
ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ് കേരളത്തില്‍. ഇതിന് പ്രധാന കാരണം ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 -ന് ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കുന്നുവെന്നതാണ്.
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കും വനിതാ മതിലിനുമൊക്കെ നേതൃത്വം നല്‍കിയവരാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നതിലെ വൈരുദ്ധ്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുമ്പോള്‍ അവരുടെ നിലപാട് മാറ്റവും വലിയ ചര്‍ച്ചയാവുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണോ അയ്യപ്പ സംഗമം എന്ന ചോദ്യം ഉയര്‍ത്തുന്നവരുമുണ്ട്. എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു.
ആഗോള അയ്യപ്പ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എങ്ങനെയാണ് കാണുന്നത്
ഒരു സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അയ്യപ്പ സംഗമം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക എന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാര്‍. ഇതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത് ? ഒരു മതേതര സര്‍ക്കാര്‍ ഒരിക്കലും ഒരു പ്രത്യേക മതത്തിന്റെ ചടങ്ങ് നടത്താന്‍ പാടില്ല. അത് ഹിന്ദുക്കളുടേതായാലും മുസ്‌ലിങ്ങളുടേതായാലും ക്രിസ്ത്യാനികളുടേതായാലും ആരുടേതായാലും. രണ്ടാമത്തെ കാര്യം പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നത് സുപ്രീംകോടതി വിധിയാണ്. ആ വിധിയുടെ കൂടെ നിന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അന്ന് വിധിയെ ആദ്യം പിന്തുണച്ചിരുന്ന ബിജെപിയും കോണ്‍ഗ്രസും പിന്നീട് കാല് മാറി. ഇതിന് കാരണം അല്ലാത്തപക്ഷം തിരിച്ചടി കിട്ടുമെന്ന തിരിച്ചറിവായിരുന്നു.
അന്ന് വിധിയുടെ കൂടെ നിന്ന പിണറായി സര്‍ക്കാരാണ് ഇന്ന് അയ്യപ്പ സംഗമവുമായി രംഗത്ത് വരുന്നത്. ഇത് ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടാണ്. മുസ്‌ലിം വോട്ടുകള്‍ ഇനി തങ്ങള്‍ക്ക് കിട്ടില്ലെന്ന് അവര്‍ക്ക് ഉറപ്പായിട്ടുണ്ട്. അപ്പോള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് നേടാന്‍ ഇവര്‍ക്ക് ഹിന്ദു വോട്ടുകള്‍ കിട്ടിയേ മതിയാവൂ. ഇതിനുള്ള മാര്‍ഗമായിട്ടാണ് അയ്യപ്പ സംഗമത്തെ കാണുന്നത്. വെള്ളാപ്പള്ളിയെ പോലുള്ള കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയും ജാതി വാദിയുമായ ഒരാളെ എത്ര മഹത്തരമായ നിലയിലാണ് പിണറായി വിജയന്‍ കാണുന്നത്. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ കാര്യം വ്യക്തമല്ലേ?. ഇത്രയും കാലം ബിജെപിക്ക് ഒപ്പമായിരുന്നില്ലേ എസ്.എന്‍.ഡി.പിയും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസുമെല്ലാം? സി.പി.എമ്മിനും-ബിജെപിക്കും ഇടയിലുള്ള പാലമാണ് വെള്ളാപ്പള്ളി എന്ന് ആര്‍ക്കാണ് അറിയാത്തത്. അപ്പോ ഈ അയ്യപ്പ സംഗമം എന്നത് നിഷ്‌കളങ്കമായ കാര്യമായി കണക്കാക്കാനാവില്ല.
ശബരിമല സുവര്‍ണാവസരമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണമായിരുന്നു നേരത്തെ സിപിഎം ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നത് വഴി സിപിഎം തന്നെ ശബരിമലയെ സുവര്‍ണാവസരമാക്കാനുള്ള ശ്രമമാണോ
തീര്‍ച്ചയായും അന്ന് ശബരിമലയെ ബിജെപി സുവര്‍ണാവസരമാക്കാന്‍ നോക്കുന്നു എന്ന് പറഞ്ഞവരാണ് ഇന്ന് അയ്യപ്പ സംഗമം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ശരിക്കും സുവര്‍ണാവസരമാക്കാന്‍ നോക്കുന്നത് സി.പി.എം തന്നെയാണ്. 2018-ല്‍ ആണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നത്. അതിന് മുമ്പ് 2016-ല്‍ ബോംബെ ഹൈക്കോടതിയുടെ മറ്റൊരു വിധിയുമുണ്ടായിരുന്നു. അത് മഹാരാഷ്ട്രയിലെ ശനിശിംഗ്നാപുര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു. നാല് പതിറ്റാണ്ടായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബോംബെ ഹൈക്കോടതി വിധി പ്രകാരം 2016 ഏപ്രില്‍ 8 ന് ഇവിടേക്ക് സ്ത്രീകള്‍ പ്രവേശിച്ചു. അതേ വര്‍ഷമാണ് ഹാജി അലി തീര്‍ഥാടന കേന്ദ്രത്തിലെ സ്ത്രീപ്രവേശന വിലക്കുമായി ബന്ധപ്പെട്ടും ഹൈക്കോടതി വിധിയുണ്ടായത്. ഇത് രണ്ടും നടക്കുമ്പോള്‍ മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേന-ബിജെപി സഖ്യത്തില്‍ ഫഡ്‌നാവിസാണ്. ഞാന്‍ പറഞ്ഞുവരുന്നത് ബിജെപി സര്‍ക്കാരിന് പോലും മഹാരാഷ്ട്രയില്‍ നടത്താന്‍ കഴിഞ്ഞതാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായിട്ട് പോലും പിണറായി വിജയന് നടപ്പിലാക്കാന്‍ കഴിയാതെ പോയത്. എന്നിട്ട് മാപ്പ് പറയുന്നത് പോലെയുള്ള നിലപാട് സ്വീകരിച്ച ശേഷം ഇന്ന് ഒരു തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോള്‍ വീണ്ടും ശബരിമലയെ പൊടി തട്ടിയെടുത്ത് അയ്യപ്പ സംഗമം നടത്താന്‍ പോവുന്നത് എന്ത് നാണം കെട്ട പരിപാടിയാണ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇങ്ങനെയുള്ള പരിപാടിയുമായി മുന്നോട്ടു പോവുന്നതെന്ന് ഓര്‍ക്കണം. ഇനി സര്‍ക്കാര്‍ ചിലവില്‍ ഹജ്ജ് സംഗമം കൂടി നടത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
ശബരിമല പ്രശ്‌നം ഉയര്‍ന്ന് വന്നപ്പോള്‍ നവോത്ഥാന സംരക്ഷണ സമിതിയൊക്കെ ഉണ്ടാക്കി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇനി ഇതിന്റെയൊക്കെ പ്രസക്തിയെന്താണ്.
നവോത്ഥാനം എന്നത് എന്താണെന്നാണ് നമ്മള്‍ പഠിച്ചത്? നിലവിലുള്ളതിനെ ലംഘിച്ച് പുതിയത് ഉണ്ടാക്കുന്നതിനെയല്ലേ? ക്ഷേത്രപ്രവേശന വിളംബരം, സതി നിരോധനം, ഗുരുവായൂര്‍ സത്യാഗ്രഹം, തൊട്ടുകൂടായ്മ ഇവയ്‌ക്കെതിരെയെല്ലാമുണ്ടായിരുന്ന സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയുമല്ലേ നവോത്ഥാന സമരങ്ങളെന്നു വിളിച്ചത്?. ഇതിന് നേതൃത്വം നല്‍കിയവരെയല്ലേ നവോത്ഥാന നേതാക്കള്‍ എന്നു വിശേഷിപ്പിച്ചിരുന്നത്?.
ആചാര ലംഘനം നടത്തിയായിരുന്നു അന്ന് നവോത്ഥാനം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ആചാരസംരക്ഷണം എങ്ങനെയാണ് നവോത്ഥാനമാവുക. ഇതല്ലേ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തതും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്നുള്ളത് കാലങ്ങളായി നില നിന്നിരുന്ന ഒരു തരത്തിലുള്ള അയിത്തമാണ്. ആ അയിത്തത്തെ കാത്തു സൂക്ഷിക്കുകയാണ് നവോത്ഥാന സംരക്ഷണ സമതിയുടെ പേരിലെല്ലാം സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത് നവോത്ഥാനമാണെന്ന് പറയാന്‍ കഴിയില്ല അത് പുനരുദ്ധാരണമാണ്. പഴയതിനെ വീണ്ടും കരുത്തോടെ സംരക്ഷിച്ച് മുന്നോട്ട് പോവുകയല്ലേ സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യമാണോ ഇത് ?.
ഒരിക്കലും കയ്യൂക്ക് കൊണ്ട് നടപ്പിലാക്കി എടുക്കേണ്ട കാര്യമായിരുന്നില്ല ശബരിമല പോലെയുള്ള വിഷയം. ബിന്ദു അമ്മിണിയെ പോലുള്ളവരെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ച് നടത്തേണ്ട വിപ്ലവമായിരുന്നില്ല ഇത്. പകരം ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയോട് സമയം ചോദിച്ച് എല്ലാവരെയും ചര്‍ച്ചയ്ക്ക് വിളിച്ച് സാവധാനം നടപ്പിലാക്കേണ്ട കാര്യമായിരുന്നു. അങ്ങനെയാണ് മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസൊക്കെ ചെയ്തത്. ശബരിമല കത്തുന്ന വിഷയമാക്കി മാറ്റിയത് സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ്. ഇത് മറ്റുള്ളവര്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു.
ഇതുമാത്രമല്ല ആചാര സംരക്ഷണമെന്നത് എങ്ങനെയാണ് ഒരു മതത്തില്‍ മാത്രം ഒതുങ്ങുന്നത് ? കേരളത്തിലെ എത്ര മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. വിരലില്‍ എണ്ണാവുന്നതേ ഉണ്ടാവൂ. എന്തുകൊണ്ടാണ് ഇതിനെപ്പറ്റി അവര്‍ മിണ്ടാത്തതും ആചാര സംരക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും. ഇതിന് കാരണം മുസ്‌ലിം വോട്ടുബാങ്ക് പേടിച്ചായിരുന്നു. ഇനി ഒരുപക്ഷെ പറഞ്ഞുവെന്ന് വരാം. കാരണം മൂസ്സീം വിഭാഗത്തിന്റെ വോട്ട് അവര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇത്തരം അവസരവാദ നിലപാട് സ്വീകരിക്കുന്നവരാണ് ഇന്ന് അയ്യപ്പ സംഗമവുമായി എത്തുന്നത്.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ മുന്‍ കണ്‍വീനറായിരുന്ന പുന്നല ശ്രീകുമാര്‍ നേരത്തെ പറഞ്ഞത് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ അവസരവാദ നിലപാട് സ്വീകരിക്കുന്നുവെന്നാണ്. പക്ഷെ ഇന്നലെ പറയുന്നത് കേട്ടു പിന്തുണയ്ക്കുന്നുവെന്ന്. അപ്പോള്‍ ആദ്യം മുതല്‍ക്കു തന്നെ എതിര്‍ശബ്ദങ്ങളുടെയെല്ലാം മുനയൊടിച്ചാണ് ഇതുമായി മുന്നോട്ട് പോവുന്നതെന്ന് സാരം.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചായിരുന്നു ആചാര സംരക്ഷണത്തിന്റെ പേരില്‍ വനിതാമതില്‍ വരെ സംഘടിപ്പിച്ച് സ്ത്രീകളടക്കം രംഗത്ത് വന്നത്.
വനിതാ മതിലൊക്കെ ഗിമ്മിക്കായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്. പര്‍ദ ധരിച്ച് മുഖം മൂടിക്കൊണ്ടു വരെ സ്ത്രീകള്‍ വനിതാമതിലില്‍ ഉണ്ടായിരുന്നുവെന്നാണ് കേട്ടത്. നിങ്ങള്‍ നോക്കണം, സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവരായിരുന്നു അന്ന് വനിതാ മതിലില്‍ പങ്കെടുത്തത് എന്നതാണ് തമാശ. അതവിടെ നില്‍ക്കട്ടെ. ഞാന്‍ പറയുന്നത് സമൂഹിക നവോത്ഥാനമെന്നത് ഒരിക്കലും ബലപ്രയോഗത്തിലൂടെ നേടിയെടുക്കേണ്ട ഒന്നല്ല. അതില്‍ പോലീസിനെ ഇടപെടുവിക്കാന്‍ പാടില്ല. പകരം അപ്പുറത്തുള്ളവന് ചിന്തിക്കാനുള്ള സമയം കൊടുക്കണം. അവരെക്കൂടി വിശ്വാസത്തിലെടുത്ത് നടത്തണം. ഗാന്ധിയുടെ സമരങ്ങള്‍ അങ്ങനെയായിരുന്നു. ജയിക്കാന്‍ നോക്കുമ്പോള്‍ സമരം നിര്‍ത്തും. തോറ്റുപോയി എന്ന ഒരു ചിന്ത അപ്പുറത്തുള്ളവര്‍ക്ക് വരുന്നതിന് മുന്‍പേ കാര്യങ്ങള്‍ നേടിയെടുക്കും.
കേരളത്തിന്റെ നവോത്ഥാന സമരങ്ങളൊക്കെ പരിശോധിച്ചാല്‍ ഇത് കാണാന്‍ കഴിയും. എന്നാല്‍ ബലപ്രയോഗം മാത്രമേ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അറിയുകയുള്ളൂ. അതിനായി പോലീസ് ഉദ്യോഗസ്ഥരെയടക്കം അഴിച്ചുവിടുകയും ചെയ്യുന്നു. ഇതിനെ വലിയ രീതിയില്‍ പുകഴ്ത്തുന്ന ഒരാള്‍ മുഖ്യമന്ത്രി കൂടി ആവുമ്പോള്‍ പറയേണ്ട കാര്യമില്ലല്ലോ? മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവരെ അദ്ദേഹം വിശേഷിപ്പിച്ചത് രക്ഷാപ്രവര്‍ത്തനം എന്നല്ലേ. പിന്നെന്ത് പറയാനാണ്.
കേരളത്തെ സംബന്ധിച്ച് ബിജെപിയുടെ പ്രധാന സഖ്യമാണ് ഇന്ന് സി.പി.എം. അതിന്റെ വിഷമം സി.പി.ഐക്കുണ്ട്. കേരളത്തിലെ പോലീസിന്റെ തലപ്പത്തിലൊക്കെ ആര്‍.എസ.എസ് ആണെന്ന് പറഞ്ഞത് വേറാരുമല്ലല്ലോ. സി.പി.ഐയുടെ അഖിലേന്ത്യാ നേതാവ് ആനി രാജയാണ്. അതിന്റെ തെളിവുകളല്ലേ ഓരോ ദിവസവം പുറത്ത് വരുന്നത്. വിരമിച്ച ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, സെന്‍കുമാര്‍, ജേക്കബ് തോമസ്, ആര്‍.ശ്രീലേഖ ഇവരൊക്കെ ആരായിരുന്നുവെന്ന് ജനങ്ങള്‍ കണ്ടതല്ലേ. രാജന്‍ കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ എന്തായിരുന്നു പറഞ്ഞത് അതിന് നൂറിരട്ടി അധികം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പറയേണ്ട കാര്യമല്ലേ നമുക്ക് ചുറ്റും നടക്കുന്നത്.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും തൊട്ടു പുറകെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ഇതിനിടെയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ഇത് എന്തെങ്കിലും ചലനമുണ്ടാക്കുമോ
ഉണ്ടാക്കിയേക്കാം. ഇല്ല എന്ന് പറയാന്‍ എനിക്ക് ധൈര്യമില്ല. കാരണം പിണറായി വിജയന് രണ്ടാമൂഴം കൊടുത്ത കേരളമല്ലേ? ഒന്നാമൂഴം പോട്ടെ. രണ്ടാമൂഴം കൊടുക്കാന്‍ എന്ത് മഹത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്?. പ്രതിപക്ഷ നേതാവായ വി.ഡി സതീശന്‍ പോലും ഈ പരിപാടിയെ തള്ളിപ്പറയുന്നില്ലല്ലോ. അപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ശബരിമല ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ് എന്നാണ്. വോട്ട് ബാങ്കിനെ എല്ലാവര്‍ക്കും പേടിയാണ്. അത് മാത്രമല്ല, അയ്യപ്പ സംഗമം വരുമ്പോള്‍ നല്ല രീതിയില്‍ പണവും എത്തും. ഇങ്ങനെയെല്ലാമുണ്ടെങ്കിലും സി.പി.എമ്മിന്റെ ഈ അവസരവാദ നിലപാടിനെ തുറന്ന് കാട്ടാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ല എന്നതാണ് സത്യം. ഒരു ഉദാഹരണം പറയാം; സ്വപ്‌ന സുരേഷിന്റെ പ്രശ്‌നം വന്നപ്പോള്‍ അവര്‍ നേരിട്ട് ചാനലുകളിലൊക്കെ വന്ന് കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയെല്ലാം ആരോപണം ഉന്നയിച്ചിരു ന്നു. പക്ഷേ, കോണ്‍ഗ്രസുകാര്‍ അന്ന് മിണ്ടാതെ നിന്നു. എന്നിട്ട് ഇപ്പോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോഴാണ് സ്വപ്‌ന അന്ന് അങ്ങനെ പറഞ്ഞിരുന്നല്ലോ എന്നൊക്കെ പറഞ്ഞ് രംഗത്തെത്തിയത്. ഇങ്ങനെയാണ് ഓരോ കാര്യവും.
കോണ്‍ഗ്രസിന് പാര്‍ട്ടിയെ വളര്‍ത്താനൊന്നും അറിയില്ല എന്നതാണ് സത്യം. ഒരു പത്രം പോലും നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയുന്നില്ല, പിന്നെയല്ലേ പാര്‍ട്ടി. പകരം സ്വന്തം വളരണം, തമ്മില്‍ തല്ലണം. ഇന്ത്യയില്‍ എവിടെയും ബിജെപി വളരാന്‍ കാരണം ഹിന്ദു വര്‍ഗീയതയൊന്നുമല്ല. ഇവരുടെ അഴിമതിയും കെടുകാര്യസ്ഥതയും കൊള്ളരുതായ്മയും കൊണ്ട് തന്നെയാണ്. ജനങ്ങള്‍ക്ക് വേറൊരു നല്ല ഓപ്ഷനില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവിടത്തെ സ്ഥിതി തന്നെ ഞാന്‍ പറയാം. ഒരു മൂന്നാം പിണറായി അധികാരത്തില്‍ വന്നാല്‍. അടുത്തത് ബിജെപി സര്‍ക്കാര്‍ ആയിരിക്കും. പിന്നെ കോണ്‍ഗ്രസ് ഉണ്ടാവില്ല. കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയില്‍ ചേരുന്നതിനൊന്നും ഒരു ബുദ്ധിമുട്ടുമില്ല.
Content Highlights: Kerala`s LDF government`s Ayyappa Sangamam sparks controversy
Published: 08 Sept 2025, 04:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented