
റേഡിയോയില്‍ നിന്നല്ല 'സൂര്യകിരീടം' ആദ്യം കേട്ടത്. ഓഡിയോ കാസറ്റില്‍ നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തില്‍ നിന്നാണ്.
തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവില്‍ കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയില്‍ രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയില്‍ ചാരിയിരുന്ന് ഗിരീഷ് പാടുന്നു: 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍,
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു
നീറും നിഴലുകളാടുന്നൂ...'
'ദേവാസുര'ത്തിന്റെ ഗാനസൃഷ്ടി കഴിഞ്ഞു മംഗലശ്ശേരി നീലകണ്ഠന്റെ 'ഒറിജിനല്‍'' മുഖമായ പ്രിയപ്പെട്ട മുല്ലശ്ശേരി രാജഗോപാലിനെ കാണാന്‍ എത്തിയതായിരുന്നു ഗിരീഷ്. 'നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം'' എന്ന ചരണമെത്തിയപ്പോള്‍ അറിയാതെ കണ്ണുകള്‍ ചിമ്മി ഗിരീഷ്. ഏതോ നിഗൂഢ വഴികളിലൂടെ ഏകാന്തമായി സഞ്ചരിക്കുകയായിരുന്നിരിക്കണം ആ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സ്.
ആദ്യ ചരണം പാടിനിര്‍ത്തിയ ശേഷം എന്റെ മുഖത്തു നോക്കി ചെറിയൊരു ചിരിയോടെ ഗിരീഷ് പറഞ്ഞു: 'മേന്‍നേ, ഇനിയുള്ള ഭാഗം കേട്ടോളി. ട്യൂണിട്ടെഴുതിയ വരികളാണ് എന്നോര്‍ക്കണം.' കണ്ണുകളടച്ചു ഗിരീഷ് വീണ്ടും പാട്ടിലേക്ക്:
'അഗ്‌നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ
ഇഹപരശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ...'
രണ്ടു തവണ കൂടി ആവര്‍ത്തിച്ച് പാടി ഗിരീഷ് ആ ഭാഗം. അത്രകണ്ട് ഇഷ്ടപ്പെട്ടെഴുതിയ വരികളായതിനാലാവണം. എംജി രാധാകൃഷ്ണന്റെ ഈണത്തില്‍ എംജി ശ്രീകുമാര്‍ ഹൃദയം നല്‍കി പാടിയ 'സൂര്യകിരീടം' ഐവി ശശിയുടെ ഹൃദയസ്പര്‍ശിയായ ചിത്രീകരണത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയില്‍ കണ്ടപ്പോഴാണ് ആ വരികളുടെ ആഴം പൂര്‍ണമായി ഉള്‍ക്കൊള്ളാനായത്. സൂര്യകിരീടമില്ലാതെ എന്ത് ദേവാസുരം എന്ന് തോന്നി അപ്പോള്‍.
പിന്നീടെത്രയോ തവണ കേട്ടിട്ടുണ്ടാകും ആ ഗാനം; റേഡിയോയില്‍, ടേപ്പ് റെക്കോര്‍ഡറില്‍, ടെലിവിഷനില്‍, ഐപാഡില്‍, കംപ്യൂട്ടറില്‍, മൊബൈല്‍ ഫോണില്‍.... ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ ആദ്യകേള്‍വിയുടെ സുഖമൊന്നു വേറെ. മൂന്നരപ്പതിറ്റാണ്ടിനപ്പുറത്തു നിന്ന് ഗിരീഷിന്റെ ശബ്ദത്തില്‍ ഇന്നും കാതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു സൂര്യകിരീടം.
'ശ്രീക്കുട്ടന്‍ ഇന്നോളം പാടിയവയില്‍ വെച്ച് ഏറ്റവും മനോഹരമായ പാട്ടായിരിക്കും ഇത്. അസാധ്യ ഭാവം കൊടുത്താണ് പാടിയിരിക്കുന്നത്. കേട്ടുനോക്കിയാല്‍ അറിയാം. ''- പാട്ട് പാടിക്കേള്‍പ്പിച്ച ശേഷം, ശ്രോതാക്കളായ ഞങ്ങളിലെല്ലാം ആകാംക്ഷ വളര്‍ത്തിക്കൊണ്ട് ഗിരീഷ് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്. എന്നെ ചൂണ്ടിയായിരുന്നു അടുത്ത വാചകങ്ങള്‍. 'ഇതുവരെയുള്ള എന്റെ പടങ്ങളുടെയെല്ലാം കാസറ്റ് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്; റിവ്യൂ എഴുതാന്‍ വേണ്ടി. പക്ഷേ, എന്തു വന്നാലും ഈ പടത്തിന്റെ കാസറ്റ് ഞാന്‍ കൊണ്ടുതരില്ല. തന്നാല്‍ അത് നിങ്ങളുടെ എഴുത്തിനെ സ്വാധീനിക്കും. ഒരു സ്വാധീനവുമില്ലാതെ നിഷ്പക്ഷമായി നിങ്ങള്‍ റിവ്യൂ ചെയ്യണം. അതെന്റെ ഒരാഗ്രഹമാണ്. മോശമെങ്കില്‍ മോശം എന്നെഴുതിക്കൊള്ളൂ. ഞാന്‍ പരിഭവിക്കില്ല...''

മോശം എന്നെഴുതേണ്ടി വന്നില്ല എന്നതാണ് സത്യം. അത്രയും തികവാര്‍ന്നതായിരുന്നു ആ ഗാനശില്പം. കഥാസന്ദര്‍ഭത്തോട് പൂര്‍ണമായി ചേര്‍ന്നുനിന്ന ഒന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് അളകാപുരിയില്‍ എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കവേ ഗിരീഷ് പറഞ്ഞ വാക്കുകള്‍ ഈ നിമിഷവും മനസ്സിനെ തൊടുന്നു; കണ്ണുകള്‍ സജലങ്ങളാക്കുന്നു: 'എന്റെ സൂര്യകിരീടത്തിനെ പറ്റി ആദ്യം കുറെ നല്ല വാക്കുകള്‍ എഴുതിയത് ഈ ഇരിക്കുന്ന മനുഷ്യനാണ്. അന്നെനിക്ക് തോന്നിയ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.'' പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് തമാശയായി ഒരു വാചകം കൂടി: 'പറഞ്ഞാല്‍ ഇയാള്‍ അഹങ്കരിക്കും. അതുകൊണ്ടാണ്.''
എഴുതിയ അസംഖ്യം പാട്ടുകളില്‍ 'സൂര്യകിരീട''ത്തോട് സവിശേഷമായ ഒരടുപ്പമുണ്ട് ഗിരീഷിന്. ഇഷ്ടഗാനമായി ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ താന്‍ തിരഞ്ഞെടുക്കുക സൂര്യകിരീടമാണ് എന്നെഴുതി ഒരിക്കല്‍ ഗിരീഷ്. ഗാനരചനാ ജീവിതത്തില്‍ വഴിത്തിരിവായി മാറി എന്നതുകൊണ്ട് മാത്രമല്ല ആ തിരഞ്ഞെടുപ്പ്. എത്രയോ അജ്ഞാതരുടെ ഹൃദയങ്ങളെ ചെന്ന് തൊട്ടു എന്നതുകൊണ്ടുമല്ല. 'ആ ഗാനത്തില്‍ എന്റെ ആത്മാംശമുള്ളതു പോലെ തോന്നും ചിലപ്പോള്‍. സ്വന്തം രചനകളില്‍ എന്റെ കണ്ണു നനയിച്ച പാട്ടാണത്. വരികളുടെ മാത്രം മേന്മയാണെന്ന അവകാശവാദമില്ല. രാധാകൃഷ്ണന്‍ ചേട്ടന്റെ സംഗീതവും ശ്രീക്കുട്ടന്റെ ഹൃദയസ്പര്‍ശിയായ ആലാപനവും ശശിയേട്ടന്റെ ചിത്രീകരണവും മോഹന്‍ലാലിന്റെ അഭിനയവുമൊക്കെ ചേര്‍ന്ന് അതിനൊരു വല്ലാത്ത വൈകാരിക തലം സമ്മാനിച്ചു എന്നു വേണം പറയാന്‍. ..''
'ദേവാസുര''ത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ഏറ്റവുമധികം അഹങ്കരിച്ചിരുന്നത് തന്റെ അച്ഛന്റെ പേരിലാണ്. എന്നാല്‍ താന്‍ ആരുടെ മകനാണോ അയാള്‍ തന്റെ അച്ഛനല്ല എന്നറിയുന്ന നിമിഷം നീലകണ്ഠനുണ്ടാവുന്ന അഭിമാനക്ഷതമുണ്ടല്ലോ, അതാണ് സൂര്യകിരീടത്തിന്റെ ഗാനസന്ദര്‍ഭം. 'ജീവിതമാകുന്ന അരങ്ങില്‍ കത്തിവേഷമായി ആടിയ നീലന്റെ മൂര്‍ദ്ധാവില്‍ നിന്ന് പൊടുന്നനെ കിരീടം വീണുപോയ അവസ്ഥ. ആ വിഷമസന്ധി മനസ്സിലുറപ്പിച്ചാണ് ഞാന്‍ ആ ഗാനം രചിച്ചത്.'' - ഗിരീഷ്.
ഉറക്കം നഷ്ടപ്പെടുത്തിയ പാട്ടാണതെന്ന് ഒരിക്കല്‍ 'ദേവാസുര'ത്തിന്റെ സംവിധായകന്‍ ഐവി ശശി പറഞ്ഞുകേട്ടതോര്‍ക്കുന്നു. 'സുഖസുഷുപ്തിയിലാണ്ടു കിടക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ കോട്ടേജില്‍ നിന്ന് ഒരു പയ്യന്‍ എന്നെ വന്നു വിളിച്ചുണര്‍ത്തിയത്. എംജി രാധാകൃഷ്ണന്‍ സാര്‍ പെട്ടെന്ന് കാണണമെന്ന് പറയുന്നു - അവന്‍ പറഞ്ഞു. കണ്ണ് തിരുമ്മി എഴുന്നേറ്റു ചെന്നപ്പോള്‍ ഹാര്‍മോണിയവുമായി നിലത്തിരിക്കുകയാണ് രാധാകൃഷ്ണന്‍. തിരക്കഥാകൃത്ത് രഞ്ജിത്തും എംജി ശ്രീകുമാറുമുണ്ട് തൊട്ടരികെ എന്നാണോര്‍മ്മ.

'ഒരു ട്യൂണ്‍ ശരിയായിട്ടുണ്ട്, കേള്‍ക്കണം - രാധാകൃഷ്ണന്‍ പറഞ്ഞു. ചെഞ്ചുരുട്ടി രാഗത്തിലാണ്. രാഗമൊക്കെ സംഗീതസംവിധായകന്റെ ആശയം തന്നെ. പൊതുവെ മലയാളത്തില്‍ ചെഞ്ചുരുട്ടിയിലുള്ള പാട്ടുകള്‍ അധികമില്ല. കഥകളിയിലൊക്കെ ഉപയോഗിച്ചുകേട്ടിട്ടുണ്ട്. സിനിമയിലെ സിറ്റുവേഷന് അതിണങ്ങുമെന്ന് തോന്നിയിരിക്കണം രാധാകൃഷ്ണന്. ഹാര്‍മോണിയത്തില്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ച നേര്‍ത്ത വിഷാദസ്പര്‍ശമുള്ള ഈണത്തില്‍ 'ദേവാസുര''ത്തിന്റെ ആത്മാവ് മുഴുവന്‍ അലിഞ്ഞു ചേര്‍ന്നിരുന്നുവെന്ന് ശശി. 'സത്യം പറഞ്ഞാല്‍ ആ ട്യൂണ്‍ കേട്ടതോടെ എന്റെ ക്ഷീണം പമ്പ കടന്നു. വരികള്‍ എഴുതാന്‍ ഉടനെ ഗിരീഷിനെ വിളിച്ചു വരുത്തി.
'പാട്ടിന്റെ തുടക്കത്തിലെ വാക്ക് ആയിരുന്നു ഗിരീഷിന്റെ പ്രശ്‌നം. അഞ്ചാറു തവണ ഗിരീഷ് ആദ്യ വരി മാറ്റിയെഴുതിക്കണ്ടത് അന്നാദ്യമായാണ്. ഒടുവില്‍ സൂര്യകിരീടം എന്ന വാക്ക് കിട്ടിയപ്പോള്‍ എന്തൊരു ആഹ്‌ളാദവും ആശ്വാസവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം. മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു അത്.'' എല്ലാവര്‍ക്കും വേണ്ടി അന്ന് രാത്രി മുഴുവന്‍ എംജിആറിന്റെ ഹാര്‍മോണിയത്തില്‍ നിന്ന് നേര്‍ത്ത നൊമ്പരത്തോടെ ചെഞ്ചുരുട്ടി ഒഴുകിക്കൊണ്ടേയിരുന്നു.
ഭക്തിഗാനങ്ങളിലാണ് ചെഞ്ചുരുട്ടി രാഗത്തിന്റെ സാദ്ധ്യതകള്‍ അതിനു മുന്‍പ് മലയാളത്തിലെ സംഗീത സംവിധായകര്‍ അപൂര്‍വ്വമായെങ്കിലും പരീക്ഷിച്ചിട്ടുള്ളത്. 'കുമാരസംഭവ''ത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ 'എല്ലാം ശിവമയം ശിവശക്തിമയം'' ഓര്‍ക്കുക. ചെഞ്ചുരുട്ടിയുടെ സ്പര്‍ശമുള്ള ചലച്ചിത്രേതര ഭക്തിഗാനങ്ങള്‍ വേറെയുമുണ്ട്: ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം (പുഷ്പാഞ്ജലി - പികെ കേശവന്‍ നമ്പൂതിരി), കായാമ്പൂക്കള്‍ (വനമാല - പികെ കേശവന്‍ നമ്പൂതിരി), നിന്നെ കണ്ടു കൊതിതീര്‍ന്നൊരു (അയ്യപ്പന്‍ പാട്ടുകള്‍ - ദക്ഷിണാമൂര്‍ത്തി) എന്നിവ ഉദാഹരണം. എന്നാല്‍ സൂര്യകിരീടത്തിന് പൂര്‍വ്വമാതൃകകള്‍ ഇല്ലേയില്ല.
ഗായകന്‍ ജി ശ്രീറാം പങ്കുവെക്കുന്ന ഈ ഓര്‍മ്മ കൂടി കേള്‍ക്കുക: 'ചെഞ്ചുരുട്ടി രാഗത്തില്‍ ഇതേ ഈണവുമായി സാമ്യമുള്ള മറ്റൊരു ഗാനം അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എംജി രാധാകൃഷ്ണന്‍ ചേട്ടന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് - ഒരു നൃത്ത നാടകത്തിനു വേണ്ടി. രാജതന്ത്രങ്ങളില്‍ കാര്യം അരമനനാരിമാര്‍ക്കില്ല നീയറിഞ്ഞീടുക എന്നായിരുന്നു ആ പാട്ടിന്റെ തുടക്കം. നാടകത്തില്‍ രാവണന്റെ കഥാപാത്രം പാടുന്ന ആ പാട്ടിന് ശബ്ദം നല്‍കിയത് ഞാന്‍. എന്നാല്‍ ആ ഗാനത്തിന്റെ ഭാവം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഒരിക്കല്‍ ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പഴയ പാട്ടിന്റെ കാര്യം രാധാകൃഷ്ണന്‍ ചേട്ടന് ഓര്‍മ്മവന്നത് തന്നെ.''
ഗിരീഷിന്റെ വിയോഗവാര്‍ത്തയറിഞ്ഞു വിളിച്ചപ്പോള്‍ ക്ഷീണിതമായ ശബ്ദത്തില്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ ഫോണിലൂടെ പാടിക്കേള്‍പ്പിക്കാന്‍ ശ്രമിച്ച വരികളില്‍ തീവ്രവേദനയുടെ, നഷ്ടബോധത്തിന്റെ നിഴലാട്ടമുണ്ടായിരുന്നു: 'അഗ്‌നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ' എന്ന വരി പ്രയാസപ്പെട്ട് പാടി നിര്‍ത്തിയശേഷം ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞു: 'അവന്‍ പോയി. മോക്ഷം കിട്ടി അവന്. പാവം ...'
നാല് മാസം കൂടി കഴിഞ്ഞു ഒരു ജൂലായ് രണ്ടിന് രാധാകൃഷ്ണന്‍ ചേട്ടനും യാത്രയായി; വീണുടഞ്ഞിട്ടും തിളക്കം നഷ്ടപ്പെടാത്ത ഒരു സൂര്യകിരീടം നമുക്കായി ബാക്കിവെച്ചുകൊണ്ട്.
Content Highlights: gireesh puthenchery, devasuram, suryakireedam, ravi menon, melayalam melody, music
Published: 01 Mar 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented