
കോഴിക്കോട് താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ആള്‍ക്കൂട്ട മര്‍ദനം നടത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ പരീക്ഷാ സെന്ററിന് പുറത്ത് നടന്ന വലിയ പ്രതിഷേധം നമ്മള്‍ കണ്ടത് കഴിഞ്ഞയാഴ്ചയാണ്. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ പരീക്ഷാ സെന്റര്‍ തന്നെ അധികൃതര്‍ക്ക് മാറ്റേണ്ടി വന്നു. അതിനിടയ്ക്കാണ് ഒരു റിട്ടയേര്‍ഡ് അധ്യാപിക കുട്ടികളെ തല്ലി വളര്‍ത്തണമെന്നും പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നുമൊക്കെ പറഞ്ഞ് പ്രതിഷേധക്കാര്‍ക്കൊപ്പം ചേരുന്നത് കണ്ടത്.
ഇതിന് സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണവും പിന്തുണയും ലഭിച്ചു. ന്യൂസ് ചാനലുകള്‍ അവരെ ചര്‍ച്ചയ്ക്ക് വിളിച്ചു. നിങ്ങളാണ് യഥാര്‍ഥ ടീച്ചറമ്മയെന്നൊക്കെ പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലെ പിന്തുണയും പ്രതികരണവും. എന്നാല്‍ കുട്ടികളെ തല്ലിയും കുറ്റപ്പെടുത്തിയും വരുതിയിലാക്കുന്ന എളുപ്പവഴിക്ക് ഇനി എത്രമാത്രം സാധ്യതയുണ്ട്? ഇങ്ങനെ യാഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടുകയല്ലേ രക്ഷിതാക്കളും പൊതുസമൂഹവും ചെയ്യുന്നത്. ഇവിടെയാണ് പുതിയ കാലത്തെ കുട്ടികളുടെ മെന്റല്‍ട്രോമയെ കുറിച്ചും ഡിപ്രഷനെ കുറിച്ചുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചനടക്കുന്നത്. ഒപ്പം പാരന്റിങ്ങിലെ മാറ്റംമൂലമുണ്ടായ വലിയ പ്രശ്‌നത്തെ മനപൂര്‍വം രക്ഷിതാക്കള്‍ കാണാതെ പോവുകയാണെന്ന് മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഞങ്ങള്‍ മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് പഠിച്ചിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും തല്ലി പതം വരുത്തിയിട്ടുണ്ട്. ഒരു മിഠായി വാങ്ങിത്തരാന്‍ പോലും കാശ് തന്നിരുന്നില്ല. നിനക്ക് എന്തിന്റെ കുറവാണിവിടെയുള്ളത്. ഈ കുറ്റപ്പെടുത്തല്‍ കേട്ട് മടുത്തിരിക്കുകയാണിന്ന് പുതിയകാലത്തെ കുട്ടികള്‍. അതായത് ഇന്‍സ്റ്റിഗ്ടീവ് പാരന്റിംഗിന്റെ അങ്ങേയറ്റം. കുട്ടികളെ കേള്‍ക്കാന്‍ നേരമില്ലാതെ അര മണിക്കൂര്‍ പോലും അവരോട് സംസാരിക്കാന്‍ സമയമില്ലാത്ത രക്ഷിതാക്കളാണ് അവര്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോഴേക്ക് കുറ്റപ്പെടുത്തി അവരെ കടുത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നത്. ഇത് കുട്ടികളെ കുറ്റവാസനയിലേക്കും ലഹരി ഉപയോഗത്തിലേക്കും തള്ളിവിടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റപ്പെടുത്തലുകള്‍ക്കും 2 കെ കിഡ് ക്രിമിനലുകളെന്ന് പറഞ്ഞുള്ള ഒറ്റപ്പെടുത്തലുകള്‍ക്കുമപ്പുറം നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതില്‍ കാര്യമായ ചര്‍ച്ച നടക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനോരോഗ ചികിത്സാ വിഭാഗം പ്രഫസറും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി കൺസൾട്ടന്റ് സൈക്കാട്രിസ്റ്റുമായ ഡോ.അരുണ്‍ ബി നായര്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

കുട്ടികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. അപ്പോഴെല്ലാം പൊതു സമൂഹം ചോദിക്കുന്ന ചോദ്യമിതാണ്. ഈ കുട്ടികളെന്താണ് ഇങ്ങനെ. എനിക്കും അതാണ് ചോദിക്കുന്നത് നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത്
ഈ തലമുറയിലെ കുട്ടികളുടേയും കഴിഞ്ഞ തലമുറയിലെ കുട്ടികളുടേയും ജീവിതം തമ്മില്‍ അടിസ്ഥാനപരമായി രണ്ട് മൂന്ന് വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന് വളരെയധികം സാമൂഹിക വിച്ഛേദനം (സോഷ്യല്‍ ഡിസ്‌കണക്ഷന്‍) അനുഭവിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കുട്ടികളെന്നതാണ്. നേരത്തെ സമപ്രായക്കാരുമായി കളിക്കാനും ഇടപഴുകാനുമൊക്കെയായി അവര്‍ സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഡിജിറ്റല്‍ വിപ്ലവം വന്നതോട് കൂടി കുട്ടികള്‍ അവരിലേക്കും ഡിവൈസുകളിലേക്കും ഒതുങ്ങി. പരിതിയില്ലാത്ത സ്വാതന്ത്ര്യം കിട്ടി. ലോകം ഒറ്റക്ലിക്കില്‍ കണ്‍മുന്നില്‍ തുറന്നു. ഇത് കുട്ടികളുടെ മാത്രം പ്രശ്‌നമല്ല രക്ഷിതാക്കളും അതേ അവസ്ഥയിലാണ്.
വീടുകളിലെത്തിയാല്‍ രക്ഷിതാക്കള്‍ അവരുടെ ഗാഡ്ജറ്റ്‌സുകളിലേക്ക് ഒതുങ്ങുകയാണ്. തങ്ങളുടെ സൗകര്യത്തിന് അവര്‍ കുഞ്ഞുങ്ങളെ റീല്‍സുകള്‍ കാണിച്ച് ഭക്ഷണം കഴിപ്പിക്കുന്നതില്‍ തുടങ്ങുന്നു ഡിജിറ്റല്‍ പരിജയപ്പെടുത്തല്‍. കുട്ടികളോട് സമയം ചെലവഴിക്കാന്‍ തയ്യാറാവുന്നില്ല, അവരതിനെ ഗൗരവത്തോടെയും കാണുന്നില്ല. ഇത് കുട്ടികളിലുണ്ടാക്കുന്നത് രക്ഷിതാക്കളോടുള്ള വൈകാരിക അകലമാണ്. ഇതോടെ ജനിച്ചുവീഴുന്നത് മുതല്‍ കുട്ടികാണുന്നത് ഡിജിറ്റല്‍ ലോകവുമാകുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളില്‍ എടുത്തുചാട്ട സ്വഭാവം വര്‍ധിപ്പിക്കുന്നുണ്ട്. പണ്ട് എന്തെങ്കിലും ആഗ്രഹം തോന്നിയാല്‍ അത് സാധിക്കപ്പെടുന്നതിനിടയില്‍ ഒരിടവേളയുണ്ടായിരുന്നു. ഈ ഇടവേളയ്ക്കിടയില്‍ ഒരുപക്ഷെ ആഗ്രഹം സാധിക്കപ്പെടാം സാധിക്കപ്പെടാതിരിക്കാം.
കുട്ടികളുടെ മനസ്സ് അതുമായി ബന്ധപ്പെട്ട് പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നു. പക്ഷെ ആ ഇടവേള ഇന്ന് ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ഒറ്റക്ലിക്കില്‍ എല്ലാം മുന്നിലെത്തുന്ന അവസ്ഥയിലേക്കെത്തി. ഇത് സാധിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ അക്ഷമരാകുന്നത്. അത് എടുത്തുചാട്ടത്തിലേക്കും പെട്ടെന്നുള്ള പ്രതികരണത്തിലേക്കുമാണ് കുട്ടികളെ എത്തിക്കുന്നത്. ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവരെ കൊല്ലാനോ, അവനവനെ തന്നെ ഇല്ലായ്മ ചെയ്യാനോ, അല്ലങ്കില്‍ ആഗ്രഹം നടത്തി തരുന്നതിന് എന്ത് വഴിയും സ്വീകരിക്കുന്നതിനോ അവരെ പ്രേരിപ്പിക്കുന്നു. ഇതാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്കും സമാന സംഭവങ്ങള്‍ക്കുമെല്ലാം ഹേതുവാകുന്നത്. ഒപ്പം ലഹരികൂടിയെത്തുമ്പോള്‍ ആത്മനിയന്ത്രണവും നഷ്ടപ്പെടുന്നു. ഇതിന് പുറമെ മൈതാനങ്ങളില്‍ നിന്നും സംസ്‌കാരിക പരിപാടികളില്‍ നിന്നുമെല്ലാം മാറ്റി കുട്ടികളെ പഠനത്തിലേക്ക് മാത്രം തള്ളിവിടുന്ന പുതിയ പാരന്റിംഗ് ലോകം സ്‌കൂള്‍ കഴിഞ്ഞാല്‍ ട്യൂഷന്‍, ഹോം വര്‍ക്ക് എന്നതിലേക്ക് മാത്രം കുട്ടിയെ ഒതുക്കി കളഞ്ഞു.

കുടുംബങ്ങളില്‍ നിന്നും എങ്ങനെ തുടങ്ങും
ഞങ്ങളുടെയടുത്ത് കൗണ്‍സിലിങ്ങിനും മറ്റുമെത്തുന്ന കുട്ടികളില്‍ കഴിഞ്ഞ കുറച്ചുകാലമായി കണ്ടുവരുന്ന പ്രധാന മാറ്റം അവരുടെ വൈകാരിക പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ളതാണ്. തങ്ങളെയൊന്ന് കേള്‍ക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. എന്തെങ്കിലും പറയുമ്പോള്‍ നിസ്സാരമാക്കുക, തങ്ങളുടെ ഭൂതകാലം പറഞ്ഞ് അവരുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതിരിക്കുക, ഉപദേശംമാത്രം നല്‍കുക ഇതൊക്കെയാണ് പ്രധാന കാരണമായി പറയുന്നത്.
എന്ത് തിരക്കിനിടയിലും നിങ്ങളുടെ കുട്ടികള്‍ക്കായി ഒരു മണിക്കൂര്‍ മാറ്റിവെക്കുകയെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമായി കണക്കാക്കേണ്ട ഒരു കാലമാണിത്. ഒരു മണിക്കൂര്‍ എന്നത് അവരെ ശാസിക്കാനോ ഉപദേശിക്കാനോ ചെലവഴിക്കുക എന്നതിനപ്പുറം ആ ഒരു മണിക്കൂറിന്റെ ഗുണനിലാവാരം ഉറപ്പാക്കണം. കുട്ടികളെ അറിയാനുള്ള അവരുടെ ഡെയ്‌ലി ആക്ടിവിറ്റിയെ പറ്റി രക്ഷിതാക്കള്‍ക്ക് കൂടി പഠിക്കാനുള്ള സമയമായി അതിനെ കണക്കാക്കണം. ചെറുപ്രായം മുതല്‍ ഇത് ഉറപ്പാക്കുക എന്നത് ഏറേ ഗൗരവമേറിയ കാര്യമാണ്. കാരണം ലോകാരോഗ്യ സംഘടന തന്നെ പറയുന്നത് 14 വയസ്സിന് മുമ്പുള്ള പ്രായത്തിലാണ് മാനസികപ്രശ്‌നങ്ങളില്‍ 50 ശതമാനവും തുടങ്ങുന്നത് എന്നാണ്. 75 ശതമാനവും 24 വയസ്സിന് മുന്നെയാണ് തുടങ്ങുന്നതെന്നും പറയുന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് തുടക്കത്തിലേ തിരിച്ചറിയുകയും ഇടപെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ്. അത് തിരിച്ചറിയാതെ പോയാല്‍ ലഹരിഅടിമത്വം, കുറ്റകൃത്യം, ആത്മഹത്യ എന്നതിലേക്കാണ് ചെന്നവസാനിക്കുക.
പാരന്റിംഗ് സംവിധാനത്തിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. കൂടുതലായും ഏത് തരത്തിലുള്ള പാരന്റിംഗ് രീതിയാണ് ആധുനിക കുടുംബങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്.
രണ്ട് തരത്തിലുള്ള പാരന്റിംഗ് രീതിയാണ് കൂടുതലായി കണ്ടുവരുന്നത്. അതില്‍ ഒന്ന് ഇന്‍സ്റ്റിങ്ങ്ടീവ് പാരന്റിംഗ് അല്ലെങ്കില്‍ ചോദനാത്മക രക്ഷാകര്‍തൃത്വം എന്ന് പറയും. അതായത് എന്നെ വളര്‍ത്തിയപോലെ ഞാന്‍ എന്റെ മകനെയും വളര്‍ത്തുമെന്ന പരാതി. എന്നെ തല്ലിയത് കൊണ്ട് ഞാന്‍ നന്നായി എന്ന് സ്വയം വിശ്വസിക്കുന്നവരാണ് ഇത്തരം രക്ഷിതാക്കള്‍. പണ്ട് ഇങ്ങനെ അടികിട്ടുമ്പോള്‍ അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോള്‍ അത് മാറുമായിരുന്നു. കാരണം സമപ്രായക്കാര്‍ ആരെങ്കിലും കളിക്കാന്‍ വരും. അടുത്തവീട്ടിലെ സുഹൃത്തുക്കളുടെ വീട്ടില്‍ പോയിരിക്കും, അതുമല്ലെങ്കില്‍ വീട്ടില്‍ തന്നെ മറ്റാരെങ്കിലുമുണ്ടാവും. അങ്ങനെയൊക്കെ കൊണ്ട് അതങ്ങ് മാറും. എന്നാല്‍ നേര്‍ വിപരീതമാണ് പുതിയ കാലം. അവര്‍ക്ക് തന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ ആരുമില്ല, കളിക്കാന്‍ പോവാന്‍ ആരുമില്ല, അകെയുള്ളത് ഡിജിറ്റല്‍ ലോകമാണ്. ഇത് വലിയ മാനസികാഘാതത്തിലേക്ക് കുട്ടികളെ എത്തിക്കും.
മറ്റൊന്ന് പെര്‍മിസീവ് പാരന്റിംഗ് ആണ്. കുട്ടി ആവശ്യപ്പെടുന്ന എല്ലാം സാധിച്ചുകൊടുക്കുന്ന രക്ഷാകര്‍തൃത്വ രീതിയാണിത്. പഠിക്കണമെങ്കില്‍ ചോക്ലേറ്റ് വേണമെന്ന് പറയുമ്പോള്‍ നല്‍കുക, ഭക്ഷണം കഴിക്കണമെങ്കില്‍ മൊബൈല്‍ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കുക. അത് കുട്ടികള്‍ക്ക് നോ എന്നത് സഹിക്കാവുന്നതേ ആവില്ല. ഇതോടെയാണ് ആഗ്രഹിക്കുന്നത് കിട്ടുന്നിടത്തേക്ക് കുട്ടി പെട്ടെന്ന് എത്തുന്നത്. തങ്ങളുടെ കുട്ടികള്‍ ഒന്നും ചെയ്യില്ലെന്ന അമിതമായ ആത്മവിശ്വാസമുള്ള രക്ഷിതാക്കള്‍ ഇത്തരം പാരന്റിംഗില്‍ പെടും. പലപ്പോഴും കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തുക പോലും ഇവിടെ രക്ഷിതാവ് ചെയ്യുന്നില്ല. ഇത് കുട്ടികള്‍ മുതലാക്കുകയും ചെയ്യും.
ഇങ്ങനെയുള്ള കുടുംബത്തില്‍ വരുന്ന കുട്ടികള്‍ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റും വഴിമാറിപ്പോവും. ഇതിനെല്ലാം പുറമെ നെഗ്ലക്റ്റഡ് പാരന്റിംഗ് രീതിയുമുണ്ട്. കുട്ടികളുടെ അടുത്തിരിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ സമയമില്ലാത്ത രക്ഷിതാക്കളാണ് ഇതില്‍ പെടുന്നത്. ഇതോടെ അവരെ കേള്‍ക്കാന്‍ അവര്‍ മറ്റ് വഴിതേടും. തന്റെ പ്രാഥമികാവശ്യം പോലും ചോദിച്ചറിയാന്‍ നേരമില്ലാത്ത അല്ലെങ്കില്‍ കഴിവില്ലാത്ത ഈ പാരന്റിംഗ് സംവിധാനത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ മയക്ക് മരുന്നിന്റെയും മറ്റ് ലഹരിയുടെയും വലയില്‍ പെടുകയും ചെയ്യും.
അതോറിറ്റേറ്റീവ് പാരന്റിംഗ് അഥവാ ആധികാരിക രക്ഷാകര്‍തൃത്വമാണ് മികച്ച രീതി. അവിടെ സ്വാതന്ത്ര്യമുണ്ട് ഉത്തരവാദിത്വമുണ്ട്. സ്‌നേഹമുണ്ട് അച്ചടക്കമുണ്ട്. കുട്ടികളുടെ ഇടയില്‍ നിയന്ത്രണവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ക്കും, ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നതുമായ പാരന്റിംഗ് രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിംഗ്. കുട്ടികളുമായി ഒരു പോസിറ്റീവ് ബന്ധം ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും. ഇങ്ങനെയുള്ള പാരന്റിംഗ് രീതിയില്‍ കുട്ടികള്‍ക്ക് മേല്‍ രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുമെങ്കിലും എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് കൂടി കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്.
വീട്ടില്‍ എല്ലാവരും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അതായത് നിശ്ചിത സമയത്ത് വീട്ടിലെത്തുക വൈകുമെങ്കില്‍ അറിയിക്കുക, ലഹരി ഉപയോഗിച്ച് വീട്ടിലേക്ക് വരാതിരിക്കുക എന്നിവയെല്ലാം ഇതില്‍ പെടും. അല്ലാതെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അല്ലെങ്കില്‍ ഏത് രീതിയിലും വരാമെന്ന ഒരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. അതുവഴി കുട്ടികളെ നേരെയാക്കാനും സാധിക്കില്ല.
കഴിഞ്ഞയാഴ്ചയാണ് കൊച്ചിയില്‍ ഒമ്പതാംക്ലാസുകാരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സ്വന്തം സഹോദരിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നത്. എങ്ങനെയാണ് പത്തോ പതിനാലോ വയസ്സുള്ള ഒരു കുട്ടിക്ക് ഇത്ര വലിയൊരു നീച പ്രവര്‍ത്തി ചെയ്യാന്‍ കഴിയുന്നത്.
മൂന്ന് വയസ്സിനും 12 പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള പ്രായമാണ് കുട്ടികളെ ഏറ്റവും ശ്രദ്ധിക്കേണ്ട കാലം. ഈ കാലത്താണ് വിഷ്വല്‍ മെമ്മറി ഡവലപ്പ് ചെയ്യുന്നത്. 12 വയസ്സിന് ശേഷമാണ് ഗുണദോഷ വ്യക്തിവിചാരം. അഥവാ ക്രിട്ടിക്കല്‍ തിങ്കിങ് സംഭവിക്കുന്നത്. അതായത് കണ്‍മുന്നില്‍ കാണുന്നത് ശരിയാവണമെന്നില്ലെന്നും ആരോഗ്യകരമാവണമെന്നില്ലെന്നുമുള്ള ചെറിയ ബോധം ആ സമയത്താണ് വരുന്നത്. മൂന്നിനും 12 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ലൈംഗീക ദൃശ്യങ്ങളോ മറ്റോ നിരന്തരം കാണാനിടയാല്‍ അത് പരീക്ഷിക്കാനുള്ള, അല്ലെങ്കില്‍ അനുകരിക്കാനള്ള ഒരു ത്വര അവരിലേക്ക് വരുന്നു. ഇന്ന് ഗെയിമുകളിലൂടെയും മറ്റും ചെറുപ്രായത്തില്‍ തന്നെ ഇതെല്ലാം കുട്ടികളിലേക്കെത്തുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ലഹരി കൂടിയെത്തുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കടിച്ചില്ലെങ്കില്‍ മര്‍ദനം, എതിരാളികളുടെ പോസ്റ്റിന് ലൈക്കടിച്ചാല്‍ മര്‍ദനം. ഈ ലൈക്കുകളെല്ലാം ഏത് തരത്തിലാണ് കുട്ടികളെ സ്വാധീനിക്കുന്നത്. ഇത്ര നിസ്സാരമാണോ കാര്യങ്ങള്‍.
ലൈക്കുകള്‍ നിസ്സാരമാവുന്നത് നമുക്കാണ്. ജനിച്ച് വീഴുമ്പോള്‍ മുതല്‍ കുട്ടികളുടെ കൈയില്‍ കിട്ടുന്ന ഡിജിറ്റല്‍ ലോകത്ത് അതിലെ താരങ്ങളാണ് അവരുടെ പ്രിയപ്പെട്ടവര്‍. കൂടുതല്‍ ലൈക്ക് കിട്ടുന്നവന്‍ കേമനാണെന്നും അതുവഴി സുഹൃത്തുക്കള്‍ക്കിടയില്‍ സൈലിബ്രിറ്റി പദവി പോലും കിട്ടുന്നുവെന്ന് അറിയുമ്പോള്‍ അവരുടെ ഏറ്റവും വലിയ സന്തോഷം കൂടിയാണ് ഈ ലൈക്കുകള്‍. അതോടെ കൂടുതല്‍ ലൈക്ക് കിട്ടാന്‍ എന്ത് വഴിയും സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യുന്നു. താന്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന വ്യക്തികളുടെ ജീവിതം യഥാര്‍ഥത്തില്‍ അതുപോലെ തന്നെയാണ് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടത്തില്‍ ഏറെയും.
ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ളവരാണ് തന്റെ ജീവിതം മനോഹരമാണെന്നും ഇതാണ് യാഥാര്‍ഥ ജീവിതമെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട് ആളെക്കൂട്ടന്നവരിലേറെയും. ഇത് കാണുന്ന കുട്ടികളും അവരെ അനുകരിക്കും. ലൈക്കിനായി അവര്‍ സ്വീകരിച്ച വഴികള്‍ ഇവരും സ്വീകരിക്കും. അത്തരക്കാര്‍ക്ക് തന്റെ പോസ്റ്റിന് ലൈക്ക് കുറയുന്നതൊന്നും സഹിക്കാനാവുന്ന കാര്യമല്ല. പലരും ഫുള്‍സെറ്റിള്‍ഡ് ഫാമിലിയില്‍ ജനിച്ചുവീഴുന്നതുകൊണ്ട് ജീവിതാനുഭവങ്ങളൊന്നും ഉണ്ടാവില്ല. ഇതോടെ ലൈക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന തരത്തിലേക്ക് പോവും. നമ്മള്‍ നേരത്തെ കാണിച്ച സാമൂഹിക വിച്ഛേദനത്തിന്റെ പരിണിത ഫലങ്ങളിലൊന്നാണിത്.
ലഹരിവസ്തുക്കള്‍ എങ്ങനെയാണ് കുഞ്ഞുങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുന്നത്
നമ്മുടെ തലച്ചോറില്‍ ഡോപമിന്‍ എന്നൊരു രാസവസ്തുവുണ്ട്. ഡോപമിന്‍ ആണ് നമുക്ക് ആഹ്ലാദം നല്‍കുന്നത്. ഡോപമിന്‍ കൂടാനുള്ള സ്വാഭാവികമായ ചില മാര്‍ഗങ്ങളുണ്ട്. കായിക വ്യായാമങ്ങള്‍, സംഗീതം, നമുക്ക് ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, മനുഷ്യ ബന്ധങ്ങള്‍, സാമുഹ്യ അംഗീകാരം കിട്ടുന്ന പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുക എന്നിവയെല്ലാം ഡോപമിന്‍ ആരോഗ്യകരമായി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളാണ്.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഡോപമിന്റെ അളവ് പൊടുന്നനെ വര്‍ധിക്കും. ഡോപമിന്‍ ഗ്ലൂക്കോസിനെ പോലെയാണെന്നാണ് പറയുന്നത്. ഗ്ലൂക്കോസ് ഒരു പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഡയബറ്റിസ് എന്ന അസുഖം വരുമെന്ന് പറയുന്നപോലെ ഡോപമിന്‍ ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിച്ചാല്‍ നിയന്ത്രണം വിട്ട സന്തോഷം ആത്മനിയന്ത്രണം വിടുന്ന അവസ്ഥ വരും. വീണ്ടും അതിന്റെ പരിധി വര്‍ധിച്ചാല്‍ ചിത്തഭ്രമ ലക്ഷണം വരാനുള്ള സാധ്യതയുണ്ട്. ഇത് അക്രമങ്ങളിലേക്കടക്കം അവരെയെത്തിക്കും. പലപ്പോഴും ആരോഗ്യകരമായി ഡോപമിന്‍ കൂടാനുള്ള സാധ്യതയില്ലാത്ത കുട്ടികളാണ് ഇത്തരത്തില്‍ കൃത്രിമ ഡോപമിന്‍ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.
Content Highlights: new parenting situation in family and its effects in childeren
Published: 07 Mar 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented