ജ്ഞാത പ്രതികളെ പിടിക്കാൻ രേഖാചിത്രങ്ങൾ സഹായിക്കുന്ന പോലെ അഴുകിയ മൃതദേഹങ്ങളുടേതെന്ന്  കണ്ടെത്താനും രേഖാചിത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് രേഖാചിത്രകലാകാരനും കോട്ടയം എസ്ഐയുമായ രാജേഷ് മണിമല. മൃതദേഹത്തിന്റെ ഫോട്ടോ എടുത്തശേഷം മൊത്തം വരച്ചെടുക്കുകയാണ് ചെയ്യാറ്. എന്നിട്ട് കാണാതായവരുടെ ലിസ്റ്റുള്ള സ്റ്റേഷനുകളിലേക്ക് അയക്കും. അതു പോലെ ചില കൊലപാതകക്കേസുകളില്‍ മുഖമാകെ ആസിഡൊഴിച്ച് വികൃതമാക്കിക്കളയുമ്പോൾ സൂപ്പർ ഇംപോസ് ചെയ്ത് മുഖം സൃഷ്ടിച്ചെടുക്കുന്ന പതിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവ്വീസ് സ്റ്റോറി അഭിമുഖ പരമ്പരയിൽ തന്റെ രേഖാചിത്രവരയനുഭവങ്ങൾ പങ്കുവെക്കുകയാണ് അുദ്ദേഹം.

To advertise here,

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകത്തെ തുടർന്ന് വരച്ച രേഖാചിത്രത്തിൻഡറെ പേരിൽ താൻ വേട്ടയാടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പ്രതി നല്ല മുടിയുള്ള ആളാണ്. പക്ഷേ, വലിയ വഴക്കും അടിപിടിയുമൊക്കെ കഴിഞ്ഞു പോകുമ്പോള്‍ ഈ മുടിയൊക്കെ അലമ്പിക്കിടക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടി അക്രമിയെ പ്രതിരോധിച്ചിരുന്നു. പിടിയും വലിയും നടന്നിരുന്നു. എനിക്ക് ദൃക്‌സാക്ഷി പറയുന്ന മൊഴിക്കനുസരിച്ചേ വരക്കാനാവൂ. എന്നോട് അവര്‍ പറഞ്ഞത് ഈ കച്ചിവണ്ടിയില്‍ കച്ചി കൊണ്ടുപോവുന്നതു പോലെ മുടിയുള്ള ആള്‍ എന്നാണ്', അങ്ങനെയാണ് ആ ചിത്രം പിറക്കുന്നത്, രാജേഷ് മണിമല പറഞ്ഞു.

Also Read

അഭിമുഖത്തിന്റെ ഒന്നാം ഭാഗം വായിക്കാം- ബിരിയാണിവെച്ച് കാത്തിരുന്നു, വിവാഹത്തട്ടിപ്പുകാരനെ കുടുക്കിയത് നേതാവുമായുള്ള മുഖസാമ്യം |Service Story

മനപ്പൂര്‍വ്വം ഒരാളെ കുടുക്കാന്‍ വേണ്ടി കള്ളം പറയുന്ന ദൃക്‌സാക്ഷികളുണ്ടായിട്ടുണ്ടോ.

ഉദാഹരണത്തിന് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചൊരാളെ കുറിച്ച് ദൃക്സാക്ഷി വിവരണം തരികയാണെന്ന് വിചാരിക്കുക. അയാൾ വ്യക്തവും കൃത്യവുമായി പ്രതിയെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു ടാര്‍ഗറ്റ് ചെയ്യുന്ന സ്വഭാവം ഉണ്ടാവും. അയ്യോ പുരികം ഇങ്ങനെയാണ്, ചുണ്ട് ഇങ്ങനെയാണ് എന്നൊക്കെ കൃത്യമായി പറയുന്നുണ്ടെങ്കില്‍ അതിലെന്തോ ദുരുദ്ദേശം സംശയിക്കാം. 

യഥാർഥ ദൃക്‌സാക്ഷിക്ക് ഒരിക്കലും പ്രതിയെ കുറിച്ച് അത്രയും ക്ലാരിറ്റി ഉണ്ടാവില്ലേ.

"ഇതുപോലോരാളാണ്" അല്ലെങ്കിൽ "ഇതുപോലിരിക്കുന്ന" ഒരാളാണ് എന്നേ നമ്മൾ വരച്ച ചിത്രം കണ്ടാൽ ദൃക്‌സാക്ഷി പറയൂ.. അല്ലാതെ 'ഇയാളാണ്",  'ഇയാള്‍ തന്നെ' എന്ന് പറയില്ല. ഇങ്ങനെ ചിലർ പോയിന്റ് ഔട്ട് ചെയ്ത് വരച്ച കേസുകള്‍ പലതുമുണ്ട്. അത് ടാർഗറ്റ് ചെയ്ത് പറയുകയാണെന്ന് നമുക്ക് വേഗം തന്നെ മനസ്സിലാവും.

പക്ഷേ, സത്യസന്ധമായിട്ട് തന്നെ ദൃക്‌സാക്ഷി വിവരണത്തില്‍ ആ വിവരണപാടവം കൊണ്ട് ഞെട്ടിച്ച ഏതെങ്കിലും ദൃക്‌സാക്ഷികള്‍ ഉണ്ടോ.

 മൂന്നു പേരെ കൊല ചെയ്ത ഒരു കേസ് ഉണ്ടായിരുന്നു. അന്യസംസ്ഥാന ജോലിക്കാരനായിരുന്നു പ്രതി. കേരളം മൊത്തം ഓടി നടന്ന് ഞാന്‍ രേഖാചിത്രം വരച്ചിരുന്ന ഒരു സമയമായിരുന്നു അത്. അന്ന് ടാബില്ല. എഫോര്‍ പേപ്പറും പെന്‍സിൽ  ഉപയോഗിച്ചായിരുന്നു വര. പ്രതിയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുണ്ട്. അവർ പറഞ്ഞ വിവരണം കേട്ട് ഒത്തിരി വരയ്‌ക്കേണ്ടി വന്നില്ല. അത്ര കൃത്യമായ വിവരണമാണ് അവർ നല്‍കിയത്. പ്രതിയെ പിടിച്ചപ്പോഴും 90 ശതമാനം സാമ്യമുണ്ടായിരുന്നു.

placeholder
കൊലപാതകക്കേസിലെ പ്രതിയുടെ രേഖാചിത്രം (ഇടത്ത്), യഥാർഥ പ്രതി

കോട്ടയം ജില്ലയിലെ ഒരു പ്രസിദ്ധനായ സംവിധായകന്റെ വീട്ടില്‍ കള്ളൻ കയറി. വീട് കുത്തിത്തുറന്നായിരുന്നു മോഷണം. അദ്ദേഹത്തിന്റെ അമ്മ അവർ സംശയിക്കുന്ന വ്യക്തിയെ കുറിച്ച് കൃത്യമായ രീതിയില്‍ വിവരണം തന്നു. അവരുദ്ദേശിച്ച ആളെ പിടിച്ചപ്പോഴും നല്ല സാമ്യമുണ്ടായിരുന്നു. പക്ഷേ, പ്രതി അതല്ലായിരുന്നു. അങ്ങനെയും വരും. അന്വേഷണത്തില്‍ ഇതും നമുക്ക് സഹായകരമാവും.

അപ്പോൾ ഇയാളല്ല എന്ന് നമുക്ക് എഴുതിത്തള്ളാമലോ അല്ലേ.

അതെ. പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍ ഒരു രേഖാചിത്രം വരച്ചെന്ന് കരുതി തെറ്റ് ചെയ്യാത്ത ഒരാളെ പ്രതിയാക്കാനൊന്നും പറ്റില്ല.

