അയോധ്യാകേസില്‍ വിധി പ്രസ്താവിക്കുംമുന്‍പ് ദൈവത്തോട് പ്രാര്‍ഥിച്ചതില്‍ അസ്വാഭാവികതയില്ലെന്നും അത് തന്റെ വ്യക്തിഗത വിശ്വാസമനുസരിച്ചായിരുന്നുവെന്നും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഗ്യാന്‍വാപി മോസ്‌ക് കേസില്‍ വിധി പറഞ്ഞത് 1991-ലെ ആരാധനാലയനിയമപ്രകാരമാണെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും 'മാതൃഭൂമി'ക്കുനല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അഭിമുഖത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍...

ഇന്ത്യന്‍ ഭരണഘടന ഒരു സമര ഭൂമികയാണെന്ന് വിശേഷിക്കപ്പെടാറുണ്ട്. താങ്കളുടെ അനുഭവവും കാഴ്ചപ്പാടും എന്താണ്...

ഭരണഘടനയുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ധാരകളുണ്ട്. കൊളോണിയല്‍ ഭരണം തദ്ദേശീയമായ ജനാധിപത്യ ഭരണത്തിന് വഴി മാറിയതാണ് ആദ്യത്തേത്.  സമൂഹത്തിന്റെ പരിവര്‍ത്തനവുമായ ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഈ പരിവര്‍ത്തനത്തില്‍  മനുഷ്യരുടെ അന്തസ്സിനും സമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള ഒട്ടേറെ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. പാര്‍ശവവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള സമരങ്ങളും ഇതിന്റെ ഭാഗമാണ്. ആ അര്‍ത്ഥത്തില്‍ ഭരണഘടന പൗരസമൂഹവും ഭരണകൂടവും തമ്മിലുള്ള സംവാദ ഭൂമിക കൂടിയാണ്.

 ഭരണഘടന വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയമാണിത്.  ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ കോടതികള്‍ എത്രമാത്രം വിജയിക്കുന്നുണ്ട്...

ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ പിറവി മുതലെ പ്രതിസന്ധികളുണ്ട്. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കുന്നതിന് പുറമെ കാലാവസ്ഥാ വ്യതിയാനം, സോഷ്യല്‍ മീഡിയ , ഇന്റര്‍നെറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുയരുന്ന പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയിലെ ഉന്നത കോടതികള്‍ , പ്രത്യേകിച്ച് സുപ്രീംകോടതി മുന്‍നിരയില്‍ തന്നെയുണ്ട്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമങ്ങള്‍ പൗരസമൂഹത്തോട് നീതി പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് ( due process of law. ) ഇലക്ടറല്‍ ബോണ്ട് കേസിലെ വിധി ഇതിനുദാഹരണമാണ്.

To advertise here,

മജോറിറ്റേറിയന്‍ ഭരണകൂടത്തിന് മുന്നിലും കോടതികള്‍ ചുമതലകള്‍ വീഴ്ച കൂടാതെ നിറവേറ്റുന്നുണ്ടോ...

എപ്പോഴാണ് ഭൂരിപക്ഷ ഭരണമില്ലാത്തത്. പാര്‍ലമെന്റില്‍ അതിജീവിക്കണമെങ്കില്‍ ഭരണകൂടത്തിന് ഭൂരിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഒരു നിയമത്തിന്റെ സാധുത പരിശോധിക്കുമ്പോള്‍ കോടതികള്‍ മറക്കരുതാത്ത സംഗതി നിയമനിര്‍മ്മാണത്തിന് ജനപ്രതിനിധികള്‍ക്കുള്ള അവകാശവും അധികാരവുമാണ്. ഒരു നിയമം വരുമ്പോള്‍ അത് ഭരണഘടനാവിരുദ്ധമായിരിക്കും എന്ന കാഴ്ചപ്പാടോടെ അല്ല സമീപിക്കേണ്ടത്.   താങ്കള്‍ പറഞ്ഞതുപോലുള്ള മജോറിറ്റേറിയന്‍ ഭരണമുള്ളപ്പോഴും ചില അടിസ്ഥാന തത്വങ്ങള്‍ ഉണ്ടായിരിക്കും. അതിനുള്ള ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാനാവും.

 താങ്കള്‍ സാമൂഹ്യ പരിവര്‍ത്തനത്തെക്കുറിച്ച് പറയുകയുണ്ടായി. ഭരണഘടനയുടെ മുഖ്യ ശില്‍പി ബി ആര്‍ അംബദ്കര്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം അര്‍ഹമായ പ്രാതിനിധ്യമാണ്. ഇന്ത്യയുടെ വൈവിധ്യം ഉള്‍ക്കൊള്ളുന്ന പ്രാതിനിധ്യ ജനാധിപത്യം. പക്ഷേ, ഈ വൈവിധ്യം ഉള്‍ക്കൊള്ളുന്നതില്‍ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയല്ലേ...

ജുഡീഷ്യറിയെക്കുറിച്ചും സുപ്രീംകോടതിയെക്കുറിച്ചും എനിക്ക് പറയാനാവും. സുപ്രീംകോടതി തീര്‍ച്ചയായും വൈവിധ്യം ഉള്‍ക്കൊള്ളുന്നുണ്ട്. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിക്കുന്നത് വരെ മൂന്ന് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ദളിത് വി്ഭാഗത്തില്‍ നിന്നുണ്ടായിരുന്നു. ഇവരെ നിയമിച്ചത് അവര്‍ ദളിതരായതുകൊണ്ടല്ല, അവര്‍ ഹൈക്കോടതികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ്. പക്ഷേ, അവര്‍ ദളിത് സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ആ വൈവിധ്യം സുപ്രിംകോടതിയിലും പ്രതിഫലിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി എന്നിവയില്‍ നിന്നടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ സുപ്രീംകോടതിയിലുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കുന്നതിന് കൊളീജിയം മനസ്സിരുത്തുന്നുണ്ട്. സത്രീകളും കൂടുതലായി ഇപ്പോള്‍ ജുഡീഷ്യറിയിലേക്ക് വരുന്നുണ്ട്. ജില്ലാ കോടതികളില്‍ ഇപ്പോള്‍ നിയമനം ലഭിക്കുന്നവരില്‍ 50 ശതമാനത്തിലധികം വനിതകളാണ്. പിന്നെ ഓര്‍ത്തിരിക്കേണ്ട കാര്യം വൈവിധ്യം ഉറപ്പാക്കണമെങ്കില്‍  പിരമിഡിന്റെ അടിത്തട്ടില്‍ നിന്ന് അതായത് ജില്ലാ കോടതികളില്‍ നിന്നും തുടങ്ങണം എന്നതാണ്.

അമേരിക്കന്‍ സുപ്രീംകോടതിയില്‍ അടുത്തിടെ ഒരു ഒഴിവ് വന്നപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രിയുടെ പ്രാതിനിധ്യം വേണമെന്ന കാഴ്ചപ്പാടിന്റെ പുറത്താണ് കെതന്‍ജി ബ്രൗണ്‍ ജാക്‌സനെ നിയമിച്ചത്. ഇത്തരം ഇടപെടലുകള്‍ ഇന്ത്യന്‍ സുപ്രീകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടേ...

അമേരിക്കന്‍ സുപ്രീംകോടതിയിലെ നിയമങ്ങള്‍ രാഷ്ട്രീയപരമാണ്. പ്രസിഡന്റാണ് ആത്യന്തികമായി നിയമനാധികാരി. ഇന്ത്യയില്‍ നിയമനങ്ങള്‍ രാഷ്ട്രീയപരമല്ല. ജില്ലാകോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുമ്പോള്‍ ഭരണകൂടവും ജുഡീഷ്യറിയും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തില്‍ ശ്രദ്ധിക്കാറുണ്ട്.

ശബരിമല കേസില്‍ താങ്കള്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ വിധി സുപ്രധാനമായിരുന്നു. പക്ഷേ, ആ വിധി ഇപ്പോള്‍ സുപ്രീകോടതി പുനഃപരിശോധിക്കുകയാണ്. ശബരിമല വിധിയെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്...

25 വര്‍ഷം ജഡ്ജിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപശ്ചാത്തലത്തില്‍ എനിക്ക് പറയാനാവുന്നത് വിധി എഴുതുന്നതില്‍ നമുക്ക് ചെയ്യാനാവുന്നതത്രയും ചെയ്യുക എന്നതാണ്. അതിന് ശേഷം അത് നടപ്പാക്കണ്ടേത് ഭരണകൂടമാണ്. വിധി വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും ഞാന്‍ വിമുക്തനാണ്. സമൂഹം സദാ പരിവര്‍ത്തനത്തിന് വിധേയമാണ്. കോടതിയുടെ തീരുമാനങ്ങളില്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുളള ദാഹം പ്രതിഫലിക്കണം. പുരോഗമനപരമായ നടപടികള്‍ ഒരു നാള്‍ സമൂഹം അംഗീകരിക്കുക തന്നെ ചെയ്യും.

ശ്രദ്ധേയമായ പല വിധികളും താങ്കള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പുട്ടസ്വാമി കേസില്‍ സ്വകാാര്യത മൗലികാവകാശമാണെന്ന് താങ്കള്‍ വിധി എഴുതി. മാത്രമല്ല, താങ്കളുടെ പിതാവ് എഡിഎം ജബല്‍പുര്‍ കേസില്‍ നല്‍കിയ വിധി ( ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അടിയന്തരാവസ്ഥയില്‍ നിലനില്‍ക്കില്ലെന്ന വിധി ) താങ്കള്‍ തിരുത്തുകയും ചെയ്തു. ആ വിധി എഴുതുമ്പോള്‍ താങ്കളുടെ മനസ്സിലൂടെ കടന്നുപോയത് എന്തായിരുന്നു...

പുട്ടസ്വാമി കേസില്‍ വിധി എഴുതുമ്പോള്‍ എന്നെ സംബന്ധഫിച്ചിടത്തോളം എഡിഎം ജബല്‍പുര്‍ കേസിലെ വിധി മറ്റൊരു വിധി മാത്രമായിരുന്നു. വ്യഭിചാരം നിയമവിരുദ്ധമാണെന്ന എന്റെ പിതാവിന്റെ വിധിയും ഞാന്‍ തിരുത്തിയിട്ടുണ്ട്. ഓരോ വിധിയും അതാത് കാലത്തിന്റെ സൃഷ്ടികള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ വിധികള്‍ ആരാണെഴുതിയതെന്നതില്‍ അത്ര കണ്ട് സാംഗത്യമില്ല. ചിലപ്പോള്‍ അത് നമ്മള്‍ ബഹുമാനിക്കുന്ന ചിലര്‍ എഴുതിയതാവും. പക്ഷേ, ആത്യന്തികമായി അതില്‍ കാര്യമില്ല.

പിതാവിന്റെ വിധി തിരുത്തുമ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നോ...

ഒരിക്കലുമില്ല. നമ്മള്‍ മറ്റൊരു കാലത്ത് നിന്നാണ് വിധി എഴുതുന്നത്. ഭാവി എങ്ങിനെയാണ് പ്രതികരിക്കുക എന്ന് നമുക്കറിയില്ല. സമൂഹത്തിന്റെ പരിവര്‍ത്തനത്തില്‍ പല സംഗതികളും മാറിമറിയും. അതാണ് കാലത്തിന്റെയം ചരിത്രത്തിന്റെയും രീതി.

റൊമിള താപ്പര്‍ കേസില്‍ താങ്കളുടെ വിയോജക്കുറിപ്പ് അത്യധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.  വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്നാണ് താങ്കള്‍ പറഞ്ഞത്. ആ കുറിപ്പിലൂടെ താങ്കള്‍ അധികാരത്തോട് സത്യം പറയുകയായിരുന്നു...

വിധിയിലേക്കെത്തുന്നതിനുള്ള എന്റെ അടിസ്ഥാനപരമായ രീതിശാസ്ത്രമാണത്. ജനാധിപത്യത്തില്‍ എല്ലാത്തരം അഭിപ്രായങ്ങള്‍ക്കും ഇടം വേണം. ആധാര്‍ കേസിലും സമാനമായ രീതിയിലാണ് ഞാന്‍ വിയോജിച്ചത്. എന്റെ നാല് സഹപ്രവര്‍ത്തകരും ആധാര്‍ പദ്ധതി ഭരണഘടനാപരമാണെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ, സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കരുതലുകള്‍  ആധാര്‍ നിയമത്തിലില്ല എന്നതായിരുന്നു എന്റെ നിലപാട്. വിയോജിപ്പുകള്‍  വാസ്തവത്തില്‍ ഭാവിയോടാണ് സംവദിക്കുന്നത്. നമ്മള്‍ ഇന്നെടുക്കുന്ന വിയോജന നിലപാട് നാളെ നിയമമായേക്കാം. ആധാറില്‍ ഞാന്‍ എടുത്ത നിലപാട് അന്തരാഷ്്രട തലത്തില്‍ ബയോമെട്രിക്‌സുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തില്‍ സ്വാംശീകരിക്കപ്പെട്ടു.

പക്ഷേ, ഇന്ത്യയില്‍ ഇപ്പോഴത്തെ പ്രവണത വിയോജിക്കുന്നവരെ വേട്ടയാടുക എന്നതാണ്? ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവര്‍ ജാമ്യം പോലും കിട്ടാതെ ജയിലുകളില്‍ നരകിക്കകുയാണ്...

കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ നിഷ്‌കളങ്കരാണ് എന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ കൃത്യവും വ്യക്തവുമാണ്. ആദ്യം നോക്കുക കുറ്റത്തിന്റെ സ്വഭാവമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയും പരിശോധിക്കും. വിചാരണ നീണ്ടുപോകുമോ എന്ന കാര്യവും ജഡ്ജിയുടെ പരിഗണനയിലുണ്ടാവും. ജാമ്യം കൊടുക്കൂ എന്നാണ് സുപ്രീംകോടതി സദാ പറയുന്നത്. 21,300 ജാമ്യാപേക്ഷകളിലാണ് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞത്. ജില്ലാ ജഡ്ജിമാരിലേക്ക് ഈ സന്ദേശം എത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജാമ്യം കൊടുത്തതില്‍ എന്തെങ്കിലും അശാസ്ത്രീയതയുണ്ടെങ്കില്‍ ഹൈക്കോടതിയുടെ അനിഷ്ടത്തിന് പാത്രമാകുമോ എന്ന പേടി ജില്ലാ ജഡ്ജിമാര്‍ക്കുണ്ട്. ഇതിന് തീര്‍ച്ചയായും മാറ്റം വരണം.

താങ്കളുടെ ചില വിധികള്‍ കാര്യമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അധികാരവുമായി നേര്‍ക്ക് നേര്‍ക്ക് വന്നപ്പോള്‍ താങ്കള്‍ അധികാരമറ്റേ സമയത്തുയര്‍ന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി എന്നാണ് ദുഷ്യന്ത് ദവെയെയും ഇന്ദിര ജയ്‌സിങ്ങിനെയും പോലുള്ളവര്‍ വിമര്‍ശിക്കുന്നത്.. ഗ്യാന്‍വാപി പള്ളി കേസില്‍ താങ്കളുടെ വിധി പണ്ടോരയുടെ പെട്ടി തുറന്നിടുകയായിരുന്നു എന്നും ആരോപണമുണ്ട്. സംഭലില്‍ നിരപരാധികളായ നാല് പേര്‍ കൊല്ലപ്പെട്ടു. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്...

ഈ ചോദ്യം ചോദിച്ചതിന് ഞാന്‍ നന്ദി പറയുന്നു. അത്രയധികം ഈ ചോദ്യം ഞാന്‍ വിലമതിക്കുന്നു. കാരണം എനിക്കെതിരെ വ്യക്തിപരമായും സുപ്രീംകോടതിക്കെതിരെ പൊതുവായും ഈ വിധിയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചാരുകസേരയിലിരുന്ന് ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ കോടതികളെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഗ്യാന്‍വാപി കേസില്‍ മുസ്ലിങ്ങളുടെ ആരാധിക്കാനുള്ള അവകാശം സംരക്ഷിക്കുകയാണ് കോടതി ചെയ്തത്.അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും മുസ്ലിങ്ങളുടെ ആരാധന സ്ഥലം നശിപ്പിക്കപ്പെടരുതെന്നും കൃത്യമായ നിര്‍ദ്ദേശം നല്‍കി. കേസ് സുപ്രീംകോടതിയിലെത്തുമ്പോഴേക്കും ജില്ലാ കോടതി റീസര്‍വ്വെയ്ക്ക് ഉത്തരവിടുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.  ഈ യാഥാര്‍ത്ഥ്യം അംഗികരിക്കുന്നതിന് പകരം അസത്യം പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. 1991 ലെ ആരാധനാലയ നിയമം അനുശാസിക്കുന്നത് 1947 ഓഗസ്റ്റ് 15 ലെ സ്ഥിതി നിലനിര്‍ത്തണമെന്നാണ്.  ഇതേ നിയമത്തില്‍ പറയുന്ന മറ്റൊരു കാര്യം പുരാവസ്തുവെന്ന നിലയിലോ ചരിത്രപരമായോ പ്രാധാന്യമുള്ള ഇടങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നാണ്. ഇത്തരം ഇടങ്ങളില്‍ സര്‍വ്വെകള്‍ നടത്താനാവുമോ എന്ന ചോദ്യമാണ് സുപ്രിംകോടതിയുടെ മുന്നിലുള്ളത്. ഈ പരിസരത്തിലാണ് നിലവറയില്‍ ഒരു ചെറിയ ഭാഗത്ത് ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതിയുള്ളത്. മുസ്ലിങ്ങളുടെ ആരാധന ഒരു തരത്തിലും തടസ്സപ്പെടുത്തരുതെന്ന സുവ്യക്തമായ നിര്‍ദ്ദേശം സുപ്രീംകോടതി നില്‍കിയിട്ടുണ്ട് എന്ന വസ്തുതയാണ് പക്ഷേ പലപ്പോഴും വിസ്മരിക്കപ്പെടുന്നത്.

ആരാധനാലയങ്ങളുടെ അടിസ്ഥാന സ്വഭാവം മാറ്റാനാവില്ലെങ്കില്‍ പിന്നെ അതിന്റെ സ്വഭാവം എന്താണെന്നറിയേണ്ടതുണ്ടോ...

നേരത്തെ വ്യക്തമാക്കിയതുപോലെ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഈ നിയമം ബാധകമല്ലെന്ന് നിയമത്തില്‍ തന്നെയുണ്ട്. രണ്ട് വശങ്ങളെയും സന്തുലിതമായി സമീപിക്കുന്ന നിയമമാണത്. ഈ സന്തുലിതാവസ്ഥ കണക്കിലെടുത്തുകൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഉത്തരവില്‍ കാര്‍ബണ്‍ ഡേറ്റിങ് വേണമെന്ന് പറഞ്ഞിരുന്നു. അത് ഞങ്ങള്‍ തടഞ്ഞു.  ഇടക്കാല വിധിയാണ് ഞങ്ങള്‍ പുറപ്പെടുവിച്ചത്. അന്തിമ വിധി സുപ്രീംകോടതി നടത്താനിരിക്കുന്നതേയുള്ളു.

താങ്കള്‍ ഉള്‍പ്പെട്ട ബഞ്ചാണ് അയോദ്ധ കേസില്‍ വിധി പറഞ്ഞത്. അതില്‍ സുപ്രീംകോടതി വ്യക്തമാക്കിയ ഒരു കാര്യം ആരാധനാലയ നിയമത്തിന്  ഒരു അപവാദമേയുള്ളുവെന്നും അത് അയോദ്ധ്യ കേസില്‍ മാത്രമാണെന്നുമാണ്. ഈ പശ്ഃചാത്തലത്തില്‍ കൂടിയാണ് ഗ്യാന്‍വാപി കേസിലെ വിധി വിമര്‍ശിക്കപ്പെടുന്നത്...

ശരിയാണ്. വ്യവഹാരങ്ങള്‍ നിലനിന്നിരുന്നതിനാല്‍  അയോദ്ധ്യ കേസിന് മാത്രമാണ് ഇളവ് ബാധകമായിരുന്നത്. അയോദ്ധ്യ കേസില്‍ വസ്തുതാപരമായ തര്‍ക്കമാണ് പരിശോധിച്ചത്. ആ വിധിയുടെ മെറിറ്റിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം ഞാന്‍ കൂടി അതിന്റെ ഭാഗഭാക്കായിരുന്നു. അതിനെ പ്രതിരോധിക്കുകയോ ഉപരോധിക്കുകയോ ചെയ്യാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഗ്യാന്‍വാപി കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്. അതു വരെ നമുക്ക് കാത്തിരിക്കാം.

അയോദ്ധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായി. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം താങ്കള്‍ ദൈവികതയിലേക്ക് തിരിഞ്ഞു എന്നാണ് വിമര്‍ശം. എന്താണ് താങ്കളുടെ പ്രതികരണം...

ഈ ചോദ്യത്തിനും ഞാന്‍ നന്ദി പറയുന്നു. കാരണം അത്രയേറെ അസത്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആയിരത്തോളം പേജുകളുള്ള വിധിയാണ് അയോദ്ധ്യ കേസിലേത്. അതിലോരോ പേജിലും വസ്തുതകളുടെയും തെളിവുകളുടെയും വിശകലനമാണുള്ളത്.  ഇനി എന്റെ വെളിപ്പെടുത്തലിലേക്ക് വരാം. എന്റെ ഗ്രാമത്തിലേക്ക് നടത്തിയ സന്ദര്‍ശനവേളയില്‍ എന്നോട് ചോദിച്ച ഒരു ചോദ്യം എങ്ങിനെയാണ് സംഘര്‍ഷ ഭരിതമായ നിമിഷങ്ങള്‍ക്കിടയില്‍ സമചിത്തതയോടെ വിധി പറയുന്നത് എന്നാണ്. ഓരോ ജഡ്ജിക്കും ഇക്കാര്യത്തില്‍ അവരുടേതായ രീതികളുണ്ടാവും. എന്നെ സംബന്ധിച്ചടത്തോളം വിശ്വാസവും ധ്യാനവും ആത്മപരിശോധനയുമാണ്  സഹായിക്കുന്നത്. ഓരോ ദിവസവും ഞാന്‍ ഇതിനായി സമയം കണ്ടെത്താറുണ്ട്.  വിശ്വാസം എന്നത് എന്നെ സംബന്ധിച്ചിടത്തോളം വെറും വിശ്വാസമല്ല. സാര്‍വ്വലൗകികതയും സഹാനുഭൂതിയുമാണ് വിശ്വാസം എന്നെ പഠിപ്പിക്കുന്നത്. നമ്മുടെ ഭരണഘടനയനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒരു ജഡ്ജി വിഗ്രഹ ഭഞ്ജകനോ നിരീശ്വരവാദിയോ ആവേണ്ട കാര്യമില്ല. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ മുറുകെപ്പിടിക്കുമ്പോഴും നമ്മുടെ ജഡ്ജിമാര്‍ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നീതി ലഭ്യമാക്കാറുണ്ട്. ഒരാള്‍ക്കും മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ നീതി നിഷേധിക്കാറില്ല. ചിലര്‍ കരുതുന്നത് ഞാന്‍ എന്റെ വിശ്വാസങ്ങള്‍ തള്ളിപ്പറഞ്ഞ് കാപട്യം കാണിക്കണമെന്നാണ്. എനിക്കൊരിക്കലും കപടനാട്യക്കാരനാവാന്‍ കഴിയില്ല. എന്റെ വിശ്വാസം മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. നീതിക്ക് തേടി വരുന്ന ഓരോരുത്തരോടും സഹാനുഭൂതിയോടെ പെരുമാറണമെന്നാണ് എന്റെ വിശ്വാസം എന്നോട് പറയുന്നത്.

വിമര്‍ശനങ്ങള്‍ താങ്കളെ വേദനിപ്പിക്കുന്നുണ്ടോ? വിധിയെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ താങ്കള്‍ ഖേദിക്കുന്നുണ്ടോ...

ഒരിക്കലുമില്ല. ഒരു കപടനാട്യക്കാരനാവാത്തതില്‍ എനിക്ക് ഒരു തരത്തിലുള്ള ഖേദവുമില്ല.  ചിലപ്പോള്‍ വെറും ഭാവനാത്മകമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വേദന തോന്നും. പക്ഷേ, നമ്മള്‍ ജിവിക്കുന്നത് ഇങ്ങനെയുള്ള കാലത്താണ്. ചിലര്‍ക്ക് ജീവിതത്തില്‍ ഉയരണമെങ്കില്‍ ജഡ്ജിമാരെ വിമര്‍ശിക്കണമായിരിക്കും. പക്ഷേ, അതൊക്കെ നേരിടാന്‍ പര്യാപ്തമാണ് ഈ തോളുകള്‍.