
ജയിലിനുള്ളിലെ തടവുകാരന് തയ്യാറാക്കുന്ന ഭക്ഷണത്തെ സംശയത്തോടെ കാണേണ്ടതില്ലെന്നും സമൂഹത്തോടുള്ള ഹൃദയൈക്യം പ്രഖ്യാപിക്കലായാണ് അവർ സ്വയം തയ്യാറാക്കുന്ന ജയില്‍ ഭക്ഷണത്തെ കാണുന്നതെന്നും മുന്‍ ജയില്‍ ഡിഐജി എസ് സന്തോഷ്. മാതൃഭൂമി ഡോട്ട്‌കോമിന്റെ സര്‍വീസ് സ്റ്റോറി അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളുമായുള്ള നിരന്തര സമ്പര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്നവരാണ് ജയിലുദ്യോഗസ്ഥരെന്നും മദ്യം, ആത്മഹത്യ തുടങ്ങിയ ചിന്തകളിലേക്ക് ഈ സംഘര്‍ഷം ഇവരെ നയിക്കുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു. തുച്ഛമായുള്ള വേതനം ലഭിക്കുന്ന വേറെ എന്തെങ്കിലുമൊരു ജോലി ലഭിച്ചാല്‍ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും ബോണ്ട് തുക കെട്ടിവെച്ചിട്ട് പോലും ജോലി ഉപേക്ഷിച്ച് പോകുന്നവര്‍ ജയിലുദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ഓഫീസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read
പ്രിസണ്‍ ഓഫീസര്‍മാര്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും സമ്പര്‍ക്കം പുലര്‍ത്തുന്നതും കുറ്റവാളികളുമായിട്ടാണല്ലോ. കുറ്റവാളികളുമായിട്ടുള്ള നിരന്തര സമ്പര്‍ക്കം ഇവരുടെ ജീവിതത്തെയും മാനസ്സികാരോഗ്യത്തെയും എത്രത്തോളം ബാധിക്കുന്നുണ്ട്.
വിഷം പാനം ചെയ്ത പരമശിവന്‍മാരാണ് ജയില്‍ ഓഫീസര്‍മാര്‍ എന്ന് പണ്ടൊരു സംസാരമധ്യേ ഞാന്‍ പറഞ്ഞിരുന്നു. ലോക നന്മയ്ക്കു വേണ്ടി കാളകൂട വിഷം ആഹരിക്കേണ്ടി വന്ന ശിവന്‍ അത് കണ്ഠത്തില്‍ കെട്ടിനിര്‍ത്തി ഉള്ളിൽ പോവാതെ അവനവനെ ബാധിക്കാത്ത തരത്തില്‍ നിലനിര്‍ത്തിപ്പോന്നു. എന്നാ,ല്‍ ആ വിഷം അദ്ദേഹത്തെ ഗ്രസിക്കുകയും ചെയ്തു. ഇത് ഒരു ജയില്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ച് സാധാരണ പരിണതിയാണ്. ജയില്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി കുറ്റവാളികളെ മാത്രമാണ് കാണുന്നത്. ഒരാള്‍ കൊലപാതകി, ഒരാള്‍ ബലാത്സംഗം ചെയ്ത ആള്‍, ഒരാള്‍ കുട്ടികളെ പീഡിപ്പിച്ചയാള്‍, ഒരാള്‍ മോഷണം നടത്തിയയാള്‍. അയാളുടെ ജീവിതകാലം മുഴുവന്‍ അയാള്‍ സഹകരിക്കുന്നത് ഇത്തരം ആളുകളുമായിട്ടാണ്. അതിനാൽ ഉള്ളിന്റെയുള്ളിൽ കുറ്റങ്ങള്‍ സാധാരണമല്ലെന്ന മനോഭാവം കുറയും. കുറ്റങ്ങള്‍ തലച്ചോറില്‍ നോര്‍മലൈസ് ചെയ്യപ്പെടും. മറ്റൊരു പ്രധാന കുഴപ്പം, ഒരു മനുഷ്യന്റെ നന്‍മകളിലേക്കല്ല, അയാളുടെ വീഴ്ചകളിലേക്കോ കുറവുകളിലേക്കോ ആണ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പുറംതിരിഞ്ഞു പോവുക. ഉദാഹരണത്തിന് ഒരു വീട്ടിന്റെ വാതില്‍ക്കല്‍ ചെന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ എന്ന ജയിലുദ്യോഗസ്ഥന്‍ ഒരുപാട് സംശയാലു ആവും. ഒരു വീട്ടിലേക്ക് കയറിച്ചെലുമ്പോള്‍ വരെ സംശയങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാവും. വീടിന്റെ ഗേറ്റില്‍ നിന്ന് ഒന്ന് ശ്രദ്ധിക്കും. ചുറ്റുപാടും വീക്ഷിക്കും. വീടിനകത്തേക്ക് കയറണോ എന്ന് സംശയിക്കും. വീട്ടിനുള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അമിത ചിന്താഭാരം പേറും.
ഉദാഹരണത്തിന് അസമയത്ത് ഒരു സ്ത്രീ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണെന്ന് സങ്കല്‍പിക്കുക. അവര്‍ ഒരുപക്ഷേ, ഭര്‍ത്താവിനെ കത്തുനില്‍ക്കുകയായിരിക്കും. അല്ലെങ്കില്‍ കുട്ടികള്‍ വരാന്‍ കാത്തുനില്‍ക്കുകയായിരിക്കും. ഇതൊക്കെ സ്വാഭാവികമായ കാര്യങ്ങളായിരിക്കും. പക്ഷേ, ഒരു ജയിലുദ്യോഗസ്ഥനെന്ന നിലയില്‍ ഞാനാദ്യം ചിന്തിക്കുന്നത് ഈ സ്ത്രീ നില്‍ക്കുന്നത് എന്തോ പ്രശ്‌നവുമായിട്ടാണ് എന്ന നിലയിലായിരിക്കും. പ്രശ്‌നം, പ്രതിസന്ധി, കുഴപ്പം, കുറ്റം സാധ്യത എന്നിങ്ങനെ ഊണിലും ഉറക്കത്തിലും നിത്യജീവിതത്തിലും കാണുന്നവരിലുമെല്ലാം സംശയങ്ങളും പ്രശ്‌നങ്ങളുമായിരിക്കും.
ജയിലിലെ ജീവിതം തുടര്‍ന്നു കൊണ്ടിരിക്കെ ജയില്‍ ഓഫീസര്‍മാരുടെ സ്വഭാവത്തില്‍ എന്തെല്ലാം കാര്യമായ മാറ്റങ്ങളാണ് ഉണ്ടാവുക. അതിനനുസരിച്ച് സ്വയം തിരുത്താനോ മാനസികാരോഗ്യം മെച്ചപ്പെടുത്തനോ ഉള്ള എന്തങ്കിലും സംവിധാനങ്ങളോ വ്യവസ്ഥകളോ ജയിലില്‍ ഉണ്ടോ.
ജയില്‍ വകുപ്പ് അധ്യക്ഷന്‍ ജയിലുദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിങ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കുകയും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം ഉപയോഗിച്ചു കൊണ്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. അത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. ഇത്തരത്തിലൊരു ആലോചന നേരത്തെ ഉണ്ടായിരുന്നില്ല എന്നതും ആ സാഹചര്യത്തോട് അവര്‍ അഡ്ജസ്റ്റ് ചെയ്ത് പോവുകയായിരുന്നുവെന്നുള്ളതുമാണ് എന്റെ അനുഭവം. പ്രിസണ്‍ ഓഫീസറുടെ വേതനം ഭേദപ്പെട്ടതാണ്. പക്ഷേ, അതിനേക്കാൾ തുച്ഛമായ വേതനം ലഭിക്കുന്ന വേറെ എന്തെങ്കിലുമൊരു ജോലി ലഭിച്ചാല്‍ ജയിലിലെ ജോലി ഉപേക്ഷിക്കുന്ന പ്രവണത ജീവനക്കാരുടെ ഇടയില്‍ ഉണ്ട്. ട്രെയിനിങ്ങിന് വേണ്ടി ചെലവഴിച്ച ബോണ്ട് തുക കെട്ടിവെച്ചിട്ട് പോലും ജോലി ഉപേക്ഷിച്ച് പോകുന്നവരുണ്ട് കൂട്ടത്തില്‍. അതുപോലെ ഓഫീസര്‍മാരുടെ തസ്തികകളും ഒഴിഞ്ഞാണ് കിടക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരായ മൂന്നാല് പേരുടെയെങ്കിലും ആത്മഹമത്യകളുണ്ടായിട്ടുണ്ട്. ജോലി സ്ഥലത്തെയും വീട്ടിലെയും സമര്‍ദം ഒരുമിച്ച് വന്ന് താങ്ങാന്‍ പറ്റാതെയാണ് അവരില്‍ ചിലര്‍ ആത്മഹത്യം ചെയ്തത്. വീട്ടില്‍ നന്നായി പെരുമാറാന്‍ സാധിക്കാതെ വരുമ്പോള്‍ ചില പ്രതിസന്ധികളുണ്ടാവും. ഗൃഹാന്തരീക്ഷം മോശമാവും. കുട്ടികളോടുള്ള പെരുമാറ്റം മോശമാവും. അല്ലെങ്കില്‍ ഭാര്യയോടുള്ള പെരുമാറ്റത്തില്‍ വിഷമതകളുണ്ടാവും. അങ്ങനെയൊക്കെ ഉണ്ടായതിനുശേഷം പലപ്പോഴും പലസംശങ്ങള്‍ ഉടലെടുക്കും. കുട്ടികളോട് മോശമായി പെരുമാറുമ്പോൾ അവരുടെ ചില പ്രതികരണങ്ങളിൽ നിന്ന് മക്കൾക്ക് തന്നോട് സ്‌നേഹമുണ്ടോ എന്നുള്ള സംശയം ഉടലെടുക്കും ചിലരിലെങ്കിലും. തത്ഫലമായി മദ്യത്തെ ആശ്രയിക്കുന്ന പലരുമുണ്ട് കൂട്ടത്തിൽ. ആറ് മണിയാവുമ്പോള്‍ സ്‌കൂളിലെ കുട്ടികള്‍ വീട്ടിലേക്ക് വന്ന് ബാഗും യൂണിഫോമും വലിച്ചെറിയുന്ന പോലെ എങ്ങനെയെങ്കിലും യൂണിഫോം ഊരിയിട്ട് ക്വാര്‍ട്ടേഴ്‌സില്‍ കയറി ഉടന്‍ തന്നെ മദ്യശാലയിലേക്ക് പോവുന്ന ഒരുപാട് സഹപ്രവര്‍ത്തകരെ ഞാന്‍ കണ്ടിട്ടുണ്ട്.
ചിലര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ജയില്‍ ജീവിതം ആത്മഹത്യ ചെയ്യാന്‍ തക്ക വണ്ണം എന്ത് ബുദ്ധിമുട്ടാണ് ഉദ്യോഗസ്ഥരിലുണ്ടാക്കുന്നത്.
ഒരുപാട് തടവുകാര്‍ അവരുടെ കഥകള്‍ പറയുന്നു. ആ അനുഭവങ്ങളുടെ ഒരംശം ജയിലുദ്യോഗസ്ഥനും പേറും. നിരന്തരം ഇത്തരം പ്രശ്‌നങ്ങളിലൂടെയും കുറ്റവാളികളുമായുള്ള ഇടപഴകലിലൂടെയും സംഘര്‍ഷ ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് വീട് ആശ്വാസമാകണം. അയാള്‍ പ്രശ്‌നങ്ങളുമായാണല്ലോ ജയിലില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീടെന്നത് നമ്മളെ സംബന്ധിച്ച് ആശ്വാസകേന്ദ്രമാവണം. രാവിലെ ഉന്മേഷത്തോടെ ജയിലിലേക്ക് കയറുന്ന ഉദ്യോഗസ്ഥന്‍ വൈകുന്നേരം ഒരുപാട് പ്രശ്‌നങ്ങളുമായാണ് വെളിയിലിറങ്ങുന്നത്. അങ്ങനെ അയാള്‍ വീട്ടിലേക്കിറങ്ങുമ്പോള്‍ വീട്ടിലുള്ളവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നല്‍കുന്നത് അയാള്‍ക്ക് താങ്ങാന്‍ പറ്റണം എന്നില്ല. പ്രത്യേക മാനസികാവസ്ഥ വേണ്ട ജോലി ചെയ്തിറങ്ങിയ ആളാണ് അദ്ദേഹമെന്ന് വീട്ടില്‍ തിരിച്ചറിയപ്പെട്ടില്ലെങ്കില്‍ അത് വീട്ടില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. സാധാരണ രീതിയില്‍ സ്വാഭാവികമായും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനെത്തുടര്‍ന്ന് പരാതിപ്പെടുന്ന ഭാര്യ, ആവശ്യമറിയിക്കുന്ന മക്കള്‍, അല്ലെങ്കില്‍ വീട്ടിലെ സാഹചര്യങ്ങള്‍ എന്നിവയൊക്കെ അയാളെ കൂടുതല്‍ പ്രശ്‌നത്തിലാക്കും. വീട്ടുകാര്‍ ഇവര്‍ പ്രത്യേക ജോലി ചെയ്ത് വരുന്നവരാണെന്ന് തിരിച്ചറിഞ്ഞ് പരിഗണനയോടെ പെരുമാറിയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിൽ കൊണ്ടു ചെന്നെത്തിക്കും. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് മാത്രം കൗണ്‍സിലിങ് കൊടുത്താല്‍ പോര. കുടുംബാംഗങ്ങള്‍ക്കു കൂടി കൊടുക്കേണ്ട പരിതസ്ഥിതി ഇത്തരം ജോലിചെയ്യുന്നവരുടെ വീടുകളിലുണ്ട്.
കേരളത്തില്‍ അങ്ങോളമിങ്ങോളം പലതരം ജയിലുകളുണ്ട്. ഇവയോരോന്നും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ.
ജയിലുകളിലെ ഏറ്റവും അടിസ്ഥാനപരമായ സ്ഥാപനം എന്നത് സബ് ജയിലുകളാണ്. ചുരുങ്ങിയ സൗകര്യങ്ങളുള്ള, ചുരുങ്ങിയ ഉദ്യോഗസ്ഥരുള്ള, റിമാന്‍ഡ് തടവുകാരെയും വിചാരണ തടവുകാരെയും പാര്‍പ്പിക്കുന്ന ഇടങ്ങളാണ് സബ് ജയിൽ. ശിക്ഷിക്കപ്പെട്ടാല്‍ തന്നെ ഒരുമാസം തടവുശിക്ഷ അനുഭവിക്കുന്നവരെ പാര്‍പ്പിക്കുന്ന ചെറിയ ജയിലുകളാണിവ. കറക്ഷന്‍ പോലുള്ള കാര്യങ്ങളൊന്നും അവിടെ ഉദ്ദേശിച്ചിട്ടില്ല. മറിച്ച് വിചാരണത്തടവുകാരെ മാത്രമാണ് സൂക്ഷിക്കുന്നത്.
സബ് ജയിലിനു തൊട്ടു മുകളിലുള്ള സ്ഥാപനങ്ങളാണ് സ്‌പെഷ്യല്‍ സബ് ജയിലുകള്‍. അവിടെ മൂന്ന് മാസം വരെയുള്ള ശിക്ഷ അനുഭവിക്കുന്നവരെ പാര്‍പ്പിക്കും.അതുപോലെ റിമാന്‍ഡ് പ്രതികളെയും വിചാരണത്തടവുകാരെയും സൂക്ഷിക്കും.
അതിനു മുകളിലുള്ള സ്ഥാപനങ്ങളാണ് ജില്ലാ ജയില്‍. ആറ്മാസം വരെയുള്ള തടവുശിക്ഷ അനുഭവിക്കുന്നവര്‍ ഇവിടുണ്ടാകും. അതുപോലെ റിമാന്‍ഡ് തടവുകാരും വിചാരണത്തടവുകാരും ഉണ്ടാകും. ജില്ലാ ജയിലിനുമുകളിലാണ് സെന്‍ട്രല്‍ ജയില്‍ വരുന്നത്. കറക്ഷണല്‍ ഹോമായി പ്രവര്‍ത്തിക്കുന്നത് സെന്‍ട്രല്‍ ജയിലുകളാണ്. കേരളത്തില്‍ നാല് സെന്‍ട്രല്‍ ജയിലുകളാണുള്ളത്. സെന്‍ട്രല്‍ ജയിലുകളുടെ എക്സ്റ്റൻഷൻ സെന്‌റര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇടങ്ങളാണ് ഓപണ്‍ ജയിലുകള്‍. കൗമാരക്കാരായ കുറ്റവാളികളെ താമസിപ്പിക്കുന്ന ബോസ്റ്റല്‍ (Borstal) സ്‌കൂള്‍ എന്ന സംവിധാനവും ഉണ്ട്. തൃക്കാക്കരയിലാണ് ബോസ്റ്റല്‍ സ്‌കൂളുള്ളത്. മൂന്ന് മേഖലയില്‍ മൂന്ന് വനിതാ ജയിലുകളുണ്ട് കേരളത്തിൽ. ഒരു വനിതാ ഓപണ്‍ ജയിലുമുണ്ട്. അത് തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ഒരു ഹൈസെക്യൂരിറ്റി ജയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയുമാണ് ജയിലുകളുടെ ഡിവിഷന്‍.
ഏതെല്ലാം പരീക്ഷകളിലൂടെയും പരിശീലനങ്ങളിലൂടെയും പോയിട്ടാണ് ഒരാള്‍ പ്രിസണ്‍ ഓഫീസറാവുന്നത്.
രണ്ട് ലെവലിലാണ് ജയിലിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്സി മുഖാന്തരമാണ് നിയമനമുണ്ടാവുന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് എന്നുള്ള തസ്തികയിലേക്കുള്ള നിയമനത്തിന് ബിരുദയോഗ്യത വേണം. ആ തരത്തിലുള്ള പരീക്ഷയാണ് നടത്തുന്നത്. വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ തസ്‌തികയിലേക്ക് എംഎസ്ഡബ്ല്യുവോ എംഎ സോഷ്യോളജി യോഗ്യതയോ അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ പരിചയമുള്ളവരെയോ ആണ് നിയമിക്കുന്നത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തിയില്‍ നിയമനം കിട്ടുന്നവര്‍ക്ക് പരമാവധി ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികവരെയെത്താം. അസി. സൂപ്രണ്ട് ഗ്രേഡ് വണ്‍ തസ്തികയിലേക്കോ ഗ്രേഡ് ടു തസ്തികയിലേക്കോ വരുന്നവര്‍ക്ക് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡിഐജി വരെ പ്രമോഷന്‍ ലഭിക്കാം...

മറ്റ് സര്‍വീസ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജയിലുദ്യോഗസ്ഥരുടെ സാമൂഹിക ജീവിതം എങ്ങനെയാണ്.
വളരെ കുറവാണ്. ജയിലിന്റെ ചട്ടങ്ങളെടുത്ത് പരിശോധിച്ചാല്‍ ജയിലുദ്യോഗസ്ഥര്‍ ജയിലിനുള്ളില്‍ താമസിക്കണമെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന അന്തേവാസിയുടെയും മതിലിനു പുറത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവിതവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല അനുഭവത്തില്‍. എന്നാല്‍, ഇന്ന് സ്ഥിതിഗതികള്‍ കുറെയേറെ മാറിയിട്ടുണ്ട്. ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് ആകര്‍ഷകമായ ഇടമല്ല ജയിൽ. ജോലിയുടെ ഭാഗമായെത്തി അവിടെ തുടരാന്‍ നിര്‍ബന്ധിതരാവുന്നവരാണ് ഭൂരിഭാഗവും. ഏതെങ്കിലും ആദ്യ സന്ദര്‍ഭം കിട്ടിയാല്‍ ആ ജോലി ഉപേക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളം കിട്ടുന്ന ജോലിയിലേക്ക് പോയ എത്രയോ പേരുണ്ട് ഈ മേഖലയില്‍. കോണ്‍ട്രാക്ട് പിരീഡ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ പണം കെട്ടിവെച്ച് മറ്റ് ജോലികള്‍ തേടിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്.
ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഉപദേശം അതല്ലെങ്കില്‍ അവരീ മേഖലയില്‍ പുലര്‍ത്തേണ്ട ധാര്‍മികതയും നൈതികതയുമെന്താണ്.
കേരളത്തിലെ ജയിലുകളില്‍ മതാധിഷ്ഠിതമായ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് വളരെ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പക്ഷേ, അവരുടെ കയ്യിലുള്ള ടെക്‌നിക് മതമാണ്, മതബോധനമാണ്. പ്രാര്‍ഥനയാണ്. മതത്തിന് വിഭിന്നമായിട്ടുള്ള ചില സംഘടനകള്‍ ജയിലിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നാല്‍ പ്രത്യേകിച്ച് മനുഷ്യാവകാശ, തടവുകാരുടെ അവകാശങ്ങൾ, നീതിന്യായ വ്യവസ്ഥ, നിലനില്‍ക്കുന്ന നിയമങ്ങള്‍, അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സംഘടനകള്‍ക്ക് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളിടമാണ് ജയിൽ.
ഒരുപാട് ആവശ്യങ്ങളുള്ള തടവുകാരുണ്ട്. ശുശ്രൂഷ ആവശ്യമുള്ളവരുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ആ മേഖയിലൊക്കെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സംഘടനകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് ഉപകാരപ്പെടും. അതുപോലെ കലാകായിക സംഘടനകള്‍ക്ക് ജയിലിനുള്ളില്‍ പ്രവര്‍ത്തിക്കാം. ജയിലുത്പന്നങ്ങള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കാം. ജയിലിനുള്ളിലെ കലാകാരന്‍മാരുണ്ടാക്കുന്ന കരകൗശല സാധങ്ങളോ സൃഷ്ടികളോ വിലകൊടുത്ത് വാങ്ങി അവരെ സഹായിക്കാം..
ജയിലിനുള്ളില്‍ അന്തേവാസികള്‍ ഉണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ വാങ്ങാന്‍ മടികാണിക്കുന്ന ഒരു വിഭാഗമാളുകളുണ്ട് സമൂഹത്തില്‍. സംഘര്‍ഷങ്ങളനുഭവിക്കുന്ന കുറ്റവാളികള്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ അവരുണ്ടാക്കുന്ന ഭക്ഷണത്തില്‍ തീര്‍ക്കുമെന്ന സംശയങ്ങള്‍ പൊതുസമൂഹത്തിലെ ചിലരെങ്കിലും പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. എത്രത്തോളം വൃത്തിയോടെയും ശ്രദ്ധയോടെയുമാണ് അവിടെ ഭക്ഷണമുണ്ടാക്കുന്നത്.
ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെയാണ് നാം ഭക്ഷണത്തിനായി ക്ഷണക്കിക്കുന്നത്. വീട്ടിലേക്ക് വരുന്നത് ഒരപരിചിതനാണെങ്കില്‍ നമ്മള്‍ പോര്‍ട്ടിക്കോയില്‍ നിര്‍ത്തി സംസാരിക്കും. കുറച്ചുകൂടെ അടുപ്പമുണ്ടെങ്കിൽ നമ്മളവരെ പൂമുഖത്തേക്ക് ക്ഷണിക്കും. അത്ര ഹൃദയൈക്യമുള്ളവരെയാണ് നമ്മള്‍ ഭക്ഷണത്തിനായി ക്ഷണിക്കുന്നത്. ജയിലിനുള്ളിലെ തടവുകാരന് സമൂഹത്തിനോടുള്ള ഹൃദയൈക്യം പ്രഖ്യാപിക്കലാണ് ഭക്ഷണമുണ്ടാക്കല്‍. ഒരു കാരണവശാലും ഒരു സംശയവും അയാളുണ്ടാക്കുന്ന ഭക്ഷണത്തില്‍ നാം കരുതേണ്ടതില്ല. മാനസികമായ ചിന്തയില്‍ നിന്നു കൊണ്ടല്ല ഒരു തടവുകാരനും ഭക്ഷണം പാകം ചെയ്യുന്നത്. മറിച്ച് താനുണ്ടാക്കുന്ന ഭക്ഷണം ഒരുപാടുപേര്‍ ഉപയോഗിക്കുന്നു എന്ന ബോധ്യത്തോടെയാണ് അവരത് പാകം ചെയ്യുന്നത്.

ഉദാഹരണത്തിന് ചീമേനി ഓപ്പണ്‍ ജയിലില്‍ ഞാന്‍ സൂപ്രണ്ടായിരുന്ന സമയത്ത് അവിടെ നിന്ന് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നീ രണ്ട് സ്ഥലങ്ങളിലേക്ക് മൊബൈല്‍ വാഹനങ്ങളില്‍ ബിരിയാണി കൊണ്ടുപോകുമായിരുന്നു. ബാലന്‍ എന്ന സീനിയര്‍ തടവുകാരന്റെ നേതൃത്വത്തിലാണ് ബിരിയാണി തയ്യാറാക്കുന്നത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വലിയ ആവേശത്തോടെയാണ് അദ്ദേഹം പചകം ചെയ്യുന്നത്. ശരീരവേദനകളൊക്കെ കാരണം കഷ്ടതകള്‍ അനുഭവിച്ചിരുന്ന ദിവസങ്ങളില്‍ അയാള്‍ വലിയ ആവേശത്തോടെയാണ് പാചകം ചെയ്യാനെത്തിയത്. ഒരു ദിവസം ഞാനത് കണ്ടിട്ട് അയാളോട് ചോദിച്ചു- ' ബാലന്‍, ഇന്നലെ നിങ്ങള്‍ക്ക് സുഖമില്ലെന്നൊക്കെ പറഞ്ഞു കേട്ടു. ഇല്ല സര്‍. ഇത് ഉച്ചവരെ ചെയ്താല്‍ മതിയല്ലോ. പത്ത് മണിയാവുമ്പോഴേക്ക് പാക്ക് ചെയ്ത് കഴിയുമല്ലോ.' ആ വേദനയും വെച്ച് അയാള്‍ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച് ഭംഗിയായി ചെയ്തു തീര്‍ത്തു. ഇതുപോലുള്ള ധാരാളം പേരുണ്ട്. പുറംലോകവുമായി തങ്ങള്‍ക്കുള്ള ഏക കണക്ഷനായാണ് അവരില്‍ പലരും ജയിലിലെ ഭക്ഷണ യൂണിറ്റിനെ കാണുന്നത്. തികഞ്ഞ ആത്മാര്‍ഥതയോടെയും സന്തോഷത്തോടെയുമാണ് അവരത് ചെയ്യുന്നത്. അതിനാല്‍ തന്നെ അവരുണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ച് യാതൊരു സംശയവും പ്രകടിപ്പിക്കേണ്ടതില്ല. വൃത്തിയോടെയും ശ്രദ്ധയോടെയും ആത്മാര്‍ഥവുമായാണ് അവരത് തയ്യാറാക്കുന്നത്.
Content Highlights: s santhosh prison dig jail food officers death alcohol consumption service story nileena atholi
Published: 22 Jul 2024, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented