
ദുരന്തമേഖലയിൽ കുടുങ്ങിയവരെ ജീവനോടെ കണ്ടെത്താനും മൃതദേഹങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാനുമായി കേരള ഡോഗ് സ്ക്വാഡിന് സെർച്ച് ആൻഡ് റെക്സ്യൂ നായകളും കെഡാവർ നായകളുമുള്ള കാര്യം മിക്കവർക്കും അറിവുള്ളതാണ്. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ മാത്രമല്ല ബോംബ് കണ്ടുപിടിക്കാൻ ശേഷിയുള്ള ബോംബ് ഡിറ്റക്ഷൻ ഡോഗ് സ്ക്വാഡ്, അനധികൃത മദ്യം മണത്തറിയാൻ ശേഷിയുള്ള ആൽക്കഹോൾ ഡോഗ്സ് തുടങ്ങി നിരവധി ട്രേഡിലുള്ള ഡോഗുകളും കേരള ശ്വാനസേനയിലുണ്ട്.
Also Read
മൃതശരീരഭാഗങ്ങൾ നൽകി കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുമ്പോൾ മദ്യം നൽകി ആൽക്കഹോൾ ഡോഗുകളെയും എക്സ്പ്ലോസീവ് മെറ്റീരിയലുകൾ നൽകി ബോംബ് ഡിറ്റക്ഷൻ ഡോഗുകളെയും കേരള പോലീസ് പരിശീലിപ്പിച്ചെടുക്കുന്നുണ്ട്. വിവിധ ട്രേഡുകളിലുള്ള നായകളെയും അവയെ പരിശീലിപ്പിക്കുന്ന രീതിയെ കുറിച്ചും കോട്ടയം ഡോഗ് സ്ക്വാഡ് ഇൻചാർജ്ജായ പ്രേംജി സർവീസ് സ്റ്റോറിയിൽ സംസാരിക്കുന്നു
ഡോഗ് സ്ക്വാഡിന്റെ പൊതുവായുള്ള ജോലിയും ദൗത്യവും എന്താണ്.
ഒരു ഡോഗിനെ ട്രെയിന്‍ ചെയ്യലാണ് ഡോഗ് സ്ക്വാഡിന്റെ ആദ്യ ദൗത്യം. നമ്മളെയോ നമുക്കു പരിചയമില്ലാത്തതോ ആയ ഒരു മൃഗത്തെ നമ്മളുടെ വരുതിയിലാക്കണമെങ്കില് ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിക്കണം. ആദ്യം നായയുമായി ഒരു ബന്ധം സ്ഥാപിക്കണം. മാരിയിങ് അപ് എന്നാണ് അതിനെ പറയുന്നത്. നായയെ ബ്രഷ് ചെയ്തും കുളിപ്പിച്ചും നമ്മളാണ് അതിന്റെ മാസ്റ്റര്‍ എന്ന് അതിനെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടി പല കാര്യങ്ങള്‍ തുടക്കത്തിൽ ചെയ്യണം. കുളിപ്പിക്കലും ആഹാരം കൊടുക്കലുമടക്കം ചെയ്തു കൊടുക്കുമ്പോൾ കുറച്ചു കഴിയുമ്പോള്‍ അതിന് മനസ്സിലാവും നമ്മളാണ് അതിന്റെ മാസ്റ്ററെന്ന്. അങ്ങനെ അതുമായി ഒരാത്മബന്ധം സ്ഥാപിച്ച ശേഷമാണ് നമ്മള് ട്രെിനിങ്ങിലേക്ക് കടക്കുന്നത്.

കൂടെ നടത്തുക എന്നതാണ് ഏറ്റവും വലിയ ട്രെയിനിങ്. ഹീല്‍ എന്നുള്ള കമാന്‍ഡില്‍ നായ നമ്മളുടെ ഇടതുവശം ചേര്‍ന്ന് നടക്കുന്നതിനെയാണ ഹീല്‍ വാക്ക് എന്ന് പറയുന്നത്. ഹീല്‍ വാക്കാണ് ആദ്യം പഠിപ്പിക്കുന്നതും. അതിനായി നായച്ചങ്ങല അഥവാ ലീഷ് ഉപയോഗിക്കാം. ഇടതു കാലിനോട് ചേര്‍ന്ന് നടന്നാലെ അതിന്റെ കാര്യങ്ങളും നടക്കൂ എന്ന് അതിന് കുറച്ചു കഴിയുമ്പോള്‍ മനസ്സിലാവും. വലതുവശം ചേര്‍ന്ന് നടക്കുമ്പോള്‍ ചെറിയ വലിച്ചില് കൊടുക്കും. സ്വതന്ത്രമായി നടക്കാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ നായ നമ്മുടെ ഇടതുവശം ചേര്‍ന്ന് തന്നെ നടന്ന് ശീലിക്കും. ആദ്യം നായയുടെ പേര് വിളിച്ച് ശീലിപ്പിക്കും. പിന്നീട് നമ്മളതിനെ സിറ്റ്, അപ് എന്നെല്ലാം പഠിപ്പിക്കും. സല്മയായിരുന്നപ്പോള് സല്‍മ സിറ്റ്, സല്‍മ അപ് എന്ന രീതിയിലില്‍ പേര് ചേര്‍ത്താണ് കമാന്‍ഡുകള്‍ കൊടുത്തിരുന്നത്. കൈകൊണ്ടും കമാന്‍ഡ് പറഞ്ഞുമാണ് ആദ്യം ശീലിപ്പിക്കുന്നത്. പിന്നീട് കൈയില്ലാതെ കമാന്‍ഡ് മാത്രം കേട്ട് സിറ്റ് എന്ന് പറയുമ്പോള്‍ ഇരിക്കാനും അപ് എന്ന് പറയുമ്പോള്‍ നില്‍ക്കാനും പഠിക്കും. ഡൗണ്‍ എന്ന് പറയുമ്പോള്‍ കിടക്കാനും സ്ലീപ് എന്ന പറയുമ്പോള്‍ ചെരിഞ്ഞ് കിടക്കാനും ശീലിക്കും. കം വിളിക്കുമ്പോള്‍ നമ്മളുടെ അടുത്ത് വരണം. സ്റ്റേ പറയുമ്പോള്‍ അവിടെ നില്‍ക്കണം. സിറ്റിലാണെങ്കിലും അപ്പിലാണെങ്കിലും ഡൗണിലാണെങ്കിലും ഹാന്‍ഡ്ലര്‍മാരുടെ അടുത്ത നിന്ന് ദൂരെയാണെങ്കിലും സ്റ്റേ പറഞ്ഞാല്‍ ആ പൊസിഷനില്‍ സ്റ്റേയായി നില്‍ക്കണം. അത് പറയുന്ന സമയം വരെ അങ്ങനെ തന്നെ അനങ്ങാതെ നില്‍ക്കണം. കം എന്ന് വിളിക്കുമ്പോള്‍ സൈഡിലൊന്നും വന്ന് നില്‍ക്കാതെ നേരെ വന്ന് ഇരിക്കണം.. ഹീല്‍ എന്ന് വിളിക്കുമ്പോള്‍ വലതു വശത്തൂടെ വന്ന് ഇടത് വശത്ത് നില്‍ക്കണം. ഇതാണ് ബേസിക് ഒബീഡിയന്‍സ്. ആദ്യത്തെ മൂന്ന് മാസമാണ് ബേസിക് ഒബീഡിയന്‍സ് പഠിപ്പിക്കുന്നത്. പിന്നെയാണ് ട്രേഡിലേക്ക് പോകുന്നത്.

പല ട്രേഡിലുള്ള നായ്ക്കളുണ്ടല്ലോ. ട്രാക്കര്‍ ഡോഗ്, നാര്‍ക്കോട്ടിക് ഡോഗ് എന്നിങ്ങനെ. കേരളത്തിലെ ശ്വാനസേനയില്‍ എത്ര ട്രേഡിലുള്ള ഡോഗുകളാണ് ഉള്ളത്.
മനുഷ്യന്റെ ഗന്ധമെടുക്കുന്ന ഡോഗുകളാണ് ട്രാക്കര്‍ ഡോഗുകള്‍. മോഷണം കൊലക്കേസ് എന്നിവയിലുള്‍പ്പെട്ട പ്രതികളെ കണ്ടു പിടിക്കാനാണ് ട്രാക്കര്‍ ഡോഗുകളെ ഉപയോഗിക്കുന്നത്. പോലീസില്‍ കൂടുതലും ട്രാക്കര്‍ ഡോഗുകളാണുള്ളത്. ബോംബ് കണ്ടു പിടിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍ ഡോഗുകളാണ് മറ്റൊരു ട്രേഡ്. ഈ രണ്ട് വിഭാഗമായിരുന്നു പോലീസില്‍ പണ്ടുണ്ടായിരുന്നത്.
- ആകെ 151 നായകളാണ് ശ്വാനസേനയിലുള്ളത്.
- എക്സ്പ്ലോസീവ് - 62
- നാര്‍ക്കോട്ടിക്- 33
- ട്രാക്കര്‍- 50
- കെഡാവര്‍-3
- ആല്‍ക്കഹോള്‍-1

ബോംബ് ഡിറ്റക്ഷൻ ഡോഗുകളുടെ സഹായമാണ് ഇത്തരം പ്രദേശങ്ങളിൽ സാധാരണയായി തേടാറുള്ളത്
ആല്‍ക്കഹോള്‍ ഡോഗ്സിന്റെ ദൗത്യം എന്താണ്
നാര്‍ക്കോട്ടിക് ഡോഗ്സ് വരുന്നതിന് മുമ്പ് ഇറക്കിയതാണ് ആല്‍ക്കഹോള്‍ ഡോഗുകളെ. ചെക്ക്പോസ്റ്റ് വഴി കടത്തുന്ന അനധികൃത മദ്യം പിടിക്കലൊക്കെയാണ് അതിന്റെ ദൗത്യം. മാഹി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കടത്തുന്ന മദ്യം പിടിക്കാനാവും. രൂക്ഷ ഗന്ധമായതിനാല്‍ ഈ നായ്ക്കള്‍ക്ക് പെട്ടെന്ന് തന്നെ മദ്യം കണ്ടെത്താനുള്ള ശേഷി ഉണ്ട്. നിലവില്‍ വയനാട്ടില്‍ മാത്രമേ ഈ നായ്ക്കളുള്ളൂ.
ബേസിക് ട്രെയിനിങ് കഴിഞ്ഞാല്‍ ഓരോ വിഭാഗത്തിനും നല്കുന്ന ട്രെയിനിങ് വ്യത്യാസപ്പെടില്ലേ..
തീര്‍ച്ചയായും. സിറ്റ്, ഹീല്‍വാക്ക്, സ്ലീപ്, സല്യൂട്ട് പോലെയുള്ള സാധാരണമായ ശീലങ്ങളാണ് ബേസിക് ഒബീഡിയന്‍സ്. അതിനുശേഷം ട്രേഡായി ഓരോന്നിനെയും തിരിക്കും. ട്രാക്കര്‍ ഡോഗ്സാണെങ്കില് മനുഷ്യരുടെ മണമാണല്ലോ പിടിച്ചെടുക്കുന്നത്. ആദ്യം ഗ്രൗണ്ടില്ക്കൂടെ മണം എടുത്ത് പോവാനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇറച്ചി ഇഷ്ടമായതുകൊണ്ട്, സൂപ്പ് ലൈനായി നിലത്തൊഴിക്കും. നായക്ക് വളരെ താത്പര്യമുള്ള ഒരു വസ്തു ആ വരയുടെ അവസാനം വെച്ചിട്ടുണ്ടാകും. ട്രെയിനിങ് സമയത്ത് പന്തിനോടൊരു താത്പര്യം നായയിലുണ്ടാക്കിയിട്ടുണ്ടാവും. അപ്പോൾ സൂപ്പ് കൊണ്ട് വരച്ച വരയുടെ അവസാനം ബോള്‍ വെച്ചിട്ടുണ്ടാകും. സൂപ്പിന്റെ മണം കിട്ടി അതിനു പിന്നാലെ പോകുന്ന നായ അവസാനം ബോൾ കാണുമ്പോള്‍ എക്സൈറ്റഡ് ആവും. പിന്നീട് ഒറ്റ ലൈനായി ഒഴിക്കുന്നതിനു പകരം മുറിച്ച് മുറിച്ച് ഒഴിക്കും. ദിശ മാറ്റും. പിന്നീട് പന്തിനു പകരം അസിസ്റ്റന്റ് ഹാന്‍ഡ്ലര്‍മാരെ അവിടെ വെക്കും. (കേരളത്തിലെ ശ്വാനസേനയില്‍ ഒരു നായക്ക് രണ്ട് ഹാന്ഡ്ലര്മാരുണ്ടാകും ഒരു ഹാന്‍ഡ്ലറും അസിസ്റ്റന്റ് ഹാന്ഡലറും. കേരളത്തില്‍ ഇരുവര്‍ക്കും പൂര്‍ണ്ണമായ പരിശീലനം നല്‍കുന്നുണ്ട്). അവസാനം ബോളിനു പകരം ഹാന്‍ഡലറെ കാണുമ്പോള്‍ നായക്ക് കുറച്ചു കൂടി സന്തോഷം തോന്നും. സല്മയ്ക്ക് ട്രെയിനിങ് കൂടുതലും ഞാനായിരുന്നു നല്‍കിയത്. അതിനാല്‍ അസിസ്റ്റന്റ് ഹാന്ഡലറെയാണ് ഒടുവില്‍ പന്തിനു പകരം ഇരുത്തുക. പിന്നീട് വരിയായി ഒഴിക്കുന്ന സൂപ്പിന്റെ നീളം കൂട്ടും. പുതിയ വ്യക്തികളെ അവസാനം ഇരുത്തും. കുറച്ചു കഴിയുമ്പോള്‍ സൂപ്പിന്റെ മണം മാറ്റും. എന്നിട്ട് അവർ പോകുന്ന വഴി, അവരുടെ ടവ്വലോ ചെരിപ്പോ ഒക്കെ മണപ്പിച്ച് അവരെ തേടി നടക്കാന്‍ പരിശീലിക്കും. അങ്ങനെ അവസാനം ആ ആളെ നായ കണ്ടുപിടിക്കും. പിന്നീട് ദൂരം കൂട്ടി ട്രെയിനിങ് കടുപ്പിക്കും. കർചീഫൊക്കെ ഇടക്ക് ഡ്രോപ് ചെയ്യും. അത് മണപ്പിച്ചും പരിശീലിപ്പിക്കും
നാര്ക്കട്ടിക് ഡോഗിനും ഇതേ രീതിയിലാണ് പരിശീലിപ്പിക്കുന്നതെങ്കിലും എക്സ്പ്ലോസീവിനു പകരം ലഹരി പദാര്‍ഥങ്ങള്‍ വെച്ചാണ് പരിശീലിപ്പിക്കുന്നത്.
മൃതശരീരഭാഗങ്ങള്‍ ഒളിപ്പിച്ചാണ് കെഡാവറിനെ പഠിപ്പിക്കുന്നത്. എവിടുന്നെങ്കിലും മനുഷ്യശരീരഭാഗങ്ങള് ഞങ്ങള്‍ ശേഖരിക്കും. അതിന്റെ മണം എടുക്കാന്‍ നായയെ പഠിപ്പിക്കും. അത് പഠിപ്പിച്ചെടുത്താണ് കെഡാവര്‍ നായയെ പരിശീലിപ്പിക്കുന്നത്. ദുരന്തമുഖത്ത് ആളുകള്‍ മരിച്ച് മണിക്കൂറുകള്‍ കഴിയുമ്പോല്‍ അതിന്റെ ദുര്‍ഗന്ധം ദുരന്ത മുഖത്തുണ്ടാവും. അങ്ങനെയാണ് കെഡാവർ മൃതശരീരങ്ങൾ കണ്ടുപിടിക്കുന്നത്.

സെർച്ച് ആന്‍ഡ് റെസ്ക്യൂ നായകളെ ഉപയോഗിച്ച് പെട്ടിമുടിയിലൊക്കെ വിജയിച്ച ചില വര്‍ക്കുകള്‍ നടന്നിരുന്നു. എല്ലാം നൂറു ശതമാനം വിജയിക്കണമെന്നില്ല. മണ്ണിനടിയിയില്‍ പെട്ടവരുടെ മണം പുറത്തേക്ക് നായയ്ക്ക് കിട്ടുക കൂടി വേണം. ഒഴുക്കും വെള്ളവുമൊക്കെ ഉണ്ടെങ്കില്‍ കിട്ടിക്കൊള്ളണമെന്നില്ല.
എത്ര ആഴത്തില്‍ വരെ മൃതദേഹം ഉണ്ടെങ്കില്‍ നായ്കകള്ക്ക് മനസ്സിലാവും.
അങ്ങനെ ഒരു കണക്ക് പറയാന്‍ പറ്റില്ല. വ്യക്തമായ മണം കിട്ടണം. അത് കിട്ടുകയാണെങ്കില്‍ ഡോഗ് ഇന്‍ഡിക്കേറ്റ് ചെയ്യും. അളവ് പറയാന്‍ പറ്റില്ല.
മണത്ത് എന്തെങ്കിലും കണ്ടെത്തിയാല്‍ തന്നെ നായയുടെ എന്ത് പ്രതികരണത്തില്‍ നിന്നാണ് നായ അത് കണ്ടുപിടിച്ചു എന്ന് മനസ്സിലാക്കുന്നത്.
നാർക്കോട്ടിക് ഡോഗ് ആണേലും ആല്‍ക്കഹോള്‍ ഡോഗ് ആണെങ്കിലും കണ്ടെത്തി കഴിഞ്ഞാല്‍ സിറ്റിങ് പൊസിഷനിലെത്തും. എകസ്പ്ലോസീവ് ഡോഗുകളെ പണ്ട് കുരയ്ക്കാൻ പരിശീലിപ്പിക്കുമായിരുന്നു. എന്നാല്‍ ശബ്ദതരംഗം ഉപയോഗിച്ചുള്ള സ്ഫോടന സാധ്യതകള്‍ പരിഗണിച്ച് പിന്നീട് കുരച്ചു പരിശീലിപ്പിക്കേണ്ട എന്ന ചട്ടം വന്നു. അതിനാല്‍ ഇപ്പോള്‍ കണ്ടെത്തിയാല്‍ നാര്‍ക്കോട്ടിക് ഡോഗ് ആണെങ്കിലും മറ്റേത് ട്രേഡ് ആണെങ്കിലും മണം കിട്ടിയാല്‍ അങ്ങോട്ടേക്ക് നോക്കിക്കൊണ്ടിരിക്കുക എന്ന രീതിയിലാണ് പരിശീലിപ്പിച്ചെടുക്കുന്നത്. കണ്ടെത്തിയാല്‍ അനങ്ങാതെ ഇരിക്കും. ട്രാക്കര്‍ നായ്ക്കളുടെ കേസുകളില്‍ പ്രതികളെ ഓണ്‍ ദി സ്പോട്ടില്‍ നായ കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കാലം മാറി. കുറ്റകൃത്യം കഴിഞ്ഞ് പ്രതികൾ വാഹനങ്ങളില്‍ രക്ഷപ്പെടുന്ന രീതി വന്നു. ഇപ്പോള്‍ വ്യക്തികളെ തപ്പിപോകുമ്പോള് വീടുകളിലോ സ്ഥാപനങ്ങളിലോ വെച്ച കാമറകള്‍ ഉപയോഗിച്ച് പോലീസ് അത് പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയാണിപ്പോള്‍.
ഈ നായ്ക്കള്‍ക്ക് ഇത്ര മികച്ച പ്രകടനം കാഴ്ച്ച വെച്ച ശേഷം റിവാര്‍ഡ് കൊടുക്കുന്ന രീതിയുണ്ടോ...
അവര്‍ക്ക് കഴിക്കാന്‍ എന്തെങ്കിലുമൊക്കെ കൊടുക്കും. ബോള്‍ കൊടുത്താല്‍ തന്നെ അവര്‍ക്ക് സന്തോഷമാണ്. നാര്‍ക്കോട്ടിക് ഡോഗുകള്‍ ലഹരിക്കു വേണ്ടിയല്ല പകരം കിട്ടാനുള്ള ബോളിനു വേണ്ടിയാണ് കഷ്ടപ്പെട്ട് കണ്ടുപിടിക്കുന്നത്.
തുടരും
Content Highlights: service story,cadaver dogs training,pettimudi,k9,nileena atholi,kv premji,narcotic,alcoholdog squad
Published: 13 Aug 2024, 02:00 pm IST
ABOUT THE AUTHOR

നിലീന അത്തോളി
nileenaatholi2@gmail.comRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented