വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞപോലെ കിഫ്ബി ഇപ്പോൾ ഒരു തിരികല്ലായി കേരളത്തിന്റെ കഴുത്തിൽ കുടുങ്ങിക്കിടക്കുന്നു. ഈ ബാദ്ധ്യത എടുത്ത് മാറ്റുന്നതിനുള്ള അവസരമാണ് സതീശൻ സർക്കാരിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഇനിയും ശസ്ത്രക്രിയ വെച്ചു താമസിപ്പിച്ചാൽ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില അത്യധികം കടുത്തതായിരിക്കും.

2021-ൽ തമിഴ്നാട് ധനമന്ത്രിയായി ചുമതലയേറ്റ പഴനിവേൽ ത്യാഗരാജനുമായി(പി.ടി.ആർ.) നടത്തിയ അഭിമുഖത്തിൽ ഈ ലേഖകൻ ചോദിച്ച ഒരു ചോദ്യം ഇടത് സർക്കാരിന്റെ കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിക്കപ്പെട്ട കിഫ്ബി (കേരള ഇൻവെസ്റ്റ്മെന്റ് ഇൻഫ്രസ്ട്രക്ചർ ഫണ്ട് ബോർഡ്)യെക്കുറിച്ചായിരുന്നു. അത് വേണോ എന്ന മട്ടിൽ അർത്ഥഗർഭമായ ഒരു ചിരിയായിരുന്നു ആദ്യം മറുപടിയായി വന്നത്. ബാങ്കിങ് മേഖലയിൽ അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമയെന്ന നിലയിൽ കിഫ്ബിയെ വിലയിരുത്തണമെന്ന് പറഞ്ഞപ്പോൾ പി.ടി.ആർ. പറഞ്ഞത് ബജറ്റിന് പുറത്ത് നിന്നുകൊണ്ടുള്ള കടമെടുപ്പിൽ തനിക്ക് താൽപര്യമില്ലെന്നാണ്. എന്നിട്ടദ്ദേഹം 2013-ൽ തമിഴ്നാട്ടിൽ ജയലളിത സർക്കാർ ഇത്തരമൊരു സംരംഭത്തിന് താൽപര്യമെടുത്തതിനെക്കുറിച്ച് പറഞ്ഞു.
വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന് മുന്നിൽ കാത്തുകെട്ടി നിൽക്കാതെ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, പല വിധ തടസ്സങ്ങൾ കാരണം ആ പദ്ധതിയുമായി മുന്നോട്ടു പോകാൻ ജയലളിത സർക്കാരിന് കഴിഞ്ഞില്ല. പകരം അന്ന് ജയലളിത സർക്കാർ രൂപം നൽകിയ തമിഴ്നാട് ഇൻഫ്രസ്ട്രക്്ചർ ഡവലപ്മെന്റ് ബോർഡ് ഇപ്പോഴുമുണ്ട്. പക്ഷേ, കിഫ്ബിയും ടി.എൻ.ഐ.ഡി.ബിയും സമാന്തര പാതകളാണ്. കടമെടുത്ത് കടം വീട്ടുകയല്ലച സ്വകാര്യ മേഖലയയ്ക്ക് സംസ്ഥാനത്തെ വികസപ്രക്രിയയിൽ പങ്കാളിത്തത്തിന് അവസരമൊരുക്കുകയാണ് ടി.എൻ.ഐ.ഡി.ബി. മുഖ്യമായും ചെയ്യുന്നത്. അതുകൊണ്ടുതന്നെ കടമെടുത്ത് മുടിയുന്ന പരിപാടിയില്ല.
മസാല ബോണ്ടിന്റെ 'വിപ്ലവം'
വിത്തെടുത്ത് കുത്തിയാൽ എത്ര നാൾ മുന്നോട്ടു പോകാനാവുമെന്നാണ് പി.ടി.ആർ. ചോദിച്ചത്. തത്വത്തിൽ ഗംഭീരമെന്ന് തോന്നുമെങ്കിലും പ്രയോഗത്തിലേക്കെത്തുമ്പോൾ കിഫ്ബി പോലുള്ള ഏജൻസികൾ പ്രശ്നമാവുമെന്നും പി.ടി.ആർ. ചൂണ്ടിക്കാട്ടി. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് പോലെ പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നത് ഗൗരവമാർന്ന സംഗതിയാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറിയേക്കാമെന്നും പി.ടി.ആർ. മുന്നറിയിപ്പ് നൽകി. ഇന്നിപ്പോൾ സുധ പിള്ള കമ്മിറ്റി റിപ്പോർട്ടിന്റെ വരവോടെ കേരളത്തിൽ കിഫ്ബിക്ക് മരണമണി മുഴങ്ങുമ്പോൾ പി.ടി.ആറിന്റെ വാക്കുകൾ പ്രവചനാത്മകമായിരുന്നുവെന്ന് കാണാതിരിക്കാനാവില്ല.
കിഫ്ബിയുടെ വിപ്ലവം എന്ന നിലയ്ക്ക് മുൻ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച മസാല ബോണ്ടുകളുടെ ആകർഷണീയതയും പി.ടി.ആർ. ചോദ്യം ചെയ്തു. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണ്ണതകൾ അറിയാമെന്നും ഹ്രസ്വകാലയളവിലേക്ക് മസാല ബോണ്ടുകൾ രക്ഷകരായേക്കാമെങ്കിലും ദീർഘകാലയളവിൽ ബാദ്ധ്യതയാവുമെന്നും പി.ടി.ആർ. പറഞ്ഞു. കടം വാങ്ങി സബ്സിഡി നൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശ കൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതി വിശേഷമുണ്ടാവുമെന്നും പി.ടി.ആർ. വ്യക്തമാക്കി.
2,150 കോടി രൂപയുടെ സാമഹരണം ലക്ഷ്യമിട്ട് ഇറക്കിയ ബോണ്ടുകൾക്ക് 9.723 ശതമാനമാണ് പലിശ. നാട്ടിൽ സഹകരണബാങ്കുകൾ പോലും എട്ട് ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്നില്ല. ലണ്ടൻ ഇന്റർബാങ്ക് ഓഫേഡ് റേറ്റ് വെറും മൂന്ന് ശതമാനമായിരുന്നപ്പോഴാണ് ഐസക്ക് 9.273 ശതമാനം പലിശ വാഗ്ദാനം ചെയ്തതെന്ന് സാമ്പത്തിക വിദഗ്ദൻ ഡോക്ടർ കെ.ടി. റാംമോഹൻ 'Of Bonds and Bondage' എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സുധ പിള്ള കമ്മിറ്റിയും നിശിതവിമർശമാണ് മസാല ബോണ്ട് വിഷയത്തിൽ ഉയർത്തിയത്. പലിശയിനത്തിൽ ഒരു വർഷം 109 കോടി രൂപയാണ് ഇതുവഴി കൊടുക്കേണ്ടിയിരുന്നത്. അതായത് അഞ്ച് കൊല്ലം കൊണ്ട് പലിശ മാത്രം 1,045 കോടിയാവും. മുതലിന്റെ ഏകദേശം പകുതി. ഐസക്ക് സഖാവിന്റെ ഈ ബുദ്ധിക്കുള്ള വിലയാണ് ഇപ്പോൾ കേരളം കൊടുത്തുകൊണ്ടിരിക്കുന്നതെന്നാണ് സുധ പിള്ള കമ്മിറ്റി പറയുന്നത്്.
ബജറ്റിന് പുറത്തുള്ള കളി
കിഫ്ബിയുടെ കടവും സംസ്ഥാന സർക്കാരിന്റെ ധനസമാഹരണത്തിൽതന്നെ വരുമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെ വാസ്തവത്തിൽ കിഫ്ബിയുടെ തലവര തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 25,932 കോടി രൂപയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്റെ കണ്ണുവെട്ടിച്ച് കിഫ്ബിയിലൂടെ യഥേഷ്ടം കടമടെുക്കാമെന്ന സുന്ദരസ്വപ്നത്തിന് ഇതോടെ പരിസമാപ്തിയായി.
കേരളത്തെ രക്ഷിക്കുകയെന്ന സദുദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്ന് ഐസക്ക് പറയുന്നത് തള്ളിക്കളയേണ്ട കാര്യമില്ല. ഉള്ളിന്റെയുള്ളിൽ ഐസക്കിന് തീർച്ചയായും നല്ല ഉദ്ദേശ്യങ്ങൾ മാത്രമായിരിക്കാം ഉണ്ടായിരുന്നത്. പക്ഷേ, ഈ ഉദ്ദേശ്യങ്ങൾ എത്രമാത്രം പ്രായോഗികമായി സാധുവാകുമെന്ന് മുൻകൂട്ടിക്കാണാൻ ഐസക്കിനും കൂട്ടർക്കും കാണാതെ പോയി. വരുമാനം വരുന്നില്ലെങ്കിൽ ഒരു പദ്ധതിയും വിജയിക്കില്ലെന്നത് അടിസ്ഥാന സാമ്പത്തികശാസ്ത്രമാണ്. കിഫ്ബി ഏറ്റെടുത്ത 44 പദ്ധതികളിൽ വെറും മൂന്നെണ്ണം മാത്രമാണ് സാമ്പത്തിക സുസ്ഥിരത പ്രദാനം ചെയ്യുന്നതെന്നാണ് സുധ പിള്ള കമ്മിറ്റിയുടെ കണ്ടെത്തൽ.
ബജറ്റിന് പുറത്തുള്ള കളിയെന്ന് പറഞ്ഞാൽ നിയമസഭയുടെ അനുമതി ഇല്ലാത്ത കളിയാണത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. കിഫ്ബി എന്ന ആശയം 1999-ൽ നായനാർ സർക്കാരിന്റേതായിരുന്നു. 2014-ൽ മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഇതിനെയൊന്ന് പരിഷ്കരിക്കാൻ ശ്രമിച്ചു. കിഫ്ബിയുടെ അലകും പിടിയും മാറ്റാനുള്ള നിയോഗം പക്ഷേ, തോമസ് ഐസക്കിനായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം ഐസക്ക് കിഫ്ബി അഴിച്ചുപണിതത്. അതോടെ, കിഫ്ബിയുടെ അദ്ധ്യക്ഷ സ്ഥാനം ചീഫ് സെക്രട്ടറിയിൽനിന്നു മുഖ്യമന്ത്രിയിലേക്കെത്തി. വൈസ് ചെയർ പേഴ്സൺ എന്ന പുതിയ തസ്തികയിലൂടെ ധനമന്ത്രിയും കിഫ്ബിയുടെ അമരത്തേക്കെത്തി.
കോർപറേറ്റുവത്കരണം
കിഫ്ബിയുടെ കോർപറേറ്റുവത്കരണമാണ് ഐസക്കിലൂടെ സംഭവിച്ചതെന്നത് വല്ലാത്തൊരു വിരോധാഭാസമായിരുന്നു. 2016-ൽ മുഖ്യമന്ത്രി പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഐ.എം.എഫ്. പശ്ചാത്തലമുള്ള ഗീത ഗോപിനാഥ് നിയമിതയായതും ഇതോടൊപ്പം ചേർത്തുവായിക്കണം. ഇടത് സാമ്പത്തിക വക്താക്കളായ പ്രഫ. പ്രഭാത് പട്നായിക്കിനെപ്പോലുള്ളവരെ ഞെട്ടിപ്പിച്ച നിയമനമായിരുന്നു ഗീതയുടേത്.
വരുമാനത്തിന്റെ കാര്യത്തിൽ ഒരുറപ്പുമില്ലാതെ കിഫ്ബി കളിച്ച കളികളിൽ ക്ലാസ്സിക് ഉദാഹരണമാണ് കെ റെയിലിന്റേത്. പിണറായി സർക്കാരിന്റെ ഈ സ്വപ്നപദ്ധതി പൂർത്തിയാവുമ്പോൾ ഒരു ലക്ഷം കോടി രൂപയെങ്കിലും ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, കെ റെയിൽ എന്നേക്ക് ലാഭത്തിലാവുമെന്ന് ഒരാൾക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. കൂറ്റനാട്ടുനിന്ന് അപ്പക്കച്ചവടക്കാർക്ക് കൊച്ചിയിലെത്തി നിത്യേന അപ്പം വിറ്റു കൈനിറയെ കാശുമായി തിരിച്ചുപോകാനാവുമെന്ന എം.വി. ഗോവിന്ദൻ സിദ്ധാന്തത്തിന് പരിസരമൊരുക്കി എന്നല്ലാതെ കെ റെയിലിന്റെ സാമ്പത്തിക സുസ്ഥിരത വലിയൊരു ചോദ്യചിഹ്നമായിരുന്നു. ജനകീയാസൂത്രണത്തിന്റെ വക്താവായിരുന്ന ഐസക്ക് കെ റെയിലിൽ ജനങ്ങളുടെ എതിർപ്പ് കാണാതെ പോയത് കോർപറേറ്റുവത്കരണത്തിന്റെ മറ്റൊരു അനുരണനമായിരുന്നു.
വെള്ളാനകൾ ഉണ്ടാവുന്നത്
കടമടുത്താൽ കടം വീട്ടാനുള്ള വരുമാനവും കഴിവുമുണ്ടാകണം. അത്തരത്തിലുള്ള പദ്ധതികൾക്ക് പകരം എടുത്ത കടം വീട്ടാൻ വീണ്ടും കടമടെുക്കുന്ന ദുരവസ്ഥയിലേക്കാണ് കിഫ്ബി കേരളത്തെ എത്തിച്ചത്. മൊത്തത്തിൽ 75,000 കോടി രൂപയുടെ ബാദ്ധ്യതയാണ് നിലവിൽ കിഫ്ബിയിലൂടെ കേരളത്തിനുള്ളതെന്ന് സുധ കമ്മിറ്റി പറയുന്നു. 40 ജീവനക്കാരെ നിയമിക്കാനായിരുന്നു കിഫ്ബിക്കുള്ള സമ്മതിപത്രം. പക്ഷേ, നിലവിൽ 498 പേരാണ് കിഫ്ബിയിൽ ജോലി നോക്കുന്നത്. വെള്ളാനകൾ ഉണ്ടാകുന്നതെങ്ങിനെ എന്നുള്ളതിന് സമകാലിക കേരളത്തിന്റെ ഉത്തരമാണ് കിഫ്ബി എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
വൻകിട പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിലും കേരളത്തിൽ സ്കൂളുകളും ആസ്പത്രികളും റോഡുകളുമൊക്കെ നവീകരിക്കുന്നതിലും കിഫ്ബി വഹിച്ച പങ്ക് കാണാത്തവരാണ് വിമർശിക്കുന്നതെന്ന് ഐസക്ക് പറയുന്നുണ്ട്. കിഫ്ബിക്ക് മുമ്പും കേരളത്തിൽ വൻകിട പദ്ധതികളുണ്ടായിരുന്നെന്നും കിഫ്ബിയെ ഐസക്കും കൂട്ടരും അഴിച്ചുപണിയുന്നതിനും മുമ്പേയാണ് കേരളത്തിന്റെ സ്വന്തം വികസന മാതൃക ആഗോളശ്രദ്ധ പിടിച്ചുപറ്റിയതെന്നും ഐസക്ക് സൗകര്യപൂർവ്വം മറക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളവും ഗോശ്രീ പദ്ധതിയുമൊക്കെ ഈ ഘട്ടത്തിൽ ഓർക്കുകതന്നെ വേണം.
അധികാര കേന്ദ്രീകരണം
കിഫ്ബി അട്ടിമറിച്ച മറ്റൊരു സംഗതി പഞ്ചായത്തി രാജ് വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണമാണ്. അധികാരം ജനങ്ങളിലേക്ക് എന്നതാണ് ഇടതുപക്ഷ സർക്കാരുകളെ ശ്രദ്ധേയമാക്കുന്നതെന്ന് പറയുമ്പോൾ പ്രഭാത് പട്നായിക്കിനെപ്പോലുള്ളവർ വിരൽ ചൂണ്ടിയിരുന്ന കേരളത്തിന്റെ വികസന മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു. അതാത് പ്രദേശങ്ങളിലെ വികസന ആവശ്യങ്ങൾ പ്രാദേശിക തലത്തിൽതന്നെ കണ്ടെത്തുകയും അതിനുള്ള നടപടികൾക്ക് ആവശ്യമായ ഫണ്ടുകൾ പഞ്ചായത്തുകൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ജനകീയ ആസൂത്രണം അതിന്റെ എല്ലാ അർത്ഥത്തിലും പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷം കേരളത്തിലുണ്ടായിരുന്നു. എന്നാൽ, കിഫ്ബിയുടെ വരവോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലപ്പോഴും നോക്കുകുത്തികളായി. മുകളിൽനിന്നു പദ്ധതികൾ അടിച്ചേൽപിക്കപ്പെടുന്ന അവസ്ഥാവിശേഷം ഉരുത്തിരിഞ്ഞു.
പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് കിട്ടിയത് 3.86 ശതമാനമായിരുന്നെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷനിലേക്കെത്തുമ്പോൾ അത് 1.92 ശതമാനമായി കുറയുന്നു. ആ ഇനത്തിൽ മാത്രം അഞ്ച് വർഷം കൊണ്ട് കേരളത്തിന് 81,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പതിനാറാം ധനകാര്യ കമ്മീഷൻ ഈ വിഹിതം 2.382 ശതമാനമായി ഉയർത്തിയിട്ടുണ്ട്. പക്ഷേ, അപ്പോഴും പൂർവ്വസ്ഥിതി ആയിട്ടില്ല. കേന്ദ്ര വിഹിതത്തിലുള്ള ഈ ഇടിവ് നികത്താൻ ഐസക്ക് കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു കിഫ്ബി. പക്ഷേ, എല്ലായിടത്തുമെന്നതുപോലെ കുറുക്കുവഴികൾ ഒന്നിനുമൊന്നിനും ശാശ്വത പരിഹാരമല്ല.
ഉയരുന്ന പൊതുകടം
കടമെടുക്കാൻ കിഫ്ബിയും തിരിച്ചടക്കാൻ സംസ്ഥാന സർക്കാരും എന്ന അവസ്ഥയ്ക്കാണ് ആത്യന്തികമായി കേരളം സാക്ഷ്യം വഹിച്ചത്. കിഫ്ബിയുടെ കടങ്ങൾക്ക് സംസ്ഥാന സർക്കാരാണ് തിരിച്ചടക്കൽ ഉറപ്പ് നൽകുന്നത്. ധനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടനെ 2016 ജൂണിൽ തോമസ് ഐസക്ക് കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രമിറക്കിയിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുകടം 78,673.44 കോടിയിൽനിന്ന് 1,50,000 കോടിയായി ഉയർന്നുവെന്നതായിരുന്നു അതിലെ മുഖ്യ കുറ്റച്ചാർത്ത്. പത്ത് കൊല്ലത്തിനിപ്പുറം പിണറായി സർക്കാർ 2026-ൽ അധികാരം ഒഴിഞ്ഞപ്പോൾ കേരളത്തിന്റെ കടം 5.7 ലക്ഷം കോടി രൂപയാണ്. ഇതിലേക്കുള്ള കിഫ്ബിയുടെ സംഭാവന ഐസക്ക് സഖാവ് ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല.
കിഫ്ബിയുടെ ചെലവിലേക്കായി സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവെയ്ക്കാനും സംസ്ഥാന സർക്കാർ നിർബ്ബന്ധിതമായി. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സിൽനിന്നുള്ള വരുമാനവും ഇങ്ങനെ കിഫ്ബിയിലേക്ക് പോയി. മൊത്തത്തിൽ 24,764.64 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ കിഫ്ബിക്ക് നൽകിയത്. ജി.എസ്.ടി. നടപ്പായതോടെ മൊത്തത്തിൽ ശുഷ്കിച്ച കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഈ വരുമാനത്തിനുള്ള പങ്ക് ചെറുതല്ലെന്ന് മറക്കരുത്.
ഭൂമി വാങ്ങൽ വിവാദം
കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ 13,103 കോടി രൂപയുടെ അധികച്ചെലവുണ്ടായതായാണ് സുധ പിള്ള കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കിയിരുന്നെങ്കിൽ 61,678.46 കോടി രൂപ വിതരണം ചെയ്യാനാവുമായിരുന്നു. എന്നാൽ, കിഫ്ബി വഴിയായപ്പോൾ അത് 48,574.82 കോടി രൂപയായി ചുരുങ്ങി. കിഫ്ബി പുറത്തുവിട്ട കണക്കുപ്രകാരം 2024- 25ൽ കിഫ്ബിയുടെ വരുമാനം 5,37,004.58 രൂപയായിരുന്നു. ചെലവ് 6, 69,337.05 രൂപയും.ഈ നഷ്ടം നികത്താൻ 1,32,837 .21 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം മാത്രം കേരള സർക്കാർ നൽകിയത്.
ചില ജില്ലകളിൽ കിഫ്ബി കൂടുതൽ പണം ചെലവിട്ടതും വിവാദമായിട്ടുണ്ട്. കണ്ണൂർ അടക്കമുള്ള ജില്ലകളിൽ ന്യായവിലയുടെ അഞ്ചിരട്ടി വരെ നൽകി മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ ഭൂമി ഏറ്റെടുത്തതായാണ് സുധ പിള്ള കമ്മിറ്റി റിപ്പോർട്ടിലുള്ളത്. കണ്ണൂരിൽ മാത്രം 12,000 കോടി രൂപയാണ് കിഫ്ബി ഇത്തരത്തിൽ ചെലവഴിച്ചത്.
തെറ്റ് പറ്റിയാൽ തിരുത്തണം
കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുമ്പോൾ ഈ പ്രസ്ഥാനം എത്രയും വേഗം അടച്ചുപൂട്ടിയാൽ അത്രയും നല്ലതെന്ന നിഗമനത്തിലോക്കാണ് സുധ പിള്ള കമ്മിറ്റി എത്തുന്നത്. കിഫ്ബി സ്വതന്ത്രമായി പണം കണ്ടെത്തുന്നതും പദ്ധതികൾക്ക് ധനസഹായം നൽകുന്നതും അവസാനിപ്പിക്കുക, നിലവിലുള്ള പദ്ധതികൾ അതത് സർക്കാർ വകുപ്പുകൾ ഏറ്റെടുത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബജറ്റിൽ തുക വകയിരുത്തി പൂർത്തിയാക്കുക, ബജറ്റിൽനിന്ന് മോട്ടോർ വാഹന നികുതിയും പെട്രോളിയം സെസും കിഫ്ബിയിലേക്ക് നിർബന്ധമായും വകമാറ്റി നൽകുന്ന രീതി നിർത്തലാക്കുക, കഴിഞ്ഞ 10 വർഷത്തെ കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ പെർഫോമൻസ് ഓഡിറ്റ് നടത്തുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ
ഈ ശുപാർശകൾ നടപ്പാക്കാൻ വി.ഡി. സതീശൻ സർക്കാർ ഒട്ടുംതന്നെ വൈകരുത്. വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരഭിമുഖത്തിൽ വ്യക്തമാക്കിയ ചില കാര്യങ്ങൾ ഈ ഘട്ടത്തിൽ ഓർക്കുന്നത് നന്നായിരിക്കും. എല്ലാ സംരംഭങ്ങളും വിജയിക്കില്ലെന്നും പല സംരംഭങ്ങളും തിരിച്ചടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, താൻ പഠിച്ച ഒരു പ്രധാന പാഠം പരാജയപ്പെട്ട സംരംഭങ്ങൾ എത്രയും വേഗം നിർത്തണമെന്നുള്ളതാണെന്ന് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.
വെളുക്കാൻ തേച്ചത്
ഒരു സംരംഭം വിജയിക്കില്ലെന്ന് ബോദ്ധ്യമായാൽ പിന്നെ അതിനെ വൈകാരികമായി സമീപിക്കരുത്. ആദ്യമായി തുടങ്ങിയതാണ്, ഭാര്യയുടെ കെട്ടുതാലി പണയം വെച്ചു തുടങ്ങിയതാണ് എന്നൊക്കെയുള്ള സെന്റിമെന്റ്സിന് കീഴടങ്ങരുത്. കഴിയുന്നത്ര വേഗത്തിൽ സംഗതി പൂട്ടിക്കെട്ടിയാൽ അവശേഷിക്കുന്ന മൂലധനവും സമയവും പ്രയോജനമുള്ള മറ്റ് സംരംഭങ്ങൾക്കായി വിനിയോഗിക്കാനാവും. ഇലക്ട്രോണിക് ക്ലോക്കിന്റെയും പിവിസി പൈപ്പുകളുടെയും നിർമ്മാണ സംരംഭങ്ങൾ പരാജയമായിരുന്നെന്നും എന്നാൽ അത് വേഗത്തിൽ അടച്ചുപൂട്ടാനായി എന്നതാണ് പിന്നിട് ഗുണകരമായതെന്നും കൊച്ചൗസേപ്പ് പറഞ്ഞത് പൊതുമേഖലയ്ക്കും ബാധകമാണ്.
കിഫ്ബി പാളം തെറ്റുകയാണെന്ന് ഐസക്കിനോട് പലരും പറഞ്ഞിരുന്നു. പക്ഷേ, മാനസിക സന്താനം എന്ന വൈകാരികതയിൽ ഐസക്ക് കിഫ്ബിയുമായി മുന്നോട്ടുപോയി. രണ്ടാം പിണറായി സർക്കാരിൽ ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിന് കിഫ്ബിയോട് അതിരു കവിഞ്ഞ പ്രേമമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഐസക്കും സംഘവും തീർത്ത വ്യാജപ്രതിച്ഛായയുടെ ഹാങ്ഓവർ അങ്ങിനെയങ്ങ് മറികടക്കാനാവുമായിരുന്നില്ല. ഫലമോ, വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞപോലെ കിഫ്ബി ഒരു തിരികല്ല് പോലെ കേരളത്തിന്റെ കഴുത്തിൽ കുടുങ്ങിക്കിടന്നു. ഈ ബാദ്ധ്യത എടുത്ത് മാറ്റുന്നതിനുള്ള അവസരമാണ് സതീശൻ സർക്കാരിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഇനിയും ശസ്ത്രക്രിയ വെച്ചു താമസിപ്പിച്ചാൽ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില അത്യധികം കടുത്തതായിരിക്കും.
വഴിയിൽ കേട്ടത്: പുതിയ ലോകക്രമത്തിൽ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പരിമിതികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംഘടനയുടെ ആസ്ഥാനം ഇന്ദ്രപ്രസ്ഥത്തിൽ വേണോ അതോ അങ്ങ് നാഗ്പൂരിൽ വേണോ എന്നത് മാത്രമാണ് അവശേഷിക്കുന്ന ശങ്ക!
Content Highlights: Palanivel Thiagarajan( P.T.R.) expressed skepticism about the Kerala Infrastructure Investment Fund Board (KIIFB), highlighting concerns over its financial sustainability and potential for corruption, drawing parallels with Tamil Nadu's infrastructure initiatives. The Sudha Pillai Committee criticized KIIFB's financial practices, particularly the high-interest Masala Bonds, and recommended its closure, citing inefficiencies and significant debt burdens on Kerala's economy. KIIFB's operations have been linked to centralization of power, bypassing local governance, and contributing to Kerala's rising public debt, with calls for restructuring and accountability to prevent further economic strain.
Published: 26 Oct 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented