ക്രിക്കറ്റ് കളി ആരാധകരുടെ ഒരേ സമയം പ്രതീക്ഷയും പേടിസ്വപ്‌നവുമാണ് അംപയര്‍ എന്നത്. ഐ.പി.എല്‍.- രഞ്ജി മത്സരങ്ങളില്‍ അംപയറായി സജീവ സാന്നിധ്യമറിയിച്ച ഐസിസി അംപയര്‍മാരുടെ ഇന്റര്‍നാഷണല്‍ പാനലില്‍ അംഗമായ അനന്തപദ്മനാഭന്‍ തന്റെ അംപയറിങ് അനുഭവങ്ങള്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പങ്കുവെക്കുന്നു...

-താങ്കള്‍ രഞ്ജി ടീം ക്യാപ്റ്റനായിരുന്നു കുറെക്കാലം. ക്രിക്കറ്റ് എന്നത് താങ്കള്‍ക്ക് പാഷന്‍ മാത്രമല്ല ജീവിതവുമാണ്. ക്രിക്കറ്റ് കളി കാണുമ്പോള്‍ നമ്മളറിയാതെ ആസ്വദിച്ചു പോകും. ഒരു കളിക്കാരനെ സംബന്ധിച്ച് ആ ആസ്വാദ്യത്തെ മാറ്റിനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്. പക്ഷെ, ഈ ആസ്വാദനത്തെ നിയന്ത്രിച്ച് വളരെ ടെക്‌നിക്കലായി ക്രിക്കറ്റിനെ സമീപിക്കേണ്ടി വരുക എന്നതാണല്ലോ ഒരു അംപയറിന്റെ ദൗത്യം. അതിനെങ്ങനെ സാധിക്കുന്നു.

To advertise here,

കളിക്കാരന്റെ ആംഗിളില്‍നിന്ന് അംപയറിന്റെ ആംഗിളിലേക്ക് കാഴ്ചയെത്താന്‍ ഒരു വര്‍ഷമെടുത്തു. ഒരുപാട് വര്‍ഷം ഒരു ബാറ്റ്‌സ്മാന്‍ എങ്ങനെ കളിക്കുന്നു എന്ന് മാത്രം ചിന്തിച്ച ഒരാളാണ് ഞാന്‍. അത് മാറ്റിനിര്‍ത്തി ചിന്തിക്കുന്നത് എന്നെ സംബന്ധിച്ച് തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നു.

നിലീന ഇപ്പോള്‍ കണ്ണുചിമ്മുന്നുണ്ടല്ലോ. അത് റിഫ്‌ളക്‌സ്‌ ആണ്. എപ്പോള്‍ ചിമ്മണമെന്നത്‌ സ്വയം നിയന്ത്രിച്ചാണ്, ചില നിർണായക സമയങ്ങളില്‍ ഞാന്‍ അംപയറിങ് ചെയ്യുന്നത്. ബോള്‍ ചെയ്യുന്ന സമയത്തോ അതല്ലെങ്കില്‍ ബോള്‍ നോക്കുന്ന സമയത്തോ കണ്ണടച്ച് പോയിട്ടുണ്ടെങ്കില്‍ ബോള്‍ അതിന്റെ വഴിക്ക് പോകും. അതിനാലാണ് കണ്‍ചിമ്മല്‍ നിയന്ത്രിക്കേണ്ടി വരുന്നത്. ആദ്യമാദ്യം ചിമ്മുന്ന സമയം തെറ്റിപ്പോയിയെന്നു തിരിച്ചറിയാന്‍ കുറേ സമയമെടുത്തു. അത് കഴിഞ്ഞ് ബോളര്‍ പിന്നിലൂടെ വരുന്നത് തിരിച്ചറിയുമ്പോള്‍ അഞ്ചാറ് സെക്കന്റ് കണ്ണ് ചിമ്മാതെ പിടിച്ചുനില്‍ക്കും.  

-റിഫ്‌ലക്‌സ് ആക്ഷനെ കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തുക എന്നത് വലിയ ബുദ്ധിമുട്ടല്ലേ...

അംപയര്‍ ആയി നില്‍ക്കുന്ന സമയത്ത് എന്താണ് ചെയ്യുന്നത്, എന്തൊക്കെയാണ് നോക്കേണ്ടത് എന്ന റുട്ടീന്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കും. വീക്ഷിച്ച് എത്രത്തോളം ഡാറ്റയെടുക്കാന്‍ പറ്റുമോ അത്രത്തോളം എടുക്കും. എന്നിട്ടാണ് തീരുമാനം എടുക്കുക. തീര്‍ച്ചയായും അതില്‍ ചില ഊഹിച്ചുള്ള തീരുമാനങ്ങളുണ്ടാവും. നമ്മള്‍ മനുഷ്യരാണ്. തെറ്റ് പറ്റും. തെറ്റ് പറ്റിക്കഴിഞ്ഞ് തിരിച്ച് അടുത്ത തീരുമാനം വരുമ്പോള്‍ ഈയൊരു തെറ്റ് അടുത്ത തീരുമാനത്തെ സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടി വരും. മൂന്ന് നാല് കൊല്ലം കഴിയുമ്പോഴാണ് നമ്മള്‍ ഓരോന്നായി പഠിച്ചു പഠിച്ചു വരുന്നത്. തെറ്റുകളുടെ മറ്റൊരു പേരാണ് അനുഭവപരിചയം അഥവാ എക്‌സ്പീരിയന്‍സ് എന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ തീര്‍ച്ചയായും അത്രയും തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഞാനൊരു എ്ക്‌സ്പീരിയന്‍സ്ഡ് അംപയര്‍ ആണ്. 

