സംശയിക്കുന്നയാളെ കുറിച്ച് രേഖാചിത്രകലാകാരന് വിവരം കൊടുക്കുന്നത് തെറ്റിപ്പോയാല്‍ നിരപരാധിയെ പോലീസ് പിടികൂടുമോ എന്ന ഭയം പല ദൃക്‌സാക്ഷികള്‍ക്കും ഉണ്ടാവാറുണ്ട്. തങ്ങള്‍ കാരണം നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന ചിന്തയില്‍ ചില ദൃക്‌സാക്ഷികളെങ്കിലും രേഖാചിത്രകലാകാരന് വിവരം കൊടുക്കാന്‍ മടിക്കും. എന്നാല്‍ ആ ഒരു തെറ്റിദ്ധാരണ വേണ്ടെന്നാണ് കോട്ടയം എസ്ഐയും രേഖാചിത്രകലാകാരനുമായ രാജേഷ് മണിമല പറയുന്നത്. 'രേഖാചിത്രം വരച്ചത് വെച്ച് മാത്രമല്ല പ്രതിയെ പിടിക്കുന്നത്. രേഖാചിത്രത്തിലെ ആള്‍ അന്നേ ദിവസം സംഭവസ്ഥലത്തെത്തിയിട്ടുണ്ടോ, ടവര്‍ ലൊക്കേഷന്‍ എന്ത് പറയുന്നു, അങ്ങനെ പല തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ സ്ഥിരീകരിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. 

To advertise here,

സര്‍വീസ് സ്‌റ്റോറി അഭിമുഖത്തിലാണ് രേഖാചിത്രം വരയിലൂടെ തെളിയിക്കപ്പെട്ടകേസുകളെ കുറിച്ച് രാജേഷ് മണിമല മനസ്സു തുറന്നത്.

പോലീസ് സര്‍വീസില്‍ കോണ്‍സ്റ്റബിളായി വന്ന താങ്കള്‍ എങ്ങനെയാണ് രേഖാചിത്ര മേഖലയിലേക്കെത്തുന്നത്.

2005-ല്‍ കറുകച്ചാലിലുള്ള ഒരു വ്യവസായി കോട്ടയം ബിഎസ്എൻഎല്ലിൽ നിന്ന് കടയില്‍ വില്‍ക്കാനായി കുറെ റീചാര്‍ജ്  കൂപ്പണ്‍ വാങ്ങി. അദ്ദേഹത്തിൻ്റെ കൈവശം മൂന്ന് ലക്ഷം രൂപയുമുണ്ടായിരുന്നു. ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന് ഒരാള്‍ വന്ന് പുറത്ത് കാക്കക്കാഷ്ടം ഇരിക്കുന്നെന്ന് പറഞ്ഞു.എന്നിട്ട് അത് കഴുകാമെന്നു പറഞ്ഞ് അടുത്തുള്ള ഹോട്ടലിലേക്ക് അദ്ദേഹത്തെ കൂട്ടി. കൗണ്ടറില്‍ വെച്ച് കഴുകാനായി ബാഗ് താഴെ വെച്ചതും ആ ബാഗുമെടുത്ത് ഒരൊറ്റയോട്ടമായിരുന്നു പ്രതി.

ഇയാളെ വരയ്ക്കാമോ എന്ന് ചോദിച്ച് സുഹൃത്തായ ഒരു എസ്ഐ വിളിച്ചു. അങ്ങനെയാണ് ആദ്യമായി രേഖാചിത്ര മേഖലയിലെത്തുന്നത്. ഒരു പെന്‍സിലും റബ്ബറുമൊക്കെ ഉപയോഗിച്ച് വരച്ചു. അതിൻ്റെ സഹായത്താല്‍ പ്രതിയെപിടിക്കുകയും ചെയ്തു. അങ്ങനെയാണ് രേഖാചിത്രം വര തുടങ്ങുന്നത്.

പോലീസിൽ രേഖാചിത്രകലാകാരന്മാർ എന്ന പ്രത്യേക വിഭാഗം അപ്പോൾ ഇല്ലേ. നിങ്ങള്‍ സേവനം എന്ന നിലയിലാണോ ഈ രേഖാചിത്രംവര കൊണ്ടുനടക്കുന്നത്.

അതെ. തീര്‍ച്ചയായും ഇതൊരു സേവനമാണ്. കുറ്റാന്വേഷണത്തിലെ സയൻ്റിഫിക് എവിഡെൻസിലേക്ക് ഇത് പെടുത്തിയിട്ടില്ല. 500- ഓളം രേഖാചിത്രങ്ങള്‍ വരച്ചതില്‍ നിന്ന് ഞാന്‍ ആര്‍ജിച്ച ചില അറിവുകളും അനുഭവങ്ങളുമുണ്ട്. അത് പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാന്‍ പോലും പറ്റുന്നില്ല. പോലീസിലെ തന്നെ വരയില്‍ കഴിവുള്ളവരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു ജില്ലയ്ക്ക് ഒരാളുണ്ടായാല്‍ മതി. പോലീസിലായതു കൊണ്ട് ഇതിനായി പ്രത്യേക ശമ്പളം നല്‍കേണ്ടതുമില്ല. എനിക്ക് ഈ മേഖലയോടുള്ള താത്പര്യം കൊണ്ടാണ് ഒരു ലക്ഷം രൂപയുടെ ടാബ്ലറ്റും സോഫ്റ്റ്‌വെയറുമെല്ലാം വാങ്ങുന്നത്. അതും ലോണെടുത്ത് വാങ്ങിയാണ് ഞാൻ സ്വയം അപ്ഡേറ്റായത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിൽക്കാലങ്ങളിൽ ഞാൻ പല ചിത്രങ്ങളും വരച്ചത്. പേപ്പര്‍-പേന വരയേക്കാൾ ഒത്തിരി ഗുണം ചെയ്യും.ടാബ്ലറ്റ് ഉപയോഗിച്ചുള്ള വര. എഐ എല്ലാം ഉപയോഗിച്ചാല്‍ വലിയ സാധ്യതയാണ്.

പണ്ട് പെന്നും പെന്‍സിലും ഉപയോഗിച്ചുള്ള വരയില്‍ നിന്ന് ടാബ്ലെറ്റ് വരയിലേക്ക് മാറുമ്പോള്‍ എന്തെല്ലാം വ്യത്യാസങ്ങളാണ് അനുഭവപ്പെട്ടത്.

സാംസങ്ങിൻ്റെ 80,000 രൂപയുടെ ടാബ്ലെറ്റാണ് ഉപയോഗിക്കുന്നത്. പേപ്പര്‍ പെന്‍ പോലുള്ള പല സാധനങ്ങള്‍ ചുമക്കേണ്ടതില്ല. മഷി തീരുമോ എന്നുള്ള പേടിയും വേണ്ട. മാത്രവുമല്ല, ഒരേസമയം പെട്ടെന്ന് തന്നെ നമുക്ക് പല സാമ്പിൾസ് ഉണ്ടാക്കാം. കോട്ടയത്തെ ഹരിശങ്കര്‍ സാറിന് ഇതിനോട് വലിയ താത്പര്യമില്ലായിരുന്നു. അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ വരുത്തി എനിക്ക് തന്നിരുന്നു. അതിനകത്ത് പ്രീലോഡഡ് മോഡല്‍സ് ഉണ്ട്. വടക്കേ ഇന്ത്യക്കാരാണ് മോഡൽസായി കൂടുതലെങ്കിലും എളുപ്പം നമുക്ക് പ്രതിയിലേക്കെത്താം. 

ഉദാഹരണത്തിന് 80 വയസ്സുള്ള സ്ത്രീയാണ് ദൃക്‌സാക്ഷിയെങ്കില്‍ അവർക്ക് വിവരിച്ച് തരാനൊക്കെ ബുദ്ധിമുട്ടായിരിക്കും. അപ്പോൾ ഇവർക്ക് നമുക്ക് സാമ്പിൾസ് കാണിച്ചു കൊടുക്കാം. പല കണ്ണുകള്‍, പല ആകൃതികള്‍ പല മൂക്കുകളൊക്കെ കാണിച്ചു കൊടുക്കാം. ഈ പല സാമ്പിള്‍സ് കൊണ്ട് രൂപരേഖ ഉണ്ടാക്കാം. അങ്ങനെ ഏകദേശം ആളുടെ രൂപം വേഗം വരച്ചെടുക്കാന്‍ സാധിക്കും.

വരച്ചതുപോലുള്ള ചിത്രത്തിനു പകരം ഫോട്ടോ പോലെ കൃത്യതയോടെയും രേഖാചിത്രം ഉണ്ടാക്കാം.. പക്ഷേ, ബോധപൂര്‍വ്വം അങ്ങനെ ചെയ്യാത്തതായിരിക്കും അല്ലേ.

ഫോട്ടോ ഉണ്ടാക്കിയെടുത്താല്‍ ആളുകള്‍ വിചാരിക്കും ഇങ്ങനൊരാൾ ഉണ്ടെന്ന്. അതേ ആളെ തപ്പിപ്പോകും. അതുപോലെ പക്കയായ ആളെ കണ്ടാലേ അവര്‍ പോലീസിനെ അറിയിക്കുകയുള്ളൂ. പക്ഷേ, രേഖാചിത്രമാണെങ്കില്‍ ഇതുപോലൊരു ആളെ പരിചയമുണ്ടല്ലോ എന്ന ചിന്ത വരും.

ഇന്ത്യയ്ക്ക് പുറത്തും രേഖാചിത്രം വരച്ചുള്ള പ്രതിയെ കണ്ടെത്തല്‍ രീതിയുണ്ടല്ലോ. അവിടത്തെയും ഇവിടത്തെയും ടെക്‌നിക്കുകള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്.

പ്രതികളുടെ ഡാറ്റാ ബാങ്കുണ്ട് അവിടെയെല്ലാം. പ്രോംപ്ട് കൊടുത്താല്‍ തന്നെ നൂറുകണക്കിന് സാമ്പിള്‍സ് വരും. മാല പറിക്കുന്നവരുടെ ലിസ്റ്റുണ്ടാക്കുന്ന. അതിനകത്ത് നിന്ന് ഒരു പ്രത്യേകതരം നിറവും ഉയരവുമുള്ളവരെ സ്‌ക്രീന്‍ ചെയ്‌തെടുക്കുന്നു. അങ്ങനെയെല്ലാം പറ്റും. കുറെ സ്‌പെസിഫിക്കായിട്ടുള്ള സാധനങ്ങള്‍ അപ്പോള്‍ തന്നെ കൊടുക്കുന്നു.  പേപ്പറും പേനയും പെന്‍സിലും തന്നെയാണ് ഇപ്പോഴും നമ്മുടെ ആയുധം. ഞാനൊക്കെ കാശ് സ്വയം ചെലവാക്കി മേടിച്ചുകൊണ്ട് ആണ് ടാബിലേക്ക് മാറാന്‍ കഴിഞ്ഞത്. നമ്മള്‍ ആ ലെവലില്‍ നിന്ന് ഇപ്പോഴും ഉയര്‍ന്നു പോയിട്ടില്ല കാരണം വേറൊന്നും കൊണ്ടല്ല ഇത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഭാഗം അല്ല എന്നതു തന്നെ കാരണം.

കേരളത്തിലെ രേഖാചിത്ര മേഖലയുമായി ബന്ധപ്പെട്ട് വരണമെന്ന് തോന്നുന്ന മാറ്റങ്ങള്‍, അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ ഒന്ന് പറയാമോ.

രേഖാചിത്രം വരയ്ക്കാരനായിട്ട് ഒരാള്‍ വരുന്നുണ്ടെങ്കില്‍അയാളെ അതിനുവേണ്ടി മാത്രം ഉപയോഗിക്കുക. ജില്ലയില്‍ ഒരാള്‍ മതിയായിരിക്കും. ഇല്ലെങ്കിൽ ജോലിയോടൊപ്പം ഇരട്ടി പണിയാവും. കേരളത്തിനു പുറത്ത് ഡല്‍ഹി പോലീസിലൊക്കെ ഇതിനായി മത്സരങ്ങളുണ്ടെന്നും കേട്ടിട്ടുണ്ട്.  അവരൊക്കെ ആൾക്കാരെ എടുത്ത് ഇതിനായി പ്രത്യേകം കോച്ചിങ് കൊടുത്ത്, വിദേശത്തൊക്കെ ഇതിനുവേണ്ട കുറെ ടൂളുകളും സോഫ്റ്റ്‌വെയര്‍ എല്ലാം അവിടത്തെ രേഖാചിത്രകലാകാരന്‍മാര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിൽ നിരന്തരം പഠനം നടത്തുകയും വേണ്ടം എന്നാലെ നമ്മള്‍ അപ്ഡേറ്റഡ് ആവൂ. നാല് വര്‍ഷം മുമ്പത്തെ ജോലിയല്ല ഇപ്പോഴുള്ളത്. ഇപ്പോല്‍ എഐ ഉണ്ട്. കാര്യങ്ങൾ ഒന്നു കൂടി ഈ ടൂളുകൾ ഉപയോഗിച്ച് എളുപ്പമാക്കാം. വരയ്ക്കാന്‍ കഴിവുള്ളവരും പഠിച്ചവരും ഇഷ്ടം പോലുണ്ട് ഡിപ്പാർട്ട്മെന്റിൽ. ഞാന്‍ ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അതില്‍ ഒരാളെ ഇതിനു മാത്രമായി മാറ്റിനിർത്തിയതു കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അയാള്‍ക്ക് കോഴ്‌സുകളും ടൂള്‍സും കൊടുത്ത് മാറ്റിയിരുത്തുവാണേല്‍ വലിയ മെച്ചമുണ്ട്. ചിലപ്പോൾ നാലും അഞ്ചും കേസൊക്കെ ഉണ്ടാകും. താതപര്യമുള്ളവരുണ്ടെങ്കില്‍ അവരെ ഇതിനായി മാറ്റിനിർത്താവുന്നതേയുള്ളൂ.

നിലവില്‍ പോലീസില്‍ എത്ര രേഖാചിത്രം വരയ്ക്കുന്നവർ ഉണ്ട്.

പൂജ്യം. ഞാനടക്കം ചില ഉദ്യോഗസ്ഥരുണ്ടെങ്കിലും അത് പോസ്റ്റല്ല. ഒരു സേവനം എന്ന നിലയില്‍ പലപ്പോഴും അധിക ഡ്യൂട്ടി എടുത്ത് ചെയ്യുന്നതാണ് പലരും. പരിചയമുള്ള എസ്‌ഐമാരൊക്കെ വിളിക്കും അവരോട് നോ പറയാന്‍ പറ്റില്ല. പലപ്പോഴും വിശ്രമവേളയിലും സമയം കണ്ടെത്തിയുമൊക്കെയാവും പോയി വരച്ച് കൊടുക്കുന്നത്.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ടീമിൽ പലപ്പോഴും ഫോറന്‍സിക് അടക്കം പല വിഭാഗങ്ങളുണ്ടാവുമല്ലോ അതുപോലെ ഈ രേഖാചിത്ര കലാകാരന്മാരും കൂടി അതിന്റെ ഭാഗം ആവണം എന്ന് തോന്നുന്നുണ്ടോ.

ഉണ്ടായാല്‍ നന്നായിരിക്കും.

അങ്ങനെ രേഖാചിത്ര കലാകാരന്‍മാര്‍ കേസ് അന്വേഷിക്കുന്ന ടീമിന്റെ  ഭാഗമാവുമ്പോഴുള്ള ഗുണമെന്താണ്.

ഒരു പ്രതിയുണ്ട്. ആ പ്രതിയെ ആരെല്ലാമോ കണ്ടിട്ടുണ്ട് അയാളുടെ മറ്റു ഫോട്ടോസ് ഒന്നും ലഭ്യമല്ല. ഇവിടെയാണ് നമ്മളെ കൊണ്ട് ടീമിന് ഗുണം വരുന്നത്. ഉദാഹരണത്തിന് ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു കിടക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളുണ്ട്. അവിടെ ജോലി ചെയ്ത സ്റ്റാഫിനെ കാണാനില്ല. അയാളുടെ ഫോട്ടോ ഇല്ല. അപ്പോള്‍ രേഖാചിത്രത്തിന്റെ ആവശ്യം ഉണ്ടാവും. പ്രതി ഉണ്ടാവണം പക്ഷേ, അയാളുടെ ഫോട്ടോസ് ഒന്നുമില്ല ഡീറ്റെയില്‍സ് ഒന്നുമില്ല. അവിടെയാണ് നമ്മുടെ രേഖാചിത്രം വരയ്ക്കുന്നവരെ കൊണ്ടുള്ള ഗുണം. ഈ കേസില്‍ പ്രതിയുടെ കൂടെ ജോലി ചെയ്ത സ്ത്രീ അയാളുടെ രൂപവും വിവരവുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. ഞാന്‍ നല്ല മഴയത്ത് കുടചൂടി നിന്നു വരച്ച പടമാണത്. ആ വരച്ച പടം അന്നത്തെ എസ്പിയാണ് ഫോട്ടോ എടുത്ത് റെയില്‍വേയിലേക്ക് കൊടുക്കുന്നത്.

പ്രതിയെ വേഗം തന്നെ പിടികൂടാൻ പറ്റി. ഇതില്‍ എൻ്റെ എഫര്‍ട്ട് മാത്രമല്ല ഉള്ളത്. ആളെ ഐഡൻ്റിഫൈ ചെയ്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടും കൂടിയാണ് പ്രതിയെ പിടിക്കുന്നത്. അങ്ങനെ ഒത്തിരി ഡെഡിക്കേറ്റഡ് ആയ ഉദ്യോഗസ്ഥന്മാര്‍ ഒന്നിച്ച് നിന്നാണ് കാര്യങ്ങൾ മുന്നോട്ടു കെണ്ടുപോവുന്നത്. അന്വേഷണത്തിൽ രേഖാചിത്രം സഹായകരമാകും.

 പക്ഷേ, എവിഡന്‍സ് ആക്ടില്‍ എവിഡന്‍സ് ആയിട്ട് രേഖാചിത്രമോ അല്ലെങ്കില്‍ പ്രതിമകളോ ശില്പങ്ങളോ ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നുണ്ടോ

ഇല്ല പറ്റില്ല .  ഫിംഗര്‍ പ്രിന്റുകള്‍, ലൊക്കേഷനുകള്‍ എന്നിവയൊകകെയാണ് ശാസ്ത്രീയമായ തെളിവുകള്‍. കുറ്റകൃത്യം  തെളിയിക്കാന്‍ വേണ്ടി ഒരു സഹായകമായിട്ട് മാത്രമേ രേഖാചിത്രം ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. സയന്റിഫിക് എവിഡന്‍സിനെയേ കോടതി അംഗീകരിക്കൂ. രേഖാചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ ഒരു കേസിന്റെ ഒരു ഡിറ്റക്ഷന് വേണ്ടി സഹായിക്കാന്‍ ഘടകമായേ പരിഗണിക്കാനാവൂ..

ഇപ്പോള്‍ ചെയ്യുന്ന വരകളില്‍ ഭൂരിഭാഗവും സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ അതുപോലെതന്നെ മോഷണം കഴിഞ്ഞിട്ട് പോകുന്ന ആള്‍ക്കാർ അങ്ങനെ പല ആള്‍ക്കാരുടെയും സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമായിരിക്കില്ല.  അതൊക്കെ നമ്മള്‍ ക്ലിയര്‍ ആയിട്ട് വരച്ച് എടുത്ത് കൊടുക്കാറുണ്ട്. എനിക്ക് പറയാനുള്ളത്. ആരായാലും സിസിടിവിവെക്കുന്നുണ്ടെങ്കില്‍ നിങ്ങളൊരു ഒറിജിനല്‍ സിസിടിവി വെക്കണം. ഒരു ആറടി മേല്‍ ഉയരത്തില്‍ വെച്ചിട്ട് കാര്യമില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ആറടിക്കുള്ളില്‍ ഒളിച്ചു വെക്കണം. ബാക്കി മുകളില്‍ വെക്കേണ്ടത് ഡമ്മി ആയിരിക്കണം. ഒരുപാട് മുകളില്‍ നിന്നുള്ള ആംഗിളില്‍ മുഖത്തിന്റെ ഷേപ്പില്‍ വ്യത്യാസമുണ്ടാവും.

വരച്ച എല്ലാ ചിത്രങ്ങളും ഇപ്പൊ വിജയിച്ചോളണം എന്നില്ല. ദൃക്‌സാക്ഷി വിവരണത്തിന് അനുസരിച്ച് മാറാമല്ലോ . നിങ്ങളുടെ കഴിവ് മാത്രമല്ലല്ലോ അതിലുള്ളത് അപ്പൊ പല രീതിയിലുള്ള പരിഹാസങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടിട്ടുണ്ടാവും  അവരോട് പറയാനുള്ള മറുപടി എന്താണ്.

ഞാന്‍ ഒരു ഉദാഹരണം പറയാം.  നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളെ കുറിച്ച് ചിന്തിക്കുക. അച്ഛനായിക്കൊള്ളട്ടെ.. അമ്മ ആയിക്കൊള്ളട്ടെ. ഭര്‍ത്താവായിക്കൊള്ളട്ടെ അവരുടെ കണ്ണിനെ പറ്റി ചോദിച്ചാല്‍ പറഞ്ഞു തരാന്‍ കഴിയില്ല. ചെറിയ കണ്ണെന്നോ ചെറിയ മൂക്കെന്നോ ഒക്കെയേ പറയൂ. നമ്മള്‍ ചോദിച്ച് ചോദിച്ച് ഡെവലപ് ചെയ്ത് എടുക്കുകയാണ് ചെയ്യാറ്. സിനിമയിലെ രേഖാചിത്രം വരയില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രതിയുടെ പടം വരച്ചാല്‍ പ്രതിയെപ്പോലെത്തന്നെ ഉണ്ടാവും. ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെ തോന്നും. ലോക്പാൽ എന്ന ചിത്രത്തിനു വേണ്ടി ഞാനാണ് രേഖാചിത്രം വരച്ചു നല്‍കിയത്. ജോസഫ് സിനിമയില്‍ വരയ്ക്കുന്ന ചെറിയ ഒരു റോളുണ്ട്. അതില്‍ എന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇതൊക്കെയാണ് നമുക്ക് കിട്ടുന്ന റെക്കഗ്നിഷന്‍

രേഖാചിത്ര കലാകാരന്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്.

 ഈ ശാസ്ത്രീയമായ പല അന്വേഷണങ്ങൾ ഉദാഹരണത്തിന് ഫിംഗര്‍ പ്രിന്റ്, ഫോട്ടോസ്റ്റാറ്റ്. രേഖാചിത്രം വര ഇവിടെ ശാസ്ത്രീയമല്ലെങ്കിലും വിദേശത്തെല്ലാമാണ്. കേരളത്തിലങ്ങനെ ആയാൽ നല്ലതാണ്. അങ്ങനൊരു പോസ്റ്റില്ലാത്തതു കൊണ്ട് നമുക്കൊന്നും അംഗീകാരമില്ലാത്തത്. ഈ സിസിടിവി നോക്കി എത്ര ചിത്രങ്ങൾ വരച്ചെടുക്കാറുണ്ടെന്നോ. മിക്കവാറും വരച്ചശേഷം പ്രതിയിലേക്കെത്താനും പറ്റാറുണ്ട്. കേസിന്റെ ചൂടുപോവുന്നതിന് മുമ്പ് വരയ്ക്കാന്‍ പറ്റിയാല്‍ കേസന്വേഷണത്തെ സഹായിക്കും.
 
രേഖാചിത്ര കലാകാരന്മാരുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ തെറ്റായ ചിന്തകള്‍ എന്തൊക്കെയാണ്.

പലപ്പോഴും നമ്മള്‍ രേഖാചിത്രം വരക്കാന്‍ പോവുമ്പോള്‍ പലരും ദൃക്‌സാക്ഷിയെ കുറിച്ച് പറയാന്‍ തയ്യാറാവില്ല. കാരണമെന്താണെന്നു വെച്ചാല്‍ ചിത്രം വരച്ച് കഴിയുമ്പോള്‍ നിപരാധിയെ പിടിച്ചാല്‍ എന്ത് ചെയ്യുമെന്നാണ് അവരുടെ ആശങ്ക. നിരപരാധിയെ പിടിക്കില്ല എന്നെനിക്ക് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണമെന്താണെന്നു വെച്ചാല്‍ രേഖാചിത്രം കണ്ട് ഒരാളെ തേടിപ്പോയശേഷം അയാള്‍ തന്നെയാണ് പ്രതി എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. ടവര്‍ ലൊക്കേഷന്‍ അത് തന്നെയാണോ അവിടെ വന്നിട്ടുണ്ടോ തുടങ്ങിയ പല ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. അങ്ങനെയെല്ലാം ഉറപ്പിച്ചശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യൂ. അല്ലാതെ രേഖാചിത്രത്തിന്റെ സാമ്യം നോക്കി പ്രതിയെ അറസ്റ്റ് ചെയ്യില്ല.