ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെ കുനോയിലെത്തിച്ച ചീറ്റകൾ ചത്തത് ചൂടു താങ്ങാൻ കഴിയാതെയും ചെള്ളുകളിൽ നിന്നുള്ള രോഗം പിടിപ്പെട്ടുമെന്ന് നാച്വറലിസ്റ്റും ഗ്രന്ഥകർത്താവുമായ ഡേവിഡ് രാജു. തണുപ്പുകാലമാവുമ്പോള്‍ ആഫ്രിക്കൻ ചീറ്റകള്‍ക്ക് ശൈത്യകാല പുതപ്പ് പോലെ രോമാവരണം വരും. എന്നാൽ, ഇന്ത്യയിലെത്തിയതോടെ കൊടുംചൂടിൽ രൂപപ്പെടുന്ന രോമാവരണം അവയുടെ ജീവന് ഭീഷണിയാവുകയായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷമായി അവിടുത്തെ രോഗങ്ങളോടും പകര്‍ച്ചവ്യാധികളോടും പ്രതിരോധമാര്‍ജ്ജിച്ച കുനോയിലെ ചീറ്റകള്‍ക്ക്  നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ ഇവിടെയുള്ള ചെള്ളുകൾ പരത്തുന്ന  രോഗങ്ങളോട് പ്രതിരോധമാർജ്ജിച്ചിട്ടുണ്ടാവില്ല. ഇതും ഇവയുടെ മരണത്തിന് കാരണമായെന്ന് പറയുന്നു ഡേവിഡ് രാജു. 

To advertise here,

കടുവകളുടെ കാടിറക്കത്തിനും ആനകളും മറ്റും കൃഷിനശിപ്പിക്കാനുള്ള കാരണങ്ങളെ കുറിച്ചും 'സർവ്വീസ് സ്റ്റോറി' അഭിമുഖത്തിൽ ഡേവിഡ് രാജു സംസാരിക്കുന്നു.

Also Read

കടുവകള്‍ക്ക് തിന്നാന്‍ ഇഷ്ടമുള്ള ഇറച്ചിയല്ലല്ലോ മനുഷ്യമാംസം. കാടു കാണാന്‍ പോയാലും കടുവ നമ്മളെ നമ്മളെ കാണുന്നുണ്ടാവും. നമ്മൾ കടുവയെയാണ് കാണാത്തതെന്നും വെറുതെ കടുവ ആക്രമിക്കില്ല എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എന്നിട്ടും കടുവ കാടിനു പുറത്തെത്തി മനുഷ്യരെ തിന്നുന്ന അവസ്ഥ സംജാതമാവുന്നതെന്തു കൊണ്ടാണ്.

മനുഷ്യന്‍ നടന്നുവരുന്നത് കാണുമ്പോള്‍ പേടിച്ചുപോവുന്ന ജീവികളാണ് കടുവകള്‍. ഒരിക്കലും കടുവ മനുഷ്യനു നേരെ വരില്ല. കണ്ടാലുടനെ ഓടിപ്പോവുന്നത് ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. രണ്ടാമത്തെ കാര്യം ഏതാനും വര്‍ഷം മുമ്പ് വയനാട്ടില്‍ കാപ്പിത്തോട്ടത്തില്‍ പുല്ല് പറിക്കാന്‍ പോയ ആളെ കടുവ കൊന്നിരുന്നല്ലോ. ആ വീഡിയോ ശ്രദ്ധിച്ചാലറിയാം. കാപ്പിത്തോട്ടം കടന്നുള്ള പുല്‍മേട്ടിലിരുന്നാണ് ഇയാള്‍ പുല്ലരിഞ്ഞുകൊണ്ടിരുന്നത്. കടുവ എന്ന പ്രിഡേറ്ററിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ കാപ്പിത്തോട്ടമെന്നത് മികച്ച ഇരപിടിക്കല്‍ സ്ഥലമാണ് എവര്‍ ഗ്രീന്‍ ഫോറസ്റ്റ് പോലെ ഒരുകാലത്തും ഉണങ്ങാതെ കിടക്കുന്നതാണ്. അതിന്റെ നടുക്കാണ് പുല്‍മേടുള്ളത്. ധാരാളം മാനുകളും പന്നികളുമൊക്കെ തീറ്റയ്ക്കായി വരുന്ന സ്ഥലമാണ് പുല്‍മേടുകള്‍. അങ്ങനൊരു സ്ഥലത്ത് പുല്ല് ചെത്താന്‍ പോയപ്പോള്‍ മാനോ പന്നിയോ പോലുള്ള നാല്‍ക്കാലികളാവാം എന്ന് തെറ്റിദ്ധരിച്ച് ചാടിപ്പിടിച്ചതാവാം. ഇതൊരു സാധ്യത മാത്രമാണ്. പിന്നെ, മൂന്നാമത്തെ കാര്യം കടുവ മനുഷ്യനെ ഒരിക്കല്‍ വേട്ടയാടിക്കഴിഞ്ഞാല്‍ അതിന് മനസ്സിലാവും ലോകത്തെ ഏറ്റവും അശക്തനായ ജന്തു മനുഷ്യനാണെന്ന്. മാനുകളെപ്പോലെ ഓടാനാവില്ല. മൃഗങ്ങളെപ്പോലെ മരംകേറാനാവില്ല. ശക്തിയുമില്ല. ജിം കോര്‍ബറ്റിന്റെ മാന്‍ ഈറ്റേര്‍സ് ഓഫ് കുമാവുണ്‍ എന്നൊരു പുസ്തകമുണ്ട്.  400 പേരെയൊക്കെ കൊന്ന നരഭോജിക്കടുവകളെ കുറിച്ചൊക്കെ അതില്‍ പ്രതിപാദിക്കുന്നുണ്ട്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

കടുവകള്‍ക്ക് ഇരപിടിക്കാനും പെറ്റുപെരുകാനും അനുയോജ്യമായ ഇടമാണ് വയനാടെന്ന പറഞ്ഞല്ലോ..വേണ്ടത്ര വിഭവങ്ങള്‍ വയനാടന്‍ കാടിനുള്ളിലുണ്ടായിട്ടും കടുവ കാടിറങ്ങുന്നതെന്തു കൊണ്ടെന്ന് വിശദീകരിക്കാമോ.

കാട്ടില്‍ കടുവകള്‍ക്കൊരു ടെറിട്ടറിയുണ്ട്. പൊതുവെ 30 മുതല്‍ 50 ചതുരശ്ര കിലോ മീറ്റര്‍ വരെയുണ്ടാവും. ആണ്‍ കടുവയാണ് ടെറിട്ടറി നിശ്ചയിക്കുന്നത്. ആണ്‍ കടുവയുടെ ടെറിട്ടറിയില്‍  മൂന്നോ നാലോ പെണ്‍കടുവകളുമുണ്ടാവും. ആ 50 ചതുരശ്ര കിലോ മീറ്ററില്‍ 16 കുഞ്ഞുങ്ങളുമുണ്ടാവും. കുഞ്ഞുങ്ങള്‍ വലുതായാല്‍ പിന്നെ അവ ടെറിട്ടറി തേടണം. കാരണം നിലവിലുള്ള അവരുടെ ടെറിട്ടറി ഭരിക്കുന്നത് അമ്മക്കടുവയും ആണ്‍കടുവയുമാണ്. അങ്ങനെ ടെറിട്ടറി തേടിപ്പോവുന്ന കടുവകളെ ഫ്‌ലോട്ടേര്‍സ് അഥവാ ട്രാന്‍സിയന്റ്‌സ് എന്നാണ് വിളിക്കുന്നത്. പത്ത് വയസ്സായ ആണ്‍കടുവ നിലവിലെ ടെറിട്ടറി ഭരിക്കുന്ന വാര്‍ധക്യത്തോടടുക്കുന്ന കടുവകളെ അവരുടെ ടെറിട്ടറിയില്‍ നിന്നോടിച്ച് ആ ടെറിട്ടറി ഭരിക്കും. അങ്ങനെ വാര്‍ധക്യത്തോടടുത്ത കടുവകള്‍ ഫ്‌ലോട്ടേര്‍സിനെപ്പോലെ ഗ്രാമപ്രദേശത്തിലേക്ക് വരും. പല്ലുകൊഴിഞ്ഞ് ആരോഗ്യം നഷ്ടപ്പെട്ട ഇത്തരം കടുവകളാണ് ഗ്രാമപ്രദേശത്തേക്ക് വരുന്നതും കെട്ടിയിട്ട കന്നുകാലികളെ പിടിച്ചു കൊണ്ടുപോകുന്നതും. ഇങ്ങനെയുള്ള ഫ്‌ലോട്ടേര്‍സിനെ കടുവകളുടെ എണ്ണം കുറഞ്ഞ മറ്റ് കടുവ സംരക്ഷണകേന്ദ്രങ്ങളിലാക്കാം. ഇന്ത്യയില്‍ 50-ലേറെ ടൈഗര്‍ റിസര്‍വ്വുകളുണ്ട്. ഇന്ത്യയില്‍ 20-ലധികം ടൈഗര്‍ റിസര്‍വ്വുകളില്‍ ഒരു കടുവ വീതമേയുള്ളൂ.. ഗ്രാമപ്രദേശത്തുനിന്ന് പിടിക്കുന്ന കടുവകളെ പിടിച്ച് സൂക്ഷിക്കുന്ന ഒരു ടൈഗര്‍ കെയര്‍ സെന്ററുണ്ട് വയനാട്ടില്‍. ഏഴോ എട്ടോ കടുവകളുണ്ട് അവിടെ. കടുവകളെ അവിടെ സൂക്ഷിക്കുന്നതിനു പകരം മറ്റ് സംസ്ഥാനങ്ങളിലെ കടുവസങ്കേതങ്ങളിലേക്ക് മാറ്റാവുന്നതാണ്. കാടിന്റെയടുത്തുള്ള കുറെയേറെ വനപ്രദേശങ്ങളും ഇഎഫ്എല്‍ ലാന്‍ഡായി പിടിച്ചെടുത്ത തോട്ടങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളുണ്ട്. ആിരം- രണ്ടായിരം ഏക്കറുള്ള ഈ സ്ഥലങ്ങള്‍ നന്നായി വേലികെട്ടി സംരക്ഷിച്ച് കടുവകളെ അതിനകത്താക്കാം. അതിനു പരിസരത്തുള്ളവരൊക്ക ചേര്‍ന്ന് ഒരു സൊസൈറ്റി രൂപീകരിച്ച് സഫാരിക്കായി ഉപയോഗിക്കാം, സഫാരി പാര്‍ക്കാക്കാം. ഈ സ്ഥലത്തെ. ഇതിനകത്ത് നിന്നുള്ള വരുമാനം ആ ഗ്രാമത്തിന് പോവണം. മധ്യപ്രദേശിലെ സത്പുരയില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. അവിടെ ഗ്രാമീണരുടെ വണ്ടികളാണ് കാടിനകത്ത് ഓടുന്നത്. അപ്പോള്‍ ഗ്രാമത്തിലുള്ളവര്‍ക്ക് വരുമാനം ലഭിക്കുമ്പോള്‍ അവര്‍ സഹകരിക്കും. ജീവികളെക്കൊണ്ട് ഗ്രാമീണര്‍ക്കും ഗുണമുണ്ടാവുമ്പോള്‍ കോണ്‍ഫ്‌ളിക്ട് കുറയും. 

ഉത്തരേന്ത്യയില്‍ കാടിനോട് ചേര്‍ന്നു ജീവിക്കുന്നവര്‍ക്കിടയില്‍ ഇത്തരം വന്യജീവികളുടെ ആക്രമണം വളരെ സാധാരണമായ കാര്യമാണ്. അതെങ്ങനെയാണ് അവിടെ കൈകാര്യം ചെയ്യുന്നത്. അവിടെ സര്‍ക്കാരിനെതിരേ സമ്മര്‍ദ്ദമൊന്നും വരുന്നില്ലേ...

തടോബയില്‍ ഒരുമാസം ഒന്നോ രണ്ടോ പേരെ കടുവ കൊല്ലുന്നുണ്ട് എന്നാണ് ഊഹം. ഞാനൊന്നും ഏഴ് മണി കഴിഞ്ഞാല്‍ മുറിക്കു പുറത്തിറങ്ങില്ല. പക്ഷ, അതൊന്നും വലിയ പ്രതിഷേധത്തിലേക്കെത്താത്തിനു കാരണം അവിടെ കാടിനോട് ചേര്‍ന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെല്ലാം ഈ വന്യജീവികളില്‍ നിന്ന് ഈ കടുവസങ്കേതത്തില്‍ നിന്നും വരുന്ന വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവരാണ്. ഓരോ വീട്ടിലും ഒന്നോ രണ്ടോ പേരെങ്കിലും കാട്ടില്‍ ജോലി ചെയ്യുന്നുണ്ട്. വാച്ചര്‍മാരോ ഗൈഡുമാരോ അല്ലെങ്കില്‍ സഫാരിക്കുള്ള വണ്ടിയോടിക്കുന്നവരോ ആയി ആരെങ്കിലുമൊക്കെ ഓരോ വീട്ടിലുമുണ്ടാവും. അതുകൊണ്ട് തന്നെ കാട്ടില്‍ നിന്ന് കടുവയിറങ്ങി അവരുടെ ഒരു പശുവിനെക്കൊന്നാല്‍ അത് വലിയ സംഘര്‍ഷത്തിലേക്കോ പ്രശ്‌നത്തിലേക്കോ എത്തില്ല. കോണ്‍ഫ്‌ലിക്ടുകള്‍ ഇല്ലാതാവണമെങ്കില്‍ കാട്ടില്‍ നിന്ന് വെളിയിലിറങ്ങുന്ന മൃഗങ്ങളെക്കൊണ്ട് മനുഷ്യര്‍ക്ക് ഉപകാരമുണ്ടാവണം. 

കാടിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികമായി ക്രമാതീതമായി ഇവയുടെയൊക്കെ എണ്ണം പെരുകിയാല്‍ നമ്മളെന്ത് ചെയ്യും. കാടു വലുതാവുന്നില്ലല്ലോ. എന്താണ് ഇതിനുള്ള പോംവഴി. പല നാടുകളിലും കള്ളിങ്ങുണ്ട്. ഇത്തരത്തില്‍ അനുവദനീയമായ രീതിയില്‍ കൊന്നൊടുക്കുന്നത് പ്രായോഗികമാണോ..

അത്യാവശ്യം കള്ളിങ് ചെയ്യണം. കള്ളിങ് അല്ലാതെ തന്നെ നമുക്ക് പലവിധ പോംവഴികളുണ്ട്. സംസ്ഥാനങ്ങളുമായോ വനംവകുപ്പുമായോ സംസാരിച്ച് അധികം വരുന്ന മൃഗങ്ങളെ കയറ്റി അയക്കാവുന്നതാണ്. മറ്റൊന്ന് അഞ്ഞൂറേക്കര്‍ വരുന്ന സ്ഥലങ്ങളില്‍ ഇങ്ങനെ ഫ്‌ലോട്ടേര്‍സ് ആയിനടക്കുന്ന കടുവകളെ വേലികെട്ടി പാര്‍പ്പിക്കാവുന്നതാണ്. സഫാരി പാര്‍ക്ക് പോലെയാക്കാവുന്നതാണ്. എന്നിട്ട് ഏത് ഗ്രാമത്തിനാണോ മൃഗങ്ങളെ കൊണ്ട് വലിയ നഷ്ടമുണ്ടായത് ആ ഗ്രാമത്തിലുള്ളവര്‍ക്കായി വരുമാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതൊന്നുമല്ലാതെ ഗ്രാമത്തിലിറങ്ങി ചില കടുവകളും പുലികളുമൊക്കെ മനുഷ്യരെ വേട്ടയാടുന്നത് ശീലമാക്കിയാല്‍ അവയെ കൊല്ലേണ്ടി വരും.

ഇവിടെയുള്ള മൃഗങ്ങളുടെ ആക്രമണം പോരാഞ്ഞിട്ടാണോ ആഫ്രിക്കയില്‍നിന്ന് കുനോയിലേക്ക് ചീറ്റപ്പുലികളെ കൂടി കൊണ്ടുവന്നതെന്ന് ആളുകള്‍ തമാശയായെങ്കിലും പറയുന്ന കാര്യമാണ്. പക്ഷെ, കുറെ ചീറ്റപ്പുലികള്‍ ചത്തില്ലേ. അതിന്റെ ഒരു കാരണമെന്താണ്..

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കില്‍ 48-50 ഡിഗ്രിയോടടുത്താണ് ഊഷ്മാവ്. ഈ സമയം ആഫ്രിക്കയില്‍ ശൈത്യകാലമാണ്. തണുപ്പുകാലമാവുമ്പോള്‍ അവിടുത്തെ ചീറ്റകള്‍ക്ക് ശൈത്യകാല പുതപ്പ് പോലെ രോമാവരണം വരും. വിന്റര്‍കോട്ടുമിട്ട് ചൂടുകാലത്ത് 48 ഡിഗ്രി ചൂടില്‍ നിര്‍ത്തുന്നത് എന്ത് ക്രൂരതയാണ്. മാത്രവുമല്ല, ദശലക്ഷക്കണക്കിന് വര്‍ഷമായി അവിടുത്തെ രോഗങ്ങളോടും പകര്‍ച്ചവ്യാധികളോടും പ്രതിരോധമാര്‍ജ്ജിച്ചവരാണ് ഈ ചീറ്റകള്‍. അവര്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ നമ്മുടെ നാട്ടിലെ രോഗങ്ങള്‍ പുതിയതായിരിക്കും ആ രോഗത്തോടും ഇവിടെയുള്ള  ചെള്ളുകളോടുമൊന്നും ഇവയുടെ ശരീരത്തിന് പ്രതിരോധമുണ്ടാവില്ല. ചെള്ളുകടിയേറ്റുള്ള രോഗം പരന്നൊക്കെയാണ് പലതും ചത്തിട്ടുള്ളത്. 

placeholder
Arikomban
അരിക്കൊമ്പൻ (File Photo)

വന്യജീവികളുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഓടിയ കഥകളാണ് അരിക്കൊമ്പന്‍ കഥകളും ചക്കക്കൊമ്പന്‍ കഥകളും. ആന ശരിക്കും അരി തിന്നുമോ..

വന്യജീവികളെല്ലാം തന്നെ പത്തും പന്ത്രണ്ടും മണിക്കൂര്‍ കാടിനുള്ളിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നാണ് തീറ്റ തേടുന്നത്. കാടതിര്‍ത്തികളിലെല്ലാം ആളുകള്‍ കൈതച്ചക്ക, കരിമ്പ്, വാഴ കൃഷിയൊക്കെയാണല്ലോ ചെയ്യുന്നത്. അവര്‍ക്കെളുപ്പത്തില്‍ ഭക്ഷണം ലഭിക്കും. അതൊരു സൗകര്യമായി അവ കാണും. അലഞ്ഞുതേടി നടക്കണോ അതോ നിരത്തിവെച്ചത് കഴിക്കാനെടുക്കുമോ എന്ന ഓപ്ഷന്‍ ആര്‍ക്കു കൊടുത്താലും എളുപ്പം കിട്ടുന്ന വഴിയല്ലേ എല്ലാവരും എടുക്കൂ. അങ്ങിനെ ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് അവറ്റകള്‍ കഴിക്കില്ല എന്ന തോന്നുന്ന പല ഭക്ഷണങ്ങളും അവരുടെ കാട്ടിലെ ഡയറ്റില്‍നിന്നു മാറി ഭക്ഷിക്കുന്നത്‌.