രേഖാചിത്രം ഉണ്ടായിട്ടും തെളിയിക്കപ്പെടില്ലായിരുന്നു എന്ന് ഉറപ്പുള്ള ചില കേസുകളും അക്കൂട്ടത്തിൽ ഉണ്ടാകും. താങ്കള്‍ക്ക് അത്തരം കേസുകളുടെ അനുഭവങ്ങള്‍ ഉണ്ടോ.

രേഖാചിത്രം ഇല്ലെങ്കിലും കേസ് തെളിയിക്കപ്പെടും. പക്ഷേ, പെട്ടെന്ന് പ്രതിയിലേക്കെത്താന്‍ രേഖാചിത്രം സഹായിക്കും. പെരുമ്പാവൂരില്‍ ഒരു എല്‍എല്‍ബി വിദ്യാർഥിയെ റേപ് ചെയ്ത് കൊന്ന കേസില്ലേ. അവരുടെ രേഖാചിത്രം വരച്ചിരുന്നു. ആ പ്രതി ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയാണ്. 

മനസ്സിലായി. അമീറുള്‍ ഇസ്ലാമിന്റെ കേസല്ലേ.

ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു ആ ടീമിലുണ്ടായിരുന്നത്. അവരുടെ ഒരു കഴിവ് കൊണ്ടാണ് പ്രതിയെ പിടിച്ചത്. പലരും വേറെ രീതിയില്‍ പറയുന്നുണ്ട് പക്ഷേ, അതാണ് പ്രതി എന്നത് കൃത്യമായ കാര്യമാണ്. പ്രതിയെ കണ്ട സ്ത്രീ ഉണ്ട് . അവരുടെ മൊഴി പ്രകാരമാണ് നമ്മളാ ചിത്രം വരയ്ക്കുന്നത്. 

അന്ന് വലിയ വിവാദമായിരുന്നല്ലോ താങ്കള്‍ വരച്ച അമീറുള്‍ ഇസ്ലാമിന്റെ രേഖാചിത്രം. പ്രതിയുടെ മുടിയും ചിത്രത്തിലെ മുടിയും തമ്മിലുള്ള സാമ്യമില്ലായ്മ പറഞ്ഞ് ട്രോളുകളും ഇറങ്ങിയിരുന്നു. വരച്ച രേഖാചിത്രങ്ങള്‍ കൊണ്ട് നൂറുകണക്കിന് കേസ് തെളിയിക്കപ്പെട്ട ഒരു ചരിത്രം താങ്കള്‍ക്കുണ്ട് അത് നിലനില്‍ക്കെയാണ് താങ്കള്‍ വരച്ച ആ ചിത്രത്തിന് അമീറുല്‍ ഇസ്ലാം എന്ന പ്രതിയുമായി യാതൊരു സാമ്യവുമില്ല എന്ന പ്രചരണങ്ങളെ  എങ്ങനെയാണ് നോക്കിക്കാണുന്നത്.

ഈ പ്രതി നല്ല മുടിയുള്ള ആളാണ്. പക്ഷേ വലിയ വഴക്കും അടിപിടിയുമൊക്കെ കഴിഞ്ഞു പോകുമ്പോള്‍ ഈ മുടിയൊക്കെ അലമ്പിക്കിടക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടി അക്രമിയെ പ്രതിരോധിച്ചിരുന്നു. പിടിയും വലിയും നടന്നിരുന്നു. എനിക്ക് ദൃക്‌സാക്ഷി പറയുന്ന മൊഴിക്കനുസരിച്ചേ വരയ്ക്കാനാവൂ. എന്നോട് അവര്‍ പറഞ്ഞത് ഈ കച്ചിവണ്ടിയില്‍ കച്ചി കൊണ്ടുപോവുന്ന പോലെ മുടിയുള്ള ആള്‍ എന്നാണ്. അത്രയും മുടി ഉണ്ടെന്നാണ് എന്നോട് പറഞ്ഞത്. ആരാണെന്ന് നമുക്ക് ഒരു പിടിയും ഇല്ല . ഒരു ഫ്രീക്കനായ മലയാളി ചെക്കനായിരുന്നു എന്റെ മനസ്സില്‍. രേഖാചിത്ര വരയില്‍ ഒരു ചിത്രം രൂപപ്പെടുന്നതില്‍ നമുക്കൊരു സ്വാതന്ത്ര്യവുമില്ല. ദൃക്‌സാക്ഷി പറയുന്നതാണ് രേഖാചിത്രമായി പുറത്തു വരുന്നത്. അവസാനം ചിത്രം കണ്ട് ഏതാണ്ടിതേപോലൊരാള്‍ എന്ന് ദൃക്സാക്ഷി പറയുന്നിടത്താണ് ആ വരയുടെ വിജയം.

placeholder
അമീറുൾ ഇസ്ലാമിന്റെ രേഖാചിത്രം(ഇടത്ത്), അമീറുൽഇസ്ലാം(വലത്)

താങ്കള്‍ക്കെന്താണ് തോന്നിയിട്ടുള്ളത്. ശരിക്കും അമീറല്‍ ഇസ്ലാമുമായി സാമ്യം താങ്കള്‍ വരച്ച ചിത്രത്തിനുണ്ടോ.

ആ പടം നിങ്ങളൊന്ന് നോക്കുക. എന്നിട്ട് അതിന്റെ കണ്ണും മൂക്കും ചുണ്ടും വായും എല്ലാം ഏകദേശം അമീറുള്‍ ഇസ്ലാമുമായി താരതമ്യം ചെയ്യുക. പൂര്‍ണമായും അല്ല. എന്നിരുന്നാലും ഏകദേശം ശരിയായി വന്നിട്ടുണ്ട് എന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട് മുഖത്തെ ഓരോ അവയവവും എടുത്തു നോക്കിയാല്‍ ആ സാമ്യം നമുക്ക് കാണാം.

ഈ ചിത്രത്തിന് സാമ്യത കുറവാണെന്ന് ആളുകള്‍ക്ക് കൂടുതലും തോന്നാന്‍ കാരണം ആ മുടി പൂര്‍ണമായും വ്യത്യാസപ്പെട്ടതുകൊണ്ടാണ്. അതിന്റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഞാന്‍ തന്നെ വിഗ്ഗ് വെച്ചിരുന്നാല്‍ നിങ്ങള്‍ക്കെന്നെ മനസ്സിലാവാത്ത അവസ്ഥവരും.

താങ്കള്‍ വരച്ച ചിത്രത്തിനെതിരേ ഇത്രയധികം എതിര്‍പ്പും കാമ്പയിനും വരാന്‍ കാരണം വരച്ച ചിത്രത്തിലെ മുടി ചകിരിത്തുപ്പ് പോലെ ഇരുന്നതു കൊണ്ടാണ്.

അതുകൊണ്ട് ഞാന്‍ ഫേമസ് ആയി (ചിരിക്കുന്നു). ട്രോളുകള്‍ ഇഷ്ടം പോലെ വന്നു, ഒത്തിരി അപവാദം കേട്ടു. ശ്രീലങ്കന്‍ ബൗളര്‍ മലിംഗയുടെ മുടിയുമായി താരതമ്യം ചെയ്തായിരുന്നു പല ട്രോളുകളും. താന്‍ ശ്രീലങ്കയില്‍ ആയതുകൊണ്ട് രക്ഷപ്പെട്ടു എന്ന അര്‍ഥത്തില്‍ മല്ലിംഗ ആത്മഗതം ചെയ്യുന്ന മീമുകളും ട്രോളുകളുമൊക്കെ അന്ന് ധാരാളം വന്നിരുന്നു.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രം വരച്ചപ്പോഴും അത് വരച്ചയാള്‍ക്ക് നേരെ വലിയ കുറ്റപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വന്നിരുന്നു. താങ്കളാ ചിത്രം കണ്ടയാളാണല്ലോ. ആ ചിത്രം കണ്ടിട്ട് താങ്കള്‍ക്കെന്താണ് തോന്നിയത്. 

യഥാര്‍ഥ പ്രതിയുടെ ഫോട്ടോയില്‍ പ്രതി തലയില്‍ തുണി കെട്ടിയിട്ടുണ്ട് പക്ഷേ, വരച്ച ചിത്രത്തില്‍ തലയില്‍ തുണിയില്ല. ആള്‍ക്കാര്‍ ആദ്യം നോക്കുന്നത് തലയില്‍ കെട്ടിയ തുണിയിലേക്കാണ്. മുഖത്തിന്റെ ആകൃതിയോ ഓരോ ഫീച്ചറുകളിലെയും സാമ്യതയോ അല്ല നോക്കുന്നത്. തുണി കെട്ടിയ ആൾ തുണി കെട്ടാത്ത ആൾ ഇത്രയേ അവര് നോക്കുന്നുള്ളൂ.

placeholder
ട്രയിൻ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രവും പ്രതിയും

മുഖം, അനാട്ടമി, ആകൃതി ഇതൊന്നും ആളുകള്‍ നോക്കുന്നില്ല. പകരം മുടിയും നിറവുമൊക്കെയാണ് നോക്കുന്നതെന്നാണോ പറഞ്ഞു വരുന്നത്.

അത് പെട്ടെന്ന് വരച്ച ഒരു സ്‌കെച്ച് ആണ്. ഡീറ്റെയില്‍സിലേക്ക് പോകാത്ത തരം രേഖാചിത്രമാണത്. ആ രേഖാചിത്രത്തില്‍ വരച്ചയാള്‍ വിജയിച്ചു എന്നേ ഞാന്‍ പറയുകയുള്ളൂ. ആ പ്രതിയെയും രേഖാചിത്രവും കാണുമ്പോള്‍ രണ്ടും തമ്മില്‍ സാമ്യമുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. മുഖത്തിന്റെ ആകൃതിയും കണ്ണും മൂക്കും ഏതാണ്ട് സമാനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇനി നിലീന ഒരാളെ കണ്ടു, അത് വെച്ച് ഞാനൊരു ചിത്രം വരച്ചു എന്ന വെക്കുക.  ഞാന്‍ അവസാനം ചോദിക്കുന്ന ചോദ്യം എന്താണെന്നറിയോ. ഈ പടം മറ്റൊരാള്‍ കാണുമ്പോള്‍ പ്രതിയിലേക്ക് എത്താന്‍ പറ്റുമോ എന്നാണ്. അത് നടന്നെങ്കിൽ ഒരു രേഖാചിത്രകലാകാരൻ വിജയിച്ചു എന്നാണർഥം

വരച്ചിട്ട് പരാജയപ്പെട്ട, ദൃക്‌സാക്ഷി വിവരണത്തിനനുസരിച്ച് വരച്ചിട്ട് ഒടുവില്‍ അവര്‍ക്ക് ഒരു കോണ്‍ഫിഡന്‍സ് ഇല്ല എന്ന് തോന്നി പ്രസിദ്ധപ്പെടുത്താതെ പോയ ചിത്രങ്ങളുണ്ടോ.

ഒത്തിരിയുണ്ട്. ഈ ഓര്‍മ എന്ന് പറഞ്ഞാല്‍ അത്ര ക്ലിയര്‍ ആയിരിക്കില്ല. അതിനാല്‍ രേഖാചിത്രം വരയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ദൃക്‌സാക്ഷിയുടെ അടുത്തെത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഒരാഴ്ച കഴിഞ്ഞോ രണ്ടാഴ്ച കഴിഞ്ഞോ ഒക്കെ ഇതിലേക്ക് എത്തിക്കഴിയുമ്പോള്‍ അവര്‍ക്ക് കൃത്യമായ ഓര്‍മയുണ്ടാവില്ല.  കറുത്ത ആളാണോ മെലിഞ്ഞ ആളാണോ എന്നൊക്കെയുള്ള ചെറിയ ഓര്‍മ്മയേ കാണൂ. നമുക്ക് മുഖം കൃത്യമായി വരയ്ക്കാന്‍ പറ്റാതെ വരും.

placeholder
ബലാത്സംഗ കേസ് പ്രതിയും രേഖാചിത്രവും

നേര് എന്ന സിനിമയില്‍ കണ്ണ് കാണാത്ത കുട്ടിയാണല്ലോ ബലാത്സംഗത്തിന് ഇരയാകുന്നത്. പ്രതിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ആണ് ആ സിനിമയുടെ ഇതിവൃത്തം. പണ്ടൊരിക്കല്‍ നമ്മള്‍ സംസാരിച്ചപ്പോള്‍ താങ്കള്‍ സമാനമായ ഒരു കേസ് പങ്കുവെച്ചതോര്‍ക്കുന്നു. റേപ് ചെയ്ത പ്രതിയെ കാണാത്ത പെണ്‍കുട്ടി നല്‍കിയ വിവരണം അനുസരിച്ച് രേഖാചിത്രം വരച്ച് പ്രതിയെ കണ്ടെത്തിയെന്ന് അന്നു താങ്കൾ പറഞ്ഞിരുന്നു. അതേക്കുറിച്ച് പറയാമോ.
 
തിരുവനന്തപുരത്ത് നടന്ന കേസാണ്. അവിടെ ഒരു പെണ്‍കുട്ടിയെ പിറകില്‍ നിന്ന് ഒരാള്‍ വന്ന് വായും മൂക്കും പൊത്തിപ്പിടിച്ചുകൊണ്ടു പോയി ഒരു ഇരുട്ടുമുറിയിലിട്ട് റേപ് ചെയ്യുകയായിരുന്നു. പിറകില്‍ നിന്ന് പിടിച്ചപ്പോഴുള്ള അയാളുടെ കൈ മാത്രമേ കുട്ടിക്ക് കാണാനായിട്ടുണ്ടായിരുന്നുള്ളൂ. അത് നീലനിറമായിരുന്നു.

അതായത് ആകെ കിട്ടിയ ക്ലൂ അയാളിട്ട ഷര്‍ട്ടിന്റെ നിറം നീലയായിരുന്നു എന്നതാണോ.

ഇടിഞ്ഞു പൊളിഞ്ഞ ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്ത് നിന്ന് പെണ്‍കുട്ടി തുണി നനയ്ക്കുമ്പോഴാണ് അക്രമി പിന്നില്‍ക്കൂടെ വന്ന് വാ പൊത്തിപ്പിടിച്ച് കൊണ്ടുപോവുന്നത്. ഒരു ഇരുട്ടുമുറിയില്‍ ഇട്ടാണ് പീഡിപ്പിക്കുന്നത്. ആ കുട്ടി ആകെപ്പാടെ കണ്ടത് ഈ ഷര്‍ട്ടിന്റെ തുമ്പ് മാത്രമാണ്. അയാള്‍ ഇട്ട ഷര്‍ട്ടിന്റെ നിറം നീല ആയിരുന്നു എന്നുള്ളതായിരുന്നു ആ പെണ്‍കുട്ടി ആകെ ശ്രദ്ധിച്ചതും ഓര്‍ത്തതും. ആരും ചോദിക്കാത്ത ചോദ്യമാണ്. അന്ന് ആ കേസില്‍ എന്നെ അവിടെ രക്ഷിച്ചത്. 'ഈ ഷര്‍ട്ട് ഇട്ട ആളെ മോള് മുന്‍പ് കണ്ടിട്ടുണ്ടോ' എന്ന ഒറ്റ ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിയിലേക്ക് വേഗമെത്തിച്ചു. അന്ന് തന്നെ "അച്ഛന്‍ ഇവിടുണ്ടോ" എന്നെ് ചോദിച്ച് ഒരാള്‍ വന്നിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു.  ഇതേ നീല കളര്‍ ഷര്‍ട്ടായിരുന്നു അയാളിട്ടത്. അങ്ങനെ പെണ്‍കുട്ടി പറഞ്ഞ വിവരണമനുസരിച്ച് ആളെ വരക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പിന്നെ ആ കേസ് തെളിയിക്കപ്പെട്ടു.

കേരളം മുഴുവനുള്ള കേസുകള്‍ക്ക് രേഖാചിത്ര കലാകാരനായിട്ട് രേഖാചിത്രം വരയ്ക്കുന്ന ആളായിട്ട് താങ്കളെ വിളിക്കാം എന്ന് പറഞ്ഞ് ലോക്നാഥ്  ബെഹ്റ  ഒരു ഉത്തരവ് പുറപ്പെടിച്ചിരുന്നില്ലേ. അതിന്  ഇടയാക്കിയ  സാഹചര്യം വിശദീകരിക്കാമോ.

പോലീസിലെ തന്നെ സുഹൃത്തുക്കളാണ് ഞാനിത്തരത്തില്‍ രേഖാചിത്രം വരയ്ക്കുന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഞാന്‍ ഇതുവരെ ഇത്രയധികം ചിത്രങ്ങള്‍ വരച്ചതില്‍ നിന്ന് ആര്‍ജിച്ച ചില അറിവുകളുണ്ട്. അത് അടുത്ത തലമുറയ്ക്ക് കൊടുത്തിട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. ഈ കല നിന്നുപോകരുത് കാരണം ഇതിനകത്ത് കുറെ ശാസ്ത്രീയമായ പാഠങ്ങളുണ്ട്. ഞാന്‍ രേഖാചിത്രം വരച്ച് തെളിയിച്ച പല കേസുകളെ കുറിച്ചുള്ള വിവരങ്ങളും ആ ചിത്രങ്ങളുമെല്ലാം വെച്ച് ഞാന്‍ അദ്ദേഹത്തിന് ഒരു അപേക്ഷ കൊടുത്തിരുന്നു. ആ അപേക്ഷയുടെ ഫലമായിട്ടാണ് എനിക്ക് അന്ന് കേരളത്തിലങ്ങോളമിങ്ങോളം നടന്ന് വരയ്ക്കാന്‍ വേണ്ടി അദ്ദേഹം വഴിയൊരുക്കിത്തന്നത്. 

അങ്ങനെ എത്ര കാലം പോയി വരച്ചു.

മൂന്നാല് വര്‍ഷം. 

പിന്നെ എന്താ അത് നിന്ന് പോയത്.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. സിസ്റ്റത്തില്‍ നിന്നുള്ള പ്രോത്സാഹനവും ഇല്ല. ഈ കാര്യങ്ങള്‍ക്കൊക്കെ വലിയ സാമ്പത്തികച്ചെലവാണ്. ഈ സോഫ്​റ്റ്​വെയർ വാങ്ങാനും ടാബ്ലെറ്റിനുമൊക്കെ വലിയ തുക തന്നെ ഞാന്‍ ചെലവാക്കിയിരുന്നു. എനിക്കൊരപകടം പറ്റുക കൂടി ചെയ്തതോടെ പലയിടങ്ങളില്‍ പോയി വരയ്ക്കുന്നത് കുറഞ്ഞു.

അജ്ഞാതനായിട്ടുള്ള ആളുകളെ കണ്ടുപിടിക്കാന്‍ ആണല്ലോ പൊതുവെ സ്ഥിരമായിട്ട് നമ്മള്‍ രേഖാചിത്രം വരയ്‌ക്കേണ്ടി വരുന്നത്. നിലവില്‍ ഫോട്ടോയുള്ള ആളുടെ രേഖാചിത്രം വരയ്ക്കേണ്ട ആവശ്യമില്ലല്ലോ.

അജ്ഞാത പ്രതികളെയല്ലാതെ രേഖാചിത്രം വരയ്ക്കേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. ചില മൃതദേഹങ്ങളൊക്കെ അഴുകിയ അവസ്ഥയില്‍ കിട്ടും. വെള്ളത്തില്‍ കിടന്ന് മുഖമൊന്നും വ്യക്തമായി മനസ്സിലാവാത്ത വിധം അഴുകിയിട്ടുണ്ടാകും. അതുപോലെ ചില കൊലപാതകക്കേസുകളില്‍ മുഖമാകെ ആസിഡൊഴിച്ച് വികൃതമാക്കിക്കളയും. അത്തരം കേസുകളിലൊക്കെ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാന്‍ വേണ്ടി വരച്ചെടുക്കാറുണ്ട്.

മിസ്സിങ് കേസുകളുള്ള ഇടങ്ങളിലേക്കൊക്കെ ഈ വരച്ച ചിത്രം അയച്ചു കൊടുക്കും. ഒരിക്കൽ ഇങ്ങനെ അയച്ച ചിത്രം കണ്ട്   ഇതെന്റെ സഹോദരനാണെന്ന് പറഞ്ഞ് ഒരു സ്ത്രീ അന്വേഷിച്ചു വന്നിരുന്നു. ബോഡി കണ്ട് ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയിരുന്നു. പക്ഷേ, വീട്ടുകാർക്ക് അയാളെ കൊണ്ടുപോകാനായി. അനാഥശവമായി അടക്കേണ്ടി വന്നില്ല.

എങ്ങനെയാണ് ഈ പ്രക്രിയ.

മൃതദേഹത്തിന്റെ ഫോട്ടോ എടുത്തശേഷം മൊത്തം വരച്ചെടുക്കുകയാണ് ചെയ്യാറ്. എന്നിട്ട് മിസ്സിങ് ആളുകളുള്ള സ്‌റ്രേഷനുകളിലേക്ക് ഫോട്ടോ അയച്ച് ആ ഫോട്ടോ ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കുകയാണ് പതിവു രീതി. ബന്ധുക്കള്‍ക്ക് ഒരിക്കലും മൃതദേഹത്തിന്റെ പടമല്ല പകരം ഈ റീക്രിയേറ്റ് ചെയ്ത പടപാണ് കാണിച്ചു കൊടുക്കുക.

ആസിഡൊഴിച്ച് വികൃതമായതെങ്ങനെയാണ് വരച്ചെടുക്കാന്‍ കഴിയുന്നത്.

നഷ്ടപ്പെട്ടതൊലിയുടെയും ഇറച്ചിയുടെയും ഭാഗം നമ്മള്‍ ഫോട്ടയില്‍ പുനഃസൃഷ്ടിക്കും. മരണമടഞ്ഞ സര്‍ജന്‍ ഉമാദത്തന്‍ സര്‍ സൂപ്പര്‍ ഇംപോസ് ഒക്കെ ചെയ്യാറുണ്ട്. തലയോട്ടിയുടെ ഫോട്ടോ എടുത്ത് അത് എന്‍ലാര്‍ജ് ചെയ്ത് രണ്ടിന്റെയും പോയിന്റുകള്‍ പരിശോധിച്ച് ശരിയാണോ എന്ന് നോക്കുന്നതാണ് സൂപ്പര്‍ ഇംപോസിഷന്‍. തലയോട്ടിയില്‍ ക്ലേ ഒട്ടിച്ച് മാംസംപോലെ ഉണ്ടാക്കി എടുക്കുന്ന രീതിയുമുണ്ട്. ഇപ്പോള്‍ മരിച്ചയാളുടെ മുഖത്തിന്‍രെ ഏകദേശ രൂപം ലഭിക്കും.

തുടരും