-അമ്പയര്‍മാര്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള സിഗ്നലുകളിലൊന്നാണ് ഫോര്‍. താങ്കളുടെ അമ്പയര്‍ ജീവിതത്തില്‍ ഇതുവരെ ഉപയോഗിക്കാത്ത സിഗ്നലുകള്‍ ഉണ്ടോ... അതോ കുറച്ച് ഉപയോഗിച്ച് സിഗ്നലുകള്‍ ഉണ്ടോ... അതേക്കുറിച്ച് പറയാമോ..

ഏതെങ്കിലും ടീം പിച്ചിലൂടെ ഓടുകയോ ക്യാപ് കൊണ്ട് ബോള്‍ പിടിക്കുകയോ പോലുള്ള കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ബോളിങ് ടീമിനു അനുകൂലമായി നമ്മള്‍ പെനാല്‍ട്ടി റണ്‍സ് കൊടുക്കും. അതുപോലെ ബോളിങ് ടീം തോല്‍ക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ അവര്‍ക്ക് ബോള്‍ ചെയ്യാന്‍ താത്പര്യമില്ലാതെ വരികയും മനപ്പൂര്‍വ്വം ലേറ്റാക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും പെനാല്‍ട്ടി റണ്‍സ് കൊടുക്കാം. പെനാല്‍ട്ടി റണ്‍സ് ബാറ്റിങ് ടീമിന് കൊടുക്കുകയാണെന്നുണ്ടെങ്കില്‍ ഷോള്‍ഡറില്‍ കൈവെച്ച് ടാപ് ചെയ്യുന്നതാണ് രീതി. ബോളിങ് ടീമിന് കൊടുക്കുകയാണെങ്കില്‍ ഷോള്‍ഡറില്‍ വെറുതെ കൈ വെക്കും.

അതുപോലെ, ആറ് മണിക്കൂറാണ് ഒരു ദിവസം കളിക്കുന്നത്. രാവിലെ 9.30 തൊട്ട് 4.30 വരെയാണ് കളിയെങ്കില്‍ മൂന്നര മുതല്‍ നാലര വരെയുള്ളതാണ് ലാസ്റ്റ് ഹവര്‍ ഓഫ് ദി മാച്ച് എന്നത്. ആ സമയമാവുമ്പോഴേക്കും 75 ഓവര്‍ ബോള്‍ ചെയ്തിട്ടുണ്ടാവണം. 75 ഓവറുമായി 3.30 ആയാല്‍ നമ്മള്‍ ലാസ്റ്റ് ഹവര്‍ എന്ന് പറഞ്ഞ് ഒരു സിഗ്നല്‍ കാണിക്കും. വളരെ അപൂര്‍വ്വമായി മാത്രമേ ആ സിഗ്നല്‍ കാണിക്കേണ്ടി വരാറുള്ളൂ. അതിനു മുമ്പെ കളി തീരാറുണ്ട്. ഐ.പി.എല്ലിന് ടൈം ഔട്ടിന് കാണിക്കുന്നതു പോലുള്ള സിഗ്നലാണത്. രണ്ടും ഏതാണ്ട് സമാനമാണെന്ന് തോന്നും. ടൈം ഔട്ട് ആണെങ്കില്‍ കുറച്ച് മുകളിലേക്ക് കൈവെക്കണം.  ടെസ്റ്റ്മാച്ചില്‍ 5 ദിവസവും ലാസ്റ്റ് ഹവര്‍ വരെ ഒക്കെ പോകുന്നത് അപൂര്‍വ്വമാണ്. 17 കൊല്ലത്തെ അംപയറിങ്ങില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഞാനിത് ഉപയോഗിച്ചിട്ടുള്ളൂ. പെനാല്‍ട്ടി റണ്‍സ് ഞാന്‍ കാണിച്ചിട്ടേ ഇല്ലെന്നാണ് എന്റെ വിശ്വാസം. 

-ഷോര്‍ട്ട് റണ്ണോ...

ഷോര്‍ട്ട് റണ്ണെന്നത് കൈ ഷോള്‍ഡറിലേക്ക് മടക്കിവെച്ച് കാണിക്കുന്ന സിഗ്നലാണ്. ഐ.പി.എല്ലില്‍ അങ്ങനൊരു സിഗ്നല്‍ കാണിച്ചിരുന്നു. സമനിലയുമായി. നിര്‍ണ്ണായകമായി ആ ഒരു റണ്ണും കൂടി കൊടുത്തില്ലായിരുന്നെങ്കില്‍ കളി മാറിയേനെ. 

-ഷോര്‍ട്ട് റണ്ണൊക്കെ എങ്ങനെയാണ് ശ്രദ്ധയില്‍പ്പെടുന്നത്. അല്ലാതെ തന്നെ ശ്രദ്ധിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടാവില്ലേ. ഒട്ടും ചിന്തിക്കാത്ത ഏരിയയായിരിക്കില്ലേ ഷോര്‍ട്ട് റണ്‍ എന്നത്. 

ഒരു അമ്പയര്‍ എല്ലാം ശ്രദ്ധിക്കണമല്ലോ.  ഞാന്‍ നേരത്തെ പറഞ്ഞപോലെ നമ്മള്‍ കറക്ട് റുട്ടീന്‍ പാലിച്ച് കാര്യങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍ ബോള്‍ ഏത് സൈഡിലോട്ടാണ് പോകുന്നതെന്ന് ഏകദേശ ധാരണ വരും. ബാറ്റ്‌സ്മാന്‍ ഓടുന്ന സമയത്ത് ബോള്‍ ബൗണ്ടറി കടക്കുന്നുണ്ടോ എന്നു നോക്കണം അതേസമയം തന്നെ ബാറ്റര്‍ ബാറ്റ് കൃത്യമായി തൊട്ടാണോ ഓടുന്നതെന്നും നോക്കണം. കുറച്ച് കഴിയുമ്പോള്‍ ഇതെല്ലാം ഒരുമിച്ച് നോക്കുന്നത് ശീലമാകും.

-ടൈംഡ് ഔട്ട് വിളിച്ചിട്ടുണ്ടോ ഏതെങ്കിലും കളിയില്‍...

ഇന്റര്‍നാഷണല്‍ മാച്ചില്‍ ഒരാള്‍ ഔട്ടായാല്‍ അടുത്ത ബാറ്റ്‌സ്മാന്‍ രണ്ട് മിനുട്ടിനകം വന്ന് അടുത്ത ബോള്‍ നേരിടണമെന്ന നിയമം ഉണ്ട്. രണ്ട് മിനുട്ടിനുള്ളില്‍ ഫേസ് ചെയ്യാന്‍ റെഡിയായിക്കൊള്ളണം. ഇല്ലെങ്കില്‍ എതിര്‍ ടീം അപ്പീല്‍ ചെയ്ത് കഴിഞ്ഞാല്‍ ടൈംഡ് ഔട്ട് വിളിക്കണമെന്ന റൂള്‍ ഉണ്ട്. ആദ്യമായി ഇന്റര്‍നാഷണലില്‍ നടന്ന ടൈംഡ് ഔട്ട് ആഞ്ജലോ മാത്യൂസിനെതിരെയുള്ള ബംഗ്ലാദേശ് ടീമിന്റെ അപ്പീലായിരുന്നു. ബാറ്റിങ്ങിനായി ആഞ്ജലോ മാത്യു എത്തിയതും ഹെല്‍മെറ്റിന്റെ സ്ട്രാപ് പൊട്ടി. എതിര്‍ ടീം ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്യുമെന്ന് ഇയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ വരാന്‍ തന്നെ രണ്ട് മിനുട്ട് കഴിഞ്ഞിരുന്നുവെന്നത് റെക്കോഡഡ് ആയിരുന്നു.  ബംഗ്ലാദേശുകാരും ഔട്ട് കൊടുക്കണമെന്ന നിലപാടിലായിരുന്നു. അങ്ങനെ ഔട്ട് കൊടുക്കുകയും ചെയ്തു. ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ടൈംഡ് ഔട്ട് കൊടുക്കുന്നത് രണ്ട് മലയാളി അംപയര്‍മാരാണ്. രഞ്ജി ട്രോഫിയില്‍ ഡോ കെ. എന്‍ രാഘവനും ദണ്ഡപാണിയും അമ്പയര്‍മാരായിരുന്ന മാച്ചിലാണ്. ഒറീസ്സയുടെ ബാറ്റ്‌സ്മാനോ മറ്റോ ആണ് ആദ്യമായി ടൈംഡ് ഔട്ട് കൊടുക്കുന്നത്. അതൊരു റെക്കോഡ് ആണ്. 

- അമ്പയര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ എത്രത്തോളം തെറ്റ് പറ്റാനുള്ള സാധ്യത ഉണ്ട്. മനുഷ്യരാണ് തെറ്റ് പറ്റാം. അതിനൊരു എറര്‍ പോസിബിലിറ്റി ഉണ്ടാവില്ലേ. അതെത്ര ശതമാനം കാണും. 

ഇന്റര്‍നാഷണല്‍ പാനലിലുള്ള അംപയര്‍മാരുടെ ഇതുവരെയുള്ള തീരുമാനങ്ങള്‍ നോക്കിയാല്‍ 95 ശതമാനം കൃത്യതയുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഡി.ആര്‍.എസ്. എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ 60 ശതമാനം തീരുമാനങ്ങള്‍ അംപയര്‍മാരുടെ അതേ തീരുമാനമാവുകയാണെങ്കില്‍ ആ അംപയര്‍ വിജയിച്ചു. അഥവാ 10 റിവ്യൂ എടുക്കുകയാണെങ്കില്‍ ആറ് റിവ്യു അംപയര്‍മാര്‍ക്ക് അനുകൂലമായാല്‍ തന്നെ അംപയര്‍ വിജയിച്ചു.  കീപ്പറും ബോളറും തുടങ്ങി, അഭിപ്രായം പറയാന്‍ ശേഷിയുള്ള വലിയൊരു സംഘം തന്നെ മൈതാനത്തുണ്ട്‌. അംപയര്‍ ഒറ്റക്കാണ് തീരുമാനമെടുക്കുന്നത്. അതിനാലാണ്  10 റിവ്യൂ എടുക്കുകയാണെങ്കില്‍ ആറ് റിവ്യു അംപയര്‍മാര്‍ക്ക് അനുകൂലമായാലും അത് സ്വീകാര്യമാവുന്നത്.  

-ഒപ്പെ ജോലി ചെയ്ത അമ്പയര്‍മാരില്‍ താങ്കള്‍ക്കേറ്റവും ഇഷ്ടം തോന്നിയ ആള്‍ ആരാണ്..

എല്ലാ അംപയര്‍മാരുമായും നമുക്ക് ജോലിചെയ്‌തേ പറ്റൂ. ടെസ്റ്റ് മാച്ചില്‍ ഞാന്‍ ഫോര്‍ത്ത് അംപയര്‍ ആയിരുന്നപ്പോള്‍ ന്യൂസിലാന്‍ഡില്‍ നിന്നുള്ള ജെഫ് ക്രോ, ക്രിസ്ബ്രൗണ്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള കെറ്റില്‍ ബോറോ, ഓസ്‌ട്രേലിയയില്‍ നിന്നുള്ള റോഡ് ടക്കറുമുണ്ടായിരുന്നു. ഇവരുടെയെല്ലാം ശീലവും സംസ്‌കാരവും വ്യത്യസ്തമാണ്. ഇവരെല്ലാം വ്യത്യസ്തരാണ്. അത് ഒരു വലിയ അവസരമായിരുന്നു. ഇവരെല്ലാം അംപയറിങ്ങിനെ എങ്ങനെ എടുക്കുന്നുണ്ടെന്ന് പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഓരോ അംപയര്‍മാരില്‍ നിന്നും നമുക്കോരോന്ന് പഠിക്കാനുണ്ട്. 

-ആരെയാണ് മാതൃകയാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ആരെയാണ് കൂടുതല്‍ വാച്ച് ചെയ്തിട്ടുള്ളത്. 

തെറ്റ് ചെയ്യാത്ത അംപയറെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ചില അംപയര്‍മാര്‍ വളരെ വണ്ണമുള്ള അംപയര്‍മാരായിരിക്കും. ഉദാഹരണത്തിന് മറയ ഇറാസ്മസ് വണ്ണമുള്ള അംപയറാണ്. ഡേവിഡ് ഷെപ്പേര്‍ഡും. അതുകൊണ്ട്  ഫിറ്റ്‌നസിന്റെ ആവശ്യമൊന്നുമില്ലെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ ഞാന്‍ അതിനോട് യോജിക്കുന്നില്ല. ഇനി അലിംദാറിന്റെയും കുമാര്‍ ധര്‍മ്മസേനയുടെയും ഡിസിഷന്‍ മേക്കിങ്ങിലെ പ്രാഗത്ഭ്യം  ആണ്, പക്ഷെ അവര്‍ക്ക് കമ്യൂണിക്കേഷൻ സ്‌കില്‍ കുറച്ച് കുറവാണ്. എന്നു കരുതി കമ്യൂണിക്കേഷന്‍ സ്‌കില്ലിന്റെ ആവശ്യമില്ല എന്നു ചിന്തിക്കാന്‍ പാടില്ല.  ഓരോരുത്തര്‍ക്ക് ഓരോ കഴിവുണ്ട്. ഓരോരുത്തരുടയെും ബെസ്റ്റ് ക്വാളിറ്റി ആണ് ഞാന്‍ നോക്കുന്നത്. ഇന്ത്യയില്‍ നിതിന്‍ മേനോന്‍ അഞ്ചാമത്തെ റാങ്കിങ്ങിലുള്ള അംപയര്‍ ആണ്. നിതിന്‍ മേനോന് 40 വയസ്സു പോലുമില്ല. വളരെ ചെറുപ്പമാണ്. നൂറ് ടെസ്റ്റ്മാച്ച് ചെയ്യാന്‍ അവസരമുള്ള അംപയറാണ്. 

- അമ്പയറിങ്ങില്‍ പലതരം സ്റ്റൈല്‍സ് ഇല്ലേ. ചിലര്‍ ഫോര്‍ വിളിക്കുന്നത് കാണാന്‍ നല്ല രസമാണ്. ബില്ലി ബൗഡന്റെ സിക്സ് പ്രത്യേക രസത്തിലുള്ളതാണല്ലോ. അത് അദ്ദേഹത്തിന് ആര്‍ത്രൈറ്റിസ് ഉള്ളതുകൊണ്ടാണെന്നും പറയുന്നു. അങ്ങനെ അമ്പയറിങ്ങില്‍ എന്തെങ്കിലും സ്‌റ്റൈല്‍ കൊണ്ടുവരണമെന്ന് തോന്നിയിട്ടുണ്ടോ...

ആളുകള്‍ കളികാണാന്‍ വരുന്നത് ഒരു അംപയറിനെ കാണാനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അത്രയും കോടിക്കണക്കിന് ആളുകള്‍ കാണുന്നുണ്ട് ഓരോ കളിയും. അതില്‍ ഭൂരിഭാഗം കളികളിലെയും അംപയര്‍ ആരാണെന്ന് അറിയാതെ പോവുകയാണ് ചെയ്യാറ്. അതാണ് സ്വാഭാവികമായും നടക്കാറ്. അവര്‍ ഒരാളെ തിരിച്ചറിയണമെങ്കില്‍ എന്തെങ്കിലും തെറ്റോ പ്രശ്നമോ പറ്റണം. അങ്ങനെ ആ അംപയര്‍ കാരണം കളി തോറ്റു എന്ന് തിരിച്ചറിയുമ്പോഴാണ് അവര്‍ അംപയറെ വിളിക്കുന്നത്. എന്തെങ്കിലും പ്രത്യേക സ്‌റ്റൈല്‍ കൊണ്ടുവന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. അപ്പോള്‍ എന്തെങ്കിലും തെറ്റ്പറ്റിയാല്‍ എല്ലാവരുടെയും മനസ്സില്‍ നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്..

-അദൃശ്യനായി നിലനില്‍ക്കാനാണ് താത്പര്യപ്പെടുന്നതെന്നാണോ..

ആളുകള്‍ വരുന്നത് കളികാണാനും പ്ലെയേഴ്‌സിനെ കാണാനുമാണ്. എന്റെ ജോലി ആളുകളുടെ മനസ്സില്‍ ശ്രദ്ധ നേടലോ ഇടം നേടലോ അല്ലെന്നുള്ള തിരിച്ചറിവാണ് ഒരു അംപയറര്‍ക്ക് വേണ്ടത്

placeholder
സൈമൺ ടോഫൽ അംപയറിങ്ങിൽ | AP ഫയൽ ചിത്രം

-അമ്പയറിങ്ങിലെ വിവാദ പുരുഷനാണല്ലോ സ്റ്റീവ് ബക്ക്‌നര്‍. പ്രത്യേകിച്ച് സച്ചിനെതിരേയുള്ള ഡിസിഷനിലെല്ലാം അദ്ദേഹം മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കുമെല്ലാം പ്രശ്നം തോന്നിയ ഒരു അമ്പയര്‍ ആണ്. പക്ഷെ ഒരു അമ്പയര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് നോക്കി കാണുന്ന ചില ഗുണങ്ങളുണ്ടാവില്ലേ. അതെന്താണ്..

സ്റ്റീവ് ബക്ക്‌നറുടെ അവസാന രണ്ട് മൂന്ന് കൊല്ലങ്ങളിലാണ് വിവാദങ്ങള്‍ ഉണ്ടാവുന്നത്. അദ്ദേഹം ഒരു സ്റ്റാന്‍ഡേര്‍ഡ് സ്വയം സെറ്റ് ചെയ്ത വ്യക്തിയാണ്. പിന്നീട് ആ പ്രതീക്ഷക്കൊത്ത് വരാത്തതു കൊണ്ടാണ്‌ അത്രയും വിവാദം വന്നത്. സൈമണ്‍ ടോഫല്‍ 5 കൊല്ലം നമ്പര്‍ വണ്‍ അംപയറായിരുന്നു. പക്ഷെ 40 വയസ്സില്‍ വിരമിച്ചു. ശരിക്കും 60 വയസ്സുവരെ തുടരാമായിരുന്നു. എല്ലാവരും മോശമാവുമ്പോള്‍ പുറത്താക്കപ്പെടും. അത് സ്വാഭാവികം. പ്ലെയേഴ്‌സായാലും അംപയര്‍മാരായാലും. 

placeholder
അംപയർ സ്റ്റീവ് ബക്‌നർ | File Photo: AP

-ചില ഗെയിമുകളിലെങ്കിലും സ്റ്റീവ് ബക്ക്‌നര്‍ ബോധപൂര്‍വ്വം തെറ്റായ തീരുമാനമെടുത്തതാണെന്ന് തോന്നുന്നവരുമുണ്ട്.

ഒരിക്കലുമില്ല. വിരാട് കോലി ഔട്ടാവുമ്പോള്‍ ഇതുപോലെ ആരോപണങ്ങള്‍ വരാറുണ്ട്. ചില ഘട്ടങ്ങളില്‍ ഈ ഷോട്ട് അടിച്ചാല്‍ നന്നാവുമെന്ന് തോന്നിയാണ് പലരും കളിക്കുന്നത്. അല്ലാതെ ആരെങ്കിലും ഔട്ടാവാന്‍ വേണ്ടി കളിക്കുമോ? റോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ വിരാടിന് കളിക്കാന്‍ ഇഷ്ടമില്ലെന്നൊക്കെ ആര്‍ക്ക് വേണേലും അപവാദം പറഞ്ഞുണ്ടാക്കാം. അതുപോലെയാണ് അംപയര്‍മാരുടെ കാര്യവും. 

-ഗ്യാലറിയില്‍ നിന്നുള്ള സമ്മര്‍ദ്ദം അമ്പയര്‍മാരെ സ്വാധീനക്കരുതെന്നാണല്ലോ. പക്ഷെ ഇഞ്ചോടിഞ്ച് വരുന്ന ഡിസിഷന്‍ മേക്കിങ്ങില്‍ ഗാലറി സമ്മര്‍ദ്ദത്തെ എങ്ങനെയാണ് അതിജീവിക്കുന്നത്. 

എന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ മാച്ച് അഹമ്മദാബാദിലായിരുന്നു. അവിടെ 90,000-ത്തോളം പേരുണ്ടായിരുന്നു കാണികളായി. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ ശബ്ദമുണ്ടാക്കും. അങ്ങനെ പലതും സംഭവിക്കും എന്ന് മനസ്സിനെ സമ്മതിപ്പിച്ച് പോകുമ്പോള്‍ നമുക്ക് വലിയ പ്രശ്‌നം തോന്നില്ല. സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ കാണികളോ അവരുടെ പ്രതികരണങ്ങളോ നമുക്ക് പരിഗണനാ വിഷയമേ ആവില്ല. നമ്മള്‍ കാണുന്ന, കാണേണ്ടുന്ന കാഴ്ചയെന്തെന്ന് നേരത്തെ മനസ്സിനെ പാകപ്പെടുത്തും. ബോളിലോട്ട് ഓട്ടോമോറ്റിക് ആയി ശ്രദ്ധ പോവും. മാച്ച് തുടങ്ങുന്ന ആദ്യ അരമണിക്കൂറില്‍ ചെയ്യേണ്ട സംഗതികളെന്ത് എന്ന രീതിയില്‍ ചാനലൈസ് ചെയ്താല്‍ പിന്നെ ഒരു വണ്ടി പോകും പോലെ മാച്ച് തീരും വരെ പൊക്കോളും.  അതുപോലെ കളിയുടെ അവസാനം വരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കളി തീരാറായല്ലോ എന്നു കരുതി റിലാക്‌സ് ചെയ്യുന്ന അവസാന നിമിഷമായിരിക്കും നിര്‍ണ്ണായകമായ പല കാര്യങ്ങളും സംഭവിക്കുക. അട്ടിമറികള്‍ നടക്കും. എന്നെ സംബന്ധിച്ച്  അംപയറിങ്ങില്‍ ഏറ്റവും വെല്ലുവിളി ഈ രണ്ട് സമയങ്ങളാണ്. അംപയറെ സംബന്ധിച്ച് ഏറ്റവും ജാഗ്രത വേണമെന്നും തോന്നുന്നത് ഈ സമയമാണ്. 

-ഒരു അമ്പയറിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ സ്വഭാവത്തിലാണെങ്കിലും പെരുമാറ്റത്തിലാണെങ്കിലും ഇഷ്ടം തോന്നി നോക്കി നിന്ന ഏതെങ്കിലും കളിക്കാരുണ്ടോ...

കെയിന്‍ വില്യംസണ്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരു കളിക്കാരനാണ്. പ്രത്യേകിച്ച് ഒരു അംപയറിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍. അംപയര്‍ എന്ത് തീരുമാനമെടുത്താലും അതിനെ ബഹുമാനിക്കുന്നയാളാണ്‌ കെയിന്‍ വില്ല്യംസണ്‍. ഞാന്‍ ഒരിക്കല്‍ നോട്ട് ഔട്ട് കൊടുത്തിരുന്നു. അദ്ദേഹമായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ബൗളര്‍ ഔട്ട് തന്നെയാണെന്ന് ആവര്‍ത്തിച്ചു. വളരെ വിഷമത്തോടെയും ബഹുമാനത്തോടെയുമാണ് കെയിന്‍ വില്ല്യംസണ്‍ സോറി ഐ നീഡ് ടു ടേക് ഡിആര്‍എസ് എന്ന് പറഞ്ഞത്. അത്രയും ബഹുമാനമാണ്. നിവൃത്തിയില്ലാതെ എടുക്കുകയാണെന്ന തരത്തിലുള്ളതായിരുന്നു പ്രതികരണം. എനിക്കത് വലിയ അത്ഭുതമായാണ് തോന്നിയത്. ഇന്ത്യയില്‍ കളിക്കാര്‍ക്കു മുകളിലുള്ള സമ്മര്‍ദ്ദവും പ്രതീക്ഷയും വളരെ കൂടുതലാണ്. വിരാട് കോലിയില്‍ നിന്ന് 100-ല്‍ കുറവ് ആരും പ്രതീക്ഷിക്കുന്നില്ല. ധോണി ക്യാപ്റ്റനായാല്‍ ലോകകപ്പ്‌ കൊണ്ടുവന്നേ പറ്റൂ എന്നതാണ് ആരാധകരുടെ ആറ്റിറ്റിയൂഡ്. അല്ലെങ്കില്‍ ഐപിഎല്‍ ജയിച്ചേ പറ്റൂ. ഇതാണ് മനോഭാവം. സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗോഡ് ഓഫ് ക്രിക്കറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു മതം പോലെയാണ് ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ കാണുന്നത്. പുറംരാജ്യങ്ങളിലുള്ളവര്‍ അങ്ങനെയല്ല. കെയിന്‍ വില്ല്യംസണ്‍ പുറത്തിറങ്ങി പച്ചക്കറി വാങ്ങിച്ചാല്‍ ആരും ശല്യപ്പെടുത്തില്ല 

-അങ്ങനെയുള്ള താരപരിവേഷങ്ങളുള്ളവര്‍ കളിക്കുമ്പോള്‍ അവര്‍ക്കെതിരേ ഡിസിഷന്‍ എടുക്കേണ്ടി വരുമ്പോള്‍ സമ്മര്‍ദ്ദം  തോന്നാറുണ്ടോ...

എനിക്ക് തോന്നിയിട്ടേയില്ല. ഇഷാന്ത് ശര്‍മ്മയ്ക്ക് ഔട്ട് തെറ്റിക്കൊടുത്താലും വിരാട് കോലിക്ക് ഔട്ട് തെറ്റിക്കൊടുത്താലും എന്റെ മാര്‍ക്ക് പോവും. അതില്‍ വ്യത്യാസമൊന്നുമില്ല. എന്റെ ഡിസിഷന്‍ കറക്ടാവുക എന്നത് എന്റെ സ്വാര്‍ഥതയാണ്, നിലനില്‍പാണ്. എത്ര കുറവ് തെറ്റുകള്‍ അല്ലെങ്കില്‍ തെറ്റേ പറ്റാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിക്കുക.

-ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഇഷ്ടം തോന്നിയ ക്യാപ്റ്റനാരാണ്. 

ധോണി കീപ് ചെയ്യുമ്പോള്‍ ഒരുവിധമുള്ള അംപയര്‍മാരെല്ലാം ഹാപ്പിയാണ്. ധോനി വെറുതെ അപ്പീല്‍ ചെയ്യില്ല എന്നത് തന്നെ കാരണം. ബോള്‍ പിടിച്ച് മുകളിലേക്ക് ഇടുകയാണെങ്കില്‍ 99 ശതമാനം അത് ഔട്ട് തന്നെയായിരിക്കും. ഞാന്‍ ഇത്തരം സ്റ്റേറ്റ്‌മെന്റ് നടത്തുന്നത് ശരിയല്ലെന്നറിയാം. പുള്ളി ഇപ്പോള്‍ കളിക്കുന്നില്ല എന്നതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്. അതുപോലെ ധോനി റിവ്യൂ എടുക്കുന്നതും അത്ര ഉറപ്പിലായിരിക്കും. ഒരിക്കല്‍ ജഡേജ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാന്‍ അംപയര്‍ ചെയ്തിരുന്നു. 15 സെക്കന്റിനിടക്ക് അവര്‍ റിവ്യു എടുക്കണം. ഡിആര്‍എസ് എടുക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ അറിയിക്കണമെന്ന് പറഞ്ഞു. ജഡേജ പറയുകയാണ്, ധോണി കാണിക്കുമെന്ന്. നമുക്കാണെങ്കില്‍ ക്യാപ്റ്റന്‍ പറയുകയാണെങ്കിലേ എടുക്കാന്‍ പറ്റൂ. ധോണി ഡിആര്‍എസ് കാണിച്ചാല്‍ പിന്നെ ടീം ക്യാപ്റ്റന് പോലും സംശയമില്ല എന്നതാണ് അവസ്ഥ.

-പെരുമാറ്റത്തില്‍ ആകര്‍ഷിച്ച ഇന്ത്യന്‍ കളിക്കാര്‍ ആരൊക്കെയാണ്

വിരാട് കോലിയുടെ ഫിറ്റ്‌നസ് ലെവല്‍ എന്നത് നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. 37 വയസ്സായി. 50 ഓവര്‍ ബാറ്റ് ചെയ്തിട്ട് ഒരു ഓവര്‍ പോലും ഫീല്‍ഡില്‍നിന്ന് മാറി നില്‍ക്കില്ല. പല പ്ലെയേഴ്‌സും ബാറ്റ് ചെയ്താല്‍ കാല്‍ പ്രശ്‌നമൊക്കെ പറഞ്ഞ് കുറെ നേരം റെസ്റ്റ് ചെയ്യും പൊതുവെ.  വിരാട് കോലി ഒരു നിമിഷം പോലും ഇത്തരത്തില്‍ ഫീല്‍ഡില്‍നിന്ന് പുറത്തുനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. രാവിലെ വരുന്ന പോലെ ഫ്രഷ് ആയിരിക്കും ഒരു ഫുള്‍ മാച്ച് കളിച്ച് കഴിഞ്ഞാലും. ഒരു ബോള്‍ പോലും ഡൈവ് ചെയ്യില്ല. അത്രക്കും ഫുള്‍ കമ്മിറ്റഡ് ആണ്. വിരാട് കോലി ദേഷ്യം പിടിക്കുന്നതായിരിക്കും പലരും ചിന്തിക്കുന്നത്. ഞാനതല്ല ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന്റെ ഡെഡിക്കേഷനാണ്. ധോനി എത്ര ശാന്തനാണ്. വല്ല ഭൂമികുലുക്കം വന്നാല്‍ പോലും അനങ്ങില്ലെന്ന് തോന്നും. തോല്‍ക്കുന്ന കളിയാണോ ജയിക്കുന്ന കളിയാണോ എന്ന് പുള്ളിയെ കണ്ടാല്‍ അറിയാന്‍ പറ്റില്ല. 

രോഹിത്‌ ശര്‍മ്മയാണെങ്കിലും  ടീമിനെ കൊണ്ടുപോകുന്നത് നല്ല മിടുക്കനായിട്ടാണ്. ഹര്‍ദ്ദിക് പാണ്ഡ്യയാണെങ്കിലും റിഷബ് പന്താണെങ്കിലും അതേ രീതിയിലാണ്. റിഷബ് പന്ത് ഒരു ക്ലബ്ബ് കളിക്കുന്ന രീതിയില്‍ ഔത്സുക്യത്തോടെയാണ് കളിയെ സമീപിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന പോലുള്ള ആവേശമാണ്. കെ.എല്‍. രാഹുലാണെങ്കില്‍ ഭയങ്കര പെര്‍ഫക്ഷനിസ്റ്റാണ്. അശ്വിനാണെങ്കില്‍ 38 വയസ്സായി എന്നിട്ടും ലീഗ് മാച്ച് വരെ കളിക്കുന്നുണ്ട്. 100 ടെസ്റ്റ് മാച്ചും 500 വിക്കറ്റുമായിട്ടും ലീഗ് മാച്ച് കളിക്കുന്നു. ഞാനവരുടെ പോസിറ്റീവ് സൈഡ് ആണ് നോക്കുന്നത്. 

-മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ. അല്ലെങ്കില്‍ വേദനിപ്പിച്ചിട്ടുണ്ടോ ആരെങ്കിലും. 

നമ്മളൊരു ഡിസിഷന്‍ എടുക്കുമ്പോള്‍ അവര്‍ക്ക് താത്പര്യം വന്നില്ലെങ്കില്‍ നമുക്കത് മനസ്സിലാക്കാനാവും. അവരത്രയും സമ്മര്‍ദ്ദത്തിലാണ് നില്‍ക്കുന്നതെന്ന് നാം മനസ്സിലാക്കണം. ആ അമര്‍ഷം അവരാരും തന്നെ മുന്നോട്ടു കൊണ്ടു പോവുന്നില്ല. ആ മാച്ച് കഴിയുമ്പോല്‍ തന്നെ കൈ തന്ന് സാധാരണഗതിയിലേക്ക് പോവുകയാണ്. അതുകൊണ്ട് തന്നെ കളിക്കിടയിലെ ഡിസിഷന്‍ കണ്ട് അവര്‍ ക്ഷുഭിതരായാലും എനിക്ക് പ്രശ്‌നം തോന്നുന്നില്ല. അതല്ല, അവരുടെ ആ പെരുമാറ്റം തുടരുകയും പെരുമാറ്റദൂഷ്യം തുടര്‍ന്നും കാണിക്കുകയാണെങ്കില്‍ നമ്മളത് റിപ്പോർട്ട്‌ ചെയ്യും.