാന്ധിജി മറച്ചുവെച്ചിരുന്നില്ല. താൻ ഗാന്ധിജിയുടെ ശിഷ്യനാണെന്നാണ് ഘനശ്യാം ദാസ് ബിർള അവകാശപ്പെട്ടിരുന്നത്. ഗാന്ധിജിയുടെ പല സംരംഭങ്ങൾക്കും ഈ മൂന്ന് വ്യവസായികളും കയ്യയച്ച് സംഭാവനകൾ നൽകുകുകയും ചെയ്തിരുന്നു. തനിക്ക് കിട്ടിയ ഓരോ ചില്ലിക്കാശും എങ്ങിനെ, എന്തിന് വേണ്ടി ചെലവിടുന്നുവെന്ന് ഗാന്ധിജി കൃത്യമായി രേഖപ്പെടുത്തിവെച്ചു. കണക്കുകൾ ആവശ്യമില്ലെന്ന് ബിർള പറഞ്ഞെങ്കിലും ഓരോ മാസവും ഈ രേഖകൾ ഗാന്ധിജി അയച്ചുകൊടുക്കുമായിരുന്നു. ചേമ്പിലയിൽ വീഴുന്ന വെള്ളം പോലെ ഈ പണം തന്നെ നനയ്ക്കില്ലെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. തന്റെ സ്പോൺസർമാർ ആരാണെന്ന് എവിടെവെച്ച് എപ്പോൾ വേണമെങ്കിലും പറയാൻ ഗാന്ധിജിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിൽ എല്ലാ അധികാര കസേരകളിൽനിന്നും ഗാന്ധിജി വിട്ടുനിൽക്കുകയും ചെയ്തു.

രാജീവ്, വി.പി. സിങ്, മോദി

രാജീവ് ഗാന്ധി താരതമ്യേന ഭേദമായിരുന്നെന്നും എന്നാൽ അദ്ദേഹത്തിന് കൂടുതൽ അടുപ്പം രത്തൻ ടാറ്റയുമായിട്ടായിരുന്നെന്നും ജെ.ആർ.ഡി. അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. വ്യവസായികളുമായി പരസ്യമായി ഏറ്റുമുട്ടിയ ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് വി.പി. സിങ്ങായിരുന്നു. ധിരുബായ് അംബാനി അടക്കമുള്ള പല വ്യവസായ പ്രമുഖരുമായും വി.പി. സിങ് കൊമ്പുകോർത്തു. അതുകൊണ്ടുകൂടിയാവാം പ്രധാനമന്ത്രിക്കസേരയിൽനിന്ന് അധികം താമസിയാതെ വി.പി. സിങ്ങിന് ഇറങ്ങേണ്ടിയും വന്നു.ഇന്ത്യൻ രാഷ്്രടീയത്തിൽ വ്യവസായികളും രാഷ്്രടീയക്കാരും തമ്മിലുള്ള ബന്ധം മിക്കപ്പോഴും രഹസ്യമായിരുന്നു. പരസ്യമായുള്ള ബന്ധങ്ങൾ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന പേടിയായിരുന്നു മിക്കവാറും നേതാക്കളെ നയിച്ചിരുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കമ്പോള ശക്തികൾക്കായി മലർക്കെ തുറന്നിട്ടുകൊടുത്ത പി.വി. നരസിംഹറാവുവും മൻമോഹൻസിങ്ങും പോലും വ്യവസായികളുടെ തോളിൽ കയ്യിട്ടു നടന്നിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പതിവുകൾ തെറ്റിച്ചു. 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ഗുജറാത്തിൽനിന്ന് ഡൽഹിക്ക് മോദി പോയത് അടുത്ത സുഹൃത്തും വ്യവസായിയുമായ ഗൗതം അദാനിയുടെ വിമാനത്തിലാണ്. മോദിയുടെ പല വിദേശയാത്രകളിലും അദാനിയുടെ സാന്നിദ്ധ്യമുണ്ടായി. കെനിയയിലും ശ്രീലങ്കയിലും ഓസ്ട്രേലിയയിലും ബംഗ്ലാദേശിലുമൊക്കെ വൻകിട പദ്ധതികൾ അദാനിക്ക് ലഭിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണമുയർന്നു. ഏഷ്യയിലെ സുപ്രധാന ശതകോടിശ്വരന്മാരിൽ ഒരാളായി അദാനി വളർന്നത് നരേന്ദ്ര മോദിയുടെ വളർച്ചയ്ക്കൊപ്പമാണെന്ന ആരോപണം ഇന്ത്യൻ രാഷ്്രടീയത്തിൽ ബിജെപി നേരിടുന്ന കടുത്ത വെല്ലുവിളികളിൽ ഒന്നാണ്.

രാഷ്ട്രീയ നേതാക്കൾ ഒരു പരിധി വിട്ട് വ്യവസായികളുമായി അടുക്കുന്നത് ഇന്ത്യൻ ജനതയ്ക്ക് പൊതുവെ ഇഷ്ടമുള്ള സംഗതിയല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇപ്പോഴും പിന്തുടരുന്ന ഒരു നിഴൽ വ്യവസായികളുമായുള്ള അടുപ്പവും ചങ്ങാത്തവുമാണ്. അന്തരിച്ച പ്രമുഖ വ്യവസായി ക്യാപ്റ്റൻ കൃഷ്ണൻനായരുടെ ആതിഥ്യം സ്വീകരിക്കാതിരുന്ന രണ്ട് മുഖ്യമന്ത്രിമാർ ഇ.എം.എസും വി.എസുമാണെന്ന ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിരീക്ഷണം ഇതോട് ചേർത്തുവായിക്കണം.

ചങ്ങാത്ത മുതലാളിത്തം

ഇവിടെയാണ് മുഖ്യമന്ത്രി സതീശന്റെയും സഹപ്രവർത്തകരുടെയും സ്്പോൺസേഡ് കലാപരിപാടികൾ ജനാധിപത്യ വിശ്വാസികളുടെ നേർക്ക് കൊഞ്ഞനം കുത്തുന്നത്. സുഹൃത്തുക്കളുടെ പണം , സുഹൃത്തുക്കളുടെ കാർ, സുഹൃത്തുക്കളുടെ വിമാനം എന്നാണ് മുഖ്യമന്ത്രി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയും നിരത്തുന്ന ന്യായീകരണം. ചെന്നിത്തലയും കുടുംബവും അമേരിക്കയ്ക്ക് പറന്നത് സുഹൃത്തുക്കൾ നൽകിയ ബിസിനസ് ക്ലാസ് ടിക്കറ്റിലാണ്, ഷാജിയുടെ ഔദ്യോഗിക യാത്രകൾ സുഹൃത്ത് നൽകിയ ആഡംബര കാറിലാണ്. പ്രളയ ദുരിതത്തിലാഴ്ന്ന മലപ്പുറത്തേക്ക് മുഖ്യമന്ത്രി സതീശൻ പറക്കുന്നത് സുഹൃത്തുക്കൾ ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിലാണ്.

 

അഞ്ച് പൈസ സർക്കാരിന് ചെലവില്ലെന്നും പിന്നെ എന്തിനാണ് പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഇങ്ങനെ ബഹളം വെയ്ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി സതീശൻ ചോദിക്കുന്നത്. സൗജന്യ ശാപ്പാട് എന്നൊരു പരിപാടി സമ്പദ് ശാസ്ത്രത്തിലില്ല. ആരെങ്കിലും നിങ്ങൾക്ക് എന്തെങ്കിലും സൗജന്യമായി തരുന്നുണ്ടെങ്കിൽ അതിനുള്ള വില ഈടാക്കാനും അവർക്കറിയാം. മരിയൊ പുസൊയുടെ ഗോഡ്ഫാദർ എന്ന നോവലിൽ മഫിയ തലവൻ വിറ്റൊ കൊർലിയോണി തന്റെ സേവനങ്ങൾ സ്വീകരിക്കുന്നവരോട് സദാ പറയുന്ന ഒരു വാക്യം തനിക്ക് ഇപ്പോൾ പ്രതിഫലമൊന്നും വേണ്ടെന്നും എന്നെങ്കിലുമൊരിക്കൽ ഒരു സഹായം വേണ്ടിവന്നാൽ താൻ ചോദിച്ചു കൊള്ളാമെന്നുമാണ്.

 

ചങ്ങാത്ത മുതലാളിത്തം, ദല്ലാൾ മുതലാളിത്തം എന്നൊക്കെ അറിയപ്പെടുന്ന ക്രോണി ക്യാപിറ്റലിസത്തിന്റെ സുവർണ്ണ കാലമാണിത്. എന്നാൽ, ഇന്നും പണം കൊടുത്താൽ വാങ്ങാൻ കഴിയാത്ത ചിലതുണ്ടെന്ന് ന്യൂ യോർക്ക് ടൈംസ് പബ്ലിഷർ എ.ജി. സുൾസ്ബെർഗർ ഒരു പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2018-ൽ ട്രംപ് പ്രസിഡന്റായിരിക്കെ വൈറ്റ്ഹൗസിലേക്ക് സുൾസ്ബെർഗറെ ക്ഷണിച്ചിരുന്നു. തനിച്ച് വരാനാവില്ലെന്നും തന്റെ പത്രത്തിലെ സീനിയർ ജേർണലിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ സന്ദർശനം ഉണ്ടാവുകയുള്ളുവെന്നും സുൾസ്ബെർഗർ ഉറച്ച നിലപാടെടുത്തു. ഒരു പത്രമുടമ പ്രസിഡന്റുമായി നടത്തുന്ന കൂടിക്കാഴ്ച രഹസ്യമായിരിക്കരുതെന്ന ബോദ്ധ്യത്തിലായിരുന്നു ആ തീരുമാനം. മറ്റ് വഴിയൊന്നുമില്ലാതെ ട്രംപ് അതിന് വഴങ്ങി.

അന്ന് സുൾസ്ബെർഗർ ട്രംപിനോട് പറഞ്ഞ ഒരു കാര്യം മാദ്ധ്യമ പ്രവർത്തകർ ജനങ്ങളുടെ ശത്രുക്കളാണെന്ന പരാമർശം ഒരിക്കലും അംഗികരിക്കാനാവില്ലെന്നാണ്. ട്രംപിന് ന്യൂയോർക്ക് ടൈംസിനെ എത്രവേണമെങ്കിലും വിമർശിക്കാമെന്നും എന്നാൽ, മാദ്ധ്യമ പ്രവർത്തനത്തെ മൊത്തത്തിൽ അവഹേളിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണ് തകർക്കുകയെന്നും സുൾസ്ബെർഗർ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ അപഹസിക്കാനും അവഹേളിക്കാനുമാണ് മുഖ്യമന്ത്രി സതീശനും സഹപ്രവർത്തകരും തുനിയുന്നതെങ്കിൽ അതിനുള്ള മറുപടി കാലം തീർച്ചയായും കാത്തുവെയ്ക്കുന്നുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ!

കാശിക്ക് പോകുന്ന സുതാര്യത

സതീശന്റെയും ചെന്നിത്തലയുടെയും ഷാജിയുടെയും സ്്പോൺസർമാർ സാധാരണ മനുഷ്യരല്ല എന്നുറപ്പാണ്. ചാർട്ടേഡ് വിമാനമൊക്കെ സൗജന്യമായി നൽകാൻ കഴിയുന്നവർ ഒരിക്കലും അന്നന്ന് അപ്പത്തിനായി കഷ്ടപ്പെടുന്നവരാവില്ല. സ്്പോൺസർഷിപ്പ് മുതലാളിത്തത്തിന്റെ അവിഭാജ്യഘടകമാണ്. വൻകിട അമേരിക്കൻ വ്യവസായ സ്ഥാപനങ്ങൾ നൽകുന്ന സ്‌കോളർഷിപ്പുകളിൽ പോലും ലാഭത്തിന്റെ കണക്കുകൂട്ടലുകൾ ഉണ്ടെന്നത് ആർക്കെങ്കിലും നിഷേധിക്കാനാവുമോ?

 

സർക്കാർവക കാറില്ലെങ്കിൽ വാടകയ്ക്ക് കാറെടുക്കാൻ സംവിധാനമില്ലാത്ത ദാരിദ്ര്യമൊന്നും കേരളത്തിന്റെ ഖജനാവിൽ ഇല്ല. വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തണമെങ്കിൽ കേരളത്തിന്റെ ആഭ്യന്തരമന്ത്രി സ്വന്തം കയ്യിൽനിന്ന് പണമെടുത്താണ് പോകേണ്ടത്. മുൻ ഡിഎംകെ സർക്കാരിൽ ധനകാര്യ, ഐടി വകുപ്പുകൾ കൈാകാര്യം ചെയ്തിരുന്ന പഴനിവേൽ ത്യാഗരാജനെ കേരളത്തിൽ ഒന്ന് രണ്ട് പരിപാടികൾക്കായി വിളിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കിയ ഒരു കാര്യം താമസത്തിന്റെയും യാത്രയുടെയും ചെലവുകൾ താൻ തന്നെ വഹിക്കുമെന്നാണ്. സംഘാടകരെ അത്ഭുതപ്പെടുത്തിയ സംഗതിയായിരുന്നു അത്.

 

സുതാര്യത വാഗ്ദാനം ചെയ്തുകൊണ്ടാണ് സതീശനും കൂട്ടരും അധികാരത്തിലേറിയതെന്ന് മറക്കരുത്. സ്്പോൺസറുടെ പേര് പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ ധാർഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും ചാർട്ടേഡ് വിമാനത്തിന്റെ പിന്നാമ്പുറം പുറത്തുവന്നിട്ടുണ്ട്.

ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷനാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 19.88 ലക്ഷം രൂപ അടച്ചിരിക്കുന്നത്്. മലയാളികളായ ഡെയ്സി ചെറിയാനും സുനിൽ നാരായണനുമാണ് ചിപസ്ൺ ഏവിയേഷൻ പ്രൊമോട്ടർമാർ. ഈ കമ്പനിയുടെ ഹെലിക്കോപ്്റ്ററാണ് കേരള സർക്കാർ അടുത്തിടെവരെ ഉപയോഗിച്ചിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ചിപ്സന്റെ സേവനം മുൻ പിണറായി സർക്കാർ കരാറാക്കിയത്. കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ചിപ്സൻ കേരള സർക്കാരുമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കർണ്ണാടകയിലെ കോൺഗ്രസ് മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബ ബിസിനസ് ഗ്രൂപ്പായ കേളചന്ദ്രയുടെ ചാർട്ടേഡ് വിമാനമാണ് മലപ്പുറത്തേക്ക് പോകാൻ മുഖ്യമന്ത്രി സതീശൻ ഉപയോഗിച്ചത്. അതായത് കേളചന്ദ്ര ഗ്രൂപ്പിനാണ് ചിപ്സൻ ഏവിയേഷൻ 19.88 ലക്ഷം രൂപ നൽകിയിരിക്കുന്നത്. അങ്ങിനെ വരുമ്പോൾ കാര്യങ്ങൾ അത്ര ലളിതമല്ലല്ലോ മുഖ്യമന്ത്രീ. കരാർ നീട്ടിക്കിട്ടുന്നതിനുള്ള കൈക്കൂലിയായിരുന്നു മലപ്പുറത്തേക്കുള്ള സൗജന്യയാത്ര എന്ന് ആരോപണമുണ്ടായാൽ അതങ്ങിനെയങ്ങ് തള്ളിക്കളയാനാവില്ല. പിണറായി സർക്കാരിനെതിരെ ഉയർത്തിയ വിമർശങ്ങൾ ഇതാ ഇപ്പോൾ സതീശൻ സർക്കാരിനെ തിരിഞ്ഞുകുത്തുകയാണ്.

പിണറായിയും കൂട്ടരും ഇതൊക്കെ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ മേൽ കുതിര കയറരുതെന്നുമാണ് സതീശൻ പറയുന്നത്. എന്തൊരു വൃത്തികെട്ട ഭാഷ്യമാണിതെന്ന് പറയാതെ വയ്യ. പിണറായി ചെയ്്ത തെറ്റുകൾ തുടരാനല്ല താങ്കളേയും കൂട്ടരേയും കേരള ജനത തിരഞ്ഞെടുത്തത്. 19.88 ലക്ഷം രൂപ ചിപ്സൻ ഏവിയേഷന് തിരിച്ചു നൽകുക എന്നത് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യമാണ്. ചങ്ങാത്ത മുതലാളിത്തത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്താണ് സതീശൻ കരിവാരിത്തേച്ചിരിക്കുന്നത്. ഇങ്ങനെയൊരു നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരണമോ എന്നത് കോൺഗ്രസ് നേതൃത്വം അടിയന്തരമായി ആലോചിക്കേണ്ട വിഷയമാണ്. ധാർമ്മികശുദ്ധി നഷ്്ടപ്പെട്ടാൽ പിന്നെ എത്ര പുസ്തകങ്ങൾ വായിച്ചിട്ടും ഒരു കാര്യവുമില്ല.

മുഖ്യമന്ത്രി മലപ്പുറത്തെത്തിയാലേ കാര്യങ്ങൾ നടക്കൂ എന്നാണവസ്ഥയെങ്കിൽ അതിന്റെയർത്ഥം കേരള സർക്കാർ സംവിധാനത്തിന് അടിസ്ഥാനപരമായി എന്തോ പിഴവുണ്ടെന്നാണ്. ഇനിയിപ്പോൾ അത്രയ്ക്കും അടിയന്തര സാഹചര്യമാണെങ്കിൽ ഖജനാവിൽനിന്ന് പണമെടുത്താണ് മുഖ്യമന്ത്രി യാത്രാസംവിധാനം ഒരുക്കേണ്ടത്.

നഗ്നശരീരങ്ങളുടെ പ്രദർശനമോ തെറിപറച്ചിലോ അല്ല അശ്ലീലമെന്നും യുദ്ധത്തിൽ നിരപരാധികളായ മനുഷ്യരെ കൊന്നതിന് ഭരണകൂടം ചാർത്തിക്കൊടുക്കുന്ന മെഡലുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ജനറലിന്റെ പ്രവൃത്തിയും യുദ്ധത്തെ ന്യായീകരിച്ച് ദേവാലയത്തിൽ പ്രസംഗിക്കുന്ന പുരോഹിതന്റെ പ്രവൃത്തിയുമാണ് അശ്ലീലമെന്നും ജർമ്മൻ ചിന്തകനായ ഹെർബർട്ട് മർക്യുസ് ഒരു ലേഖനത്തിൽ എഴുതുന്നുണ്ട്.

വ്യവസായികൾ ഔദാര്യമായി നൽകുന്ന കാറും ബിസിനസ് ക്ലാസും ചാർട്ടേഡ് വിമാനവും ആവേശപൂർവ്വം സ്വീകരിക്കുന്ന നമ്മുടെ ഭരണകർത്താക്കളുടെ പ്രവൃത്തിയും അശ്ലീലമല്ലാതെ മറ്റൊന്നല്ല. ധാർമ്മിക പാപ്പരത്തം നേരിടുന്ന പ്രതിപക്ഷമാണ് മറുവശത്തുള്ളതെന്ന ഒരൊറ്റ ഗാരന്റിയിൽ അധികകാലം മുന്നോട്ടു പോവാൻ യുഡിഎഫ് സർക്കാരിന് കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയുകതന്നെ വേണം.

വഴിയിൽ കേട്ടത്: ബംഗാളിലെ എസ്ഐആറിൽ പുനഃപരിശോധനയ്ക്കായി നൽകിയ 38 ലക്ഷം അപേക്ഷകളിൽ 1,22,000 അപേക്ഷകളാണ് ഇതുവരെ തീർപ്പാക്കിയതെന്നും ഇതിൽ 1,13,943 പേരെയും തിരികെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. അതായത് 1,22,000 അപേക്ഷകരിൽ 93 ശതമാനം പേരും യഥാർത്ഥ വോട്ടർമാരായിരുന്നു. ഇവരുടെ വോട്ടവകാശമാണ് ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പലവട്ടം എതിർത്തിട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്ഐആറുമായി മുന്നോട്ട് പോവുകയായിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന അറിവാണ്. ആത്മാർത്ഥതയും ഉത്തരവാദിത്വബോധവും ഉണ്ടെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ആ സ്ഥാനത്ത് തുടരാൻ ഇനിയും എന്ത് അർഹതയാണുള്ളത്?